അംഗന്‍വാടി<br> മുറ്റത്തെ അഭയസ്ഥാനം

അഷ്‌റഫ് കാവില്‍ No image

        ''കുട്ടികള്‍ ജീവിതത്തിന്റെ പൂക്കളാണ്. അവരെ സ്‌നേഹിക്കുന്നവര്‍ രാജ്യത്തെ സ്‌നേഹിക്കുന്നു.'' കുട്ടികളെയും പൂക്കളെയും സ്‌നേഹിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതാണ് ഈ വാക്കുകള്‍.
കുഞ്ഞുങ്ങളാകുന്ന പുഷ്പങ്ങള്‍ സൗരഭ്യം പരത്തുന്ന ആരാമങ്ങളാണ് അംഗന്‍ വാടികള്‍. കളിച്ചും കഥപറഞ്ഞും ചിരിച്ചും ചിത്രം വരച്ചും, പാട്ടുപാടിയും കൂട്ടുകൂടിയും അവര്‍ ഈ ഉദ്യാനത്തില്‍ വളരുന്നു. ഒപ്പം, അംഗന്‍വാടിയിലെ പോഷക സമൃദ്ധമായ ആഹാരം കഴിക്കുക വഴി അവരുടെ ആരോഗ്യവും മെച്ചപ്പെടുന്നു. അങ്ങനെ, കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികസനത്തിന് അംഗന്‍വാടികള്‍ അടിത്തറ പാകുന്നു.
കുട്ടികളുടെ മാത്രമല്ല, സ്ത്രീകളുടെയും കൗമാരക്കാരായ പെണ്‍കുട്ടികളുടെയും സമഗ്രവികസനം സാധ്യമാകുന്ന കേന്ദ്രങ്ങളാണ് ഇന്ന് അംഗന്‍വാടികള്‍. ഐ.സി.ഡി.എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് സര്‍വീസ് അല്ലെങ്കില്‍ സംയോജിത ശിശുവികസന സേവന പദ്ധതിപ്രകാരം, സാമൂഹ്യ നീതി വകുപ്പിന് കീഴിലാണ് നമ്മുടെ സംസ്ഥാനത്ത് അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 106-ാം ജന്മദിനത്തില്‍ 1975 ഒക്ടോബര്‍ 2-നാണ് ഇന്ത്യയില്‍ ഈ ദേശീയ പദ്ധതി ആരംഭിച്ചത്. വനിതാ ശിശു ക്ഷേമ മേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്രാമ വ്യാപന പരിപാടിയായ ഐ.സി.ഡി.എസ് കേരളത്തില്‍ ആദ്യമായി ആരംഭിച്ചത് മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിലാണ്.
മാതൃശിശു വികസനത്തിലൂടെ രാഷ്ട്രത്തിന്റെ സാമൂഹിക പുരോഗതി സാധ്യമാകുന്ന ഐ.സി.എസ് പദ്ധതിക്ക് സുപ്രധാനമായ അഞ്ച് ലക്ഷ്യങ്ങളാണുള്ളത്.
1. ആറു വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ആരോഗ്യ പോഷണ നിലവാരം മെച്ചപ്പെടുത്തുക.
2. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസത്തിന് അടിത്തറ പാകുക.
3. ശിശു മരണം, രോഗാതുരത, പോഷണക്കുറവ്, സ്‌കൂളില്‍ നിന്നള്ള കൊഴിഞ്ഞുപോക്ക് എന്നിവ കുറക്കുക.
4. ശിശു വികാസത്തിന് അനുയോജ്യമായ വിധത്തില്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ നയരൂപീകരണത്തിലും നടത്തിപ്പിലും ഏകോപനം വരുത്തുക.
5. ശിശുക്കളുടെ ശരിയായ ആരോഗ്യവും
പോഷണാവശ്യകതയും ശ്രദ്ധിക്കാന്‍ തക്കവിധത്തില്‍ അമ്മമാരുടെ കഴിവ് വര്‍ധിപ്പിക്കുക.
