കെട്ടിട നിര്‍മ്മാണത്തിലെ അപനിര്‍മ്മാണം

റഹ്മാന്‍ മുന്നൂര് No image

നിരങ്കുഷമായ ഭാവനകൊണ്ട് കെട്ടിട നിര്‍മ്മാണ കലയിലെ വ്യവസ്ഥാപിത സങ്കല്‍പങ്ങളെയും സിദ്ധാന്തങ്ങളെയും ഉടച്ചുവാര്‍ത്ത വാസ്തുശില്‍പിയാണ് സഹാ ഹദീദ്. വാസ്തുശില്‍പ വിദ്യയിലെ പോസ്റ്റ് മോഡേണ്‍ കാലഘട്ടത്തിന്റെ പ്രതിനിധിയായാണ് അവര്‍ അറിയപ്പെടുന്നത്. അമേരിക്ക മുതല്‍ ജപ്പാന്‍ വരെയുള്ള രാജ്യങ്ങളിലെ വന്‍നഗരങ്ങളില്‍ നൂറ് കണക്കിന് കെട്ടിടങ്ങള്‍ അവരുടെ രൂപകല്‍പ്പനയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. തികച്ചും നൂതനമായ ഒരു ശൈലിയുടെ ആവിഷ്‌കാരങ്ങളാണ് അവയോരോന്നും. വാസ്തുശില്‍പ പണ്ഡിത•ാര്‍ ഈ ശൈലിയെ അപനിര്‍മാണം എന്ന് വിശേഷിപ്പിക്കുന്നു. ഭാഷയിലും സാഹിത്യത്തിലും ഫ്രഞ്ച് ദാര്‍ശനികനായ ഴാക്ക് ദരീദ ചെയ്തതാണ് വാസ്തുശില്‍പത്തില്‍ സഹാ ഹദീദ് ചെയ്തത്. എന്നാല്‍, അപനിര്‍മാണം എന്ന ഈ വര്‍ഗീകരണത്തെ സഹാ ഹദീദ് സ്വയം നിരാകരിക്കുന്നു. താന്‍ ആരുടെയും അനുകര്‍ത്താവല്ല എന്നാണ് അവരുടെ അവകാശവാദം.

കുടുംബം - വിദ്യാഭ്യാസം

1950 ഒക്ടോബര്‍ 31-ന് ബഗ്ദാദിലാണ് സഹാ ഹദീദിന്റെ ജനനം. പിതാവ് അല്‍ ഹാജ്ജ് മുഹമ്മദ് ഹുസൈന്‍ ഹദീദ് മൂസിലിലെ ഒരു സമ്പന്ന വ്യവസായിയായിരുന്നു. 1932-ല്‍ അഹാലിഗ്രൂപ്പ് എന്ന ഇടതുപക്ഷ - ലിബറല്‍ രാഷ്ട്രീയ സംഘടന രൂപീകരിച്ചും പിന്നീട്, നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളായും സജീവ രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്ന അദ്ദേഹം 1958-ലെ അബ്ദുല്‍ കരീം ഖാസിമിന്റെ വിപ്ലവ ഭരണകൂടത്തില്‍ ധനകാര്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. സഹാ ഹദീദിന്റെ മാതാവ് വജീഹ സബൂഞ്ചി നല്ലൊരു കലാകാരിയായിരുന്നു. 

ഇംഗ്ലണ്ടിലെയും സ്വിറ്റ്‌സര്‍ലണ്ടിലെയും ബോര്‍ഡിംഗ് സ്‌കൂളുകളിലായിരുന്നു സഹാ ഹദീദിന്റെ ആദ്യകാല വിദ്യാഭ്യാസം. പിന്നീട് ലബനാനിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് ഗണിതശാസ്ത്രം അഭ്യസിച്ചു. ലണ്ടനിലെ ആര്‍കിടെക്റ്റ് അസോസിയേഷന്‍ നടത്തുന്ന സ്‌കൂള്‍ ഓഫ് ആര്‍കിടെക്ച്ചറില്‍ നിന്നാണ് വാസ്തുശില്‍പ വിദ്യയില്‍ ബിരുദം നേടിയത്.

