ആലിപ്പഴങ്ങള്‍ വീഴുന്ന മഴയിലും ഞങ്ങള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടേയിരുന്നു

റാനിയ സുലൈഖ No image

കവല്‍പ്രീത് കൗര്‍ 
ലോ ഫാക്കല്‍റ്റി, ദല്‍ഹി യൂനിവേഴ്‌സിറ്റി

'ജനാധിപത്യ ഇന്ത്യ'യില്‍ ജനങ്ങള്‍ അര്‍പ്പിച്ചിരുന്ന വേരൂന്നിയ വിശ്വാസത്തെ അപ്പാടെ പിഴുതെറിയാന്‍ പോന്ന സംഭവവികാസങ്ങളാണ് രാജ്യത്ത് കണ്ടുവരുന്നത്. മതേതര ഇന്ത്യയെ മതാധിഷ്ഠിത പൗരത്വ രാഷ്ട്രമാക്കാന്‍ യത്‌നിക്കുന്നവര്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഇന്ത്യന്‍ ജനാധിപത്യത്തെ നോക്കുകുത്തിയാക്കി മുന്നേറുന്ന കാഴ്ച ഒരിക്കലും മൗനം അര്‍ഹിക്കുന്നില്ല.
കണ്ണടക്കാതെ തന്നെ കള്ളം പറയാനും അക്രമങ്ങളെ സ്വാഭാവികതയാക്കാനും രാപ്പകല്‍ഭേദമന്യേ തെരുവില്‍ പൊരുതുന്നവരെ കണ്ടില്ലെന്ന് നടിക്കാനും കഴിയുന്ന ഒരു ഭരണകൂടത്തെ ഇനിയും ചെറുക്കാതിരുന്നാല്‍ ഇന്ത്യ എന്ന ബൃഹത്തായ സങ്കല്‍പത്തെ കരിച്ചുകളയുന്ന ദിനമായിരിക്കും നാം കാണേണ്ടി വരിക.

 

അനന്തകൃഷ്ണന്‍ 
(B.sc. Physics, Second Year, Kirori Mal College)

ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ജനാധിപത്യവിരുദ്ധവും ഭിന്നിപ്പിക്കുന്നതുമായ നിയമങ്ങളാണ് CAA-യും NRC-യും. അഭയം പ്രാപിച്ചു വരുന്നവരില്‍നിന്ന് മുസ്‌ലിം സമുദായത്തെ ഒഴിവാക്കിക്കൊണ്ടുള്ള നീക്കത്തെ കൃത്യമായി ആ സമുദായത്തോടുള്ള ഭരണകൂടത്തിന്റെ വിവേചനമായിട്ടേ കാലം വായിക്കുകയുള്ളൂ.  എന്‍.ആര്‍.സിയോട് സി.എ.എ കൂട്ടിവായിക്കുമ്പോള്‍ ഇന്ത്യന്‍ മുസ്‌ലിം സമുദായത്തെ രണ്ടാംകിട പൗരന്മാരാക്കാനുള്ള നീക്കമാണതെന്ന് വ്യക്തമാകും.

 

ധാത്രി
(Ramjas College)

ഒരു മതവിഭാഗത്തെ നിയമവിരുദ്ധമായി ബ്രാന്‍ഡ് ചെയ്യുന്ന ഒരു ഭരണകൂടത്തെ ഇന്ത്യയില്‍ ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ ഞങ്ങള്‍ ഇത്തരം അനീതിക്കെതിരെ പോരാടുകയാണ്. ഇന്ന് അത് ചെയ്തില്ലെങ്കില്‍ നാളെ ഇതിലും ഭീകരമാവും കാര്യങ്ങള്‍.

 

മിന കല്ലുങ്കല്‍
(B.A English, Daulat Ram College)

പ്രതീക്ഷയുണ്ടോന്ന് ചോദിക്കു ന്നവരോട്, മുറിവേല്‍പ്പിക്കാനാവാത്ത ധൈര്യത്തിന്റെ കരുത്തില്‍ കലാലയങ്ങളില്‍നിന്ന് തുടങ്ങി ഇന്ത്യയിലെ ഓരോ തെരുവും സജീവമാകുന്ന അസാധാരണമായ പ്രക്ഷോഭങ്ങളുടെ ധ്വനി ഫാഷിസത്തിന്റെ അടിത്തറ ഇളക്കാനും സഹവര്‍ത്തിത്വത്തിന്റെ ഇന്ത്യയെ സൃഷ്ടിക്കാനുമുള്ള തളര്‍ത്താനാവാത്ത വിശ്വാസമാണ് നല്‍കുന്നത്. 

 

ഓതഷി  (B.A Political Science, Second Year, Ramjas College)

മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങളെ നിരാകരിക്കുന്നതോടൊപ്പം ആദിവാസി-ഭിന്നലിംഗ സമൂഹത്തോടുള്ള വിവേചനവും സി.എ.എ-എന്‍.ആര്‍.സി-എന്‍.പി.ആര്‍ എന്നീ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞുകൊണ്ടു തന്നെ ജനങ്ങള്‍ ഈ നിയമത്തില്‍ അതൃപ്തരാണ്. അവര്‍ തെരുവുകളില്‍ പ്രതിഷേധിക്കുകയാണ്. 

