സുബൈദ നടന്നുകൊണ്ടേയിരിക്കുകയാണ്

സുബൈദ അഹ്മദ് / എം. മുബശ്ശിര്‍ No image

ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത 'Walk with Subaida' എന്ന പരിപാടിയിലൂടെ താങ്കള്‍ കേരളജനതക്ക് സുപരിചിതയാണ്. ദൃശ്യമാധ്യമരംഗത്തേക്കുള്ള കടന്നുവരവിനെ കുറിച്ച് സംസാരിച്ചു തുടങ്ങാം
ഞാന്‍ കോട്ടയത്ത് താമസിക്കുമ്പോള്‍ ജയ്ഹിന്ദ് ചാനലില്‍ ജോലി ചെയ്യുന്ന കൂട്ടുകാരിയോട് ഇത്തരം പരി
പാടികള്‍ ചെയ്യാന്‍ എനിക്കും താല്‍പര്യമുണ്ടെന്നു പറഞ്ഞിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് ഏഷ്യാനെറ്റില്‍ നിന്നും അവതാരികയെ അന്വേഷിച്ചുകൊണ്ടുള്ള വിളി വന്നു. ആദ്യത്തെ ഷൂട്ടിംഗില്‍ തന്നെ അവര്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. അങ്ങനെ മൂന്നു നാല് 
പ്രോഗ്രാമുകളില്‍ ഞാന്‍ അവതാരികയായി. പിന്നീട് ഏഷ്യാനെറ്റില്‍ വന്ന 'Wonders of Kerala' എന്ന പരിപാടിയുടെ ഏഴോളം എപ്പിസോഡുകള്‍ ഞാന്‍ ചെയ്തു. ആ പ്രോഗ്രാമിലെ എന്റെ പ്രകടനത്തില്‍ ചാനലിലെ എം.ആര്‍ രാജന്‍ സാര്‍ ആകൃഷ്ടനായി. അദ്ദേഹമാണ് 'Walk with Subaida' എന്ന ആശയം മുന്നോട്ടുവെച്ചത്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം വെറുതെ തമാശക്ക് ചെയ്തു തുടങ്ങിയ പരിപാടി ഒരു മാസത്തിനുള്ളില്‍ പ്രേക്ഷകരുടെ അംഗീകാരം പിടിച്ചുപറ്റുകയും സൂപ്പര്‍ ഹിറ്റ് പ്രേഗ്രാമായി മാറുകയും ചെയ്തു. ഏറ്റവും കൂടുതല്‍ ഫാന്‍സ് കുട്ടികളായിരുന്നു. ഏകദേശം എഴുനൂറ് എപ്പിസോഡുകളിലായി മൂന്നു വര്‍ഷത്തോളം അത് സംപ്രേഷണം ചെയ്തു. പിന്നീട് ഞാന്‍ കുടുംബസമേതം ദുബൈയിലേക്ക് 
പോകാന്‍ തീരുമാനിച്ചപ്പോള്‍ സ്വയം 
നിര്‍ത്തുകയാണ് ചെയ്തത്.

ഇസ്‌ലാമിക പ്രബോധന രംഗത്ത് നിറസാന്നിധ്യമായ താങ്കളുടെ മുന്‍കാല ജീവിതത്തെക്കുറിച്ച് ആരാമം വായനക്കാരുമായി പങ്കുവെക്കുമല്ലോ.
എറണാകുളം ജില്ലയിലെ കലൂരില്‍ വളരെ പുരോഗമന മനോഭാവമുള്ള മാതാപിതാക്കളുടെ മകളായിട്ടാണ് ഞാന്‍ ജനിച്ചത്. പിതാവ് വളരെ സ്വാതന്ത്ര്യം നല്‍കിയാണ് ഞങ്ങള്‍ നാല് മക്കളെയും വളര്‍ത്തിയത്. ഞങ്ങളുടെ പ്രായോഗിക ജീവിതത്തില്‍ ഇസ്‌ലാമിക നിയമങ്ങളോ അനുഷ്ഠാന കര്‍മങ്ങളോ കടന്നുവന്നിരുന്നില്ല. ചില ഉസ്താദുമാര്‍ വീട്ടില്‍ വന്നു പഠിപ്പിച്ചിരുന്നുവെങ്കിലും അവരുടെ സമീപനം ഞങ്ങളെ ഇസ്‌ലാമില്‍നിന്ന് അകറ്റുകയാണ് ചെയ്തത്. അല്ലാഹുവിനെക്കുറിച്ചോ പ്രവാചകന്മാരെക്കുറിച്ചോ പരലോക ജീവിതത്തെക്കുറിച്ചോ, നാളെ അല്ലാഹുവിങ്കല്‍ മറുപടി പറയേണ്ടിവരും എന്നതിനെക്കുറിച്ചോ യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല.  