പ്രവാചകനിലെ മാതൃക

അമാന റഹ്മ No image

ജീവിതത്തിന്റെ ഏതു കോണില്‍നിന്നു നോക്കിയാലും മുസ്‌ലിം സമുദായത്തിന്റെ ആദര്‍ശമാതൃക മുഹമ്മദ് നബി(സ) തന്നെയാണ്. പ്രബോധകനായും ഭരണാധികാരിയായും നേതാവായും മാത്രമല്ല, കുടുംബനാഥനായും അദ്ദേഹം എക്കാലത്തെയും ജനതക്കുള്ള മാതൃകയായി ജീവിച്ചു. അദ്ദേഹത്തിന്റെ ഭാര്യമാരോടള്ള സമീപനത്തെ കുറിച്ച് വായിക്കുമ്പോള്‍ നമുക്കത് ബോധ്യമാകും. പ്രവാചകന്റെ ഭാര്യമാരുമായുള്ള ഇടപെടലിനെ കുറിച്ച് വായിക്കുകയാണെങ്കില്‍ ശരിക്കും വിസ്മയിച്ചുപോകും, കാരണം അത്രമാത്രം സൂക്ഷ്മതയും വിനയവും അനുകമ്പയുമെല്ലാം നല്ലപാതിയിലേക്കു കൂടി പകര്‍ന്നുകൊടുത്ത മഹാപുരുഷനാണ് പ്രവാചകന്‍. ഈ സംഗതിയില്‍ പ്രവാചകന്റെ നിര്‍ദേശങ്ങളുടെ ഏകദേശരൂപം മനസ്സിലാകണമെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഹദീസുകളിലൂടെ മാത്രം കടന്നുചെന്നാല്‍ മതിയാകും. ഇസ്‌ലാമില്‍ ഭാര്യാഭര്‍തൃബന്ധം എന്നത് ദയ, സ്‌നേഹം, കാരുണ്യം എന്നിവ പരിപാലിക്കപ്പെടേണ്ട ദൃഢമായ ഒരു ഉടമ്പടിയാണ്. ഇത് കൂടുതല്‍ സാര്‍ഥകമാവുന്നത് ഭൂമിയില്‍ നിലനില്‍ക്കുന്നതില്‍ ഏറ്റവും വലിയ ദൃഷ്ടാന്തമായ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു സൂചിപ്പിച്ച വാക്യങ്ങളിലൂടെയാണ്: ''അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്ക് സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.'' (അര്‍റൂം: 30:21)
ഏറ്റവും നല്ല പരിചരണം അര്‍ഹിക്കുന്നവള്‍ ആരാണെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി തന്റെ ഇണകളോട് നല്ല നിലയില്‍ പെരുമാറുന്നവനാണെന്നായിരുന്നു.
അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം. പ്രവാചകന്‍ (സ) പറഞ്ഞു: സത്യത്തില്‍ വിശ്വസിച്ചവര്‍ ഉത്തമ സ്വഭാവമുള്ളവരായിരിക്കും. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ നിങ്ങളുടെ സ്ത്രീകളോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ് (തിര്‍മിദി).
പ്രവാചകന്‍ (സ) പറഞ്ഞതായി ഇബ്‌നു അബ്ബാസ് (റ) പറയുന്നു: നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ അവന്റെ ഭാര്യയോട് നന്നായി പെരുമാറുന്നവനാണ്. നിങ്ങളില്‍നിന്ന് ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവന്‍ ഞാനാണ് (ഇബ്‌നുമാജ). പ്രവാചകന്‍ അരുള്‍ചെയ്തതായി അബൂഹുറൈറ പ്രസ്താവിക്കുന്നു: വിശ്വാസിനിയായ ഒരുവളെ വിശ്വാസിയായ ഒരാള്‍ വെറുക്കുകയില്ല. അവളുടെ ഏതെങ്കിലും ഒരു സ്വഭാവം അവന്‍ വെറുക്കുകയാണെങ്കില്‍ അവനെ സന്തോഷിപ്പിക്കുന്ന മറ്റൊന്ന് അവളിലുണ്ടാകും (മുസ്‌ലിം).