 

അനീസ് റഹ്മാന്‍, (രണ്ടാം വര്‍ഷ ലോ വിദ്യാര്‍ഥി, ദല്‍ഹി യൂനിവേഴ്‌സിറ്റി)

ഘടനയിലും രാഷ്ട്രീയ ഉള്ളടക്കത്തിലും മറ്റ് കേന്ദ്ര സര്‍വകലാശാലകളില്‍നിന്നും ഏറെ ഭിന്നമാണ് ദല്‍ഹി യൂനിവേഴ്‌സിറ്റി. സവര്‍ണ വരേണ്യതയും കീഴാള വിരുദ്ധതയുമാണ് കാമ്പസിന്റെ മുഖമുദ്ര. കാലങ്ങളായി എ.ബി.വി.പിയുടെ സര്‍വാധിപത്യമാണ് ഇവിടെ. എതിര്‍ശബ്ദങ്ങളെ കൈക്കരുത്തു കൊണ്ട് മാത്രം നേരിട്ട പാരമ്പര്യം മാത്രമാണ് ഇവര്‍ക്കുള്ളത്. മറുത്തൊന്ന് ഇവരില്‍നിന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെയും ഇങ്ങനെ തന്നെയാണ് ഇവര്‍ നേരിട്ടിട്ടുള്ളത്. ജാമിഅയിലും അലീഗഢിലും നടന്ന പോലീസ് നരനായാട്ടിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ദല്‍ഹി പോലീസിന്റെ ഒത്താശയോടെ ക്രൂരമായി മര്‍ദിച്ചതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. എന്നാല്‍ മുന്‍ സംഭവങ്ങളില്‍നിന്നും വ്യത്യസ്തമായി എ.ബി.വി.പിയുടെ ഡി.യുവിലെ ഉരുക്കുകോട്ടകളിലൊന്നായ ലോ ഫാക്കല്‍റ്റിയില്‍നിന്നടക്കം ചെറുതെങ്കിലും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഈ സംഭവം കാരണമായി. തുടര്‍ന്ന് ജെ.എന്‍.യുവില്‍ ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരെ എ.ബി.വി.പി അഴിച്ചുവിട്ട അക്രമത്തിലും സി.എ.എ-എന്‍.ആര്‍.സി എന്നിവക്കെതിരിലും ജനുവരി എട്ടിന് ഡി.യുവിലെ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട സംയുക്ത പ്രതിഷേധ റാലിയിലും ആയിരത്തില്‍പരം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. പരിസ്ഥിതി സംരക്ഷണ ഗിമ്മിക്കുകളിലും ആനിമല്‍ ഫീഡിംഗിലും മാത്രം ആക്ടിവിസം കണ്ടെത്തിയിരുന്ന, അരാഷ്ട്രീയതയില്‍ അഭിമാനം കൊണ്ടിരുന്ന ഡി.യുവിലെ വിദ്യാര്‍ഥി മുഖ്യധാര മാറിച്ചിന്തിക്കാന്‍ തുടങ്ങിയതിന്റെ ആദ്യ സൂചനയാണ് മുമ്പെങ്ങുമില്ലാത്ത ഈ വിദ്യാര്‍ഥി പങ്കാളിത്തം. കാലങ്ങളായി മുസ്ലിം സംഘടനകളെ വര്‍ഗീയ ചാപ്പ കുത്തി അയിത്തം പ്രഖ്യാപിച്ച് മാറ്റിനിര്‍ത്തിയിരുന്ന ഡി.യുവിലെ ഇടത് സംഘടനകളും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ മാറിച്ചിന്തിക്കാന്‍ സന്നദ്ധമായി എന്നത് മറ്റൊരു വസ്തുതയാണ്.
ഈ രാജ്യത്തിന്റെ മതേതര വസ്തുക്കള്‍ പൊളിച്ച് ഫാഷിസത്തിലേക്ക് മാറ്റുന്നതിലേക്ക് ദ്രുതഗതിയില്‍ മുന്നേറാനുള്ള മോദി സര്‍ക്കാറിന്റെ ശ്രമം. വിദ്യാര്‍ഥി സമൂഹം വേഗത്തില്‍ കാണുകയും അഭൂതപൂര്‍വമായ തോതില്‍ ചെറുത്തുനില്‍പ്പിന്റെ പതാക ഉയര്‍ത്തുകയും ചെയ്തു. ഈ ഗവണ്‍മെന്റിന്റെ സാമുദായികവും ഭരണഘടനാവിരുദ്ധവുമായ ഏതൊരു നീക്കത്തിനും എതിരെ ഞങ്ങള്‍ തുടര്‍ന്നും പോരാടും. 


ഹനീന്‍ സി.യു
(ജാമിഅ മില്ലിയ്യ)

