ഗര്‍ഭകാല കൊറോണ ആശങ്കകളും വെല്ലുവിളികളും

ഡോ. സി. പ്രതിഭ (ഗൈനക്കോളജിസ്റ്റ്) No image

കോവിഡ് 19 ഗര്‍ഭിണികളില്‍ ഏറെ ബാധിക്കപ്പെടുന്നുണ്ടെന്നും ഏറ്റവും കൂടുതല്‍ ശ്രദ്ധവേണ്ട കാലമാണ് ഗര്‍ഭകാലമെന്നും കൊറോണയുടെ തുടക്കകാലം മുതല്‍ ചര്‍ച്ചചെയ്യുന്നുണ്ട്. സ്ത്രീജീവിതത്തില്‍ ഏറ്റവും പ്രാധാന്യമേറിയതും ഏറെ സന്തോഷം നല്‍കുന്നതുമായ കാലമെങ്കിലും കൊറോണകാലമായതുകൊണ്ടു തന്നെ ഇന്നിത് ഗര്‍ഭിണികളില്‍ ഏറെ ഉള്‍ഭീതി സൃഷ്ടിക്കുന്നുണ്ട്. 
ഏറെ ജാഗ്രത പാലിക്കേണ്ട മഹാമാരിയാണ് കോവിഡ് എന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള വിദഗ്ധ സമിതികളും അഭിപ്രായപ്പെടുന്ന സാഹചര്യത്തില്‍ രോഗം വരാതിരിക്കാന്‍ ഗര്‍ഭിണികള്‍ ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. എന്നാല്‍ ഭയത്തിനുപുറമെ ഇവരില്‍ ഈ മഹാമാരി എങ്ങനെ പിടിപെടാതിരിക്കാമെന്നും എന്തൊക്കെ ശ്രദ്ധിക്കണമെന്നും ചികിത്സാരീതികളെക്കുറിച്ചും എറണാകുളം ജനറല്‍ ആശുപത്രി ഗൈനക്കോളജി വിഭാഗം എച്ച്.ഒ.ഡി. ഡോ. സി. പ്രതിഭ പങ്കുവെക്കുന്നു. 
കോവിഡ് പിടിപെടാതിരിക്കാന്‍ ഗര്‍ഭിണികളും പ്രസവശേഷമുളള സ്ത്രീകളും ശ്രദ്ധിക്കാന്‍
ഗര്‍ഭിണികളില്‍ കോവിഡ് 19 വൈറസ് പിടിപെട്ട് അമിതമായ അസ്വസ്ഥതകള്‍ ഉണ്ടായാല്‍ മരണത്തിലേക്ക് എത്തിപ്പെടുന്ന കേസുകള്‍ ഏറെ കണ്ടുവരുന്ന സാഹചര്യത്തിലൂടെയാണ് ഇന്ന് നാം കടന്നുപോകുന്നത്. അതുകൊണ്ടു തന്നെ ഈ രോഗം വരാതിരിക്കാന്‍ ഗര്‍ഭിണികളും പ്രസവശേഷമുളള സ്ത്രീകളും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്. വൈറസ് അതിഭീകരമായി പടരുമ്പോള്‍ പലരിലും ഗര്‍ഭകാലത്തെ കുറിച്ച് ഏറെ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. 
എന്നാല്‍ ഇപ്പോഴും ഗര്‍ഭിണികളെയും ഗര്‍ഭസ്ഥശിശുക്കളെയും ഈ വൈറസ് എങ്ങനെ മാരകമായി ബാധിക്കുന്നു എന്ന് പഠനങ്ങള്‍ നടക്കുന്നുണ്ട്. അത് ഇന്ന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.
എന്നാല്‍ ഈ സമയം ഭയപ്പെടുകയല്ല വേണ്ടത്. പകരം ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിച്ച് കൃത്യമായ പരിപാലനവും ശ്രദ്ധയും നല്‍കിയാല്‍ വൈറസ് പിടിപെടാതെ നോക്കാന്‍ കഴിയും. കുഞ്ഞിന്റെ ആരോഗ്യത്തിനും അമ്മയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് പ്രതിരോധ മാര്‍ഗങ്ങള്‍. ഏറ്റവും പ്രധാനമായി എല്ലാവരെയും പോലെ ഗര്‍ഭിണികളും മാസ്‌കുകള്‍ ധരിക്കേണ്ടതാണ്.
വീട്ടിലെ മറ്റുളളവര്‍ പുറത്തുപോകുന്നവരായതുകൊണ്ടു തന്നെ അവര്‍ക്ക് വൈറസ് പിടിപെട്ടിട്ടുണ്ടോയെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയില്‍ സ്വയം സുരക്ഷിതത്വം നേടാന്‍ ഗര്‍ഭിണികള്‍ മാസ്‌ക് വീടിനുളളിലും ധരിക്കുന്നതാണ് ഉത്തമം. 