അബ്ദുല്ലാഹിബ്‌നു അംറുബ്‌നു ആസ്വി(റ)ല്‍ നിന്ന് നിവേദനം. പ്രവാചകന്‍ (സ) പറഞ്ഞിരിക്കുന്നു: പ്രപഞ്ചം (ക്ഷണികമായ) ആനന്ദമാണ്. എന്നാല്‍ ഭൂമിയിലെ ഏറ്റവും വലിയ ആനന്ദം ദൈവഭക്തയായ ഭാര്യയാണ് (മുസ്‌ലിം).
സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ് എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരധ്യാപനം.  ദാമ്പത്യ ജീവിതത്തില്‍ പരസ്പരമുള്ള അംഗീകാരവും ആദരവും വളരെ പ്രധാനപ്പെട്ടതാണ്. തന്റെ ഇണയോട് സ്‌നേഹം ഉണ്ടാകുക മാത്രമല്ല, അത് പ്രകടിപ്പിക്കുക കൂടി ചെയ്യണമെന്നാണ് പ്രവാചകന്‍ നിര്‍ദേശിച്ചത്. ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: അവര്‍ ആര്‍ത്തവകാരിയായിരിക്കെ പ്രവാചകന്‍ അവര്‍ക്ക് കുടിക്കാനായി ഒരു പാത്രം നല്‍കി. അവര്‍ കുടിക്കുമ്പോള്‍ അധരങ്ങള്‍ വെച്ചയിടം ശ്രദ്ധിച്ച് അദ്ദേഹവും പാത്രത്തിന്റെ ആ ഭാഗത്തു തന്നെ ചുണ്ടുകള്‍ ചേര്‍ത്തുവെച്ചു (നസാഈ). 
അനസ് (റ) പറയുന്നു: പ്രവാചകനോട് (സ)ചോദിക്കപ്പെട്ടു, പ്രവാചകരേ, ജനങ്ങളില്‍നിന്ന് താങ്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ആരാണ്? അദ്ദേഹം ഉത്തരം കൊടുത്തു: ആഇശ. അവര്‍ വീണ്ടും ചോദിച്ചു: പുരുഷന്മാരില്‍നിന്ന് ആരെയാണ് താങ്കള്‍ക്കിഷ്ടം? അദ്ദേഹം പറഞ്ഞു: അവളുടെ പിതാവിനെ (ഇബ്‌നുമാജ). തന്റെ ഇണയോട് മാത്രമല്ല, അവരുമായി രക്തബന്ധമുള്ളവരോടു കൂടിയും സ്‌നേഹവും ആദരവുമൊക്കെ പ്രകടിപ്പിക്കണമെന്നാണ് പ്രവാചകന്‍ ജീവിതത്തിലൂടെ കാണിച്ചുതന്നത്. ദാമ്പത്യത്തിന്റെയും കുടുംബ ബന്ധത്തിന്റെയും  ഊഷ്മളതകള്‍ നഷ്ടപ്പെട്ടുപോകുന്ന ഈ കാലത്ത്  ഇത്തരം അധ്യാപനങ്ങളെ നമ്മുടെ ജീവിതത്തോട് ചേര്‍ത്തു വെക്കണം.
അനസ് (റ) പറയുന്നു: പ്രവാചകന് (സ) നന്നായി സൂപ്പ് വെക്കുന്ന ഒരു പേര്‍ഷ്യക്കാരനായ അയല്‍വാസി ഉണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം കുറച്ച് സൂപ്പുണ്ടാക്കി പ്രവാചകനെ ക്ഷണിച്ചു. ആഇശ(റ) തന്നെക്കൂടി അതിലേക്ക് ക്ഷണിക്കാന്‍ പ്രവാചകന്‍ (സ) അദ്ദേഹത്തോട് ആവശ്യപ്പെടുമെന്ന് കരുതി സന്തോഷിച്ചു. എന്നാല്‍ അയല്‍വാസി അവരെക്കൂടി അതിലേക്ക് ഉള്‍പ്പെടുത്തുന്നത് നിഷേധിച്ചു. അതുകൊണ്ട് പ്രവാചകന്‍ ആ ക്ഷണം നിരസിച്ചു.