ചുറ്റുപാടും ഉള്ള മുസ്‌ലിംകള്‍ ഇസ്‌ലാമിനെക്കുറിച്ച് ഒരു നിഷേധാന്മക മനോഭാവം എന്നില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഞാന്‍ തട്ടമിടാത്തതില്‍ പരിഭവപ്പെടുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് എന്നില്‍ വെറുപ്പുളവാക്കി. ഈ നിഷേധാത്മക മനസ്സുമായി ഭൗതികകാര്യങ്ങളില്‍ അഭിരമിച്ച് ജീവിക്കുന്ന സമയത്താണ് ഏഷ്യാനെറ്റിലെ വളരെ ജനശ്രദ്ധ പിടിച്ചുപറ്റിയ പരിപാടി അവതരിപ്പിക്കാന്‍ അവസരം ഉണ്ടായത്. ഇങ്ങനെയൊക്കെയാണെങ്കിലും അഞ്ചു നേരവും മുറതെറ്റാതെ നമസ്‌കരിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. രാത്രി വളരെ വൈകിയുറങ്ങിയാലും നേരത്തേ എണീറ്റ് സ്വുബ്ഹ് നമസ്‌കരിച്ച് വീണ്ടും ഉറങ്ങും. എന്തുകൊണ്ടാണ് ആ നിഷ്ഠ പുലര്‍ത്തിയതെന്ന് എനിക്കിപ്പോഴും ഉത്തരമില്ല. നമസ്‌കാരശേഷം 'പടച്ചവനേ ഞാന്‍ ഇന്ന് ഇന്നിന്ന കാര്യങ്ങള്‍ക്കു വേണ്ടി ഇറങ്ങുകയാണ്, നീ എന്നെ സംരക്ഷിക്കണം' എന്നു പറഞ്ഞ് അവനില്‍ ഭരമേല്‍പിച്ചുകൊണ്ടാണ് വീട്ടില്‍നിന്ന് ഇറങ്ങിയിരുന്നത്. പടച്ചവനെ പേടിയോ മതകീയാനുഷ്ഠാനങ്ങള്‍ പാലിക്കാറോ ഇല്ലെങ്കിലും പടച്ചവന്‍ എന്നെ കൈവെള്ളയില്‍ കൊണ്ടുനടക്കുന്ന പ്രതീതിയായിരുന്നു.

ഇസ്‌ലാമികമായ ജീവിതരീതിയിലേക്ക് മാറുകയും പ്രബോധനം ഒരു ദൗത്യമായി ഏറ്റെടുക്കുകയും ചെയ്യാനുണ്ടായ ജീവിത സാഹചര്യം എന്തായിരുന്നു?
ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്ന സമയത്ത് ആറ് വര്‍ഷത്തേക്ക് കുടുംബസമേതം ദുബൈയിലേക്ക് മാറിത്താമസിക്കാനുള്ള ആലോചന ഭര്‍ത്താവാണ് മുന്നോട്ടു വെക്കുന്നത്. അങ്ങനെ ഞങ്ങള്‍ ദുബൈയിലേക്ക് താമസം മാറി. ആവശ്യത്തിലധികം അഹങ്കാരവും സ്വാര്‍ഥ മനോഭാവവും ആ സമയത്ത് എന്നില്‍ ഉണ്ടായിരുന്നു. മൂന്നു മക്കളെയും കൊണ്ടാണ് ഞാന്‍ ദുബൈയിലെത്തുന്നത്. അവിടെ ജോലി അന്വേഷണത്തിനിടയില്‍ ഒരു അമുസ്‌ലിം സുഹൃത്ത് അറബി പഠിച്ചു കഴിഞ്ഞാല്‍ വളരെ എളുപ്പത്തില്‍ ജോലി കിട്ടുമെന്ന് എന്നോട് പറഞ്ഞു. അതിനു പറ്റിയ സ്ഥാപനവും അവരെനിക്ക് പറഞ്ഞുതന്നു. അങ്ങനെ ദുബൈയിലെ അല്‍ഹുദാ മദ്‌റസയില്‍ ഞാന്‍ എത്തി. ജീന്‍സും ടീഷര്‍ട്ടും ഇട്ട് ആ മദ്‌റസയില്‍ പ്രവേശിച്ച ഞാന്‍ ഹിജാബ് ധരിച്ചുകൊണ്ടാണ് പിന്നീട് പുറത്തിറങ്ങുന്നത്.
