ചലനമറ്റവര്‍ക്ക് താങ്ങായി മുസ്തഫ

ഫൗസിയ ഷംസ് No image

      കാലം ചില ജീവിതങ്ങളെ ചരിത്രത്തോട് ചേര്‍ത്തുവെക്കാറുണ്ട്. ചില്ലുജനാലയിലെ ഇത്തിരി വെട്ടത്തിലൂടെ മാത്രമേ ഇനി ആകാശവും ഭൂമിയും മഞ്ഞും മഴയും വെയിലും കാണാന്‍ യോഗമുള്ളൂ എന്നുപറഞ്ഞ് വൈദ്യശാസ്ത്രം കൈമലര്‍ത്തിയ മുസ്തഫ ജീവിതത്തിന് വസന്തങ്ങള്‍ ചാര്‍ത്തി നാടിന്റെ പച്ചപ്പായി മാറുമ്പോള്‍ ആദ്യം നാം ഓര്‍ത്തുപോവുന്നതും അതുതന്നെയാണ്. എത്രയോ തവണ കേട്ടതാണെങ്കിലും 2015 ലെ കേരളമാപ്പിള കലാ അക്കാദമി പുരസ്‌കാരം കോഴിക്കോട് കടപ്പുറത്തെ നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി മുസ്തഫ ഏറ്റുവാങ്ങാന്‍ വന്നപ്പോള്‍ അന്നേ മനസ്സിലുറപ്പിച്ചതായിരുന്നു അദ്ദേഹത്തെ പേ|ായി ഒന്നു കാണണമെന്ന്. മലപ്പുറത്ത് ബസ്സിറങ്ങി ചെട്ടിപ്പടി ചെമ്മംകടവിലെ അദ്ദേഹത്തിന്റെ വീടിന്റെ ദിശയറിയാനായി വിളിച്ചു. കുറച്ചുകൂടി മുന്നോട്ടുനടക്കൂ ഞാനിവിടെയുണ്ട് എന്നായിരുന്നു മറുപടി. വീടിന്റെ കോലായില്‍ വീല്‍ചെയറില്‍ കാത്തിരിക്കുന്ന ഒരാളായിരുന്നു മനസ്സിലെ സങ്കല്‍പ്പത്തില്‍. ചെമ്മംകടവിലെ ഹോസ്പിറ്റലിനുമുന്നില്‍ നിര്‍ത്തിയിട്ട കാറില്‍നിന്നും കൈവീശി വിളിക്കുന്നയാളെ കണ്ടപ്പോള്‍ എന്തിനായിരിക്കും വിളിക്കുന്നതെന്നറിയാനായി അടുത്തേക്കുപോയതാണ്. പക്ഷേ കൈ മാടിവിളിച്ചത് മുസ്തഫയെന്ന വിധിയോട് കെറുവുകാണിക്കാത്ത ആ വലിയ മനുഷ്യനായിരുന്നു. അവാര്‍ഡുകളും അനുമോദനങ്ങളും ഒരുപാട് ഏറ്റുവാങ്ങിയ നിശ്ചയധാര്‍ഢ്യത്തിന്റെ പ്രതീകമായ മുസ്തഫക്ക് ആഴ്ചകള്‍ക്കുമുമ്പ് മറ്റൊരു അവാര്‍ഡ് കൂടി സീകരിക്കാനായി തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നിരുന്നു. ആ യാത്രയില്‍ കാറിന്റെ ചൂടായ ചില്ലില്‍തട്ടി സ്പര്‍ശന ശേഷിയില്ലാത്ത കാലിന് വന്ന മുറിവ് തുന്നിക്കെട്ടാന്‍ നാട്ടിലെ ആശുപത്രിയില്‍ പോയി വരുന്ന വഴിയാണ്. കാറിന്റെ ചക്രം വീടിനെ ലക്ഷ്യമാക്കി പായുന്നതോടൊപ്പം തന്നെ മനസ്സും മുസ്തഫ പിന്നോട്ടേക്ക് തിരിച്ചു. ഓര്‍മകളെ റിവേഴ്‌സ് ഗിയറിലിടുമ്പോള്‍ മുസ്തഫയുടെ മനോമുകരത്തില്‍ തറഞ്ഞുനില്‍ക്കുന്നത് മലപ്പുറം നൂറടിപ്പാലത്തിനരികിലെ ആ അത്യാഹിതമാണ്. കാലം കരുതിവെക്കുന്ന പ്രസരിപ്പും ഓജസ്സും നിറഞ്ഞുനില്‍ക്കുന്ന യൗവനത്തില്‍ സംഭവിച്ച ആ ദുരന്തം. ജീവിതത്തിന്റെ ചടുലതക്ക് ബ്രേക്കിട്ടുപോകുമെന്നുകരുതിയ അത്യാഹിതം ഓട്ടോറിക്ഷയുടെ രൂപത്തിലാണ് വന്നത്.