ആറ് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പതിനഞ്ചിനും നാല്‍പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍, കൗമാരപ്രായ പെണ്‍കുട്ടികള്‍ എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഇവര്‍ക്ക് നിരവധി സേവനങ്ങളാണ് അംഗന്‍വാടികള്‍ വഴി ലഭിക്കുന്നത്.


പ്രീപ്രൈമറി വിദ്യാഭ്യാസം
        ഏതൊരാളുടെയും ജീവിതത്തിലെ നിര്‍ണ്ണായക കാലഘട്ടമാണ് ശൈശവം. സ്വഭാവരൂപീകരണത്തിനും സമഗ്രവികസനത്തിനും പ്രയോജനപ്പെടുന്ന പ്രീപ്രൈമറി വിദ്യാഭ്യാസം ശൈശവകാലത്ത് ലഭിക്കേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി, അംഗന്‍വാടികളില്‍ ചേര്‍ക്കുന്ന മൂന്ന് മുതല്‍ ആറു വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് അനൗപചാരിക പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കിവരുന്നു. കളികള്‍ക്ക് പ്രാധാന്യം നല്‍കി, വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ലഭിക്കേണ്ട അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠ്യപദ്ധതിയാണ് അംഗന്‍വാടികളില്‍ നടപ്പാക്കുന്നത്. പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി വിദഗ്ദര്‍ തയ്യാറാക്കിയ 'മഴവില്ല്' എന്ന പേരിലുള്ള പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലുള്ള പ്രീപ്രൈമറി വിദ്യാഭ്യാസമാണ് അംഗന്‍വാടികളില്‍ കുട്ടികള്‍ക്ക് നല്‍കുന്നത്.
ശാരീരിക ചാലക വികാസം, ബൗദ്ധിക വികാസം, ഭാഷാ വികാസം, സാമൂഹിക- വൈകാരിക വികാസം, സര്‍ഗാത്മകതയുടെയും ശാസ്ത്രബോധത്തിന്റെയും വികാസം തുടങ്ങിയ ശേഷികളാണ് അംഗന്‍വാടികളില്‍ പഠിക്കുന്നത് വഴി കുട്ടികളില്‍ വളരുന്നത്. ഈ ശേഷികള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനായി രൂപകല്‍പന ചെയ്ത പഠനോപകരണങ്ങളും, ചാര്‍ട്ടുകളും, കളിക്കോപ്പുകളും മറ്റുമടങ്ങിയ പ്രീ സ്‌കൂള്‍ കിറ്റുകള്‍ ഓരോ അംഗന്‍വാടിയിലുമുണ്ട്. ശിശു വിദ്യാഭ്യാസത്തിലും മനഃശാസ്ത്രത്തിലും പരിശീലനം ലഭിച്ച വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമാണ് അംഗന്‍വാടി പ്രവര്‍ത്തകരായി സേവനമനുഷ്ഠിക്കുന്നത്. വിദഗ്ദര്‍ തയ്യാറാക്കുന്ന പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തില്‍, സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ട്രെയിനിംഗ് സ്ഥാപനങ്ങളിലാണ് അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിവരുന്നത്. മുന്‍കാലത്തെ അപേക്ഷിച്ച്, സ്‌കൂളുകളില്‍ ഒന്നാംക്ലാസില്‍ ചേരുന്ന കുട്ടികള്‍ സ്‌കൂള്‍ അന്തരീക്ഷമായും ക്ലാസ്മുറിയുമായും ഇന്ന് എളുപ്പത്തില്‍ പൊരുത്തപ്പെടുന്നതിന് കാരണം, അംഗന്‍വാടികളിലെ പ്രീപ്രൈമറി വിദ്യാഭ്യാസമാണ്.