ജാമിഅ മില്ലിയ്യ കാമ്പസ് പരിസരത്ത് ദല്‍ഹി പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് യൂനിവേഴ്‌സിറ്റിയിലെ പെണ്‍കുട്ടികള്‍ നടത്തിയ റാലിയില്‍ വിദ്യാര്‍ഥിനികളുടെ പങ്കാളിത്തം ഉറപ്പ് വരുത്താനായി കുട്ടികള്‍ ഹോസ്റ്റല്‍ പരിസരങ്ങളിലേക്കു വന്ന് വിദ്യാര്‍ഥികളെ ക്ഷണിക്കുകയുമുണ്ടായി. അന്നേ ദിവസം യൂനിവേഴ്‌സിറ്റിയുടെ ഗേറ്റ് നമ്പര്‍ 7-ല്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ ഞാനും പങ്കെടുത്തു. റാലി തൊട്ടടുത്തുള്ള ബട്‌ല ഹൗസിലൂടെ മെയിന്‍ റോഡിലെത്തി. അവിടെ ഞങ്ങള്‍ സമാധാനപരമായി മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധം തുടര്‍ന്നുകൊണ്ടിരുന്നു. അപ്പോഴാണ് 'സുഖ്‌ദേവ് വിഹാറി'നടുത്ത് ഒരു വലിയ കൂട്ടം പോലീസ് തമ്പടിച്ചിട്ടുണ്ടെന്നും റാലിയില്‍ പങ്കെടുത്തവര്‍ക്കു നേരെ ലാത്തിവീശാന്‍ തുടങ്ങിയിട്ടുണ്ടെന്നും കേട്ടത്. ഞങ്ങള്‍ കൂട്ടത്തോടെ ഗേറ്റ് നമ്പര്‍ 7-ലേക്ക് പ്രവേശിക്കുകയും ഗേറ്റുകള്‍ അടക്കുകയും ചെയ്തു. അപ്പോഴേക്ക് പോലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് നടത്തുന്നുണ്ടായിരുന്നു. അക്രമം കടുത്തപ്പോള്‍ പോലീസ് കാമ്പസിനകത്തേക്ക് ടിയര്‍ ഗ്യാസുകളെറിയാന്‍ തുടങ്ങി. അപ്പോള്‍ സമയം ഏകദേശം വൈകീട്ട് 6 മണിയായിരുന്നു. ടിയര്‍ ഗ്യാസില്‍നിന്ന് രക്ഷപ്പെടാന്‍ ഞങ്ങള്‍ക്ക് ഉപ്പ് വിതരണം ചെയ്യപ്പെട്ടു. എന്നാല്‍ ടിയര്‍ ഗ്യാസ് ആക്രമണവും രൂക്ഷമായി തുടങ്ങിയപ്പോള്‍ ഗേറ്റിനടുത്തോ പരിസരങ്ങളിലോ പോലും നില്‍ക്കാന്‍ കഴിയാതെ കാമ്പസിന്റെ അകത്തളങ്ങളിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. ഏകദേശം ലൈബ്രറിയുടെ അടുത്തെത്തിയപ്പോള്‍ അതോറിറ്റിയുടെ അനുവാദമില്ലാതെ പോലീസ് കാമ്പസിനകത്തു കയറി. അപ്പോള്‍ മുന്നില്‍ കണ്ട ലൈബ്രറിയുടെ പിറകുവശത്തുള്ള നാനോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിംഗിലേക്ക് ഞങ്ങള്‍ ഓടിക്കയറി. ഞങ്ങള്‍ ഏകദേശം 40 പേരുണ്ടായിരുന്നു. എല്ലാ ലൈറ്റുകളുമണച്ച് നിശ്ശബ്ദരായി ഞങ്ങളവിടെയുണ്ടെന്ന് പോലീസിന് സംശയം തോന്നാത്തത്രയും നിശ്ശബ്ദരായി പതുങ്ങിയിരുന്നു. ബില്‍ഡിംഗിനു സമീപമായി ടിയര്‍ ഗ്യാസുകള്‍ പൊട്ടുന്ന ശബ്ദം ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. പുറത്തെന്തൊക്കെയാണ് സംഭവിക്കുന്നതെന്ന വാര്‍ത്തകള്‍ മെസ്സേജുകള്‍ വഴി ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ടായിരുന്നു. പോലീസ് റീഡിംഗ് ഹാളിലേക്ക് ടിയര്‍ ഗ്യാസുകളെറിയുകയും അവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികളെ അക്രമിക്കുകയും ചെയ്തു. റീഡിംഗ് ഹാളുകളിലെ വാഷ് റൂമില്‍ വിദ്യാര്‍ഥികള്‍ ചോരയില്‍ കുളിച്ച് കിടക്കുന്നുണ്ടായിരുന്നു. ലൈബ്രറിയിലുണ്ടായിരുന്ന കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഞങ്ങളാ ബില്‍ഡിംഗില്‍ രണ്ട് മൂന്ന് മണിക്കൂറുകളോളം പതുങ്ങിയിരുന്നു. കുറച്ച് കഴിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ കുറച്ച് വിദ്യാര്‍ഥികള്‍ വന്ന് ഞങ്ങളെ ജാമിഅ പള്ളിയിലേക്ക് മാറ്റി. ഒരു ആംബുലന്‍സില്‍ ഞങ്ങളെയവര്‍ രാത്രി 9 മണിയോടെ തിരിച്ച് ഗേറ്റ് നമ്പര്‍ 8-ലുള്ള ഹോസ്റ്റലിലെത്തിച്ചു.
ഡിസംബര്‍ 16-ന് ജാമിഅ നഗറിലും ബട്‌ല ഹൗസിലും കൂടുതല്‍ പോലീസിനെയും സി.ആര്‍.പി.എഫിനെയും വിന്യസിച്ചു. ഹോസ്റ്റലിലും കാമ്പസിലും ഇനിയും ഞങ്ങള്‍ സുരക്ഷിതരല്ലെന്ന് തോന്നിയപ്പോള്‍ ഡിസംബര്‍ 16-നു ഹോസ്റ്റലില്‍ നിന്നിറങ്ങി. 


നഫീസ തനൂജ
(ജാമിഅ മില്ലിയ്യ)