മലപ്പുറം ജില്ലയിലെ കോഡൂര്‍ ചെമ്മംകടവ് സ്വദേശിയായ കര്‍ഷക മാതാപിതാക്കളുടെ മകനാണ് മുസ്തഫ തോരപ്പ. മലപ്പുറത്തിന്റെ യൗവനങ്ങളുടെ ജീവിതത്തിന് നിറച്ചാര്‍ത്തുകള്‍ നല്‍കിയ ഗള്‍ഫ് തന്നെയായിരുന്നു ജീവിതത്ത|ിന്റെ വഴികള്‍ തണുപ്പിക്കാന്‍ ആദ്യം മുസ്തഫ തെരഞ്ഞെടുത്തത്. ആറുവര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടില്‍ ബേക്കറിയും ടാക്‌സിക്കാറുമായി കുടുംബത്തോടൊപ്പം കഴിയാനാഗ്രഹിച്ചിരിക്കുമ്പോഴാണ് വിധി ഓട്ടോറിക്ഷാ അപകടത്തിന്റെ രൂപത്തിലെത്തിയത്. 1994-ല്‍ 20 വര്‍ഷം മുമ്പു വിധി മാറ്റിയെഴുതിയ ആ അപകടം നടന്നത് 28-ാം പിറന്നാളാഘോഷിച്ചതിന്റെ പിറ്റേന്നായിരുന്നു. കല്ല്യാണം കഴിഞ്ഞ് മൂന്നു വര്‍ഷം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ.
'വീട്ടില്‍ എന്തോ ചെറിയൊരു പരിപാടി നടക്കുന്നുണ്ടായിരുന്നു. ഞാന്‍ സാധനം വാങ്ങാന്‍ വേണ്ടി ഓട്ടോയില്‍ പോയതാണ്. നൂറടിപ്പാലത്തിനടുത്തെത്തിയപ്പോള്‍ ഞാന്‍ സഞ്ചരിച്ച ഓട്ടോ മറ്റൊരു ഓട്ടോയുമായി കൂട്ടിയിടിച്ചു. പുറമേക്ക് ഒരപകടവും പറ്റാത്ത ഒരുതുള്ളിച്ചോരപോലും പൊടിയാത്ത ചെറിയൊരപകടം.' പക്ഷേ നെഞ്ചിനു കീഴ്‌പ്പോട്ട് മറ്റ് ഭാഗങ്ങള്‍ ചലിപ്പിക്കാനാകുന്നില്ല' അപകടസ്ഥലത്തെത്തിയവര്‍ ആദ്യം എത്തിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍. പിന്നെ അവിടെനിന്നും മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളെജിലേക്ക്. ശരീരത്തെ താങ്ങിനിര്‍ത്താനായി ദൈവം സംവിധാനിച്ച നട്ടെല്ലിന് പരിക്കുപറ്റിയതായും സുഷുമ്‌ന നാഡി അറ്റുപോയതായും ഡോക്ടര്‍മാര്‍ കണ്ടെത്തി. പിന്നീട് ആശുപത്രികളില്‍നിന്നും ആശുപത്രികളിലേക്ക് മാറിമാറിയുള്ള യാത്രയായിരുന്നു. പക്ഷേ വൈദ്യശാസ്ത്രത്തിന് ശാസ്ത്രം പറഞ്ഞുകൊടുത്ത പ്രതിവിധികളൊക്കെയും മുസ്തഫയുടെ മുമ്പില്‍ തോറ്റുപോയി. 'ശരീരത്തിന്റെ ചലനശേഷി 95 ശതമാനവും നഷ്ടപ്പെട്ടിരിക്കുന്നു. ജീവിതത്തിലൊരിക്കലും ഇനി എണീറ്റു നടക്കാനാവില്ല. ബെഡ്‌സോര്‍ വരാതിരിക്കാന്‍ ഈ രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ തിരിച്ചും മറിച്ചും കിടത്തുക. അതുമാത്രമേ ഇനി ചെയ്യാനുള്ളൂ.' വൈദ്യശാസ്ത്രത്തിന്റെ പരിമിതികള്‍ വെച്ചുകൊണ്ട് വൈദ്യകുലത്തില്‍ എണ്ണം പറഞ്ഞ, കസ്തൂര്‍ബാ മെഡിക്കല്‍ കോളെജിലെ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോക്ടര്‍ മൊഹന്തിയുടെ വാക്കുകള്‍ കുടുംബത്തിന്റെ പ്രതീക്ഷയുടെ എല്ലാ മുനയും ഒടിക്കുന്നതായിരുന്നു.
