നല്ലപാതി നയിച്ച വഴിയെ...

ഫാത്തിമാ മൂസ No image


പ്രസ്ഥാന വഴിയില്‍ നടന്ന സ്ത്രീ രത്‌നങ്ങളിലൊരാളായ ഫാത്തിമാ മൂസ അവരുടെ ഓര്‍മകള്‍ പങ്കുവെക്കുന്നു.

      പാലക്കാട് ജില്ലയിലെ കപ്പൂര്‍ പഞ്ചായത്തില്‍ മേലേപ്പാട്ട് വളപ്പില്‍ അബ്ദുല്ലക്കുട്ടിയുടെയും പൂളക്കുന്ന് നബീസയുടെയും ഒമ്പതാമത്തെ മകളായി 1954-ല്‍ ജനുവരിയില്‍ ജനിച്ച എനിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. രോഗപീഡ ക്രമാതീതമായതിനാല്‍ പല പ്രാവശ്യം മരണമുഖത്തുനിന്ന് രക്ഷപ്പെട്ടതാണെന്ന് മാതാപിതാക്കള്‍ പറയാറുണ്ട്. എനിക്ക് ഒന്നര വയസ്സ് പ്രായമായപ്പോള്‍ ഉമ്മ പത്താമതൊരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി. അതോടെ തീര്‍ത്തും ഞാന്‍ അനാരോഗ്യയായി. എനിക്ക് ഓര്‍മവെച്ച നാളില്‍ എന്റെ മൂത്തവരായി രണ്ടു സഹോദരന്മാരും ഒരു സഹോദരിയും പിന്നെ ഇളയവളും. അങ്ങനെ ഞങ്ങള്‍ അഞ്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റു സഹോദരങ്ങള്‍ പ്രസവിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ മരണപ്പെട്ടിരുന്നു. ഉമ്മ നേരത്തെ വിവാഹിതയായതിനാലും പ്രസവം ഇടതടവില്ലാതെ നടത്തിയതിനാലും പത്താമത്തെ കുട്ടിയെ പ്രസവിക്കുമ്പോള്‍ ഉമ്മയുടെ പ്രായം 32 വയസ്സ്. എന്നെ വളര്‍ത്തിയതില്‍ കൃത്യമായ പങ്ക് പതിനാറാം വയസ്സില്‍ വിവാഹിതയായ സഹോദരന്റെ ഭാര്യക്കുമുണ്ട്.
മൂത്തവര്‍ വീടിനടുത്തുള്ള സ്‌കൂളിലേക്ക് പോകുമ്പോള്‍ തന്നെ ഞാനും അവരുടെ കൂടെ പോയിത്തുടങ്ങി. നാഴികകള്‍ക്കകലെയുള്ള കുമരനെല്ലൂര്‍ G.H.S -ല്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന സമയത്താണ് എനിക്കൊരു വിവാഹാലോചന വന്നത്. ചെറുപ്പത്തില്‍ ഞങ്ങളുടെ മഹല്ല് പള്ളിയില്‍ ദര്‍സില്‍ പഠിച്ച ഒരു മുസല്യാര്‍. ഉമ്മക്ക് അക്കാലത്ത് ആലിമീങ്ങളെ വളരെ ബഹുമാനമായിരുന്നു. ആ കൂട്ടത്തില്‍ ഇഷ്ടപ്പെട്ട ഒരാള്‍. പക്ഷെ ഒരു