വടക്കുപടിഞ്ഞാറന്‍ യാത്രാനുഭവം

ഇന്‍സാഫ്.എം (അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി) No image

ക്കഴിഞ്ഞ ഒക്ടോബര്‍ ഇരുപതിനും ഇരുപത്തിമൂന്നിനും ഇടക്ക് ഞങ്ങളൊരു യാത്ര നടത്തി. പഠിക്കുന്ന കാമ്പസായ അലീഗര്‍ മുസ്‌ലിം സര്‍വകലാശാലയില്‍ നിന്നും അവിസ്മരണീയമായ യാത്രയില്‍ ഞങ്ങള്‍ ഏഴുപേര്‍. ഇന്ത്യ-പാക്ക് അതിര്‍ത്തിയായ വാഗാ, അമൃത്‌സറിലെ സിഖ് ക്ഷേത്രം (ഗോള്‍ഡണ്‍ ടംബിള്‍), വിശ്വവിഖ്യാത മതകലാലയം ദാറുല്‍ ഉലൂം ദയൂബന്ദ്, പിന്നെ സഹപാഠിയായ പര്‍വേസ് സാഹിബിന്റെ മുസഫര്‍ നഗറിലെ ഉള്‍ഗ്രാമത്തിലെ വസതി; ഇത്രയുമായിരുന്നു യാത്ര ചെയ്ത സ്ഥലങ്ങള്‍; പിന്നെ ജാലിയന്‍വാലാബാഗും. ബീഹാര്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് അതിര്‍ത്തികളിലൂടെ സഞ്ചരിക്കുന്ന തീവണ്ടികള്‍ക്ക് സാമാന്യം നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. ഞങ്ങളുടെ യാത്രയാകട്ടെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലും. ഓരോ പ്രാവശ്യവും ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ യാത്ര അവസാനത്തെതാണെന്ന് ഉറപ്പിക്കാറുണ്ട്. പക്ഷേ, സാഹചര്യങ്ങള്‍ എല്ലാവരെയും പോലെ പിന്നെയും അവിടെ കൊണ്ടുചെന്നെത്തിക്കുന്നു. അലിഗറില്‍ നിന്നും പന്ത്രണ്ട് മണിക്കൂര്‍ യാത്രയുണ്ട് അമൃത്‌സറിലേക്ക്. രാവിലെ അമൃത്‌സര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്നും ഫ്രഷ് ആയി സിഖ് മത കേന്ദ്രമായ സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക് പോയി. ധാരാളം സിഖ് മത വിശ്വാസികള്‍ തങ്ങളുടെ പാപപരിഹാരത്തിനും പുണ്യത്തിനും വേണ്ടി സ്‌നാനവും പ്രാര്‍ഥനയും ദര്‍ശനവും നിര്‍വഹിക്കുന്നു. ഇടക്ക് വിദേശികളടക്കമുള്ള ടൂറിസ്റ്റുകളും ഇതെല്ലാം കണ്ടുനടക്കുന്നതു കാണാം. മൂന്ന് നേരം സൗജന്യ ഭക്ഷണത്തിനും വിതരണത്തിനും പുണ്യജലം വിതരണം ചെയ്യാനുമുള്ള സൗകര്യം ഇവിടെയുണ്ട്. സിഖ് മതക്കാരുടെ സവിശേഷമായ തലക്കെട്ട് നാം കാണാറില്ലേ. ക്ഷേത്രത്തിനകത്തേക്ക് കയറാന്‍ എല്ലാവരും തലമറക്കല്‍ നിര്‍ബന്ധമാണ്.
ശേഷം സുവര്‍ണ്ണ ക്ഷേത്രത്തിനടുത്തുള്ള ജാലിയന്‍ വാലാബാഗ് മൈതാനത്തേക്കാണ് ഞങ്ങള്‍ പോയത്. സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകളും ചിന്തകളും ഉള്‍ക്കൊള്ളുന്ന മ്യൂസിയം ഇവിടത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്.
ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗായിലെ സൈനികാഭ്യാസമായിരുന്നു അടുത്ത സന്ദര്‍ശന ലക്ഷ്യം. 24 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഞങ്ങള്‍ വാഗാ അതിര്‍ത്തിയിലെത്തിയത്. ഇന്ത്യയുടെയും പാകിസ്താന്റെയും അതിര്‍ത്തി സൈന്യം തമ്പടിച്ചിരിക്കുന്ന വാഗയില്‍ എല്ലാ ദിവസവും പതാക ഉയര്‍ത്തലും താഴ്ത്തലും നടക്കുന്നു. ഇതു കാണാന്‍ രണ്ടു രാജ്യത്തെ പൊതുജനങ്ങള്‍ക്കും സൗകര്യമുണ്ട്. സൈനികാഭ്യാസവും മറ്റും ദേശീയതയുടെ വര്‍ഷകാലമാണ്. ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, ഭാരത് മാതാകീ ജയ് എന്നിവ കൊണ്ടും ഞങ്ങളുടെ ഗ്യാലറി ശബ്ദ മുഖരിതമായി. വിഭജനത്തിന്റെ ദുഃഖകാലത്തേക്കാണ് എന്റെ ഓര്‍മ സഞ്ചരിച്ചത്. വര്‍ഗീയതയുടെ ഹിന്ദു-മുസ്‌ലിം അതിപ്രസരമായിരുന്നല്ലോ ചരിത്രപരമായ ആ മണ്ടത്തരത്തിലേക്ക് നമ്മെ നയിച്ചത്. ലോകത്തെ തന്നെ ഒന്നാം നമ്പര്‍ ശക്തിയാവേണ്ടിയിരുന്ന ഭാരതത്തെ വിഭജിച്ചു തുണ്ടം തുണ്ടമാക്കിയ കൊളോണിയല്‍ താണ്ഡവം. പാകിസ്താനിലെ സാധാരണ ജനങ്ങള്‍ ഇന്ത്യക്കാരെ വെറുക്കുന്നില്ലെന്നാണറിവ്. യുദ്ധകാലത്ത് ഇരുരാജ്യത്തും ദേശീയ ബോധത്തിന്റെ വളര്‍ച്ചയുണ്ടാവും.
