പെരുന്നാള്‍ പെരുമയുടെ ത്രികാലഭേദങ്ങള്‍

പി.ടി. കുഞ്ഞാലി No image

      കൗതുകം കിനിയുന്ന കുഞ്ഞുങ്ങളും ഒപ്പം വാര്‍ധക്യങ്ങളും ചക്രവാളങ്ങളുടെ വെളിമ്പുകളില്‍ ശവ്വാലിന്റെ അമ്പിളിച്ചീന്ത് പരതും കാലം. അവരുടെ ജീവിതത്തിന് അന്നു പൂര്‍വ്വാധികം ഉത്സാഹം. വ്രതശുദ്ധിയുടെ പരിമളം അപ്പോള്‍ അത്തറിന്റെ വിസ്മയ ഗന്ധത്തിലേക്ക് ഉണരും. പട്ടിണിയുടെയും വിശപ്പിന്റെയും ഉന്മാദം ഭക്ഷണ സമൃദ്ധിയുടെ താമ്പാളത്തിലേക്ക് വെന്തുനില്‍ക്കും കാലം. പിന്നിക്കീറിയ പഴന്തുണികള്‍ കുടഞ്ഞെറിയാന്‍ വാരിളം മേനികള്‍ ത്രസിക്കും കാലം. കളിമേളപ്പെരുക്കങ്ങളാല്‍ ജീവിതത്തിന്റെ ഗൗരവ കാര്‍ക്കശ്യം ഉരുകിയൊലിക്കും കാലം.
നവജാത തലമുറക്കപ്പുറം നില്‍ക്കുന്ന ഒരു പെരുന്നാള്‍ക്കാലം അങ്ങനെയാണ്. ജീവിതത്തെ എന്നും അതിന്റെ സമഗ്ര ലാളിത്യത്തില്‍ മാത്രം അനുഭവിക്കാന്‍ അവസരമായ കാലം. പ്രവാസത്തിന്റെ മേദസ്സും വിദ്യാഭ്യാസ ഉല്‍ക്കര്‍ഷത്തിന്റെ ദ്രവ്യപ്പകിട്ടും ആഹാരങ്ങളിലേക്കും വസ്ത്ര പളപ്പുകളിലേക്കും ആവിഷ്‌കരിക്കാത്ത കാലം.
അന്നു റമദാന്‍ അറുതിക്കടുക്കുമ്പോഴേക്കും വീട്ടമ്മമാര്‍ സംഘര്‍ഷപ്പെട്ടു തുടങ്ങും. എങ്ങനെയാവും നാളെയുടെ പെരുന്നാളിന്റെ സന്തോഷം വീടകങ്ങളില്‍ നിറക്കുക. പക്ഷേ ഏതു ദാരിദ്ര്യത്തിന്റെ കാളിമയിലും അവരുടെ മനസ്സിന്റെ ആകാശത്ത് ഒരു പെരുന്നാളമ്പിളി പൂത്തുനിന്നു. അവസാനത്തെ റമളാന്‍ ദിനങ്ങളും അറുതികളിലേക്ക് വഴുതുമ്പോള്‍ ആഘോഷത്തിന്റെ ഭൗതിക കോപ്പുകള്‍ സമാഹരിക്കാന്‍ അവര്‍ ബദ്ധപ്പെടുന്നു. ഒരാണ്ടായി സൂക്ഷിച്ചു വെച്ച ഇത്തിരി നെല്ലു നനച്ചു കുത്തി തവിടു കളയാത്ത അരിമണികള്‍ വീണ്ടും കുതിര്‍ത്തു കഴുകി മര ഉരലുകളില്‍ ഇടിച്ചു തെള്ളുന്നു. പാതിരാത്രിയിലും അതു ശര്‍ക്കരപ്പാവുകളില്‍ കലര്‍ത്തിവെക്കുന്നു. ശവ്വാല്‍ അമ്പിളി വിരുന്നെത്തുന്നതോടെ ഈ ശര്‍ക്കരപ്പാവുകള്‍ വെന്ത വെളിച്ചെണ്ണയില്‍ കുളിച്ചു കയറുന്നു. ഇതു പെരുന്നാള്‍ ചീരിണി. അന്നു വീടകങ്ങളിലെ സത്രീകള്‍ക്ക് വെപ്പറകളില്‍ ഉറക്കമില്ലാത്ത രാത്രികള്‍.