സ്വന്തമായി ഒരു യൂനിയന്‍ പോലുമില്ലാത്ത ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ എന്ന കേന്ദ്ര സര്‍വകലാശാലയാണ് ഇന്ന് രാജ്യമൊട്ടാകെ പടര്‍ന്നു പിടിച്ച സി.എ.എ-എന്‍.ആര്‍.സി-എന്‍.പി.ആര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു തുടക്കം കുറിച്ചതെന്നാലോചിക്കുമ്പോള്‍ ജാമിഅ മില്ലിയ്യ വിദ്യാര്‍ഥി എന്ന നിലയില്‍ ഞാനിന്നേറെ അഭിമാനിക്കുന്നു.
ബട്‌ല ഹൗസ് ഏറ്റുമുട്ടലിനു ശേഷം വിദ്യാര്‍ഥി യൂനിയന്‍ എടുത്തുകളഞ്ഞതിനാല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തനങ്ങളും വലിയ പ്രക്ഷോഭങ്ങളും വിരള സംഭവങ്ങള്‍ മാത്രമായിരുന്നു ജാമിഅയില്‍. അതിനാല്‍തന്നെ ചെറിയ സമരങ്ങള്‍ പോലും വലിയ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നായി.
കുറേ കാലം ഒഴിഞ്ഞു കിടന്ന വി.സി കസേരയിലേക്ക് നജ്മ അക്തര്‍ കടന്നുവന്നതോടെയാണ് കുഞ്ഞു സമരങ്ങള്‍പോലും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ജാമിഅയുടെ ഭാഗത്തു നിന്ന് ആരംഭിച്ചത്. ഇതിനിടയിലാണ് ഫലസ്ത്വീനിനെതിരെ കിരാത വാഴ്ച നടത്തുന്ന ഇസ്‌റയേല്‍ അതിഥികളായെത്തുന്ന ഒരു പരിപാടിക്ക് ജാമിഅ ആതിഥ്യമരുളാന്‍ തീരുമാനമെടുത്തത്. അകടഅ തുടങ്ങിവെച്ച ആ സമരത്തെ അടിച്ചമര്‍ത്താന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇറങ്ങിയപ്പോഴാണ് ജാമിഅ വിദ്യാര്‍ഥികളൊന്നടങ്കം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ആവശ്യാര്‍ഥം ഇസ്രയേല്‍ പ്രതിനിധികള്‍ക്ക് ജാമിഅ ആതിഥ്യമരുളില്ലെന്ന ഉറപ്പിലായിരുന്നു ആ പ്രക്ഷോഭം അവസാനിച്ചത്. അതിനുപിറകെയാണിപ്പോള്‍ ലോകശ്രദ്ധയാകര്‍ഷിച്ച എന്‍.ആര്‍.സി-സി.എ.എ-എന്‍.പി.ആര്‍ വിരുദ്ധ സമരങ്ങള്‍!
എന്ത് കുഞ്ഞു പ്രതിഷേധ പ്രകടനം പോലും അടിച്ചമര്‍ത്താനുള്ള ശ്രമം വി.സി നജ്മ അക്തറുടെ ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാവാറുണ്ട്. ഇതിന്റെ ആദ്യ ചുവടുവെപ്പെന്നോണം കശ്മീരികളും മലയാളികളും കൂടുതലുള്ള ജമ്മു ആന്റ് കശ്മീര്‍ ഗേള്‍സ് ഹോസ്റ്റല്‍ ഗേറ്റ് അവരടച്ചിടും. അങ്ങനെയാണ് സി.എ.എക്കെതിരെ ഡിസംബര്‍ 12-നു വൈകീട്ട് ഓള്‍ഡ് ഗേള്‍സ് ഹോസ്റ്റലില്‍നിന്ന് പെണ്‍കുട്ടികള്‍ തുടങ്ങിയ പ്രതിഷേധ മാര്‍ച്ച് ബീഗം ഹസ്‌റത്ത് മഹല്‍ ഗേള്‍സ് ഹോസ്റ്റലും, ജമ്മു ആന്റ് കശ്മീര്‍ ഗേള്‍സ് ഹോസ്റ്റലും കടന്ന് ജാമിഅ കാമ്പസുകള്‍ക്കിടയിലുള്ള മെയിന്‍ റോഡ് വിദ്യാര്‍ഥികള്‍ ഏകദേശം ഒരു മണിക്കൂറോളം ഉപരോധിച്ചത്. തുടര്‍ന്ന് മെയിന്‍ കാമ്പസായ ഗേറ്റ് നമ്പര്‍ 7-ലേക്ക് വിദ്യാര്‍ഥികള്‍ നീങ്ങുകയാണുണ്ടായത്. അവിടെ വെച്ചാണ് ആഇശ റെന്ന, ലദീദ സഖ്‌ലൂന്‍, ചന്ദ യാദവ് എന്നിവരുടെ ഒരു സ്തൂപത്തിനു മുകളില്‍ കയറി നിന്നുകൊണ്ട് വിരല്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുന്ന ഫോട്ടോ ജനശ്രദ്ധയാകര്‍ഷിച്ചത്. കനത്ത മഴയിലും തുടര്‍ന്ന് ആലിപ്പഴങ്ങള്‍ വീഴുന്നത് വരെയും ഞങ്ങള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടേയിരുന്നു.
പൗരത്വ ബില്‍ ലോക്‌സഭ പാസ്സാക്കിയ ഡിസംബര്‍ 11 ന്റെയന്ന് എം.എസ്.എഫ് നടത്തിയ പ്രതിഷേധ പ്രകടനമായിരുന്നു ജാമിഅയുടെ സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭത്തിന്റെ തുടക്കം. തുടര്‍ന്ന് രാജ്യസഭയും ബില്ല് പാസ്സാക്കിയപ്പോള്‍ ഡിസംബര്‍ 12-ന് പെണ്‍കുട്ടികള്‍ തുടങ്ങിവെച്ച പ്രതിഷേധ റാലി ഡിസംബര്‍ 13-ന് 3 മണിക്കുള്ള പാര്‍ലമെന്റ് മാര്‍ച്ചിലേക്ക് വലിയൊരു മുതല്‍ക്കൂട്ടായി.
സമാധാനപരമായിട്ട് മുന്നോട്ട് പോകാനായിരുന്നു ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചത്. പരീക്ഷയുള്ളവരോടൊക്കെയും പരീക്ഷാഹാളിലേക്കും ബാക്കിയുള്ളവരോട് പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടു.
പരീക്ഷക്ക് ഹാളിലേക്ക് കടന്ന ഞങ്ങള്‍ വലിയ ശബ്ദങ്ങള്‍ കേട്ട് തുടങ്ങി. വെടിയുതിര്‍ത്തതാണോ ടിയര്‍ ഗ്യാസുകളാണോ ഷെല്ലുകളാണോ എന്നറിയാതെ പരീക്ഷാ ഹാളിലെ പകച്ചുനില്‍ക്കുന്ന വിദ്യാര്‍ഥികളോട് പരീക്ഷ എഴുതി എത്രയും പെട്ടെന്ന് പോയ്‌ക്കോളൂ എന്ന് നിസ്സഹായരായി പറയാനേ കഴിഞ്ഞുള്ളൂ. ശബ്ദം അടുത്തടുത്ത് വന്നതോടൊപ്പം ക്ലാസിലേക്ക് ടിയര്‍ ഗ്യാസ് കടന്നുവരാനും തുടങ്ങി. പലരും കണ്ണുകളെരിഞ്ഞ് പരീക്ഷയെഴുതാന്‍ പ്രയാസപ്പെടുകയും ശ്വാസതടസ്സമനുഭവിക്കുകയും ചെയ്തു. പരീക്ഷ ഒരുവിധം പൂര്‍ത്തിയാക്കി 5 മണിക്ക് പുറത്തിറങ്ങിയപ്പോള്‍ കണ്ടത് ചിതറിക്കിടക്കുന്ന ടിയര്‍ ഗ്യാസ് അവശിഷ്ടങ്ങളും കല്ലുകളുമായിരുന്നു. ഒപ്പം വിദ്യാര്‍ഥികളും ഒരു വലിയ സംഘം പോലീസുകാരും പോലീസ് ബസ്സുകളും, കുറേ പേര്‍ ഹോസ്പിറ്റലിലായ വാര്‍ത്തകളും പ്രിയപ്പെട്ടവര്‍ പലര്‍ക്കും പിണഞ്ഞ പരിക്കുകളും.