പോഷകാഹാരം
        കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വീടുകളില്‍ ലഭിക്കുന്ന ആഹാരത്തിലെ പോഷണക്കുറവ് പരിഹരിക്കുന്നതിന്, അംഗന്‍വാടികള്‍ വഴി അനുപൂരക പോഷകാഹാര പരിപാടി നടപ്പിലാക്കി വരുന്നു. ആറുവയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ ശരിയായ വളര്‍ച്ചക്ക്, 500 കിലോ കലോറി ഊര്‍ജ്ജവും 12 ഗ്രാമിനും 15 ഗ്രാമിനുമിടയില്‍ പ്രോട്ടീനും അടങ്ങിയ ഭക്ഷണം ദിവസവും നല്‍കേണ്ടതുണ്ട്. ആറ് മാസം മുതല്‍ ആറുവയസ്സുവരെ ഗുരുതരമായ പോഷണക്കുറവുള്ള കുട്ടികള്‍ക്ക് 800 കിലോ കലോറി ഊര്‍ജ്ജവും 20 മുതല്‍ 25 ഗ്രാം വരെ പ്രോട്ടീനും അടങ്ങിയ പോഷകാഹാരം നല്‍കണം. ഈ അളവില്‍ പോഷകമുള്ള ആഹാരമാണ് അംഗന്‍വാടി വഴി കുട്ടികള്‍ക്ക് നല്‍കുന്നത്. കുട്ടികളെ കൂടാതെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അംഗന്‍വാടികള്‍ വഴി 600 കിലോ കലോറി ഊര്‍ജ്ജവും 18-നും 20 ഗ്രാമിനുമിടയില്‍ മാംസവും ലഭിക്കുന്ന പോഷകാഹാരം നല്‍കുന്നുണ്ട്.
മൂന്നു വയസ്സുള്ള കുട്ടികള്‍ക്ക് കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മിക്കുന്ന പോഷക സമൃദ്ധമായ 'ന്യൂട്രിമിക്‌സ്' ഭക്ഷ്യമിശ്രിതം വീടുകളിലേക്ക് കൊടുത്തുവിടുന്നുണ്ട്. അംഗന്‍വാടിയിലെത്തുന്ന പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിംഗ് എന്നിങ്ങനെ മൂന്നുതരം പോഷകാഹാരം നല്‍കുന്നു. അംഗന്‍വാടികളിലെ പോഷകാഹാര വിതരണച്ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായതിനാല്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി മെച്ചപ്പെട്ട ആഹാരം ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന് ഇന്ന് കഴിയുന്നുണ്ട്.

ആരോഗ്യ സേവനങ്ങള്‍
         ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ പോഷണ വിദ്യാഭ്യാസം, റഫറല്‍ സര്‍വീസ്, രോഗ പ്രതിരോധ കുത്തിവെപ്പുകള്‍, പ്രാഥമിക ആരോഗ്യ പരിരക്ഷ എന്നിവയാണ് അംഗന്‍വാടികള്‍ വഴി നല്‍കുന്ന മറ്റ് പ്രധാന സേവനങ്ങള്‍. ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്, ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, ടൈഫോയ്ഡ്, ടി.ബി, അഞ്ചാംപനി തുടങ്ങിയ മാരക രോഗങ്ങള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ അംഗന്‍വാടി വഴി സ്വീകരിക്കുന്നു. ഒരു വയസ്സ് തികയാത്ത കുട്ടികള്‍ക്ക് ബി.സി.ജി, ഡി.പി.റ്റി, പോളിയോ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ
നല്‍കുന്നു. ആരോഗ്യം, പോഷണം, ശുചിത്വം, രോഗപ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ അംഗന്‍വാടികളില്‍ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ നല്‍കുന്നതിനായുള്ള മരുന്നുകള്‍ ഉള്‍പ്പെടുത്തിയ മെഡിസിന്‍ കിറ്റുകള്‍ ഓരോ അംഗന്‍വാടിയിലും സൂക്ഷിക്കുന്നുണ്ട്. പ്രാഥമിക ആരോഗ്യ കോന്ദ്രത്തിലെ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം കുട്ടികള്‍ക്ക് മരുന്ന് മല്‍കുന്ന കാര്യത്തില്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുണ്ട്.