ഒരു വര്‍ഷമാണ് ഞാനാ മദ്‌റസയില്‍ പഠിച്ചത്. തട്ടമിടാതെ, ജീന്‍സും ടീഷര്‍ട്ടും ധരിച്ചു ചെന്ന എന്നെ അവര്‍ സന്തോഷത്തോടെ സ്വാഗതം ചെയ്തു. വ്യത്യസ്ത നാടുകളില്‍നിന്നുള്ള, വൈവിധ്യം നിറഞ്ഞ വസ്ത്രധാരണം സ്വീകരിച്ച ആളുകള്‍ക്ക് ആ മദ്‌റസയില്‍ ഇടമുണ്ടായിരുന്നു. അറബിക് അക്ഷരങ്ങള്‍ പഠിക്കാന്‍ അവിടെ ചെന്ന ഞാന്‍ ഇടവേളകളില്‍ താഴത്തെ നിലയില്‍ നടക്കുന്ന ഖുര്‍ആന്‍ ക്ലാസുകളില്‍ വെറുതെ ചെന്നിരിക്കുമായിരുന്നു. അവിടെയുണ്ടായിരുന്ന സഹോദരി ഈമാനാണ് എന്നില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കിയത്. അവര്‍ ദുബൈയിലെ അല്‍ഹുദാ സിസ്റ്റേഴ്സ് എന്ന കൂട്ടായ്മയുടെ ഭാഗമാണ്. കുവൈത്ത് സ്വദേശിനിയായ അവരും കുടുംബവും മതപ്രബോധന മേഖലയില്‍ വ്യാപൃതരാണ്. പല ആളുകളിലും അവര്‍ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. യഥാര്‍ഥ മുസ്‌ലിമായുള്ള അവരുടെ പെരുമാറ്റമായിരുന്നു എന്നെ ഏറ്റവും ആകര്‍ഷിച്ചത്. അവരുടെ അധ്യാപനവും വളരെ ആകര്‍ഷണീയമായിരുന്നു. അവരിലൂടെയാണ് ഇസ്‌ലാം എന്താണെന്നും ആരാണ് മുസ്‌ലിമെന്നുമൊക്കെ എനിക്ക് മനസ്സിലാകുന്നത്. എനിക്ക് ഇസ്‌ലാമിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് അപ്പോള്‍ ബോധ്യപ്പെട്ടു. എന്റെ ജീവിതത്തിലെ നാല്‍പത്തി അഞ്ച് വര്‍ഷം എനിക്ക് നഷ്ടപ്പെട്ടുവെന്നും എന്റെ മക്കള്‍ക്ക് ദീന്‍ പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞില്ലല്ലോ എന്നുമോര്‍ത്ത് ഞാന്‍ പരിഭ്രമിച്ചു.
ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന് തീരുമാനിച്ചു. എന്റെ നിയ്യത്തിന്റെ ശക്തി കൊണ്ടാകാം; അല്ലാഹു എന്നെ അതിരറ്റ് സഹായിച്ചു. തഫ്സീറുകളെ ആശ്രയിക്കുന്നതിനു പകരം ഖുര്‍ആന്‍ നേരിട്ടു മനസ്സിലാക്കലാണ് നല്ലതെന്ന ബോധ്യം എന്നെ അറബി പഠിക്കുന്നതിലേക്കെത്തിച്ചു. അതാണ് എന്റെ ഈ യാത്രയുടെ തുടക്കം.

തഫ്‌സീറുകളെ ആശ്രയിക്കാതെ അറബി ഭാഷ പഠിച്ചുകൊണ്ടാണല്ലോ ഖുര്‍ആന്‍ പഠനം ആരംഭിച്ചത്. എന്തുകൊണ്ടായിരുന്നു അത്?
ഞാന്‍ ഖുര്‍ആന്‍ ഇപ്പോഴും പഠിച്ചുകൊണ്ടേയിരിക്കുന്നു. ചില വാക്കുകളുടെ അര്‍ഥം കിട്ടാറില്ലെങ്കിലും ഖുര്‍ആന്‍ പരിഭാഷപ്പെടുത്താനും മനസ്സിലാക്കാനും ഇപ്പോള്‍ വളരെ എളുപ്പമാണ്. എന്നാല്‍ തഫ്സീറുകളെ മാത്രം ആശ്രയിക്കുന്നവര്‍ പലപ്പോഴും അത് മറക്കുകയും 
പിന്നീട് പഠിച്ച ഭാഗങ്ങള്‍ ഒന്നും മനസ്സിലാകാതെ വീണ്ടും തഫ്സീറുകളെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു. പഠിക്കുക, മറക്കുക, പഠിക്കുക, മറക്കുക.... എന്നൊരു പ്രോസസായി അത് മാറുന്നു. ഒരിക്കലും അവസാനിക്കാത്ത നടപടിക്രമം. എന്നാല്‍ അറബി ഭാഷ പഠിക്കുന്നത് ഖുര്‍ആന്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുമെന്ന് ബോധ്യപ്പെട്ടിരുന്നു

ഇസ്‌ലാമിക ഐഡന്റിറ്റി നിലനിര്‍ത്തി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ അത് കുടുംബത്തിനകത്തും സൗഹൃദവലയത്തിലും ഉണ്ടാക്കിയ പ്രതികരണങ്ങള്‍?
