സഹവര്‍ത്തിത്വത്തിന്റെ ചരിത്രപാഠങ്ങള്‍ വിളംബരം ചെയ്ത് ഹിസ്റ്ററി കോണ്‍ഫറന്‍സ്

No image

വിദ്വേഷത്തിന്റെയും പകയുടെയും രാഷ്ട്രീയ നീക്കങ്ങളെ സഹവര്‍ത്തിത്വത്തിലൂടെ സാഹോദര്യമൂല്യങ്ങള്‍ വളര്‍ത്തി പ്രതിരോധിക്കണമെന്നാണ് കേരളത്തിന്റെ ചരിത്രം നല്‍കുന്ന പാഠം. ഈ പാഠത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതും പ്രായോഗിക മാതൃകകള്‍ ഓര്‍മിപ്പിക്കുന്നതുമായിരുന്നു 'സാമൂഹിക സഹവര്‍ത്തിത്വം: കേരള ചരിത്രപാഠങ്ങള്‍' എന്ന തലക്കെട്ടില്‍ രണ്ട് ദിവസങ്ങളിലായി ജെ.ഡി.റ്റി കാമ്പസില്‍ നടന്ന മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടി. 

ഫെബ്രുവരി 10,11 ദിവസങ്ങളിലാണ് ഹിസ്റ്ററി കോണ്‍ഫറന്‍സ് നടന്നത്. ചരിത്രത്തിന്റെ വിവിധ ഉള്‍പിരിവുകളില്‍ സാമൂഹിക സാഹോദര്യത്തിനും സമുദായ സഹവര്‍ത്തിത്വത്തിനും നല്‍കപ്പെട്ട പ്രാധാന്യവും പ്രതിസന്ധികള്‍ക്കും പ്രയാസങ്ങള്‍ക്കുമിടയിലും ആത്മീയത, സാമൂഹികസാംസ്‌കാരിക മണ്ഡലങ്ങള്‍, രാഷ്ട്രീയ സമരങ്ങള്‍, കല, സാഹിത്യം, സിനിമ എന്നീ മേഖലകളില്‍ വിവിധ ജനവിഭാഗങ്ങള്‍ കാണിച്ച മാതൃകകളും വിവരിക്കുന്ന ഏഴ് അക്കാദമിക സെഷനുകളാണ് മൂന്ന് വേദികളിലായി നടന്നത്. ഇതിന് പുറമേ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്ത ഉദ്ഘാടന സമാപന സമ്മേളനങ്ങളും നടന്നു. 

രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതുന്ന സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ദുര്‍വ്യാഖ്യാനിക്കുകയാണെന്ന് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കേരളത്തിന്റെ ഭൂപ്രകൃതിയും സമുദ്ര സാന്നിധ്യവും വിദേശികളെ ആകര്‍ഷിക്കുകയും ഇതിലൂടെ വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്‌തെന്ന് ചിരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അഭിപ്രായപ്പെട്ടു.

കലാപങ്ങളിലൂടെ നൂറ് കണക്കിന് ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവരെ അരുംകൊല ചെയ്ത സംഘ്പരിവാര്‍ മുത്വലാഖിലൂടെ മുസ്‌ലിം സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നത് കാപട്യമാണെന്ന് എം.ഐ ഷാനവാസ് എം.പി അഭിപ്രായപ്പെട്ടു. ആഴത്തിലുള്ള സൗഹാര്‍ദ്ദമാണ് കേരളത്തെ രൂപപ്പെടുത്തിയതെന്നും വിവിധ സമുദായങ്ങളുടെ സാഹോദര്യത്തിന് മികച്ച മാതൃകയാണ് കേരളത്തിന്റെ പുരാതന ചരിത്രമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദാഹരണങ്ങളുടെ വെളിച്ചത്തില്‍ സമര്‍ഥിച്ചു. ബഹുസ്വരതയിലും വൈവിധ്യങ്ങളിലും ഊട്ടിയുറപ്പിക്കപ്പെട്ട രാജ്യം ഫാഷിസ്റ്റ് ഭീഷണി നേരിടുമ്പോള്‍ സംഘടിതമായി ചെറുത്തു തോല്‍പിക്കാന്‍ ശ്രമിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് എന്നും ചരിത്ര രചന നടന്നിട്ടുള്ളത്. കേരളവും അതില്‍ നിന്ന് ഭിന്നമല്ലെന്നും മുന്‍ എം.പി ടി.കെ ഹംസ പറഞ്ഞു. ചരിത്രത്തില്‍ അസന്നിഹിതമാക്കപ്പെട്ട ദലിത് സമൂഹങ്ങളെ വീണ്ടും അപ്രത്യക്ഷമാക്കാനുള്ള ശ്രമമാണ് സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന് ആവശ്യത്തിന് പിന്നിലുള്ളതെന്ന് പ്രമുഖ ആക്ടിവിസ്റ്റും ചരിത്രകാരനുമായ കെ.കെ കൊച്ച് പറഞ്ഞു.

