പ്രതീക്ഷയും കരുത്തുമായി

ഫൗസിയ ഷംസ് No image

ജമാഅത്തെ ഇസ്‌ലാമി വനിതാ സംസ്ഥാന അധ്യക്ഷ  റഹ്മത്തുന്നിസ .എ  സംഘടനാ നയങ്ങളുും നിലപാടുകളും 'ആരാമം' വായനക്കാരുമായി പങ്കുവെക്കുന്നു


പുതിയ നേതൃപദവി ഏെറ്റടുക്കുമ്പോള്‍ എന്താണ് വനിതാ സംഘാടനത്തെക്കുറിച്ച പ്രതീക്ഷയും ആശങ്കയും?  

 ജമാഅത്ത് ശൂറാ അംഗീകരിച്ച വനിതാ പ്രവര്‍ത്തന മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് പ്രഥമ കര്‍ത്തവ്യം. ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം വലിയൊരു  സ്ത്രീവിഭവ ശേഷിയുണ്ട്.  അത് ഉപയോഗപ്പെടുത്തണം. പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ തന്നെ സജീവമായ സ്ത്രീ പങ്കാളിത്തം പ്രസ്ഥാനത്തിനകത്ത് ഉണ്ടായിട്ടുണ്ട്. വ്യത്യസ്ത കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് പ്രസ്ഥാനം എന്തെല്ലാം പരിപാടികളുമായി മുന്നോട്ടുപോയിട്ടുണ്ടോ അപ്പോഴൊക്കെയും വര്‍ധിച്ച സ്ത്രീ സാന്നിധ്യം ഉറപ്പുവരുത്താന്‍ സാധിച്ചിട്ടുണ്ട്. അത് സാധ്യമായത് അതാത് കാലങ്ങളില്‍ സ്ത്രീ നേതൃസ്ഥാനത്തേക്കു കടന്നുവന്നവരുടെ പ്രവര്‍ത്തന ഫലമായാണ്. മുമ്പത്തെപ്പോലെയല്ല, ഇപ്പോള്‍ ഒരുപാടു സാധ്യതകള്‍ ഉണ്ട് . അതുപോലെ തന്നെ പ്രവര്‍ത്തനരീതിയും വ്യത്യസ്തമാണ്. ആദ്യകാലങ്ങളില്‍ സ്ത്രീവിദ്യാഭ്യാസം പോലെയുള്ളവക്ക് ഊന്നല്‍ കൊടുത്ത് അന്ധവിശ്വാസത്തില്‍ നിന്നും മറ്റും മോചിപ്പിച്ച് ഇസ്‌ലാമിക ഉണര്‍വ്വുണ്ടാക്കിയെടുക്കുക എന്നതായിരുന്നെങ്കില്‍ ഇന്ന് അത് മാറി. സ്ത്രീകള്‍ വിദ്യാസമ്പന്നരാണ്. എന്നാല്‍ കാലാനുസൃതമായ ചില പ്രയാസങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമൂഹം അനുഭവിക്കുന്നുണ്ട്. അതിന് പരിഹാരം കാണാന്‍ സ്ത്രീസമൂഹത്തെ പ്രാപ്തരാക്കുന്നതോടൊപ്പം ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ധാര്‍മിക സദാചാര നിഷ്ഠയില്‍ അധിഷ്ഠിതമായ ഒരു സാംസ്‌കാരികതയില്‍  നിലനിര്‍ത്തുക എന്ന ഉത്തരവാദിത്വം കൂടി കാണുന്നു. ആദ്യകാല പ്രവര്‍ത്തകര്‍ക്ക് അവരുടെ പ്രവര്‍ത്തനവഴിയില്‍ നേരിടേണ്ടി വന്ന ക്ലേശങ്ങള്‍ ഇന്ന് ഇല്ല.  ദൈവത്തിന്റെ പ്രതിനിധികള്‍ എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വമാണ് പ്രസ്ഥാനം ഏറ്റെടുത്തിട്ടുള്ളത്. അതില്‍ ഭാഗമാവുകയും അതിനുവേണ്ടി സ്ത്രീ സമൂഹത്തെ ഉല്‍ബുദ്ധരാക്കുകയും സജ്ജരാക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം.

ജനാധിപത്യപരവും സ്ത്രീശാക്തീകരണത്തില്‍ ഊന്നിയതുമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പൊതുനിലപാടുകള്‍. പക്ഷേ ഈ നിലപാടുകളെ വേണ്ടത്ര രീതിയില്‍ അനുകൂലമാക്കിയെടുക്കുന്നതില്‍ വനിതാഘടകത്തിന് സാധ്യമായിട്ടില്ലെന്നാണ് തോന്നുന്നത്?