തുടര്‍ന്ന് അവിടെ കൂടിയ ബാക്കി വിദ്യാര്‍ഥികള്‍ ജുലൈനായുടെ ഭാഗത്തേക്ക് മുദ്രാവാക്യങ്ങളുയര്‍ത്തി മാര്‍ച്ച് ചെയ്തു. സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തില്‍ മുദ്രാവാക്യങ്ങളുയര്‍ത്തി മുന്നോട്ടു പോയ ഞങ്ങളെ ദല്‍ഹി പോലീസ് തടഞ്ഞുവെച്ചു. ഇരുട്ടില്‍ ഞങ്ങളെ അടിച്ചൊതുക്കാമെന്നവര്‍  കരുതിയിട്ടുണ്ടാവും.
ഡിസംബര്‍ 14-നു കാമ്പസിനു ചുറ്റും ഒരുമിച്ചുകൂടിയ വിദ്യാര്‍ഥികളെ വരവേറ്റത് ബട്‌ല ഹൗസിലെയും ഗഫ്ഫാര്‍ മന്‍സിലിലെയും നൂര്‍ നഗറിലെയും പ്രിയപ്പെട്ടവരായിരുന്നു. അവിടെ കൂടിയ വിദ്യാര്‍ഥികള്‍ക്ക് അവര്‍ പഴങ്ങളും പലഹാരങ്ങളും ഉമ്മമാരുടെ ബിരിയാണിയും സ്‌നേഹവും വിളമ്പി. അത്രയേറെ ശാന്തമായും സമാധാനപരമായിട്ടുമായിരുന്നു ഞങ്ങളുടെ സമരം മുന്നോട്ടു പോയിക്കൊണ്ടിരുന്നത്.
ഡിസംബര്‍ 15-ന് ജാമിഅയില്‍നിന്നാരംഭിച്ച 'ഗാന്ധി പീസ് മാര്‍ച്ച്' വഴിയില്‍ തടയുകയും ക്രൂരമായി വിദ്യാര്‍ഥികളെയും നാട്ടുകാരെയും മര്‍ദിക്കുകയും ടിയര്‍ ഗ്യാസുകളും ഷെല്ലുകളും കൊണ്ട് ദല്‍ഹി പോലീസ് നേരിടുകയും ചെയ്തു. വെടിയുതിര്‍ത്തു. പോലീസ് തന്നെ ബസുകള്‍ കത്തിച്ചു. പോലീസുകാരുടെ കൂടെ കാവിപ്പട കയറിപ്പറ്റി പ്രതിഷേധ നിരയെ  യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ അടിച്ചൊതുക്കുകയുമാണുണ്ടായത്.
ഒരു വലിയ കൂട്ടം പോലീസുകാര്‍ കാമ്പസിലേക്ക് ഇരച്ചുകയറി  കണ്ടവരെയൊക്കെ തല്ലിച്ചതക്കാന്‍ തുടങ്ങി. പല വഴിക്ക് ചിതറിയ വിദ്യാര്‍ഥികളെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. മഗ്‌രിബ് നമസ്‌കാരം നടന്നുകൊണ്ടിരുന്ന പള്ളിയിലേക്ക് കയറി പോലീസ് നമസ്‌കരിക്കുന്നവരെയും ഇമാമിനെയും ക്രൂരമായി മര്‍ദിച്ചു. പള്ളിയിലേക്ക് കടക്കുന്നത് തടഞ്ഞ 'ജാമിഅയുടെ യൂനിഫോം ധരിച്ച' സെക്യൂരിറ്റി ഗാര്‍ഡിനെയും പള്ളിയിലേക്ക് കടക്കുന്ന രംഗം വീഡിയോയില്‍ പകര്‍ത്തിയ സുഹൃത്തിനെയും മര്‍ദിച്ചു.  പോലീസ് കാമ്പസിനുള്ളില്‍ കയറിയതു മുതല്‍ കാണുന്നവരെയൊക്കെ തല്ലിച്ചതക്കുക മാത്രമല്ല, സ്ട്രീറ്റ് ലൈറ്റ്, സി.സി.ടിവി, കാന്റീന്‍, പള്ളി, ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വസ്തുവകകള്‍, റീഡിംഗ് ഹാള്‍, ലൈബ്രറി തുടങ്ങിയവയൊക്കെയും തകര്‍ക്കുക എന്ന ലക്ഷ്യം കൂടി അവര്‍ക്കുണ്ടായിരുന്നു. പരിക്കേറ്റവരെ എടുത്തോടാന്‍ തുടങ്ങിയ ഞങ്ങള്‍ക്കിടയിലേക്ക് ടിയര്‍ ഗ്യാസുകളും ഷെല്ലുകളുമുപയോഗിച്ച് കൂടുതല്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ കിങ്കരന്മാര്‍ ചെയ്തുകൂട്ടിയത്. ഹോസ്റ്റലിലേക്ക് ഞങ്ങള്‍ കയറിയൊളിക്കും വരെയും ഷെല്ലുകളും ലാത്തികളുമായി ഞങ്ങളുടെ പിറകെ പോലീസുമുണ്ടായിരുന്നു. ഹോസ്റ്റല്‍ മെസ് ഹാള്‍ നിറയെ കൈയും കാലുമൊടിഞ്ഞു തൂങ്ങിയവരും തലയും ദേഹവും പൊട്ടി ചോരയില്‍ കുളിച്ച് നില്‍ക്കുന്നവരുമായിരുന്നു. പോലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനായി മണിക്കൂറുകളോളം ഹോസ്റ്റല്‍ മുഴുക്കെയും ലൈറ്റുകളണച്ച് നിശ്ശബ്ദരായി ഇരുട്ടില്‍ പതുങ്ങിയിരിക്കുകയായിരുന്നു ഞങ്ങള്‍. പരിക്കേറ്റവര്‍ക്ക് മൊബൈലിന്റെ വെളിച്ചത്തില്‍ ഫസ്റ്റ് എയ്ഡ് നല്‍കുന്ന ഹോസ്റ്റല്‍, മെസ്സ് ജീവനക്കാരും വിദ്യാര്‍ഥികളും.
രാത്രി എട്ടരയോടെ ആംബുലന്‍സ് വന്ന് പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തുടങ്ങി. 9 മണിയായപ്പോഴേക്കും കാമ്പസിന്റെ പല ഭാഗങ്ങളില്‍ ഒളിച്ചുനിന്നിരുന്ന പെണ്‍കുട്ടികള്‍ തിരിച്ച് ഹോസ്റ്റലിലെത്തി തുടങ്ങി.
വെറും ബുക്കും പേനയും മാത്രം 'ആയുധങ്ങളായി' കൈവശമുണ്ടായിരുന്ന ഞങ്ങളെ 'ആന്റി സോഷ്യല്‍ എലമെന്റ്‌സ്' കാമ്പസിലുണ്ടായിരുന്നു, അവരെയാണ് ഞങ്ങള്‍ നേരിട്ടതെന്ന് പറഞ്ഞ ദല്‍ഹി പോലീസിനോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഒന്നു മാത്രം: ഇരുട്ടിന്റെ മറവില്‍ ഞങ്ങളെ തല്ലിയൊതുക്കി വീര്യം കെടുത്താമെന്നായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് വീര്യം കൂടിയിട്ടേയുള്ളൂ... ഞങ്ങള്‍ കൂടുതല്‍ ശക്തരാണിന്ന്.... തീയില്‍ മുളച്ചത് വെയിലത്ത് വാടില്ലാ എന്നല്ലേ. 