വൈജ്ഞാനിക അന്വേഷണങ്ങള്‍ സംഘ് പരിവാര്‍ കാലത്ത് ഒരു സാമൂഹ്യ പ്രവര്‍ത്തനവും രാഷ്ട്രീയ ആയുധവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ഉപാധ്യക്ഷന്‍ പി മുജീബുര്‍റഹ്മാന്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. കോഡിനേറ്റര്‍ ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതവും ഫൈസല്‍ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.

'കേരളത്തിന്റെ സൗഹൃദ പാരമ്പര്യവും ചരിത്ര പാഠങ്ങളും' എന്ന വിഷയത്തില്‍ നടന്ന സെഷന്‍ ശ്രദ്ധേയമായി. സെഷനില്‍ മാധ്യമം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി.എം ഇബ്‌റാഹീം അധ്യക്ഷത വഹിച്ചു. പി.എസ്.എം.ഒ കോളേജ് ചരിത്രവിഭാഗം മുന്‍ തലവന്‍ ഡോ. കെ.കെ അബ്ദുസ്സത്താര്‍, മുക്കം എം.എ.എം.ഒ കോളേജ് അസി. പ്രഫസര്‍ ഡോ. അജ്മല്‍ മുഈന്‍, എ.എസ് അജിത്കുമാര്‍, ചെന്നൈ ന്യൂ കോളജ് അസി. പ്രഫസര്‍ ഇ.എസ് അസ്‌ലം, കാലിക്കറ്റ് സര്‍വകലാശാല അസി. പ്രഫസര്‍ ഡോ. എം.പി മുജീബുര്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. 

'കേരളം: സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ ചരിത്രവും വായനയും' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ച കേരള ചരിത്രം പകര്‍ന്ന് നല്‍കുന്ന സഹവര്‍ത്തിത്വ പാഠങ്ങളെ കേള്‍വിക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നതായിരുന്നു. ജമാഅത്തെ ഇസ്‌ലാമി, കേരള ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. തിരുവിതാംകൂറിലെ സാമൂഹികസഹവര്‍ത്തിത്വത്തെക്കുറിച്ച് ഡോ. ടി. ജമാല്‍ മുഹമ്മദ് സംസാരിച്ചു. നവീനരാമായണം, ശ്രീകൈരളി ഭഗവദ്ഗീത തുടങ്ങി ബൃഹദ്കൃതികള്‍ മുസ്‌ലിം പണ്ഡിതന്മാരും, വിശുദ്ധഖുര്‍ആന്റെ അഞ്ചോളം പരിഭാഷകള്‍ ഹൈന്ദവ പണ്ഡിതന്മാരും നിര്‍വഹിച്ച സമ്പന്ന പാരമ്പര്യമാണ് കേരളത്തിനുള്ളതെന്ന് പ്രശസ്ത ചരിത്രസൂക്ഷിപ്പുകാരന്‍ അബ്ദുര്‍റഹ്മാന്‍ മങ്ങാട് അഭിപ്രായപ്പെട്ടു. 

