തുറന്ന വാതിലുകളുള്ള വീട്

നര്‍ഗീസ് ബീഗം / ബിഷാറ വാഴക്കാട് No image

സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ സാമൂഹിക പ്രവര്‍ത്തനം ജീവിതമാക്കിയ ഒരു പെണ്ണുണ്ട്. അവളെ നര്‍ഗീസ് ബീഗമെന്നു പറഞ്ഞാല്‍ അറിയുന്നവരും അറിയാത്തവരുമുണ്ടാകും; എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കാരണം കണ്ണീരിന്റെ ഉപ്പുരസം നിരന്തരം അനുഭവിക്കാന്‍ വിധിക്കപ്പെട്ട നിസ്സഹായര്‍ക്ക് ചിരപരിചിതമാണ് ഈ പേര്. ഇന്നേവരെ നേരില്‍ കണ്ടിട്ടില്ലാത്ത ഒട്ടേറെ പേരുടെ സഹായവും സഹകരണവും നര്‍ഗീസിന്റെ നന്മമനസ്സിന് വളക്കൂറായി. പല ജീവിതങ്ങളുടെ ഒരേയൊരു താങ്ങ് എന്നിടത്തേക്ക് വളര്‍ന്നെത്തിയ നര്‍ഗീസ് ബീഗം അവളുടെ ജീവിതം പറയുന്നു.

 

ഒരു ദിവസം രാത്രി പത്തു മണി ആയിക്കാണും. പ്രായമുളള ഒരഛനും അമ്മയും ഹോസ്പിറ്റലില്‍ എന്നെ കാണാന്‍ വന്നു. ഏതോ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി വരികയാണ്. ഭക്ഷണമൊന്നും കഴിച്ചിട്ടില്ല. വാടക കൊടുക്കാന്‍ കഴിയാത്തതിനാല്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന് അവരെ ഇറക്കിവിട്ടതാണ്. പോവാന്‍ മറ്റൊരിടമില്ല. എന്നെത്തേടിയെത്തിയ അവര്‍ ഇവിടെ വന്നാല്‍ എന്തെങ്കിലും വഴി തുറക്കപ്പെടും എന്ന പ്രതീക്ഷയിലായിരുന്നു. ഉടനെ ഒരു സുഹൃത്തിനെ വിളിച്ചു. ഭക്ഷണം വാങ്ങിക്കൊടുത്ത് ലോഡ്ജില്‍ ഒരു മുറിയെടുത്തുകൊടുത്തു. അവര്‍ക്ക് ആശ്വാസമായി. ഇങ്ങനെ കുറേ മനുഷ്യരുണ്ട് നമുക്ക് ചുറ്റും.

ഒരു വര്‍ഷമായി വയനാട്ടില്‍ എയ്ഞ്ചല്‍സ് കളക്ഷന്‍സ് എന്ന തുണിക്കട തുടങ്ങിയിട്ട്. പാവപ്പെട്ട ആളുകള്‍ക്ക് സൗജന്യമായി വസ്ത്രം കൊടുക്കുന്ന സംവിധാനമാണിത്.  വലിയ തുകയുമായി കടകളില്‍ പോയി  ഇഷ്ടപ്പെട്ട പുത്തന്‍ ഡ്രസ്സ് എടുത്ത് ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍ സാമ്പത്തിക പ്രയാസങ്ങള്‍ കാരണം ബുദ്ധിമുട്ടാണ്. ഉപയോഗിച്ച് വൃത്തികേടാകാത്ത വസ്ത്രങ്ങള്‍ വീടുകളില്‍ ചെന്നും സംഘടനകള്‍ വഴിയും ശേഖരിച്ചുകൊണ്ടാണ് അത് ചെയ്തുവന്നത്. ഒരിക്കല്‍  വസ്ത്രങ്ങള്‍ കൊടുത്തവരെതന്നെ പിന്നീട്  കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച അവസ്ഥയില്‍ കാണേണ്ടിവന്നു. അപ്പോഴെല്ലാം നമുക്ക് വേണ്ടാത്ത വസ്ത്രങ്ങള്‍ മാത്രം ധരിച്ചു നടക്കേണ്ടവരാണോ ഇവര്‍ എന്ന സങ്കടമായിരുന്നു ഉള്ളില്‍. നമ്മള്‍ തുണിക്കടയില്‍ പോയി ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കുന്നതുപോലെ അവര്‍ക്കും ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഒരു സംവിധാനമുണ്ടാവണം എന്ന് മനസ്സിലുറച്ചു. അങ്ങനെയാണ് എയ്ഞ്ചല്‍സ് എന്ന ആശയത്തിന്റെ പിറവി. ആരുടെയെങ്കിലും വീട്ടില്‍ ഉപയോഗിക്കാത്ത നല്ല വസ്ത്രങ്ങളുണ്ടെങ്കില്‍ ഇവിടെയെത്തിക്കാം എന്ന് ഉറക്കെ പറഞ്ഞു. ചിലര്‍ പുതിയത് വാങ്ങി ഷോപ്പില്‍ നേരിട്ട് എത്തിച്ചുതരും. ഒരു പ്രാവശ്യം മാത്രം ധരിച്ച് അലമാരയില്‍ വെക്കുന്ന  വിവാഹവസ്ത്രങ്ങള്‍ കിട്ടിയത് 94 പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് തന്നെ കൊടുക്കാനായി. കൊറിയര്‍ ആയി കിട്ടിയ വിലപിടിപ്പുളള വസ്ത്രങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ചില മണവാട്ടികള്‍ കരയുന്നത് കണ്ടിട്ടുണ്ട്. ജീവിതത്തില്‍ കൈകൊണ്ട് തൊടാന്‍പോലും കഴിയില്ലെന്നു കരുതിയത് വിവാഹത്തിന് ധരിക്കാന്‍ കഴിയുമല്ലോ എന്നതായിരിക്കാം അവരുടെ കണ്ണ് നിറച്ചത്. എയ്ഞ്ചല്‍സില്‍ ജോലിക്കു നില്‍ക്കുന്നത് കാന്‍സര്‍ രോഗിയായ ഒരു യുവതിയും അവളുടെ ഭര്‍ത്താവുമാണ്.