ഇടയ്ക്കിടക്ക് കൈ വൃത്തിയായി സോപ്പിട്ട് കഴുകാനും സാനിറ്റൈസര്‍ ഉപയോഗിക്കാനും ശ്രദ്ധിക്കുക, കൈകള്‍ കഴുകാതെ മുഖത്ത് സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധവേണം. വീടിനു പുറത്തുപോയി വന്നാല്‍ ഉടന്‍ നന്നായി കുളിക്കുക. ഉപയോഗിച്ച വസ്ത്രങ്ങള്‍ സോപ്പുലായനിയില്‍ മുക്കി കഴുകിയതിനു ശേഷം ഡെറ്റോള്‍ കൂടി ഉപയോഗിച്ച് വെയിലില്‍ ഉണക്കി ഉപയോഗിക്കുക. സാധാരണപോലെ വസ്ത്രങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിച്ചാല്‍ അതില്‍ അടങ്ങിയ വൈറസ് നമ്മളിലേക്ക് പടര്‍ന്നുപിടിച്ച് കോവിഡ് പിടിക്കാന്‍ സാധ്യത കൂടുതലാണ് എന്ന ബോധം എല്ലാവരിലും എപ്പോഴും ഉണ്ടാവുക.
ഗര്‍ഭിണികള്‍ പ്രധാനമായും വീട്ടിനുളളിലാണെങ്കിലും മറ്റുളളവരുമായി ഒരുപരിധിവരെ സാമൂഹിക അകലം പാലിക്കുന്നത് നല്ലതായിരിക്കും. അധികമായി ഇവര്‍ പുറത്തുപോകാതിരിക്കുക, ജനക്കൂട്ടത്തിരക്കില്‍നിന്നും ഒഴിഞ്ഞു മാറുക, പൊതു ഗതാഗതം ഉപയോഗിക്കാതിരിക്കുക, സാധാരണപോലെ കാര്യമില്ലാതെ, വെറുതെ ചെക്കപ്പിനു പോകുന്നത് ഒഴിവാക്കി ആദ്യത്തെ മൂന്നു മാസത്തില്‍ ഒരു ചെക്കപ്പ് മാത്രം ചെയ്യുക. അതും അധികം യാത്ര ചെയ്യാതെ സമ്പര്‍ക്കത്തിനുളള സാധ്യത വരുത്താതെ വീടിനടുത്ത് കാണിക്കുന്നതാണ് അനിവാര്യം. എന്തെങ്കിലും കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ മാത്രം ഇടക്ക് ചെക്കപ്പ് ചെയ്താല്‍ മതിയാവും. 
പനി, ചുമ തുടങ്ങിയ രോഗങ്ങളുളളവരുമായി ഗര്‍ഭിണികള്‍ അടുത്ത് ഇടപഴകാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വീടിനുള്ളില്‍ മറ്റുളളവര്‍ക്ക് ജലദോഷം, പനി, തുമ്മല്‍ എന്നീ അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അവര്‍ മാറിത്താമസിക്കുന്നത് ഇവര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. ഇനി ഗര്‍ഭിണികളില്‍ ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സക്ക് നില്‍ക്കാതെ ഉടന്‍ ഡോക്ടറെ കാണേണ്ടതാണ്. 
ഗര്‍ഭകാലസമയത്ത് മനസ്സ് എപ്പോഴും ശാന്തവും സന്തോഷവും നിറഞ്ഞതായിരിക്കണം. അതുകൊണ്ടു തന്നെ കോവിഡ് മൂലമോ അല്ലാതെയോ അനാവശ്യമായ ഭയപ്പെടലുകള്‍ ഒഴിവാക്കി കൃത്യമായി ഉറങ്ങാന്‍ ശ്രമിക്കേണ്ടതാണ്.
ഗര്‍ഭിണികളില്‍ പൊതുവെ രോഗപ്രതിരോധശേഷി കുറവായതുകൊണ്ടു തന്നെ അവര്‍ക്ക് ഏത് രോഗവും പെട്ടെന്ന് പിടിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ മാത്രമല്ല, അവരുടെ കൂടെ താമസിക്കുന്നവരും അവരെപോലെ തന്നെ എല്ലാ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രസവസമയത്ത് കുട്ടിക്ക് രോഗം പിടിപെടാനുളള സാധ്യതയില്ലെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പേള്‍ അതിനും സാധ്യതയുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. 
കോവിഡ് ബാധ ഉണ്ടെങ്കില്‍ ഗര്‍ഭസ്ഥശിശുവിന് വളര്‍ച്ച കുറവായതായും കാണുന്നുണ്ട്. ഇങ്ങനെയുളള അവസ്ഥയില്‍ സുഖപ്രസവം നടക്കാതിരിക്കുകയോ ശ്വാസകോശത്തിന്റെ പ്രവര്‍ത്തന തകരാറു കൊണ്ട് ഓക്സിജന്‍ കിട്ടാതെ വരികയോ ചെയ്താല്‍ സിസേറിയന്‍ ആണ് തെരഞ്ഞെടുക്കുക.  