വിവര വിനിമയങ്ങള്‍ക്ക് ശരവേഗ യന്ത്രങ്ങള്‍ ഒന്നുമില്ലാത്ത കാലം. പെരുന്നാള്‍ പിറ മേഘച്ചിറകുകളില്‍ വരവറിയിച്ചു പോയതു നഗരങ്ങളിലെ ആസ്ഥാന പള്ളിയിലെത്തണം. ഖാളിയാക്കളും നാട്ടുപ്രമാണിമാരും നോമ്പുതുറയും സൊറവട്ടവും കഴിഞ്ഞെത്തിയിട്ടു വേണം പിറ കണ്ടവരെ വിചാരണക്ക് വിളിക്കാന്‍. അതത്രയും തീരുമാനത്തീര്‍പ്പിലെത്തിയാലേ പെരുന്നാള്‍ പ്രഖ്യാപിക്കാവൂ. അതിന്റെ ഔപചാരിക വട്ടങ്ങളൊക്കെ അറുതിയാകാന്‍ തന്നെ സമയം പാര്‍ക്കും. പ്രഖ്യാപനങ്ങള്‍ നഗരങ്ങളില്‍നിന്നും വിദൂര ഗ്രാമങ്ങളിലേക്കു സംക്രമിക്കാന്‍ സൗകര്യങ്ങള്‍ ഏതുമില്ല. ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കു കൂവി വിളിച്ചും പെരുമ്പറ കൊട്ടിയും നോമ്പറുതിയും പെരുന്നാള്‍ പിറവിയും ജനമറിയുന്നു. ചന്തകള്‍ പിരിഞ്ഞു നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കു മടങ്ങുന്ന കാളവണ്ടിക്കാരാവും വാര്‍ത്തകളുടെ വിതരണക്കാര്‍. വളരെ പിന്നെയാണ് റേഡിയോ നാടകങ്ങളിലെ പെരുന്നാള്‍ അറിവിന്റെ ചുമതലയിലേക്കു വന്നത്. അന്ന് സമ്പന്ന ഗൃഹങ്ങളുടെ പൂമുഖങ്ങളില്‍ ആദരവോടെ റേഡിയോ ആനയിക്കപ്പെട്ടു. അതിനു ചുറ്റും ചെറുബാല്യങ്ങള്‍ കുരവയിട്ടു.
