കാര്‍ലക്കും പൗലോക്കുമിടയില്‍ ജീവിത സാഫല്യത്തിലെത്തുന്ന ഹിപ്പി

പി. മുഹമ്മദ് നിയാസ് No image

കാര്‍ല നീ ഇവിടെയുണ്ടോ? വര്‍ഷങ്ങള്‍ക്കു ശേഷം ആംസ്റ്റര്‍ഡാമിന്റെ തെരുവില്‍ നിന്ന് പൗലോയുടെ ഈ ശബ്ദം കേള്‍ക്കുമ്പോള്‍  കാര്‍ല അവിടെ ഉണ്ടാകണമെന്ന്, പൗലോയും അവളും ഒരിക്കല്‍ കൂടെ സ്വതന്ത്രമായ സ്‌നേഹ ഹൃദയങ്ങള്‍ തുറന്ന് ഏക ശരീരമായി വീണ്ടും മുന്നോട്ട് നടന്ന് ഇനിയും യാത്രകള്‍ തുടര്‍ന്നിരുന്നെങ്കില്‍, അവസാനിക്കാതെ ഇനിയും മുന്നോട്ട് പൗലോ എന്ന ബ്രസീലുകാരനും കാര്‍ലയെന്ന ഇരുപത്തിമൂന്നുകാരിയും നമ്മുടെ മനസ്സുകളെയും കൊണ്ട് ദൂരേക്ക് ദൂരേക്ക് സഞ്ചരിച്ചിരുന്നെങ്കില്‍ എന്നൊന്നും ആഗ്രഹിക്കാതെ ഒരു വായനക്കാരന്നും ഹിപ്പി(Hippie of Paulo Coelho‑)യുടെ താളുകള്‍ മടക്കിവെക്കാനാകില്ല. ആല്‍ക്കെമിസ്റ്റില്‍ പൗലോ കൊയ്‌ലോ സാന്റിയാഗോക്കൊപ്പം ചേര്‍ത്തുവെച്ച സാഫല്യം, പ്രണയം, സ്‌നേഹം, സൂഫിസം എല്ലാം പുതിയ കാലഘട്ടത്തിനും സ്ഥലത്തിനുമൊത്ത മാറ്റങ്ങള്‍ക്ക് വിധേയമായി വീണ്ടും മനുഷ്യജീവിതങ്ങളുമായി തുന്നിച്ചേര്‍ക്കുകയാണ് വീണ്ടും ഹിപ്പിയിലൂടെ.
'ഹിപ്പികള്‍', യൂറോപ്പില്‍ ജീവിക്കുകയും വെസ്റ്റേണ്‍ സംസ്‌കാരത്തോട് മുഖം തിരിച്ച് സ്‌നേഹ, സ്വാതന്ത്ര്യ ചിന്തകളുമായി മുടിയും താടിയും നീട്ടി വളര്‍ത്തി വര്‍ണക്കുപ്പായങ്ങളുമണിഞ്ഞ് തെരുവ് സംഗീതവും ചര്‍ച്ചകളുമായി ജീവിക്കുന്നവര്‍. ഇവര്‍ തേടുന്ന സ്വാതന്ത്ര്യവും ഇവരുടേതായ കലാ-സാഹിത്യ-സംഗീത ബോധങ്ങളും സഞ്ചാരങ്ങളും പരസ്പര ഇടപെടലുകളുമെല്ലാം ഒരു ചിത്രത്തിലേക്ക് കേന്ദ്രീകരിച്ചു വെക്കുന്നിടത്താണ് ഹിപ്പിയുടെ ജന്മം. നോവലിന്റെ അവസാനത്തില്‍ ജീവിത സാഫല്യമെന്ന അമൂല്യത കണ്ടെത്തിയ പൗലോ ജീവിതം സ്‌നേഹിക്കാനുള്ളതാണ്, ആ സ്‌നേഹം ദൈവസ്‌നേഹമാണെന്നും പറഞ്ഞ് വെക്കുമ്പോള്‍ ഓരോ വായനക്കാരനും അനര്‍ഘ ഹൃദയതാളങ്ങളോടെ ആന്തരികമായി റൂമിക്കും കബീറിനും ഹാഫിസിനും ടാഗോറിനുമൊപ്പം ദൈവത്തിലലിഞ്ഞ് നൃത്തം ചെയ്യും.