കുഴപ്പം. അങ്ങേര് ഇവിടന്ന് പോയതിന് ശേഷം മറ്റെവിടെയൊക്കെയോ ജോലിചെയ്ത് കൂട്ടത്തില്‍ വഹാബിസവും പഠിച്ച് തികച്ചും ഒരു 'വഹാബിയായി' വന്നിരിക്കുന്നു. തന്റേത് തികച്ചും യാഥാസ്ഥിതിക കര്‍ഷക കുടുംബമായിട്ടും അങ്ങനെ ഉള്ള ഒരാളുമായി എന്തിന് വിവാഹം എന്ന ചോദ്യത്തിന് എന്റെ ഉപ്പാക്ക് മറുപടിയുണ്ടായി. 'ആള് വഹാബിയായാലെന്താ... സ്ത്രീധനം ചോദിക്കൂല. കണക്ക് പറയൂലാ... മറ്റൊരു ആചാരവുമില്ല. നമുക്ക് സാമ്പത്തിക നഷ്ടമില്ല. കൂടാതെ വിവാഹ സമയത്ത് മഹര്‍ ആഭരണമായി കുട്ടിക്ക് നല്‍കുകയും ചെയ്യും.' ഇതൊക്കെയാണ് ഉപ്പയെ സ്വാധീനിച്ച ഘടകം. അതിനാല്‍ത്തന്നെ സമ്മതം മൂളുകയും ചെയ്തു. പക്ഷേ, സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കുന്നത് അവരുടെ വീട്ടുകാര്‍ അംഗീകരിക്കണ്ടേ. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഒരേയൊരു അളിയന്‍. അളിയനും അവരുടെ അമ്മാവനും കൂടി എന്നെ കാണാന്‍ വന്നു, ഇഷ്ടമായി. പിന്നീട് കാര്യത്തിലേക്ക് കടന്നു. 'എന്ത് സ്ത്രീധനം കൊടുക്കും, ആഭരണം എത്ര കൊടുക്കും' എന്നൊക്കെ പറയാന്‍ തുടങ്ങി. ഇതു കേട്ടപ്പോള്‍ ഉപ്പ 'ഞാനിപ്പോള്‍ മകളെ കെട്ടിക്കുന്നില്ല. അവള്‍ പഠിക്കട്ടെ!' എന്നു പറഞ്ഞ് അവരെ പറഞ്ഞുവിട്ടു. പക്ഷെ, ചെറുപ്പത്തിലേ ഞങ്ങളുടെ കുടുംബത്തെ അറിയുന്നതുകൊണ്ടും ആങ്ങളമാരുമായി പരിചയമുള്ളതുകൊണ്ടുമാകാം ഞങ്ങളുടെ അയല്‍വാസിയും അദ്ദേഹത്തിന്റെ കൂട്ടുകാരനുമായ ഉണ്ണിക്കായെ വീണ്ടും ഉപ്പയുടെ അടുത്തേക്കയച്ചു. 'ഞാന്‍ സ്ത്രീധനമോ മറ്റു യാതൊന്നുമോ ചേദിക്കുന്നില്ല. അത് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഇഷ്ടമുള്ളപ്പോള്‍ നിങ്ങളുടെ കുട്ടിക്ക് കൊടുത്തോളൂ. എന്റെ ഉപ്പ സുഖമില്ലാതെ കിടക്കുന്നു. അതിനാല്‍ വിവാഹം നടത്തിത്തരുമോ എന്നന്വേഷിച്ചു.' ആ ഇടക്ക് എന്റെ മൂത്ത സഹോദരനും പെണ്ണന്വേഷിച്ചിരുന്നു. അത് നടത്തുന്ന അതേ ദിവസം എന്റെ വിവാഹവും നടത്താന്‍ തീരുമാനിച്ചു.