ഇന്ത്യാ രാജ്യത്ത് പ്രസ്ഥാനം ആരംഭിച്ച കാലഘട്ടത്തിലെ മുസ്‌ലിം സ്ത്രീ അവസ്ഥകളെ കൂടി പരിഗണിച്ചു വേണം ഇപ്പോഴുള്ള മാറ്റത്തെ വിലയിരുത്താന്‍. അതുകൊണ്ട് തീരെ കഴിഞ്ഞിട്ടില്ല എന്നു പറയാന്‍ സാധ്യമല്ല. അതാതു മീഖാത്തില്‍ വന്ന നേതൃത്വം അതിനു ശ്രമിച്ചിട്ടുണ്ട്. സമൂഹത്തില്‍ മൊത്തം സ്ത്രീയോടുള്ള മനോഭാവത്തില്‍ ചില അപാകതകളുണ്ട്. അതിന്റെ പ്രതിഫലനം മുസ്‌ലിം സമൂഹത്തിലും ഉണ്ട്. അത് സ്ത്രീയെയും പുരുഷനേയും സ്വാധീനിച്ചിട്ടുണ്ട്. പല ഘടകങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ അതിനെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മറികടക്കാനുള്ള  ആര്‍ജ്ജവവും സ്വാതന്ത്ര്യവും പ്രസ്ഥാനത്തിലെ സ്ത്രീനേതൃത്വത്തിനു ജമാഅത്ത് നല്‍കിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തിയതിന്റെ കൂടി പ്രതിഫലനമാണ് ഇന്ന് കാണുന്ന വര്‍ധിച്ച സ്ത്രീ പങ്കാളിത്തവും പ്രശ്‌നങ്ങളോടുള്ള സ്ത്രീകളുടെ നിലപാടും. പടിപടിയായേ ഏതൊരു സമൂഹത്തെയും മാറ്റിയെടുക്കാന്‍ കഴിയൂ. ജി.ഐ.ഒ രൂപീകരിച്ചപ്പോഴുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത്. അന്നത്തെ കാലഘട്ടത്തിലെ സൗകര്യങ്ങള്‍ വെച്ചുകൊണ്ടാണ് വനിതാ പ്രസ്ഥാന നേതൃനിരയിലേക്ക് വന്നവര്‍ പ്രവര്‍ത്തിച്ചത്. അവര്‍ ചെയ്തത് വളരെ വലുതാണ്.  അടിസ്ഥാന സൗകര്യങ്ങളുടെ പ്രയാസം, വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ അഭാവം  കുടുംബപരമായചുറ്റുപാട് എന്നിവയെ അതിജീവിച്ചുകൊണ്ടാണ് സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നത്. അതിന് പ്രസ്ഥാനത്തിലെ ആണും പെണ്ണും നല്‍കിയ സേവനം വളരെ വലുതാണ്. 

പിന്നെന്തുകൊണ്ടാണ് മുസ്‌ലിം സ്ത്രീക്കു നേരെ പൊതുസമൂഹം ബോധപൂര്‍വ്വം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് പുരുഷന്മാരെ മറുപടി പറയാന്‍ വിട്ടുകൊണ്ട് സ്ത്രീകള്‍ മാറിനില്‍ക്കുന്നത്?

അല്ല. അതു ശരിയല്ല. ജമാഅത്ത് തന്ന വേദികളെ ഉപയോഗപ്പെടുത്തുകയും ഒട്ടനേകം വേദികളില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തിട്ടുണ്ട്. യുക്തിവാദികള്‍ സംഘടിപ്പിച്ച വേദികളില്‍പോലും പ്രമാണങ്ങളുദ്ധരിച്ച് വിഷയങ്ങള്‍ അവതരിപ്പിക്കാനും ചോദ്യങ്ങളെ നേരിടാനും വനിതാ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. ഗൃഹയോഗങ്ങള്‍ മുതല്‍ സെമിനാറുകള്‍ വരെ  ഒട്ടനേകം ബോധവല്‍ക്കരണ പരിപാടികളും കാമ്പയിനുകളും ഇസ്‌ലാമിനു നേരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കാനായി നടത്തിയിട്ടുണ്ട്. ഇനിയും നടത്തും. മീഡിയയുടെ സഹകരണം വേണ്ടത്ര ലഭിക്കാത്തതും സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തുന്നതില്‍ വനിതാ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്ന പരിമിതിയുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ  ശ്രദ്ധ ലഭിക്കാതെ പോയതിനു കാരണം. എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ഗുണപരമായ മാറ്റങ്ങള്‍ സമൂഹത്തില്‍ നാം കാണുന്നു. അടുത്ത് നടന്ന ജില്ലാ സമ്മേളനങ്ങളില്‍ പുരുഷന്മാരെ പോലെതന്നെ ശക്തമായ നിലപാടുള്ള സ്ത്രീ ശബ്ദങ്ങള്‍ നാം കേട്ടതാണ്. എന്നാല്‍ പബ്‌ളിസിറ്റിക്കുവേണ്ടി ആരെങ്കിലും ഏതെങ്കിലും കോണിലിരുന്ന് തൊടുത്തുവിടുന്ന ബാലിശമായ വിമര്‍ശനങ്ങള്‍ക്കൊക്കെ മറുപടി പറയാനും അത്തരക്കാര്‍ ബോധപൂര്‍വ്വം ഇട്ടുതരുന്ന ചൂണ്ടയില്‍ കൊത്തി വൈകാരികമായി പ്രതികരണങ്ങള്‍ നടത്താനും നാം സമയം കളയേണ്ടതില്ല എന്നതാണ് നമ്മുടെ നിലപാട്. ശാന്തമായ അന്തരീക്ഷത്തില്‍ നടക്കുന്ന ആശയസംവാദങ്ങള്‍ക്കു മാത്രമേ ആളുകളുടെ തെറ്റിദ്ധാരണകള്‍ അകറ്റാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് കേവലം ചില വാചോടാപങ്ങള്‍ക്കപ്പുറം ക്രിയാത്മകമായ ഇടപെടലുകള്‍ക്കും സംവാദങ്ങള്‍ക്കും ആണ് നാം ഇനിയും വേദി ഒരുക്കേണ്ടത്.

ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമം ശരീഅത്തനുസരിച്ചല്ല. ആ നിലയിലത് പരിഷ്‌കരിക്കുന്നതിലേക്ക് കേരള വനിതാ നേതൃത്വം മുന്നിട്ടിറങ്ങുമോ? ദുഷ്ടലാക്കോടെയാണെങ്കിലും ഏകസിവില്‍കോഡ് വേണമെന്ന് വാദിക്കുന്നവരുടെ പിടിവള്ളി യഥാര്‍ഥത്തില്‍ അതിലെ അബന്ധങ്ങളാണ്. കുറ്റിപ്പുറത്ത് നടന്ന സമ്മേളനത്തില്‍ മൂന്ന് പ്രമേയങ്ങള്‍ അവതരിപ്പിച്ചിരുന്നു. അതിലൊന്ന് വ്യക്തിനിയമബോര്‍ഡ്  പരിഷ്‌കരിക്കണമെന്നായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്തായിരുന്നു അതുമായി മുന്നോട്ടുപോകുന്നതിന് തടസ്സമായി നിന്നത്?

തീര്‍ച്ചയായും. ഇസ്‌ലാമിക കുടുംബ സംവിധാനം ഏത് രൂപത്തിലാവണമെന്ന ശരിയായ അവബോധമില്ലായ്മ സമൂഹത്തിനിടയിലുണ്ട്. അതാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം. അത് എന്തെന്ന് ബോധ്യപ്പെടുത്തിക്കൊടുത്താലേ വിവാഹവുമായും വിവാഹമോചനവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധ്യമാവൂ. വ്യക്തിനിയമത്തിലെ ഏറ്റവും വലിയ പ്രശ്‌നം അത് ആളുകള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ ക്രോഡീകരിക്കപ്പെട്ടിട്ടില്ല എന്നതാണ്. വ്യക്തിനിയമത്തിലെ പഴുതുകള്‍ ദുരുപയോഗപ്പെടുത്തപ്പെടുന്നതില്‍ നമുക്ക് പ്രയാസമുണ്ട്. അതേസമയം മുസ്‌ലിം സ്ത്രീ അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം വ്യക്തിനിയമമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള തല്‍പര കക്ഷികളുടെ ദുഷ്ടലാക്കിനെ തിരിച്ചറിയുകയും വേണം. ഇതു രണ്ടും മുന്നില്‍ വെച്ച് അവധാനതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. യഥാര്‍ത്ഥത്തില്‍ മുത്തലാഖ് എന്നത് മുസ്‌ലിം സ്ത്രീ ഇന്ത്യാ രാജ്യത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ ലിസ്റ്റില്‍ ഒടുവില്‍ ചേര്‍ക്കേണ്ട ഒന്നു മാത്രമാണ്. വിവാഹമോചനം എല്ലാ മതവിഭാഗങ്ങളിലും വര്‍ധിച്ചിട്ടുണ്ട്. അതിനു കാരണം മീഡിയയുടെ ദുസ്വാധീനവും സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും ആണ്. അതോടൊപ്പം പെണ്‍കുട്ടികളില്‍ വര്‍ധിച്ചുവരുന്ന സ്വത്വബോധവും അവകാശബോധവും കാരണം എന്തും സഹിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോവാന്‍ അവര്‍ മുമ്പത്തെപ്പോലെ ഇന്ന് തയ്യാറല്ല. എല്ലാ വിവാഹമോചനങ്ങളും സ്ത്രീ വിരുദ്ധമാണ് എന്ന അഭിപ്രായം എനിക്കില്ല. പല കേസുകളിലും അത് യഥാര്‍ഥത്തില്‍ സ്ത്രീക്ക് മോചനം തന്നെയാണ്. കുടുംബം എന്ന അടിസ്ഥാന യൂനിറ്റ് ഇസ്‌ലാമിക അധ്യാപനങ്ങളുടെ അടിത്തറയില്‍ തന്നെ കെട്ടിപ്പടുക്കുക എന്നതാണ് ഇവിടെ യഥാര്‍ഥ പോംവഴി. അതിന് നിയമത്തേക്കാള്‍ ആവശ്യം ബോധവല്‍ക്കരണമാണ്. അതാകട്ടെ പെണ്ണിനു മാത്രമല്ല ആണിനും നല്‍കല്‍ അനിവാര്യമാണ്. മഹല്ലുകമ്മറ്റികള്‍ക്ക് ഇവിടെ ധാരാളം ചെയ്യാനാകും. 