പതിവ് ആഖ്യാനശൈലിയിലൂടെ തുടക്കം മുതല്‍ തന്നെ വായനക്കാരന്റെ ഹൃദയവും ശരീരവും കവര്‍ന്നെടുത്ത് പുസ്തകത്തില്‍ വാക്കുകള്‍ക്കൊപ്പം നടത്താനാകുന്നത് തന്നെയാണ് ഹിപ്പിയുടെയും വിജയം. പൗലോയും കാര്‍ലയും ജീവിതത്തിന്റെ അടരുകള്‍ തേടി ആംസ്റ്റര്‍ഡാമില്‍നിന്ന് നേപ്പാളിലേക്ക് മാജിക് ബസ് കയറി യൂഗോസ്ലാവ്യയും ആസ്ത്രിയയും പിന്നിട്ട് ഇസ്താംബൂളിലെത്തുമ്പോഴും അവിടെ ദര്‍വീശുകളുടെ ഭവനങ്ങളില്‍ ധ്യാനവും കവിതാ ശീലുകളും കേള്‍ക്കുന്നിടത്തെല്ലാം വായനക്കാരന്‍ അവര്‍ക്കൊപ്പം അരികു ചേര്‍ന്ന് നടക്കുന്നുണ്ട്.
അര്‍ഥമില്ലാത്ത കുറേ പ്രണയങ്ങള്‍ക്കും സ്‌നേഹങ്ങള്‍ക്കും ശേഷം ജീവിതത്തിന്റെ അര്‍ഥം തേടി നേപ്പാളിലേക്ക് യാത്ര ചെയ്യാന്‍ കൊതിച്ചിരിക്കുന്ന കാര്‍ല കൂട്ടിനൊരാളെ തേടുകയാണ്. ആംസ്റ്റര്‍ഡാമില്‍നിന്നും നേപ്പാളിലേക്കുള്ള ബസ് യാത്രയില്‍ തന്റെ കൂട്ടു തേടി അവള്‍ ഡാം സ്‌ക്വയറിലെ കൈനോട്ടക്കാരിയുടെ അടുത്ത് ചെന്ന് തന്റെ കൈ നീട്ടി കൂട്ടുകാരന്‍ എപ്പോള്‍ വരുമെന്ന് ചോദിക്കുന്നു. അടുത്ത ദിവസമെന്ന ഉത്തരത്തില്‍ ഡാം സ്‌ക്വയറില്‍ അത്രയും ദിവസം അവള്‍ കണ്ടിട്ടില്ലാത്ത പുതിയ മുഖമായിരുന്നു പൗലോ. അവള്‍ കുറേ സമയത്തേക്ക് അവനെ തന്നെ നോക്കി നിന്നു. അവസാനം, അവര്‍ ഹൃദയങ്ങള്‍ കോര്‍ത്തുവെച്ച് നടക്കാന്‍ തുടങ്ങി, ഇസ്താംബൂളിന്റെ നിറങ്ങള്‍ പകര്‍ന്ന രാത്രികള്‍ വരെ.
നേപ്പാളിലേക്കുള്ള യാത്രക്ക് മുമ്പ് കാര്‍ല അവനെ മില്ലു കാണാന്‍ കൊണ്ടു പോകുന്നുണ്ട്. ആ യാത്ര കഴിഞ്ഞ് അവര്‍ ജീവ യാഥാര്‍ഥ്യങ്ങള്‍ തേടുകയാണ്, എല്ലാം തുറന്ന് പറഞ്ഞ് സ്വതന്ത്രരായി അവര്‍ ചേര്‍ത്ത് വെച്ച് മുന്നോട്ട് നടക്കുന്നു. കാര്‍ല താന്‍ നേപ്പാള്‍ യാത്ര ഉദ്ദേശിക്കുന്നതിനെ കുറിച്ച് പറയുമ്പോള്‍ അവള്‍ നീ വരണമെന്ന് അവനെ നിര്‍ബന്ധിപ്പിക്കുന്നില്ല, അവന് ഞാനും കൂടെ വരുന്നുവെന്ന് പറയാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും അവന്‍ നിശ്ശബ്ദനായി നിന്നു, അവളുടെ ഇഷ്ടങ്ങളാകട്ടെ.