അദ്ദേഹം വീണ്ടും ഇത്തരത്തില്‍ പ്രവാചകനെ ക്ഷണിച്ചെങ്കിലും അപ്പോഴും പ്രവാചകന്‍ അത് നിരസിക്കുകയായിരുന്നു.
എന്നാല്‍ പേര്‍ഷ്യന്‍ അയല്‍വാസി മൂന്നാമതൊരിക്കല്‍ കൂടി ആഇശയോടൊപ്പം പ്രവാചകനെ ക്ഷണിച്ചപ്പോള്‍ പ്രവാചകന്‍ ക്ഷണം സ്വീകരിക്കുകയും ആഇശ(റ)യോടൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ പോവുകയും ചെയ്തു (മുസ്‌ലിം). ഭാര്യമാരോടുള്ള കരുതലിന്റെയും ആദരവിന്റെയും പാഠങ്ങളെ നമുക്കിവിടെ വായിച്ചെടുക്കാം. അല്‍ അസ്‌വദ് ചോദിച്ചു: 'ഉമ്മുല്‍ മുഅ്മിനീന്‍ ആഇശാ, പ്രവാചകന്‍ വീട്ടില്‍ എന്താണ് പതിവായി ചെയ്തിരുന്നത്?' അവര്‍ പറഞ്ഞു: 'അദ്ദേഹം പതിവായി വീട്ടുജോലികളില്‍ സഹായിച്ചിരുന്നു. എന്നാല്‍ നമസ്‌കാരത്തിന്റെ സമയമായാല്‍ അദ്ദേഹം അതിനായി പോകുമായിരുന്നു' (ബുഖാരി). സമൂഹത്തിന്റെ ഉത്തവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുമ്പോഴും കുടുംബിനിയെ വീട്ടുകാര്യങ്ങളില്‍ പ്രവാചകന്‍ സഹായിച്ചിരുന്നു 

അവരുമായി തമാശകളില്‍ ഏര്‍പ്പെടല്‍
ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: മെലിഞ്ഞ ശരീരപ്രകൃതമുള്ളപ്പോള്‍ അവര്‍ യാത്രകളില്‍ പ്രവാചകനെ അനുഗമിച്ചിരുന്നു. പ്രവാചകന്‍ അനുയായികളോട് മുന്നോട്ട് നടക്കാനാവശ്യപ്പെട്ട് ആഇശയോട് അദ്ദേഹത്തോടൊപ്പം ഓടാന്‍ ആവശ്യപ്പെടും. അവര്‍ ഓടുകയും ആഇശ ഒന്നാമതെത്തുകയും ചെയ്തിരുന്നു.
പിന്നീടൊരു യാത്രാവേളയില്‍ ആഇശയോട് പ്രവാചകനോടൊപ്പം ഓടാന്‍ പറഞ്ഞെങ്കിലും ആഇശ(റ) നിഷേധിച്ചു. കാരണം അവര്‍ തടിയല്‍പം കൂടുകയും ഓട്ടമൊക്കെ മറന്നുപോവുകയും ചെയ്തിരുന്നു. ഇത്തരമൊരവസ്ഥയില്‍ ഞാനെങ്ങനെ താങ്കളോടൊപ്പം ഓടുമെന്ന് അവര്‍ ആശങ്കപ്പെട്ടു. പ്രവാചകന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവര്‍ വീണ്ടും അദ്ദേഹത്തോടൊപ്പം ഓടി. ഈ സമയത്ത് പ്രവാചകനായിരുന്നു ഒന്നാം സ്ഥാനം. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: പകരത്തിനു പകരമായി.
