അറിയാതെ പോയ എഴുത്തുകാരി

അല്‍മാസ്, കൊച്ചി

രാമം സെപ്റ്റംബര്‍ ലക്കം വളരെ ഹൃദ്യമായി. കെട്ടിലും മട്ടിലും എല്ലാം ആരാമം നന്നായിട്ടുണ്ട്. ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'കോടതി കയറിയ പ്രസംഗ'ത്തിലൂടെ ശിഹാബ് തങ്ങളുടെ മഹത്വം ഒരിക്കല്‍ കൂടി മനസ്സിലാക്കാന്‍ സാധിച്ചു. റഹ്മാന്‍ മൂന്നൂരിന്റെ 'സുലൈഖ ഹുസൈന്‍ മലയാളത്തിന്റെ നഷ്ടം' കേരളത്തിലെ മഹത്തായ ഒരു വനിതാരത്‌നത്തെക്കുറിച്ച് മനസ്സിലാക്കുവാന്‍ വായനക്കാര്‍ക്ക് സഹായകമായി. മലയാളിയായ നാലാംക്ലാസുകാരി ഇരുപത്തിയെട്ടില്‍ പരം ഉറുദു നോവലുകള്‍ എഴുതി എന്നത് തികച്ചും ആശ്ചര്യകരം തന്നെ, കേരളീയരായ നമ്മള്‍ അവരെ ജീവിച്ചിരുന്നപ്പോള്‍ ആദരിച്ചില്ല എന്നത് പോട്ടെ, അവരുടെ മരണശേഷവും നാം അവരെ ആദരിച്ചോ എന്നത് സംശയകരമാണ്.
'എന്റെ മകനെ നിങ്ങളെന്തുവിളിക്കും' എന്ന ലേഖനത്തിലൂടെ ലേഖിക സമൂഹത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ക്രൂശിക്കപ്പെടുന്ന ഷാഹിനയുടെ വേദനയില്‍ അറിയാതെ പങ്കുചേര്‍ന്നുപോയി.


ആരുണ്ട് ആരാമത്തോടൊപ്പം നീതിക്ക് വേണ്ടി ശബ്ദിക്കാന്‍


രാമം സെപ്റ്റംബര്‍ ലക്കം ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ അച്ചടിച്ചിറക്കുന്ന മുഴുവന്‍ വനിതാ പ്രസിദ്ധീകരണങ്ങളും എടുത്ത് പരിശോധിച്ചാല്‍ പോലും കാണാന്‍ കഴിയാത്ത, ഇനി കാണാന്‍ കഴിയും എന്ന് ഒട്ടും പ്രതീക്ഷയില്ലാത്ത മേഖലയില്‍ ഇടപെടാന്‍ ആരാമത്തിന് കഴിയുന്നു എന്നത് ആരാമത്തിന്റെ വേറിട്ട ശബ്ദം തന്നെയാണ്. കണ്ണൂരിലെ മുഹമ്മദ് ഷമീറിന്റെ കുടുംബം കേരളത്തിലെ നീതി നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നിരവധി കുടുംബജീവിതങ്ങളുടെ നീറുന്ന പ്രതീകമാണ്.
്മഅ്ദനിയും, പരപ്പനങ്ങാടിയിലെ സക്കറിയയും ഗോതമ്പുറോഡിലെ യഹ്‌യ കമ്മുക്കുട്ടിയും; നീണ്ടുപോകുന്നു ആ പട്ടിക. ഒരു പ്രത്യേക മതവിഭാഗത്തിലെ ചെറുപ്പക്കാരെ തെരഞ്ഞുപിടിച്ച് ജയിലിലടച്ച് ആ കുടുംബത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി സമൂഹം ഒന്നടങ്കം ഭ്രഷ്ട് കല്‍പ്പിക്കുമ്പോള്‍ മലാലാ യൂസുഫ് സായിയുടെ പോസ്റ്റര്‍ നിരത്തി മുസ്‌ലിം പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തിനായി ഗീര്‍വാണം കണക്കെ പ്രസംഗിച്ചു നടന്ന മതേതരത്വത്തിന്റെ പെരുന്തച്ചന്മാര്‍ സ്വയം തീര്‍ത്ത തടവറയില്‍ നിന്ന് പുറത്ത് വരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
അംന ഹനാന ജൗഹര്‍
ചെമ്മാട്