വിവാഹം തുടര്‍പഠനം
അങ്ങനെ 1970 മെയ് 24-ന് ഞങ്ങളുടെ വിവാഹം ആങ്ങളക്ക് പൊന്നും പണവും തീരുമാനിച്ചുകൊണ്ടും എനിക്ക് അരപ്പവന്‍ പൊന്നോ പണമോ ഇല്ലാതെയും നടന്നു. എനിക്ക് മഹറായി ഒരു മാല തന്നു. ഞങ്ങളുടെ നാട്ടിലത് സംസാരവിഷയമായി. ആദ്യകാലങ്ങളില്‍ വിവാഹ സമയത്ത് മഹര്‍ (മിസ്‌കാല്‍) പറയുക മാത്രമാണ് ചെയ്യുക. ആ സമയത്ത് കൊടുക്കാറില്ല. ഭര്‍ത്താവിന്റെ മരണശേഷമോ ത്വലാഖിന് ശേഷമോ ഒക്കെയാണ് അതിന്റെ വിഹിതം കിട്ടുക. അതിനാല്‍ത്തന്നെ നാട്ടില്‍ എന്റെ മഹറിന് പത്തരമാറ്റിന്റെ 'തിളക്കം'. എന്റെ ജീവിതത്തില്‍ മറ്റേതൊരു പെണ്‍കുട്ടിയേയും പോലെ ഭര്‍ത്താവ്, ഭര്‍തൃവീട്ടുകാര്‍, ഉത്തരവാദിത്വങ്ങള്‍, അതിന്റെ ഗൗരവം ഇതേക്കുറിച്ച് അറിയുകയോ ചിന്തിക്കുകയോ ചെയ്തിരുന്നില്ല. മാത്രമല്ല, വിവാഹത്തിന് മുമ്പ് അദ്ദേഹത്തെ കണ്ടിട്ടുമുണ്ടായിരുന്നില്ല. കല്ല്യാണം ലളിതമായിരുന്നു. എന്നെ കൂട്ടാനും അണിയിച്ചൊരുക്കാനും പെണ്ണുങ്ങളും വന്നില്ല; നിക്കാഹ് കഴിഞ്ഞ് അദ്ദേഹം മടങ്ങിപ്പോയി. അനുജന്‍ വശം ഡ്രസ്സ് ബാഗിലാക്കി കൊടുത്തയച്ചു. വീട്ടിലെ പെണ്ണുങ്ങള്‍ ബാഗ് തുറന്ന് പൊട്ടിച്ചിരിക്കുന്നതു കണ്ട് ഞാന്‍ വിഷമിച്ചു. എന്താണ് കാര്യം. എല്ലാവരും പരസ്പരം കുശുകുശുക്കുന്നു. ബാഗില്‍ പ്രബോധനം വാരികയും മാസികയും, ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങള്‍, ഖുതുബാത്ത്, സ്ത്രീ ഇസ്‌ലാമിലും ഇതര സമൂഹങ്ങളിലും, കുടുംബ ജീവിതം തുടങ്ങിയ ഇസ്‌ലാമിക സാഹിത്യങ്ങള്‍ മുകളില്‍ വെച്ചിരുന്നു. അതിനടിയിലാണ് സാരിയും മറ്റും. കൂട്ടത്തില്‍ മക്കനയും, അതും നാട്ടിലാരും ധരിക്കാത്തത്. 'എന്റെ പടച്ചോനെ! എന്താത്?' നാത്തൂന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. പുത്യാപ്ല ഒന്നാം ദിവസംതന്നെ വഹാബിസം അവളെ പഠിപ്പിക്കാനാണിതൊക്കെ തന്നയച്ചത് എന്ന് പറഞ്ഞു. എന്റെ സര്‍വ്വ നാഡികളും തളര്‍ന്നു. അല്ലെങ്കില്‍ത്തന്നെ ഏതൊരു പെണ്‍കുട്ടിയേയും പോലെ കല്ല്യാണദിവസം നിറയെ ആഭരണങ്ങളിട്ട് പളപളാ മിന്നുന്ന കസവ് വസ്ത്രങ്ങളണിഞ്ഞ് പെണ്ണുങ്ങള്‍ ചമയിച്ചൊരുക്കി നാണംകുണുങ്ങി പോകുന്ന മണവാട്ടിയെയാണ് അതുവരെ കണ്ട് പരിചയിച്ചത്. അതേതായാലും ഉണ്ടായില്ല. ഇത് അയല്‍വാസികള്‍ക്കിടയിലും ബന്ധുക്കള്‍ക്കിടയിലും വലിയ ചര്‍ച്ചാവിഷയമായി. അതുവരെയും പുത്തന്‍ പ്രസ്ഥാനക്കാരെ കുറിച്ച് അവരൊന്നും കേട്ടിട്ടില്ല. എല്ലാം ഒരു നിമിത്തം മാത്രം. അങ്ങനെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന അദ്ദേഹം അന്നു മുതല്‍ തൊട്ട് അതുവരെ ഞാന്‍ കേട്ട ശബ്ദങ്ങളില്‍നിന്നും അതുവരെ ശീലിച്ച ശീലങ്ങളില്‍നിന്നുമെല്ലാം വ്യത്യസ്തമായ അനുഭവമായി മാറി എനിക്ക്.

