ആദിമനുഷ്യനും ആധുനിക മനുഷ്യനും

ഹുസ്‌ന മുംതാസ് No image

പിശാച് പറഞ്ഞുകൊണ്ടേയിരുന്നു: ''ആ പഴം കഴിക്കൂ, ആദം ഒന്നുകില്‍ നിനക്ക് മലക്കുകളുടെ പദവിയിലെത്താം. അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ ശാശ്വതമായി വസിക്കാം. അത് കഴിക്കാതിരുന്നാല്‍ നീ നഷ്ടകാരികളുടെ കൂട്ടത്തില്‍ പെട്ടുപോവുമല്ലോ.'' ആ വാക്മധുരത്തില്‍ ആദം വീണുപോയി. തിന്നരുതെന്നു ദൈവം കല്‍പിച്ച ആ പഴം ആദമും ഹവ്വയും തിന്നു. പിശാച് തീറ്റിച്ചു.

ദൈവം അരുതെന്ന് പറഞ്ഞത് ചെയ്യാന്‍ പിശാച് ആദമിനെ നിര്‍ബന്ധിച്ചതെന്തിനാണ്? അതിന്റെ കാരണം ഖുര്‍ആന്‍ കൃത്യമായി വിവരിച്ചിട്ടുണ്ട് സൂറത്ത് അഅ്‌റാഫില്‍. ''പിന്നീട് ചെകുത്താന്‍ അവരെ പ്രലോഭിച്ചു. അവരില്‍ ഒളിഞ്ഞിരുന്ന നഗ്നതകള്‍ പരസ്പരം വെളിപ്പെടുത്താന്‍.'' ദൈവധിക്കാരം പാപമാണെന്ന് ആദമിനറിയാമായിരുന്നു. അറിഞ്ഞിട്ടും പിശാചിന്റെ പ്രലോഭനങ്ങളില്‍ പെട്ടുപോയതാണ്. ആദം വിലക്കപ്പെട്ട കനി തിന്ന അന്ന് മനുഷ്യനില്‍ ഒളിഞ്ഞുകിടന്നിരുന്ന നഗ്നത അഥവാ അവന്റെ ന്യൂനതകള്‍ അവന് വെളിപ്പെട്ടു.

ഒരു കനി മാത്രമാണ് വിലക്കിയത്. മറ്റെല്ലാ കനികളും തിന്നാന്‍ ആദമിന് അനുവാദമുണ്ടായിരുന്നു. ആ ഒരൊറ്റ അരുതിലൂടെ ആദമിനെ പരിശീലനത്തിനും പരീക്ഷണത്തിനും വിധേയനാക്കാനായിരുന്നു ദൈവനിശ്ചയം. മനുഷ്യനെന്ന നിയോഗ ദൗത്യം ഏറ്റെടുക്കാനും  ആസക്തികളെ നിയന്ത്രിക്കാനും ആദമിനെ സജ്ജമാക്കുകയായിരുന്നു സ്രഷ്ടാവ്.

ചുരുക്കത്തില്‍ എല്ലാ അരുതുകളും അസ്വാതന്ത്ര്യമല്ല. മറിച്ച് നന്മക്കു വേണ്ടിയുള്ള ഗുണകാംക്ഷാപൂര്‍ണമായ നിയന്ത്രണങ്ങള്‍ മാത്രമാണ്. അനന്തരഫലങ്ങളെ പറ്റി ഓര്‍ക്കാതെ അരുതുകളെ മറികടക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങളാണ് സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുന്നത്. വികാരം വിവേകത്തെ അതിജയിക്കുമ്പോള്‍ മനുഷ്യനില്‍നിന്ന് അവന്റെ മനുഷ്യത്വം ചോര്‍ന്നുപോകുന്നു.

ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോടുള്ള പ്രതിബദ്ധത ഒരു ഭാരമാണോ? താനല്ലാത്ത മറ്റെല്ലാം തനിക്ക് ഭാരമാണെന്ന് മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. വ്യക്തികള്‍ ഓരോരുത്തരായി 'അവനവന്‍ തുരുത്തി'ലേക്ക് ചേക്കേറിയപ്പോള്‍ ലോകം സ്വാര്‍ഥതയുടെ ഒരു വലിയ ഗോളമായി ചുരുങ്ങി. 'എനിക്ക് തോന്നിയത് ഞാന്‍ ചെയ്യും' എന്ന അഹംഭാവത്തെ പുതിയ കാലം വ്യക്തിസ്വാതന്ത്ര്യം എന്നാണ് വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ മാസമാണ് ഗര്‍ഭിണിയായ ഒരു യുവതി ബസ്സില്‍നിന്നും തെറിച്ചുവീണ് മരണമടഞ്ഞത്. ആരും എഴുന്നേറ്റുകൊടുത്തില്ലത്രെ. ഒരു ഗര്‍ഭിണിയുടെ നിറവയര്‍ കാണുമ്പോള്‍ ആര്‍ദ്രത തോന്നാതിരിക്കാന്‍ മാത്രം നമുക്കുള്ളിലെ ആ മാംസക്കഷ്ണം വെറും കരിങ്കല്ലായി മാറിയത് എപ്പോള്‍ മുതലാണ്? മനുഷ്യനെയും മൃഗത്തെയും തമ്മില്‍ വേര്‍തിരിക്കുന്ന ലജ്ജ എന്ന വികാരം നമ്മില്‍നിന്നും പടിയിറങ്ങിപ്പോയിരിക്കുന്നു. പണം മോഷ്ടിച്ചവനെ കള്ളനെന്ന് വിളിക്കും, സംസ്‌കാരം മോഷ്ടിച്ചവനെ നാം 'ആധുനികന്‍' എന്നാണല്ലോ ചെല്ലപ്പേര് വിളിക്കാറ്. 

പിശാച് വെളിവാക്കിയ നഗ്നതയെ ഇലകള്‍ കൊണ്ട് മറക്കാന്‍ ശ്രമിക്കുന്നുണ്ട് ആദമും ഹവ്വയും. ഓരോ ഇലയും ചേര്‍ത്തുവെച്ച് ശരീരം മറക്കാന്‍ ശ്രമിക്കുന്ന ആദമിനെയൊന്ന് സങ്കല്‍പിച്ചുനോക്കൂ. നഗ്നത വെളിവായ വെപ്രാളത്തില്‍ ആദം ശരീരത്തിലണിഞ്ഞ ആ ഇലകള്‍ ഒന്നൊന്നായി ഊരിമാറ്റുന്ന തിരക്കിലാണ് ആധുനിക സമൂഹം. നഗ്നത സമത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിക്കുന്നുവെന്നാണ് ന്യൂജനറേഷന്റെ കാഴ്ചപ്പാട്. കുതന്ത്രം സാമര്‍ഥ്യമെന്നും അധര്‍മം സ്വാതന്ത്ര്യമെന്നും മ്ലേഛത കലയെന്നും ചൂഷണം സഹായമെന്നും തെറ്റിദ്ധരിക്കുന്നതാണ് ആധുനിക നാഗരികതയുടെ പ്രത്യേകത എന്ന മുസ്ത്വഫസ്സിബാഇയുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്.

ആണിനും പെണ്ണിനും നടുവില്‍ പ്രകൃതി വരച്ചൊരു വരയുണ്ട്. ആ അതിര്‍ത്തി ഭേദിക്കല്‍ പ്രകൃതിവിരുദ്ധതയാണ്. പൊതുജന മധ്യത്തില്‍ ആണും പെണ്ണും ചുംബിച്ചപ്പോഴും, ചുംബിച്ചു സമരം ചെയ്തപ്പോഴും നാം ആ അതിര്‍ത്തി സമര്‍ഥമായി ലംഘിച്ചു. ഒടുവില്‍ "Sex is not a  promise'  എന്ന ആഷിഖ് അബു ചിത്രത്തിലെ ഡയലോഗിന് നിര്‍ത്താതെ കൈയടിച്ച് ആ വര തന്നെയും നാം മായ്ച്ചുകളഞ്ഞു. ഒരു ഷേക് ഹാന്‍സിന്റെ ലാഘവത്തില്‍ സെക്‌സിനെയും കാണുന്നിടത്തോളം നാം സംസ്‌കാര ശൂന്യരായിരിക്കുന്നു. ആസക്തികളെയെല്ലാം ആവിഷ്‌കാരങ്ങളെന്ന് ന്യായീകരിക്കാനുള്ള തത്രപ്പാടിലാണ് നാം. പ്രവാചകനൊരിക്കല്‍ പറഞ്ഞു: ''പൂര്‍വ പ്രവാചകന്മാരുടെ മൊഴികളില്‍നിന്ന് മനുഷ്യര്‍ക്ക് ലഭിച്ച ഒരു സന്ദേശം ഇതാണ്: നിങ്ങള്‍ക്ക് ലജ്ജയില്ലെങ്കില്‍ തോന്നുംപോലെ ചെയ്തുകൊള്ളുക'' (ബുഖാരി).