കൗമാര ശാക്തീകരണം
        കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ സാമൂഹിക ശാക്തീകരണവും, അവരുടെ ആരോഗ്യ പോഷണ നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട്, സംസ്ഥാനത്തെ തെരഞ്ഞെടുത്ത അംഗന്‍വാടികളില്‍, 'സബല' 'കിഷേരി ശക്തിയോജന' (കെ.എസ്.വൈ) എന്നീ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഈ പദ്ധതികള്‍ പ്രകാരം, പോഷകാഹാരം, ഇരുമ്പ് സത്ത് ഗുളികകള്‍, ആരോഗ്യ പരിശോധന, കൗണ്‍സലിംഗ്, ജീവിത നൈപുണി വിദ്യാഭ്യാസം, തൊഴിലിധഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങള്‍ അംഗന്‍വാടികള്‍ വഴി കുമാരിമാര്‍ക്ക് ലഭിക്കുന്നു. ഓരോ അംഗന്‍വാടി തലത്തിലും കുമാരിമാരുടെ ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൗമാര പ്രായക്കാരയ പെണ്‍കുട്ടികളുടെ കൂടിച്ചേരലുകള്‍ക്ക് ഈ 'അഡോളസന്റ് ക്ലബ്ബുകള്‍' വഴിയൊരുക്കുന്നു.
ബോധവല്‍ക്കരണ പരിപാടികള്‍, കലാ- കായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പൊതുജന പങ്കാളിത്തത്തോടു കൂടിയ നിരവധി പരിപാടികള്‍ ഈ ക്ലബ്ബുകള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നു. നേതൃഗുണവും വ്യക്തിത്വവും വികസിപ്പിച്ച് കര്‍മോത്സുകരും, സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തമ പൗരന്മാരാക്കുന്നതില്‍ 'കുമാരി സമിതികള്‍' പ്രധാന പങ്കുവഹിക്കുന്നു. അംഗന്‍വാടികളില്‍ ഓരോ മാസവും ചേരുന്ന അമ്മമാരുടെ യോഗങ്ങ(മദേഴ്‌സ് മീറ്റിംഗ്)ളില്‍ ആരോഗ്യ പ്രവര്‍ത്തകരും മറ്റ് വിദഗ്ദരും പങ്കെടുക്കുകയും ക്ലാസുകള്‍ നയിക്കുകയും ചെയ്യുന്നു.

മറ്റ് സേവനങ്ങള്‍
        സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ നടപ്പിലാക്കുന്ന ആശ്വാസ കിരണം, സ്‌നേഹപൂര്‍വം തുടങ്ങിയ പദ്ധതികളുടെ അപേക്ഷകള്‍ അംഗന്‍വാടികള്‍ വഴി ഇന്ന് ലഭിക്കും. കൃത്യമായ ഇടവേളകളില്‍, കുട്ടികളുടെ തൂക്കമെടുത്ത്, തൂക്കം അടയാളപ്പെടുത്തുന്ന 'ഗ്രോത്ത് ചാര്‍ട്ടുകള്‍' അംഗന്‍വാടികളില്‍ സൂക്ഷിക്കുന്നുï്. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള തൂക്കം രേഖപ്പെടുത്തുന്ന ഈ ഗ്രാഫ് കുട്ടികളുടെ പോഷണ നിലവാരം മനസ്സിലാക്കുന്നതിനും അതനുസരിച്ച് പോഷകാഹാരം നല്‍കുന്നതിനും സഹായിക്കുന്നു.
