വിധവയും വിഭാര്യനും

ടി. മുഹമ്മദ്‌ വേളം No image

ജീവിതം എല്ലാവര്‍ക്കും ഒരു നേര്‍രേഖ ആയിരിക്കണമെന്നില്ല. വളവും തിരിവും ചുഴികളും സങ്കീര്‍ണതകളുമെല്ലാം അതിനിടയില്‍ രൂപപ്പെടാം. അത്തരമൊരു പ്രയാണമാണ്‌ വൈധവ്യം. ഒറ്റയടിപ്പാതയല്ലാതെ പോവുന്ന ജീവിതത്തിന്റെ സങ്കീര്‍ണതകളില്‍ വ്യക്തികളെ സഹായിക്കാന്‍ സാമൂഹ്യനിയമങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാധിക്കണം. തന്റേതല്ലാത്ത കുറ്റത്തിന്‌ വിധവയായിത്തീരുന്നവര്‍ക്ക്‌ വൈധവ്യം ഒരു ശിക്ഷയാക്കിത്തീര്‍ക്കാനാണ്‌ സമൂഹമെന്ന സ്ഥാപനം മിക്കപ്പോഴും ശ്രമിക്കാറുള്ളത്‌. സതി മുതല്‍ വിധവാവിവാഹ നിരുത്സാഹം വരെ ഇതിന്റെ അടയാളങ്ങളാണ്‌. അതേ സമയം വിഭാര്യനായ പുരുഷന്റെ കാര്യത്തില്‍ കുറച്ചുകൂടി ഉദാരത കാണിക്കാന്‍ സമൂഹം സന്നദ്ധമാവാറുണ്ട്‌.
വൈധവ്യം ഒരു ശാപമോ ശകുനമോ അല്ല. ജീവിതത്തില്‍ ആര്‍ക്കും വന്നുചേരാവുന്ന പല അവസ്ഥകളില്‍ ഒന്നു മാത്രമാണ്‌. അതിനെ ധീരമായും മനോഹരമായും അഭിമുഖീകരിക്കുക എന്നതാണ്‌ മനുഷ്യന്‍ എന്ന നിലയില്‍ നമ്മുടെ ബാധ്യത. അതുതന്നെയാണ്‌ ജീവിതം നല്‍കുന്ന സാധ്യതയും.
ഇസ്‌ലാമിക ചരിത്രത്തില്‍ രക്തസാക്ഷികളുടെ ഭാര്യ എന്നറിയപ്പെടുന്ന സ്‌ത്രീയാണ്‌ ആതിഖ ബിന്‍ത്‌ സൈദ്‌. അവരുടെ ആദ്യ ഭര്‍ത്താവ്‌ അബ്ദുല്ലാഹിബ്‌നു അബീബക്കര്‍(റ) ത്വാഇഫില്‍ വെച്ചു നടന്ന ഏറ്റുമുട്ടലില്‍ രക്തസാക്ഷിയായി. ശേഷം ഉമര്‍(റ) അവരെ വിവാഹം ചെയ്‌തു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം അദ്ദേഹവും രക്തസാക്ഷിയായി. തുടര്‍ന്ന്‌ സുബൈറുബ്‌നുല്‍ അവാം (റ) അവരുടെ ജീവിത പങ്കാളിയായി. ജമല്‍ യുദ്ധത്തില്‍ സുബൈര്‍(റ)വും രക്തസാക്ഷിയായി. പിന്നെ മുഹമ്മദുബ്‌നു അബീബക്കര്‍(റ) വിവാഹം ചെയ്‌തു. ഈജിപ്‌തില്‍ വെച്ചു നടന്ന ഒരു യുദ്ധത്തില്‍ അദ്ദേഹം രക്തസാക്ഷിയായി. പിന്നീട്‌ ഹസന്‍(റ) അല്ലെങ്കില്‍ ഹുസൈന്‍(റ) വിവാഹം ചെയ്‌തു എന്ന്‌ ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ഓരോ ഭര്‍ത്താക്കന്‍ന്മാര്‍ മരിക്കുമ്പോഴും അവരെക്കുറിച്ച്‌ മനോഹരമായ വിലാപകാവ്യങ്ങള്‍ പാടിയിരുന്നു സുന്ദരിയായ ആതിഖ(റ). ഒടുവില്‍ വിവാഹാഭ്യര്‍ത്ഥനയുമായി വന്നവരെ അവര്‍ തിരിച്ചയക്കുകയാണ്‌ ചെയ്യുന്നത്‌.