നമ്മുടെ പൊതു ഇടങ്ങള്‍ സ്ത്രീ സൗഹൃദപരമല്ല. അതവിടെ നില്‍ക്കട്ടെ. പ്രസ്ഥാനത്തിനു കീഴിലുള്ള സ്ത്രീയെ ഉള്‍ക്കൊള്ളുന്ന സംവിധാനങ്ങള്‍, പ്രസ്ഥാനിക വനിതാ പ്രവര്‍ത്തനം സ്ത്രീസൗഹൃദപരമാക്കുന്നതില്‍ എന്തെങ്കിലും നിര്‍ദ്ദേശം?

 മറ്റു സംഘടനകളില്‍ നിന്നും വിഭിന്നമായി സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തവും പദവിയും നല്‍കുന്നതിലും മതപരവും ലൗകികവുമായ വിദ്യാഭ്യാസത്തിനുള്ള അവസരം സൃഷ്ടിക്കുന്നതിലും പ്രസ്ഥാനം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. നേതൃപദവിയിലേക്ക് സ്ത്രീകള്‍ വളര്‍ന്നുവരണമെങ്കില്‍ പ്രവര്‍ത്തന ആസൂത്രണരംഗത്തും സംഘടനാ രംഗത്തും പൂര്‍ണസ്വാതന്ത്ര്യം അനുവദിക്കേണ്ടതാണ്. വനിതാപ്രവര്‍ത്തനം കേന്ദ്രീകരിക്കേണ്ടത് പ്രാദേശിക തലത്തിലാണ്. പോളിസി പ്രോഗ്രാം അടിസ്ഥാനമാക്കി സ്ത്രീ സഹജമായ പ്രത്യേകതകള്‍ പരിഗണിച്ചും കുടുംബം എന്ന പ്രധാന ഘടകം കൂടുതല്‍ ശ്രദ്ധിച്ചും സംസ്ഥാന തലം മുതല്‍ പ്രാദേശിക തലം വരെ വനിതകള്‍ക്കിടയിലുള്ള പ്രവര്‍ത്തനം വനിതകളെത്തന്നെ ഏല്‍പിച്ചുകൊണ്ട് സ്ത്രീ സൗഹൃദപരമായ പ്രവര്‍ത്തന മാര്‍ഗ രേഖ ജമാഅത്ത് ശൂറാ ആംഗീകരിച്ചിട്ടുണ്ട്. 

 അന്തവിശ്വാസങ്ങളില്‍ നിന്നും സ്ത്രീകളെ സംസ്‌കരിച്ചെടുക്കാന്‍ കാര്യമായ ശ്രദ്ധ വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ഹോസ്പിറ്റലുകളുടെയും മറ്റും ട്രസ്റ്റുകളിലും സാധ്യമാകുന്ന മഹല്ലുകളിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തണം 

യാത്രകള്‍ കുറക്കാന്‍ കഴിയുംവിധം സംഘടന- ആസൂത്രണ അവലോകന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ആശയവിനമയ മാധ്യമങ്ങള്‍ കൂടുതലായി ഉപയോഗിക്കുവാന്‍ സംവിധാനം ഒരുക്കുകയും വേണ്ട പരിശീലനങ്ങള്‍ നല്‍കുകയും വേണം. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ബന്ധപ്പെട്ട  എല്ലാവരും നടപ്പില്‍ വരുത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയാല്‍ തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ ഈ രംഗത്ത് സാധ്യമാണ്. നിലവില്‍ പ്രസ്ഥാനത്തിനകത്ത് ഇതര മുസ്‌ലിം സംഘടനകളെ അപേക്ഷിച്ച് കാര്യങ്ങള്‍ സ്ത്രീ സൗഹൃദപരമാണെന്നു പറയാതെ വയ്യ.

നാം എപ്പോഴും വിമര്‍ശിക്കുന്ന പടിഞ്ഞാറിനു പോലും  ആശ്രയിക്കാവുന്നതും ശ്രദ്ധിക്കാവുന്നതുമായ സ്ത്രീകള്‍ ഉണ്ട്. ഒരുപാട് മദ്രസകള്‍. ഇസ്‌ലാമിക കലാലയങ്ങള്‍  എന്നിവിടങ്ങളില്‍ നിന്നും പണ്ഡിതകളോ ഇസ്‌ലാമിക വിഷയത്തില്‍ അഭിപ്രായം ആരായാന്‍ കഴിയുന്നവരോ ആയ സ്ത്രീകള്‍ ഉയര്‍ന്നുവരുന്നില്ല. കാരണം?