വീടിന്റെ അകത്തളങ്ങളില്‍ കട്ടിലിനും വീല്‍ചെയറിനുമിടയിലാണിനി ആ ജീവിതമെന്നാണ് ഡോക്ടര്‍ പറഞ്ഞുവെച്ചത്. പക്ഷേ ആകാശവും ഭൂമിയും മഴയും വെയിലും മഞ്ഞും ഇനി മുസ്തഫക്ക് ചില്ലു ജനാലക്കിടയിലൂടെ മാത്രമേ കാണാനാവൂ എന്നു വിശ്വസിച്ചവര്‍ക്ക് തെറ്റി. ശരീരത്തില്‍ തുടിച്ചുകൊണ്ടിരിക്കുന്ന ആ അഞ്ചുശതമാനം മാത്രം മതിയായിരുന്നു മുസ്തഫക്ക് ജീവിക്കാനും മറ്റുള്ളവര്‍ക്ക് വെളിച്ചമാകാനും. മുസ്തഫയുടെ ചലനശേഷിയില്ലാത്ത ശരീരത്തിന്റെ തണലില്‍ ചലനശേഷിയില്ലാത്ത ഒരുപാടൊരുപാടുപേര്‍ ജീവിതപ്രതീക്ഷയുടെ വേരുകളിറക്കി.
താന്‍ തണലാകേണ്ട ജീവിതങ്ങള്‍ മുന്നില്‍കണ്ടുകൊണ്ടു മുസ്തഫക്ക് അങ്ങനെ കിടക്കയില്‍ ചലനമറ്റ് കിടക്കുന്നത് ആലോചിക്കാനേ ആവുമായിരുന്നില്ല. പക്ഷേ വെറും നെഞ്ചിനു മുകളില്‍ അഞ്ചുശതമാനം മാത്രം ചലനശേഷിവെച്ചുകൊണ്ട് എന്തുചെയ്യാന്‍. അന്ന് ഭാര്യ റുഖിയക്ക് പ്രായം 21 കഴിഞ്ഞിരുന്നില്ല. പൊന്നോമന മകന് വെറും മൂന്നുവയസ്സും. കൂട്ടത്തില്‍ ഉമ്മയും ബാപ്പയും. ഏതൊരു ചെറുപ്പക്കാരനെയും പോലെ യൗവനത്തിളപ്പില്‍ സൂക്ഷിച്ചുപോന്ന ഒരുപാട് സുഹൃത്തുക്കളും ബന്ധങ്ങളും മുസ്തഫക്കും ഉണ്ടായിരുന്നു. ഒന്നു ചെരിഞ്ഞുകിടക്കാന്‍ പോലുമാകാത്ത മുസ്തഫക്ക് ആദ്യകാലങ്ങളില്‍ ഇവരൊക്കെയായിരുന്നു കൂട്ട്. പതിയെ പതിയെ ഓരോരുത്തരുടെതായി വരവുകള്‍ നിലച്ചു. പക്ഷേ എന്നും കൂടെ കൂട്ടിയ സ്വപ്‌നങ്ങളെയും മുറുകിപ്പുണര്‍ന്നാണ് മുസ്തഫ ആ കിടപ്പ് കിടന്നത്. 14-ാം വയസ്സില്‍ തുടങ്ങിയ വാഹനത്തോടുള്ള കമ്പം തന്റെ ജീവിതത്തിന് വഴിത്തിരിവാകുമെന്ന് കിടന്നുകൊണ്ടു മുസ്തഫ സ്വപ്‌നം കണ്ടു. അങ്ങനെയാണ് ഒരു മുച്ചക്ര സ്‌കൂട്ടറിനെക്കുറിച്ച് ആലോചിച്ചുതുടങ്ങിയത്. കിടക്കയില്‍ നിന്നും ഒന്ന് ഊഴ്ന്നിറങ്ങാന്‍ പോലുമാകാത്ത ഈ ശരീരവും വെച്ച് അതെങ്ങനെ സാധ്യമാകുമെന്ന് പറഞ്ഞു ഉറ്റവരൊക്കെ വിലക്കി. കേട്ടവരൊക്കെ അതിശയിച്ചു. പക്ഷേ കരുത്തും കുടുംബത്തിന്റെ ബാധ്യതയും ഒപ്പംചേര്‍ന്ന ആ മനസ്സ് വിചാരിച്ചിടത്തൊക്കെ ശരീരത്തെ കൊണ്ടുപോകാന്‍ ഒരുവാഹനം കൂടിയേ തീരൂവെന്ന് ഉറപ്പിച്ചിരുന്നു. സൈഡ് വീല്‍ ഉള്ള സ്‌കൂട്ടര്‍ അന്ന് ഇറങ്ങുന്നതേ ഉള്ളൂ. എന്നിട്ടും വിധിയെ തോല്‍പ്പിക്കാന്‍ തീരുമാനിച്ച മുസ്തഫ ആ മുച്ചക്ര സ്‌കൂട്ടര്‍ സ്വന്തമാക്കി. പക്ഷേ സ്വപ്നങ്ങളൊന്നും വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. ചലനശേഷിയില്ലാത്ത കാലുകള്‍ കൂട്ടിക്കെട്ടി വേണം