പൂ കൃഷിയിലൂടെ ആദായം

ഡോ: മിനി ശങ്കര്‍ (അസി. പ്രൊഫസര്‍, കൃഷിവിജ്ഞാന കേന്ദ്ര, അമ്പല വയല്‍, വയനാട്) No image

പുരാതനകാലം മുതല്‍ക്കേ പൂക്കള്‍ക്ക് മനുഷ്യരുമായി അഭേദ്യമായ ബന്ധമുണ്ട്. ആഘോഷവേളകളിലും മറ്റു ചടങ്ങുകളിലും ഒഴിച്ചുകൂടാനാവാത്തതാണ് പൂക്കള്‍. ഇന്ത്യയില്‍ ഏകദേശം 1.6 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ഇപ്പോള്‍ പൂകൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് 2010-11 ല്‍ 27776.13 മെട്രിക്ക് ടണ്‍ പൂക്കളും ഉപോല്‍പന്നങ്ങളും കയറ്റുമതി ചെയ്തിട്ടുണ്ട്.
വാണിജ്യ പ്രാധാന്യം കണക്കിലെടുത്ത് പൂക്കളെ കട്ട് ഫ്ളവേഴ്സ് (തണ്ടോടെ മുറിച്ചെടുക്കുന്നവ) ലൂസ് ഫ്ളവേഴ്സ് (തണ്ടില്ലാതെ എടുക്കുന്നവ) എന്നീ രണ്ടു ഗണത്തില്‍ പെടുത്താം. കട്ട് ഫ്ളവേഴ്സ് പ്രധാനമായി ബൊക്കകളിലും പുഷ്പാലങ്കാരങ്ങളിലും പൂപാത്രങ്ങളിലും ഉപയോഗിക്കുന്നു. മാലകളിലും മറ്റു പുഷ്പാലങ്കാരങ്ങളിലും സുഗന്ധതൈലം, നിറങ്ങള്‍ എന്നിവ വേര്‍തിരിച്ചെടുക്കുന്നതിനുമാണ് ലൂസ് ഫ്ളവേഴ്സ് ഉപയോഗിക്കുന്നത്. ഇവ കൂടാതെ ഉണങ്ങിയ പൂക്കള്‍ ഉപയോഗിച്ചുള്ള പുഷ്പാലങ്കാരങ്ങളും വരുമാനം നേടിത്തരുന്നവയാണ്. റോസ്, കോര്‍ണേഷന്‍, ഗ്ളാഡയോലസ്, ജെര്‍ബറ, ചൈന ആസ്റര്‍, ഓര്‍കിഡ്, ആന്തൂറിയം തുടങ്ങിയവയാണ് പ്രധാന കട്ട് ഫ്ളവേഴ്സ്. മുല്ല, കനകാംബരം, വാടാര്‍മല്ലി, ചെണ്ടുമല്ലി. തുടങ്ങിയവ ലൂസ് ഫ്ളവേഴ്സാണ്. റോസ്, ട്യൂബ് റോസ്, ജമന്തി തുടങ്ങിയവ രണ്ടു ഗണത്തിലും പെടുന്നു.
ചില പ്രധാന കട്ട് ഫ്ളവേഴ്സിന്റെ കൃഷിരീതികള്‍
റോസ്
പൂക്കളുടെ റാണിയാണ് റോസ്. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലങ്ങളായിരിക്കണം കൃഷിചെയ്യാന്‍ തെരഞ്ഞെടുക്കേണ്ടത്. ജൈവാംശം ധാരാളം അടങ്ങിയിട്ടുള്ളതും നീര്‍വാര്‍ചയുള്ളതും അമ്ള-ക്ഷാര നില അഞ്ചിനും ആറിനും ഇടയിലുള്ളതുമായ മണ്ണാണ് റോസ് കൃഷിക്കുത്തമം.
സെപ്തംബര്‍-ഒക്ടോബര്‍ മാസമാണ് റോസ് നടുന്നതിന് യോജിച്ച സമയം. കുഴികളിലും ചട്ടികളിലും നടാം. കുഴികളാണെങ്കില്‍ 60 സെ.മി വ്യാസവും 60-75 സെ.മി താഴ്ചയുമുണ്ടായിരിക്കണം. കുഴികളില്‍ നാല് മുതല്‍ എട്ട് വരെ കിലോഗ്രാം കാലി വളവും ഒരു പിടി എല്ലുപൊടിയും നടുന്നതിന് രണ്ടാഴ്ച മുമ്പായി നിറക്കുക. പോളിത്തീന്‍ ബാഗുകളില്‍ ലഭ്യമായ ചെടികള്‍ കവര്‍ നീക്കം ചെയ്ത ശേഷം മണ്ണോടു കൂടി നടണം. ബഡ് ചെയ്ത ഭാഗം മണ്ണിന് മീതെയായിരിക്കണം. ചട്ടികളിലും റോസ് നടാവുന്നതാണ്. ഇതില്‍ നടാനുപയോഗിക്കുന്ന പോട്ടിംഗ് മിശ്രിതത്തില്‍ മൂന്ന് ഭാഗം മേല്‍മണ്ണും ഒരു ഭാഗം ചാണകപ്പൊടിയും ഒരു ഭാഗം കരിയിലപ്പൊടിയും ഒരു ഭാഗം ചാരവും ചേര്‍ക്കണം. എല്ലാ വര്‍ഷവും മുകളിലെ ഏഴുമുതല്‍ പത്തുവരെ സെ.മി ഭാഗം പോട്ടിംഗ് മിശ്രിതം മാറ്റി പുതിയ മിശ്രിതം നിറക്കേണ്ടതാണ്.