അപകടകരമായി ഗര്‍ഭിണികള്‍ക്ക് കോവിഡ് പിടിപെട്ടാല്‍
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം എപ്പോഴും വളരെ പ്രാധാന്യമുളളതാണ്. പ്രസവത്തെ തുടര്‍ന്ന് അമ്മയുടെ മരണനിരക്ക് കുറഞ്ഞു വരുന്നുണ്ടെങ്കിലും ഗര്‍ഭിണികളില്‍ പ്രതിരോധശേഷി കുറവായതിനാല്‍ കോവിഡ് കൂടി വരുമ്പോള്‍ അത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. അതിലുപരി രോഗം ബാധിച്ചാല്‍ ഉടന്‍ തന്നെ അത് വളരെയധികം രൂക്ഷമാവുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ശ്വാസംമുട്ട് പോലുള്ള അസ്വസ്ഥതകള്‍ വര്‍ധിച്ചാല്‍ പ്രസവസമയത്തെ സങ്കീര്‍ണതകളും വളരെയധികം കൂടുതലായിരിക്കും. ചുരുക്കി പറഞ്ഞാല്‍ ഗര്‍ഭിണികള്‍ക്കൊപ്പം മറ്റുളളവരും ഏറെ ശ്രദ്ധിക്കാതെ വരുന്ന സാഹചര്യത്തിലാണ് ഗര്‍ഭിണികളില്‍ കോവിഡ് പിടിപെട്ടാല്‍ പ്രയാസകരമാവുന്നത്. 
ഗര്‍ഭം സ്ഥിരീകരിച്ച് 28 ആഴ്ച കഴിഞ്ഞ് കോവിഡ് പിടിക്കുമ്പോഴാണ് കൂടുതലും ഗുരുതരമാകാന്‍ സാധ്യത. ഇവരില്‍ മാസം തികയാതെയുളള പ്രസവസാധ്യതയും കാണുന്നുണ്ട്. 
ചില കേസുകളില്‍ മറ്റുളളവരെ പോലെ സാധാരണ സങ്കീര്‍ണതകളോടു കൂടി പ്രസവിക്കുന്നത് സ്വാഭാവികം. 