 


പ്രതിഷേധത്തില്‍ ഉയരുന്ന സ്ത്രീ ശബ്ദങ്ങള്‍

തായാറാക്കിയത്: ശര്‍നാസ് മുത്തു


പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടുക്കും അലയടിക്കുന്ന സമരം, ലോകം ഇതുവരെ കാണാത്ത പലതരം സമരമുറകള്‍ക്കും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നു. അതിലുപരി, പ്രായ-ലിംഗ-മത ഭേദമന്യേ എല്ലാവരും ഇതിനെ ഏറ്റെടുത്തു എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ആഇശ റെന്നയും ലദീദയും ചന്ദയും റാനിയയുമുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ തുടങ്ങിവെച്ച സമരം, വീടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്തിയിരുന്ന സ്ത്രീകള്‍ ഏറ്റെടുത്തപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മതസംഘടനക്കും തങ്ങളുടേതെന്ന് പറയാന്‍ സാധിക്കാത്ത വിധം; ഏതെങ്കിലും ഒരു പ്രത്യേക നേതാവാണ് ഇതിനു പിന്നിലെന്ന് എടുത്തു പറയാനാവാത്ത തരത്തില്‍, ഒരുപാട് നായകരെ സൃഷ്ടിച്ചുകൊണ്ട്, ഇന്ത്യക്കാരുടെ സമരമായി മാറി; ഇന്ത്യന്‍ ദേശീയ പതാക മാത്രം സമരക്കാരുടെ കൈകളിലൂടെ ഉയര്‍ത്തപ്പെട്ടു; 'വി ഷാള്‍ ഓവര്‍ കം...' വരികള്‍ തെരുവുകളില്‍ മുഴങ്ങി; 'ആസാദി', ഭാഷയുടെ അതിര്‍വരുമ്പുകള്‍ വിട്ടു.
എന്റെ പത്തുവര്‍ഷത്തെ ദല്‍ഹി ജീവിത്തിനിടയില്‍, ആദ്യമായിട്ടാണ് ജാമിഅ നഗറിലെയും ഷാഹീന്‍ബാഗിലെയും സ്ത്രീകളെ ഇതുപോലെ കാണുന്നത്. എല്ലാ ദിവസവും സ്ത്രീകളും കുട്ടികളും തെരുവിലിറങ്ങി മെഴുകുതിരി തെളിച്ച് പ്രതിഷേധിക്കുന്നു. അവര്‍ നയിക്കുന്ന ഷാഹീന്‍ ബാഗിലെ സമരത്തില്‍ രാജ്യത്തിന്റെ പലഭാഗത്തുനിന്നുമുള്ള നേതാക്കള്‍ വന്നു സംസാരിക്കുന്നു. മാധ്യമ പ്രതിനിധികളുടെ ഏത് കുരുട്ടു ചോദ്യങ്ങള്‍ക്കും അവര്‍ സുന്ദരമായി മറുപടി പറയുന്നു. ഈ സമരഭൂമിയിലൂടെ ഒന്നു സഞ്ചരിച്ചാല്‍, വിദ്യാഭ്യാസപരമായും സാമൂഹികമായും 'പിന്നാക്കം' എന്ന് കരുതിയിരുന്ന ഉത്തരേന്ത്യന്‍ സ്ത്രീകളുടെ ക്രിയാത്മകതയും നേതൃപാഠവവും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലുള്ള തിരിച്ചറിവും നമുക്ക് മനസ്സിലാക്കാനാകും. വീടുകളിലും ക്ലാസ്മുറികളിലും തൊഴിലിടങ്ങളിലും കഴിഞ്ഞുകൂടിയിരുന്ന ഒരുപാട് സ്ത്രീകളാണ് സാഹചര്യത്തിന്റെ സമ്മര്‍ദം കൊണ്ട് സമരമുഖത്തേക്ക് കാലെടുത്ത് വെച്ചത്. ദല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന മലയാളിയായ അഡ്വ. സൂര്യ അവരില്‍ ഒരാളാണ്. പൗരത്വ നിയമ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനത്തിനായി ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ദല്‍ഹിയിലെ ലജ്പത് നഗറിലെത്തിയപ്പോള്‍ 'അമിത് ഷാ ഗോബാക്ക്' വിളിച്ചതോടെയാണ് സൂര്യ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയത്. വിരിപ്പില്‍ NO NRC, NO NCC, SHAME   എന്നെഴുതി ബാല്‍ക്കണിയില്‍നിന്ന് അമിത് ഷാക്ക് നേരെ കാണിച്ചാണ് അവര്‍ ഗോ ബാക്ക് വിളിച്ചത്; ഇതിലൂടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള തന്റെ പ്രതിഷേധം നേരിട്ടറിയിക്കുകയാണ് അവര്‍ ചെയ്തത്. ഈ സമരത്തിലുള്ള പ്രതീക്ഷയാണ് സമരരംഗത്തുള്ളവര്‍ ആരാമത്തിനു നല്‍കിയ പ്രതികരണങ്ങള്‍ നിന്നു മനസ്സിലാകുന്നത്.
''......ഇത് ഇടത് ഐഡിയോളജിയോ വലതു ഐഡിയോളജിയോ മറ്റേതെങ്കിലും രാഷ്ട്രീയവുമായോ ബന്ധപ്പെട്ടിട്ടുള്ളതല്ല; തെറ്റും ശരിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യക്ക് അതിന്റെ 'ആശയം' നഷ്ടപ്പെട്ടിരിക്കുന്നു. ഇതിനെതിരെ ശബ്ദിക്കാനുദ്ദേശിക്കുന്നവര്‍ കര്‍മരംഗത്തിറങ്ങേണ്ട സമയമാണിത്.
മറ്റൊരു കാര്യം എനിക്ക് ഉണര്‍ത്താനുള്ളത്, ഏതൊരു അഭിപ്രായം രൂപീകരിക്കുന്നതിനു മുമ്പും ലഭിച്ചിട്ടുള്ള വിവരം ശരിയാണെന്ന് ഉറപ്പുവരുത്തണം. ഇന്നത്തെ സാഹചര്യത്തില്‍ അത് പ്രയാസകരമാണെന്നറിയാം; കാരണം പലതരത്തിലുള്ള പ്രൊപഗണ്ടകളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.''

