സത്യസന്ധത

ഹൈദറലി ശാന്തപുരം No image

ഇസ്ലാം ഉയര്‍ത്തിക്കാണിക്കുന്ന ഉത്കൃഷ്ട മൂല്യങ്ങളില്‍ സുപ്രധാനമാണ് സത്യസന്ധത, അതുകൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആനിലെ വിവിധ അധ്യായങ്ങളിലും സൂക്തങ്ങളിലും പല ശൈലികളില്‍ ഇതുസംബന്ധിച്ച് പരാമര്‍ശിച്ചതായി കാണാവുന്നതാണ്. സത്യസന്ധതക്ക് അറബിയില്‍ പ്രയോഗിക്കുന്ന 'സ്വിദ്ഖ്' എന്ന പദവും അതില്‍നിന്ന് നിഷ്പന്നമായ പദങ്ങളും ഖുര്‍ആനിലെ നൂറ്റി അന്‍പതില്‍പരം സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്. നിരവധി നബിവചനങ്ങളിലും ഈവിഷയകമായ പരാമര്‍ശങ്ങള്‍ കാണാം. പണ്ഡിതന്മാര്‍ അവരുടെ രചനകളില്‍ ഉത്തമ ഗുണങ്ങള്‍ പരാമര്‍ശിക്കുന്നേടത്ത് സത്യസന്ധതക്ക് പ്രഥമ സ്ഥാനം നല്‍കിയിരിക്കുന്നു.
സത്യവിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:
''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും സത്യസന്ധരുടെ കൂട്ടത്തില്‍ ആയിത്തീരുകയും ചെയ്യുക'' (അത്തൗബ: 119).
സത്യസന്ധതയുടെ പ്രാധാന്യവും സദ്ഫലങ്ങളും അസത്യത്തിന്റെ ഗൗരവവും ദുഷ്ഫലങ്ങളും പ്രവാചകന്‍ (സ) വിവരിച്ചിട്ടുണ്ട്.
അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ല്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ''നിങ്ങള്‍ സത്യസന്ധത മുറുകെ പിടിക്കുക. സത്യസന്ധത പുണ്യത്തിലേക്ക് നയിക്കുന്നു. പുണ്യം സ്വര്‍ഗത്തിലേക്കും. ഒരാള്‍ സത്യം പറയുകയും സത്യസന്ധത സ്വഭാവമായി സ്വീകരിക്കുകയുമാണെങ്കില്‍ അവന്‍ അല്ലാഹുവിങ്കല്‍ പരമസത്യവാനായി രേഖപ്പെടുത്തപ്പെടുന്നതാണ്. നിങ്ങള്‍ അസത്യം പറയുന്നത് സൂക്ഷിക്കുക. കാരണം അസത്യം അധര്‍മത്തിലേക്ക് നയിക്കും. അധര്‍മം നരകത്തിലേക്കും നയിക്കും. ഒരാള്‍ അസത്യം പറയുകയും അസത്യം പറയല്‍ സ്വഭാവമാക്കുകയുമാണെങ്കില്‍ അവന്‍ അല്ലാഹുവിങ്കല്‍ പെരുംകള്ളനായി രേഖപ്പെടുത്തപ്പെടുന്നതാണ്'' (ബുഖാരി, മുസ്ലിം).
ഇസ്ലാമില്‍ സത്യസന്ധതക്കുള്ള സ്ഥാനം വിവരിക്കുന്നതോടൊപ്പം നന്മയിലേക്കാണത് ചെന്നെത്തിക്കുക എന്നും അതുവഴി സ്വര്‍ഗത്തിലേക്കെത്താന്‍ സാധിക്കുമെന്നും നബി(സ) ഈ ഹദീസില്‍ വ്യക്തമാക്കുന്നു.