എയ്ഞ്ചല്‍സിലേക്ക് വലിയ ലോറികളില്‍ വരെ വസ്ത്രങ്ങള്‍ എത്തുന്നുണ്ട്. അതിലേറെയും ഉപയോഗിക്കാന്‍ പറ്റാത്തതാണ്. നല്ലത് വേര്‍തിരിച്ചെടുക്കുക എന്നത് വലിയ ജോലിയാണ്. ഉപയോഗശൂന്യമായത് കൂട്ടിയിട്ടിരിക്കുകയാണ്. അതുകാണുമ്പോള്‍ അതില്‍നിന്ന് വല്ല വരുമാനത്തിനും സാധ്യതയുണ്ടോ എന്ന് ആലോചിക്കുകയാണിപ്പോള്‍. വിധവകള്‍ക്ക് ജോലി എന്ന സ്വപ്നം മുമ്പേ മനസ്സിലുളളതാണ്. ഇതില്‍നിന്ന് ബാഗ്, കാര്‍പെറ്റ് പോലുളളവ ഉണ്ടാക്കാമോ എന്ന പരീക്ഷണം നടത്താനായിരുന്നു ഉദ്ദേശ്യം. പക്ഷേ ജീന്‍സ് പോലുളള വസ്ത്രങ്ങളായതിനാല്‍ 22000 രൂപ വരെ വില വരുന്ന മെഷീന്‍ വേണം സ്റ്റിച്ചിങ്ങിന്. അതിനാലിത് സ്വപ്നമായിത്തന്നെ കിടക്കുന്നു.

മൂന്നു നാലു വര്‍ഷംമുമ്പ്, പ്രയാസപ്പെടുന്നവര്‍ക്ക് നല്‍കാനായി  വീടുകളില്‍ ചെന്നു വസ്ത്രങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ ഒരു സ്ത്രീയെ കാണാനിടയായി. അവര്‍ക്ക് ഒരു വീട് വേണം. സ്വന്തമായുള്ള ഒരു തുണ്ട് ഭൂമിയില്‍ ചെറിയ കൂരയെങ്കിലും വെച്ചുതന്നാല്‍ മതിയെന്ന് അവര്‍ ദയനീയമായി പറഞ്ഞു. ഇക്കാര്യം അറിയിച്ചുകൊണ്ട് ഞാന്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടു. ഉടനെ ഒരാള്‍ വിളിച്ച് എത്ര സംഖ്യ വേണ്ടിവരുമെന്ന് ചോദിച്ചു. ആ സ്ത്രീയെ വിളിച്ച് അന്വേഷിച്ചപ്പോള്‍ മൂന്നര ലക്ഷം രൂപ വേണമെന്നും ഒരു ലക്ഷം കൈയിലുണ്ടെന്നും പറഞ്ഞു. ബാക്കി തുകയാണ് വേണ്ടതെന്ന് അദ്ദേഹത്തെ അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ കണ്ടയുടനെ ചിലര്‍ വെറുതെ വിളിക്കാറുള്ളതിനാല്‍ ഇത് കാര്യമായെടുത്തില്ല. പക്ഷേ, രണ്ട് ദിവസം കഴിഞ്ഞ്, അട്ടപ്പാടിയില്‍ ഭക്ഷണ കിറ്റ് വിതരണം ചെയ്തുകൊണ്ടിരിക്കെ അദ്ദേഹം വീണ്ടും വിളിച്ചു. പണം തരാമെന്നും നേരിട്ട് കൈമാറാമെന്നും അറിയിച്ചു. പെരിന്തല്‍മണ്ണ വഴിയാണ് വരുന്നതെങ്കില്‍ മണ്ണാര്‍ക്കാടെത്തുമ്പോള്‍ വിളിക്കാനാവശ്യപ്പെട്ടു. അവിടെ കരിങ്കല്ലത്താണി എന്ന സ്ഥലത്ത് റോഡിനരികെ അദ്ദേഹം  കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. രണ്ടു ലക്ഷത്തിന്റെ ചെക്ക് എഴുതിത്തന്നു. മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്നു പറഞ്ഞ് ഒരു ലക്ഷത്തിന്റെ മറ്റൊരു ചെക്കു കൂടി തന്നു. പേരുപോലും പറയാത്ത അയാള്‍ക്ക് എന്നെ മുന്‍പരിചയമൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ ആ സ്ത്രീക്ക് ഒരു വീടൊരുക്കാനായി. ഇങ്ങനെ പേരു പറയാത്ത ഒത്തിരിയാളുകളുണ്ട്. ദൈവപ്രീതി മാത്രം ആഗ്രഹിക്കുന്ന അവരാണ് വഴിയില്‍ ഉടഞ്ഞു തീരുന്ന ഒരുപാടാളുകള്‍ക്ക് തണലായി മാറുന്നത്.

ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയവര്‍, അന്നത്തിന് വകയില്ലാതെ പട്ടിണി കിടക്കുന്നവര്‍, വസ്ത്രമില്ലാത്തവര്‍, പ്രായമെത്തിയിട്ടും വിവാഹം വിദൂര സ്വപ്‌നമായി അവശേഷിക്കുന്നവര്‍, മാറാ രോഗികള്‍....... ഇത്തരക്കാരിലേക്ക് സുമനസ്സുകളുടെ സ്‌നേഹ സാന്ത്വനങ്ങള്‍ എത്തിച്ച് , കോഴിക്കോട്ടും വയനാട്ടിലും പാലക്കാട്ടും മലപ്പുറത്തും അങ്ങനെയങ്ങനെ കേരളത്തിലെ എല്ലാ ജില്ലകളിലുമായി ഈ യാത്ര തുടരുകയാണ്. വേദനിപ്പിക്കുന്നതും കരയിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതും അഭിമാനിക്കാവുന്നതുമായി കണ്ണീര് തുടച്ച് കിനാവ് കാണിക്കാനുള്ള ഈ യാത്രയില്‍ അറിഞ്ഞത് അനവധിയാണ്.