ആഇശ(റ) പറയുന്നു: ഒരു ഈദ് ദിനത്തില്‍ എത്യോപ്യക്കാരായ കുറച്ചാളുകള്‍ പരിചയും കുന്തവും ഉപയോഗിച്ച് കൊണ്ട് കളിക്കുകയായിരുന്നു. അത് കാണാന്‍ ഞാന്‍ അല്ലാഹുവിന്റെ ദൂതരോട് അനുമതി ചോദിച്ചതാണോ, അതല്ല അദ്ദേഹമെന്നോട് കാണാന്‍ താല്‍പര്യമുണ്ടോയെന്ന് അന്വേഷിച്ചതാണോ എന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല. എന്തു തന്നെയായാലും ഞാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ അതിന് അനുമതി നല്‍കുകയും പ്രവാചകന്റെ കവിള്‍ എന്റെ കവിളിനോട് ചേര്‍ത്തുവെച്ച് അദ്ദേഹത്തിനു പുറകിലായി എന്നെ നിര്‍ത്തുകയും ചെയ്തു. എന്നിട്ടദ്ദേഹം പറഞ്ഞു: 'ബനൂ അര്‍ഫദക്കാരേ (എത്യോപ്യയില്‍ നിന്നുള്ള സംഘം), തുടരുവിന്‍.' ഞാന്‍ ക്ഷീണിതയായപ്പോള്‍ എനിക്ക് മതിയായോ എന്ന് ചോദിക്കുകയും ഞാന്‍ സമ്മതിച്ചുകൊണ്ട് മറുപടി കൊടുക്കുകയും അങ്ങനെ തിരിച്ചുപോരുകയും ചെയ്തു.

കാലത്തെ പോലും 
അതിജയിക്കുന്ന സ്‌നേഹം
ആഇശ(റ) പറയുന്നു: പ്രവാചകന്റെ ഭാര്യമാരില്‍ ഖദീജയോടൊഴിച്ച് മറ്റാരോടും എനിക്ക് അസൂയ തോന്നിയിട്ടില്ല, അവരെ ഞാനൊരിക്കലും കണ്ടിട്ടില്ലായെങ്കിലും.
അവര്‍ കൂട്ടിച്ചേര്‍ത്തു: അല്ലാഹുവിന്റെ പ്രവാചകന്‍ ആടിനെ അറുക്കുമ്പോള്‍ പറയും: ഖദീജയുടെ കൂട്ടുകാരികള്‍ക്ക് ഇതെത്തിച്ചുകൊടുക്കുക.
ഖദീജ(റ)യെ കുറിച്ച് ഒരിക്കല്‍ ആഇശ(റ) നടത്തിയ പരാമര്‍ശം പ്രവാചകനില്‍ പ്രയാസമുണ്ടാക്കി. അദ്ദേഹം ആഇശയോട് പറഞ്ഞു: ഞാന്‍ എന്റെ സ്‌നേഹം അവര്‍ക്ക് വകവെച്ചുകൊടുത്തതാണ്. അനസുബ്‌ന് മാലിക് (റ) പറയുന്നു: പ്രവാചകന് എന്തെങ്കിലും സാധനങ്ങള്‍ ലഭിച്ചാല്‍ അദ്ദേഹം പറയുമായിരുന്നു: ഇതെടുത്ത് ഇന്നയിന്നവര്‍ക്ക് കൊടുക്കുക. കാരണം അവര്‍ ഖദീജയുടെ കൂട്ടുകാരിയാണ്.
ആഇശ(റ)യില്‍നിന്ന് നിവേദനം: ഒരിക്കല്‍ ഖദീജയുടെ സഹോദരി ഹാല ബിന്‍ത് ഖുവൈലിദ് പ്രവേശനാനുമതി തേടി പ്രവാചകനെ സമീപിച്ചു. ഖദീജ ബീവിയുടെ അനുവാദം ചോദിക്കലിന് സദൃശ്യമായ അവരുടെ ശൈലി ഖദീജയെ കുറിച്ച ഓര്‍മകള്‍ പ്രവാചകനില്‍ തിരിച്ചുകൊണ്ടുവന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹ്, ഇത് ഹാല ബിന്‍ത് ഖുവൈലിദ് ആണല്ലോ. മരിച്ചുപോയിട്ടും നിലക്കാത്ത ഈ സ്‌നേഹം തന്നില്‍ അസൂയയുണ്ടാക്കിയെന്ന് ആഇശ(റ) തന്നെ പറയുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top