ചികിത്സാരീതി
സാധാരണ കോവിഡ് രോഗികളെ ചികിത്സിക്കുന്ന പോലെ തന്നെയാണ് ഗര്‍ഭിണികളായ കോവിഡ് രോഗികളെയും ചികിത്സിക്കേണ്ടത്. ഇവര്‍ക്ക് കുഞ്ഞിന് ബാധിക്കുന്ന രീതിയില്‍ മരുന്നുകള്‍ നല്‍കില്ല എന്നത് ഏറെ പ്രധാനമായ ഒന്നാണ്. എന്നാല്‍ അത്തരം മരുന്ന് അമ്മക്ക് നല്‍കിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമായി അവരുടെ ജീവന്‍ അപകടത്തിലേക്കാവാം എന്ന സാഹചര്യം വന്നാല്‍ കുഞ്ഞിനെ കളഞ്ഞ് അമ്മയെ സംരക്ഷിച്ച് അവര്‍ക്ക് മെഡിസിന്‍സ് നല്‍കുന്നതായിരിക്കും. 
ഇനി ലക്ഷണമില്ലാതെ കോവിഡ് പിടിച്ചാല്‍ മറ്റുളളവര്‍ക്ക് വരാന്‍ സാധ്യതയേറെയാണ്. അതിനാല്‍ ഗര്‍ഭിണികളെ പരിപാലിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഗര്‍ഭിണികള്‍ മറ്റുളളവരുമായി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, അഥവാ കഴിക്കുമ്പോള്‍ സംസാരിക്കാതിരിക്കുക എന്ന് പറയുന്നത്. ഇത് രണ്ടു പേര്‍ക്കും പരസ്പരം രോഗം കൈമാറാന്‍ വഴിയൊരുങ്ങുന്നു.
കോവിഡ് പോസിറ്റീവ് ആയ കേസില്‍ മിക്കവര്‍ക്കും പ്രസവവേദന സഹിക്കാന്‍ കഴിയാതെ വരുന്നു. അതിനാല്‍ ഇവരെ പ്രസവത്തിനായി കുറേ സമയം വേദനയുമായി കിടത്തിയാല്‍ അണുബാധക്കുള്ള സാധ്യത കൂടുതലാണ്. ഇനി തനിയെ വേദന വന്നില്ലെങ്കില്‍ സാധാരണ ചെയ്യുന്ന പോലെ മരുന്ന് നല്‍കി പ്രസവിപ്പിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ കൂടുതലും സിസേറിയന്‍ ചെയ്യാന്‍ തീരുമാനിക്കുകയാണ് പതിവ്. 

കോവിഡിന് ശേഷമുളള ആരോഗ്യ പ്രശ്നങ്ങള്‍
പോസ്റ്റ് കോവിഡ് സിന്‍ഡ്രോം വിഷമതകളൊക്കെ ഗര്‍ഭിണികളിലും കാണുന്നുണ്ട്. ഈ അവസ്ഥയിലും കുഞ്ഞിന് പ്രശ്‌നം വരുന്ന മരുന്നുകള്‍ കൊടുക്കില്ല. ഇനി അഥവാ കൊടുക്കേണ്ടി വന്നാല്‍ കുഞ്ഞിന് വളര്‍ച്ച 32, 34 ആഴ്ചകള്‍ ആയിട്ടുണ്ടെങ്കില്‍ ഡെലിവറി ചെയ്ത് അമ്മയെയും കുഞ്ഞിനെയും സംരക്ഷിച്ച് അമ്മക്ക് നല്‍കേണ്ട മരുന്നുകള്‍ പ്രസവശേഷം കൊടുക്കുന്നതാണ്.

കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടെന്ന് സംശയം തോന്നിയാല്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ടവ
ഗര്‍ഭിണികള്‍ക്ക് കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാലും അത്തരം സംശയം ഉണ്ടെങ്കിലും ഭയപ്പെട്ട് കാര്യങ്ങള്‍ അപകടത്തിലേക്ക് കൊണ്ടുപോകാതെ ഉടന്‍ ഡോക്ടറെ കാണുകയാണ് വേണ്ടത്. അല്ലെങ്കില്‍ അടുത്തുള്ള ആശാ വര്‍ക്കര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, അങ്കണവാടി പ്രവര്‍ത്തകര്‍ ഇവരെ ആരെയെങ്കിലും ബന്ധപ്പെട്ട് അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കുക. 
പ്രൈമറി കോാക്ട് ആണെങ്കില്‍ 10 ദിവസത്തിനുള്ളില്‍ ആര്‍.ടി/പി.സി.ആര്‍ ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആണോ എന്ന് നോക്കുകയും ചെയ്യേണ്ടതാണ്. അതോടൊപ്പം മറ്റുളളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതെ ക്വാറന്റൈന്‍ ഇരിക്കാന്‍ ശ്രദ്ധിക്കുകയും ആ സമയങ്ങളില്‍ മാസ്‌കുകള്‍ കൃത്യമായി ധരിക്കുകയും ആറ് മണിക്കൂര്‍ കഴിയുമ്പോള്‍ മാറ്റി ഉപയോഗിക്കുകയും ചെയ്യുക.