ഭര്‍തൃ വീട്ടുകാര്‍
വടിക്കിനിത്തേതില്‍ അഹമ്മദുണ്ണിയുടേയും കണക്കാക്കന്‍ പാത്തുണ്ണിഉമ്മയുടെയും ഏഴു മക്കളില്‍ ആദ്യ പുത്രനാണ് വി. മൂസ മൗലവി. താഴെ അഞ്ചാണും ഒരു പെണ്ണും. വിവാഹസമയത്ത് അവരുടെ ഉപ്പ സുഖമില്ലാതെ കിടക്കുകയായിരുന്നു. കുടുംബത്തിന്റെ അത്താണിയായത് നാല് മാസങ്ങള്‍ക്ക് ശേഷം ഉപ്പയുടെ മരണത്തോടെ. അന്ന് ഇക്കാക്ക് ഇരുപത്തിരണ്ട് വയസ്സ് പ്രായം. അങ്ങനെ അനിയന്മാരില്‍ മൂത്തആളെ ആ കൊല്ലം ശാന്തപുരത്തും മറ്റൊരാളെ തിരൂര്‍ക്കാടും ചെറിയവരെ കുമരനെല്ലൂരിലുള്ള ഇസ്‌ലാഹിയയിലുമാക്കി. കിട്ടുന്ന ചെറിയ വരുമാനത്തില്‍നിന്ന് വലിയ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ആ 'ജീവിത നൗക' അറ്റമില്ലാ കയത്തില്‍ തുഴഞ്ഞ് കരക്കെത്തിക്കാന്‍ പെട്ട പാട് ചില്ലറയല്ല. അതില്‍ ഒരു പങ്കാളി എന്ന നിലയില്‍ ഞാനും ഉമ്മയും അനിയന്മാരുമെല്ലാം ഏറെ അനുഭവിച്ചു; ആരെയും അറിയിക്കാതെ. എന്റെ വീട്ടുകാരെപ്പോലും...