ജീവിതത്തെ ഇത്ര ആര്‍ജവത്തോടെ, സൗന്ദര്യത്തോടെ, ആഘോഷത്തോടെ സമീപിച്ച മറ്റേത്‌ ജീവിതരീതിയായിരിക്കും ലോകത്തുണ്ടാവുക. ജീവിതത്തിന്റെ ഒരു സാധ്യതയെയും നിരാകരിക്കുകയല്ല, നിയന്ത്രിച്ച്‌ മനോഹരമാക്കുകയാണ്‌ ഇസ്‌ലാം ചെയ്യുന്നത്‌. മനോഹരമായ ജീവിതത്തിനുവേണ്ടിയുള്ള നിയന്ത്രണങ്ങള്‍.
വിവാഹമോചനം കാരണമോ ഭര്‍ത്താവിന്റെ വിയോഗം നിമിത്തമോ ദീക്ഷ ആചരിക്കുന്ന സ്‌ത്രീയോട്‌ വിവാഹാഭ്യര്‍ത്ഥന നടത്തരുതെന്ന്‌ ഖുര്‍ആന്‍ പറയുന്നു: ``നിങ്ങളുടെ അഭിലാഷങ്ങള്‍ അവരോട്‌ സൂചിപ്പിക്കാം. കാരണം, നിങ്ങളുടെ ഉള്ളിലുള്ളത്‌ അറിയുന്നവനാണവന്‍, നിങ്ങള്‍ അവരെ ഓര്‍ത്തുകൊണ്ടിരിക്കുന്നുവെന്ന്‌ അല്ലാഹുവിനറിയാം.''(അല്‍ബഖറ-235) ദീക്ഷ ആചരിക്കുന്ന സ്‌ത്രീയെ ഒരന്യപുരുഷന്‍ കാണുന്നതു തന്നെ സദാചാരവിരുദ്ധമായാണ്‌ പലപ്പോഴും കണക്കാക്കപ്പെടാറ്‌. ഇവിടെയാണ്‌ ഖുര്‍ആന്‍ പറയുന്നത,്‌ ദീക്ഷാ അവധി തീരും വരെ വിവാഹാവശ്യം തെളിയിച്ചു പറയുകയോ വിവാഹ ഉടമ്പടിയില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്‌. നിങ്ങളുടെ അഭിലാഷം അവരോട്‌ വ്യംഗമായി സൂചിപ്പിക്കാം. ഉദാഹരണം, നിങ്ങള്‍ ഇപ്പോഴും സുന്ദരിയാണ്‌, അല്ലെങ്കില്‍ യുവതിയാണ്‌, നിങ്ങളെപ്പോലെ നല്ലവളായ ഒരു സ്‌ത്രീയെ ആരാണ്‌ ഇഷ്ടപ്പെടാതിരിക്കുക എന്നൊക്കെ പറയാം. ഭര്‍ത്താവിന്റെ മരണം സ്‌ത്രീകളുടെ ദാമ്പത്യജിവിതത്തിന്റെയും മരണമായിരിക്കണമെന്ന കാഴ്‌ചപ്പാടിനെ ഇസ്‌ലാം സമൂലമായി നിരാകരിക്കുന്നു. വിവാഹമോചിതരായ ആദ്യ ഭാര്യാഭര്‍ത്താക്കന്മാരും കുടുംബങ്ങളും തികഞ്ഞ ശത്രുക്കളെപ്പോലെ പെരുമാറുന്നതാണ്‌ നമ്മുടെ ശീലവും വഴക്കവും. എന്നാല്‍ ആദ്യഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരുന്ന്‌ തങ്ങളുടെ സന്താനത്തിന്റെ മുലയൂട്ടലിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന ഒരു സുന്ദരചിത്രം ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. (അല്‍ ബഖറ 233)