ആചാരവിധികള്‍ പൂര്‍ത്തിയാക്കി നനുത്ത ശബ്ദത്തില്‍ ശവ്വാല്‍ പിറവിയുടെ വീചികള്‍ വാങ്മയമായി. അതോടെ വീടകങ്ങളില്‍ തിരക്കിരമ്പി. കലങ്ങളും കുഞ്ഞു താമ്പാളങ്ങളും പരസ്പരം കൈകൊട്ടിച്ചിരിച്ചു. അവയ്ക്ക് നാളെ പെരുന്നാളിനെ ഈറ്റെടുക്കണം. രുചിയൂറുന്ന സമൃദ്ധ ഭക്ഷണം അവയിലൂടെ സാധിതമാകുന്നതാണ് അവരുടെ പെരുന്നാള്‍. എത്ര നാളുകളായി അത്തരം ഒരു പുണ്യകര്‍മത്തിനു അവസരമായിട്ട്. ഉമ്മമാര്‍ക്കന്നു തിരക്കിന്റെ പെരുന്നാളാണ്. അന്തിപ്പാതിരയും പിന്നിട്ടെത്തുന്ന ഒരു തുണ്ടു മാംസം നുറുക്കി കൂശ്മാണ്ടച്ചീളുകള്‍ സമംചേര്‍ത്ത് മണ്‍കലങ്ങളില്‍ വേവിച്ചെടുക്കണം. അപ്പോഴും ഇറച്ചിക്കലത്തിന്റെ മാദകഗന്ധത്തിനു അകമ്പടി നില്‍ക്കുന്ന കുസൃതിക്കുടുക്കകള്‍. അവര്‍ക്കതില്‍ നിന്നും പങ്കുവേണം. ചിണുങ്ങിനില്‍ക്കുന്ന ഇളം ബാല്യങ്ങള്‍ക്കിത് കൊതിയുടെ പെരുന്നാള്‍. പെണ്‍കുട്ടികള്‍ക്കന്നു മറ്റൊരു പെരുന്നാള്‍ തിരക്കുണ്ട്. അതു മൈലാഞ്ചിപ്പെരുന്നാള്‍. മൈലാഞ്ചിയിലകള്‍ക്കെന്നും മുസ്‌ലിം സ്ത്രീകളില്‍ പോരിശയുണ്ട്. വിലക്കപ്പെട്ട പഴം പറിച്ചു മലിനമായ കരതലങ്ങള്‍ ആദം ദമ്പതിമാര്‍ വിമലീകരിച്ചത് സ്വര്‍ഗ്ഗത്തിലെ മൈലാഞ്ചിയിലകള്‍ പറിച്ച് കൈവെള്ളയില്‍ പൊതിഞ്ഞാണ്. മദീനയിലെ ചെറുബാല്യങ്ങള്‍ വിശേഷ നാളുകളില്‍ മൈലാഞ്ചി വര്‍ണ്ണം കൊണ്ട് കൈവെള്ളകള്‍ അലങ്കരിക്കാറുണ്ടായിരുന്നു. അല്ലെങ്കിലും മൈലാഞ്ചിയുടെ ഇളം ചുവപ്പിനു സ്വര്‍ഗ്ഗീയമായൊരു പരിമളമുണ്ട്. ഉടുവസ്ത്രങ്ങളൊക്കെയും ഊരിക്കഴിഞ്ഞ മൈലാഞ്ചിച്ചെടി അന്ന് പെരുന്നാള്‍ കാലങ്ങളില്‍ നാണിച്ചുനില്‍ക്കും. പെണ്‍കിടാങ്ങള്‍ ഉറക്കമിളക്കുന്ന രാത്രിയാണത്. അവര്‍ സംഘം ചേര്‍ന്നു പരസ്പരം കൈകളില്‍ ചക്കപ്പശയുടെ ലായനികള്‍ കൊണ്ടു പൊട്ടുകള്‍ ചാര്‍ത്തുന്നു. കല്ലമ്മിയില്‍ അരച്ചുരുട്ടിയ മൈലാഞ്ചിച്ചാര്‍ത്ത് ഒരു കവിത എഴുതുന്ന ശ്രദ്ധയോടെ അവര്‍ പരസ്പരം കൈകളില്‍ തേച്ചുപിടിപ്പിക്കുന്നു. അടുക്കളകളില്‍ എരിപൊള്ളുന്ന ഉമ്മമാരോടൊപ്പം അവര്‍ ഇലച്ചാര്‍ത്ത് പൊത്തിയ കൈകളുമായി രാക്കഥകള്‍ പറഞ്ഞിരിക്കുന്നു. ഉമ്മമാരുടെ പഴയ പെരുന്നാള്‍ കിസ്സകള്‍ അങ്ങനെയാണു തലമുറകളിലേക്ക് അവര്‍ വിനിമയം ചെയ്തത്.