മതപരിവര്‍ത്തനങ്ങള്‍ സമൂഹനിര്‍മിതിയില്‍ വലിയ പങ്കുവഹിച്ച ചരിത്രപാരമ്പര്യമാണ് നമുക്കുള്ളതെന്നും സാമൂഹിക ധ്രുവീകരണത്തിന് ഇതിനെ ഉപയോഗപ്പെടുത്തുന്നതിനെ നാം കരുതിയിരിക്കണമെന്നും ദക്ഷിണകേരളത്തിലെ സാമൂഹികസഹവര്‍ത്തിത്വത്തിന്റെ ചരിത്രം അവതരിപ്പിച്ച പ്രബോധനം സബ് എഡിറ്റര്‍ സദ്‌റുദ്ദീന്‍ വാഴക്കാട് പറഞ്ഞു. കേരളം കത്തിയെരിയുന്ന കാലത്ത് സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ ഉദ്ബുദ്ധപാഠങ്ങള്‍ പകര്‍ന്നുനല്‍കിക്കൊണ്ട് രചിക്കപ്പെട്ട ചരിത്രഗ്രന്ഥങ്ങളാണ് സൈനുദ്ധീന്‍ മഖ്ദൂമിന്റെ തുഹ്ഫതുല്‍ മുജാഹിദീനും ഖാദി മുഹമ്മദിന്റെ ഫത്ഹുല്‍ മുബീനുമെന്ന് തിരൂരങ്ങാടി പി.സ്.എം.ഒ കോളേജ് അസി. പ്രഫസര്‍ ഡോ. ശരീഫ് ഹുദവി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സാഹോദര്യസംസ്‌കൃതിയില്‍ മഹിളാരത്‌നങ്ങളുടെ ഉല്‍കൃഷ്ടപാരമ്പര്യമാണുള്ളതെന്ന്‌സാമൂഹികസഹവര്‍ത്തിത്വത്തില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയം അവതരിപ്പിച്ച ആരാമം സബ്എഡിറ്റര്‍ ഫൗസിയ ഷംസ് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി മീഡിയാസെക്രട്ടറി ടി. ശാക്കിര്‍ ആമുഖഭാഷണം നിര്‍വഹിച്ചു.

'രാഷ്ട്രീയ സൗഹൃദം: സമവായവും സംഘര്‍ഷവും' എന്ന സെഷന്‍ കേരള ചരിത്രത്തിലുണ്ടായ സമവായങ്ങളിലും സംഘര്‍ഷങ്ങളിലും രാഷ്ട്രീയ താലപര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുമുള്ള സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നേതാവും പാര്‍ലമെന്ററിയനുമായ പി.വി അബ്ദുല്‍ വഹാബ്, ഡോ പി.ജെ വിന്‍സന്റ്, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ധീഖ്, എഫ്.ഐ.ടി.യു ദേശീയ സെക്രട്ടറി റസാഖ് പാലേരി എന്നിവര്‍ സംസാരിച്ചു.

നമ്മുടെ ശക്തമായ ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജഡ്ജിമാര്‍ ഉയര്‍ത്തിയതുപോലുള്ള ചോദ്യങ്ങള്‍ ഈ വ്യവസ്ഥക്കുള്ളില്‍നിന്നുതന്നെ ഉയരുന്നതാണ് പ്രതീക്ഷ നല്‍കുന്നതെന്ന്  മീഡിയാവണ്‍ മാനേജിംഗ് എഡിറ്റര്‍ സി. ദാവൂദ് പറഞ്ഞു. ഇസ്‌ലാമോഫോബിയ പോലുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ലെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീര്‍ ഇംബ്‌റാഹീം അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.എം സ്വാലിഹ് സെഷന്‍ കോഡിനേറ്ററായിരുന്നു. 

'ചരിത്ര രചനയും സൗഹൃദത്തിന്റെ വീണ്ടെടുപ്പുകളും' എന്ന ചര്‍ച്ചയില്‍ ക്രിയാത്മാകമായി ചരിത്രത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചാണ് നാം ആലോചിക്കേണ്ടത് എന്ന് അധ്യക്ഷത വിഹിച്ച ഡോ. കൂട്ടില്‍ മുഹമ്മദലി പറഞ്ഞു. 