ജീവിതത്തിലുടനീളം സത്യസന്ധത പുലര്‍ത്തല്‍ അത്യധികം ത്യാഗവും ജാഗ്രതയും ആവശ്യമുള്ള കാര്യമാണ്. അതുകൊണ്ടു തന്നെയാണ് അവ്വിധത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് പ്രവാചകന്മാരുടെയും രക്തസാക്ഷികളുടെയും കൂടെ സ്ഥാനം നല്‍കിയിട്ടുള്ളത്. പ്രവാചകന്മാരുടെ തൊട്ടടുത്ത സ്ഥാനം സ്വിദ്ദീഖുകള്‍ക്കാണെന്ന് ഈ ദിവ്യസൂക്തം വ്യക്തമാക്കുന്നു, രക്തസാക്ഷികള്‍ക്കും മുമ്പുള്ള സ്ഥാനം. സംസാരത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്ന് പ്രവാചകന്‍ (സ) ഉറപ്പ് നല്‍കിയിരിക്കുന്നു.
ഉബാദത്തുബ്നു സ്വാമിത് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'നിങ്ങള്‍ നിങ്ങളുടെ ഭാഗത്തുനിന്ന് ആറ് കാര്യങ്ങള്‍ എനിക്ക് ഉറപ്പ് നല്‍കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്ന് ഞാനും ഉറപ്പ് നല്‍കുന്നു: സംസാരിക്കുകയാണെങ്കില്‍ സത്യം പറയുക, വാഗ്ദത്തം ചെയ്യുകയാണെങ്കില്‍ അത് പാലിക്കുക, വിശ്വസിച്ചേല്‍പിക്കപ്പെടുന്നത് തിരിച്ചു നല്‍കുക, ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുക, ദൃഷ്ടികള്‍ നിയന്ത്രിക്കുക, കൈകള്‍ തടഞ്ഞുവെക്കുക'' (ഇബ്നു ഖുസൈമ, ഹാകിം).
കളിയായിപ്പോലും കള്ളം പറയുന്നത് ഇസ്ലാമിക വീക്ഷണത്തില്‍ നിഷിദ്ധമാണ്. നിരുപദ്രവമായ തമാശയെ ഇസ്ലാം വിലക്കുന്നില്ലെങ്കിലും വാസ്തവവിരുദ്ധമായ നര്‍മോക്തികളെയും കോമഡികളെയും ഇസ്ലാം വിലക്കിയിരിക്കുന്നു. കളിയായെങ്കിലും കള്ളം പറയാത്തവര്‍ക്ക് സ്വര്‍ഗത്തിന്റെ മധ്യത്തില്‍ ഭവനം ലഭ്യമാകുമെന്ന് നബി (സ) ഉറപ്പ് നല്‍കിയിരിക്കുന്നു.
അബൂ ഉമാമ(റ)യില്‍നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: ''ന്യായമാണെങ്കില്‍ പോലും തര്‍ക്കം ഉപേക്ഷിക്കുന്നവന് സ്വര്‍ഗത്തിന്റെ പാര്‍ശ്വത്തില്‍ ഭവനം ഞാന്‍ ഉറപ്പ് നല്‍കുന്നു. തമാശയായിപ്പോലും കള്ളം പറയാതിരിക്കുന്നവന് സ്വര്‍ഗത്തിന്റെ മധ്യത്തില്‍ ഭവനം ഉറപ്പ് നല്‍കുന്നു. തന്റെ സ്വഭാവം നന്നാക്കിയവന് സ്വര്‍ഗത്തിന്റെ മുകള്‍ ഭാഗത്ത് ഒരു ഭവനം ഞാന്‍ ഉറപ്പ് നല്‍കുന്നു'' (അബൂദാവൂദ്).
സത്യസന്ധത അടക്കമുള്ള ഉത്തമ ഗുണങ്ങള്‍ സ്വായത്തമാക്കിയവര്‍ക്കുള്ള മഹത്തായ പ്രതിഫലമെന്തെന്ന് വിശദീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''(നബിയേ) പറയുക: അതിനേക്കാള്‍ (ആ ഇഹലോക സുഖങ്ങളെ) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞു തരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ താഴ്ഭാഗത്തുകൂടി അരുവികളൊഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധകളായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും).
