മണല്‍പരപ്പില്‍ പാരിജാതം പൂത്തപ്പോള്‍

പി.ടി കുഞ്ഞാലി No image

      അറേബ്യയിലെ ഒരു ശരത്കാലം. ഉഷ്ണലാവകള്‍ വഹിച്ച മരുക്കാറ്റ് പനത്തലപ്പുകളേയും കരിച്ച് മണല്‍മലകളില്‍നിന്നും മണല്‍മലകളിലേക്ക് സഞ്ചരിക്കും കാലം. ചക്രവാള രൂക്ഷതയില്‍നിന്നും വെന്ത കാലുകളുമായി ആയിരം പ്രാപ്പിടിയന്മാര്‍ നഗരഗാത്രത്തിലേക്ക് ചൂഴ്ന്നിറങ്ങും കാലം. അറേബ്യയിലെ ഉറവകളന്ന് നേര്‍ത്ത് ഒരശുവായി മാറും. മരുപ്പച്ചയിലേക്ക് മേയാനിറങ്ങിയ ഒട്ടകക്കൂട്ടങ്ങള്‍ ദാഹജലം തേടി സ്വന്തം പൂഞ്ഞയിലേക്ക് മടങ്ങും കാലം. സൂര്യന്‍ ഏഴു കുന്തപ്പാട് മഗ്‌രിബിലേക്ക് തുഴയുമ്പോള്‍ മരുഭൂമിയിലെ ബദുക്കള്‍ പോലും സ്വന്തം ഈത്തപ്പനക്കൂരകളിലേക്ക് പിന്‍വാങ്ങും കാലം. വര്‍ത്തകയാത്രയുടെ ഖാഫിലകള്‍ അപ്പോള്‍ 'സന്‍ആ' യിലും 'ശാമി'ലും തമ്പുകെട്ടി പാര്‍ക്കും. ഉഷ്ണം ശമനപര്‍വ്വത്തിലേക്ക് ആയുമ്പോഴേ അവരിനി വിദൂര നാട്ടുപാതകള്‍ താണ്ടി മദീനയിലേക്ക് സഞ്ചരിക്കൂ. അന്ന് തെരുവുകള്‍ വിജനം. വെളിമ്പുകളില്‍ കുട്ടികളുടെ കളിമേളപ്പെരുക്കങ്ങള്‍ അദൃശ്യപ്പെടും. നജ്ജാശിയുടെ നാട്ടില്‍നിന്നും കുടിയേറിയെത്തിയ അടിമക്കരുത്തുകള്‍ പോലും മരുക്കാറ്റിന്റെ താഡനമേറ്റ് വാടിനില്‍ക്കും കാലം. ശരത്കാല മധ്യാഹ്നങ്ങള്‍ അറേബ്യയില്‍ അന്നങ്ങനെയാണ്.
ഇതുപോലൊരു മദ്ധ്യാഹ്നം. ഏതൊക്കെ തിരക്കുകളുണ്ടായിട്ടും പ്രവാചകനന്ന് സ്വന്തം ഓലമാടത്തില്‍ വിശ്രമിച്ചു. താനുറങ്ങുന്ന കയറുകട്ടിലിന്റെ ഉടഞ്ഞ പിരികള്‍ ഇഴ കൂട്ടിയും ഒട്ടക ജീനിയില്‍ ഒട്ടിയ ചളിപ്പറ്റുകള്‍ അടര്‍ത്തിമാറ്റിയും. അപ്പോഴും അദ്ദേഹം കര്‍മകാണ്ഡപ്പെരുക്കത്തിലാണ്. കൂട്ടിന് ആയിശയും. കട്ടിലിനു താഴെ മണ്‍ചട്ടിയില്‍ ആരുടേയോ ദാനമായ ഇത്തിരി ഈത്തപ്പഴച്ചുളകളും കക്കിരിയും. ഒപ്പം മദീനയുടെ പ്രാന്തത്തില്‍നിന്നും അസ്‌വദ് എത്തിച്ചുകൊടുത്ത കുടിവെള്ളത്തിന്റെ കുഞ്ഞുതോല്‍ക്കുടം. മുറിയുടെ മൂലയില്‍ ഒരു പഴയ ആട്ടുകല്ലും കുഴയും. യവത്തിന്റേയും ഗോതമ്പിന്റേയും മുന്തിയ മാണിക്യമണികളെ അവ ധ്യാനിച്ചിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അത് എത്തിച്ചുനല്‍കാന്‍ ഈ ഗൃഹനാഥന് പാങ്ങുപോരല്ലോ. ശരത്കാലത്തിന്റെ ഊഷരതയിലും അന്നാ വീടകം പക്ഷേ ഗാര്‍ഹസ്ഥ്യത്തിന്റെ ഉര്‍വരത തുളുമ്പിനിന്നു. പുറത്ത് ഏകാന്ത വിജനത. കിളിവാതില്‍പ്പഴുതിലൂടെ ആയിശ മരുഭൂമിയിലേക്ക് കളിക്കാനിറങ്ങിയ മൃഗതൃഷ്ണകള്‍ നോക്കിനിന്നു. അതെഴുതി മായ്ക്കുന്ന ജ്യാമിതീയ സമൃദ്ധികള്‍ അവരുടെ കണ്ണുകള്‍ക്ക് കൗതുകമായി. അപ്പോള്‍ മൃഗതൃഷ്ണകള്‍ മൊരിയുന്ന മദീനയിലെ വാര്‍പ്പുരുളിക്കപ്പുറം ഒരൊട്ടകം പുളയുന്നതായി അവര്‍ക്കു തോന്നി. തീ തിളക്കുന്ന സൂര്യതാപത്തിലും തണല്‍ പറ്റാന്‍ പ്രാപ്തി പോരാത്ത ആ ഒട്ടകത്തെ ഓര്‍ത്ത് അവരുടെ ആര്‍ദ്ര മനസ്സ് അപ്പോള്‍ ഖിന്നതകൊണ്ടു. അത് എന്നേക്കുമായി മരുഭൂമിയില്‍ അമരാതെ ലായത്തിലെത്തിയെങ്കില്‍ എന്നവര്‍ മനസ്സാ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ആ ഒട്ടക രൂപം പ്രവാചക ഗൃഹം ലക്ഷ്യം വെക്കുന്നതായും ക്രമത്തില്‍ അതു മൂടിപ്പുതച്ച ഒരാള്‍രൂപമായും ആയിശക്ക് ദൃശ്യപ്പെട്ടു. ജന്തുജാലങ്ങള്‍പോലും ഇറങ്ങിനടക്കാത്ത ഈ വേവുന്ന ഉഷ്ണത്തിലും ഒറ്റക്ക് കിതച്ചു സഞ്ചരിക്കുന്നതാരാണ്. വെപ്രാളം കുടയാക്കി ഓടുന്ന ആ പുതച്ച രൂപം പൊടുന്നനെ ആയിശയുടെ വീട്ടങ്കണത്തില്‍ വന്നുനിന്നു. അപ്പോള്‍ അവരുടെ മുഖവും മാറിടവും 'റുമാ'1 കിണര്‍ക്കര പോലെ കുതിര്‍ന്നുനിന്നു. ഒട്ടും അന്തിച്ചു നില്‍ക്കാതെയവര്‍ വീടകത്തേക്കു കയറി. അതൊരു സ്ത്രീ. ആരിത്? ആയിശക്കറിയില്ല. മദീനയിലെ ഒരുവിധം പെണ്‍പിറപ്പുകളെയൊക്കെ അവര്‍ക്കറിയാം. അവരൊക്കെ പല കാര്യങ്ങള്‍ തിരക്കി ആ വീട്ടുപരിസരത്ത് വന്നുപോവുന്നവരാണ്. ഇത് പുതിയ ഒരാള്‍.
അപരിചിതത്വത്തിന്റെ വിഹ്വലതകള്‍ ഉടച്ച് അവര്‍ ആയിശയോടു തിരക്കിയത് ഇതു മാത്രം. 'പ്രവാചകന്‍ എവിടെയാണ്? എനിക്കദ്ദേഹത്തെ ഇപ്പോള്‍ത്തന്നെ ചെന്നുകാണണം.' ആ വാചകത്തിനകത്ത് സങ്കടവും ഉല്‍ക്കണ്ഠകളും മരുക്കാറ്റായി. ആയിശ കൂടുതല്‍ അന്വേഷിച്ചില്ല. പ്രവാചകനെ തിരക്കി ഈ വീടകത്തേക്ക് ഇങ്ങനെ നിരവധി സഞ്ചാരങ്ങള്‍ സംഭവിക്കുന്നുണ്ട്. ആയിശക്കിത് പതിവു ദൃശ്യം. അവര്‍ അപ്പോഴും ഇവരുടെ കണ്ണുകളിലേക്കു നോക്കിനിന്നു. ആ മിഴിക്കോണുകളില്‍ സംഘര്‍ഷങ്ങളുടെ തെറിച്ച ഒട്ടകങ്ങള്‍ ചുരമാന്തി നില്‍ക്കുന്നു. അവള്‍ വീണ്ടും പ്രവാചകനെ തിരക്കി. ഇവര്‍ക്കറിയാം അദ്ദേഹത്തെ അന്വേഷിച്ചെത്തേണ്ടിടം ഏതാണെന്ന്. ആയിശ അവരെ സാന്ത്വനപ്പെടുത്താന്‍ ശ്രമിച്ചുനോക്കി. 'സഹോദരീ.. പ്രവാചകന്‍ ഇവിടെയുണ്ട്. അതിനു മുമ്പ് താങ്കളൊന്ന് ആശ്വാസപ്പെടൂ.' ആ ചുണ്ടുകള്‍ വിറയാര്‍ന്നു നിന്നു. പാടല വര്‍ണ്ണത്തിലുള്ള വിലകൂടിയ മിസ്‌റി വസ്ത്രമാണവര്‍ ഉടുത്തുചുറ്റിയത്. അതത്രയും പക്ഷേ മുഷിഞ്ഞുടഞ്ഞിട്ടുണ്ട്. ആ വസ്ത്രാഞ്ചലം കൊണ്ടവര്‍ മുഖത്തെ ഈറന്‍ തുടച്ചു. തോല്‍ച്ചെരുപ്പിന്റെ പാര്‍ശ്വങ്ങളില്‍ ഉണങ്ങിയ ഒട്ടകച്ചാണകത്തിന്റെ രൂക്ഷഗന്ധം. പറ്റിപ്പറന്ന മണല്‍പ്പൊടികളുടെ അസ്വസ്ഥതയകറ്റാന്‍ അവര്‍ ശിരോവസ്ത്രം ഊരിക്കുടഞ്ഞു. അപ്പോള്‍ ആ മുടിയിതളുകളില്‍ കാറ്റൊളിപ്പിച്ച മണല്‍മണികള്‍ വീടകത്ത് ഉതിര്‍ന്നുവീണു. ആയിശ അവര്‍ക്ക് ഈത്തപ്പഴവും കക്കിരിച്ചെത്തുകളും സല്‍ക്കരിച്ചു. എന്നിട്ട് പതിയേ അവരോടു തഞ്ചപ്പെട്ടു:
'സഹോദരീ താങ്കള്‍ ആരാണ്. ഇന്ന് ഈ ഉഷ്ണപ്പറമ്പിലൂടെ താങ്കളെ ഇവിടേക്ക് വഴിനടത്തിയതെന്ത്. ഈ തപിക്കുന്ന മരുഭൂമിയേക്കാള്‍ വലിയ ചുഴിമരലികള്‍ തിളക്കുന്ന മറ്റൊരു മണല്‍ഭൂമി താങ്കളുടെ നെഞ്ചകത്തുണ്ടെന്ന് എനിക്കറിയാം.' അപ്പോഴും അവര്‍ക്കറിയേണ്ടത് ഒന്നു മാത്രം. 'പ്രവാചകന്‍ എവിടെ. എനിക്കദ്ദേഹത്തെ ഒന്നു കാണണം.'
അകത്ത് തന്റെ കയറുകട്ടിലിന്റെ ഉടഞ്ഞ പിരികള്‍ ഉറപ്പിക്കുന്ന പ്രവാചകന്‍ ഇറങ്ങിവന്നു. സ്വബോധത്തിലേക്ക് ഉണര്‍ന്ന അവര്‍ സ്വയം പരിചയപ്പെടുത്തി.
'ഞാന്‍ ജുവൈരിയ. മുസ്തലഖ് ഗോത്ര നേതാവ് ഹാരിസിന്റെ മകള്‍. മദീനയുടെ വിദൂര പ്രാന്തത്തിലല്ലോ ഞങ്ങളുടെ ഗോത്രം. ഈത്തപ്പനകളും മുന്തിരിവള്ളികളും ഇടതൂര്‍ന്നു വളരുന്ന മരുപ്പച്ച. അവിടെ കണ്ഠമാലകള്‍ ചാര്‍ത്തിയ ആണൊട്ടകങ്ങളും അകിടുകള്‍ ചുരന്ന പെണ്ണൊട്ടകങ്ങളും മേഞ്ഞുനടക്കുന്നു. ചുരങ്ങത്തൊണ്ടുകള്‍ കൊണ്ടു വെള്ളം കോരിയെടുക്കാവുന്ന കുഞ്ഞുകുളങ്ങള്‍. ആ മരുപ്പച്ചയില്‍ തലമുറകളായി കുടിപാര്‍ക്കുന്നവരാണു ഞങ്ങള്‍. എന്റെ മുത്തച്ഛന്‍ അബൂളിറാറിന്റെ മുത്തച്ഛനും മാതുലന്മാരും മുതല്‍ തലമുറകളായി ജീവിതം തെഴുപ്പിച്ചിടം. ഇന്നലെവരെ ഞങ്ങളുടെ ഗോത്രമുഖ്യന്‍ എന്റെ പിതാവ് ഹാരിസ്. തബൂക്കിലെ പട കഴിഞ്ഞുവരുന്ന താങ്കളുടെ സൈന്യത്തെ ആക്രമിക്കാനൊരുങ്ങിയ നിരവധി ഗോത്രപ്പിഴപ്പുകളില്‍ പിതാവും പെട്ടുപോയി. മക്കയിലെ ഖുറൈശി നേതാക്കള്‍ നല്‍കിയ ഉറപ്പിലും അവര്‍ പടര്‍ത്തിയ ദുരാര്‍ത്തിയിലും അഞ്ചിപ്പോയ പിതാവ് താങ്കളുടെ പടയുമായി മുറൈസീഹിലെ തണ്ണീര്‍ത്തടക്കരയില്‍ അങ്കംപിടിച്ചത് അങ്ങേക്കറിയാവുന്നത്. മദീനയുടെ പടനയിച്ചത് താങ്കളാണല്ലോ. ഘോരയുദ്ധത്തിന്‍ നടുവില്‍ എന്റെ ഗോത്രസൈന്യം ദയനീയമായി തുരത്തപ്പെട്ടു. ഗോത്രപ്പട മരുപ്പറമ്പും മുറിച്ചോടിക്കളഞ്ഞു. കിട്ടിയവരെയൊക്കെയും താങ്കളുടെ സൈന്യം തടവില്‍പിടിച്ചു. ഞങ്ങളുടെ സമസ്ത സമ്പാദ്യങ്ങളും സ്ത്രീജനങ്ങളും മദീനയുടെ സൈന്യം സ്വന്തമാക്കി. കൂട്ടത്തില്‍ ഞാനും. ഒന്നു സത്യം. താങ്കളുടെ സൈന്യം ഞങ്ങളോടു മാന്യവും ഉദാരവുമായാണ് പെരുമാറിയത്. ഇങ്ങനെയൊരു യുദ്ധമര്യാദ ഞങ്ങളനുഭവിക്കുന്നത് ഇതാദ്യമാണെന്ന് മുത്തശ്ശിമാര്‍ പരസ്പരം പറയുന്നത് ഞാനും കേട്ടു. താങ്കളോട് പ്രവാചകാ ഞങ്ങള്‍ക്ക് നന്ദിയുണ്ട്.