ആരെങ്കിലും അതില്‍ എടുത്ത് ഇരുത്താന്‍. മഴയും വെയിലും കൊണ്ടുവേണം യാത്രചെയ്യാന്‍. ഒരിക്കല്‍ സ്‌കൂട്ടറുമായി പുറത്തുപോയി വന്നപ്പോള്‍ സ്പര്‍ശനശേഷിയില്ലാത്ത കാല്‍ നിലത്തുരഞ്ഞ് ചോരയൊലിക്കുന്നു. റുഖിയക്കും കുടുംബത്തിനും സഹിച്ചില്ല. പക്ഷേ തോല്‍വി സമ്മതിച്ച് ചലനമറ്റു കിടക്കുന്നത് ചിന്തിക്കാനേ മുസ്തഫക്ക് ആവുമായിരുന്നില്ല. പിന്നെ ആ ചിന്ത പാഞ്ഞത് കാലിന് ശേഷിയില്ലാത്തവര്‍ക്കുകൂടി ഓടിക്കാന്‍ പറ്റുന്ന കാറെന്ന സ്വപ്‌നവുമായാണ്. ഗള്‍ഫ് ജീവിതകാലത്ത് പല സ്വപ്‌നങ്ങളും കണ്ടകൂട്ടത്തില്‍ മറ്റൊന്നുകൂടി അവിടെ കണ്ടിരുന്നു; ഓട്ടോമാറ്റിക് കാര്‍. പരിചയമുള്ള വര്‍ക്‌ഷോപ്പുകളിലൊക്കെ തന്റെ സ്വപ്‌നങ്ങളുമായി മുസ്തഫ കയറിയിറങ്ങി. പരീക്ഷണങ്ങള്‍ക്കും പരാജയപ്പെടലിനും ഇടയിലുള്ള ആ അലച്ചിലും ചിന്തയും വെറുതെയായില്ല, തളരാത്ത ആ മനസ്സിന്റെ കര്‍മസായൂജ്യമായി മാരുതി 800 യാഥാര്‍ഥ്യമായി വീട്ടുമുറ്റത്തു വന്നുനിന്നു.
ചലിക്കാത്ത ജീവിതത്തിന്റെ ക്ലച്ചും ഗിയറും ബ്രേക്കും എല്ലാം പിന്നീട് ആ മാരുതി 800-ലൂടെ മുസ്തഫ തിരിച്ചുപിടിച്ചു. സ്വന്തം ജീവിതത്തിനു മാത്രമല്ല, ചലനശേഷി നഷ്ടപ്പെട്ട് ജീവിതത്തിന് പാതിവഴിയില്‍ ബ്രേക്കിട്ടുപോയി എന്നുകരുതിയ ഒരുപാടുപേരുടെ ജീവിതത്തിലേക്കാണ് മുസ്തഫ വളയം തിരിച്ചത്. ബൈക്കിന്റെയും ഓട്ടോറിക്ഷയുടെയും മോഡലിലുള്ള ആക്‌സിലേറ്റര്‍ സിസ്റ്റമാണ് കാറിലുള്ളത്. ഇടതുകൈ ഉപയോഗിച്ചുവേണം ഇവയെല്ലാം പ്രവര്‍ത്തിപ്പിക്കാന്‍. കൈകൊണ്ട് ക്ലച്ചമര്‍ത്തി ഗിയര്‍ മാറ്റി വണ്ടി മുന്നോട്ടെടുത്ത് ആക്‌സലേറ്റര്‍ തിരിച്ച് സുഖകരമായ യാത്ര. കാലില്ലെങ്കിലും ആത്മവിശ്വാസത്തിന്റെ ചിറകിലേറി തന്റെ കാറുമായി ബെല്‍ഗാം ചുരവും ബാംഗ്ലൂരും പൂനെയും ചെന്നൈയും ആന്തമാനും സിംഗപ്പൂരും മലേഷ്യയും സന്ദര്‍ശിച്ചു.
മുസ്തഫയുടെ വികലാംഗര്‍ക്കുള്ള വാഹന ഫോര്‍മുലയറിഞ്ഞ് അങ്ങ് ചെന്നൈയില്‍നിന്നും ഒറീസയില്‍ നിന്നും ആന്‍ഡമാനില്‍നിന്നും ആളെത്തി. ഇതോടെ കേന്ദ്ര സാമൂഹികക്ഷേമ മന്ത്രാലയത്തിനു കീഴിലെ നാഷനല്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷനിലേക്ക് മുസ്തഫ നിര്‍മിച്ചെടുത്ത സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കാനുള്ള ക്ഷണം കിട്ടി. ദക്ഷിണേന്ത്യയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയായിരുന്നു അദ്ദേഹം. ട്രെയിനിലോ വിമാനത്തിലോ പോകാനുള്ള സുഹൃത്തുക്കളുടെ നിര്‍ബന്ധത്തെ മുസ്തഫ സ്‌നേഹപൂര്‍വ്വം നിരസിച്ചു. അങ്ങനെ വീല്‍ചെയറും എടുത്തുവെച്ച് സ്വന്തമായി ഡിസൈന്‍ ചെയ്ത മാരുതി 800-ല്‍ മൂന്നു സഹൃത്തുക്കളെയും കൂട്ടി 2700 കിലോമീറ്റര്‍ സ്വയം വാഹനമോടിച്ച് നാലുദിവസം കൊണ്ട് മുസ്തഫ ഡല്‍ഹിലെത്തി. അന്നത് ചരിത്ര വാര്‍ത്തയായിരുന്നു. പത്രങ്ങളും ചാനലുകളും അതാഘോഷിച്ചപ്പോള്‍ പ്രതീക്ഷയോടെ മുസ്തഫയെ തേടി ഇന്ത്യക്കുപുറത്തുനിന്നും ആളുകളെത്തി. മാരുതി മാത്രമല്ല, ഇന്നോവയും ഹോണ്ടസിറ്റിയും അടക്കം എട്ട് മോഡലുകളിലായി 16 വര്‍ഷം കൊണ്ട് 850 കാറുകള്‍ ഡിസൈന്‍ചെയ്ത് ചലനശേഷിയില്ലാത്തവര്‍ക്ക് പുതിയൊരു ജീവിതം നല്‍കാനായി. ഒരു കൈക്ക് മാത്രം സ്വാധീനമുള്ളവര്‍ക്കുപോലും ഓടിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ ഇന്ന് ചെട്ടിപ്പറമ്പിലെ 'പെര്‍ഫെക്ട് വെഹിക്കിള്‍ കെയര്‍ സെന്റര്‍' ഡിസൈന്‍ ചെയ്യുന്നുണ്ട്. ഓരോരുത്തരുടെയും ശാരീരിക അവസ്ഥയും സാമ്പത്തിക സ്ഥിതിയും അനുസിരിച്ചാണ് വാഹനം മോഡിഫൈ ചെയ്യുന്നത്. ഡ്രൈവിംഗ് അറിയാത്തവര്‍ക്ക് അതില്‍ പരിശീലനവും നല്‍കും.
ഇന്ന് മുസ്തഫയെ അന്വേഷിച്ചുചെല്ലുന്നവര്‍ക്ക് മറ്റൊരു കാഴ്ചകൂടി കാണാം. ശരീരത്തില്‍ ബാക്കിയായ വെറും അഞ്ചുശതമാനം ജീവനുംവെച്ചുകൊണ്ട് നടത്തുന്ന സാഹസികതയുടെ മറ്റൊരു ഉദാഹരണം. കൈക്കും കാലിനും നല്ല ശക്തിയുള്ള മനുഷ്യര്‍ തന്റെ ചുറ്റുമുള്ള മരങ്ങളൊക്കെയും വെട്ടിമാറ്റി മുന്നേറുമ്പോള്‍ അതൊന്നുമില്ലാത്തൊരാള്‍ ലോകത്ത് അന്യം നിന്നുപോയ സസ്യവൈവിധ്യങ്ങളെ തേടിപ്പിടിച്ചു സംരക്ഷിക്കുന്നതിന്റെ നേര്‍സാക്ഷ്യം. പ്രകൃതി കനിഞ്ഞരുളിയ സസ്യസമ്പത്തുക്കള്‍ സംരക്ഷിക്കേണ്ടതിന്റെ ബാലപാഠവും നല്‍കിയത് സ്വന്തം ജീവിതം തന്നെ. മൂത്രം പോവാനായി ശരീരത്തില്‍ ഘടിപ്പിച്ച കത്തീഡ്രലും തുടര്‍ച്ചയായ അലോപ്പതി മരുന്നുസേവയും നിമിത്തം മൂത്രത്തില്‍ നിരന്തര പഴുപ്പും വേദനയും. ഇനിയും ഇംഗ്ലീഷ് മരുന്നുകള്‍ താങ്ങാനുളള ശേഷി കിഡ്‌നിക്കില്ല. അവസാനം ആരോ ഒറ്റപ്പാലത്തെ നിര്‍മലാനന്ദ ഗിരിയെ കുറിച്ചു പറഞ്ഞു. പ്രതീക്ഷയോടെ അങ്ങോട്ടുപോയ മുസ്തഫക്ക് മരുന്നുകള്‍ കിഴികളായി നല്‍കുന്നതിനു പകരം ഒരുപാട് മരുന്നുകളുടെ പേരുകള്‍ അദ്ദേഹം കുറിച്ചുകൊടുത്തു. ചെന്തെങ്ങിന്റെ വെള്ളത്തില്‍ ഈ മരുന്നുകള്‍ അരച്ചുകുടിച്ചാല്‍ മതിയത്രെ. പക്ഷേ ഈ മരുന്നുകള്‍ എവിടെ കിട്ടും. പഴയ തലമുറയിലെ ചിലര്‍ക്ക് പേര് കേട്ടറിവല്ലാതെ എവിടെ കിട്ടുമെന്ന് അറിയില്ല.