ഉണങ്ങിയതും കീടബാധ ഏറ്റതും അധികമുള്ളതുമായ കൊമ്പുകള്‍ മുറിച്ചു മാറ്റുന്ന പ്രക്രിയയാണ് പ്രൂണിംഗ്(കൊമ്പുകോതല്‍). ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യവാരമോ കൊമ്പു കോതുന്നത് ഡിസംബര്‍ അവസാനം മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ധാരാളം പൂക്കളുണ്ടാവാന്‍ ഉപകരിക്കുന്നു. കൊമ്പു കോതേണ്ട ശാഖകളില്‍ ചെടിയുടെ മധ്യഭാഗത്തിന് എതിര്‍ദിശയിലേക്ക് വളരുന്ന അതിന് അഞ്ച് മില്ലീമീറ്റര്‍ ഉയരത്തില്‍ മുകുളത്തിനെതിരെ 45 ഡിഗ്രി ചെരിച്ച് മുകുളത്തിനഞ്ച് മില്ലീമീറ്റര്‍ ഉയരത്തില്‍ കത്തി ഉപയോഗിച്ച് വൃത്തിയായി മുറിച്ച് മാറ്റുക. പ്രൂണിംഗ് കഴിഞ്ഞ ഉടനെ ആ ഭാഗത്തുള്ള മുറിവില്‍ അല്‍പം കാര്‍ബാറിലും മണ്ണും ചാണകവും വെള്ളത്തില്‍ കലര്‍ത്തിയുണ്ടാക്കിയ കട്ടിയുള്ള കുഴമ്പോ ബോര്‍ഡോ കുഴമ്പോ പുരട്ടുന്നത് കീടങ്ങളുടെ ആക്രമണം തടയാന്‍ ഫലപ്രദമാണ്.
ചെടി നട്ട് 45 ദിവസം കഴിഞ്ഞാല്‍ ആദ്യത്തെ രാസവളപ്രയോഗം നടത്താം. മൊട്ടുകളുണ്ടായതിന് ശേഷം ജൈവവളങ്ങള്‍ വെള്ളത്തില്‍ അലിയിച്ച് തടങ്ങളില്‍ ഒഴിച്ചു കൊടുക്കുന്നത് പൂക്കളുടെ വലിപ്പം വര്‍ധിക്കാന്‍ നല്ലതാണ്. ഇതിനായി പത്ത് ലിറ്റര്‍ വെള്ളത്തില്‍ ഒരു കിലോഗ്രാം ചാണകം കലക്കുക. ദിവസേന ഈ ലായനി നന്നായി ഇളക്കി ഒരാഴ്ച കഴിഞ്ഞ് തെളിഞ്ഞ ലായനി ഊറ്റിയെടുത്ത് തടങ്ങളില്‍ ഒഴിച്ചു കൊടുക്കുക. രണ്ടാഴ്ചയിലൊരിക്കല്‍ കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ അഞ്ച് ദിവസം വെള്ളത്തില്‍ കുതിര്‍ത്ത് നേര്‍പ്പിച്ച ശേഷം നല്‍കാം. എന്നാല്‍ വേനല്‍കാലത്ത് ദ്രാവകവളങ്ങളുടെ പ്രയോഗം അഭിലഷണീയമല്ല.