യഥാര്‍ഥ ഇസ്‌ലാമിനെ മനസ്സിലാക്കിയപ്പോള്‍ കുടുംബത്തില്‍ എല്ലാവരുടെയും സ്വഭാവത്തിലും മനോഭാവത്തിലും വലിയ മാറ്റം വന്നു. എല്ലാവരും പൂര്‍ണ ഇസ്‌ലാമിക ജീവതരീതി പിന്‍പറ്റി ജീവിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ടു തന്നെ ഞങ്ങള്‍ സഹോദരീസഹോദരന്മാര്‍ക്കിടയില്‍ മുമ്പുള്ള അടുപ്പമല്ല ഇപ്പോഴുള്ളത്. ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് അല്ലാഹുവിനിഷ്ടമെന്ന് ഞങ്ങള്‍ക്കറിയാം. ചെറിയ വഴക്കുകളുണ്ടായാല്‍ പോലും ഉടനത് പരിഹരിക്കും. എല്ലാവരും അതിന് മുന്‍കൈയെടുക്കും, അല്ലാഹുവിനു മുമ്പില്‍ ഈ ബന്ധത്തിന്റെ മഹത്വത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. മുമ്പ് മാതാപിതാക്കളെ സഹായിക്കുകയോ അവരെ മതിമറന്ന് സ്നേഹിക്കുകയോ പരിഗണിക്കുകയോ ഇല്ലായിരുന്നു. ഉമ്മയുമായി പലപ്പോഴും വഴക്കുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ മാതാപിതാക്കളാണ് നമ്മുടെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടതെന്ന് പഠിപ്പിച്ചത് ഇസ്‌ലാമിക അധ്യാപനമാണ്. ഇത് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ദുബെയില്‍ വെച്ച് ഉമ്മയെ വിളിച്ച് ക്ഷമ ചോദിച്ചു. അങ്ങനെയാണ് ഞാന്‍ എന്റെ ഇസ്‌ലാമിക യാത്ര തുടങ്ങുന്നതു തന്നെ. ഉമ്മയില്‍നിന്ന് തുടങ്ങിയ ക്ഷമ ചോദിക്കല്‍ പിന്നീട് ജനങ്ങളിലേക്ക് നീണ്ടു. അത്രയും ആളുകളെ ഞാന്‍ പലവിധത്തിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ സംസാരിക്കുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴും വളരെ സൂക്ഷ്മത പാലിക്കുന്നു.
എന്റെ ഈ മാറ്റത്തെ എല്ലാവര്‍ക്കും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ ഒരു സുഹൃത്ത് എന്നില്‍നിന്ന് അകന്നു. ബാക്കിയെല്ലാവരും വളരെ സ്വാഗതാര്‍ഹമായ രീതിയിലാണ് സമീ
പിച്ചത്. താന്‍ നന്നാവാതിരിക്കുന്നതാണ് നല്ലതെന്നും പഴയ സ്വഭാവമാണ് തനിക്കിണങ്ങുന്നതെന്നും ചിലര്‍ പറഞ്ഞു.

പ്രാക്ടീസിംഗ് മുസ്‌ലിമായി ജീവിക്കാന്‍ തയാറാകാത്തതിന്റെ പേരില്‍ വിമര്‍ശിച്ച് അകറ്റിയ കേരളീയ മുസ്‌ലിംകള്‍ ഒരു ഭാഗത്ത.് എന്നാല്‍ നിങ്ങളെ അതേ രീതിയില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ച സഹോദരി ഈമാനെ പോലെയുള്ളവര്‍ മറുവശത്ത്. ഇത്തരം രണ്ട് അനുഭവങ്ങളെ മുന്‍നിര്‍ത്തി സ്ത്രീകളടക്കമുള്ള കേരള മുസ്‌ലിംകളോട് എന്താണ് പറയാനുള്ളത്?