പഠനത്തില്‍ അസാമാന്യ മികവ് പുലര്‍ത്തിയ സഹാ ഹദീദിനെ സ്‌കൂള്‍ ഓഫ് ആര്‍കിടെക്ച്ചറിലെ പ്രൊഫസറായിരുന്ന റിം കൂള്‍ഹാസ്, സ്വന്തം ഭ്രമണ പഥത്തില്‍ കറങ്ങുന്ന ഉപഗ്രഹം എന്നാണ് വിശേഷിപ്പിച്ചത്. ഇതേ സ്ഥാപനത്തിലെ മറ്റൊരു പ്രഫസര്‍ - സെന്‍ ഗ്‌ഹേ - അവരെ പ്രശംസിച്ചത് ഞാന്‍ പഠിപ്പിച്ചവരില്‍ ഏറ്റവും മികച്ച വിദ്യാര്‍ത്ഥി എന്നായിരുന്നു.

തൊഴില്‍ ജീവിതം

 ഡിഗ്രി അവസാന വര്‍ഷം അവര്‍ ചെയ്ത പ്രൊജക്ട് ഏറെ പ്രശംസ പിടിച്ചുപറ്റി. ഇതാ വേറിട്ട പാതയില്‍ സഞ്ചരിക്കാനൊരുങ്ങുന്ന ഒരു വാസ്തു ശില്‍പി എന്ന് ആര്‍ക്കിടെക്ചര്‍ ലോകം അവരെ ചൂണ്ടി പറഞ്ഞു. പാലത്തിന്റെ മാതൃകയിലുള്ള ഒരു ഹോട്ടലിന്റെ ഡിസൈനിംഗ് ആയിരുന്നു അത്. സ്‌കൂള്‍ ഓഫ് ആര്‍കിടെക്ച്ചറിലെ പ്രൊഫസര്‍മാരായിരുന്ന കൂള്‍ ഹാസും സാംഗ്‌ഹേയ്‌സും ചേര്‍ന്ന് റോട്ടര്‍ഡാമില്‍ മെട്രോ പോളിറ്റന്‍ ആര്‍കിടെക്ച്ചര്‍ എന്ന പേരില്‍ ഒരു സ്ഥാപനം നടത്തിയിരുന്നു. 1977-ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ സഹാ ഹദീദിന് പ്രസ്തുത സ്ഥാപനത്തില്‍ ജോലി ലഭിച്ചു. പീറ്റര്‍ റൈസ് എന്ന പ്രശസ്തനായ ആര്‍കിടെക്റ്റുമായി അവിടെ വെച്ച് അവര്‍ പരിചയപ്പെട്ടു. സഹാ ഹദീദിന്റെ കിറുക്കന്‍ വരപ്പുകള്‍ക്ക് അദ്ദേഹം നിറഞ്ഞ പിന്തുണയും പ്രോത്സാഹനവും നല്‍കി. രണ്ടു വര്‍ഷമേ മെട്രോപോളിറ്റന്‍ ആര്‍കിടക്ച്ചറില്‍ അവര്‍ ജോലിചെയ്തുള്ളൂ. 1980-ല്‍ സഹാഹദീദ് ആര്‍കിടെക്റ്റ്ഡ് എന്ന പേരില്‍ സ്വന്തം സ്ഥാപനം തുടങ്ങി.

അതോടൊപ്പം, സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍, ഹാര്‍വാര്‍ഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ഡിസൈന്‍, കേം ബ്രിഡ്ജ് സര്‍വകലാശാല, യൂനിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ, കൊളംബിയ യൂനിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുകയും ചെയ്തു. അവരുടെ നിരവധി ഡിസൈനുകള്‍ ആര്‍കിടെക്ച്ചറല്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. നൂതനാശയങ്ങളുടെ വേറിട്ട കാഴ്ചകള്‍ പ്രദാനം ചെയ്ത ആ കെട്ടിട വരപ്പുകള്‍ വലിയ പ്രശംസകള്‍ പിടിച്ചു പറ്റുകയുണ്ടായി. എന്നാല്‍, അവയൊന്നും തന്നെ നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായില്ല. 