അംഗന്‍വാടികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും അംഗന്‍വാടി തലത്തില്‍ 'വെല്‍ഫെയര്‍ കമ്മറ്റികള്‍' പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമങ്ങളില്‍, ഗ്രാമപഞ്ചായത്ത് മെമ്പറും നഗര പ്രദേശങ്ങളില്‍ വാര്‍ഡ് കൗണ്‍സിലറുമാണ് ഈ കമ്മറ്റിയുടെ മെമ്പര്‍മാര്‍. അംഗന്‍വാടി വര്‍ക്കറാണ് സമിതിയുടെ കണ്‍വീനര്‍. വെല്‍ഫെയര്‍ കമ്മറ്റി അംഗങ്ങള്‍ക്കും, കുട്ടികള്‍ക്കും മറ്റും വിനോദയാത്രകളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കാന്‍ ഈ സമിതികള്‍ ശ്രദ്ധിക്കാറുണ്ട്. സ്വാതന്ത്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി, ശിശുദിനം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതും വെല്‍ഫയര്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ്.
ഊര്‍ജസ്വലതയോടെ ജോലിചെയ്യുന്ന അംഗന്‍വാടി പ്രവര്‍ത്തകരാണ് ഐ.സി.ഡി.എസ് പദ്ധതിയുടെ ജീവനാഡികള്‍. അംഗന്‍വാടികളുടെ പ്രവര്‍ത്തന വിജയം ഈ പങ്കാളിത്തത്തിലാണ്. പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തിയുള്ള അംഗന്‍വാടിയുടെ പ്രവര്‍ത്തനവിജയം, അംഗന്‍വാടി ജീവനക്കാരായ വര്‍ക്കറുടെയും ഹെല്‍പ്പറുടെയും ആത്മാര്‍ഥമായ ചുമതലാ ബോധത്തെയും സേവന മനോഭാവത്തെയും ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ, മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഓരോ വര്‍ഷവും അവാര്‍ഡുകള്‍ നല്‍കിവരുന്നു.
അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി, അംഗന്‍വാടികളുമായി ബന്ധപ്പെട്ട ചില ചുമതലകള്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് കൈമാറിയതോടെ, അംഗനവാടികളുടെ ഭൗതികസാഹചര്യവും ഗുണമേ•യും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. എങ്കിലും സ്വന്തമായ കെട്ടിടം, കുടിവെള്ള സൗകര്യം, വൈദ്യുതി, കളിസ്ഥലം പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന അംഗനവാടികള്‍ നമ്മുടെ നാട്ടിലുണ്ട്. സര്‍ക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അംഗനവാടി വെല്‍ഫയര്‍ കമ്മറ്റിയും പൊതുജനങ്ങളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ പരിഹരിക്കാവുന്നതാണ് ഈ പ്രശ്‌നം.
സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളുടെ ജീവിതത്തില്‍ പുരോഗമനപരമായ മാറ്റം വരുത്താന്‍ അംഗന്‍വാടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെയും സ്ത്രീകളുടെയും ശാരീരികവും മാനസികവും സാമൂഹികവുമായ ഉന്നമനത്തിനും ശാക്തീകരണത്തിനുമുള്ള വികസന കേന്ദ്രങ്ങളായി അംഗന്‍വാടികള്‍ മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ, ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ മാറ്റത്തിന്റെ മാറ്റൊലികള്‍ സൃഷ്ടിക്കുകയാണ് ഇന്ന് അംഗന്‍വാടികള്‍.

സംതൃപ്തിയുടെ നിറവില്‍
        വഴിക്കടവ് പഞ്ചായത്തിലെ പൂവത്തിപ്പൊയില്‍ അംഗനവാടിയില്‍ ഇരുപത് വര്‍ഷമായി സേവനം നടത്തുകയാണ് നാല്‍പത്തിയേഴുകാരിയായ ആമിനടീച്ചര്‍. സ്ഥാപിച്ച നാള്‍ മുതല്‍ നാല്‍പതിനും അറുപതിനും ഇടയില്‍ എണ്ണം കുട്ടികള്‍ പഠിക്കാനും കളിക്കാനും എത്തുന്നുണ്ട് ഇവരുടെ സ്ഥാപനത്തില്‍.