അഡ്വ. സൂര്യ, 
(ദല്‍ഹി ഹൈകോര്‍ട്ട്)

 

''ഇത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണ്. ..... എല്ലാത്തിനും ഉപരി, ഭരണഘടനയുടെ ആര്‍ട്ടിക്ള്‍ - 14-ന്റെ ലംഘനവും. പ്രത്യേകിച്ച്, മുസ്‌ലിം സമുദായത്തിനെതിരെയുള്ള ഗൂഢാലോചന.... ഇത് ആദിവാസികളുള്‍പ്പെടെ എല്ലാതരം ന്യൂനപക്ഷങ്ങളെയും ബാധിക്കും.''

സിസ്റ്റര്‍ അനസ്‌തേഷ്യ ഗില്‍, മെമ്പര്‍, 
ദല്‍ഹി മൈനോറിറ്റീസ് കമീഷന്‍

''CAA യും NRC യും പരസ്പര ബന്ധിതമാണ്. മുസ്‌ലിംകളുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉയരുന്നു. ഏകപക്ഷീയ രീതിയില്‍ അസമില്‍ നടപ്പാക്കിയ എന്‍.ആര്‍.സി, ആദ്യം തന്നെ അവിടെ നിലനിന്നിരുന്ന സുരക്ഷിതത്വമില്ലായ്മക്ക് ആക്കം കൂട്ടി. ആദ്യം അവര്‍ മുത്തലാഖ് ക്രിമിനലൈസ് ചെയ്തപ്പോള്‍ നമ്മള്‍ നിശബ്ദത പാലിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കപ്പെട്ടപ്പോഴും ബാബരി മസ്ജിദ് വിധി വന്നപ്പോഴും നമ്മുടെ നിശ്ശബ്ദത ഭേദിക്കപ്പെട്ടില്ല. പക്ഷെ, നമ്മുടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും യു.പി മുഖ്യമന്ത്രിയുമുള്‍പ്പെടെ 'വെറുപ്പ്' തുറന്നു പറയുന്നത് നമ്മള്‍ ശ്രവിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോള്‍ സഹനത്തിന്റെ അതിര്‍ ലംഘിക്കപ്പെട്ടു. നമ്മള്‍ ശബ്ദം ഉയര്‍ത്തേണ്ടത് ഈ ബില്ലിനെതിരെ മാത്രമല്ല; മുസ്‌ലിംകളെ നുഴഞ്ഞു കയറ്റക്കാരായി കണക്കാക്കപ്പെടുന്ന ഫാഷിസ്റ്റ് ഭരണ കൂടത്തിനെതിരാണ്. നമ്മുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടമാണിത്. നമ്മുടെ സ്വത്വമാണ് നമ്മുടെ ആയുധം.''