നിര്‍മ്മിതികള്‍

ചെറിയ ചെറിയ പ്രൊജക്ടുകളുമായി പത്ത് വര്‍ഷം അവര്‍ക്ക് തള്ളിനീക്കേണ്ടി വന്നു. സഹാ ഹദീദിനെ വിശ്വപ്രശസ്തയാക്കിയ ആദ്യത്തെ നിര്‍മിതി ജര്‍മ്മനിയിലെ വെയ്ല്‍ ആം റെയ്‌നില്‍ സ്ഥാപിച്ച വിട്രാ ഫയര്‍‌സ്റ്റേഷന്‍ (1993) ആണ്. അതിന് മുമ്പ് റാഡിഫ് ഓപറ ഹൗസിനുവേണ്ടി അവരുടെ ഡിസൈന്‍ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഒരു കടുത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് അവരുടെ സ്‌കെച്ച് തെരഞ്ഞെടുക്കപ്പെട്ടത്. ജൂറി അതിനെ പ്രത്യേകം പ്രശംസിച്ചിരുന്നു. എന്നാല്‍ അതിന്റെ നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് ഭരണകൂടം അനുവദിക്കുകയുണ്ടായില്ല. കുറഞ്ഞ നിര്‍മാണച്ചെലവ് കാണിച്ച വളരെ താഴ്ന്ന തട്ടിലുള്ള ഒരു ആര്‍ക്കിടെക്റ്റിനെയാണ് പ്രസ്തുത പദ്ധതി ഏല്‍പ്പിക്കപ്പെട്ടത്. ഏറെ നിരാശപ്പെടുത്തിയ അനുഭവമായിരുന്നു ഇത്. എന്നാല്‍ വ്ിട്രാ ഫയര്‍ സ്റ്റേഷനു ശേഷം അടിക്കടി ധാരാളം അവസരങ്ങള്‍ അവര്‍ക്ക് കൈവന്നു. 

അമേരിക്ക മുതല്‍ ജപ്പാന്‍ വരെയുള്ള 44 രാജ്യങ്ങളിലായി 250-ഓളം കെട്ടിടങ്ങള്‍ക്ക് സഹാ ഹദീദ് രൂപകല്‍പന നല്‍കിയിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലത് മാത്രം താഴെ പറയുന്നു.

1. സമകാലീന കലകളുടെയും വാസ്തുശില്‍പങ്ങളുടെയും പ്രദര്‍ശന കേന്ദ്രമായ ഇറ്റാലിയന്‍ നാഷനല്‍ മ്യൂസിയം ഓഫ് 21 സെഞ്ച്വറി ആര്‍ട്‌സ് - MAXXI എന്ന ചുരുക്കപ്പേരിലാണിത് അറിയപ്പെടുന്നത്. (2009)

2. 2011-ലെ ലണ്ടന്‍ ഒളിമ്പിക്‌സിന് വേണ്ടി നിര്‍മിച്ച ലണ്ടന്‍ അക്വാറ്റിക് സെന്റര്‍. 

3. അദര്‍ബീജാന്റെ തലസ്ഥാനമായ ബാകുവില്‍ നിര്‍മിച്ച ഹൈദര്‍ അലിയേവ് സെന്റര്‍ (2013)

4. ചൈനയിലെ ഏൗമാ്യ്വവീവ ഓപറ ഹൗസ് (2010)

5. ലണ്ടനിലെ കെന്‍സിംഗ്ടണിലുള്ള സെര്‍പന്റൈന്‍ സാക്ള്‍സ് ഗാലറി.

7. ദുബൈയിലെ ശൈഖ്‌സായിദ് പാലവും ഡാന്‍സിംഗ് ടവറുകളും അല്‍വഹ്ദ സ്‌പോര്‍ട്‌സ് സെന്ററും

8. സരഗോസയിലെ ബ്രിഡ്ജ് പവലിയന്‍. ഒരു പാലത്തിന്മേല്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യത്തെ എക്‌സിബിഷന്‍ പവലിയന്‍ ആണിത്.

9. ന്യൂയോര്‍ക്കിലെ ദ ഗ്രേറ്റ് ഉട്ടോപ്യ (1992) 

10. ദോഹയിലെ ഇസ്‌ലാമിക് ആര്‍ട് മ്യൂസിയം.

സഹാ ഹദീദ് ഡിസൈന്‍ ചെയ്ത പല കെട്ടിടങ്ങളും നിര്‍മാണഘട്ടത്തിലാണ്. അവയില്‍ പ്രധാനപ്പെട്ട ഒന്ന്, 2022-ലെ ഖത്തര്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ കപ്പിനു വേണ്ടി നിര്‍മിച്ചു കൊണ്ടിരിക്കുന്ന വക്‌റാ സ്റ്റേഡിയം ആണ്. 