ആദ്യമായി പറയാനുള്ളത് മറ്റുള്ളവരെ ജഡ്ജ് ചെയ്യുന്നത് നിര്‍ത്തുക എന്നാണ്. എന്റെ ബന്ധുക്കള്‍ മുതല്‍ സമൂഹത്തില്‍ പലരില്‍നിന്നും എനിക്ക് ദുരനുഭവം ഉണ്ടായി. ഇപ്പോഴും അതേ നിലപാട് പല മുസ്‌ലിംകളും തുടരുന്നു. ഞങ്ങളുടെ കാര്യത്തെച്ചൊല്ലി പിതാവിനെ പലരും ഗുണദോഷിക്കുമായിരുന്നു. ഞങ്ങള്‍ കോളേജില്‍ പോകുന്നതിലും ഞങ്ങളെ കെട്ടിച്ചുവിടാത്തതിലുമെല്ലാം അവര്‍ക്ക് പരിഭവമായിരുന്നു. പള്ളിയിലായാലും മുസ്‌ലിംകള്‍ ഒരുമിച്ചുകൂടുന്ന മറ്റിടങ്ങളിലായാലും അവര്‍ ഞാന്‍ തട്ടമിടാത്തതും ആരാധനകള്‍ നിര്‍വഹിക്കാത്തതും ചോദ്യം ചെയ്തുകൊണ്ടിരുന്നു. എന്നാലോ അവരുടെ പെരുമാറ്റരീതികള്‍ പലതും ഇസ്‌ലാമിന് കടകവിരുദ്ധവുമാണ്. വീട്ടില്‍ മക്കളെ പഠിപ്പിക്കാന്‍ വന്ന ഉസ്താദിനും അറിയേണ്ടത് ഞാന്‍ എന്തുകൊണ്ടാണ് തട്ടമിടാത്തതെന്നാണ്. വല്ലാതെ വെറുത്തു പോയി. കാസര്‍കോട് ഒരു പള്ളിയില്‍ പോയപ്പോള്‍ ഞാന്‍ കാഫിറാണെന്ന് പറഞ്ഞ് അവര്‍ എന്നെ പള്ളിയില്‍ കയറ്റിയില്ല. തട്ടമിടാത്തവരെയും ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കാത്തവരെയുമെല്ലാം ഉള്‍ക്കൊള്ളാനും ചേര്‍ത്തു
പിടിക്കാനുമുള്ള മാനസികാവസ്ഥ രൂപപ്പെടുത്തുക. ഞാനെന്റെ മക്കളെപ്പോലും ഒരു പരിധിക്കപ്പുറം ഉപദേശിക്കാറില്ല. ഇസ്‌ലാമില്‍ ബലാല്‍ക്കാരമില്ലെങ്കില്‍
പിന്നെ മറ്റുള്ളവരെ നിര്‍ബന്ധിക്കാന്‍ നമുക്കെന്തധികാരം? കേരളത്തിലെ നല്ലൊരു ശതമാനം മുസ്‌ലിംകളും യഥാര്‍ഥ ഇസ്‌ലാമിനെയല്ല പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോരുത്തരും യഥാര്‍ഥ ഇസ്‌ലാമിനെ മനസ്സിലാക്കി സ്വയം മാറുകയും സ്വന്തം കുടുംബത്തെ മാറ്റുകയും ചെയ്യുക. എങ്കില്‍ തന്നെ ഇസ്‌ലാം എത്ര സുന്ദരമായ മതമാണെന്നും അതൊരു ജീവിത വ്യവസ്ഥയാണെന്നും ആളുകള്‍ക്ക് ബോധ്യപ്പെടും. അതിലൂടെ ഒരു സാമൂഹിക പരിവര്‍ത്തനത്തിനുതന്നെ തുടക്കം കുറിക്കാന്‍ സാധിക്കും. ഇസ്‌ലാമിനെ പ്രതിനിധീകരിക്കുംവിധം മറ്റുള്ളവര്‍ക്ക് നാം മാതൃകയായാല്‍ ജനങ്ങള്‍ നമ്മിലൂടെ ഇസ്‌ലാമിനെ സ്നേഹിക്കും.

ഇസ്‌ലാം വിമര്‍ശകരുടെ കൈയിലെ ആയുധമാണ് മുസ്‌ലിം സ്ത്രീ. ജീവിത അനുഭവങ്ങളിലൂടെയും പഠനങ്ങളിലൂടെയും മുസ്‌ലിം സ്ത്രീയെ പൊതുസമൂഹത്തിനകത്ത് എങ്ങനെ പരിചയപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്?
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം മാത്രമേ ഇസ്‌ലാം നല്‍കിയിട്ടുള്ളൂ. എന്നാല്‍ ഇത് വകവെച്ചു നല്‍കാന്‍ പാരമ്പര്യ മുസ്‌ലിംകള്‍ തയാറല്ല. മാതൃത്വം ഒഴിച്ച് സാമ്പത്തിക ഉത്തരവാദിത്തമുള്‍പ്പെടെ ഒരു ബാധ്യതയും ഒറ്റക്ക് ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയിട്ടില്ല. സ്ത്രീകളുടെ സമ്പത്ത് അവരുടേതാണ്. ഇഷ്ടമുള്ളതുപോലെ ചെലവഴിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഭര്‍ത്താവിന്റെ മാതാ
പിതാക്കളുടെ ഉത്തരവാദിത്തം പോലും അവള്‍ക്കല്ല. എന്നാല്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഇത്തരം ആചാരങ്ങളെ ഇസ്‌ലാമിന്റെ അധ്യാപനങ്ങളായി ചേര്‍ത്തു വെക്കുകയാണ് ചിലര്‍.