തിരക്കുകള്‍ ഇരമ്പുന്ന പെരുന്നാള്‍ രാത്രി. എന്തെന്തു ഒരുക്കങ്ങള്‍ ചെയ്തുതീര്‍ക്കണം. നാളെ വിളമ്പാനുള്ള ചോറിനു കല്ലുകടിക്കാതിരിക്കാന്‍ അവയൊക്കെയും നോക്കിപ്പെറുക്കണം. ഉരലും അമ്മിയുംകൂടി അന്നു പെരുന്നാള്‍ തിമിര്‍പ്പിലാണ്. ഉലക്കത്തണ്ടുകള്‍ കടുംതുടി കൊട്ടുന്ന നാദസാന്ദ്രിമ അന്നു ഗ്രാമ്യ രാത്രികളില്‍ സാധാരണമായി. അന്നു പെരുന്നാള്‍ കുളി എന്നൊന്നുണ്ട്. ചാരവും താളിയും മാത്രം പരിചിതമായ വീടുകളില്‍ ഒരു സോപ്പു പ്രത്യക്ഷപ്പെടുക പെരുന്നാള്‍ തലേന്നും.
അന്നൊരു യാമമേ ഉറക്കമുള്ളു. രാത്രി നാലാം യാമത്തിലേക്കാഞ്ഞാല്‍ വീടുകളത്രയും ഉണരുകയായി. കിണറുകളും കുളിപ്പുരകളും ഒട്ടും സാധാരണമല്ലാത്ത അക്കാലത്ത് പെരുന്നാള്‍ നീരാട്ട് പുഴക്കടവുകളില്‍. കഴുകി എടുക്കാനുള്ള വിഴുപ്പും പാത്രങ്ങളുമായി സംഘം സംഘമായി വീട്ടുകാര്‍ കൂട്ടത്തോടെ കടവുകളില്‍ തിമിര്‍ത്തുനിന്നു. നേരത്തേ ഉണര്‍ന്ന കടവുകളില്‍ അപ്പോള്‍ നദിയുടെ നേര്‍ത്ത കല്ലോലങ്ങളും തക്ബീര്‍ ചൊല്ലി. അലക്കു കല്ലുകളോടു മല്ലിട്ടു തളര്‍ന്ന വീട്ടുകാരികള്‍ വിരിച്ചുണക്കാനുള്ള ഈറന്‍ ചുമടുകളും വിരലുകളില്‍ കിടാങ്ങളുമായി തിരിച്ചുപോരുന്നു. നിരനിരയായി തെളിയുന്ന ചൂട്ടുകറ്റകള്‍ അവര്‍ക്കപ്പോള്‍ പെരുന്നാളാഘോഷങ്ങളുടെ വഴി തെളിച്ചു. വാസനാ സോപ്പു തേച്ചൊരു പെരുന്നാള്‍ കുളി. അന്നു വീടകങ്ങളിലൊക്കെയും പരിമള സോപ്പിന്റെ പെരുന്നാള്‍ ഗന്ധം തുളുമ്പിനിന്നു.
