കള്ളിമുള്‍ക്കാട്ടിലെ ശലഭച്ചിറകുകള്‍-4

നൂറുദ്ദീന്‍ ചേന്നര No image

      ഖ്‌വാന്‍ നേതൃത്വത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഏതാണ്ടെല്ലാവരും ഇപ്പോള്‍ ജയിലിനകത്താണ്. ജമാല്‍ അബ്ദുന്നാസിറിന്റെ ഉരുക്കുമുഷ്ടികളെ ഭയന്ന് അവരാരും ഒളിച്ചോടിയില്ല. ആദര്‍ശവഴിയില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടു പോയതുമില്ല. സാധാരണക്കാരായ പ്രവര്‍ത്തകരെപ്പോലെ അവരും കാരാഗൃഹങ്ങളില്‍ കഠിനപീഡനങ്ങളനുഭവിക്കുകയായിരുന്നു. അവരുടെ സന്തതികളും ഉറ്റബന്ധുക്കളും അതേ തടവറയുടെ മറ്റേതോ കോണില്‍ അതുപോലെ മര്‍ദ്ദനങ്ങളേറ്റുവാങ്ങുന്നുണ്ടായിരുന്നു. ശഹീദ് ഹസനുല്‍ബന്നയുടെ പ്രിയമകന്‍ സൈഫുല്‍ബന്നയെ തടവറയില്‍ പീഡനങ്ങളേറ്റനിലയില്‍ കാണേണ്ടിവന്നത് സൈനബുല്‍ ഗസ്സാലി ഓര്‍ത്തു. അവന്റെ ഹൃദ്രോഗിയായ ഉമ്മയെ ഓര്‍ത്തു. അഭിവന്ദ്യനേതാവ് ഹസനുല്‍ ഹുദൈബിയെയും അദ്ദേഹത്തിന്റെ പെണ്‍മക്കളായ ഖാലിദയെയും അലിയ്യയെയുമോര്‍ത്തു. മുസ്‌ലിം വനിതാ നേതൃനിരയിലുണ്ടായിരുന്ന അമല്‍ അശ്മാവിയെ ഓര്‍ത്തു. സയ്യിദ് ഖുതുബിനെയും അദ്ദേഹത്തിന്റെ സഹോദരിമാരെയും ഓര്‍ത്തു. ആദര്‍ശനിഷ്ഠരായ മുസ്‌ലിം സ്ത്രീകളെ അബ്ദുന്നാസിറിന്റെ ഭരണകൂടം എത്രമാത്രം ഭയപ്പെടുന്നുവെന്ന് അവര്‍ ആശ്ചര്യപ്പെട്ടു.
''എന്താണുമ്മാ, ആലോചിക്കുന്നത്?'' ഹമീദാ ഖുതുബിന്റെ മധുരമാര്‍ന്ന ശബ്ദം സൈനബുല്‍ ഗസ്സാലിയുടെ കാതുകളിലെത്തി. അവര്‍ ഓര്‍മകളില്‍നിന്ന് താഴേക്കിറങ്ങി.
'' ഇഖ്‌വാനികളായ സഹോദരിമാരെ അറസ്റ്റുചെയ്ത് പീഡിപ്പിക്കുന്ന ഭരണകൂടത്തിന്റെ ഭീരുത്വം ആലോചിച്ചുപോയതാണ്.'' സൈനബുല്‍ ഗസ്സാലി മറുപടി പറഞ്ഞു.
'' ഇഖ്‌വാനികള്‍ക്ക് മാത്രമല്ലല്ലോ ഈ അവസ്ഥ. നമസ്‌കരിക്കുകയും നോമ്പുനോല്‍ക്കുകയും ചെയ്താല്‍തന്നെ തടവറയില്‍ കിടക്കാമെന്നായിരിക്കുന്നല്ലോ.'' ഹമീദയുടെ വാക്കുകളില്‍ പരിഹാസം നിഴലിച്ചിരുന്നു.
''നീ പറഞ്ഞ ഇതേ വാക്കുകള്‍ത്തന്നെയാണ് മുമ്പൊരിക്കല്‍ അലിയ്യയും എന്നോട് പറഞ്ഞത്. ഇഖ്‌വാനോട് ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരെയെല്ലാം ഇങ്ങനെ പിടികൂടിയാല്‍ എന്താവും സ്ഥിതിയെന്ന് ഞാനവളോട് ചോദിച്ചപ്പോഴായിരുന്നു അത്. ''
''അലിയ്യാ ഹുദൈബിയെ നിങ്ങള്‍ കണ്ടിരുന്നോ?'' ഹമീദാ ഖുതുബ് അത് ചോദിക്കുമ്പോള്‍ അവളുടെ കണ്ണുകളുടെ ഒരു തിളക്കം!