അറബി പഠിക്കാനുള്ള ഉദ്യമത്തിലായിരുന്നല്ലോ ആദ്യം. ഇപ്പോള്‍ മറ്റുള്ളവര്‍ക്കത് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. താങ്കളുടെ അറബിക് ക്ലാസുകള്‍ വളരെ വ്യത്യസ്തവും ആകര്‍ഷണീയവുമാണെന്ന് കേട്ടിട്ടുണ്ട്. എന്താണ് വ്യതിരിക്തമാക്കുന്ന ഘടകങ്ങള്‍?
ദുബൈയില്‍നിന്ന് തുടങ്ങിയ യാത്രയാണത്. രണ്ടു വര്‍ഷം ദുബൈയില്‍ ആലിമിയ്യത്ത് കോഴ്‌സ് ചെയ്തു. അമേരിക്കയിലെ ടെക്‌സാസിലെ ബയ്യിന ഇന്‍സ്റ്റിറ്റ്യൂട്ട്, അമേരിക്കയിലെ തന്നെ പ്രശസ്തമായ ഖലം ഇന്‍സ്റ്റിറ്റ്യൂട്ട്, ബ്രിട്ടനിലെ അല്‍ സലാമ ഇന്‍സ്റ്റിറ്റ്യൂട്ട്, ശൈഖ് അക്‌റം നദ്‌വിയില്‍നിന്ന് അറബിക് ഗ്രാമര്‍ എന്നിവ അവയില്‍ ചിലതാണു. നേരിട്ടും ഓണ്‍ലൈനിലുമായിരുന്നു പഠനം.
പ്രവാസം അവസാനിപ്പിച്ചപ്പോള്‍ ഇനിയുള്ള ജീവിതം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കഴിയാവുന്നത് ചെയ്യണം എന്ന ഉറച്ച തീരുമാനത്തിലായിരുന്നു. അറബി പഠിപ്പിക്കാനുള്ള ആത്മവിശ്വാസക്കുറവുമൂലം ആറേഴു മാസം ഒന്നും ചെയ്യാതിരുന്നു. പിന്നെ അല്ലാഹുവില്‍ ഭരമേല്‍പിച്ച് ഈ മാര്‍ഗത്തിലിറങ്ങി. അങ്ങനെയാണ് 1ne Off  Institute എന്ന സ്ഥാപനം തുടങ്ങിയത്. അല്ലാഹു വാതിലുകള്‍  മലര്‍ക്കെ തുറന്നു തന്നു. ഏകദേശം 600 പേരില്‍ തുടങ്ങിയ രണ്ട് ബാച്ചുകള്‍ ഇപ്പോള്‍ പഠിച്ചിറങ്ങി. അടുത്ത ബാച്ച്, ഇന്‍ശാ അല്ലാഹ് ജൂലൈ മാസത്തില്‍ തുടങ്ങും.
അഞ്ചാറു വര്‍ഷത്തെ എന്റെ അറബിക് പഠനത്തില്‍നിന്നും, ലഭിച്ച അനുഭവങ്ങളില്‍നിന്നും പാഠമുള്‍ക്കൊണ്ടാണ് ഞാനെന്റെ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ ഇസ്‌ലാമിനെ യഥാവിധി അവതരിപ്പിക്കുക എന്നത് ഇതിന്റെ സുപ്രധാന ലക്ഷ്യമാണ്. ഇതര മതസ്ഥര്‍ക്ക് യഥാര്‍ഥ ഇസ്‌ലാം എന്തെന്ന് മസ്സിലാക്കിക്കൊടുക്കുകയും അവര്‍ക്കിടയിലെ ഇസ്‌ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ തിരുത്തുകയും ചെയ്യുക എന്നതാണ് മറ്റൊന്ന്. ഈ സ്ഥാപനം എല്ലാ മനുഷ്യര്‍ക്ക് മുമ്പിലും ഒരേപോലെ വാതിലുകള്‍ തുറന്നിടുന്നു. പ്രായ- മതഭേദമന്യേ ആര്‍ക്കും ഇവിടെ കോഴ്സുകള്‍ ചെയ്യാം. കോവിഡ് ആയതിനാല്‍ ഇപ്പോള്‍ ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടത്തുന്നത്.
