നടുക്ക്‌ലാസ്സ്

റഫീസ് മാറഞ്ചേരി No image

'വല്യ തോട്ടി വേണോ ഭാനൂ...'
'വേണ്ട പ്രീതേച്ചീ...'
മതിലിനപ്പുറത്തു  നിന്ന് വന്ന അയല്‍വാസിയുടെ ചോദ്യത്തിന് മറുപടി കൊടുത്തതിനൊപ്പം തന്നെ തന്റെ കാല്‍വിരലുകള്‍ നിലത്തമര്‍ത്തി, മടമ്പ് പൊന്തിച്ചുകൊണ്ട് ഭാനു മുകളിലേക്കുയര്‍ന്നു.
തോട്ടിയുടെ കുത്ത് മൂട്ടിലേറ്റപ്പോള്‍ ഓമക്കായ(കപ്ലങ്ങ/പപ്പായ)യുടെ ഞെട്ട് നിലവിളിച്ചു. വാ തുറന്നതും അതുവരെ ജീവരക്തം പകര്‍ന്ന അമ്മയുടെ പൊക്കിളില്‍നിന്നുള്ള ബന്ധം മുറിഞ്ഞു. തോലടര്‍ന്ന മൂട്ടിലും കറയൊഴുക്കിക്കരഞ്ഞ ഞെട്ടിലും ഭൂമി മണ്ണുപുരട്ടി വേദന മാറ്റാന്‍ ശ്രമിച്ചു.
ഭാനു ഒരു വിജയിയെ പോലെ അടുക്കളയിലേക്ക് നടന്നു. അമ്മിത്തറയില്‍ ഓമക്കായയെ കണ്ണീര്‍ വാര്‍ക്കാന്‍ കിടത്തിക്കൊണ്ട് ചോറു വെക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
അരി കഴുകുമ്പോഴാണ് റേഷന്‍ കടയില്‍നിന്നും വരുമ്പോള്‍ പ്രീതേച്ചി പറഞ്ഞ വാക്കുകള്‍ ഓര്‍മ വന്നത്:
'നിങ്ങളൊക്കെ വിലക്കുറവിന്റെ  ഈ അരി വാങ്ങുന്നത് കോഴിക്ക് കൊടുക്കാനാണല്ലോ അല്ലേ..'
അന്നതിന്റെ മറുപടി ഒരു ചിരിയില്‍ ഒതുക്കുകയായിരുന്നു. അല്ലെങ്കിലും ചില നുണകള്‍ നമ്മള്‍ നിരസിക്കില്ല. കാരണം, ഇല്ലാത്തതോ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നതോ നിങ്ങള്‍ക്കുണ്ട് എന്ന് ആരെങ്കിലുമൊക്കെ പറയുന്നത് കേള്‍ക്കാനും ഒരു സുഖമാണ്, ഇല്ലായ്മ മറഞ്ഞിരിക്കുന്നല്ലോ എന്ന സുഖം!
ഭാനു അടുപ്പിലേക്ക് ഓലക്കീറെടുത്ത് വെച്ചു. പ്രാതലൊരുക്കാന്‍ വേണ്ടി  പാതിജീവന്‍ കൊടുത്ത് ചാരം പുതഞ്ഞു കിടന്ന കനലുകളില്‍ അവളുടെ ശ്വാസം വീണു. ഓലക്കീറുകള്‍ അവളുടെ കണ്ണുകളെ ഈറനണിയിക്കാന്‍ ശ്രമിച്ചെങ്കിലും അവളുടെ തുടര്‍ച്ചയായ ശ്വാസപ്രവാഹത്തില്‍ അവക്ക് ആളിക്കത്തേണ്ടി വന്നു.
ഓമക്കായ കറിക്കുള്ള ചേരുവകള്‍ തിരയുമ്പോഴാണ് അത്യാവശ്യം വേണ്ട ചേരുവകളില്‍ പലതും ഇല്ലായെന്ന സത്യം  ഭാനു ഓര്‍ത്തത്. അവള്‍ മൊബൈലെടുത്ത് ഭര്‍ത്താവിന്റെ നമ്പര്‍ ഡയല്‍ ചെയ്‌തെങ്കിലും ഉത്തരം കിട്ടിയില്ല.
'നമ്മുടെ ഇല്ലായ്മയെന്തിനാ മറ്റുള്ളവരെ അറിയിക്കണെ ഭാനൂ..നമുക്കുള്ളതും ഇല്ലാത്തതും നമ്മള്‍ മാത്രമറിയട്ടെ..'
കുറച്ച് വെളിച്ചെണ്ണ അടുത്ത വീട്ടില്‍നിന്നും കടം വാങ്ങാമെന്ന ചിന്ത അവള്‍ അയാളുടെ മുന്‍കാല ഉപദേശം കടം കൊണ്ട് വേണ്ടെന്നു വെച്ചു.