മദ്രസകളില്‍ നിന്ന് മാത്രമല്ല, സ്ത്രീക്ക് സര്‍വസ്വാതന്ത്ര്യവും കിട്ടുന്നുവെന്ന് പറയപ്പെടുന്ന ഇതര കലാലയങ്ങളില്‍ നിന്നുപോലും അത്തരം ആശ്രയിക്കാവുന്ന സ്ത്രീ വ്യക്തിത്വങ്ങള്‍ ഉയര്‍ന്നുവരുന്നത് കാണുന്നില്ല. അതുകൊണ്ട് മദ്രസകളെ മാത്രം അപവാദമായി എടുക്കേണ്ടതില്ല. ഒരുകാലത്ത് സ്ത്രീക്ക് ഖുര്‍ആന്‍ പഠനം തന്നെ സാധ്യമായിരുന്നില്ല. ഇന്നതല്ല സ്ഥിതി. നമ്മുടെ ഒരുപാട് കലാലയങ്ങളില്‍ നിന്നും എത്രയോ പെണ്‍കുട്ടികള്‍ ഇസ്‌ലാമിക വിഷയത്തില്‍ പഠനം നടത്തുകയും ഉപരി പഠനത്തിനായി വിദേശ യൂനിവേഴ്‌സിറ്റികളില്‍ വരെ പോയിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ഇതിന്റെ ഫലമായി ഇപ്പോഴില്ലെങ്കിലും സമീപഭാവിയിലെങ്കിലും അതിന്റെ ഫലം ദൃശ്യമാകുമെന്നുറപ്പാണ്. എന്നാലും ഇവിടെ മറ്റൊരു പ്രശ്‌നം  ഉണ്ട്. നമ്മുടെ മൈന്റ് സെറ്റിന്റെ ഫലമാണത്. വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു പുരുഷന് ജാഗ്രതയോടെ സമൂഹത്തിന്റെ കൂടെ നടക്കാനും ഇടപെടലുകള്‍ നടത്താനും കഴിയുന്നുണ്ട്. എന്നാല്‍ സ്ത്രീക്ക് അതിന് കഴിയാതെ പോകുന്നത് കുടുംബഭരണത്തിന്റെ ബാധ്യതകള്‍ കൂടുതലായി ഏല്‍പ്പിക്കപ്പെടുന്നതുകൊണ്ടാണ്. മാതൃത്വം, ഇണകളോടുള്ള ബാധ്യതകള്‍ എല്ലാം നിര്‍വഹിക്കുമ്പോള്‍ തന്നെ സ്ത്രീക്ക് അവളുടെ കഴിവിനും ശേഷിക്കും അനുസരിച്ച കടമകള്‍ സമൂഹത്തോട് ചെയ്യാനുണ്ട് എന്ന പൂര്‍ണബോധ്യം അവള്‍ക്കും കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കും ഉണ്ടാവുകയും വേണം. ഈ അസന്തുലിതാവസ്ഥയാണ് സ്ത്രീകള്‍ക്ക് പലപ്പോഴും അറിവുണ്ടായിട്ടും ഉപയോഗപ്പെടുത്താതിരിക്കാന്‍ കാരണം.

അപ്പോള്‍ ഇസ്‌ലാമിക ജീവിതവ്യവസ്ഥ രൂപപ്പെടുത്തിയെടുക്കുന്നതിന് ആദ്യം കുടുംബത്തെ സജ്ജമാക്കേണ്ടതുണ്ട്. പ്രസ്ഥാനപ്രവര്‍ത്തകര്‍ക്കിടയിലെങ്കിലും അത്തരമൊരു ശ്രമം സാധ്യമായിട്ടുണ്ടോ?

ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടുവെക്കുന്നത് ഇസ്‌ലാമിക ജീവിതവ്യവസ്ഥകള്‍ കുടുംബത്തിനകത്തും ഇതര സംവിധാനത്തിനകത്തും നടപ്പിലാക്കണമെന്നു തന്നെയാണ്. അതുകൊണ്ടു തന്നെ തന്നെ നമ്മുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇത്തരത്തിലുള്ള അവബോധം നല്ലപോലെയുണ്ട്.  പ്രസ്ഥാന ത്തിനകത്തുള്ള സ്ത്രീകള്‍ അതിന്റെ ഗുണഫലവും അനുഭവിക്കുന്നുണ്ട്. വി വാഹിതരായ, മക്കളുള്ള സ്ത്രീകള്‍ കുടും ബജീവിതത്തോടൊപ്പം തന്നെ പ്രൊഫഷനല്‍ രംഗത്തും ഗവേഷണരംഗത്തുമൊക്കെ ശ്രദ്ധപതിപ്പിക്കുന്നത് കുടുംബത്തില്‍ നിന്നും കിട്ടുന്ന ഈ ധാര്‍മിക പിന്‍ബലത്തിന്റെ ഫലമായിത്തന്നെയാണ്.

വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ ഒരുപാടുണ്ട്. അവരുടെ കര്‍മശേഷിയെ സമുദായത്തിന് മുതല്‍ക്കൂട്ടാക്കാന്‍ ആവുന്നില്ല. എന്താണ് പരിഹാരം?