സാധാരണ കണ്ടുവരുന്ന ഖുര്‍ആന്‍ പഠനരീതി ഖുര്‍ആന്‍ മനഃപാഠമാക്കുകയോ ഖത്തം ഓതി തീര്‍ക്കുകയോ ആണ്. എന്നാല്‍ എങ്ങനെയാണ് ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കേണ്ടത് എന്ന പാഠമാണ് ഇവിടെനിന്ന് പ്രധാനമായി നല്‍കാന്‍ ഉദ്ദേശിക്കുന്നത്. നമ്മുടെ മുന്നിലുള്ള കൗമാരക്കാരിലൂടെയാണ് അടുത്ത തലമുറ രൂപം കൊള്ളുന്നത്. അതുകൊണ്ടുതന്നെ അവര്‍ ഇസ്‌ലാമിനെ യഥാവിധി മനസ്സിലാക്കുന്നവരാകേണ്ടതുണ്ട്. അതുകൊണ്ട് അവര്‍ക്കുള്ള പ്രത്യേക ക്ലാസുകളും നല്‍കാന്‍ ഉദ്ദേശിക്കുന്നു. സ്ത്രീകള്‍ക്ക് ഇസ്‌ലാമിന്റെ അവകാശങ്ങളെ മനസ്സിലാക്കിക്കൊടുക്കുക എന്നതും മറ്റൊരു ലക്ഷ്യമാണ്. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍
പോകുന്ന യുവതീയുവാക്കള്‍ക്ക് ഇസ്‌ലാമിക ആദര്‍ശത്തില്‍ ഊന്നിയ  മാതൃകാ ദാമ്പത്യം നയിക്കാനുതകുന്ന തരത്തില്‍ പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് നല്‍കാനും ഉദ്ദേശ്യമുണ്ട്. ഇസ്‌ലാമിന്റെ മാനവിക-ധാര്‍മിക മൂല്യങ്ങള്‍ സമൂഹത്തില്‍ പ്രസരണം ചെയ്യാന്‍ പ്രാപ്തിയുള്ള മനുഷ്യവിഭവശേഷി ഉണ്ടാക്കിയെടുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അത് അല്ലാഹുവിന്റെ കാരുണ്യത്താല്‍ നടപ്പിലാക്കാനാവും എന്ന വിശ്വാസമുണ്ട്. ഇവിടെ ഞാന്‍ ഒറ്റക്കല്ല, എന്റെ കൂടെ ഒരു അസോസിയേറ്റും ഉണ്ട്. കഴിവും പ്രാപ്തിയുമുള്ള ഒട്ടേറെ ടീച്ചേഴ്‌സും എനിക്കൊപ്പമുണ്ട്.
കേവല ഭാഷാ പഠനത്തിനപ്പുറം ഇസ്‌ലാമിക ജീവിതപാഠങ്ങളും  വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാനായി. ഇസ്‌ലാമിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങളായി മാറിയ ഒരു കൂട്ടം വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതില്‍ ഞാനിന്ന് അല്ലാഹുവിനെ സ്തുതിക്കുകയാണ്.
പരസ്പരം സഹകരിച്ചും സഹായിച്ചും അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ചും പരലോകത്തിന് മുതല്‍ക്കൂട്ടുമായാണ് അവരീ പ്രവൃത്തി ചെയ്യുന്നത്.

സെലിബ്രിറ്റി സ്റ്റാറ്റസില്‍ ജീവിച്ച വ്യക്തിയെന്ന നിലക്ക് സമ്പത്തും പ്രശസ്തിയുമാണ് ജീവിതവിജയത്തിന്റെ ഉപാധികളെന്ന പൊതുവികാരത്തോടുള്ള അഭിപ്രായം?
 സെലിബ്രിറ്റി സ്റ്റാറ്റസും പ്രശസ്തിയുമൊക്കെ താല്‍ക്കാലികമായ സുഖാസ്വാദനങ്ങളായാണ് എനിക്ക് അനുഭവപ്പെട്ടത്. മുമ്പ് എന്റെ ശരികളെ പിന്‍പറ്റിയാണ് ഞാന്‍ ജീവിച്ചത്. ഇപ്പോള്‍ പടച്ചവന്റെ ശരികളനുസരിച്ചാണ് ഞാന്‍ ജീവിതത്തില്‍ തീരുമാനങ്ങളെടുക്കുന്നത്. ഇത് വളരെ സൗകര്യമുള്ളതും എളുപ്പം നിറഞ്ഞതുമാണ്. ഇസ്‌ലാം ജീവിതത്തില്‍ പ്രയോഗവല്‍ക്കരിച്ചു തുടങ്ങുമ്പോ അത് നമുക്ക് വളരെ എളുപ്പമുള്ളതായി തോന്നും.
അന്ന് ഞാന്‍ പലതും ആസ്വദിച്ചെങ്കിലും മനഃപ്രയാസങ്ങളും പ്രശ്നങ്ങളും അനുഭവിച്ചിരുന്നു. ഇസ്‌ലാമില്‍ എനിക്ക് മനഃപ്രയാസങ്ങളേ ഇല്ല. ഇന്ന് ഞാന്‍ എന്ത് തീരുമാനങ്ങളെടുക്കുമ്പോഴും അല്ലാഹുവിന്റെ മുന്നില്‍ തലയുയര്‍ത്തി 
നില്‍ക്കാന്‍ കഴിയും എന്ന് ഉറപ്പുവരുത്തും. സത്യവും അസത്യവും വ്യക്തമായി മുന്നില്‍ കാണുമ്പോള്‍ യാതൊരു ടെന്‍ഷനും ഇല്ല. മുന്നില്‍ വരുന്ന എല്ലാ പ്രയാസങ്ങളിലും അല്ലാഹുവിന്റെ അനുഗ്രഹവും ഇടപെടലും മനസ്സിലാക്കി സന്തോഷം കണ്ടെത്താന്‍ കഴിയുന്നു.

