അവള്‍ക്കൊപ്പം

No image

സ്‌നേഹം, കരുണ, ആര്‍ദ്രത... തുടങ്ങിയവ സ്ത്രീക്ക് ദൈവം നല്‍കിയ സവിശേഷ ഗുണങ്ങളാണ്. പെണ്ണിന്റെ സ്‌നേഹവും കരുതലുമാണ് കുടുംബത്തിന്റെ കരുത്ത്. കുടുംബത്തില്‍ മാത്രമല്ല, സമൂഹത്തിന്റെ പല മേഖലകളിലും അവള്‍ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. കഴിവും യോഗ്യതയും അനുസരിച്ച് പെണ്ണിന്റെ പല രൂപത്തിലുള്ള പ്രതിനിധാനങ്ങള്‍ സമൂഹത്തിലുണ്ട്. എന്നിട്ടും ചില ദിവസങ്ങള്‍ ഓര്‍ത്തെടുത്ത് അവകാശങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും വേണ്ടി സമരം നയിക്കേണ്ട അവസ്ഥയാണ് ഉള്ളത്. ശാരീരികവും മാനസികവുമായ പീഢനങ്ങള്‍ ദിനംപ്രതി സ്ത്രീക്കു നേരെ ഏറുകയാണ്. 

ഈ പ്രാവശ്യത്തെ ബജറ്റില്‍ സ്ത്രീ സുരക്ഷക്കായി വകയിരുത്തിയത് 1267 കോടി രൂപയാണ്. അവള്‍ക്കൊപ്പം എന്നാണ് ബജറ്റിനെ വിലയിരുത്തിയവര്‍ നിരീക്ഷിച്ചത്. പല പദ്ധതികളും കൊണ്ടാടുകയും വര്‍ഷാവര്‍ഷം സ്ത്രീസുരക്ഷക്കായി തുക മാറ്റിവെക്കുകയും ചെയ്യുന്നു. എന്നിട്ടും പെണ്‍ വിലാപങ്ങളാണെങ്ങും. എന്തുകൊണ്ടാണിങ്ങനെ അംഗീകാരവും ആദരവും പിടിച്ചുവാങ്ങാന്‍ പെണ്ണിന് വനിതാ ദിനം ഓര്‍ത്തെടുത്ത് ഒത്തുചേരേണ്ടിവരുന്നത്.

ഇതിന്റെ കാരണം ചെന്നെത്തുന്നത് യഥാര്‍ഥത്തില്‍ കുടുംബത്തില്‍ തന്നെയാണ്. പെണ്ണിന്റെ വ്യക്തിത്വത്തെ അംഗീകരിക്കാനുള്ള മനോഭാവം നമ്മുടെ കുടുംബഘടനയില്‍ ഇന്നും വേണ്ടത്ര വളര്‍ന്നുവന്നിട്ടില്ല. അവളുടെ ത്യാഗങ്ങളെ വിലമതിച്ചും കഴിവിനെ അംഗീകരിച്ചും അവള്‍ക്ക് സഹായം ചെയ്തും അവളോട് സഹകരിച്ചും ജീവിക്കുന്ന കുടുംബാന്തരീക്ഷം നമുക്കിനിയും ഉണ്ടാക്കാനായിട്ടില്ല. കുടുംബമെന്ന അടിസ്ഥാന യൂനിറ്റിലെ പാകപ്പിഴകളാണ് സമൂഹമെന്ന വലിയ സംഘത്തിലേക്കെത്തുമ്പോള്‍ ഗുരുതര പ്രശ്‌നങ്ങളായി രൂപാന്തരം പ്രാപിക്കുന്നത്. പവിത്രമായ അവളുടെ മാനാഭിമാനങ്ങള്‍ വീട്ടിലും നാട്ടിലും ചിതറിത്തെറിക്കുകയാണ്.

ആരോടാണ് എനിക്കേറ്റവും കടപ്പാടെന്ന ചോദ്യത്തിന് മാതാവോടെന്നായിരുന്നു ദൈവദൂതന്റെ ഉത്തരം. ഈ മാതാവിനെ നാം അവഗണിക്കുന്നു. ഇണയെന്നു പറഞ്ഞു ദൈവം കൂടെ ചേര്‍ത്തവളെ സംശയിച്ചു അറുകൊലചെയ്യുന്നു. പെണ്‍മക്കള്‍ സ്വര്‍ഗഹേതുവാണെന്ന അരുളപ്പാടുണ്ടായിട്ടും അവളെ ബലാത്സംഘം ചെയ്യാന്‍ പിതാവിനു പോലും മടിയില്ലാതാകുന്നു. സഹപ്രവര്‍ത്തകയും സഹയാത്രികയും ഇന്ന് കാമം തീര്‍ക്കാനുള്ളൊരു വസ്തുവായി മാറിയിരിക്കയാണ്.