കാര്യമതല്ല. സമരാര്‍ജ്ജിത വസ്തുക്കള്‍ താങ്കള്‍ ഓഹരിവെച്ചപ്പോള്‍ ഞാന്‍ ചെന്നുപെട്ടത് താങ്കളുടെ അനുചരന്‍ സാബിതിന്റെ വിഹിതത്തില്‍. അതതാ ആ മണല്‍ തുരുത്തിനപ്പുറമാണെന്നത് താങ്കള്‍ക്കറിയാമല്ലോ. ഇന്നലെവരെ ഉടമയായിരുന്ന ഞാന്‍ ഇന്ന് അടിമയാണ്.'
ഇതു പറയുമ്പോള്‍ ആ കപോലങ്ങളില്‍ 'ദിജ്‌ല'യും 'ഫുറാത്തും' കവിഞ്ഞൊഴുകി. 'ജീവിതത്തിന്റെ അലട്ടുകളൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. ചുട്ട കാടപ്പക്ഷികളും പേടമാനിന്റെ ഇളം മാംസവും വീട്ടിലെ സമൃദ്ധ ഭക്ഷണമായിരുന്നു. മുസ്തലഖിലെ തന്നാണ്ട് ചന്തയിലെത്തുന്ന മുന്തിയ മിസ്‌രിപ്പട്ട് എന്റെ ലിബാസും. നിരവധി തോഴിമാരാല്‍ പരിസേവിതയായിരുന്നു ഇന്നലെവരെ ഞാന്‍. ഇന്നു ജീവിതത്തിന്റെ ആകാശത്ത് പ്രതീക്ഷയുടെ സുരയ്യാ നക്ഷത്രം അസ്തമിച്ചുപോയി. പ്രവാചകാ, ജീവിതത്തിന്റെ ഒട്ടകജീനി മരുക്കാറ്റിന്റെ താഡനത്തില്‍ ഊരിത്തെറിച്ചു. ഇന്നു ഞാന്‍ ഏകാകിയും നിസ്സഹായയുമാണ്. ഹാരിസിന്റെ മകളല്ല, സാബിത്തിന്റെ അടിമ.'
അപ്പോഴും വിറക്കുന്ന ചുണ്ടുകള്‍ ആ വാചകങ്ങളെ വിഘ്‌നപ്പെടുത്തി. ഏതോ ഒരു ഭൂതാവേശിതയെപ്പോലെ അവര്‍ അപ്പോഴും പറഞ്ഞുകൊണ്ടേയിരുന്നു. 'ഈത്തപ്പന വട്ടികള്‍ പേറാനും കളങ്ങളില്‍ അത് ചിക്കി ഉണക്കാനും എനിക്ക് പാങ്ങുപോരാ. റുമാ കിണറില്‍നിന്നു വെള്ളംനിറച്ച തോല്‍കുഞ്ചികള്‍ പേറി പഴുത്ത ചരല്‍മണ്ണിലൂടെ നഗ്നപാതയാകാന്‍ പ്രവാചകാ എനിക്ക് സാധിക്കുന്നില്ല. ഞാനിതുവരെ ഒട്ടകങ്ങളുടെ അകിടു കറന്നിട്ടില്ല. ചാണകക്കൂമ്പാരം കൂട്ടിയിട്ടില്ല. കക്കിരിത്തടങ്ങളില്‍ വെട്ടുകിളികള്‍ക്ക് കാവല്‍ കിടന്നിട്ടില്ല. സാബിത്തിന്റെ വീട്ടിലെ അടിമ ജീവിതം പ്രവാചകാ എനിക്കു സാധിക്കുന്നില്ല.' ഈ വാചകങ്ങളുടെ അവസാന ഖണ്ഡങ്ങള്‍ കണ്ണീരിന്റെ ആര്‍ദ്ര നനുപ്പില്‍ കുതിര്‍ന്നുനിന്നു. 'അതുകൊണ്ടു പ്രവാചകാ, താങ്കള്‍ എന്റെ സ്വാതന്ത്ര്യം തിരിച്ചുനല്‍കണം. എനിക്ക് കുടുംബത്തിലേക്കു മടങ്ങണം. അതിന് അങ്ങേക്കു മാത്രമേ സാധ്യമാകൂ. അതുകൊണ്ടാണു ഞാന്‍ സാബിത്തിന്റെ അടിമലായം വിട്ട് ഈ മണല്‍ച്ചൂളയും വകഞ്ഞു കിതച്ചോടിയത്. താങ്കളെ വീട്ടില്‍ കണ്ടുമുട്ടാന്‍ പറ്റുമോ എന്ന ആധി മാത്രമേ ഈ ഓട്ടത്തില്‍ എന്നെ സംഘര്‍ഷപ്പെടുത്തിയുള്ളു.'