ഇതിനിടക്ക് എന്നെയും അനിയന്മാരെയും ഉമ്മയെയും ഇസ്‌ലാമിനെക്കുറിച്ചും പ്രസ്ഥാനത്തെക്കുറിച്ചും പഠിപ്പിക്കാന്‍ ശ്രമമാരംഭിച്ചു. അന്ന് അദ്ദേഹം തിരൂര്‍ വെട്ടത്ത് പള്ളിയിലും മദ്രസയിലുമായി ജോലി ചെയ്യുന്നു. മാസത്തില്‍ നാലു ദിവസം വീട്ടിലുണ്ടാകും. വീട്ടില്‍ വരുന്ന ദിവസങ്ങളില്‍ ഖുര്‍ആന്‍ അര്‍ഥസഹിതം പഠിക്കാന്‍ സമയം കണ്ടെത്തി. ജമാഅത്ത് നമസ്‌കാരം കര്‍ശനമാക്കി. സുബ്ഹി നമസ്‌കാരാനന്തരം അതേ ഇരിപ്പിലിരുന്ന് സൂറ: യാസീന്‍, അല്‍കഹ്ഫ്, ഹുജറാത്ത്, മുല്‍ഖ്, സജദ, തെരഞ്ഞെടുത്ത സൂറകളുടെ പഠനപാരായണം തുടങ്ങിയവയെല്ലാം നോട്ടെഴുതിയെടുത്ത് പഠിക്കും. അടുത്ത പ്രാവശ്യം വരുമ്പോഴേക്കും പഠിച്ചിരിക്കണം. പിന്നീട് പുതിയ പാഠം. അങ്ങനെ ക്രമപ്രവൃദ്ധമായിട്ടായിരുന്നു ക്ലാസ്സ്. അന്നൊക്കെ ഭര്‍ത്താവായിട്ടല്ല ഒരധ്യാപകനായിട്ടാണ് കണ്ടിരുന്നത്. പഠിച്ചില്ലെങ്കില്‍ നല്ല നുള്ള് കിട്ടും. ഹദീസുകളും പ്രാര്‍ഥനകളും എഴുതി വീട്ടിലെ ചുമരില്‍ തൂക്കുമായിരുന്നു. അക്കാലത്ത് വീട്ടിലേക്കും എനിക്കും അയക്കുന്ന കത്തുകള്‍ മുഴുവന്‍ പഠനങ്ങളും പ്രസ്ഥാനവും നിര്‍ദ്ദേശവുമായിരിക്കും. ആര്‍ക്കും വായിക്കാന്‍ പറ്റുന്ന തരത്തില്‍ ഉമ്മാക്ക് പ്രത്യേക നിര്‍ദ്ദേശം; എന്നെയും അനിയന്മാരെയും പഠനത്തിന് പ്രേരിപ്പിക്കാനും നിര്‍ബന്ധിക്കാനും ആവശ്യമായത് ചെയ്തുകൊടുക്കാനും. ഉമ്മ ആ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. ഇന്ന് ഞാന്‍ ഈ സ്ഥാനത്ത് എത്തിയതിന്റെ പിന്നില്‍ ഇക്കയുടെയും ഉമ്മയുടെയും സഹായവും സഹകരണവുമാണ്.
വിവാഹം കഴിഞ്ഞ് ആറ് മാസമായപ്പോഴേക്കും എന്റെ ഉമ്മാക്ക് വയറ്റില്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ആദ്യമാദ്യം പൊന്നാനി ഗവ: ആശുപത്രിയിലും പിന്നീട് കുന്നംകുളം ചൂണ്ടല്‍ ആശുപത്രിയിലും ചികിത്സിച്ചു; ഏതാണ്ട് നാലുമാസത്തോളം. രണ്ട് ഓപ്പറേഷന്‍ നടത്തി, ഫലമുണ്ടായില്ല. കുറഞ്ഞ നാളുകളേ ഉമ്മ കൂടെ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഉമ്മ മരുമകനെ പഠിച്ചിരുന്നു. അവസാനമായി ഉമ്മ പറഞ്ഞ വാക്കുകള്‍ എന്റെ ഹൃത്തടത്തില്‍ ഒളിമങ്ങാതെ കിടക്കുന്നു. 'എന്റെ മോള് പുതിയാപ്പിളയൊന്നിച്ച് അവന്റെ കൂടെ പൊയ്‌ക്കോ. അവന്‍ നല്ലവനാണ്. ദീനും അറിവുമുള്ളവന്‍. നിന്നെ പഠിപ്പിക്കുമെന്നെന്നോട് പറഞ്ഞിട്ടുണ്ട്. അവനെ അനുസരിച്ച് ഒരു നല്ല ഭാര്യയായി ജീവിക്കണം. അവന്റെ ഉമ്മയാണ് ഇനി നിന്റെ ഉമ്മ. അവരെ സ്‌നേഹിക്കുകയും ആദരിക്കുകയും വേണം. അവര്‍ പടച്ചവനെ പേടിയുള്ളവരാണ്. അതിനാല്‍ മോള്‍ ഒന്നുകൊണ്ടും ഭയപ്പെടേണ്ട. രോഗം മാറിയെങ്കില്‍ വീട്ടില്‍ വന്ന് നമുക്കൊരുമിച്ച് നില്‍ക്കാം.' പക്ഷേ, അതുണ്ടായില്ല. 45-ാം വയസ്സില്‍ ഉമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു. പിന്നീട് ഇന്നുവരെയും രണ്ടുദിവസം തികച്ച് എന്റെ വീട്ടില്‍ എന്നെ നിറുത്തിയിട്ടില്ല. ആഗ്രഹിക്കുമ്പോള്‍ പോകാം. വൈകുന്നേരം തിരിച്ചുവരണം.