90 കുട്ടികളടങ്ങുന്ന രണ്ട് കുമാരി ക്ലബ്ബുകള്‍ ഇവിടെയുണ്ട്. ഇതിന്റെ കീഴില്‍ പോഷകാഹാര വിതരണം, ബോധവല്‍ക്കരണ ക്ലാസ്സ്, ക്വിസ്സ് പ്രോഗ്രാം, കലാകായിക മത്സരങ്ങള്‍, പൊതുവേദിയില്‍ ആത്മവിശ്വാസത്തോടെ പ്രതികരിക്കാനുള്ള പരിശീലനങ്ങള്‍, മാനസിക ശാരീരിക വളര്‍ച്ചക്ക് സഹായകമാകുന്ന നിര്‍ദേശങ്ങള്‍, വെക്കേഷന്‍ ക്ലാസ്സുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പലതും നടക്കുന്നുണ്ട്. പൂവത്തിപ്പൊയിലിലെ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ കുമാരിക്ലബ്ബിന് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഏറെ സന്തോഷത്തോടെയാണ് ആമിനടീച്ചര്‍ കാണുന്നത്. അംഗനവാടി പരിധിയിലുള്ള ഗര്‍ഭിണികള്‍ക്ക് പോഷകാഹാര ലഭ്യതയും പ്രതിരോധ കുത്തിവെപ്പുകളുമെല്ലാം അതാത് സമയങ്ങളില്‍തന്നെ ലഭ്യമാക്കുന്നുണ്ട്.
രജിസ്റ്ററുകളെല്ലാം കൃത്യമായി പൂര്‍ത്തീകരിക്കുന്നത് കാരണം പരിശോധനക്കായി വരുന്ന ഉദ്യോഗസ്ഥരൊന്നും തന്നെ ഇതുവരെ മോശമായി ഒരഭിപ്രായവും പൂവത്തിപ്പൊയില്‍ അംഗനവാടിയെക്കുറിച്ച് എഴുതിയിട്ടില്ലത്രെ. പ്രത്യേക ദിനങ്ങളോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങള്‍ അമ്മമാരും കുട്ടികളും വെല്‍ഫയര്‍ കമ്മറ്റിയും പരിസരവാസികളുമെല്ലാം ചേര്‍ന്ന് നാടിന്റെ ഉത്സവമാക്കി മാറ്റുന്ന പതിവാണിവിടെ.
നല്ലരീതിയില്‍ ഈ വാടിയില്‍ പുഷ്പങ്ങള്‍ വിരിയിക്കാന്‍ ആമിനടീച്ചര്‍ക്ക് കുടുംബത്തിന്റെ മുഴുവന്‍ സപ്പോര്‍ട്ടുണ്ട്. കൂലിപ്പണി ചെയ്യുന്ന ഭര്‍ത്താവ് അബ്ദുന്നാസറും മക്കളായ സജ്‌ന, സബ്‌ന, ഷഫീഖ് എന്നിവരുമടങ്ങുന്നതാണ് ഇവരുടെ കുടുംബം.

വി.പി ഖദീജക്കുട്ടി
        കോഴിക്കോട് ജില്ലയില്‍നിന്ന് ഈ വര്‍ഷത്തെ മികച്ച അംഗനവാടി വര്‍ക്കര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച രാമനാട്ടുകര പഞ്ചായത്തിലെ താഴത്തൊടി ഐശ്വര്യ അംഗനവാടി ടീച്ചര്‍ ഖദീജക്കുട്ടി.