കരുണ വറ്റിയ ലോകമെന്നു കരുതിയതുകൊണ്ടോ എന്നറിയില്ല പെണ്ണും പ്രതികരിക്കുന്നത് നല്ല രീതിയിലല്ല. അവളിലെ ദൈവികമായ കനിവുകള്‍ വറ്റിപ്പോയ പോലെ. നിറവയറുമായി തന്നെപ്പോലെരു പെണ്ണ് ബസ്സില്‍ കയറിവരുന്നതും ഇരിക്കാന്‍ സീറ്റില്ലാതെ വലയുന്നതും തെറിച്ചുവീണു മരിക്കുന്നതും അവള്‍ക്കിന്നൊരു പ്രശ്‌നമല്ലാതായിരിക്കുന്നു, മാതൃത്വത്തെ സഫലമാക്കാന്‍ കൊതിക്കുന്ന പെണ്ണ് നിറവയറുമായി നില്‍ക്കുന്നത് സഹിക്കാത്തൊരു മനുഷ്യന്‍ തര്‍ക്കിക്കുമ്പോള്‍ അയാളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് കണ്ടുനില്‍ക്കാനും പെണ്ണിന് മടിയില്ലാതായിരിക്കുന്നു. പെണ്ണും ചിന്തിക്കുന്നത് അവകാശങ്ങള്‍ക്കു വേണ്ടി മാത്രമാണ്.

ദൈവം ഏല്‍പ്പിച്ചു തന്ന കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തങ്ങളെക്കാള്‍ താനെന്ന വ്യക്തിയുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള മുറവിളി മാത്രമായി മാറിപ്പോകുകയാണ് വനിതാ ദിനങ്ങള്‍. അംഗീകാരവും ആദരവും നല്‍കാത്ത സമൂഹത്തിന് അവള്‍ തിരിച്ചുകൊടുക്കുന്നതും മറ്റൊന്നല്ല. തുല്യ വേതനം കിട്ടാതെ ജോലി ചെയ്യുകയും തുല്യ അവസരമില്ലാതെ ജോലി നിഷേധിക്കപ്പെടുകയും കുടുംബത്തിന്റെയും പുറം ജോലിയുടെയും ഇരട്ട ഭാരം പേറുകയും ചെയ്യുന്ന പല നിലകളിലുള്ള വേദനയും അശാന്തിയും പേറുന്ന മനസ്സാണ് ഇപ്പോഴും പെണ്ണിന്. പൗരോഹിത്യത്തിന്റെ ശാഠ്യങ്ങളെ വകഞ്ഞുമാറ്റിയിട്ടും പുരോഗതിയുടെ നെറുകയിലെത്തിയിട്ടും മക്കളെ കൊല്ലുന്ന അമ്മയും കാമുകനോടൊപ്പം ഒളിച്ചോടുന്ന ഭാര്യയും ആയി പെണ്ണ് മാറിപ്പോകുന്നത് കുടുംബത്തോടുള്ള ഉത്തരവാദിത്വം മറക്കാന്‍ അവളെ പ്രേരിപ്പിക്കുന്ന അന്തരീക്ഷം അവിടെയുള്ളതുകൊണ്ടാണ്. വ്യവസ്ഥാപിതമായ കുടുംബഘടനയെ തകര്‍ത്തു പുറത്തു പുറത്തുവരുന്ന ആണിനും പെണ്ണിനും നല്ലൊരു സമൂഹത്തെ സൃഷ്ടിക്കാനാവില്ലെന്നു കാലം സാക്ഷിനില്‍ക്കുന്നു.

അതുകൊണ്ട് കുടുംബത്തില്‍ ഓരോ ആണും പെണ്ണും  നീതിപൂര്‍വം ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍ മാത്രമേ അതിന്റെ പ്രതിഫലനം സമൂഹത്തില്‍ ദൃശ്യമാകൂ. അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ട ദിവസത്തിന്റെ സ്മരണകള്‍ പുതുക്കുമ്പോള്‍ ലിംഗഭേദമില്ലാതെ  ഈയൊരു ധാരണ നമുക്കു മുമ്പിലുണ്ടാകണം. 

സന്ധ്യാനേരത്ത് ഒറ്റപ്പെട്ടുപോകുന്ന പെണ്ണിനെ പെങ്ങളാണെന്ന ബോധത്തോടെ കൈപിടിച്ചു സാന്ത്വനിപ്പിക്കുന്ന ആങ്ങളമാരായി ആണ്‍മക്കളെ വളര്‍ത്തുന്നൊരു കുടുംബത്തില്‍ നിന്നുവരുന്ന ഒരാണിനും ഒരൊറ്റ പെണ്ണിന്റെയും അഭിമാനം പിച്ചിച്ചീന്താന്‍ ആവില്ല,  മെഴുകുതിരികള്‍ കത്തിച്ച് മാനം നഷ്ടപ്പെട്ട് മരിച്ചുവീണ പെണ്ണിന്റെ ഓര്‍മപുതുക്കലും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള മുദ്രാവാക്യമുയര്‍ത്തലും മാത്രമായി ലോക വനിതാ ദിനത്തെ ചുരുക്കാതെ നാഗരികതകള്‍ക്ക് വിത്തിട്ട പെണ്ണിന്റെ സ്‌നേഹവും കരുതലും അവളുടെ കരുത്തും ശക്തിയുമാണെന്ന് ലിംഗഭേദമന്യേ തിരിച്ചറിഞ്ഞാദരിക്കാന്‍ നമുക്കീ വേളകള്‍ ഉപകാരപ്പെടട്ടെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top