കൂടിയാലോചനയിലാണ് നന്മ


ദീര്‍ഘകാലം ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പാചകക്കാരനായി ജോലിചെയ്തു വരികയായിരുന്നു ഈയുള്ളവന്റെ പിതാവ്. പഠനകാലത്ത് സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ജോലിയില്‍ വ്യാപൃതനായ ഉപ്പയെയും സുഹൃത്തിനേയും കണ്ടു. മീനോ മറ്റോ എണ്ണയില്‍ പൊരിച്ചെടുക്കുന്ന സുഹൃത്തിനോട് ഉരുളക്കിഴങ്ങ് അരിയുന്ന പിതാവ് ചോദിക്കുന്നു. 'ഉസ്മാന്‍ക്കാ ഇത്ര വലിപ്പം മതിയോ...?'' ഇത് കേട്ടമാത്രയില്‍ ഞാന്‍ ചോദിച്ചു: 'കുറേ കാലമായില്ലേ കഷ്ണം വെട്ടുന്നു. ഇനിയും എന്തിനാ ചോദിക്കുന്നേ?'' 'ഇത് ഞങ്ങളുടെ ശീലമാണ്. അറിയുന്നതാണെങ്കിലും പരസ്പരം ചോദിച്ചേ ചെയ്യൂ.'' ഉപ്പ മറുപടി പറഞ്ഞു. ദീര്‍ഘകാലത്തെ ഈ പങ്കുവെക്കലും അഭിപ്രായങ്ങള്‍ ആരായലും അവരുടെ സൗഹൃദം കൂടുതല്‍ കരുത്തുറ്റതാകാന്‍ സഹായകമായിട്ടുണ്ടാവാം. എന്‍.പി ഹാഫിസ് മുഹമ്മദിന്റെ 'പറയാനുള്ളത് പറയേണ്ട വിധം' വായിച്ചപ്പോള്‍ മനസ്സില്‍ ഓടിവന്ന സംഭവമാണ് സൂചിപ്പിച്ചത്.
മറ്റുള്ളവരുടെ അഭിപ്രായം കേള്‍ക്കുക എന്നത് വിശാലമായ മനസ്സുള്ളവര്‍ക്ക് മാത്രം കഴിയുന്നതാണ്. കേള്‍വിക്ക് വലിയ പ്രാധാന്യമാണുള്ളത്. രണ്ട് ചെവിയും ഒരു നാവും തന്നെ സൃഷ്ടിപ്പില്‍ കേള്‍വിക്കുള്ള പ്രധാന്യം വിളിച്ചോതുന്നു. വിശുദ്ധ ഖുര്‍ആന്‍ ധാരാളം സ്ഥലത്ത് സംഅ് എന്ന് പറയുന്നു. കൂടിയാലോചനയിലും ചര്‍ച്ചയിലുമാണ് നന്മയും ശ്രേഷ്ഠതയുമുള്ളത്. നല്ലൊരു ശ്രോതാവിനേ നല്ലൊരു കമ്മ്യൂണിക്കേറ്ററാവാന്‍ കഴിയൂ. അഭിപ്രായം ആരായലും ചര്‍ച്ചയും എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ഗുണാത്മക ഫലം ചെയ്യുമെന്നത് അവിതര്‍ക്കിതമാണ്.
അബ്ദുര്‍റസാഖ്
പുലാപ്പറ്റ