അഫ്രീന്‍ ഫാത്വിമ,

എസ്.എല്‍.എസ് കൗണ്‍സിലര്‍, ജെ.എന്‍.യു ന്യൂദല്‍ഹി

 

''ഏതൊരു ആശയത്തിന്മേലാണോ നമ്മുടെ രാഷ്ട്രം പടുത്തുയര്‍ത്തപ്പെട്ടത് അതിനെ മാറ്റുന്നതാണ് സി.എ.എയും എന്‍.ആര്‍.സിയും എന്‍.പി.ആറും; പൗരത്വം നല്‍കുന്നതും നല്‍കാതിരിക്കുന്നതും മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഓരോ പൗരന്റെയും ആവശ്യകതയാണ് ഇതിനെതിരെ ശബ്ദമുയര്‍ത്തുക എന്നത്. വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ ബോധവത്കരണം നടത്തലും ബി.ജെ.പി സര്‍ക്കാറിന്റെ തെറ്റായ പ്രൊപഗണ്ട തുറന്നു കാണിക്കലും നമ്മുടെ കടമയാണ്. സി.എ.എക്കും എന്‍.ആ.സിക്കും എതിരെയുള്ള പ്രതിഷേധങ്ങളും -അതിന്റെ ആഴവും പരപ്പും വിവിധ രീതികളും- ദേശീയത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നു. ജെ.എന്‍.യുവില്‍നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളും പൊതുജനങ്ങള്‍ മൊത്തത്തിലും ശബ്ദമുയര്‍ത്തുന്നത് ഒരു പുതിയ ഇന്ത്യക്ക് വേണ്ടിയാണ്; മോദിയും അമിത്ഷായും നടപ്പിലാക്കുന്ന ഫാഷിസ്റ്റ് ആശയത്തിലധിഷ്ഠിതമല്ലാത്ത ഇന്ത്യക്കു വേണ്ടി....''

സ്വാതി സിംഹ, ഗവേഷക,
ജെ.എന്‍.യു

 

പൗരത്വം തെളിയിക്കാന്‍ നമ്മുടെ അപ്പനപ്പൂപ്പന്മാരുടെ രേഖകള്‍ കാണിക്കണമല്ലൊ; നിലവിലുളള ആധാര്‍ കാര്‍ഡിനും പാന്‍ കാര്‍ഡിനും പാസ്‌പോര്‍ട്ടിനും വോട്ടര്‍ ഐഡിക്കുപോലും വിലയില്ല പോലും. പ്രകൃതിദത്തവും മനുഷ്യദത്തവുമായ ഒരുപാട് ദുരന്തങ്ങള്‍ക്കും കലാപങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇതെത്രത്തോളം സാധിക്കുമെന്ന് കണ്ടറിയേണ്ടതാണ്. ഏതെങ്കിലുമൊരു മതവിശ്വാസികളുടെ മാത്രം പ്രശ്‌നമല്ല ഇത്. ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേഷതയെ ബാധിക്കുന്ന പ്രശ്‌നമാണ്. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ സൗന്ദര്യം. 

ഉമൈ ഫാത്തിമ, വിമന്‍സ് 
മാനിഫെസ്റ്റോ, ന്യൂഡല്‍ഹി

 

രാജ്യം മുഴുവന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിന്റെ സ്വരമുയര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് യുവാക്കളുടെയും ഇതുവരെ വീടിന് പുറത്തിറങ്ങാതിരുന്ന സ്ത്രീകളുടെയും ശബ്ദം തെരുവുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഈ നിയമം ദാരിദ്രരേഖക്ക് താഴെയുളള ജനകോടികളെ പ്രധാനമായും ബാധിക്കും. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും തൊഴിലില്ലായ്മ പ്രശ്‌നമാകുമ്പോഴും പോഷകാഹാരക്കുറവ് ദരിദ്രരെ ബാധിക്കുമ്പോഴും സര്‍ക്കാര്‍ ജനങ്ങളില്‍ മതപരമായ വിഭാഗീയത സൃഷ്ടിക്കുകയാണ്. മതേതരത്വം, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങളില്‍ കെട്ടിപ്പടുത്ത രാജ്യമാണ് ഇന്ത്യ.

സാറ ശൈഖ്, സാമൂഹിക
പ്രവര്‍ത്തക, ജാമിഅ നഗര്‍

 

ഞാന്‍ ഷഹീന്‍ബാഗ് താമസക്കാരിയാണ്. ഒരു മാസത്തോളമായി ഇവിടെ സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ വിരുദ്ധ സമരം നടക്കുന്നു. ഈ സമരങ്ങളിലെ സ്ത്രീ സാന്നിധ്യം പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. വീട്ടുകാര്യങ്ങളും സമരവും മനോഹരമായി കൊണ്ടുപോകുന്ന ഇവരുടെ കാര്യം വളരെ അഭിമാനകരമാണ്. ഈ കാലഘട്ടത്തിലെ സ്ത്രീകള്‍ അവകാശങ്ങളെക്കുറിച്ച് ബോധമുളളവരും അത് നേടിയെടുക്കാന്‍ പോരാട്ടവീര്യമുളളവരുമാണെന്നതിന്റെ തെളിവാണ് ഈ സമരം. ഈ സമരം നിലവിലുള്ള അവസ്ഥ മാറ്റും. ഇത് ഹിന്ദുത്വ ഫാഷിസത്തിനെതിരായ വിപ്ലവമാണ്. മഹാത്മാഗാന്ധിയും സ്വാതന്ത്ര്യസമരസേനാനികളും സ്വപ്‌നംകണ്ട രാജ്യം സൃഷ്ടിക്കപ്പെടുകതന്നെ ചെയ്യും.

ഫര്‍സാന ഷംസി, എഴുത്തുകാരി

 

സ്ത്രീകളുടെ നേതൃത്വത്തില്‍ ചെറിയ കുട്ടികള്‍ മുതല്‍ ഏറെ പ്രായം ചെന്നവര്‍ വരെ ഭാഗവാക്കായുള്ള ഈ സമരം ഇന്ത്യയുടെ രാഷ്ട്രീയഭാവി നിര്‍ണ്ണയിക്കുന്നതില്‍ ഏറെ സ്വാധീനം ചെലുത്തുകതന്നെ ചെയ്യുമെന്നാണ് സമരഭൂമികളിലെ ആളും ആശയങ്ങളും ആവിഷ്‌ക്കാരങ്ങളും നല്‍കുന്ന സൂചന.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top