മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് അഫ്രീന്‍ ഫാത്വിമ
ഷർനാസ് മുത്തു
നവംബര്‍ 2019
ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ലയിലെ ഒരു സാധാരണ മുസ്‌ലിം കുടുംബത്തിലാണ് അഫ്രീന്‍ ഫാത്വിമയുടെ ജനനം. വ്യാപാരിയായ ഉപ്പയും വീട്ടമ്മയായ ഉമ്മയും നാല് സഹോദരങ്ങളുമടങ്ങുന്ന കുടുംബം. വലിയ സാമ്പത്തിക
ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ലയിലെ ഒരു സാധാരണ മുസ്‌ലിം കുടുംബത്തിലാണ് അഫ്രീന്‍ ഫാത്വിമയുടെ ജനനം. വ്യാപാരിയായ ഉപ്പയും വീട്ടമ്മയായ ഉമ്മയും നാല് സഹോദരങ്ങളുമടങ്ങുന്ന കുടുംബം. വലിയ സാമ്പത്തിക സ്ഥിതിയൊന്നുമില്ലെങ്കിലും പിതാവിന്റെ ആഗ്രഹമായിരുന്നു മക്കളെ പ്രദേശത്തെ ഏറ്റവും നല്ല സ്‌കൂളില്‍ ചേര്‍ത്ത് വിദ്യാഭ്യാസം നല്‍കണമെന്നത്. അങ്ങനെയാണ് അഫ്രീന്‍ അലഹബാദിലെ സെന്റ് മേരീസ് സ്‌കൂളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കുന്നത്. തുടര്‍ന്ന് ബിരുദ പഠനത്തിനു വേണ്ടി അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ വിമന്‍സ് കോളേജില്‍ ചേര്‍ന്നു. പൊതുവെ പാഠ്യേതര വിഷയങ്ങളില്‍ തിളങ്ങിനിന്നിരുന്ന അഫ്രീന്‍ യൂനിവേഴ്‌സിറ്റി ഡിബേറ്റ് ആന്റ് ലിറ്റററി ക്ലബില്‍ നിറസാന്നിധ്യമായി. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് യൂനിയന്‍ തെരഞ്ഞെടുപ്പിലേക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന തന്റെ സുഹൃത്തായ നസ്ബ നസീമിനു വേണ്ടി പ്രചാരണത്തിനിറങ്ങുന്നത്. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം അഫ്രീന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ചു. വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായിരിക്കെ നടത്തിയ ഇടപെടലുകള്‍ ദേശീയശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.
വനിതാ കോളേജ് യൂനിയന്‍ ഇടപെടലുകളെ വളരെ ചുരുങ്ങിയ ചട്ടക്കൂട്ടില്‍ ഒതുക്കിനിര്‍ത്തിയിരുന്ന കാമ്പസിലാണ് അഫ്രീന്‍ ബാബരി മസ്ജിദ് ധ്വംസനം, കുനന്‍- പോഷ്‌പോറ ബലാത്സംഗ കേസ് തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ പൊതുപരിപാടികള്‍ നടത്തിയത്. ചരിത്രത്തിലാദ്യമായി എ.എം.യു കാമ്പസില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ വനിതാ ഉച്ചകോടിയും(Women Leadership Summit) നടത്തി. അരുന്ധതി റോയി, ടീസ്റ്റ സെറ്റല്‍വാദ്, ജെ.എന്‍.യു വിദ്യാര്‍ഥി നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് തുടങ്ങി പ്രമുഖ വനിതകള്‍ ഇതില്‍ പങ്കെടുത്തു. യൂനിവേഴ്‌സിറ്റി യൂനിയന്‍ വൈസ് പ്രസിഡന്റിന് ഇതിലെ ഒരു അതിഥിയുമായുള്ള അഭിപ്രായവ്യത്യാസം കാരണം തുടക്കം മുതലേ ഈ പരിപാടി പരാജയപ്പെടുത്താന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. എങ്കിലും പ്രതിസന്ധികളെ തരണം ചെയ്ത് അഫ്രീന്റെ നേതൃത്വത്തില്‍ വളരെ ഭംഗിയായിത്തന്നെ പരിപാടി നടത്തി.
പുറത്തുനിന്നുള്ള സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ എ.എം.യു കാമ്പസില്‍ കയറി വിദ്യാര്‍ഥികളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്, അക്രമികളെ അകത്തു കയറ്റിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാമ്പസിനകത്തും പുറത്തും നിരവധി പ്രതിഷേധങ്ങള്‍ നടന്ന സന്ദര്‍ഭം. അധികൃതരുടെ ഭാഗത്തുനിന്നും നടപടികളുണ്ടാകാത്തതിനാല്‍ അഫ്രീന്റെ നേതൃത്വത്തില്‍ മുപ്പതു വിദ്യാര്‍ഥിനികള്‍ രജിസ്ട്രാര്‍ ഓഫീസ് ഉപരോധിക്കുകയുണ്ടായി. ഇതിന്റെ ബാക്കിപത്രമെന്നോണം പ്രോവോസ്റ്റ് സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികളുടെ വീട്ടില്‍ വിളിച്ച് അവരുടെ വിദ്യാഭ്യാസ ഭാവിയെക്കുറിച്ച് താക്കീത് നല്‍കി. ഇതറിഞ്ഞ അഫ്രീന്‍ പ്രോവോസ്റ്റിന്റെ ഓഫീസ് ഉപരോധിക്കുകയും ഓരോ കുട്ടിയുടെയും വീട്ടില്‍ വിളിച്ച് തെറ്റായ വിവരം നല്‍കിയതിനു മാപ്പ് പറയിക്കുകയും ചെയ്തു.
വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അഫ്രീന്‍ സധൈര്യം ഇടപെട്ടു. നേരത്തേ തീരുമാനിച്ചതില്‍നിന്ന് വ്യത്യസ്ത തീയതികളില്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചതു കാരണം വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാണിച്ച് അധികാരികളെ പോയി കാണുകയും വേണ്ട പരിഗണന കിട്ടാതായപ്പോള്‍ ഈ ആവശ്യത്തിനു വേണ്ടി അഫ്രീനും കൂട്ടുകാരും ബാബെ സയ്യിദ് (യൂനിവേഴ്‌സിറ്റി മെയിന്‍ ഗേറ്റ്) അടച്ച് പ്രതിഷേധിച്ച് നീതി നേടിയെടുക്കുകയും ചെയ്തു. ഇതുവരെ എ.എം.യു കാണാത്ത ഒരു പ്രതിഷേധ പ്രകടനമായിരുന്നു അത്. വനിതാ കോളേജ് യൂനിയനെ ഒരു യൂനിയനായി പോലും പരിഗണിക്കാത്ത കാമ്പസിലായിരുന്നു അക്രമരഹിതമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്ന് അഫ്രീന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തെളിയിച്ചത്. പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കി എക്കാലത്തെയും മികച്ച യൂനിയന്‍ പ്രസിഡന്റായി അഫ്രീന്‍ അറിയപ്പെട്ടു.
അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് അഫ്രീന്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റിലേക്ക് വരുന്നതും പിന്നീടതിന്റെ എക്‌സിക്യൂട്ടീവ് മെമ്പര്‍ ആകുന്നതും. ബിരുദ പഠനത്തിനുശേഷം എം.എ ലിംഗ്വിസ്റ്റിക്‌സിനു ജെ.എന്‍.യുവില്‍ ചേര്‍ന്നു. അലീഗഢില്‍നിന്ന് വ്യത്യസ്തമായി പാര്‍ട്ടി പൊളിറ്റിക്‌സിലധിഷ്ഠിതമായ ഒരു കാമ്പസായിരുന്നു ജെ.എന്‍.യു. രാഷ്ട്രീയത്തില്‍ മതവും ജാതിയുമൊക്കെ ഒരു ചോദ്യചിഹ്നമായിരുന്നു. ബാപ്‌സ (Birsa Ambedkar Phule Students Association) - ഫ്രറ്റേണിറ്റി പാനലില്‍ എസ്.എല്‍.എസ് കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച അഫ്രീന്‍ അവിടെയും വെന്നിക്കൊടി പാറിച്ചു. 'അടിച്ചമര്‍ത്തപ്പെടുന്ന സമൂഹത്തിന് ഒരു മധ്യവര്‍ത്തിയുടെ ആവശ്യമില്ല, ഞങ്ങളെക്കുറിച്ച് പറയാന്‍ ഞങ്ങള്‍ തന്നെയുണ്ട്' എന്ന് പറഞ്ഞു കൊണ്ടവര്‍ ഇടത്-ഫാഷിസ്റ്റ് പ്രോപ്പഗണ്ട പൊളിച്ചെഴുതി പ്രചാരണം നടത്തി. ബാപ്‌സ-ഫ്രറ്റേണിറ്റി കൂട്ടുകെട്ട് ആദ്യമായാണ് കാമ്പസില്‍ മത്സരിക്കുന്നതെന്നതും അഫ്രീന്റെ വിജയത്തിന് മാറ്റുകൂട്ടുന്നു. മുഖ്യധാരാ രാഷ്ട്രീയം പലപ്പോഴും മുസ്‌ലിം സ്ത്രീക്ക് എത്തിപ്പിടിക്കാനാവാത്ത ദൂരത്താണല്ലോ. ഇവിടെയാണ് ശബ്ദമില്ലാത്തവരുടെ ശബ്ദമായി അഫ്രീന്‍ ഫാത്വിമയുടെ വിജയം ആഘോഷിക്കപ്പെടുന്നത്, സാമൂഹികനീതിക്കായുള്ള പോരാട്ടമായത് മാറുന്നത്.
ജെ.എന്‍.യുവിലെ ഏറ്റവും വലിയ സ്‌കൂള്‍ ആയ ലാംഗ്വേജസ് ആന്റ് കള്‍ചറല്‍ സ്റ്റഡീസിലെ കൗണ്‍സിലര്‍ ആണ് ഇന്ന് അഫ്രീന്‍ ഫാത്വിമ. സാധാരണ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ചെയ്യുന്ന പോലെ കൊച്ചുകൊച്ചു മരാമത്തു പണികളല്ല; മറിച്ച് താന്‍ ഇടപെടേണ്ട ഒരുപാട് വിഷയങ്ങളുണ്ട്, അബ്ദുല്‍നാഫിഅ് കമ്മിറ്റി ഗൈഡ്‌ലൈന്‍സ് നടപ്പാക്കല്‍, ബി.എ-എം.എ പ്രോഗ്രാമുകളുടെ ഇന്റഗ്രേഷന്‍, ലാറ്ററല്‍ എന്‍ട്രി, ഡിപ്രൈവേഷന്‍ പോയിന്റും ന്യൂനപക്ഷ വിദ്യാര്‍ഥികളും.... അഫ്രീന്‍ വാചാലയാകുന്നു.
'എനിക്ക് പറയാനുള്ളത് സ്ത്രീകളെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ മുസ്‌ലിമിനെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചോ മാത്രമല്ല; ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ രാഷ്ട്രത്തെ ബാധിക്കുന്നതെല്ലാം എന്നെയും ബാധിക്കുന്നു. എനിക്കും പറയാനുണ്ട്, അതിലേറെ ചെയ്യാനുണ്ട്.....' - അഫ്രീന്റെ നിലപാട് ഉറച്ചതാണ്.