ഈ അവസാന വാചകങ്ങള്‍ സങ്കടത്തിന്റെ ഏങ്ങലില്‍ തീര്‍ത്തും അവ്യക്തമായി. അപ്പോഴേക്കും പ്രവാചകന്റെ പള്ളിപ്പരിസരങ്ങളില്‍ ഉണ്ടായിരുന്ന അനുചാരികള്‍ ഓരോരുത്തരായി ആ ഈത്തപ്പന മാടത്തിനു ചുറ്റും വന്നുകൂടി
ആയിശയുടെ വാമത്തില്‍നിന്നു പ്രവാചകന്‍ ഇതത്രയും കേട്ടുനിന്നു. ആ കരളില്‍ സങ്കടത്തിന്റെ ചെങ്കടല്‍ ഇരമ്പി. ദുഃഖസംഘര്‍ഷങ്ങള്‍ ഉഷ്ണവാതങ്ങളായി ആ മിഴിക്കോണുകളെ പൊള്ളിച്ചുകളഞ്ഞു. പ്രവാചകന്റെ മുഖത്ത് സങ്കടം കിനിയുന്നത് ആയിശ കണ്ടറിഞ്ഞു. അവര്‍ പതിയേ ഇടപെട്ടു: 'ജുവൈരിയാ, താങ്കള്‍ക്കപ്പോള്‍ മോചനദ്രവ്യം കെട്ടിവെച്ചു സ്വതന്ത്രയാകരുതോ. അതിന് സാബിത് സമ്മതിക്കുന്നില്ലേ?' കണ്ണീരിന്റെ അകമ്പടിയില്‍ ജുവൈരിയ ഒരു നിമിഷം നിര്‍ന്നിമേഷയായി. 'സഹോദരീ, സാബിത് നല്ലവനാണ്. പ്രവാചകന്റെ അനുയായി ആയതുകൊണ്ടാകാം. വിമോചിതയാക്കാന്‍ അയാള്‍ തയ്യാറാണ്. പക്ഷേ, അയാള്‍ക്കവകാശപ്പെട്ട ദ്രവ്യം നല്‍കാന്‍ എന്റെ കൈവശമില്ല. പ്രതാപകാലത്തായിരുന്നുവെങ്കില്‍ ഗോത്രം എന്നെ പൊന്നിട്ടു മൂടുമായിരുന്നു. ഇന്നതെനിക്കാവില്ലല്ലോ.' വിറയില്‍ ഇടറിയ ഈ അക്ഷരക്കൂട്ടുകള്‍ അവ്യക്തതയുടെ വല്‍ക്കം മൂടി. അപ്പോള്‍ പ്രവാചകന്‍ അന്വേഷിച്ചു: 'ജുവൈരിയാ, എത്ര പൊന്‍പണമാണ് സാബിത്ത് ചോദിക്കുന്നത്.' ജുവൈരിയ അപ്പോള്‍ ആയിശയെ നോക്കി. 'ഒമ്പത്. മുസ്തലഖ് ഗോത്രമായിരുന്നു വിമോചനം നല്‍കുന്നതെങ്കില്‍ ഇതിന്റെ ഏഴിരട്ടിയെങ്കിലും ഞങ്ങള്‍ വാങ്ങിക്കുമായിരുന്നു. താങ്കളുടെ അനുയായി ആയതുകൊണ്ടയാള്‍ മാന്യതവിട്ട് പെരുമാറുന്നില്ല. പക്ഷേ, എന്തു ചെയ്യും. ഇന്നെന്റെ കൈയില്‍ ഞാന്‍ മാത്രമേയുള്ളു. എന്റെ പിതാവിന്റെ അവിവേകം എല്ലാം തകര്‍ത്തുകളഞ്ഞില്ലേ. അദ്ദേഹമാണെങ്കില്‍ തോറ്റ യുദ്ധത്തോടെ അദൃശ്യനാണ്. എന്റെ കാതിലോലയും കങ്കണക്കൂട്ടങ്ങളും യുദ്ധത്തലേന്നു തോഴിമാര്‍ ഊരി ഒളിപ്പിച്ചതാണ്. അതുകൊണ്ട് പ്രവാചകാ, ഞാന്‍ താങ്കളില്‍ മാത്രമാണിന്നു പ്രതീക്ഷ വെയ്ക്കുന്നത്. എനിക്കു വിമോചനം വേണം. അതിനുള്ള മോചനത്തുക നല്‍കി താങ്കളെന്നെ സഹായിക്കണം.' ആ വാചകത്തില്‍ ചൊടിയും ആത്മബോധവും അറബന മുട്ടിക്കളിച്ചു. പ്രവാചകന്‍ ഒരു നിമിഷം നിശബ്ദനായി. ആ മനസ്സിലൂടെ മുസ്തലഖ് യുദ്ധത്തിന്റെ രംഗവൈവിധ്യങ്ങള്‍ ഒട്ടക ഖാഫിലകള്‍ പോലെ കടന്നുപോയി. ആ ചിന്തകളെ തഴുകി ആകാശത്തുനിന്നും റൂഹുല്‍അമീന്‍ പ്രവാചകഗൃഹത്തിലെത്തി. അപ്പോഴും ആ വീടകത്തിലെ ഈത്തപ്പനത്തൂണും ചാരി ജുവൈരിയ ഏങ്ങിക്കൊണ്ടിരുന്നു. പിന്നെയും അവള്‍ പറയാനായുന്ന വാചകങ്ങളൊക്കെയും ഏങ്ങലിന്റെ ചുറ്റികകള്‍ ഉടച്ചുകളഞ്ഞു.