അന്യം നിന്നുപോകുന്ന മരുന്നുകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അന്വേഷണമാണ് ഇന്ന് ഒന്നരയേക്കറോളം വിസ്തൃയില്‍ ഔഷധസമ്പത്തായി മുസ്തഫയുടെ തോട്ടത്തില്‍ പരന്നുകിടക്കുന്നത്. തന്റെ നഷ്ടപ്പെട്ടുപോയ ജീവന് പകരമായി ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ പണം കൊണ്ടുവാങ്ങിയ ഒന്നരയേക്കര്‍ തരിശുഭൂമിയാണ് ഔഷധ സമ്പത്തുകൊണ്ടു നിറഞ്ഞ് നിത്യഹരിത വസന്തമായി ചെട്ടിപ്പറമ്പിലെ നന്മയായി നില്‍ക്കുന്നത്. ഇന്നവിടെ ഇല്ലാത്തതായി ഒന്നുമില്ല. കൂവളവും കരിനെച്ചിയും നീലക്കൊടുവേലിയും മാത്രമല്ല അഗസ്ത്യവനാന്തരങ്ങളില്‍ പോലും കാണാനില്ലാത്ത ആരോഗ്യപ്പച്ചയും അണലിവേഗവും വരെ ഈ തോട്ടത്തിലുണ്ട്. കാന്‍സറിന് പ്രതിവിധിയെന്നു പറഞ്ഞുകേള്‍ക്കുന്ന മുള്ളാത്തയെന്ന പഴം അന്വേഷിച്ചു മുസ്തഫയെത്തേടി വരുന്ന കാന്‍സര്‍ രോഗികള്‍ ഏറെ. പച്ചമരുന്നുകള്‍ തേടിവരുന്നവര്‍ക്ക് അതുകിട്ടണം എന്നല്ലാതെ ഈ ഫാമില്‍നിന്ന് അസുഖം ഉള്ളവര്‍ക്ക് കൊടുക്കുന്ന ഒന്നിനും കണക്കുപറഞ്ഞ് പൈസ വാങ്ങാറില്ല. കാര്‍ഷിക ബാങ്കില്‍ നിന്നും വായ്പ എടുത്താണ് കൃഷി ചെയ്യുന്നത്. 10 ലക്ഷം രൂപയാണ് അനുവദിച്ചത്.
വേരറ്റുപോയ ആയുര്‍വ്വേദ മരുന്നുകള്‍ തേടിയുള്ള അന്വേഷണം ഇവിടെകൊണ്ടും നിര്‍ത്തിയില്ല. അങ്ങ് മലേഷ്യയില്‍ നിന്നുവരെ കൊണ്ടുവന്നവ ഉള്‍പ്പെടെ അപൂര്‍വയിനങ്ങളായ 200-ഓളം സസ്യങ്ങളും ഇന്നീ തോട്ടത്തിലുണ്ട്.
കാറിന്റെ ജോലി ഇപ്പോള്‍ സൈഡായിട്ടാണ്. പാരിസ്ഥിതിക പ്രവര്‍ത്തനവും കൃഷിയുമാണ് കൂടുതല്‍. ഔഷധസസ്യങ്ങളെക്കുറിച്ചറിയാന്‍ താല്‍പര്യമുളള സ്‌കൂള്‍, കോളെജ് വിദ്യാര്‍ഥികളുടെ മുമ്പില്‍ ഇന്നിത് ഒരു സര്‍വകലാശാലയാണ്. നാടെങ്ങുമുള്ള നഴ്‌സറികളിലേക്കും ഔഷധസ്ഥാപനങ്ങളിലേക്കും ഇവിടെനിന്നും മരുന്നുകള്‍ കൊണ്ടുപോകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഔഷധത്തോട്ടമുണ്ടാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും മുസ്തഫ നല്‍കുന്നു. കേരളത്തില്‍ 250 രജിസ്റ്റേഡ് മരുന്നു കമ്പനികളും പ്രതിവര്‍ഷം 1550 ബി.എച്ച്. എം.എസ് ഡോക്‌ടേഴ്‌സും ഇറങ്ങുന്നുണ്ട്. എല്ലാ ആളുകള്‍ക്കും പച്ചമരുന്ന് കിട്ടണം അത്തരക്കാര്‍ക്കൊക്കെ സഹായകമാവുമെന്ന് മുസ്തഫ പറയുന്നു. വര്‍ഷത്തില്‍ 6000 തൈകള്‍ സൗജന്യമായി നല്‍കാന്‍ വേണ്ടി മാത്രം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കൂടാതെ സ്‌കൂള്‍ കുട്ടികള്‍ക്ക് വി.എച്ച്.എസിന്റെ ഭാഗമായി ക്ലാസ്സുകളും ട്രൈനിംഗുകളും മുസ്തഫ നല്‍കുന്നു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ക്ലാസ്സുകള്‍ എടുക്കുന്നുമുണ്ട്.