ADORA (Agency for Development Operations in Rural Area)യാണ് എന്റെ എന്‍.ജി.ഒ. സുല്‍ത്താന്‍ ബത്തേരിയിലാണ് ഇതിന്റെ ഓഫീസ്. രണ്ടു വര്‍ഷം മുമ്പ് അംഗത്വം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍  ADORA യുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. 20 വര്‍ഷം മുമ്പ് ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്ത് ആരംഭിച്ചതാണെങ്കിലും ഇപ്പോള്‍ ഈ പേര് പുറത്തെത്തിക്കാനായതില്‍ സന്തോഷമുണ്ട്. ആദിവാസികള്‍ക്കുവേണ്ടി പല കാര്യങ്ങളും ചെയ്യുന്നു. അവരുടെ മക്കളെ ഏറ്റെടുത്തു പഠിപ്പിക്കുന്നുണ്ട്. സിവില്‍ സര്‍വീസ് കോച്ചിംഗ്, സി.എ, ഹോട്ടല്‍ മാനേജ്മെന്റ്, ഫാഷന്‍ ഡിസൈനിംഗ്- ഇവക്കെല്ലാം പഠിക്കുന്നവര്‍ ADORA ഏറ്റെടുത്തവരിലുണ്ട്. ഇവരുടെയെല്ലാം ഫീസ് അടക്കാന്‍ സമയമാകുമ്പോള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടും; എന്റെ ഇന്ന കുട്ടിക്ക് ഫീസ് അടക്കാനായെന്ന്. ഇതുവരെ വഴിമുട്ടിയിട്ടില്ല.

കൂട്ടിനാരുമില്ലാത്ത കിടപ്പുരോഗികളുണ്ട്. അവര്‍ക്ക് താമസിക്കാന്‍ സുരക്ഷിതമായ ഇടവും പരിചരിക്കാന്‍ ആളും അത്യാവശ്യമാണ്. ചിലരെ പരിചരിക്കാന്‍ ഒരാളേ വീട്ടിലുണ്ടാകൂ. അവര്‍ അത്യാവശ്യമായി എങ്ങോട്ടെങ്കിലും പോയിക്കഴിഞ്ഞാല്‍ അവര്‍ക്ക് അസുഖം വന്നാല്‍, കിടപ്പിലായവരെക്കുറിച്ച് വേവലാതിയാകും. ആ അവസ്ഥയില്‍ ഒരാളും അവരെ ഏറ്റെടുക്കുകയില്ല. ഇങ്ങനെയെല്ലാം അഭയം കാംക്ഷിക്കുന്നവരെ സംരക്ഷിക്കുന്ന  ഒരു വീട് എന്റെ സ്വപ്നമാണ്. എപ്പോഴും ആര്‍ക്കും കയറിവരാനും എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോകാനും കഴിയുന്ന തുറന്ന വാതിലുകളുളള ഒരു വീട്. അവിടെ തീര്‍ത്തും സൗജന്യമായി ഫിസിയോതെറാപ്പി ചെയ്തുകൊടുക്കാന്‍ സംവിധാനിക്കുന്ന ഒരു ഫിസിയോതെറാപ്പി സെന്ററും.

വയനാട്ടിലെ ചുളളിയോട് ആദിവാസികളുടെ കോളനിക്കടുത്ത് താമസിക്കുന്ന ഒരു അച്ഛന്നും അമ്മക്കും 20 സെന്റ് സ്ഥലം സ്വന്തമായുണ്ട്. അവര്‍ക്ക് ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങളാണ്. മക്കളെ കല്യാണം കഴിച്ചയക്കുമ്പോള്‍ ഉണ്ടായിരുന്ന കടം പെരുകിയിരിക്കുന്നു. കൂടാതെ അസുഖങ്ങളും. അവരുടെ പ്രയാസങ്ങളെല്ലാം കൈയിലുള്ള  സ്ഥലം വിറ്റുകഴിഞ്ഞാല്‍ തീരുന്നതാണെന്ന് അവര്‍ പറഞ്ഞു. കോളനിക്കടുത്തായതിനാല്‍ ആരും ആ സ്ഥലം വാങ്ങാന്‍  തയ്യാറാവുന്നില്ല. 6 ലക്ഷം രൂപ വില നിശ്ചയിച്ച ആ സ്ഥലം തുറന്ന വീടിനുവേണ്ടി ഏറ്റെടുക്കണമെന്ന് പറഞ്ഞ് അവര്‍ കരഞ്ഞുകൊണ്ടിരിക്കുന്നു. ഇത്രയും സംഖ്യ ഒന്നിച്ച് തരാനാളില്ല. എന്നാല്‍ 300 പേര്‍ 2000 രൂപ വെച്ചെടുത്താല്‍ ആ സ്ഥലം വാങ്ങാനാവും. ഈ വിഷയം സൂചിപ്പിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിട്ടപ്പോള്‍ തന്നെ പ്രതികരണം കിട്ടിത്തുടങ്ങി. അങ്ങനെ ലഭിച്ച ഒരു ലക്ഷം രൂപ ആ ദമ്പതികള്‍ക്ക് കൊടുത്തു. അതുകൊണ്ട് തല്‍ക്കാലം അവര്‍ക്ക് പ്രശ്നങ്ങളില്‍ പിടിച്ചുനില്‍ക്കാനാവും. രണ്ട് കുട്ടികളുടെ പഠനം മുഴുവനായി ഒരു സുഹൃത്ത് ഏറ്റെടുത്തതിനാല്‍ അവരെ ഇപ്പോള്‍ എനിക്ക് ശ്രദ്ധിക്കേണ്ടതില്ല. ഇപ്പോഴും സഹായങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം സ്ഥിരമായി സഹായിച്ചിരുന്ന പ്രവാസികളില്‍ പലരും പ്രയാസത്തിലാണ് എന്നത് പുതിയ പ്രശ്‌നമാണ്.