അപ്പോള്‍ പ്രവാചകന്‍ സംസാരിച്ചുതുടങ്ങി. അദ്ദേഹത്തിന് ആകാശ നിര്‍ദ്ദേശങ്ങള്‍ വന്നുകഴിഞ്ഞു. 'ജുവൈരിയാ, വിമോചനപ്പണമായി എത്ര പൊന്‍പണം വേണമെന്നാണു താങ്കള്‍ പറഞ്ഞത്' 'ഒമ്പത്.'
ആ അടിമപ്പെണ്ണ് ഉദ്വേഗപ്പെട്ടു. അപ്പോള്‍ അവളുടെ മനസ്സിന്റെ മച്ചകത്ത് പ്രതീക്ഷയുടെ കിളിമുട്ടകള്‍ വിരിഞ്ഞു. അവയ്ക്ക് ചിറകുകള്‍ മുളച്ച് ഈത്തപ്പനകളില്‍നിന്നും പനകളിലേക്ക് പറന്നുകളിച്ചു. 'വിമോചന ദ്രവ്യമായി ഒമ്പതു പൊന്‍പണമല്ലേ വേണ്ടതുള്ളു. അതു ഞാന്‍ തരാം. അതോടെ താങ്കള്‍ സ്വതന്ത്രയാവും. പക്ഷേ, ഇതിനേക്കാള്‍ ലാഭകരവും ആഹ്ലാദകരവുമായ ഒരു ബദല്‍ ഞാന്‍ ജുവൈരിയയോടു നിര്‍ദ്ദേശിക്കട്ടെയോ.' ജുവൈരിയ അമ്പരന്നുനിന്നു. പ്രവാചകനെ ചതിച്ചുതോല്‍പ്പിക്കാന്‍ പടക്കിറങ്ങിയ ഗോത്രനേതാവിന്റെ പുത്രിയാണു ഞാന്‍. ഇന്നാണെങ്കില്‍ മദീനാ രാഷ്ട്രത്തിന്റെ ചക്രവര്‍ത്തിയായ പ്രവാചകന്റെ സ്വന്തം സൈന്യത്തിലെ ഒരാളുടെ അടിമയും. ഞാന്‍ എത്ര നിസ്സാരം. ആ എന്നോടാണ് പ്രവാചകന്‍ ഇത്ര കുലീനമായി ഇടപഴകുന്നത്. സ്വാതന്ത്ര്യത്തേക്കാളേറെ മഹത്തരമായ ഏതു ബദല്‍. അതും പ്രവാചകരെ കൊല്ലാന്‍ പടകൂട്ടി മണ്ടിയ ഗോത്രക്കാര്‍ക്ക്. പ്രവാചകന്‍ പൂര്‍ത്തിയാക്കുന്ന വാക്കുകള്‍ക്കായി ജുവൈരിയ കാത് വട്ടംപിടിച്ചു. അവര്‍ ആവേശപ്പെട്ടു. 'സാബിത്തിന്റെ മോചനത്തുക ഞാന്‍ നല്‍കാം. എന്നിട്ട് താങ്കള്‍ക്കു സമ്മതമാണെങ്കില്‍ താങ്കളെ ഞാന്‍ വിവാഹംചെയ്യാം. പിന്നെ ആയിശയെപ്പോലെ എന്നോടൊന്നിച്ച് നമ്മുടെ ക്ലേശ ജീവിതയാത്രയില്‍ പങ്കാളികളാകാം.' ജുവൈരിയയുടെ കവിളിണകളില്‍ തിങ്കളുദിച്ചു. എന്താണിത്? ഞാനിതുവരെയും പ്രവാചകരുടെയും അല്ലാഹുവിന്റെയും ശത്രുകുലത്തിലെ അംഗം. താങ്കളെ കൊല്ലാന്‍ ഒളിച്ചുനടന്നവള്‍. അങ്ങനെയുള്ള എനിക്കാണോ താങ്കള്‍ സുരയ്യാ നക്ഷത്രത്തിന്റെ പദവി നല്‍കുന്നത്. അവരുടെ കവിളിണകളില്‍ പേടമാന്‍ ഇണകള്‍ തുള്ളിക്കളിച്ചു. സാബിത്തിന്റെ വീട്ടില്‍നിന്നും പ്രവാചകനെ ലക്ഷ്യംവെച്ചു ഇറങ്ങിയോടുമ്പോള്‍ ഇത്രയേറെ പ്രതീക്ഷിച്ചില്ല. ഇന്നു പക്ഷേ, എന്റെ മരുഭൂമിയില്‍ മരുപ്പച്ച പൂത്തുനില്‍ക്കുന്നു. അവര്‍ ഒരൊട്ടകക്കുട്ടിയെപ്പോലെ തുള്ളിക്കളിച്ചു. ജുവൈരിയക്ക് ആയിരം സമ്മതം. അല്ലാഹുവിന്റെ ഇംഗിതം. ഒരു ജന്മം സാര്‍ത്ഥകമാകുന്നു.