മക്കളെച്ചൊല്ലിയാണ്‌ പലരുടെയും വിവാഹങ്ങള്‍ തടസ്സപ്പെടുന്നത്‌. അല്ലെങ്കില്‍ വിവാഹത്തോട്‌ വിമുഖരാവുന്നത്‌. മേല്‍ സൂചിപ്പിക്കപ്പെട്ട ദിവ്യപാഠത്തില്‍ അല്ലാഹു പറയുന്ന ഒരു കാര്യമുണ്ട്‌, മാതാവോ പിതാവോ മക്കള്‍ കാരണത്താല്‍ ഉപദ്രവിക്കപ്പെടരുത്‌. വിധവകളും മാതാക്കളുമായ സ്‌ത്രീകളുടെ വിവാഹ പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാണുന്ന ഒരു പ്രവണതാവാചകമുണ്ട്‌. അതിങ്ങനെയാണ്‌: കുട്ടികളുടെ ബാധ്യത ഏറ്റെടുക്കേണ്ടതില്ല. വിധവ വിവാഹിതയാവണമെങ്കില്‍ അവള്‍ നൊന്തുപെറ്റ കുഞ്ഞുങ്ങളെ നിത്യജീവിതത്തില്‍ നിന്നുപേക്ഷിക്കണം. എന്നിട്ട്‌ തന്റേതല്ലാത്ത കുഞ്ഞുങ്ങളെ പലപ്പോഴും അവള്‍ വളര്‍ത്തുകയും വേണം. കുട്ടികളെ വളര്‍ത്തുക എന്നത്‌ മാതാക്കളുടെ ഉത്തരവാദിത്തമാണെന്ന്‌ ശഠിക്കുന്ന ഒരു സമൂഹമാണ്‌ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത്‌. ഒറ്റപ്പെട്ട ഔന്നിത്യമുള്ള അപവാദങ്ങള്‍ ഇല്ലെന്നു പറയുന്നില്ല. അനാഥ സംരക്ഷണത്തിന്റെ പുണ്യത്തെക്കുറിച്ച വലിയ ബോധം മുസ്‌ലിം സമൂഹ മനസ്സിനകത്തുണ്ട്‌. ആ ബോധം ഒട്ടും ജൈവമല്ലാതായി പോവുകയാണ്‌. അനാഥസംരക്ഷണത്തെ ജീവിതത്തില്‍ നിന്നും മുറിച്ചെടുത്ത്‌ നാം യതീംഖാനകളില്‍ നിക്ഷേപിക്കുകയാണ്‌.
വിവാഹമോചിതയെ, വിധവയെ പുതിയ വിവാഹത്തില്‍ നിന്നു തടഞ്ഞുനിര്‍ത്തരുതെന്ന്‌ വ്യത്യസ്‌തമായ ഒരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്‌ ഖുര്‍ആന്‍ പറയുന്നുണ്ട്‌(നിസാഅ്‌ 19). മറ്റൊരര്‍ത്ഥത്തില്‍ നമ്മുടെ സാമൂഹിക മനസ്സിനെതിരായ വിമര്‍ശനവും തിരുത്താനുള്ള പ്രേരണയുമായാണ്‌ ആ ഖുര്‍ആനിക പാഠം സമകാലികമാവുന്നത്‌.