അക്കാലങ്ങളില്‍ പെരുന്നാള്‍ പ്രാര്‍ത്ഥന വളരെ വൈകുംകാലമായിരുന്നു. ഉച്ചയോടടുക്കുമ്പോള്‍ പെരുന്നാള്‍ നമസ്‌കാരം. കുത്തരിച്ചോറും കൂശ്മാണ്ഡം സമം ചേര്‍ന്ന കാളക്കറിയും പെരുന്നാള്‍ 'മാഇദ' സമ്പൂര്‍ണ്ണമാക്കി. ഇറച്ചിക്കോഴികള്‍ വിരുന്നിനെത്താത്ത അക്കാലത്ത് നാട്ടുകോഴികള്‍ പുതിയാപ്ലമാരെ കാത്ത് അപ്പോഴും കൂടുകളില്‍ വിശ്രമിച്ചു. പെരുന്നാള്‍ ഭക്ഷണവും കഴിച്ച് ആണുങ്ങളൊക്കെയും പള്ളിത്തളങ്ങളിലേക്ക് നമസ്‌കാരത്തിനെത്തും. കുട്ടികള്‍ പക്ഷേ അപ്പോഴും വൃഥാ കളികേളികളില്‍ മുഴുകിനിന്നു. അന്നത്തെ സഹോദരിമാരുടെ പെരുന്നാള്‍ കാര്യം ഏറെ സങ്കടമായി. ഭക്ഷണപ്പാചകവും അടുക്കളയുമായി അവര്‍ ഒതുങ്ങിക്കൂടി. അവരുടെ പെരുന്നാള്‍ സുദിനം കറിച്ചട്ടിയുടെ കരിപ്പാടങ്ങളിലും കുട്ടികളുടെ മൂക്കൊലിപ്പിലും നിറംകെട്ടുനിന്നു. അവര്‍ക്കു പള്ളിയും പ്രാര്‍ത്ഥനയും അസാധ്യമായി.
പള്ളിയും പ്രാര്‍ത്ഥനയും നിഷേധിക്കപ്പെട്ട ഈ സമൂഹം പ്രവാചകപ്പെരുന്നാളിന്റെ ചാരുതയറിയാതെ അന്ധവിശ്വാസത്തിന്റെ ഇരുട്ടുപാടങ്ങളില്‍ കൊയ്ത്തിനെത്തി. പെരുന്നാള്‍ മുന്നോട്ടു വെയ്ക്കുന്ന മൗലികമായ ലക്ഷ്യവും സന്ദേശവും അന്നത്തെ പണ്ഡിതക്കൂട്ടം പൊതുസമൂഹത്തെ ബോധ്യമാക്കിയതേയില്ല. സാമൂഹ്യജീവിതത്തിന്റെ വിമലീകരണവും സംഘജീവിതത്തിന്റെ ആര്‍ദ്ര വിഭാതങ്ങളും പെരുന്നാള്‍ മുന്നോട്ടു വെക്കുന്ന മൗലികമായ ലക്ഷ്യങ്ങളാണ്.
ദരിദ്രരും സമ്പന്നരുമെന്ന വൈജാത്യങ്ങള്‍ പെരുന്നാള്‍ സുദിനത്തില്‍ അപ്രത്യക്ഷമാകണം. ദാരിദ്ര്യം അദൃശ്യമാകുന്ന ശുഭസുദിനം. അതിനു ഇസ്‌ലാം വ്യവസ്ഥ വെച്ച സകാത്തു പോലും അന്നു സമ്പന്നര്‍ നല്‍കിയതേയില്ല. പലര്‍ക്കുമത് അറിയാതെയായി. നല്‍കുന്നവര്‍ തന്നെ അതു പെരുമക്കും പേരിനും വേണ്ടി മാത്രം ഉപയോഗപ്പെടുത്തി. നിര്‍ബന്ധ ദാനമായ സകാത്തുല്‍ഫിത്ര്‍ തേടി ദരിദ്രജനം സമ്പന്നരുടെ മാളികമുറ്റങ്ങളിലേക്ക് പാതിരാത്രിയില്‍ ദൈന്യയാത്രകള്‍ സംഘടിപ്പിച്ചു. സമ്പന്നരുടെ സമ്പാദ്യത്തില്‍ ദരിദ്രരുടെ അവകാശം ഒരിക്കലും അവരെത്തേടി അവരിലേക്ക് സഞ്ചരിച്ചില്ല. അതെല്ലാം അന്നത്തെ മതപണ്ഡിത നേതൃത്വം ഒളിപ്പിച്ചുനിര്‍ത്തി. അവര്‍ അനുഷ്ഠാന കാര്‍ക്കശ്യത്തിന്റെ ചൂണ്ടയില്‍ കൊളുത്തിനിന്നു.
