തുടുത്ത കവിള്‍ത്തടമുള്ള മുഖം. പുഞ്ചിരിക്കുമ്പോള്‍ വിരിയുന്ന നുണക്കുഴികള്‍. മുല്ലപ്പൂ വെണ്മയുള്ള മുന്‍പല്ലുകള്‍. വശ്യമായ ചിരി. നിഷ്കളങ്കമായ കണ്ണുകള്‍. മയൂരം പോലെ അഴകാര്‍ന്ന തലമുടി....
സങ്കല്പത്തിലെ പെണ്ണിങ്ങനെ ആയിരുന്നു.
കുറേ അലഞ്ഞിട്ടും പൊരുത്തമൊത്ത പെണ്ണിനെ കിട്ടിയില്ല.
അവന്റെ മനസ്സ് കുന്തിരിക്കം പോലെ പുകഞ്ഞു.
'നിനക്ക് കീഴെ ആണും പെണ്ണും കുറെ ഉണ്ട്. കോലം കണ്ടില്ലേ, വയസ്സനെ പോലെ.' ഉപ്പ പറഞ്ഞു.
സങ്കടത്തോടെ അവന് ഉമ്മയെ നോക്കി.
ഭാഗ്യം. ഉമ്മ കേട്ടില്ല. ഉമ്മയുടെ കാത് നിറയെ അലിക്കത്താണ്.
അവന് കണ്ണാടിക്ക് മുന്നില്‍ മുഖം കാണിച്ചു.
ഒട്ടിയ കവിള്. ശവമാടം പോലെ കണ്‍കുഴി. തീക്കനല്‍ ചുകപ്പുള്ള കണ്ണുകള്‍. മീശയും താടിയും വെളുത്തിരിക്കുന്നു.
കണ്ണാടി എറിഞ്ഞുടച്ച് അവന് വീണ്ടും പെണ്ണ് തേടിയിറങ്ങി.