ഉണങ്ങാത്ത മുറിവുകള്‍


സെപ്റ്റംബര്‍ ലക്കം മുഖമൊഴിയോട് ചേര്‍ത്തുവെക്കുവാന്‍ ഇസ്രയേലിന്റെ ക്രൂരവിനോദങ്ങള്‍ക്ക് തല്‍ക്കാലം വിരാമമായ സന്ദര്‍ഭത്തില്‍ ഉയിരെടുത്ത ചിന്തകള്‍. നാം പൂത്തിരി കത്തിക്കുന്ന ലാഘവത്തോടെയല്ലേ ഇസ്രായേല്‍ ഗസ്സയുടെ മേല്‍ മിസൈലുകള്‍ തൊടുത്തുവിട്ട് നൂറുകണക്കിന് കുരുന്നുകളുടെ ജീവന്‍ അപഹരിച്ചത്. വെടിനിര്‍ത്തല്‍ വന്നതോടെ എന്തെന്നില്ലാത്ത ആനന്ദം- അത്രക്കുണ്ടായിരുന്നു ദിവസങ്ങളോളം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ആ കുരുന്നുകളുടെ ചേതനയറ്റ മുഖങ്ങള്‍ ഹൃദയത്തിലുണ്ടാക്കിയ ആഘാതം.
എന്നും അത്ഭുതത്തോടെ ഓര്‍ത്തുപോകുന്നത് അവിടുത്തെ മാതാക്കളെക്കുറിച്ചാണ്. എത്ര ഭീതിജനകമായ ദിവസങ്ങളിലൂടെയാണ് അവര്‍ കഴിഞ്ഞുപോയത്. നിരന്തരം ചീറിപ്പായുന്ന മിസൈലുകളും ബോംബുകളും ഷെല്ലും! എങ്ങും പുകപടലങ്ങളും കെട്ടിടാവശിഷ്ടങ്ങളും മൃതശരീരങ്ങളും. ചീറിപ്പായുന്ന മിസൈലുകളുടെ കീഴില്‍ ഉറങ്ങാന്‍ കിടക്കുന്ന നേരത്ത്, കഥ പറഞ്ഞുകൊടുക്കാന്‍ കൊഞ്ചുന്ന കുഞ്ഞിന് അവര്‍ എന്താണ് പറഞ്ഞുകൊടുത്തിട്ടുണ്ടാവുക? കുടിയേറ്റക്കാരാല്‍ വാനോളം യാതനകള്‍ അനുഭവിക്കേണ്ടി വന്ന ഹതഭാഗ്യരായ ഒരു ജനതയെക്കുറിച്ചോ? ഓരോ നിമിഷവും മരണത്തെ മുന്നില്‍ക്കണ്ട് ദിവസങ്ങളോളം തള്ളിനീക്കിയ ഈ മാതാക്കള്‍ പ്രശംസയുടെ ഉച്ചസ്ഥായിയില്‍ എത്തിയാലും അത് അതിരുകവിയില്ല. ഇന്ന് എല്ലാം ശാന്തമാപ്പോള്‍, ഈ സമാധാനാന്തരീക്ഷത്തില്‍ തങ്ങളുടെ പിഞ്ചോമനകള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് അവര്‍ ആഗ്രഹിച്ചുപോകുന്നുണ്ടാവില്ലേ? ഏതു വിശേഷാവസരങ്ങളിലും ആ കുരുന്നുകളുടെ ഓര്‍മകള്‍ അവരെ തളര്‍ത്തില്ലേ? കളിപ്പാട്ടങ്ങളും പിഞ്ചുടുപ്പുകളും ആ ഓര്‍മകളെ തൊട്ടുണര്‍ത്താന്‍ വഹിക്കുന്ന പങ്ക് എത്രത്തോളമായിരിക്കും.
എല്ലാം സര്‍വശക്തനില്‍ സമര്‍പ്പിച്ച് ഒന്നല്ല, ഒരായിരം അധിനിവേശങ്ങള്‍ നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍ എന്ന് ലോകത്തിനെ വെല്ലുവിളിക്കുന്ന കൊച്ചു ഗസ്സാ, നിനക്ക് അഭിന്ദനങ്ങള്‍. ഇസ്രായേലിനെ മുട്ടുകുത്തിച്ച ഗസ്സയിലെ മാതാക്കളെ, നിങ്ങള്‍ക്കുള്ള അഭിനന്ദനങ്ങള്‍ക്ക് വാക്കുകള്‍ പരിമിതം.
തസ്‌നീം മൂപ്പന്‍
ചേവായൂര്‍

പണമുണ്ടാക്കാനുള്ള വിദ്യാഭ്യാസം


സെപ്റ്റംബര്‍ ലക്കം റഫീഖ് മേന്മുണ്ടയുടെ 'ഡോക്ടര്‍ രൂപാലി ഗൈനക്കോളജിസ്റ്റ്' എന്ന കഥ ആധുനിക വിദ്യാഭ്യാസം വളര്‍ത്തിയെടുക്കുന്ന പുസ്തകപ്പുഴുക്കളായ ബിരുദാനന്തര ബിരുദധാരിണികളുടെ ഒരു ചിത്രം വരച്ചുകാണിക്കുന്നു. തൊട്ടടുത്തിരിക്കുന്ന സഹപാഠിയുടെ വിശപ്പിനെക്കുറിച്ചറിയാത്ത വിദ്യാഭ്യാസം. പണമാണ് ഇന്ന് എല്ലാറ്റിന്റെയും മാനദണ്ഡം. സുഖസൗകര്യം എന്നത് മണ്ണിനെ തൊടാത്ത, മനുഷ്യനെ തൊടാത്ത ജീവിതം എന്നായി മാറി. പണ്ട് വര്‍ണവെറിയുടെയും ജാതീയതയുടെയും ദുരിതങ്ങളാണ് മനുഷ്യന്‍ പേറിയിരുന്നുവെങ്കില്‍ ഇന്ന് മുതലാളിത്തം പടച്ചുവിടുന്ന പണാര്‍ത്തി സംസ്‌കാരത്തിന്റെ ഭവിഷ്യത്തുക്കളാണ് നേരിടേണ്ടിവന്നത്. പല കോണ്‍ക്രീറ്റ് സൗധങ്ങളും ഉയര്‍ന്നുപൊങ്ങുന്നതിന്റെ ലക്ഷ്യവും കരുണ, സ്‌നേഹം തുടങ്ങിയ നന്മകള്‍ തൊട്ടുതീണ്ടാത്ത മൃഗതുല്യരായ കുറച്ച് മനുഷ്യരൂപങ്ങളെ സൃഷ്ടിച്ചെടുക്കുക എന്നത് തന്നെയാണ്.
ഷഹീന
തിരൂര്‍

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top