ആന്തൂറിയം
രാജ്യത്തിനകത്തും പുറത്തും ഏറെ വിപണ സാധ്യതയുള്ള പുഷ്പവിളയാണ് ആന്തൂറിയം. ഇത് അഞ്ഞൂറിലധികം തരത്തിലുണ്ട്. ആന്തൂറിയം ആന്‍ട്രിയാനം, ആന്തൂറിയം വെയ്ച്ചി, ആന്തൂറിയം ഷെര്‍സേറിയാനം തുടങ്ങിയവ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാവുന്നതാണ്. തണലില്‍ വളരുന്ന സസ്യമാണിത്. തറനിരപ്പില്‍ നിന്ന് എട്ടടി ഉയരത്തില്‍ തണല്‍വല സ്ഥാപിക്കാം. ലിമാ വൈറ്റ്, ക്യൂബ, അഗ്നിഹോത്രി, ട്രോപ്പിക്കല്‍, നിറ്റാ, ലിവറെഡ്, കാന്‍ കാന്‍ സണ്‍ബേഴ്സ്റ്, അക്രോ പോളിസ് തുടങ്ങിയവ കേരളത്തിലെ കാലാവസ്ഥയില്‍ കൃഷിചെയ്യാവുന്നതാണ്. വിത്ത് മുഖേനയോ കായിക പ്രവര്‍ധനത്തിലൂടെയോ തൈകള്‍ ഉല്‍പാദിപ്പിക്കാം.
ഒരേ ചെടിയില്‍ തന്നെയോ ചെടികള്‍ തമ്മിലോ കൃത്രിമ പരാഗണം നടത്തി വിത്തുല്‍പാദിപ്പിക്കാം. പരാഗണം നടത്തി നാല് മുതല്‍ ആറ് മാസത്തിനുള്ളില്‍ വിത്ത് മൂപ്പെത്തുന്നു. ഇതിന്റെ പള്‍പ്പ് മാറ്റി നനവുള്ള മണലിലോ പഞ്ഞിയിലോ പാകണം. മുളച്ചതിനു ശേഷം മണലില്‍ നടാവുന്നതാണ്.
അഗ്രം മുറിച്ച് നട്ടും, മൂല കാണ്ഡം മുറിച്ച് നട്ടും, ചിനപ്പുകള്‍, പാര്‍ശ്വ മുകുളങ്ങള്‍ എന്നിവ വഴിയും ടിഷ്യൂ കള്‍ച്ചര്‍ വഴിയും കായിക പ്രവര്‍ധനം നടത്താം.
ചെടികള്‍ക്ക് നാലഞ്ച് വര്‍ഷം പ്രായമാകുമ്പോള്‍ അഗ്രഭാഗം ഇലകളോടും വേരുകളോടും കൂടി മുറിച്ചെടുത്ത് നടാന്‍ ഉപയോഗിക്കാം. ഇപ്രകാരം ആഗ്രഭാഗം മുറിച്ച് മാറ്റിയ മാതൃചെടിയില്‍ നിന്ന് ധാരാളം ചിനപ്പുകള്‍ ഉണ്ടാകുന്നു. ഇത് നല്ല പോലെ വളര്‍ന്ന ശേഷം അടര്‍ത്തിയെടുത്ത് നടാം. രണ്ടോ മൂന്നോ വര്‍ഷമായ ആന്തൂറിയം ചെടികള്‍ പുതിയ ചട്ടികളിലേക്ക് മാറ്റുന്ന സമയത്ത് കാണ്ഡത്തിന്റെ അടിഭാഗത്ത് ചുറ്റിപ്പിടിച്ച് കിടക്കുന്ന വേരുപടലത്തോടുകൂടി മുറിച്ച് മിശ്രിതം നിറച്ച ചട്ടികളില്‍ വെച്ചാല്‍ മുളകള്‍ വന്ന് പുതിയ ചെടികളുണ്ടാവും. ആന്തൂറിയത്തിലെ ചില ഇലകളിലെ അടിഭാഗം കൂടുതല്‍ ഉരുണ്ടിരിക്കുകയും അവയുടെ കക്ഷങ്ങളില്‍ നിന്ന് പാര്‍ശ്വമുകുളങ്ങളുണ്ടാകുകയും ചെയ്യുന്നു. ഒന്നോ രണ്ടോ വേരുകള്‍ കൂടി ഇത്തരം ഇലകള്‍ക്കുണ്ടായിരിക്കും. ഇത് വേരോടും തണ്ടോടും കൂടി ചെടിയില്‍ നിന്ന് ഇളക്കിയെടുത്ത് പുതിയ ചട്ടികളില്‍ നടാം. കരിമ്പിന്‍ ചണ്ടി, കരിയിലപ്പൊടി, മണല്‍, ചെറിയ ഇഷ്ടികക്കഷ്ണങ്ങള്‍, കരി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ മിശ്രിതത്തില്‍ ഉപയോഗിക്കുന്നു. 5.5 മുതല്‍ 6.00 വരെയാണ് ഏറ്റവും യോജിച്ച ക്ഷാരനില. മിശ്രിതത്തില്‍ ഉപ്പിന്റെ അംശം ഒട്ടും ഉണ്ടാവരുത്. മിശ്രിതം തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ ലഭ്യത, വില, വായുസഞ്ചാരം, നീര്‍വാര്‍ച്ച എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചട്ടികളിലും നിലത്തും ആന്തൂറിയം നടാം.