വിലാവേലിയിലെ ഹോട്ടലില്‍ മയക്കുമരുന്ന് കടത്തുന്നവരാണെന്ന സംശയത്തില്‍ അവരെ പോലീസ് പിടിക്കുന്നതും ചോദ്യം ചെയ്യുന്നതും ജയിലിലടക്കുന്നതും അവസാനം രണ്ടുപേരെയും നിരപരാധികളായി വിട്ടയക്കുന്നതും നോവലിലെ ഹൃദയസ്പൃക്കായ മുഹൂര്‍ത്തങ്ങളാണ്.
ആംസ്റ്റര്‍ഡാമില്‍നിന്ന് നേപ്പാളിലേക്ക് 70 ഡോളര്‍ ടിക്കറ്റ് യാത്രയാരംഭിക്കുമ്പോള്‍ അവര്‍ ഒരേ സീറ്റില്‍ കൈ കോര്‍ത്തിരുന്നു. പരസ്പരം ചേര്‍ന്നും ഴാങിന്റെയും റയാന്റെയും ജീവിത കഥകള്‍ കേട്ടും സുന്ദരമായ ആ യാത്രയില്‍ അവര്‍ പരസ്പരം സ്‌നേഹത്തില്‍ മൂര്‍ത്തീഭാവങ്ങള്‍ കീഴടക്കുകയാണ്. സ്‌നേഹം സ്വാതന്ത്ര്യമാണ്, എല്ലാറ്റിനും അനുവാദം കല്‍പ്പിക്കുന്നതാണ് ഉദാത്ത സ്‌നേഹ വളര്‍ച്ചയെന്നും അവര്‍ പറയുന്നു.
ജോര്‍ദാനില്‍ നടക്കുന്ന സംഘട്ടനങ്ങള്‍ കാരണമായി അവര്‍ക്ക് ഇസ്താംബൂളില്‍ അല്‍പ ദിവസം തങ്ങേണ്ടി വരുന്നിടത്താണ് നോവലിന്റെ അര്‍ഥഗര്‍ഭമായ ചിന്തകളും ദര്‍വീശുകളുടെയും സൂഫികളുടെയും ജീവിതങ്ങളും അവര്‍ പകരുന്ന ജീവിത സാഫല്യത്തിന്റെ ബോധനകളും നോവലിന്റെ അടിസ്ഥാന ശിലകള്‍ പാകുന്നത്. ഇസ്താംബൂളിലെ ഓരോ ദിവസവും മാജിക് ബസ്സിലെ ഓരോരുത്തര്‍ക്കും വിവിധയിനം കാഴ്ചകളും ബോധങ്ങളും അറിവുകളും പകരുന്നുണ്ട്. ദര്‍വീശുകളുടെ ലോകത്തേക്ക് യാത്ര ചെയ്യുന്ന പൗലോ തന്റെ ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തി അവരില്‍ നിന്നും ഉതിര്‍ന്ന് വീഴുന്ന കവിതകളും വാക്കുകളും പെറുക്കിയെടുത്ത് അവിടെ തന്നെ നില്‍ക്കാന്‍ തീരുമാനിക്കുകയാണ്. ഇസ്താംബൂളിലെ ആദ്യ ദിനം പുഴക്കരയില്‍ തന്റെ ഓര്‍മകള്‍ ഒരിക്കല്‍കൂടെ അയവിറക്കിയിരുന്ന കാര്‍ല പൗലോ ആദ്യ ദിവസ അനുഭവങ്ങളിലൂടെ ധ്യാനവും ഗുരുദര്‍ശനങ്ങളും തേടിപ്പോവുകയാണ് നേപ്പാളിലേക്ക്. സൂഫികളുടെ തത്ത്വചിന്തകള്‍ക്കും ധ്യാനാരാധനകള്‍ക്കുമൊപ്പം സ്‌നേഹം മാത്രം നിര്‍ഗളിക്കുന്ന ഹൃദയങ്ങള്‍ സൃഷ്ടിച്ചെടുക്കുകയാണ് ഹിപ്പികള്‍.