പ്രസവശേഷം കോവിഡ് പിടിപെട്ടാല്‍
പ്രസവശേഷമാണ് കൊറോണ പോസിറ്റീവ് ആകുന്നതെങ്കില്‍ സാധാരണയുളളവരില്‍ ഉണ്ടാകുന്ന അതേ പ്രശ്നങ്ങള്‍ മാത്രമാണ് ഭൂരിഭാഗം പേരിലും കാണപ്പെടുന്നത്. ചിലര്‍ക്ക് കോവിഡിന്റേതായ ക്ഷീണം കൂടുതലായിരിക്കാം. അങ്ങനെയെങ്കില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയും പ്രതിരോധശേഷി കൂട്ടാനുളള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക. 
ശരീര വേദന, ശ്വാസംമുട്ട് തുടങ്ങിയ മറ്റ് അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ ചികിത്സയും വിശ്രമവും എടുക്കേണ്ടത് അനിവാര്യമാണ്. സാധാരണരീതിയില്‍ ഈ മഹാമാരി പിടിക്കുന്ന പലരും മാസങ്ങള്‍ക്കു ശേഷമാണ് പഴയ ആരോഗ്യ സ്ഥിതിയിലേക്ക് തിരിച്ചുവരുന്നത്. 

ഗര്‍ഭിണികളുടെ ഹോം ക്വറന്റൈന്‍
കോവിഡ് വന്നാലും സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടാലും തുടക്ക സമയം മുതല്‍ പൊതുവെ ആ വ്യക്തി മറ്റുളളവരില്‍നിന്ന് അകന്ന് സ്വയം നിരീക്ഷണത്തില്‍ പോകുന്ന ഒന്നാണ് ഹോം ക്വാറന്റൈന്‍. ഹോം ക്വാറന്റൈനായി വായുസഞ്ചാരമുള്ളതും ശുചിമുറികള്‍ ഉള്ളതുമായ മുറി ആണ് ഉപയോഗിക്കേണ്ടത്. സര്‍ക്കാര്‍ നിര്‍ദേശിച്ച കാലാവധിയില്‍ കുടുംബാംഗങ്ങളുമായി ഇടപഴകാതെ റൂമില്‍നിന്ന് പുറത്തിറങ്ങാതെ ഒരു മുറിയില്‍ തന്നെ കഴിയുക. അങ്ങനെ ഹോം ക്വാറന്റൈന്‍ ആകുന്നത് ഗര്‍ഭിണികളാണെങ്കില്‍ വ്യക്തിശുചിത്വം പരിപാലിക്കുക വളരെ നിര്‍ബന്ധമാണ്. ഇവര്‍ ഉപയോഗിക്കുന്നതെല്ലാം ദിവസവും സാനിറ്റൈസറോ സോപ്പ്ലായനിയോ ഉപയോഗിച്ച് വൃത്തിയാക്കുക. അതിലുപരി ഇവരെ ഒരാള്‍ മാത്രമായിരിക്കണം പരിപാലിക്കേണ്ടത്. അവരും വ്യക്തിശുചിത്വം പാലിക്കുകയും കൃത്യമായ ശ്രദ്ധ നല്‍കുകയും വേണം.
ഗര്‍ഭകാലം 28 ആഴ്ച പിന്നിട്ടവര്‍ കുഞ്ഞിന്റെ അനക്കം ശ്രദ്ധിക്കുകയും എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറെ കാണുകയും ചെയ്യുക. രോഗലക്ഷണങ്ങള്‍ വന്നാല്‍ ഉടന്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ അറിയിക്കേണ്ടതാണ്. അവരെ ആശുപത്രികളില്‍ കിടത്തി ചികിത്സിക്കേണ്ട സാഹചര്യമാണെങ്കില്‍ മാത്രം അഡ്മിറ്റ് ചെയ്യുക. 

ഭക്ഷണരീതികള്‍
സാധാരണ ഗര്‍ഭിണികള്‍ കഴിക്കുന്ന എന്ത് ആഹാരസാധനങ്ങളും ഇവര്‍ക്കും കഴിക്കാം. ആരോഗ്യകരമായ ആഹാര ശൈലികളാണ് കൂടുതലും ഉള്‍പ്പെടുത്തേണ്ടത്. അത് കൃത്യസമയങ്ങളില്‍ കഴിക്കുക എന്നതാണ് പ്രധാനം. വയറ്റില്‍ ഗ്യാസ് രൂപപ്പെടാന്‍ വഴിയൊരുക്കരുത്. കഴിക്കുന്നതില്‍ കൂടുതലും പ്രതിരോധശേഷി വര്‍ധിക്കുന്നവ കഴിക്കുക. അതോടൊപ്പം ഇവര്‍ ചെറിയ വ്യായാമങ്ങളും ശീലിക്കുക. ട

തയാറാക്കിയത്: അമ്പിളി ചന്ദ്രന്‍

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top