കാലത്തിന്റെ സഞ്ചാര വേഗം എത്ര പെട്ടെന്നായിരുന്നു. ഇന്നു പഴയ തീര്‍പ്പുകളൊക്കെയും മാറി. കേരളത്തില്‍ ഈയൊരു പരിവര്‍ത്തനം കൊണ്ടുവന്നതു സംഘടിതമായ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുതന്നെയാണ്. പെരുന്നാള്‍ മുന്നോട്ടു വെക്കുന്നതു മാനവ സൗഹൃദത്തിന്റെ ഉദാത്ത മാതൃകകളാണെന്നും അതിനു സ്ത്രീ സാന്നിധ്യം തിരസ്‌കൃതമല്ലെന്നുമുള്ള വലിയൊരു സന്ദേശമാണതു നല്‍കിയത്. മുസ്‌ലിം സ്ത്രീ ശാക്തീകരണം കേരളത്തില്‍ പ്രബലപ്പെട്ടതോടെ നമ്മുടെ പെരുന്നാള്‍ ആഘോഷത്തിന്റെ രാശികള്‍ മാറി. ഭക്ഷണവും പുരുഷ പ്രജകളുടെ ആരാധനാ അനുഷ്ഠാനങ്ങളും മാത്രമല്ല പെരുന്നാളെന്നു അവര്‍ക്ക് സ്വയം ബോധ്യമായിത്തുടങ്ങി. പെരുന്നാളിന്റെ ഏറ്റവും ഉര്‍വരമായ അനുഷ്ഠാന ബാധ്യത പെരുന്നാള്‍ പ്രാര്‍ത്ഥനയാണെന്നും അതില്‍ സ്ത്രീ സമാജത്തിനും ഉല്‍സാഹത്തോടെ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടെന്നും അവര്‍ പഠിപ്പിക്കപ്പെട്ടു. അടുക്കളയുടെ കരിപ്പാടങ്ങളില്‍ നിന്നും സഹോദരിമാര്‍ ഈദ്ഗാഹുകളിലേക്ക് വിമോചിക്കപ്പെട്ടു. അനുഷ്ഠാനങ്ങളുടെ വെടിപ്പുകള്‍ ഭൗതിക സമൃദ്ധികള്‍ പങ്കുവെക്കാനുള്ള ഉപകരണങ്ങളാണെന്ന ബോധം അവരിലേക്ക് ഗാഢമായി പുണര്‍ന്നുനിന്നു. സമ്പത്തിലെ സകാത്തും പെരുന്നാള്‍ ദിനത്തിലെ ഫിത്‌റും സമൂഹത്തിന്റെ അവകാശമാണെന്ന് നാം അറിഞ്ഞുകഴിഞ്ഞു. അങ്ങനെ കൂട്ടത്തോടെ ഈദ്ഗാഹിലേക്കൊഴുകിയ സഹോദരിമാര്‍ അതുകഴിഞ്ഞു അല്ലാഹുവിനോട് കരങ്ങള്‍ ഉയര്‍ത്തി ആത്മീയ ഭൗതിക മോക്ഷങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചുനിന്നു. ആ പ്രാര്‍ത്ഥനയുടെ ഫലം ഭൗതിക ജീവിതത്തില്‍ തന്നെ അവര്‍ക്ക് പ്രാപ്തമായി.