പാകിസ്താനിലെയും ഇന്ത്യയിലെയും ജനങ്ങള്‍ മുഖാമുഖം നിന്ന് മുദ്രാവാക്യം വിളിക്കുന്ന നീറുന്ന കാഴ്ചകളാണ് വാഗയില്‍ എനിക്കു കാണാന്‍ സാധിച്ചത്. മനസ്സില്‍ ഒരുപിടി വിഭജനകാലത്തെ നീറ്റുന്ന സ്മരണകള്‍. ജഡങ്ങള്‍ കൊണ്ടുള്ള തീവണ്ടി ഓര്‍മയില്‍ നിന്നും മായുന്നില്ല. ആ ചരിത്രം ഇപ്പോഴും വായിക്കുമ്പോള്‍ ഖിലാഫത്ത് റാഷിദയുടെ വേദനാജനകമായ അന്ത്യകാലം ഓര്‍മവരും. ഒരുപിടി ഓര്‍മകളുമായി റിക്ഷക്കാരന്റെ കൂടെ പഞ്ചാബിലെ പാതയോരത്തുകൂടെ അമൃത്യസറിലേക്കു തിരിച്ചു.
തിരിച്ചു പോവേണ്ടത് ദയൂബന്ദിലേക്കാണ്. രണ്ട് വണ്ടികളിലായി സുബ്ഹിക്കു മുമ്പേ ഞങ്ങള്‍ ദാറുല്‍ ഉലൂം ദയൂബന്ദിലെ ഗസ്റ്റ്ഹൗസില്‍ എത്തി. വിശ്രമത്തിനും പ്രഭാത ഭക്ഷണത്തിനും ശേഷം ദാറുല്‍ ഉലൂം സന്ദര്‍ശിക്കാനിറങ്ങി. അലീഗറിലെ സീനിയറും ദാറുല്‍ ഉലൂം ഖാസിമി ബിരുദധാരിയുമായ പര്‍വേസ് ഖാസിമി ഞങ്ങളോടൊപ്പം ഉണ്ടല്ലോ എന്ന ആത്മവിശ്വാസത്താല്‍ ഞങ്ങളും. ദാറുല്‍ ഉലൂം കവാടത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ സ്ഥാപിച്ച ദാറുല്‍ ഉലൂമിനെക്കുറിച്ച ബോര്‍ഡ് തീര്‍ത്തും വായിച്ചു. തുടര്‍ന്ന് ദാറുല്‍ ഉലൂം ലൈബ്രറിയും അവിടെ സൂക്ഷിച്ച പ്രവാചകന്‍ (സ)യുടെത് എന്ന് വിശ്വസിക്കപ്പെടുന്ന തൂവാല, വിവിധ മസ്ജിദുകള്‍, ഫാക്കല്‍റ്റികള്‍ തുടങ്ങിയവ സന്ദര്‍ശിച്ചു. 1876-ല്‍ സ്ഥാപിച്ച ദാറുല്‍ ഉലൂം സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്ത സ്ഥാപനമാണ്. അവിടുത്തെ ലൈബ്രറി കാലപ്പഴക്കം കൊണ്ടും പൗരാണിക ഗ്രന്ഥങ്ങളുടെ ശേഖരണങ്ങള്‍കൊണ്ടും പ്രസിദ്ധമാണ്.
 ഉച്ചക്ക് ശേഷം ഞങ്ങള്‍ ആതിഥേയന്‍ പര്‍വേസ് ഭായിയുടെ മുസഫര്‍ നഗറിലെ ഒരു ഗ്രാമത്തിലുള്ള വസതിയിലേക്കാണ് പോയത്. ആതിഥേയത്വം ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഒന്ന് വേറെ തന്നെയാണ്. ഞങ്ങള്‍ക്കുവേണ്ടി കട്ടിലുകള്‍ നിര്‍മിച്ചു. ഭക്ഷണം രുചികരവും വ്യത്യസ്തമായതും. രാത്രി കരിമ്പിന്‍തോട്ടത്തിലെ ശര്‍ക്കര ഫാക്ടറി സന്ദര്‍ശിക്കാനവസരം ലഭിച്ചു.
രാവിലത്തെ ഭക്ഷണത്തിനുശേഷം പാട്ടുസദ്യ ഉണ്ടായിരുന്നു. തുടര്‍ന്ന് ഉത്തര്‍പ്രദേശിന്റെ ഉള്‍ഗ്രാമത്തില്‍ നിന്നും അലിഗറിലേക്ക് വണ്ടി കയറി. പരിഷ്‌കാരം ഒട്ടുമില്ലാത്തവരെന്ന് ലോകം അപമാനിക്കുന്ന യഥാര്‍ഥ പച്ചപ്പരിഷ്‌കാരികളുടെ ലോകത്തുനിന്ന് ഞങ്ങള്‍ സമയമായപ്പോള്‍ തിരിഞ്ഞുനടന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top