15-20 സെ.മി വലിപ്പവും വളര്‍ച്ച വ്യാപിച്ച വേരുപടലവുമുള്ള തൈകള്‍ 15 സെ.മി വലിപ്പമുള്ള ചട്ടികളില്‍ നടാവുന്നതാണ്. ചട്ടിയുടെ അടിഭാഗത്തുള്ള ദ്വാരം അടഞ്ഞു പോവാതിരിക്കാനായി അവിടെ ഓട്ടിന്‍ കഷ്ണം വെക്കണം. ചട്ടിയുടെ അടിഭാഗത്ത് നാലുമുതല്‍ അഞ്ച് സെ.മി കനത്തില്‍ മണല്‍ ഇട്ടുകൊടുക്കുക. ഇതിന്റെ മുകള്‍ഭാഗത്ത് ഓട്ടിന്‍ കഷ്ണവും കരിക്കട്ടകളും അടുക്കി വെക്കുന്നു. ചെടികള്‍ നടുമ്പോള്‍ വേരുപടലം ഈ കഷ്ണങ്ങളുടെ മുകളില്‍ വരത്തക്കവിധം വെക്കണം. അതിനുചുറ്റും വലിയ തരികളുള്ള മണല്‍ കമ്പോസ്റ് എന്നിവ 3:1 എന്ന അനുപാതത്തില്‍ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം നിറക്കണം.
നട്ടുകഴിഞ്ഞ ഉടനെ ചെടികള്‍ നന്നായി നനക്കണം. വളരുന്നതിനനുസരിച്ച് മണലും ഉണങ്ങിയ ചാണകപ്പൊടിയോ വെര്‍മികമ്പോസ്റോ ചേര്‍ന്ന മിശ്രിതം മാസത്തിലൊരിക്കല്‍ ഇട്ട് കൊടുക്കണം. വളര്‍ച്ച അനുസരിച്ച് വലിയ ചട്ടികളിലേക്ക് മാറ്റാം.
ചെടികള്‍ തറയില്‍ നടുമ്പോള്‍ നിരപ്പില്‍ നിന്നും ഉയര്‍ത്തിയെടുത്ത തടങ്ങളില്‍ നടുന്ന രീതിയും ചാലുകളില്‍ നടുന്ന രീതിയും അവലംബിക്കാറുണ്ട്. തടങ്ങളില്‍ നടുമ്പോള്‍ 30 സെ.മി ഉയരത്തില്‍ മശ്രിതം നിറച്ച് 40-45 സെ.മി ഇടയകലം നല്‍കി ചെടികള്‍ നടണം. തടങ്ങള്‍ക്കിടയില്‍ അര മീറ്റര്‍ അകലം നല്‍കണം. തടങ്ങള്‍ക്കിടയില്‍ വെള്ളം വാര്‍ന്നുപോകുന്നതിനുള്ള ചാലുകള്‍ നല്‍കണം.
ചാണകവും പിണ്ണാക്കും 10-15 ഇരട്ടി വെള്ളം ചേര്‍ത്ത് മൂന്നോ നാലോ ദിവസം വെച്ച ശേഷം അരിച്ചെടുത്ത് തളിച്ച് കൊടുക്കാവുന്നതാണ്. 25 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ഗോമൂത്രവും തളിക്കാം. ചെടികള്‍ ദിവസവും നനക്കണം.
ആന്തൂറിയത്തിന്റെ പൂപ്പാളി പൂര്‍ണമായി വിരിഞ്ഞു കഴിഞ്ഞ ശേഷമാണ് പൂക്കള്‍ പറിക്കേണ്ടത്. പൂക്കള്‍ മുറിക്കുന്ന കത്തി കുമിള്‍നാശിനിയില്‍ മുക്കുന്നത് രോഗം പകരുന്നത് തടയാന്‍ സഹായിക്കും.
50 ഗ്രാം പുതിയ പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളിയെടുത്ത് തളിച്ച് കൊടുക്കുന്നത് ബാക്ടീരിയല്‍ വാട്ടം, ആന്ത്രാക്നോസ് എന്നിവ നിയന്ത്രിക്കാന്‍ നല്ലതാണ്. വേരഴുകലിന് പൊട്ടാസ്യം ഫോസ്ഫോണേറ്റ് 0.3 ശതമാനം വീര്യത്തില്‍ തളിച്ച് കൊടുക്കാം. ചെടിയുടെ വേര് നശിപ്പിക്കുന്ന ഒച്ചിനെ നശിപ്പിക്കാന്‍ കുറച്ച് അകലെയായി ഉപ്പ് വിതറിക്കൊടുക്കുന്നത് നല്ലതാണ്. |

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top