മയക്കുമരുന്നുകള്‍ക്കോ മുന്തിയ ഇനം വീഞ്ഞുകള്‍ക്കോ നല്‍കാനാകുന്ന ഹൃദയ ശാന്തതയോ സ്വതന്ത്രമായ അബോധാവസ്ഥയോ അല്ല യഥാര്‍ഥ ഇശ്ഖും കവിതയും. ദൈവികമായ സ്‌നേഹത്തിലൂടെ മനുഷ്യന്‍ അര്‍ഥമുള്ള ജീവിതത്തിലേക്ക് ഓരോ തോണിയും തുഴഞ്ഞ് കയറുകയാണ്. പൗലോ കൊയ്‌ലോ പറയുന്നു. ഒരിക്കലും സ്‌നേഹം മതത്തിലധിഷ്ഠിതമല്ല, ദൈവസ്‌നേഹം അതിരുകള്‍ ഭേദിച്ച് പൊതുജന ബോധങ്ങള്‍ക്കപ്പുറത്തുള്ളതും ഉള്‍ക്കൊള്ളാന്‍ സാധ്യമാക്കുന്ന സൂഫിസമാണ് കളങ്കരഹിതമായ സ്‌നേഹം, അതാണ് ജീവിതമെന്ന് കാര്‍ലയും പൗലോയും തെളിയിക്കുകയാണ് ഹിപ്പിയില്‍.
ജീവിതം ദൈവസ്‌നേഹത്തിലാണെന്ന് ഊന്നിപ്പറയുമ്പോഴും ഹിപ്പികളുടെ ജീവിത ശൈലിയും കലാബോധങ്ങളും ലോകം തിരിച്ചറിയേണ്ടതാണെന്നും അരികുകളിലേക്ക് തള്ളിനിര്‍ത്തപ്പെടുന്നവര്‍ ഒരിക്കലും നികൃഷ്ടമായ ജീവിത ശൈലികളോ വ്യവസ്ഥകളോ ഉള്‍ക്കൊണ്ടവരാകണമെന്നില്ലെന്നും, ചിലപ്പോള്‍ അവര്‍ കല്‍പ്പിക്കുന്ന നടപ്പുകളാകും ലോകത്ത് ഏറ്റവും കളങ്കമറ്റ മനുഷ്യ സ്തൂപങ്ങള്‍ തീര്‍ത്ത് വെക്കുകയെന്നും പറയാതെ പറയാന്‍ ശ്രമിക്കുകയാണ് ഹിപ്പികളുടെ സംസ്‌കാര നോവലിലൂടെ പൗലോ കൊയ്‌ലോ.
ഇസ്താംബൂളിലെ സൂഫി ചിന്തകളിലേക്ക്  ജീവിതം തേടിപ്പോയ പൗലോക്ക് തിരിച്ചുവരാനാകുന്നില്ല, അവള്‍ നേപ്പാളിലേക്ക് മടങ്ങുമ്പോള്‍ അവന്‍ അവളെയും നോക്കി പുറത്ത് നില്‍ക്കുകയായിരുന്നു. ആ ബ്രസീലുകാരന്‍ കയറിയിട്ടില്ലെന്ന് ബസ്സിലുള്ളവര്‍ പറയുമ്പോള്‍ ഡ്രൈവര്‍ ഒന്നുമറിയാത്ത പോലെ മുന്നോട്ടുള്ള യാത്രയാരംഭിച്ചിരുന്നു. അയാള്‍ക്ക് മാത്രം എല്ലാം അറിയാമായിരുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നിന്നെയും കാത്ത് ഞാന്‍ ആംസ്റ്റര്‍ഡാമില്‍ ഇരിപ്പുണ്ടാകും എന്ന് അവള്‍ അവനോട് പറഞ്ഞതെല്ലാം അയാള്‍ക്കറിയാമായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ആംസ്റ്റര്‍ഡാമിന്റെ തെരുവില്‍ വിഖ്യാത എഴുത്തുകാരനായി പൗലോ പ്രസംഗിക്കാനെത്തുമ്പോള്‍ അവന്‍ തന്റെ ജീവിത കഥകള്‍ പറഞ്ഞ് അവസാനം തന്നെയും കാത്തിരിക്കുന്ന കാര്‍ലയെ കാണാനായി അവന്‍ ചോദിക്കുന്നു: കാര്‍ല, നീ ഇവിടെയുണ്ടോ?

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top