ചരിത്ര തമസ്‌കരണത്തിലും ചരിത്ര വെളിപ്പെടുത്തലിലുമുള്ള രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞുകൊണ്ടാണ് ചരിത്ര രചനയില്‍ വ്യാപൃതമാവേണ്ടതെന്ന് എഴുത്തുകാരന്‍ കെ.ടി ഹുസൈന്‍ സൂചിപ്പിച്ചു. ചരിത്രവും ചരിത്രരചനയും സത്യസന്ധതയുടെയും സര്‍ഗാത്മകതയുടെയും വേദിയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച അധ്യാപകനും എഴുത്തുകാരനുമായ പി.ടി. കുഞ്ഞാലി അഭിപ്രായപ്പെട്ടു. 

നോവലിസ്റ്റും കഥാകൃത്തുമായ യു.കെ കുമാരന്‍, പി.എസ്.എം.ഒ കോളേജ് അസി. പ്രഫ വി. ഹിക്മത്തുല്ല, ഹൈദരാബാദ് യൂനിവേഴ്‌സിറ്റി ഗവേഷകന്‍ ത്വാഹിര്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു. സെഷന്‍ കോര്‍ഡിനേറ്റര്‍ വി.എം ബദീഉസ്സമാന്‍ ചര്‍ച്ച നിയന്ത്രിച്ചു.

'സാമൂഹിക സഹവര്‍ത്തിത്വം: പ്രദേശങ്ങളും സംഭവങ്ങളും' എന്ന സമാന്തര സെഷനില്‍ പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. പഴശ്ശിയും കുറ്റ്യാടിയിലെ വിവിധ സാമൂഹിക നേതൃത്വവും തമ്മില്‍ മികച്ച ബന്ധം നിലനിര്‍ത്തിയിരുന്നു. ഇത്തരം സഹവര്‍ത്തിത്വത്തിന്റെ കഥയാണ് കുറ്റ്യാടിക്ക് പറയാനുള്ളതെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം ഖാലിദ് മൂസ നദ്‌വി അഭിപ്രായപ്പെട്ടു. ചരിത്ര പഠനത്തില്‍ തുല്യതയില്ലാത്ത ഏടാണ് പൊന്നാനിയുടേതെന്ന് ഗ്രന്ഥകാരനും ചരിത്രകാരനുമായ ടി.വി അബ്ദുര്‍റഹ്മാന്‍കുട്ടി അഭിപ്രായപ്പെട്ടു. 

'ഹിന്ദുമുസ്‌ലിം സഹജീവിതം ശുഹദാക്കളുടെ ചരിത്രപശ്ചാതലത്തില്‍' എന്ന തലക്കെട്ടിലുള്ള പ്രബന്ധങ്ങള്‍ മലപ്പുറം ഗവ. കോളേജ് അസി. പ്രഫസര്‍ ഡോ. ജമീല്‍ അഹ്മദ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാംഗം ടി. മുഹമ്മദ് വേളം, റിസര്‍ച്ച് സ്‌കോളര്‍ ഡോ മുഹമ്മദ് ശഫീഖ്, മുസ്‌ലിം ഹെരിറ്റേജ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എ.ടി യൂസുഫലി എന്നിവര്‍ അവതരിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി കെ.കെ ഫാത്തിമ സുഹറ സെഷന്‍ കോഡിനേറ്ററായിരുന്നു. 

'സാഹിത്യവും സൗഹൃദവും' എന്ന ചര്‍ച്ചയില്‍ ഒ. അബ്ദുര്‍റഹ്മാന്‍ അധ്യക്ഷനായിരുന്നു. ലോകത്തിന്റെ ശാപം ദാരിദ്ര്യമല്ല, സമ്പത്താണെന്ന് പ്രമുഖ സാഹിത്യകാരന്‍ പി.കെ ഗോപി അഭിപ്രായപ്പെട്ടു. ഹോംസിനിമകളിലൂടെ സമൂഹത്തിന് നന്മയുടെ സന്ദേശങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും പ്രശസ്ത ഹോം സിനിമ സംവിധായകന്‍ സലാം കൊടിയത്തൂര്‍ പറഞ്ഞു. 