ഔഷധകൃഷിയില്‍ മാത്രമല്ല, വിഷമില്ലാത്ത പച്ചക്കറി തോട്ടം കാണണമെന്നുണ്ടെങ്കിലും മുസ്തഫയെ ചെന്നുകണ്ടാല്‍ മതി. ഔഷധത്തോട്ടത്തിനല്‍പ്പം അകലെ പാട്ടത്തിനെടുത്ത ആറേക്കറില്‍ വാഴയും ചേമ്പും ചേനയും ചീരയും വെണ്ടയും പാവലും അങ്ങനെയങ്ങനെ എണ്ണിയാല്‍ തീരാത്ത തരം പച്ചക്കറികള്‍ ഉണ്ട്. കൃഷി മുഴുവന്‍ ജൈവ രീതിയില്‍ തന്നെ. സഹായിക്കാന്‍ ആളുണ്ടെങ്കിലും വീല്‍ചെയറിലും കാറിലുമായി ഈ തോട്ടങ്ങളില്‍ മുസ്തഫ എത്താത്തയിടമില്ല. ആത്മയുടെ ഫാം സ്‌കൂളായും പഞ്ചായത്തിന്റെ പ്രദര്‍ശന കൃഷിത്തോട്ടമായും തോട്ടങ്ങള്‍ തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഡീലറും കൂടിയാണ് അദ്ദേഹം. പ്രതിഫലം ഒന്നും ആഗ്രഹിക്കാതെ നാടിന് നന്മയായി ചെയ്ത ഈ സേവനം കണ്ട് ഒരുപാട് അവാര്‍ഡുകള്‍ മുസ്തഫയെ തേടിയെത്തി. 2000-ലെ ഔഷധ മിത്രം അവാര്‍ഡ്, 2008-ല്‍ കാര്‍ഷിക ബാങ്കിന്റെ നല്ല കര്‍ഷകനുള്ള അവാര്‍ഡ,് നാഗാര്‍ജുന മെമ്മോറിയല്‍ അവാര്‍ഡ്, ഔഷധമിത്രം അവാര്‍ഡ്, ജോണ്‍ മെമ്മോറിയല്‍ ട്രസ്റ്റ് അവാര്‍ഡ്, ആയുര്‍വേദ മെഡിസിന്‍ അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങിയവ അക്കൂട്ടത്തില്‍ ചിലതാണ്.
ഇരുപത്തേഴാം വയസ്സില്‍ കിടക്കയിലേക്ക് അമര്‍ന്നുപോയെന്നു കരുതിയ, മറ്റുള്ളവരുടെ കനിവുകൊണ്ടുമാത്രം അനക്കാന്‍ പറ്റുന്നൊരു ജീവിതമെന്നു കരുതിയ മുസ്തഫ ഇന്ന് ആയിരങ്ങള്‍ക്ക് പ്രതീക്ഷയാണ്. തന്നെപ്പോലുള്ളവരെ സഹതപിച്ചു മാറ്റിനിര്‍ത്തുന്ന സമൂഹത്തെ കാണുമ്പോള്‍ മുസ്തഫക്ക് സങ്കടമുണ്ട്. ഇങ്ങനെ പ്രയാസമനുഭവിക്കുന്നവരോട് സമൂഹവും സര്‍ക്കാറും നല്ല നിലയിലല്ല പെരുമാറുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വിദേശ രാജ്യങ്ങളിലൊക്കെ ഏത് തരത്തിലുള്ള വൈകല്യമുള്ളവര്‍ക്കും പൊതു സമൂഹവുമായി ഇടപെടാനുള്ള സംവിധാനം ഉണ്ട്. വീടുകളിലും നിരത്തുകളിലും എത്ര ഉയരമുള്ള കെട്ടിടത്തിനകത്തും പ്രയാസമില്ലാതെ കയറാന്‍ റാംപ് പോലുള്ള സംവിധാനം അവിടെ ഉണ്ട്. 'എത്രയോ വീടുകളില്‍ പോയിട്ടുണ്ട്, പല വീട്ടിലും ഇത്തരം ആളുകള്‍ക്കുള്ള ബാത്ത്‌റൂം സൗകര്യം പോലുമില്ല' സഹതാപമോ അനുകമ്പയോ മാത്രമല്ല ഇത്തരക്കാര്‍ക്ക് വേണ്ടതെന്നും ജീവിതത്തിനൊരു കൈത്താങ്ങാണ് അവശ്യമെന്നും മുസ്തഫ കരുതുന്നു. ഇത്തരക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 'ലൈഫ്‌ലൈന്‍' എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്.
നട്ടെല്ലിന് പരിക്കേറ്റവരെ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനു വേണ്ടി ഒരു റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്ന അദ്ദേഹത്തിന്റെ സ്വപ്‌നപദ്ധതി ഇപ്പോള്‍ യാഥാര്‍ഥ്യത്തോടടുക്കുകയാണ്. വെല്ലൂര്‍ റീഹാബിലിറ്റേഷന്‍ മാതൃകയിലാണ് പദ്ധതി തുടങ്ങുന്നത്. ചാനല്‍ പരിപാടിയായ 'ഡീല്‍ ഓര്‍ നോ ഡീല്‍' പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ലഭിച്ച മൂന്നരലക്ഷം രൂപ കൊണ്ടാണ് തുടക്കം. മൂന്നു കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഈ സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഒരുപാടുപേര്‍ മുന്നോട്ടുവന്നിട്ടുമുണ്ട്. എന്നാലും തന്നെപ്പോലുള്ള ഒരാള്‍ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ചെലവാണിതെന്നറിയുന്ന അദ്ദേഹത്തിന്റെ പ്രതീക്ഷ സുമനസ്സുകളിലാണ്. മുസ്തഫയുടെ നല്ല മനസ്സ് കണ്ടറിഞ്ഞ് സുഹൃത്ത് നല്‍കിയ ചെട്ടിപ്പറമ്പിലെ 50 സെന്റ് സ്ഥലത്താണ് കെട്ടിടം പണി തുടങ്ങാനുദ്ദേശിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ഇതിനായി സന്നദ്ധപ്രവര്‍ത്തകരടങ്ങിയ ഡയറക്ടര്‍ ബോര്‍ഡും രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രയും ബൃഹത്തായ ഒരു പദ്ധതി തന്നെപ്പോലുള്ളവര്‍ക്കു വേണ്ടി സമര്‍പ്പിക്കാന്‍ അധ്വാനിച്ച മുസ്തഫ അതിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടന്ന ആശ്വസത്തിലാണിപ്പോള്‍.