ശൈലി

പരീക്ഷണത്തിന് അതിരുകളുണ്ടായിരിക്കരുത് എന്നാണ് സഹാഹദീദിന്റെ നിലപാട് തന്റെ പരീക്ഷണാത്മക ഡിസൈനിംഗിലൂടെ വാസ്തുശില്പത്തിന്റെ വ്യവസ്ഥാപിത ഘടനകളെ അവര്‍ അപനിര്‍മിച്ചു. ഭ്രാന്തമെന്നും അരാജകമെന്നും ഒറ്റനോട്ടത്തില്‍ തോന്നുന്നതാണ് അവരുടെ കെട്ടിടവരപ്പുകളില്‍ പലതും. മെട്രോപോളിറ്റര്‍ ആര്‍കിടെക്ചര്‍ അവരുടെ ശൈലിയെ ഡിസ്‌കണ്‍സ്ട്രക്ഷന്‍ എന്ന് വര്‍ഗീകരിച്ചു. എന്നാല്‍ ഇത്തരം വര്‍ഗീകരണങ്ങളെ സഹാ ഇഷ്ടപ്പെട്ടില്ല. താന്‍ ആരുടെയും അനുകര്‍ത്താവല്ല എന്നായിരുന്നു അവരുടെ പക്ഷം വളവുകളും പിരിവുകളും അവരുടെ കെട്ടിടങ്ങളും ശ്രദ്ധേയമായ സവിശേഷതയാണ്. വളവുകളുടെ റാണി എന്നാണ് ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രം അവരെ വിശേഷിപ്പിച്ചത്. 90 ഡിഗ്രി ആംഗിളുകള്‍ ഇല്ലാതിരിക്കുക എന്നതാണ് അവരുടെ സിദ്ധാന്തം. പ്രകൃതിദത്തമായ കാറ്റും വെളിച്ചവും ശൂന്യ-സ്ഥലികളുമെല്ലാം തന്റെ നിര്‍മിതികളുടെ അവിഭാജ്യഘടകളായി അവര്‍ ഉപയോഗപ്പെടുത്തി. സ്‌ഫോടനാത്മകമായ സര്‍ഗാത്മക കലാപങ്ങളാണ് അവരുടെ ഓരോ വാസ്തുനിര്‍മ്മിതികളും.

 സ്വാധീനം

ലോകപ്രശസ്തയായ വാസ്തുശില്‍പ വിദഗ്ദ എന്നതോടൊപ്പം സഹാ ഹദീദിന് മറ്റു മൂന്ന് സവിശേഷതകള്‍ കൂടിയുണ്ട്. ഒന്ന് അവര്‍ ഒരു സ്ത്രീയാണ്. ആര്‍കിടെക്ചര്‍ വനിതകള്‍ക്ക് അന്യമായിരുന്ന ഒരു കാലഘട്ടത്തിലാണ് അവര്‍ ഈ മേഖലയിലേക്ക് കടന്നു വന്നത്. പുരുഷ ആര്‍കിടെക്റ്റുകളുമായി മത്സരിച്ചുകൊണ്ടാണ് അവര്‍ സ്വന്തം കഴിവും പ്രാഗത്ഭ്യവും സ്ഥാപിച്ചെടുത്തത്. അസാമാന്യമായ ധീരതയും ഊര്‍ജസ്വലതയും കൊണ്ട് സ്ത്രീ സമൂഹത്തിന് അവര്‍ വലിയ പ്രചോദനവും ആത്മവിശ്വാസവും പകര്‍ന്നു. തങ്ങള്‍ക്ക് പറ്റിയതല്ല എന്ന് കരുതി അകറ്റിനിര്‍ത്തിയ വാസ്തുശില്‍പ മേഖലയിലേക്ക് ധാരാളം സ്ത്രീകള്‍ കടന്നുവരാന്‍ അവര്‍ കാരണമായി.