അപ്പോള്‍ ഉഹദ് മലയുടെ ദിക്കില്‍നിന്നും ഒരു ചെറിയ ഒട്ടകക്കൂട്ടം വേച്ചുവരുന്നു. അവയുടെ പൂഞ്ഞക്കു താഴെ വരിഞ്ഞുനിര്‍ത്തിയ കൂടാരങ്ങളില്‍ തീര്‍ച്ചയായും ആളുകള്‍ കാണും; അവര്‍ക്ക് ലക്ഷ്യ നിര്‍ണ്ണയങ്ങളും. ചാഞ്ഞും ചരിഞ്ഞും ഇളകിയാടിയും ഇഴഞ്ഞെത്തിയ ഒട്ടകങ്ങള്‍ ആയിശയുടെ ഗൃഹാങ്കണത്തില്‍ ജീനിമുറുക്കി. അതില്‍നിന്നും ആളുകള്‍ താഴെയിറങ്ങി. ജുവൈരിയ അവരെ തിരിച്ചറിഞ്ഞു. അതിലൊരാളുടെ കണ്ണുകള്‍ ജുവൈരിയയുടെ കണ്ണുകളില്‍ ഉടക്കിനിന്നു. ഒരാഭിജാതബോധം അയാളുടെ ശരീരപാരവശ്യത്തെ അതിജയിക്കുവാന്‍ ഉല്‍സാഹിക്കുന്നുണ്ടെങ്കിലും ആ പൊതു പ്രത്യക്ഷം ഒരു പരാജിത ദൈന്യതയെ ദൃശ്യപ്പെടുത്തുന്നു. പ്രവാചകനെ ഇയാള്‍ക്കും ഇയാള്‍ക്ക് പ്രവാചകനേയും പരസ്പരമറിയാം. അത് അവരുടെ ശരീരഭാഷകള്‍ പരാവര്‍ത്തനം ചെയ്യുന്നു. ഇത് ഹാരിസ്. ജുവൈരിയായുടെ പിതാവ്. മുസ്തലഖ് ഗോത്രത്തിന്റെ നായകന്‍. ആയുധങ്ങളും അഹന്തയുമായി മദീനയെ ജയിക്കാന്‍ കുതറിയതാണയാള്‍. അല്ലാഹുവിന്റെ സൈന്യത്തിനു മുന്നില്‍ തോറ്റമ്പി കല്ലു മലകളുടെ പോടുകളിലേക്ക് അദൃശ്യപ്പെട്ടതാണയാള്‍. ദിവസങ്ങളായി ഹാരിസിനെ കണ്ടവരില്ല. ഇന്നയാള്‍ പ്രവാചകന്റെ മുന്നില്‍ വിനയപാരവശ്യത്തോടെ ഏത്തമിട്ടുനില്‍ക്കുന്നു. തന്റെ മകള്‍ പ്രവാചകന്റെ വീട്ടിലുള്ള വിവരം അയാള്‍ക്കറിവേയില്ല. മകള്‍ക്കുവേണ്ടി മോചനമിരക്കാന്‍ വന്നതാണയാള്‍. പരമാവധി വിനയത്തില്‍ അതയാള്‍ സമര്‍പ്പിച്ചു. ഹാരിസിന്റെ ഭാണ്ഡത്തില്‍ അതിനുള്ള ദ്രവ്യപ്പൊതിയുണ്ടാകാം. 'എന്റെ മകളെ പ്രവാചകാ ഞാന്‍ കൊണ്ടുപോകട്ടെയോ. ഇവള്‍ എന്റെ പ്രതീക്ഷയാണ്.' അയാള്‍ മറുപടി കാത്തുനിന്നു. 'ഇന്നലെ ഞാന്‍ താങ്കളെ കൊല്ലാന്‍ ആഞ്ഞതാണ്. ഇന്ന് എന്നോട് അങ്ങു പൊറുക്കുമോ.' പക്ഷേ, ഹാരിസിന് ഒന്നറിയാം. ജസീറത്തുല്‍ അറബിലെ ഏത് അധികാര ഗര്‍വിനേയും ഒടിച്ചുകളയുന്ന നീതിബോധവും മാനവിത മസൃണതയും മുഹമ്മദിനുണ്ടെന്ന്. അത് അറേബ്യയില്‍ വിശ്രുതമാണ്.