അവസാനമായി, കുടുംബത്തെ പറഞ്ഞുകൂടി അവസാനിപ്പിക്കാം
ഭര്‍ത്താവും മൂന്ന് പെണ്‍മക്കളും ഒരു മകനും അടങ്ങുന്നതാണ് കുടുംബം. സിവില്‍ എഞ്ചിനീയറായ ഭര്‍ത്താവ് ബശീര്‍ റിയാദിലാണ്. മതാധ്യാപനങ്ങളെക്കുറിച്ച് ധാരണ ഇല്ലാത്തതിനാല്‍ മക്കളെ ഇസ്‌ലാമിക ജീവിതരീതിയിലൂടെ വളര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ഉസ്താദുമാരെ വീട്ടില്‍ വരുത്തി ദീനീപഠനത്തിനുള്ള അവസരം ഒരുക്കിയിരുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അവരുടെ പഠനരീതിയും സമീപനവും മക്കളില്‍ ഇസ്‌ലാമിനെക്കുറിച്ച് നിഷേധാത്മക മനോഭാവം സൃഷ്ടിച്ചു.
മൂത്ത ആള്‍ അമേരിക്കയില്‍ ഉപരിപഠനത്തിനു പോയി. അവള്‍ ഇപ്പോള്‍ ദുബൈയില്‍ ജോലി ചെയ്യുന്നു. ഞാന്‍ ഇസ്‌ലാമിനെ കണ്ടെത്തുമ്പോഴേക്ക് അവള്‍ വലുതായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ വളരെ വ്യത്യസ്തമായ ഒരു ലോകത്താണ് അവളിന്ന് ജീവിക്കുന്നത്.
സിവില്‍ എഞ്ചിനീയറായ ഉപ്പ ചെറുപ്പത്തില്‍ വളരെ ദീനിയായിരുന്നു. മക്കള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കി കൂടുതല്‍ വളരാന്‍ പ്രചോദിപ്പിച്ചു. പെണ്‍മക്കളും കൂടുതല്‍ ഉയരങ്ങളിലെത്തണമെന്നും ലോകത്തെ അഭിമുഖീകരിക്കാന്‍ പഠിക്കണമെന്നും ആശിച്ചു. ഉമ്മ ടെലഫോണ്‍ എക്സ്ചേഞ്ചില്‍ ജോലി ചെയ്യുകയായിരുന്നു. ഏകദേശം പതിനഞ്ച് വര്‍ഷം മുമ്പ് ഉമ്മ പതുക്കെ ദീനിലേക്ക് വന്നു. അവരുടെ റിട്ടയര്‍മെന്റിനു ശേഷമായിരുന്നു അത്. ആ സമയത്ത് എന്റെ സഹോദരിയായ ശബ്നയും ഉമ്മയോടൊപ്പം ഖുര്‍ആന്‍ ക്ലാസിനൊക്കെ പോകുമായിരുന്നു. ആ സഹോദരി ങടണ കഴിഞ്ഞ് കുറേ കാലം പല കമ്പനികളില്‍ ജോലി ചെയ്തു. മറ്റൊരു സഹോദരി ഡോ. ഷംല ഇഖ്ബാല്‍ ഐ.എ.എസ്. സഹോദരന്‍ ഹബീബുല്ലാ ഖാന്‍ എഞ്ചിനീയറാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്കാണ് മതവുമായി ബന്ധമില്ലാതെ നടന്ന ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിലേക്ക് പല രീതിയില്‍ പല സാഹചര്യത്തില്‍ ദീന്‍ കടന്നുവന്നത്. ഞാനാണവരില്‍ അവസാനമായി വന്നത്. എന്റെ ഉമ്മയും സഹോദരിമാരുമൊക്കെ എന്നെ മതപരമായ ചുറ്റുപാടിലേക്ക് കൊണ്ടുവരാന്‍ കുറേ ശ്രമിച്ചിരുന്നു. ഞാന്‍ തട്ടമിടാന്‍ വേണ്ടി ദുആ ചെയ്ത സഹോദരിയുമായി അടിയുണ്ടാക്കിയത് ഇപ്പോഴും ഓര്‍മയിലുണ്ട്. തുടക്കത്തില്‍ വളരെ വിരസമായിരുന്നെങ്കിലും, അല്‍ഹംദു ലില്ലാഹ് ഇപ്പോള്‍ ഞങ്ങളെല്ലാവരും ദീനിനെ മുറുകെപ്പിടിച്ച് സന്തോഷത്തോടെ ജീവിക്കുന്നു. എന്റെ ഈ പ്രയാണത്തില്‍ എല്ലാ പിന്തുണയും നല്‍കി ഭര്‍ത്താവും കൂടെയുണ്ട്.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top