ജനങ്ങളുടെ സത്യസന്ധത അളന്നു നോക്കാന്‍ അല്ലാഹു സ്വീകരിച്ച മാര്‍ഗമാണ് പരീക്ഷണങ്ങള്‍. തീക്ഷ്ണമായ പരീക്ഷണങ്ങളില്‍ വിജയിക്കുന്നവരാണ് വിശ്വാസത്തില്‍ സത്യസന്ധത പുലര്‍ത്തിയവര്‍. പൂര്‍വസൂരികളായ പ്രവാചകന്മാരുടെയും സത്യവിശ്വാസികളുടെയും പരീക്ഷണാനുഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അല്ലാഹു ചോദിക്കുന്നു:
''അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ക്കുണ്ടായതുപോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ തങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി, അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കുമെന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞു പോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്'' (അല്‍ബഖറ 214).
വിശ്വസ്തനല്ലാത്ത ഒരാള്‍ ഒരു വാര്‍ത്തയുമായി വരികയാണെങ്കില്‍ നിജ:സ്ഥിതി അന്വേഷിക്കാതെ അത് വിശ്വസിക്കുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യാന്‍ പാടില്ല. ''സത്യവിശ്വാസികളേ, ഒരു അധര്‍മി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതക്ക് നിങ്ങള്‍ ആപത്ത് വരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി'' (അല്‍ ഹുജുറാത്ത് 6).
കളിതമാശകള്‍ക്കിടയില്‍ കള്ളം പറയല്‍ കുറ്റമാവുകയില്ല എന്നാണ് പലരും ധരിക്കുന്നത്. അതിനാല്‍ തന്നെ ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി ധാരാളമായി കള്ളം പറയുന്നവരെ നമുക്ക് കാണാം.
ഏതെങ്കിലും കാര്യത്തില്‍ കുട്ടികളെ വശീകരിക്കാനും സ്വാധീനിക്കാനും വേണ്ടി അയഥാര്‍ഥമായ ചില വാഗ്ദാനങ്ങള്‍ അവര്‍ക്ക് നല്‍കാറുണ്ട്. അത് കള്ളമായിട്ടാണ് പരിഗണിക്കപ്പെടുക.
അബ്ദുല്ലാഹിബ്നു ആമിര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''ഒരിക്കല്‍ എന്റെ മാതാവ് എന്നെ വിളിച്ചു കൊണ്ട് പറഞ്ഞു: 'ഇങ്ങോട്ട് വാ. ഞാന്‍ നിനക്ക് ഒരു സാധനം തരാം.' അപ്പോള്‍ നബി(സ) ഞങ്ങളുടെ വീട്ടില്‍ ഇരിക്കുന്നുണ്ടായിരുന്നു. നബി തിരുമേനി ചോദിച്ചു: 'നിങ്ങളെന്താണ് അവന് കൊടുക്കാന്‍ ഉദ്ദേശിച്ചത്?' അവര്‍ പറഞ്ഞു: 'ഞാന്‍ അവന് ഒരു ഈത്തപ്പഴം കൊടുക്കാന്‍ ഉദ്ദേശിക്കുന്നു.' തിരുമേനി പറഞ്ഞു: നിങ്ങളവന് ഒന്നും നല്‍കിയില്ല എങ്കില്‍ അതൊരു കള്ളമായി നിങ്ങളുടെ പേരില്‍ രേഖപ്പെടുത്തപ്പെടും'' (അബൂദാവൂദ്).
ചില ആളുകള്‍ ചിലപ്പോള്‍ തങ്ങള്‍ക്ക് ആവശ്യമുള്ള ഒരു കാര്യത്തെക്കുറിച്ച് മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ എനിക്കത് ആവശ്യമില്ല എന്ന് പറയാറുണ്ട്. അതുപോലും കള്ളമായിത്തീരുന്നതാണ്.