കാലിനും കൈക്കും സ്വാധീനമുള്ളവര്‍ക്ക് പോലും ചെയ്യാന്‍ കഴിയാത്ത സാമൂഹ്യപ്രവര്‍ത്തനവുമായി മുസ്തഫ തന്റെ കാറില്‍ ലോകത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് വിശ്രമമില്ലാതെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കാറ് വേണ്ടവര്‍ക്ക് കാറും ഔഷധം വേണ്ടവര്‍ക്ക് അതും കൃഷി വേണ്ടവര്‍ക്ക് അതും കൊടുത്തുകൊണ്ടും. ചിറകറ്റവര്‍ക്ക് ആത്മവിശ്വസമോതിക്കൊണ്ടും ആവശ്യങ്ങള്‍ തേടിയുള്ള വിളികളുമായി മുസ്തഫയുടെ മൊബൈല്‍ നിരന്തരം ചലിച്ചുകൊണ്ടേയിരിക്കുകയാണ്.
ജീവിതയാത്രയുടെ വഴികള്‍ ഓരോന്നായി ആത്മവിശ്വാസത്തോടെ പറഞ്ഞ മുസ്തഫക്ക് പക്ഷേ കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാനും ജീവിതത്തെ മുന്നോട്ടു നയിക്കാനും എന്നും താങ്ങ് തന്റെ സ്‌നേഹനിധിയായ ഭാര്യയായിരുന്നെന്ന് പറയുമ്പോള്‍ മാത്രമാണ് തൊണ്ടയൊന്ന് ഇടറിയത്. തന്റെ കാറിന്റെ ഹോണടി കേള്‍ക്കുമ്പോള്‍ വീല്‍ചെയറുമായി പാഞ്ഞുവരുന്ന സഫിയക്ക് അടിയന്തമായി ഒരു ഓപറേഷന്‍ വേണ്ടിവന്നതിനാല്‍ മൂന്ന് മാസംവരെ അവരുടെ വീട്ടില്‍ പോയി നില്‍ക്കേണ്ടി വന്നിരുന്നു. അന്നാളുകളില്‍ മാത്രമാണ് സഫിയ ഇക്കാലത്തിനിടയില്‍ അദ്ദേഹത്തില്‍ നിന്ന് ഒന്നു വിട്ടുനിന്നത്. 'ഏതൊരു മനുഷ്യന്റെ ജീവിതത്തിനു പിന്നിലും ഒരാളുണ്ടാകും എന്റെത് അവളാണ.് എന്റെ മുന്നില്‍ നിന്ന് ഒരു നിമിഷം പോലും അവള്‍ കരഞ്ഞിട്ടില്ല. എന്റെ മനസ്സിന് വേദനയുണ്ടാക്കിയിട്ടില്ല. സത്യത്തില്‍ എന്റെ വിജയം അതാണ്. അവള്‍ക്ക് ഓപറേഷന്‍ നടത്തിയ ആ മൂന്ന് മാസം ഞാന്‍ ജീവിതം എന്താണെന്നറിഞ്ഞു. പക്ഷേ അതില്‍നിന്നും എനിക്ക് കുറെ പാഠങ്ങള്‍ കിട്ടി. സാധാരണ കാറുമായി വന്നാല്‍ അവള്‍ വീല്‍ചെയറുമായി വരും. അന്നേരം ആരും കൊണ്ടുവരാനില്ല. അപ്പോള്‍ ഞാന്‍ തന്നെ ഒരു മാര്‍ഗം കണ്ടെത്തി. സ്വയം കാറില്‍നിന്ന് വീല്‍ചെയറിലേക്ക് ഇറങ്ങാനും പഠിച്ചു. ''ഇതുവരെ താണ്ടിയ പല ദുര്‍ഘടമാനസികാവസ്ഥയിലും തന്നോടൊപ്പം ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കാതെ ചേര്‍ന്നുനിന്ന പ്രിയസഖിയും മകന്‍ മുര്‍ഷിദുമാണ് ജീവിതത്തിലെ കരുത്തെന്ന് മുസ്തഫ ഉറപ്പിച്ചു പറയുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top