രണ്ട്, അവര്‍ ഒരു മുസ്‌ലിം കുടുംബത്തിലാണ് പിറന്നത്. കോളനി പൂര്‍വ്വ കാലഘട്ടത്തില്‍ അതിശയിപ്പിക്കുന്ന ഒട്ടനേകം നിര്‍മിതികളിലൂടെ വാസ്തു ശില്‍പമേഖലക്ക് മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചിട്ടുണ്ട്. ബഗ്ദാദ്, കൊര്‍ദോവ, കൈറോ, ഇസ്തംബൂള്‍, ദില്ലി, ഹൈദരാബാദ്, സമര്‍ഖന്ദ് തുടങ്ങിയ പഴയ മുസ്‌ലിം നഗരങ്ങളിലെല്ലാം അതിന്റെ അനശ്വരമാതൃകകള്‍ കാണാവുന്നതാണ്. അവയില്‍ മിക്കതിന്റെയും എഞ്ചിനീയര്‍മാരുടെയും ഡിസൈനര്‍മാരുടെയും പേരുകള്‍ നമുക്കറിയില്ല. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ ശില്‍പി ഉസ്താദ് അഹ്മദ് ലാഹോരിയാണെന്ന അറിവ് പോലും അടുത്ത കാലത്താണ് നമുക്ക് ലഭ്യമായത്. അയാസോഫിയാ, മസ്ജിദ് സുലൈമാന്‍, ടോപ് കാപി കൊട്ടാരം തുടങ്ങിയ തുര്‍ക്കിയിലെ നൂറുകണക്കിന് കെട്ടിടങ്ങളുടെ ശില്‍പിയായ അമീര്‍ സിനാന്റെ പേര് മാത്രമാണ് അക്കൂട്ടത്തില്‍ പരക്കെ അറിയപ്പെടുന്നത്. എന്നാല്‍, അതുല്യ പ്രതിഭകളായിരുന്ന ആ എഞ്ചിനീയര്‍മാര്‍ക്കും ഡിസൈനര്‍മാര്‍ക്കും ശേഷം അത്രയും കഴിവും പ്രാഗത്ഭ്യവുമുള്ള വാസ്തുശില്‍പികള്‍ക്ക് ഇസ്‌ലാമിക ലോകം ജന്മം നല്‍കിയിട്ടില്ല. ഈ ശൂന്യതയിലേക്കാണ് 20-ാം നൂറ്റാണ്ടില്‍ ഇറാഖുകാരിയായ സഹാ ഹദീദും ബംഗ്ലാദേശുകാരനായ ഫസ്‌ലുര്‍റഹ്മാന്‍ ഖാനുമൊക്കെ കടന്നുവരുന്നത്. മുസ്‌ലിംകളുടെ നഷ്ടപ്പെട്ടുപോയ ഒരു പ്രതാപകാലത്തെയാണ് ഇവരുടെ അതുല്യമായ വാസ്തുനിര്‍മിതികള്‍ അനുസ്മരിപ്പിക്കുന്നത്.

സഹാ ഹദീദിന്റെ മൂന്നാമത്തെ സവിശേഷത, അവര്‍ ഒരു പശ്ചിമേഷ്യന്‍ രാജ്യത്ത് ജനിച്ചു വളര്‍ന്നവരാണ് എന്നതത്രെ. പില്‍ക്കാലത്ത് ലണ്ടനില്‍ സ്ഥിരവാസമാക്കുകയും ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തുവെങ്കിലും തന്റെ പശ്ചിമേഷ്യന്‍ ഭൂതകാലത്തെ ഒരിക്കലും അവര്‍ വിസ്മരിച്ചിരുന്നില്ല. പേര്‍ഷ്യന്‍ പരവതാനികളുടെ സങ്കീര്‍ണമായ പാറ്റേണുകളും മനോഹരമായ വര്‍ണമിശ്രണവും ചെറുപ്പത്തില്‍ നേരിട്ടുകണ്ട അവയുടെ നെയ്ത്തും അവരുടെ സംഭാവനയെയും ഡിസൈനിംഗിനെയും സ്വാധീനിച്ചിട്ടുണ്ട്.

അവാര്‍ഡുകള്‍

2004-ല്‍ വിഖ്യാതമായ പ്രിറ്റ്‌സ്‌കര്‍ അവാര്‍ഡ് നേടുമ്പോള്‍ സഹാഹദീദ് നാലു കെട്ടിടങ്ങള്‍ മാത്രമേ പൂര്‍ത്തിയാക്കിയിരുന്നുള്ളൂ. 2010-ലും 2011-ലും തുടര്‍ച്ചയായി, ലണ്ടനിലെ ഏറ്റവും പ്രശസ്തമായ സ്റ്റെര്‍ലിംഗ് പ്രൈസ് അവരെ തേടിയെത്തി. ഫ്രാന്‍സിന്റെ ഇീീമിറൗലൃ റലഹീൃറൃല അവാര്‍ഡ്, ജപ്പാന്റെ പ്രീമിയം ഇംപീരിയല്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 2012-ല്‍ വിക്ടോറിയ രാജ്ഞി അവരെ ഡേം ആയി പ്രഖ്യാപിച്ചു. 2004-ല്‍ ലോകത്തിലെ നൂറ് സുശക്ത വനിതകളില്‍ ഒരാളായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 2010-ല്‍ ടൈം വാരിക അവരെ ലോകത്തിലെ ഏറ്റവും സ്വാധീന ശേഷിയുള്ള ചിന്തകയായും ന്യൂ സ്‌റ്റേറ്റ്‌സ്മാന്‍ വാരിക ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള അഞ്ച് വനിതകളില്‍ ഒരാളായും 2013-ല്‍ ബി.ബി.സി ലോകത്തിലെ ഏറ്റവും പവര്‍ഫുളായ വനിതയായും അവരെ തെരഞ്ഞെടുത്തു. 2016-ല്‍ 65-ാം വയസ്സില്‍ ഹൃദയസ്തംഭനം മൂലം സഹാ ഹദീദ് മരണപ്പെട്ടു. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top