'' കുറച്ചുകാലം ഞങ്ങളൊന്നിച്ചുണ്ടായിരുന്നു. അലിയ്യയോടൊപ്പം ഗാദാ അമ്മാറുമുണ്ടായിരുന്നു. അവരെ എന്റെ മുറിയിലാക്കിയ ആ നിമിഷം എനിക്കിപ്പോഴുമോര്‍മ്മയുണ്ട്. അവരെ അകത്താക്കി വാതിലടച്ച് കാവല്‍ക്കാര്‍ പോയി. അലിയ്യ എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു. എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു. അവളെന്റെ ചുമലിലും പുറത്തും സ്‌നേഹവും സന്തോഷവും സങ്കടവുമെല്ലാം ചേര്‍ന്ന വികാരാധിക്യത്താല്‍ ശക്തിയായി ഞെരിച്ചു. മര്‍ദ്ദനങ്ങളുടെ മുറിപ്പാടുകളുള്ള എന്റെ ശരീരം അപ്പോള്‍ നൊന്തില്ല. ''എന്റെ സൈനബുല്‍ ഗസ്സാലിയല്ലേ നിങ്ങള്‍? ശരിക്കും സൈനബ് തന്നെയല്ലേ നിങ്ങള്‍?''
്യൂ്യൂസൈനബുല്‍ ഗസ്സാലി നോക്കുമ്പോള്‍ ഗാദയുടെ കണ്ണുകളും നിറഞ്ഞുതുളുമ്പുകയാണ്. സൈനബ് അലിയ്യയുടെ മുഖത്തേക്ക് വീണ്ടും നോക്കി. സൈനബുല്‍ ഗസ്സാലിയെ ഈ നിലയില്‍ കണ്ടതിന്റെ അമ്പരപ്പായിരുന്നു അപ്പോഴും ആ മുഖത്ത്. 'നിനക്കെന്നെ മനസ്സിലാവുന്നില്ലേ'യെന്ന് സൈനബ് അവളോട് ചോദിച്ചു. ''ഇല്ല, സൈനബ്. നിങ്ങളാകെ മാറിപ്പോയിരിക്കുന്നു. നിങ്ങളുടെ മുഖത്തെ സ്ത്രീത്വം ഇല്ലാതായിരിക്കുന്നു. നിങ്ങളുടെ സഹോദരന്‍ സഅ്ദുദ്ദീനെപ്പോലെയുണ്ട് ഇപ്പോള്‍ നിങ്ങള്‍.''
ഹമീദ അപ്പോള്‍ ഓര്‍ത്തത് സൈനബുല്‍ ഗസ്സാലിയുടെ ശരീരത്തിലെ മുറിപ്പാടുകളാണ്. അതെല്ലാം കണ്ടപ്പോള്‍ തീര്‍ച്ചായും നല്ല വിഷമമുണ്ടായിട്ടുണ്ടാവണം അവര്‍ക്ക്. ഹമീദ് അതേപ്പറ്റി സൈനബുല്‍ ഗസ്സാലിയോട് ചോദിച്ചു. അവര്‍ പറഞ്ഞു.
''ജയില്‍ശിക്ഷയുടെ കാഠിന്യത്തെക്കുറിച്ച് അവര്‍ക്കത്ര അറിവുണ്ടായിരുന്നില്ല. അല്‍പനേരം കഴിഞ്ഞ് ഞങ്ങള്‍ നിലത്തിരുന്നു. ആശ്വാസത്തിനായി ഞാന്‍ കാലല്‍പം നീട്ടിവെച്ചു. അപ്പോഴാണ് അവര്‍ അത് കണ്ടത്; കിരാതമര്‍ദ്ദനങ്ങളുടെ അടയാളങ്ങളില്‍ ചിലത്. ചാട്ടവാറുകള്‍ പുളഞ്ഞ, ഇനിയും കരിഞ്ഞിട്ടില്ലാത്ത മുറിപ്പാടുകള്‍. അലിയ്യ അല്‍ഭുതത്തോടെ അതെന്താണെന്ന് അന്വേഷിച്ചു. ഞാന്‍ മറുപടി പറയുന്നതുവരെയും അത് ജയില്‍ശിക്ഷമൂലമാണെന്ന് അവള്‍ക്കു മനസ്സിലാക്കാനായില്ല. ഞാനവര്‍ക്ക് വിശുദ്ധ വചനങ്ങള്‍ ഓതിക്കൊടുത്തു: ''സ്തുത്യര്‍ഹവും പ്രതാപിയും ആകാശഭൂമികളുടെ അധിപതിയുമായ അല്ലാഹുവില്‍ വിശ്വസിച്ചുവെന്നതല്ലാതെ അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ല.'' ഗാദ അതു കേട്ട് കരഞ്ഞുകൊണ്ടിരുന്നു.
അലിയ്യ ഇപ്പോഴും അമ്പരപ്പിലാണ്. ആ അമ്പരപ്പില്‍ സങ്കടവും അമര്‍ഷവും കലര്‍ത്തി അവളിങ്ങനെ പറഞ്ഞു. '' സ്ത്രീകളോട് ഇങ്ങനെയൊക്കെ ചെയ്യാമോ?''

''അലിയ്യ പാവമാണ്. അവളെപ്പോലെ എത്ര സ്ത്രീകള്‍ ഇപ്രകാരം ഒരിക്കലും വിചാരിച്ചിട്ടേയില്ലാത്ത അനുഭവങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു'' സൈനബുല്‍ ഗസ്സാലി അങ്ങനെ പറഞ്ഞെങ്കിലും ഹമീദ അതു ശ്രദ്ധിച്ചില്ല. ഹമീദ അപ്പോള്‍ ഓര്‍ത്തത് തന്നെത്തന്നെയായിരുന്നു. താനും ഇതുപോലെ ചിന്തിച്ചിരുന്നല്ലോ. ഈ തടവറയിലെ ആദ്യദിനങ്ങളില്‍.

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top