നട്ടെല്ലിന് ക്ഷതമേറ്റ, സാമ്പത്തിക ശേഷിയും സംരക്ഷിക്കാന്‍ ആളുകളുമില്ലാത്ത, തീര്‍ത്തും കിടപ്പിലായ ഒരുപാട് രോഗികള്‍ കേരളത്തിന്റെ പല ഭാഗത്തുനിന്നും വിളിക്കാറുണ്ട്. അവരെവിടെയായാലും ഒറ്റക്കുളള യാത്രകളില്‍ എന്റെ സഹചാരിയായ 'ജൂപിറ്ററില്‍' അവരെ പോയി കാണും. അവരുടെ അവസ്ഥകളും രോഗത്തിന്റെ വിവരവും മനസ്സിലാക്കി സഹായിക്കാന്‍ സംവിധാനമുണ്ടാക്കും. രോഗത്തിന്റെ  വിശദാംശങ്ങള്‍ ഡോക്ടര്‍ക്ക് അയച്ചുകൊടുത്ത് രജിസ്റ്റര്‍ ചെയ്യും. കോയമ്പത്തൂര്‍ സഹായി ട്രസ്റ്റിലാണ് ഇവര്‍ക്ക് തുടര്‍ചികിത്സക്ക് സംവിധാനമൊരുക്കുന്നത്. നട്ടെല്ലിന് ക്ഷതം സംഭവിച്ചവരെ പൂര്‍ണമായി രക്ഷിച്ചെടുക്കാനാവില്ല. മൂന്ന് മാസം തുടര്‍ച്ചയായി ഫിസിയോതെറാപ്പി കൊടുക്കുന്നു. അതോടൊപ്പം അവര്‍ക്ക് മാനസികവും ശാരീരികവുമായ മറ്റ് ചികിത്സകള്‍ കൂടിയാവുമ്പോള്‍ തീരെ കഴിയില്ലെന്നു കരുതിയ സ്വന്തം കാര്യങ്ങള്‍ കുറേയൊക്കെ സ്വയം ചെയ്തുതുടങ്ങും. ആത്മവിശ്വാസം വര്‍ധിക്കും. കാലിപര്‍ ഉപയോഗിച്ച് നടക്കാന്‍ പര്യാപ്തമാക്കാനാവും എന്നതാണ് അവരില്‍ ചിലര്‍ക്കുളള മറ്റൊരു പ്രതീക്ഷ. കിടന്ന് മടുത്ത നാലു ചുമരുകള്‍ക്കുളളില്‍നിന്ന് പുറത്തിറങ്ങി തങ്ങളേക്കാള്‍ ആവതില്ലാത്ത ദയനീയ അവസ്ഥയിലുളള രോഗികളെ കാണുമ്പോള്‍ തങ്ങളുടെ അവസ്ഥയില്‍ ആശ്വാസം കൊള്ളാനും കുറേയൊക്കെ അവര്‍ക്കാകും. ഇതിനകം 12-ഓളം ആളുകളെ ഇത്തരത്തില്‍ ചികിത്സിക്കാനായി. ആംബുലന്‍സില്‍ കിടത്തി കൊണ്ടുപോയ ആള്‍ തിരിച്ച് കാലിപര്‍ ഉപയോഗിച്ചാണെങ്കിലും നടന്നു വരുന്നത് കാണുമ്പോഴുള്ള സന്തോഷം വലുതാണ്.

അരക്കുതാഴെ ചലനമില്ലാത്തവര്‍ക്കും കാല്‍ മുറിച്ചവര്‍ക്കും നടക്കാന്‍ സഹായിക്കുന്ന കാലിപര്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ എന്നെത്തേടി വരാറുണ്ട്. അത്തരം കാലിപര്‍ കുറേ പേര്‍ക്ക് ചെയ്തുകൊടുത്തു. അതിന് വലിയ വില വരും. ഏറ്റവും കുറഞ്ഞത് 35000 രൂപയാവും.

തുടര്‍ച്ചയായി മരുന്നുകള്‍ എത്തിച്ചുകൊടുക്കേണ്ട രോഗികളുണ്ട്. ചിലര്‍ക്ക് ഭക്ഷണത്തിന് സഹായം നല്‍കുന്നു. പലചരക്കുകടകളില്‍ മാസത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഏല്‍പിച്ചുകൊടുത്തിട്ടുണ്ട് ചില കുടുംബങ്ങള്‍ക്ക്. കടക്കാരന് രണ്ടോ മൂന്നോ മാസമാകുമ്പോള്‍ പണം കൊടുക്കണം. ഇത്തരം കടങ്ങള്‍ തീര്‍ക്കാനെല്ലാം നല്ല ചെലവുവരുന്നുണ്ട്. ഭക്ഷണകിറ്റുകള്‍ എത്തിച്ചുകൊടുക്കാനും വീല്‍ചെയര്‍ കൊണ്ടുപോവാനും വസ്ത്രങ്ങള്‍ ശേഖരിക്കാനുമെല്ലാം സഹായമായി പത്തു കൂട്ടുകാര്‍ ചേര്‍ന്ന് ഒരു കാര്‍ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. അവരാരൊക്കെയാണെന്നുപോലും എനിക്കിപ്പോള്‍ ഓര്‍മയില്ല.