വിവാഹമെന്ന സ്ഥാപനത്തിന്റെ അതിരുകടന്ന പവിത്രീകരണമാണ്‌ പുനര്‍വിവാഹങ്ങളെ തടസ്സപ്പെടുത്തുന്ന ഒരു ഘടകം. വിവാഹം പവിത്രമാണെന്ന്‌ വിശ്വസിക്കുകയും അത്‌ ആദ്യവിവാഹം മാത്രമാണെന്നു കരുതുകയും ചെയ്യുന്ന പ്രവണത ഇവിടെ കാണാന്‍ കഴിയും. ഇത്‌ പ്രശ്‌നസങ്കീര്‍ണതകളെ പ്രസവിക്കുന്ന ഒരന്ധവിശ്വാസമാണ്‌. ഇസ്‌ലാം പവിത്രമായി കരുതുന്നത്‌ വിവാഹക്കരാറിനെയാണ്‌. അതാകട്ടെ ഒരു ജനാധിപത്യ സംവിധാനവുമാണ്‌.
വിവാഹത്തിന്റെ സാമൂഹികപരതയെ അംഗീകരിച്ചുകൊണ്ടു തന്നെ പറയേണ്ട ഒരു കാര്യമുണ്ട്‌. വളരെ അടിസ്ഥാനപരമായി വ്യക്തിപരമായ ഒരു കാര്യത്തിനുള്ള സാമൂഹികാംഗീകാരം മാത്രമാണ്‌ വിവാഹത്തിന്റെ സാമൂഹികത. അതിന്റെ മേല്‍ അനാവശ്യമായ സാമൂഹിക നിയന്ത്രണങ്ങള്‍, അനാചാരങ്ങള്‍ കൊണ്ടുവരുന്നു എന്നതാണ്‌ നമ്മുടെ പ്രശ്‌നം. വ്യക്തിപരതക്ക്‌ നല്‍കേണ്ട ഒരംഗീകാരവും സംരക്ഷണവും നല്‍കാന്‍ സമൂഹമെന്ന നിലയില്‍ നമുക്ക്‌ സാധിക്കാതെ പോവുന്നു. വൈവിധ്യത്തോടുള്ള ജീവിത വിരുദ്ധസമീപനം മുസ്‌ലിം സമൂഹത്തിന്‌ സവര്‍ണസംസ്‌കൃതിയില്‍ നിന്നു പകര്‍ന്നു കിട്ടിയതാണ്‌.
ഇണ നഷ്ടപ്പെട്ടതിന്റെ വ്യക്തി ദുഃഖത്തിനപ്പുറമുള്ള സാമൂഹ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത്‌ സ്‌ത്രീകള്‍ മാത്രമല്ല പുരുഷന്‍മാര്‍ കൂടിയാണ്‌. ചെറുപ്പക്കാരല്ലാത്തവരുടെ പുനര്‍വിവാഹത്തെ പുരുഷന്റെ കാര്യത്തിലും പൊതുവെ പ്രോത്സാഹിപ്പിക്കുന്നില്ല. ഭാര്യ മരണപ്പെട്ടശേഷം പുനര്‍വിവാഹിതയായാല്‍ തന്നെ അതില്‍ സന്താനങ്ങള്‍ ഉണ്ടാവുന്നതിനെ സാംസ്‌കാരികവും സാമ്പത്തികവുമായ കാരണത്താല്‍ നാം വെറുക്കുകയാണ്‌ ചെയ്യുന്നത്‌. അത്തരം ദാമ്പത്യങ്ങള്‍ ലൈംഗികരഹിത ദാമ്പത്യങ്ങള്‍ ആവണമെന്നതാണ്‌ പൊതു അഭിലാഷം. പ്രായമുള്ള ദമ്പതികളുടെ പ്രണയത്തെയോ രതിയെയോ ഉള്‍കൊള്ളാന്‍ ഒരു സമൂഹമെന്ന നിലക്ക്‌ നാം അപ്രാപ്‌തരാണ്‌. ഈ സാമൂഹ്യ അടിച്ചമര്‍ത്തല്‍ കാരണം ശാരീരികവും മാനസികവുമായ സമ്മര്‍ദങ്ങള്‍ പേറി ജീവിക്കുന്ന എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്‌. സാങ്കേതികതക്കപ്പുറം പ്രായോഗികമായി വളരെ ചുരുങ്ങിയ ആയുസ്സുള്ള ദാമ്പത്യമാണ്‌ നമ്മുടെ ദാമ്പത്യങ്ങള്‍. ജീവിത പങ്കാളി മരണപ്പെട്ടുപോവാതെ തന്നെ ഒരു തരം വിധവകളും വിഭാര്യരും ആയിത്തീരുന്നവരാണ്‌ നാം. ദാമ്പത്യത്തിന്റെ അകാല മരണം ഇവിടുത്തെ സാമൂഹ്യ പ്രതിഭാസമാണ്‌. ദാമ്പത്യത്തിന്റെ ആയുര്‍ദൈര്‍ഘ്യം എങ്ങനെ വര്‍ധിപ്പിക്കാം, ദാമ്പത്യത്തിന്റെ ആയുസ്സ്‌ ദമ്പതികളുടെ ആയുസ്സ്‌ തന്നെയാക്കി മാറ്റാം എന്നത്‌ സാമൂഹ്യ ശാസ്‌ത്രജ്ഞമാരും സാമൂഹ്യപ്രവര്‍ത്തകരും ഗൗരവത്തില്‍ ആലോചിക്കേണ്ടതാണ്‌.
അമ്മയുടെ മരണശേഷം അച്ഛന്‍ ഒരു ചെറുപ്പക്കാരിയെ വിവാഹം ചെയ്യുന്നു. മക്കള്‍ മുഴുവന്‍ അമേരിക്കയിലും യൂറോപ്പിലും. വിവാഹത്തിന്‌ മക്കള്‍ കഠിനമായി എതിരായിരുന്നു. അച്ഛന്റെ പുതിയ വിവാഹത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മക്കള്‍ മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വിവാഹ വാര്‍ഷിക ആശംസാ പരസ്യം നല്‍കി. ഇതൊരു പ്രതികാര നടപടിയായിരുന്നു. ആ മനുഷ്യന്റെ ഏകാന്തതയോ അഭിലാഷങ്ങളോ അംഗീകരിക്കാന്‍ മക്കള്‍ ഒരുക്കമായിരുന്നില്ല. എന്നല്ല അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്‌ തങ്ങളുടെ അച്ഛന്‍ എന്നതിനപ്പുറം എന്തെങ്കിലുമൊരസ്‌തിത്വമുള്ളതായി പോലും അവര്‍ അംഗീകരിക്കുന്നില്ലെന്നര്‍ത്ഥം. തങ്ങളുടെ സാമൂഹ്യ മാന്യതക്ക്‌ കളങ്കമേല്‍പ്പിച്ചു എന്നതു മാത്രമാണ്‌ അച്ഛനെതിരായ അവരുടെ പ്രതികാര നടപടിക്ക്‌ കാരണം. അവരുടെ സാമൂഹ്യ മാന്യതക്ക്‌ അച്ഛന്‍ കൊടുക്കേണ്ടിവരുന്ന വൈകാരികമായ വിലയെക്കുറിച്ച്‌ അവര്‍ ഒരിക്കലും ആലോചിക്കാന്‍ ഒരുക്കമായിരുന്നില്ല.
ഇസ്‌ലാം വിമോചന പ്രത്യയശാസ്‌ത്രമാവുന്നത്‌ അതിന്റെ സ്ഥൂലാര്‍ഥത്തില്‍ മാത്രമല്ല, അടിമ മോചനവും മര്‍ദിതന്റെ രാഷ്ട്രീയ വിമോചനവും മാത്രമല്ല ഇസ്‌ലാം വാഗ്‌ദാനം ചെയ്യുന്നത്‌. ഇസ്‌ലാം വിമോചന പ്രത്യയശാസ്‌ത്രമാവുന്നത്‌ സൂക്ഷ്‌മാര്‍ഥത്തില്‍ കൂടിയാണ്‌. അത്‌ വിധവകളുടെയും വിധുരരുടെയും ജീവിതത്തിന്റെ മുതുകുകളെ ഞെരുക്കുന്ന ഭാരങ്ങളെ ഇറക്കിവെക്കുന്ന ജീവിത ദര്‍ശനമാണ്‌. വൈധവ്യത്തെയോ വിഭാര്യതയെയോ ഇസ്‌ലാം ഒരിക്കലും ഉദാത്തമാക്കുന്നില്ല. വിവാഹത്തെ ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നുമില്ല. തീര്‍ച്ചയായും അത്‌ പ്രോത്സാഹിപ്പിക്കുന്നത്‌ വിവാഹത്തെയാണ്‌.