പ്രവാചകന്‍ ഹാരിസിനെ നോക്കി മറുപടി പറഞ്ഞുതുടങ്ങി. 'ഹാരിസ് മകളെ കൊണ്ടുപോകാന്‍ എനിക്കു സമ്മതം. പക്ഷേ, ജുവൈരിയയോടു താങ്കള്‍ നേരിട്ട് അഭിപ്രായം ചോദിക്കുക. അവളെന്തു പറയുന്നു അതു പോലെ.' ഹാരിസ് മകളെ സാകൂതം നോക്കിനിന്നു. ഇവളുടെ ബാല്യ കൗമാര യൗവനങ്ങളൊക്കെയും ആ വല്‍സലപിതാവിന്റെ മനോദര്‍പ്പണത്തില്‍ അപ്പോള്‍ ഇരമ്പിമറിഞ്ഞു. മകളില്‍ നിന്നും അനുകൂലമായ ഒരു മറുപടിക്കായി ഹാരിസ് ലാത്തയേയും മനാത്തയേയും മനസ്സാ പ്രാര്‍ത്ഥിച്ചു. ഹുബ്‌ലിന് നേര്‍ച്ചകള്‍ വെച്ചു. അപ്പോള്‍ ജുവൈരിയ വര്‍ത്തമാനം പറഞ്ഞുതുടങ്ങി: 'ഇല്ല. ഞാനില്ല. കുടുംബത്തോടൊന്നിച്ചുള്ള പഴയ ജീവിതത്തിലേക്ക് പിതാവേ ഇനി ഞാനില്ല. അഹന്ത കയ്ക്കുന്ന മുസ്തലഖ് ഗോത്രത്തെ ഇന്ന് ഈ നിമിഷം ഞാന്‍ ഉപേക്ഷിക്കുന്നു. കാരണം, മഹത്തരമായ സ്വാതന്ത്ര്യവും അനശ്വരമായ ജീവിത സാഫല്യവും അല്ലാഹുവും പ്രവാചകനും ഇന്നെനിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു. എനിക്കതു മതി ധാരാളം. ഭൂമിയില്‍ മാത്രമല്ല, നാളെ ആകാശത്തും ഞാന്‍ ധന്യയാകും. അശ്ഹദു അന്‍ലാ ഇലാഹ ഇല്ലള്ളാ, മുഹമ്മദ് റസൂലുള്ളാഹ്..' അപ്പോള്‍ അവിടെ വട്ടംകൂടിയ വിശ്വാസികള്‍ അള്ളാഹുവിന് പ്രണാമം പറഞ്ഞു. ആ രംഗം വികാരസാന്ദ്രമായിരുന്നു. 'പിതാവേ, താങ്കള്‍ക്കു പോകാം.' ഹാരിസ് സ്തംഭിച്ചുനിന്നു. പ്രവാചകനോടു കൊണ്ടേറ്റ സായുധ യുദ്ധത്തില്‍ തോറ്റോടിയതിനേക്കാള്‍ വലിയ തോല്‍വിയും തിരസ്‌കാരവുമാണിതയാള്‍ക്ക്. ഹാരിസും സംഘവും ഒട്ടകക്കട്ടിലിലേക്ക് വേച്ചുകയറി. അത് ഇടംവലം ഉലഞ്ഞാടി ഉഹ്ദിന്റെ വിദൂരതയിലേക്ക് അകലുന്നത് ജുവൈരിയയും ആയിശയും ആഹ്ലാദത്തോടെ നോക്കിനിന്നു. ഇനി മുതല്‍ ജുവൈരിയ വിശ്വാസികളുടെ മാതാമഹിയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top