ഫറോക്കിലെ കോയാസ് ഹോസ്പിറ്റലില്‍ ഞാന്‍ നഴ്‌സായി സേവനം തുടങ്ങിയിട്ട് പതിനാല് വര്‍ഷമായി. എനിക്ക് മാസത്തിലുള്ള നാല് ലീവ് ദിവസങ്ങളിലാണ് ദൂരെ സ്ഥലങ്ങളില്‍ പോകുന്നത്. രോഗികളെ സന്ദര്‍ശിക്കാനും ആ ദിവസങ്ങളില്‍ സമയം കണ്ടെത്തും. കിടപ്പിലായവരുടെ അടുത്തിരുന്ന് കൈയിലൊന്നു പിടിച്ച് തലോടി സംസാരിച്ചാല്‍ അവര്‍ക്കത് വലിയ ആശ്വാസമാണ്. അപ്പോഴുളള അവരുടെ മുഖമാണ് കല്യാണപ്പെണ്ണിനേക്കാളും സന്തോഷം തരുന്നത്. കല്യാണം, സല്‍ക്കാരം, വീട്ടിലെയും കുടുംബങ്ങളിലെയും മറ്റു പരിപാടികള്‍... ഞാന്‍ എല്ലാം മറന്നിട്ട് കുറേ കാലമായി. സമയം അതിനുകൂടി തികയുന്നില്ല എന്നതുതന്നെ കാരണം. ചിന്തയില്‍ എപ്പോഴും ഇത്തരം മനുഷ്യരാണ്, അവരുടെ വേദനകളാണ്.

എന്റെ ജീവിതത്തില്‍ സന്തോഷം തോന്നിയ സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട്. ഒരാള്‍ക്ക് ഓപറേഷനുണ്ട്, പണം വേണം എന്നറിയിച്ച് ഫെയ്‌സ് ബുക്കില്‍ ഒരു പോസ്റ്റിട്ടാല്‍ 'അത് നമുക്ക് ചെയ്യാം' എന്ന മറുപടി കിട്ടുമ്പോള്‍ വലിയ ആശ്വാസമാണ്. പലപ്പോഴും സാമ്പത്തിക സഹായം നല്‍കുമ്പോള്‍ അതിനു സാക്ഷിയായി ദൈവം മാത്രമേ ഉണ്ടാകാറുള്ളൂ. നന്നേ രാവിലെ അടിയന്തര ഓപറേഷന്‍ ചെയ്യേണ്ടവര്‍ക്ക് എങ്ങനെയെങ്കിലും ഓടിനടന്ന് പണമുണ്ടാക്കി എത്തുമ്പോഴേക്കും രാത്രി ഏറെ വൈകിയിരിക്കും. അപ്പോള്‍ തന്നെ പണം അവര്‍ക്ക് എത്തിച്ചുകൊടുക്കേണ്ടതിനാല്‍ കൂടെ ആരും ഉണ്ടാവുകയില്ല. ദൈവത്തെ സാക്ഷി നിര്‍ത്തി അതങ്ങ് കൊടുക്കും. സംഘടനകളും വ്യക്തികളും മറ്റും അമ്പതിനായിരവും ഒരു ലക്ഷവുമൊക്കെ സാമ്പത്തിക സഹായം നല്‍കിയതിന്റെ ഫോട്ടോസഹിതമുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ ചിരി വരും. ഒരാളും ഒപ്പമില്ലാതെ, വലിയ ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി പ്രസംഗിക്കാതെ, ഫോട്ടോഗ്രാഫര്‍മാരുടെ ക്ലിക്കുകളില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ വരെ ഞാന്‍ എത്തിച്ചുകൊടുത്തിട്ടുണ്ട്. പരസ്യങ്ങളും ആഘോഷങ്ങളുമായി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരെ കാണുമ്പോള്‍ സഹതാപമാണ് തോന്നാറുള്ളത്. ചില സന്നദ്ധ സംഘടനകള്‍ സഹായ വിതരണത്തിനായി സംഘടിപ്പിക്കുന്ന വര്‍ണാഭമായ പരിപാടികളുടെ പണം കൂടി ഉണ്ടെങ്കില്‍ എത്രയോ പേരുടെ കണ്ണീരൊപ്പാനാകും. ഒരു ഭൗതിക താല്‍പര്യവുമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സമയത്തിന് അതെത്തിച്ചുകൊടുക്കുക എന്നതാണ് നമ്മുടെ ബാധ്യത.

ഓരോ ദിവസവും ഞാന്‍ കുറിച്ചിടുന്നത് എന്റെ ഫെയ്‌സ്ബുക്ക് പേജിലാണ്. അതുതന്നെയാണ് എന്റെ യഥാര്‍ഥ ഡയറി. എന്റെ ഫെയ്‌സ്ബുക്ക് കൂട്ടുകാരെല്ലാം എന്റെ കഥാപാത്രങ്ങളെക്കുറിച്ച് ധാരണയുളളവരാണ്. എന്റെ മനസ്സിലുളളതുപോലെ അവരുടെ മനസ്സിലും സുനിയേട്ടനും രവിയും രാജനും മധുച്ചേട്ടനുമെല്ലാമുണ്ടാവും. അതുകൊണ്ടുതന്നെ അവരുടെ ആവശ്യങ്ങള്‍ അറിയിക്കുമ്പോള്‍ തന്നെ എനിക്ക് മറുപടി പറയാനാകും, പണം ഉണ്ടാക്കാനാകും. ഓപ്പറേഷനുകള്‍ നടത്താനും പാതിവഴിയില്‍ തകര്‍ന്നുവീണ സ്വപ്നങ്ങള്‍ മുഴുമിപ്പിക്കാനും അനാഥ മക്കളുടെ വിവാഹപ്പന്തലുകളില്‍ സ്വപ്നങ്ങള്‍ നിറക്കാനുമെല്ലാം സാധിക്കുന്നത് ഇതുവഴി അകമഴിഞ്ഞ് പലരും തരുന്ന സഹായങ്ങള്‍ കൊണ്ടാണ്. ഫെയ്‌സ്ബുക്കില്‍ മുപ്പതിനായിരം ഫോളോവേഴ്സുണ്ട്. ഫ്രണ്ട്ലിസ്റ്റ് 5000 കവിഞ്ഞിട്ട് കുറേയായി. ഫെയ്സ് ബുക്കില്‍ ഇതെല്ലാം പ്രസിദ്ധപ്പെടുത്തുന്നത്, എനിക്കു ചെയ്യാന്‍ കഴിയുന്നതിനപ്പുറം സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ സമൂഹത്തില്‍ ഉള്ളതുകൊണ്ട് മറ്റുള്ളവരില്‍നിന്നും സാമ്പത്തിക പിന്തുണ കിട്ടാന്‍ വേണ്ടി മാത്രമാണ്.