നിസ്സാരമായ മൂപ്പിളമത്തര്‍ക്കങ്ങള്‍ അഗാധമായ വിള്ളലുകള്‍ വീഴ്ത്തിയ പഴയ കുടുംബബന്ധങ്ങള്‍ അതോടെ എത്രയോ ആര്‍ദ്രമായി. പെരുന്നാള്‍ ദിനങ്ങളില്‍ കുടുംബങ്ങള്‍ ഒത്തുചേരുന്നതും അവര്‍ പൊതുപാചകത്തിലൂടെ ഭക്ഷണം സമാഹരിക്കുന്നതും പതിവായി. കുടുംബ സന്ദര്‍ശനങ്ങളും അതിലൂടെ വികസിക്കുന്ന ദാനാദാനങ്ങളും ഏറെ സമൃദ്ധമായി. അതിരാവിലെ ഗ്രാമങ്ങളിലെ ആബാലവൃദ്ധം പൊതു അനുഷ്ഠാന കേന്ദ്രങ്ങളില്‍ ഒത്തുകൂടുകയും അവിടെ വെച്ചു സാമൂഹ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ചക്കെടുക്കുകയും ചെയ്തു. കുട്ടികളും പെരുന്നാള്‍ ആഘോഷത്തിന്റെ ആത്മാവിലേക്ക് ഉയര്‍ന്നുനിന്നു. ഇതു കേരളീയ പൊതുജീവിതത്തില്‍ സംഘപ്രവര്‍ത്തനം കൊണ്ടുവന്ന ധീരമായ നവീകരണം തന്നെയാണ്.
ഇന്നു പക്ഷേ നാം തിരിഞ്ഞുനോക്കുമ്പോള്‍ അത്ര ശുഭമല്ല കാര്യങ്ങള്‍. നിരവധി പോരാട്ടങ്ങളിലൂടെ നാം സമാഹരിച്ച നവോത്ഥാന മൂല്യങ്ങള്‍ നവജാത സമൂഹം ഗൗരവത്തില്‍ കാണാതെ പോവുന്നു. അവര്‍ കുടുംബ ബന്ധത്തിന്റെ ആര്‍ദ്രതയെ അവനവനെന്ന ശുഷ്‌കത്തിലേക്ക് ഒടിച്ചെടുത്തു കഴിഞ്ഞു. വീട്ടിലെ ആഹാരത്തില്‍ അവര്‍ക്ക് രുചി കണ്ടെത്താന്‍ കഴിയുന്നില്ല. സാമൂഹ്യ നവോത്ഥാനത്തിന്റെ സര്‍വ്വ മൂല്യങ്ങളേയും ഇവര്‍ അപഹാസ്യമായിക്കാണുന്നു. അടുത്തുള്ളവരെ കണ്ടെത്താന്‍ ഇവര്‍ക്ക് നേരം കിട്ടാതെ പോകുന്നു. അവര്‍ വിദൂരത്തുള്ളവരോടു നിര്‍ത്താതെ സംസാരിക്കുകയാണ്. അടുക്കളകള്‍ കാഴ്ചവസ്തുക്കളാവുകയും ആഹാരം കെട്ടുകളായി പുറം കമ്പോളത്തില്‍ നിന്നും തീന്‍മേശയിലേക്കിരമ്പുകയും ചെയ്യുന്നു. പെരുന്നാള്‍ ആഘോഷത്തിന്റെ വിഭവങ്ങളും വിനോദങ്ങളും നിര്‍ണ്ണയിക്കുന്നതു കമ്പോളമായി. പെരുന്നാള്‍ പ്രാര്‍ത്ഥനയും ഈദ്ഗാഹുകളും കൂടി പ്രകടനപരതയുടെയും താന്‍പോരിമയുടെയും അരങ്ങായി മാറുന്നു. നമ്മുടെ നവോത്ഥാന മൂല്യങ്ങള്‍ ക്ലാവുകയറി എവിടെയോ വീണുപോയിരിക്കുന്നു. വിശ്വാസബോധ്യങ്ങളെ കര്‍മ്മജീവിതത്തിലേക്ക് ആവിഷ്‌കരിക്കാന്‍ മറ്റൊരു നവോത്ഥാന ക്രിയക്കു ഇനി മുന്നില്‍ നില്‍ക്കേണ്ടത് മൂല്യബോധമുള്ള കുടുംബിനികള്‍ തന്നെയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top