ഡ്രൈവിംഗിലാവും എന്ന ചിന്തയില്‍ അവള്‍ അയാളെ വീണ്ടും വിളിക്കാനുള്ള ശ്രമമുപേക്ഷിച്ചു നില്‍ക്കുമ്പോഴാണ് ഒരു കാല്‍പെരുമാറ്റം കേട്ടത്. ഭാനു അടുക്കളയില്‍നിന്നും ഉമ്മറത്തേക്ക് നടന്നു.
'ആ പ്രീതേച്ചിയാ.. എന്നെ പേടിപ്പിക്കാനാണോ ഈ പമ്മിയുള്ള വരവ്..'
ഭാനുവിന്റെ ചോദ്യം കേട്ടപ്പോള്‍ അവര്‍ ഉമ്മറത്തേക്കു തന്നെ പതിയെ തിരിച്ചു നടന്നു.
ഇല്ലായ്മകള്‍ ചിരിയിലൊളിപ്പിച്ച്, അടിപ്പാവാടയുടെ കെട്ടില്‍ തിരുകി കയറ്റി വെച്ച മാക്‌സി താഴ്ത്തിയിട്ട് ഭാനു അവരുടെ അടുത്തേക്ക് നടന്നു.
'ഇവിടത്തെ ആള്‍ക്ക് ഒരു ആക്‌സിഡന്റ് പറ്റി..'
കേട്ട വാക്കുകള്‍ വിശ്വസിക്കാനാവാതെ ഭാനു അവരെ തുറിച്ചുനോക്കി. ആ നോട്ടം സഹിക്കാന്‍ കഴിയാതെ അവര്‍ ഭാനുവിന്റെ കൈകള്‍ പിടിച്ചു തലതാഴ്ത്തി നിന്നു.
വീട്ടിനകത്ത്  കുടുംബക്കാരും മുറ്റത്ത് ആളുകളും കൂടിക്കൂടി വരുന്നതറിഞ്ഞപ്പോള്‍ ഭാനു അപകടത്തിന്റെ ആഴം മനസ്സിലാക്കി. ആ ആഴത്തില്‍ അവളുടെ ശക്തി ചോര്‍ന്നു ചോര്‍ന്നു പോയി. ഒടുവിലത് കിടപ്പുമുറിയിലെ അബോധാവസ്ഥയിലുള്ള കിടത്തത്തില്‍ എത്തിച്ചേര്‍ന്നു.
വെള്ളം വറ്റിപ്പോയ വറ്റുകളെ തീ വിഴുങ്ങാനൊരുങ്ങിയ ചോറു കലം കനലുകളണച്ച് ആരോ ഇറക്കി വെച്ചു. അടുക്കളയിലെ കാലിയായ പാത്രങ്ങളിലും അലമാരയിലെ നിറം മാത്രം അവശേഷിപ്പിച്ച പലവ്യഞ്ജന ഭരണികളിലും കണ്ണുകള്‍ പലത് പതിഞ്ഞു. ഒന്നുമറിയിച്ചില്ലല്ലോ എന്ന ചോദ്യങ്ങള്‍ ആ കണ്ണുകളെറിഞ്ഞപ്പോള്‍ ഒന്നുമറിയാന്‍ ശ്രമിച്ചില്ലല്ലോ, ചോദിച്ചില്ലല്ലോ എന്ന് പാത്രങ്ങളും ഭരണിയും മറുചോദ്യമെറിഞ്ഞു. ശുഷ്‌കിച്ച അരിച്ചാക്ക് അവരെ നോക്കി കൊഞ്ഞനം കുത്തിയപ്പോള്‍ നോട്ടമെറിഞ്ഞവര്‍ പിന്മാറി അവരവരിലേക്കൊതുങ്ങി.
ഉള്ളവന്റെ ആര്‍ഭാടത്തിനും ഇല്ലാത്തവന്റെ പരിഗണക്കും നടുവില്‍  കൈ നീട്ടാതെയും മുണ്ടുമുറുക്കിയും പോരാടുന്നൊരു വിഭാഗത്തിന്റെ പ്രതിനിധിയായ  ഭാനുവിനൊപ്പം കണ്ണീര്‍ വാര്‍ക്കാന്‍ മൂടിയൂരി കമഴ്ത്തിയാല്‍ പൊഴിക്കാന്‍  നാലുതുള്ളിയെങ്കിലും ബാക്കിയുണ്ടായിരുന്ന എണ്ണക്കുപ്പിയുണ്ടായിരുന്നു.
ഉമ്മറത്ത് കിടത്തിയ ഭാനുവിന്റെ നല്ലപാതിയെ അവസാനമായി ഒരു നോക്കു കണ്ട് അടുക്കളവാതിലിലൂടെ തിരിച്ചിറങ്ങി പോകുന്നവരെ നോക്കി അമ്മിത്തറയില്‍ കിടന്ന, ഞെട്ടറ്റുവീണിട്ടും കറ ചോര്‍ന്നുപോകാത്ത ഓമക്കായ കണ്ണീര്‍ പൊഴിച്ചുകൊണ്ടിരുന്നു..!

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top