അസ്മാഅ് ബിന്‍ത് യസീദി(റ)ല്‍നിന്ന് നിവേദനം. അവര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളില്‍ ഒരാള്‍ക്ക് ആവശ്യമുള്ള ഒരു കാര്യത്തെക്കുറിച്ച്, എനിക്കത് ആവശ്യമില്ല എന്ന് പറയുകയാണെങ്കില്‍ അത് കള്ളമാകുമോ?' നബി തിരുമേനി പറഞ്ഞു: 'കള്ളം കള്ളമായിത്തന്നെ രേഖപ്പെടുത്തപ്പെടും, കൊച്ചുകള്ളം കൊച്ചുകള്ളമായിപ്പോലും രേഖപ്പെടുത്തപ്പെടും' (അഹ്മദ്).
അതുപോലെ തന്നെയാണ് തനിക്ക് ലഭിക്കാത്തത് ലഭിച്ചു എന്ന് പറയുന്നതും. അസ്മാഅ്(റ) നിവേദനം ചെയ്യുന്നു: ഒരു സ്ത്രീ നബി(സ)യുടെ അടുത്ത് ചെന്ന് പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ഒരു സപത്നിയുണ്ട്. ഞാന്‍ അവളോട് എന്റെ ഭര്‍ത്താവ് എനിക്ക് നല്‍കിയിട്ടില്ലാത്തത് നല്‍കി എന്ന് പറയുന്നതിലും നല്‍കിയതായി അഭിനയിക്കുന്നതിലും കുറ്റമുണ്ടോ?' നബി തിരുമേനി പ്രതിവചിച്ചു: 'തനിക്ക് ലഭിക്കാത്തത് ലഭിച്ചു എന്ന് പറയുകയും ലഭിച്ചതായി അഭിനയിക്കുകയും ചെയ്യുന്നവന്‍ രണ്ട് കള്ള വസ്ത്രം ധരിക്കുന്നവനെപ്പോലെയാകുന്നു' (ബുഖാരി, മുസ്ലിം).
അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം ചെയ്യുന്നു: നബി(സ) അരുളിയിരിക്കുന്നു: 'നാല് കാര്യങ്ങള്‍ ഒരാളില്‍ ഉണ്ടായാല്‍ അവന്‍ തനതായ കപട വിശ്വാസിയായി. അവനില്‍ അവയില്‍ ഒരു കാര്യമാണ് ഉണ്ടായതെങ്കില്‍ അവനില്‍ കാപട്യത്തിന്റെ ഒരു കാര്യമുണ്ടാവും, അവനത് ഉപേക്ഷിക്കുന്നതുവരെ. പ്രസ്തുത നാല് കാര്യങ്ങള്‍ ഇവയാണ്; വാഗ്ദത്തം ചെയ്താല്‍ ലംഘിക്കും. സംസാരിച്ചാല്‍ കളവ് പറയും. പിണങ്ങിയാല്‍ തോന്ന്യാസം കാണിക്കും. കരാര്‍ ചെയ്താല്‍ വഞ്ചിക്കും' (ബുഖാരി, മുസ്ലിം).
കളവ് പറയലും കള്ള സാക്ഷ്യം വഹിക്കലും മഹാപാപങ്ങളുടെ ഗണത്തില്‍ പെടുമെന്നും പ്രവാചകന്‍ (സ) പ്രസ്താവിച്ചിട്ടുണ്ട്.
ധര്‍മനിഷ്ഠമായ സമൂഹത്തിന്റെ നിര്‍മിതിയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് സത്യസന്ധത. വിശ്വാസത്തിലും കര്‍മത്തിലും അത് പുലര്‍ത്തപ്പെടണം. മാതാപിതാക്കളും ഗുരുനാഥന്മാരും സാമൂഹിക പ്രവര്‍ത്തകരും വളര്‍ന്നുവരുന്ന തലമുറകള്‍ക്ക് ഈ വിഷയത്തില്‍ മാതൃകയാവണം. എങ്കില്‍ മാത്രമേ സത്യപാലകരായ ഒരു നവ സമൂഹം ഉയിരെടുക്കുകയുള്ളൂ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top