ഇക്ക ഉമ്മയോട് പറഞ്ഞതുപോലെത്തന്നെ പ്രവര്‍ത്തിച്ചു. എന്നേയും വീട്ടിലുണ്ടായിരുന്ന അനിയന്‍ മരക്കാരിനേയും ഖുര്‍ആനും ഹദീസുകളും കൂടാതെ അറബിയും പഠിപ്പിക്കാന്‍ തുടങ്ങി. ആദ്യാക്ഷരങ്ങള്‍ തൊട്ട്- നഹ്‌വ് സര്‍ഫ് തുടങ്ങി അഫ്‌സലുല്‍ ഉലമ എന്‍ട്രന്‍സിന്റെ സിലബസനുസരിച്ച്. ഇതെല്ലാം മാസത്തില്‍ നാലുദിവസം വീട്ടില്‍ വരുമ്പോഴായിരുന്നു. അങ്ങനെ കോളേജിലോ മറ്റോ പോവാതെ വീട്ടിലിരുന്ന് പഠിച്ചു.
വിവാഹം കഴിഞ്ഞ് ഏതാണ്ട് രണ്ടര വര്‍ഷത്തോളം പഠിക്കാന്‍ അല്ലാഹു അവസരം ഒരുക്കിത്തന്നു. ഏതാണ്ട് എന്‍ട്രന്‍സ് പരീക്ഷക്കുള്ള സിലബസ് വായിച്ചു തീര്‍ത്തു. അപ്പോഴേക്കും ഞാന്‍ ഗര്‍ഭിണിയായി. പരീക്ഷ എഴുതാനായില്ല. ഈ കാലയളവില്‍ മൂസ മൗലവി വെട്ടത്തു നിന്ന് കൊടുങ്ങല്ലൂരിനടുത്തുള്ള അഴീക്കോടേക്ക് മാറിയിരുന്നു. അവിടെ അറബിക്കോളേജിലും ക്ലാസെടുത്തിരുന്നു. എന്റെ പ്രസവവും നാട്ടുനടപ്പനുസരിച്ച് നടന്നില്ല. എന്റെ വീട്ടിലേക്ക് പോയില്ല. അതും ഇക്കയുടെ വീട്ടില്‍വെച്ച് നടന്നു. 1973-ല്‍ ആദ്യത്തെ കണ്‍മണി പെണ്‍കുട്ടി -ശരീഫ- പിറന്ന് ആറു മാസമായപ്പോഴാണ് ഞാന്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതുന്നത്; ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍. പരീക്ഷ കഴിഞ്ഞുവന്ന ശേഷം ഞാന്‍ വീണ്ടും പഠനത്തിലേക്ക്. അഴീക്കോടുള്ള ഇക്കയുടെ കൂട്ടുകാരന്‍ മുഹമ്മദലി സാറിന്റെയും ഖാസിം മൗലവിയുടെയും എല്ലാവിധ നിര്‍ബന്ധവും ഒത്താശകളും കാരണം ഞാന്‍ അറബിമുന്‍ഷി പരീക്ഷക്കു വേണ്ടി പഠനമാരംഭിച്ചു. ഒരുപാട് അറബി ഗ്രന്ഥങ്ങള്‍ വായിക്കേണ്ടതുണ്ട്. പലതും മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. പഴയ ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ചുകൊണ്ടായിരുന്നു പഠനം. ഇതിനിടക്ക് എന്‍ട്രന്‍സിന്റെ ഫലം വന്നു. സാമാന്യം തരക്കേടില്ലാത്ത മാര്‍ക്കുണ്ട്. മുഹമ്മദലി സാറാണ് ആ വിവരം അറിയിച്ചതും തുടര്‍ന്ന് പഠിക്കാനുള്ള പ്രചോദനവും അനുമോദനവും അറിയിച്ചതും. അടുത്ത പരീക്ഷക്കു വേണ്ട ഏര്‍പ്പാടും അദ്ദേഹം ചെയ്തു. ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പരീക്ഷ എഴുതി. ഖേദകരമെന്ന് പറയട്ടെ, തൃശൂരില്‍നിന്ന് എന്റെ കൂടെ എഴുതിയ 34-ല്‍ 32 പേരും പരാജയപ്പെട്ടു. അത്രക്ക് പ്രയാസമായിരുന്നു ആ കടമ്പ. പിന്നീട് പ്രിലിമിനറി പരീക്ഷ എഴുതാമെന്ന തീരുമാനത്തില്‍ കുമരനെല്ലൂരിലെ ഇസ്‌ലാഹിയയില്‍ ആദ്യമായി കോഴ്‌സ് തുടങ്ങുന്നെന്നറിഞ്ഞ് അവിടെ ചേര്‍ന്നു. വീട്ടില്‍നിന്ന് ഒരു മണിക്കൂര്‍ നടക്കാനുണ്ട്. വാഹന സൗകര്യമില്ല. വീട്ടിലെ ജോലിയും കുട്ടിയുടെ പരിപാലനവും കഴിച്ച് നല്ലവരായ ഉമ്മയെ ഏല്‍പ്പിച്ച് ഒരോട്ടമാണ്. ഓടിക്കിതച്ചെത്തുമ്പോഴേക്കും ക്ലാസ് തുടങ്ങിക്കാണും. അന്ന് സ്‌കൂളില്‍ എന്റെ കൂടെ പഠിച്ചവര്‍ എസ്.എസ്.എല്‍.സിക്ക് ശേഷം ആ കോളേജില്‍ ചേര്‍ന്നിരുന്നു. അധ്യാപകരില്‍ പ്രമുഖര്‍ എം.കെ കുമരനെല്ലൂരും മുഹമ്മദ് മൗലവി പെരുങ്ങോടുമാണ്. അക്കാലത്ത് അവിടെ നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് ആദ്യമായി ഞാന്‍ പ്രസംഗിക്കുന്നത്. 'കുടുംബജീവിതം ഇസ്‌ലാമില്‍' എന്നതായിരുന്നു വിഷയം. ജീവിതത്തിലാദ്യമായി ഒരു സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് പ്രസംഗിച്ചു. അതില്‍വെച്ചാണ് ഞാന്‍ ആ കാലഘട്ടത്തിലെ പ്രസ്ഥാനപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ അറിയപ്പെട്ടിരുന്ന ഫാത്വിമാ ഉമറിനെ കാണുന്നതും പരിചയപ്പെടുന്നതും. അവര്‍ പങ്കെടുത്ത പരിപാടിയിലാണ് എന്റെ കന്നിപ്രസംഗം. ഇപ്പോള്‍ പാലക്കാടുള്ള ആയിശാ സുല്ലമി വിശിഷ്ടാതിഥിയായുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു കാല്‍വെപ്പായിരുന്നു അത്.
(അടുത്ത ലക്കത്തില്‍ തുടര്‍ന്ന് വായിക്കുക)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top