സമുദായങ്ങള്‍ തമ്മില്‍ ആശയവിനിമയം നടക്കാത്തതാണ് ഉത്തരേന്ത്യയിലെ കലാപങ്ങള്‍ക്ക് കാരണമെന്ന് പ്രബോധനം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അഷ്‌റഫ് കീഴുപറമ്പ് അഭിപ്രായപ്പെട്ടു. സിനിമക്കു പുറമെ സംഗീതവും നാടകവും മാനവികതയുടെ തത്വശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ഗ്രന്ഥകാരനും പ്രഭാഷകനുമായ ടി.പി മുഹമ്മദ് ശമീം പറഞ്ഞു. മാനവിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന കൃതികളാണ് വൈക്കം മുഹമ്മദ് ബഷീറിന്റേതെന്ന് ഗവേഷക വിദ്യാര്‍ഥിനി കെ.ജി നിദ ലുലു അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് സെഷന്‍ കോഡിനേറ്ററായിരുന്നു. 

'ആത്മീയതയും സൗഹൃദവും, മതങ്ങളും ദര്‍ശനങ്ങളും' എന്ന സെഷനില്‍ സമൂഹങ്ങള്‍ക്കും സമുദായങ്ങള്‍ക്കുമിടയിലെ സഹവര്‍ത്തിത്വത്തിന് ഊര്‍ജം പകരുന്നത് മതങ്ങളും ആത്മീയ ദര്‍ശനങ്ങളുമാണെന്ന് അഭിപ്രായമുയര്‍ന്നു.

ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംഘര്‍ഷങ്ങളും യുദ്ധങ്ങളും മനുഷ്യ ജീവിതം നന്നായി പുലരാനുള്ള അവസാന സാധ്യത മാത്രമാണെന്ന് സ്വാമി ആത്മദാസ് യമി അഭിപ്രായപ്പെട്ടു. 

ഇസ്‌ലാം ബലാല്‍ക്കാരത്തെ അംഗീകരിക്കുന്നില്ലെന്നും ആശയ, വിശ്വാസ വൈവിധ്യങ്ങളോടൊപ്പം മനുഷ്യപാരസ്പര്യത്തെയും ആചാരാനുഷ്ഠാനങ്ങളെയും സഹൃദയത്തോടെ ഉള്‍ക്കൊള്ളാനാണ് ഇസ്‌ലാമിക അധ്യാപനമെന്നും ഇസ്‌ലാമിക വിജ്ഞാനകോശം അസിസ്റ്റന്റ് എഡിറ്റര്‍ ഡോ. എ.എ ഹലീം പറഞ്ഞു. ഡോ. ഫൈസല്‍ ഹുദവി, പി.എം.എ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. പി.വി റഹ്മാബി ചര്‍ച്ച നിയന്ത്രിച്ചു.

നീതിയിലും സൗഹാര്‍ദത്തിലുമധിഷ്ഠിതമായ സാമൂഹ്യ നിര്‍മിതിക്ക് ആഹ്വാനം ചെയ്താണ് കോണ്‍ഫറന്‍സ് സമാപിച്ചത്. 

ഏകാധിപത്യത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരായ ജനകീയ പ്രതിരോധമായി ചരിത്ര പഠനം മാറണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. 

അഡ്വ. കെ.എന്‍.എ ഖാദര്‍, കെ.ഇ.എന്‍, സി.പി കുഞ്ഞുമുഹമ്മദ്, കെ. അംബുജാക്ഷന്‍, എ. റഹ്മത്തുന്നിസ, ഹാഫിസ് അനസ് മൗലവി, ശൈഖ് മുഹമ്മദ് കാരകുന്ന്, വി.പി ബഷീര്‍, പി.സി അന്‍വര്‍, എം.പി. അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ കോ ഓര്‍ഡിനേറ്റര്‍ ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതവും ടി.പി യൂനുസ് നന്ദിയും പറഞ്ഞു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top