നല്ല കഴിവുള്ള ഒരുപാട് സ്ത്രീകള്‍ ഉണ്ട്. നമ്മുടെ മഹല്ലുസംവിധാനം പരിപോഷിപ്പിച്ചുകൊണ്ടു വരികയും അതില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഓരോ പ്രദേശത്തെയും സ്ത്രീകളുടെ കഴിവിനെ സമൂഹത്തിനു വേണ്ടി ഉപയോഗപ്പെടുത്താന്‍ കഴിയും. സമുദായം അനുഭവിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാര വേദിയാവേണ്ട ബോഡിയാണ് മഹല്ലുകള്‍. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഈ മഹല്ലുഭരണരംഗത്ത് സ്ത്രീകള്‍ ഓരോ പ്രദേശത്തും കുറവാണ്. ഓരോ കുടുംബത്തിന്റെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സ്ത്രീകള്‍ക്കാണ് എളുപ്പം സാധിക്കുക.  വിദ്യാസമ്പന്നരും സാമൂഹിക പ്രതിബദ്ധതയുമുള്ള സ്ത്രീ സമൂഹത്തെ ഈ രീതിയില്‍ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിന് ആദ്യം വേണ്ടത് മഹല്ലുകളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ്. അതുപോലെ സര്‍ക്കാര്‍ ഇതര സംവിധാനങ്ങളില്‍ നടപ്പിലാക്കുന്ന പല പദ്ധതികളും  ഈ സ്ത്രീകള്‍ക്ക് പരിചയപ്പെടുത്തുകയും അവരെ അതില്‍ പങ്കാളികളാക്കാന്‍ ശ്രമിക്കുകയും ചെയ്യും. അതിലൂടെ അവരുടെ കര്‍മശേഷിയെ കൂടുതല്‍ പൂര്‍ണതയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം

കഴിഞ്ഞ മീഖാത്തില്‍ രണ്ട് സംഘടനകള്‍ വനിതാ ജമാഅത്തിന്റെ മേല്‍നോട്ടത്തില്‍ നിലവില്‍ വന്നിരുന്നു. 'വാക്ക്', 'വിങ്ങ്‌സ്' - വാക്ക് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ജമാഅത്തെ ഇസ്‌ലാമി വനിതാ സംഘടനയുള്‍പ്പെടെ ഇതര മുസ്‌ലിംസംഘടനകള്‍ക്ക് ഒന്നിച്ചിരിക്കാനുള്ള ഒരു വേദി. എ.ന്‍.ജി.ഒ പോലെ. എന്നാണോ. അതോ സംഘടനാ പക്ഷപാതിത്വങ്ങള്‍ക്കപ്പുറം ഇസ്‌ലാമിലെ സ്ത്രീയെ ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമമാണോ. അതിനുമപ്പുറം പ്രവര്‍ത്തന മേഖല ഇതരസമൂഹത്തോട് ഒന്നിച്ചു നിന്നുള്ള പോരാട്ടമാണോ? അത്തരം എന്തുപ്രവര്‍ത്തനമാണ് 'വാക്' നിര്‍വഹിച്ചത്. എനി എന്താണ് ഉദ്ദേശം?

വിമന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ കേരള (WWAK) എന്നത് വിവിധ മുസ്‌ലിം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും അതിന് നേതൃത്വം കൊടുക്കുന്നവരും ഒരു സംഘടനയിലും പ്രവര്‍ത്തിക്കാത്ത, എന്നാല്‍ കഴിവും പ്രാപ്തിയുമുള്ള  സ്ത്രീ സമൂഹത്തെ ഉള്‍ക്കാള്ളുന്ന വേദിയാണ്. വിവിധ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ വിയോജിപ്പുകളേക്കാള്‍ യോജിപ്പിന്റെതായ മേഖലകളാണ് കൂടുതല്‍ ശതമാനം ഉള്ളത്. അതുകൊണ്ടുതന്നെ നന്മ കല്‍പ്പിക്കുക തിന്മ വിരോധിക്കുക എന്ന  ഖുര്‍ആനിക ആഹ്വാനം സാക്ഷാത്ക്കരിക്കാനുള്ളവര്‍ എന്നനിലക്കാണ് പ്രസ്ഥാനത്തിന്റെ മേല്‍നോട്ടത്തില്‍ സമൂഹത്തിന്റെ ഗുണപരമായ കാര്യങ്ങള്‍ക്ക് ഒന്നിച്ചു ചുക്കാന്‍ പിടിക്കുക എന്ന ഉദ്ദേശ്യത്തോടെ ജമാഅത്ത് വനിതാ വിഭാഗം ഇത്തരമൊരു ശ്രമത്തിന് മുതിര്‍ന്നത്. സ്ത്രീക്ക് ഇസ്‌ലാം നല്‍കുന്ന അവകാശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതോടൊപ്പം തന്നെ നിലവിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മതേതര ജനാധിപത്യ മൂല്യങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ അവയെ പരിപോഷിപ്പിക്കാനുതകുന്ന പ്രവര്‍ത്തന പരിപാടികള്‍ 'വാക്കി'ലൂടെ നടപ്പിലാക്കും.

'വിംഗ്‌സ്' എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്? പ്രവര്‍ത്തന മണ്ഡലം ഏതുരീതിയിലാണ്?  ആരാണ് അതിലെ അംഗങ്ങള്‍?

വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം വനിതകള്‍ കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഒരു വന്‍ കുതിച്ചുചാട്ടം തന്നെയാണ് നടത്തിയിട്ടുള്ളത്. പ്രൊഫഷണല്‍ രംഗത്തുപോലും ഇന്ന് മുസ്‌ലിം സ്ത്രീകള്‍ ഒരു അപൂര്‍വ കാഴ്ചയല്ല. ഇവരുടെ ചിന്തകളും കഴിവുകളും പല രീതിയില്‍ ചിതറിക്കിടക്കുകയാണ്. ഇവരുടെ ക്രിയാശേഷി സമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തില്‍ വിനിയോഗിക്കേണ്ടതുണ്ട്. പടച്ചവനോടും കുടുംബത്തോടുമുള്ള ബാധ്യതകള്‍ നിര്‍വഹിക്കാനും ഒദ്യോഗിക ഉത്തരവാദിത്വങ്ങള്‍ സന്തുലിതമായി കൊണ്ടുപോകാനും സാധിക്കാതെ വരുന്നതുകൊണ്ട് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ് പലരും. അവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കണം. കൂടാതെ ധാരാളം സമ്പത്തും അധ്വാനവും ചെലവഴിച്ച് പ്രൊഫഷണല്‍ ഡിഗ്രികള്‍ കരസ്ഥമാക്കിയ  ശേഷം ജോലിയെന്ന സ്വപ്നം തൊഴില്‍ മേഖലകളിലെ പ്രശ്‌നങ്ങള്‍ മൂലവും മറ്റും സാക്ഷാത്ക്കരിക്കാന്‍ കഴിയാതെ പോയവരും നിരവധിയാണ്. പരമ്പരാഗതമായ തൊഴില്‍ സാധ്യതകള്‍ക്കപ്പുറം സ്വന്തം പരിമിതികളില്‍ നിന്നുകൊണ്ടു തന്നെ ചെയ്യാവുന്ന തൊഴില്‍ സംരംഭങ്ങളെ കുറിച്ച അവബോധവും പ്രായോഗിക പരിശീലനവും ഇവര്‍ക്ക് ലഭിച്ചാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഇത്തരം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് women initiative to nurture  growth of society (wings) രൂപീകരിച്ചത്. നമ്മുടെ സാധാരണ വാരാന്ത്യയോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇസ്‌ലാമിക വിജഞാനീയങ്ങളില്‍ ലഭിക്കുന്ന അറിവും അവബോധവും ടെക്‌നോളജിയുടെ സഹായത്തോടെ  ംശിഴെ ലെ അംഗങ്ങള്‍ക്കും ലഭ്യമാക്കാനുള്ള ശ്രമവും നടന്നുവരുന്നു.

വനിതാ നേതൃത്വത്തിനു കീഴില്‍ രൂപീകരിച്ച മറ്റൊരു വേദിയാണല്ലോ ''സൗഹൃദ കേരളം പെണ്‍കൂട്ടായ്മ. അതേപ്പറ്റി?''

സൗഹൃദകേരളം പെണ്‍കൂട്ടായ്മ എന്നത് നിലവിലുള്ള രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പും ഭയവും സൃഷ്ടിച്ച് അന്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാനുള്ള വേദിയാണ്. വിവിധ മതവിഭാഗങ്ങളെ ഉള്‍പ്പെടുത്തി മാനവിക മൂല്യങ്ങള്‍  ഉയര്‍ത്തിപ്പിടിച്ച്  ജാതിമതഭേദമന്യേ സമൂഹത്തിന്റെ പൊതു നന്മക്കുവേണ്ടി പ്രയോജനപ്പെടുത്താനാണ് ഈ കൂട്ടായ്മ.

ജീവിതാവസ്ഥകളെ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജൈവ കൃഷിരീതി പ്രോത്സാഹിപ്പിക്കുകയെന്നത് സര്‍ക്കാര്‍ തലത്തിലും ഇതര കൂട്ടായ്മകളും ഏറ്റെടുത്തു നടത്തുകയാണ്. ജമാഅത്ത് വനിതകള്‍ അത്തരമെന്തെങ്കിലും ആലോചിച്ചിട്ടുണ്ടോ? 

തീര്‍ച്ചയായും. കഴിഞ്ഞ മീഖാത്തില്‍ തന്നെ അതിന് വേണ്ടത്ര പ്രാധാന്യം നല്‍കുകയും നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. കൃഷി ഒരു സംസ്‌കാരമായി വളരേണ്ടതുണ്ട്. ഈ മീഖാത്തിലും അതിനുള്ള ശ്രമം തുടരും.

ജമാഅത്തെ ഇസ്‌ലാമിയുടെ തുടക്കം മുതല്‍ തന്നെ സ്ത്രീ പങ്കാളിത്തവും നേതൃത്വവും ഉണ്ടായിരുന്നു. എന്നിട്ടും ജമാഅത്തെ ഇസ്‌ലാമി വനിതാ നേതൃനിര പൊതു സമൂഹത്തില്‍ അദൃശ്യരാണ്? എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്? അത് മാറ്റിയെടുക്കാനുള്ള നടപടികള്‍?

ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനം ഖര്‍ആനിലും സുന്നത്തിലും അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതാണ്. അതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യം ദൈവപ്രീതി ഒന്നുമാത്രമാണ്. അതുകൊണ്ടു തന്നെ കാട്ടിക്കൂട്ടലുകളിലും പ്രശസ്തിയിലും പ്രകടനപരതയിലും വിശ്വസിക്കാത്തവരാണ് നമ്മുടെ പ്രവര്‍ത്തകര്‍. തന്മലം ദൃശ്യത (visibility)  ഉദ്ദേശിച്ചുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തുനിന്നും കുറവാണ്. കൂടാതെ മീഡിയയുടെ തമസ്‌കരണവും യഥാര്‍ഥത്തില്‍ ഇതിനു കാരണമായിട്ടുണ്ട്. എന്നാല്‍ നമ്മുടെ സന്ദേശം വേണ്ടവിധം ജനങ്ങളില്‍ എത്താന്‍ ഒരളവോളം ദൃശ്യത ഉണ്ടാകേണ്ടതുണ്ട്. അതിനുവേണ്ടി ഒരു വിംഗിനു തന്നെ നാം രൂപം നല്‍കിയിട്ടുണ്ട്. ഇന്‍ശാ അല്ലാ മാറ്റം ഉണ്ടാകും.

ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനില്‍ നിന്നും പ്രായപരിധിമൂലം ഒരുപാട് സംഘടനാ കഴിവുകളുള്ള പെണ്‍കുട്ടികള്‍ ഭാരവാഹിത്വം ഒഴിഞ്ഞുപോയിട്ടുണ്ട്. സ്വാഭാവികമായും വനിതാപ്രവര്‍ത്തനമേഖല എന്ന നിലക്ക് ജമാഅത്ത് വനിതാ ഘടകത്തിലാണ് എത്തേണ്ടത്. പക്ഷേ ആരെയും കാണുന്നില്ല. കുറച്ചുവര്‍ഷങ്ങളായി ഒരു വിടവുണ്ട്. എന്താണ് കാരണം. പുതിയ തലമുറയെ ഉള്‍ക്കൊള്ളുന്നതിലും കാഴ്ചപ്പാടുകള്‍ അംഗീകരിക്കുന്നതിലും പരാജയപ്പെട്ടുപോകുന്നുണ്ടോ?

 ആരെയും കാണുന്നില്ല എന്നത് ശരിയല്ല. പലരും വന്നുചേര്‍ന്നിട്ടുണ്ട്. ചിലരൊക്കെ വനിതാ വിഭാഗത്തിന്റെ നേതൃനിരയിലും ജമാഅത്ത് ശൂറയിലുമുണ്ട്. പ്രാദേശിക തലങ്ങളില്‍ പലരും സജീവമായി രംഗത്തുണ്ട്. എന്നാല്‍ നിരവധി പേര്‍ക്ക് ജി.ഐ.ഒ വിലുണ്ടായിരുന്നപ്പോള്‍ പ്രവര്‍ത്തിച്ചതുപോലെ സജീവമായി പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. അതിന് പല കാരണങ്ങളും ഉണ്ട്. വൈവാഹിക ജീവിതത്തിലേക്ക് കടന്നുചെന്നപ്പോള്‍ കുടുംബാന്തരീക്ഷത്തില്‍ ഉണ്ടായ മാറ്റം, ഭര്‍ത്താവിന്റെ നിലപാടുകള്‍, പ്രസവം, ചെറിയ കുട്ടികള്‍ എന്നിവയാണ് അതില്‍ പ്രധാനം. കൂടാതെ പഠനകാലത്ത് ജി.ഐ.ഒവില്‍ സജീവമായിരുന്നതു കാരണം മുടങ്ങിപ്പോവുകയോ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയോ ചെയ്ത ഉപരിപഠനത്തിനു വേണ്ടി ചിലരൊക്കെ അല്‍പ്പം മാറിനിന്നതും വിടവ് സൃഷ്ടിച്ചിട്ടുണ്ട്. ജോലി നേടുന്നതിനും കിട്ടിയ ജോലിയില്‍ പിടിച്ചുനില്‍ക്കുന്നതിനും ഉള്ള ശ്രമങ്ങള്‍ക്കിടയില്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര സമയം കണ്ടെത്താന്‍ കഴിയാതെ പോകുന്നതും ചിലരെ സംബന്ധിച്ചിടത്തോളം വിട്ടുനില്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ട്. അതോടൊപ്പം ജി.ഐ ഒയും വനിതാ വിഭാഗവും തമ്മിലുള്ള ജനറേഷന്‍ ഗാപ്പ് ഏതെങ്കിലും അര്‍ഥത്തില്‍ സ്വാധീനിച്ചിട്ടുണ്ടോ എന്നതും പഠനവിധേയമാക്കി പരിഹാരങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തന പരിപാടികള്‍ ഈ മീഖാത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രാധാന്യത്തോടെ ഉല്‍പ്പെടുത്തിയിട്ടുണ്ട്.

 പ്രസ്ഥാനവഴിയില്‍ കുടുംബം?

 അല്‍ഹംദുലില്ലാ.. പ്രസഥാനപ്രവര്‍ത്തന വഴിയില്‍ കുടുംബം സജീവമായി കൂടെയുണ്ട്. ശാരീരികമായി, മാനസികമായി, ധാര്‍മികമായി, സാമ്പത്തികമായി, സാങ്കേതികമായി ഓരോരുത്തര്‍ക്കും കഴിയുന്ന രൂപത്തില്‍ ഭര്‍ത്താവും കുട്ടികളും സഹായിക്കാറുണ്ട്. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top