കൊച്ചു കുട്ടികള്‍ വസ്ത്രമിടാതെ മുന്നില്‍ വന്നാല്‍ നാമവരെ കളിയാക്കാറില്ലേ? അപ്പോഴവര്‍ ഇച്ചിച്ചി നാണത്തോടെ പൊത്തിപ്പിടിക്കും. മനുഷ്യസഹജമായ ലജ്ജാബോധമാണ് അവരെക്കൊണ്ടത് ചെയ്യിക്കുന്നത്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വര്‍ധിച്ചുവരേണ്ട ആ വികാരം പുതിയ കാലത്ത് കുറഞ്ഞുവരുന്നതായാണ് കാണാനാവുന്നത്. ഇന്ന് അശ്ലീലമെന്ന പദം അപ്രസക്തമാണ്. നമ്മുടെ നാവിന് വഴങ്ങാത്ത പദങ്ങളില്ല. കേട്ടാല്‍ അറപ്പു തോന്നുന്ന വാക്കുകളില്ല, കണ്ടാല്‍ കണ്ണടക്കേണ്ടിവരുന്ന കാഴ്ചകളില്ല- എല്ലാം നമുക്ക് ശീലമായിരിക്കുന്നു. ശ്ലീലാശ്ലീലങ്ങളെന്തെന്ന് വിഭജിക്കാനാവാത്ത വണ്ണം നാം മ്ലേഛതയുമായി സമരസപ്പെട്ടിരിക്കുന്നു.

മുന്നില്‍ നടന്ന പെണ്‍കുട്ടിയുടെ വസ്ത്രം കാറ്റില്‍ പാറിയപ്പോള്‍ അസ്വസ്ഥത തോന്നിയ മൂസാ 'ഞാനിനി മുന്നില്‍ നടക്കാം' എന്ന് അവളോട് പറയുന്ന ചരിത്രപാഠം നമുക്കറിയാം. മനുഷ്യമനസ്സിന് ചാഞ്ചാട്ടമെളുപ്പമാണ് എന്നതുകൊണ്ടുതന്നെയാണ് ദൃഷ്ടികള്‍ താഴ്ത്താന്‍ സ്ത്രീയോടും പുരുഷനോടും പ്രവാചകന്‍ കല്‍പിച്ചത്. ലജ്ജ സാമൂഹിക ഭദ്രതയുടെ അടിത്തറയാണ്. അതുകൊണ്ടാണല്ലോ തെറ്റ് ചെയ്യുന്നതിനേക്കാള്‍ ഗുരുതരമായ പാപമാണ് ചെയ്ത തെറ്റ് പരസ്യപ്പെടുത്തുന്നത് എന്ന് ദൈവദൂതന്‍ പഠിപ്പിച്ചത്.

കാലത്തോടൊപ്പം സഞ്ചരിക്കുക എളുപ്പമാണ്. പക്ഷേ, ഒഴുക്കിനെതിരെ നീന്താനാണ് വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുള്ളത്. മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോയ സമൂഹത്തിന് മുന്നില്‍ വിശ്വാസം കൊണ്ട് ചെറുത്തുനില്‍ക്കാനുള്ള കരുത്ത് വിശ്വാസി ആര്‍ജിച്ചെടുക്കണം. ലജ്ജ വിശ്വാസത്തിന്റെ ഭാഗമാണെന്ന് പഠിപ്പിച്ചിട്ടുണ്ട് റസൂല്‍. ലജ്ജയില്ലാത്ത മനുഷ്യന്റെ വിശ്വാസം പൂര്‍ണമാവില്ലെന്നാണതിന്റെ സാരം. ആള്‍ക്കൂട്ടത്തിന് നടുവിലായിരിക്കുമ്പോള്‍ മാത്രമല്ല, ഒറ്റക്കായിരുന്നാലും ലജ്ജയുള്ള വിശ്വാസിക്ക് തെറ്റ് ചെയ്യാനാവില്ല.

ലജ്ജ നഷ്ടപ്പെടുമ്പോഴാണ് മനുഷ്യന് കുറ്റബോധമില്ലാതാവുന്നത്. അന്ന് ആദം ചെയ്ത തെറ്റ് ആദം തിരുത്തി. ഇന്ന് ആധുനിക യുഗത്തില്‍ ആ തെറ്റ് നാം വീണ്ടും ആവര്‍ത്തിക്കുകയാണോ? തീര്‍ച്ചയായും ദിശ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 'ലജ്ജ നന്മയല്ലാതെ കൊണ്ടുവരില്ലെ'ന്ന് മുഹമ്മദ് നബി(സ) പഠിപ്പിച്ചത് നാം ഓര്‍ക്കണം. നഗ്നത വെളിവാക്കേതല്ലെന്നും സദാചാരമൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തേതാണെന്നും ബോധമുദിക്കുന്നത് ലജ്ജയെന്ന ദൈവികമായ വികാരം മനുഷ്യനില്‍ നിലനില്‍ക്കുമ്പോഴാണ്. അത് അണഞ്ഞുപോകുന്നിടത്താണ് അരാജകത്വത്തിന്റെ പൈശാചികത ജ്വലിച്ചുനില്‍ക്കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top