പതിനാല് വര്‍ഷത്തോളമായി ഈ രംഗത്ത് ഖദീജക്കുട്ടി കാലുറപ്പിച്ചിട്ട്. കോഴിക്കോട് ഐ.സി.ഡി.എസ് റൂറല്‍ പ്രൊജക്ടിന്റെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഐശ്വര്യ അംഗനവാടി. മുറ്റത്തെ അഭയസ്ഥാനം എന്നര്‍ഥംവരുന്ന ഹിന്ദിപദമായ അംഗന്‍വാടി ചെയ്തികൊണ്ടും അര്‍ഥത്തോടൊപ്പം നില്‍ക്കുന്നു എന്ന് തെളിയിക്കുന്നു ഈ സ്ഥാപനം. ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ അധികാരമല്ല വേïത്, കുറച്ച് സഹകരിക്കാന്‍ മനസ്സുള്ള നാട്ടുകാരും പിഞ്ചുമക്കളും രക്ഷിതാക്കളുമടങ്ങുന്ന ഒരു ശക്തിയുടെ പിന്‍ബലം മാത്രം മതിയെന്ന് ഖദീജക്കുട്ടി വിശ്വസിക്കുന്നു.
കിടപ്പിലായ രോഗികളുടെ ശുശ്രൂഷക്കാവശ്യമായ ആശ്വാസകിരണം, കാന്‍സര്‍ രോഗികള്‍ക്കായുള്ള താലോലം, വികലാംഗ സ്‌കോളര്‍ഷിപ്പുകള്‍, പ്രീസ്‌കൂള്‍ ക്ലാസ്സുകള്‍ പോലുള്ള പല സര്‍ക്കാര്‍ പദ്ധതികളും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോവാനാവുന്നുണ്ട്. കൗമാരക്കാരും ശിശുക്കളും ഗര്‍ഭിണികളുമാണ് അംഗനവാടിയുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍. രാമനാട്ടുകരയിലെ അഡോളസെന്റ് ക്ലബ്ബുകളുമായി ചേര്‍ന്ന് വെയ്സ്റ്റ് മാനേജ്‌മെന്റ്, കുട നിര്‍മാണം, ആഭരണ നിര്‍മാണം എന്നിവക്ക് നേതൃത്വം നല്‍കാനും ഖദീജക്കുട്ടിക്കായിട്ടുണ്ട്. കൂടാതെ വിവിധ പ്രായപരിധിയിയിലുള്ളവര്‍ക്ക് പ്രത്യേകമായി ബോധവല്‍ക്കരണ ക്ലാസ്സുകളും നടത്താറുണ്ട്.
ചുറ്റിലും വ്യത്യസ്ത സിലബസ്സുമായി ഉയിരെടുത്ത ഇംഗ്ലീഷ്മീഡിയങ്ങളുടെ പൊല്ലാപ്പൊന്നും ഐശ്വര്യ അംഗനവാടിയെ ബാധിച്ചിട്ടില്ല. 35 പേരില്‍ കുറയാതെ എല്ലാ വര്‍ഷവും പുതിയ കുട്ടികളിവിടെയെത്തുന്നുണ്ട്. ഭക്ഷണാദി കാര്യങ്ങള്‍ക്കായി പഞ്ചായത്ത് വകയിരുത്തിയ ഫണ്ടാണ് ഉപ യോഗിച്ച് വരുന്നത്. വെല്‍ഫെയര്‍ കമ്മറ്റിയുടെ സഹായവും ലഭിക്കുന്നു. സൗജന്യമായി ലഭിച്ച സ്ഥലത്താണ് സ്ഥാപനം നില്‍ക്കുന്നത്.
പ്രൈവറ്റ് നഴ്‌സറിയില്‍ ടീച്ചറായിരുന്ന ഖദീജക്കുട്ടി സ്വാശ്രയസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പാലിയേറ്റീവ് വളണ്ടിയറായി സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മലപ്പുറം ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ സൂപ്രïായ വൈദ്യരങ്ങാടി സ്വദേശി വീരാവുവാണ് ഭര്‍ത്താവ്. ജാബിര്‍, ജസീം, ജൗഹര്‍,ജാസിര്‍ എന്നിവര്‍ മക്കളാണ്.

തയ്യാറാക്കിയത് ബിശാറ മുജീബ്

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top