എന്റെ യഥാര്‍ഥ പേര് റോസ്നയെന്നാണ്. എനിക്കൊരു അമ്മായിയുണ്ടായിരുന്നു. കുട്ടിക്കാലത്തേ അവരെന്നെ നര്‍ഗീസെന്നാണ് വിളിച്ചിരുന്നത്. ഞാന്‍ പഠിക്കുന്ന കാലത്ത് സ്‌കൂള്‍-കോളെജ് മാഗസിനുകളിലും 'പ്രഹേളിക' പോലുള്ള മാസികകളിലും കവിതകളെഴുതുമായിരുന്നു. നര്‍ഗീസെന്ന പേരിനോടുള്ള ഇഷ്ടം കൊണ്ട് ആ പേരിലാണ് എഴുതാറ്. ഫെയ്സ് ബുക്കിലും ആ പേരു തന്നെ സ്വീകരിച്ചു. അതുകൊണ്ടുതന്നെ റോസ്നയെന്ന പേര് രേഖകളില്‍ മാത്രമായൊതുങ്ങി.

കുട്ടിക്കാലത്തുതന്നെ മറ്റുളളവരെ സഹായിക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നു. ഭക്ഷണവും വസ്ത്രവുമെല്ലാം പേരിനുണ്ടായിരുന്നെങ്കിലും വിഷമം പിടിച്ച കുട്ടിക്കാലമായിരുന്നു എന്റേത്. വയറുനിറച്ച് തിന്നാനും നല്ല ഉടുപ്പിടാനും ഏറെ കൊതിച്ചിട്ടുണ്ട്. അടുത്ത വീടുകളില്‍നിന്ന് ഉമ്മ കൊണ്ടുവന്ന പഴഞ്ചോറില്‍നിന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങിയത് ഇതുപോലെ വിശക്കുന്നവര്‍ക്ക് വേണ്ടി എന്തെങ്കിലും കൊടുക്കാന്‍ കഴിയുന്ന കാലത്തെക്കുറിച്ചായിരുന്നു. എന്റെ കൈയില്‍ ഒന്നും കൊടുക്കാനില്ലല്ലോ എന്ന് വിഷമം കൊളളുമ്പോഴാണ് നഴ്സിംഗ് പഠനം കഴിഞ്ഞതിന്റെ ട്രെയ്‌നിംഗ് സമയത്ത് 300 രൂപ സ്‌റ്റൈപെന്റായി ലഭിക്കുന്നത്. അന്നതില്‍നിന്ന് 30 രൂപ വീതം എടുത്തുവെച്ചു. അത് ലാബില്‍ ബില്ലടക്കാനും മരുന്ന് വാങ്ങാനും വിഷമിക്കുന്ന രോഗികള്‍ക്ക് കൊടുത്തുതുടങ്ങി. കൂടെ നില്‍ക്കാന്‍ ആളില്ലാത്തവര്‍ക്ക് കൂട്ടായി രാത്രികളില്‍ ഉറക്കമിളച്ചു. എന്റെ സമയം മറ്റുളളവര്‍ക്കുവേണ്ടി ചെലവഴിച്ചാണ് ഞാന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അത് കൂടുതല്‍ ആളുകള്‍ക്കുവേണ്ടിയായപ്പോള്‍ എന്റെ സമയത്തിന് കൂടുതല്‍ മൂല്യമുണ്ടായി. ഒരു മിനിറ്റുപോലും വെറുതെ കളയുന്നത് ഇഷ്ടമല്ലാതായി. ഇപ്പോള്‍ എന്റെ ഭക്ഷണം, ഉറക്കം എല്ലാം കുറഞ്ഞുവരികയാണ്. ജീവിതവരുമാനമെന്ന നിലക്ക് നഴ്സിംഗ് ജോലി അതിന്റെ സമയത്ത് ഉത്തരവാദിത്തത്തോടെ ചെയ്യുന്നു. അതിനു മുമ്പ്, ശേഷം എന്ന് സമയത്തെ വേര്‍തിരിക്കുമ്പോള്‍  രാത്രിയായാലും പകലായാലും ഒന്നും ഗൗനിക്കാറില്ല. വീടണയുന്നത് മിക്കവാറും അര്‍ധരാത്രിയോടെയായിരിക്കും. എന്റെ വീട്ടുകാര്‍ക്ക് അറിയുന്നത് കൊണ്ട്, അല്ലെങ്കില്‍ അവരെന്റെ അതേ തലത്തിലെത്തിയതുകൊണ്ട് എനിക്ക് പ്രയാസമില്ല. എനിക്ക് മുപ്പത്താറ് വയസ്സാണ് പ്രായം. ഉമ്മ, ഉപ്പ, അനിയന്‍ എന്നിവരോടൊപ്പം ഫാറൂഖ് കോളേജിനടുത്ത കാരാട് താമസിക്കുന്നു. രണ്ട് ആണ്‍കുട്ടികളുണ്ട്. എന്റെ കുടുംബം എന്നും എന്നോടൊപ്പമുണ്ട്. അനിയന്‍മാര്‍, അനിയത്തി, ഉമ്മ, ഉപ്പ എല്ലാവരും പിന്തുണക്കുന്നു. കല്യാണസമയത്ത് അവരെനിക്ക് അണിയിച്ചുതന്ന സ്വര്‍ണമെല്ലാം പലപ്പോഴായി പലരുടെയും ആവശ്യങ്ങള്‍ക്കായി കൊടുത്തിട്ടും വഴക്കുണ്ടാവാതിരുന്നത് അതുകൊണ്ടാണ്. എന്റെ മക്കള്‍ക്ക് ഉമ്മാമയാണ് യഥാര്‍ഥത്തില്‍ ഉമ്മ. ഈയടുത്ത് ഒരു കാന്‍സര്‍ രോഗിക്കുവേണ്ടി ഇടതൂര്‍ന്ന് നിന്നിരുന്ന മുടിയത്രയും മുറിച്ചുകളഞ്ഞപ്പോള്‍ ഉമ്മ പരിതപിച്ചത് വാത്സല്യം കൊണ്ടായിരിക്കും.

ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങളും വിഷമങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. തികച്ചും ചവിട്ടിയരക്കപ്പെട്ട ഒരു പുഴുവിന്റെ ജീവിതം പോലെയായിരുന്നു എന്റേത്. ഒരുപാട് തവണ രാത്രിയില്‍ വീട്ടില്‍നിന്നിറങ്ങി ഓടിയിട്ടുണ്ട്. പിഞ്ചു മക്കളുമായി പലപ്പോഴും തേയിലത്തോട്ടത്തില്‍ ഒളിച്ചിരുന്നിട്ടുണ്ട്. പുറത്തേക്കിറങ്ങിക്കഴിഞ്ഞാല്‍ കള്ളുകുടിയന്റെ ഭാര്യയെന്ന പരിഹാസം. അദ്ദേഹം മദ്യപിച്ച്  വന്നാല്‍ നാട്ടിലും വീട്ടിലും പ്രശ്നമുണ്ടാക്കും. നല്ലൊരു കുടുംബത്തില്‍നിന്നുള്ള ഒരാള്‍ എങ്ങനെ ഇത്തരത്തിലായി എന്ന വിഷമം പേറുന്ന വീട്ടുകാര്‍. അനിയത്തിയുടെ വിവാഹം ഞാന്‍ കാരണം മുടങ്ങുമോ എന്ന വേവലാതിയില്‍നിന്നായിരുന്നു ഒരുപാട് സ്ത്രീധനം ചോദിച്ചുവന്ന മാന്യന്മാരെ മാറ്റിനിര്‍ത്തി ഈ ദുശ്ശീലം മാറുമെന്ന പ്രതീക്ഷയില്‍ അദ്ദേഹത്തെ വിവാഹം ചെയ്യേണ്ടിവന്നത്. കല്യാണം കഴിഞ്ഞാല്‍ അതെല്ലാം ശരിയാകും, ഇതൊന്നും ഇല്ലാത്ത ആണുങ്ങളെ കിട്ടാന്‍ പ്രയാസമായിരിക്കും എന്നുള്ള ബാഹ്യ സമ്മര്‍ദവും ഉണ്ടായി. 22-ാം വയസ്സില്‍ വിവാഹം കഴിഞ്ഞു. വയനാട് ചൂരല്‍ മലയിലാണ് ഭര്‍ത്താവിന്റെ വീട്. ടൂവീലര്‍ വര്‍ക്‌ഷോപ്പില്‍ മെക്കാനിക്കാണ് അദ്ദേഹം. വിവാഹശേഷം പല പ്രശ്നങ്ങളുമുണ്ടായപ്പോള്‍ ഇന്നോ നാളെയോ ജീവിതം രക്ഷപ്പെടും എന്ന പ്രതീക്ഷയില്‍ അതിനു വേണ്ടി നന്നായി ശ്രമിച്ചു. മദ്യപാനത്തില്‍നിന്ന് പല രീതിയിലും രക്ഷിച്ചെടുക്കാന്‍ അഞ്ചോ ആറോ തവണ ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനായി അദ്ദേഹത്തിനു വേണ്ടി ഒരുപാട് സമയവും സമ്പാദ്യവും ചെലവഴിച്ചു. സ്വന്തമായി നന്നാവണം എന്ന് ആഗ്രഹമുള്ളതിനാലാണ് ഡീ അഡിക്ഷനുവേണ്ടി എന്നോടൊപ്പം വരുന്നത്. എന്നാല്‍ ഏറിയാല്‍ രണ്ടാഴ്ച, അതുകഴിഞ്ഞാല്‍ ആദ്യത്തെ പോലെത്തെന്നെയാവും. 

ചിലപ്പോള്‍ ഇനി ഞാന്‍ വിട്ടുനിന്നാല്‍ എല്ലാം ശരിയാവുമായിരിക്കും എന്ന ചിന്ത വന്നു. എന്റെ പൊതുപ്രവര്‍ത്തനങ്ങളെല്ലാം നന്നായി ഇഷ്ടപ്പെട്ടിരുന്നു അദ്ദേഹം. ഞാന്‍ അദ്ദേഹത്തിന്റെ കൂടെയുള്ള സമയത്തും ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യുമായിരുന്നു. അന്ന് എന്നെപ്പറ്റി ചന്ദ്രികയിലും മറ്റുപല മാസികകളിലും വാര്‍ത്തകള്‍ വന്നിരുന്നു. ഇതൊക്കെ അദ്ദേഹം ഞാന്‍ കാണാതെ എടുത്ത് സൂക്ഷിച്ചുവെക്കുമായിരുന്നു. അഭിമാനപൂര്‍വം എല്ലാവര്‍ക്കും കാണിച്ചുകൊടുക്കുകയും ചെയ്യും. എങ്കിലും അദ്ദേഹത്തിനൊരു തിരിച്ചുവരവ് ഉണ്ടാകാത്തതിനാല്‍ അദ്ദേഹം അദ്ദേഹത്തിന്റെ വഴിക്ക് അങ്ങനെത്തന്നെ ജീവിച്ചു പോയ്ക്കോട്ടെ എന്ന് ഞാനും തീരുമാനിച്ചു. പലരീതിയിലും ശരിയാക്കാന്‍ ശ്രമിച്ചിട്ടും ശരിയാകാതെ ഒരാള്‍ക്കുവേണ്ടി നശിപ്പിച്ചുകളയേണ്ടതല്ല എന്റെ ജീവിതം എന്നുതോന്നിത്തുടങ്ങി. എന്റെ ആയുസ്സും ആരോഗ്യവും സമയവും മറ്റുള്ളവര്‍ക്കുവേണ്ടി ചെലവഴിക്കാന്‍ തീരുമാനിച്ചു.