യഥാര്‍ത്ഥത്തില്‍ എല്ലാ അനുരഞ്‌ജന ശ്രമങ്ങള്‍ക്കും ഒടുവില്‍ ഉണ്ടാവുന്ന വിവാഹമോചനം ഒരു കുടുസ്സ്‌ എന്നതിനേക്കാള്‍ തുറസ്സാണ്‌. പ്രശ്‌നം എന്നതിനേക്കാള്‍ സാധ്യതയാണ്‌. ഒരു ജനാധിപത്യ അവകാശമാണ്‌. അതിനെ ശാപമാക്കി മാറ്റുന്നത്‌ പുനര്‍വിവാഹത്തോടുള്ള നമ്മുടെ വിമുഖ സമീപനമാണ്‌. നമ്മുടെ നാട്ടിലെ ഇദ്ദാചരണത്തില്‍ വരെ സവര്‍ണ സംസ്‌കൃതികളുടെ സ്വാംശീകരണം കാണാന്‍ കഴിയും. വിധവകളുടെ ജീവിതത്തെ ഇദ്ദകളുടെ ഒരു നീള്‍ച്ച (extention)യാക്കി മാറ്റാനാണ്‌ നാം ശ്രമിക്കുന്നത്‌. കഴിഞ്ഞ ജീവിതത്തിനും പുതിയ ജീവിത സാധ്യതക്കുമിടയിലെ ഒരിടക്കാലം മാത്രമാണത്‌. അതിലൂടെ അവള്‍ പുതിയ ജീവിതത്തിലേക്ക്‌ ഒരുങ്ങുക കൂടിയാണ്‌ ചെയ്യുന്നത്‌.
വിവാഹം നമുക്ക്‌ പ്രണയത്തിനും ലൈംഗികതക്കുമെന്നതിനേക്കാള്‍ സംരക്ഷണത്തിനും പരിചരണത്തിനുമാണ്‌. കുറച്ചു മുതിര്‍ന്നവര്‍ക്ക്‌, ചിലപ്പോള്‍ ഏറെയൊന്നും മുതിരാത്ത സ്‌ത്രീകള്‍ക്കും ഇതിന്‌ വേറെ വഴികളുണ്ടെങ്കില്‍ പിന്നെ വിവാഹത്തിന്റെ വാതില്‍ അടച്ചിടാനാണ്‌ പൊതു മനസ്സ്‌ താല്‍പര്യപ്പെടുന്നത്‌. വിവാഹത്തില്‍, അല്ല മനുഷ്യജീവിതത്തില്‍ പ്രണയവും ലൈംഗികതയും സ്‌ത്രീ-പുരുഷന്മാര്‍ തമ്മിലെ സവിശേഷ കാരുണ്യവും പരമപ്രധാനമാണ്‌. അതിനെ നട്ടെല്ലു നിവര്‍ത്തി നിന്ന്‌ അഭിമുഖീകരിക്കാനാണ്‌ ഒരു ജനത എന്ന നിലക്ക്‌ നാം ശ്രമിക്കേണ്ടത്‌. ചുരുക്കത്തില്‍ വിധവക്കും വിഭാര്യനും സമ്പൂര്‍ണ മനുഷ്യ പദവി തിരിച്ചു നല്‍കാന്‍ നാം സന്നദ്ധമാകണം.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top