ഇത്തരം വിഷമങ്ങള്‍ അനുഭവിച്ച് ജീവിക്കുന്ന ഒരുപാട് സ്ത്രീകളും കുട്ടികളും ഉണ്ട്. സ്വന്തം അനുഭവം മുമ്പിലുള്ളതുകൊണ്ട് അവരുടെയെല്ലാം അവസ്ഥകള്‍ എനിക്ക് നന്നായി മനസ്സിലാക്കാനാകും. അവര്‍ക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു തോന്നി. അവരുടെ ജീവിതത്തിലും വെളിച്ചം വരണം. അവര്‍ക്ക് ധൈര്യം പകരണം. അങ്ങനെ അത്തരം കുടുംബങ്ങളെ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാനിറങ്ങിയതായിരുന്നു എന്റെ തുടക്കം. എന്നാല്‍, സമുഹത്തിലേക്ക് ഇറങ്ങിയപ്പോള്‍  കുറേയധികം പ്രശ്നങ്ങള്‍, ആളുകള്‍ എന്നെത്തേടി വരാന്‍ തുടങ്ങി. ആദ്യമൊക്കെ ചെറിയ തുക കിടപ്പിലായ രോഗികള്‍ക്കു കൊടുക്കുമായിരുന്നു. അഞ്ഞൂറു രൂപ വെച്ച് നാലോ അഞ്ചോ പേര്‍ക്ക്. അത് എല്ലാ മാസവും പെന്‍ഷന്‍ പോലെ എത്തിച്ചുകൊടുക്കും. അക്കാലത്ത് അവര്‍ക്കത് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ അവര്‍ക്കു പിന്നീട് വീല്‍ചെയറോ അത്യാവശ്യം സര്‍ജറികളോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ വന്നുചേരും. എന്തുണ്ടായാലും അവരെല്ലാം എന്നെ വിളിക്കും. എന്തായാലും അതിന്റെ അവസാനത്തില്‍ ഞാന്‍ ചെയ്യേണ്ടത് അവര്‍ക്കുവേണ്ടി അത്യാവശ്യം പണമുണ്ടാക്കുക എന്നതായിരുന്നു. എന്റെ ചെറിയ ശമ്പളത്തില്‍നിന്ന് നിവര്‍ത്തിച്ചുകൊടുക്കാന്‍ കഴിയാവുന്നതിലും അപ്പുറമുളള രോദനങ്ങളായിരിക്കും ഉയരുന്നത്. അങ്ങനെയാണ് സുമനസ്സുകളുടെ സഹായം തേടിത്തുടങ്ങിയത്.

വിഷമമനുഭവിക്കുന്ന കൂടുതല്‍ ആളുകള്‍ക്ക് എന്റെ ഫോണ്‍ നമ്പര്‍ മനപ്പാഠമാവുമ്പോള്‍ എനിക്ക് ഉത്തരവാദിത്തങ്ങളും കൂടിക്കൊണ്ടിരിക്കുന്നു. മാതാവോ പിതാവോ ഇല്ലാത്ത മക്കളുടെ വിവാഹസഹായത്തിനു വേണ്ടി പലരും വിളിക്കാറുണ്ട്. അവര്‍ വല്ലാത്ത ബുദ്ധിമുട്ടിലാണെന്നറിഞ്ഞാല്‍ അതിന്റെ നിജഃസ്ഥിതി നേരിട്ടോ കൂട്ടുകാര്‍ മുഖേനയോ അന്വേഷിച്ച് ഉറപ്പുവരുത്തും. സ്വര്‍ണവും പണവും വിവാഹത്തിനുമുമ്പെ എത്തിച്ചുകൊടുക്കും. ഇങ്ങനെ സഹായം കിട്ടുന്നവര്‍ വിവാഹത്തിന് നിര്‍ബന്ധിച്ച് , സ്നേഹത്തോടെ ക്ഷണിക്കാറുണ്ട്. അതിന് പ്രത്യേകം സമയം മാറ്റിവെക്കാനില്ലാത്തതിനാല്‍ ഇതുവരെ അത്തരത്തിലുളള ഒരു വിവാഹത്തിനുപോലും ഞാന്‍ പങ്കെടുത്തിട്ടില്ല. അവരുടെ ഊരോ പേരോ ഒന്നും പിന്നീട് ഓര്‍ത്തുവെക്കാറുമില്ല. വീട് പണികഴിഞ്ഞ് അതിലേക്ക് ആദ്യമായി കാലെടുത്തുവെക്കേണ്ടത് നര്‍ഗീസായിരിക്കണമെന്ന് ചിലര്‍ വാശിപിടിക്കാറുണ്ട്. വീടില്ലാത്ത ഒരാള്‍ക്ക് മേല്‍ക്കൂരയാവുന്നതോടെ കഴിയുന്നു എന്റെ ഉത്തരവാദിത്തം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top