വീട്ടിലിരുന്ന് വിദേശ ജോലി

ഫൌസിയ ഷംസ്
2012 മെയ്

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയോ നിശ്ചിത പ്രായപരിധിയോ ഇല്ലാത്ത, ഇംഗ്ളീഷ് ഭാഷയില്‍ പ്രാവീണ്യം മാത്രം മതിയായ, മാന്യമായ വേതനവും അന്തസ്സും ഉള്ള ജോലിയാണ് മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍. നമ്മുടെ നാട്ടില്‍ പ്രചാരം നേടിയ ഈ തൊഴില്‍ മേഖല വിദേശ രാജ്യങ്ങളിലെ ഹോസ്പിറ്റല്‍ ശൃംഖലയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. പാശ്ചാത്യ നാടുകളില്‍ പ്രത്യേകിച്ചും അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഒരു രോഗി ഹോസ്പിറ്റലിലേക്ക് പോയാല്‍ എത്ര നിസ്സാരമായ രോഗമാണെങ്കില്‍ പോലും- അയാളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും- മുമ്പ് എന്തെങ്കിലും അസുഖങ്ങള്‍ വന്നിട്ടുണ്ടോ, മറ്റെന്തെങ്കിലും രോഗങ്ങള്‍ ഉള്ള വ്യക്തിയാണോ തുടങ്ങി മുഴുന്‍ ശാരീരിക പരിശോധനകളും നടത്തി ഏത് മരുന്നുകളാണ് കഴിച്ചുകൊണ്ടിരിക്കുന്നത്, ഇപ്പോള്‍ എന്ത് കഴിക്കണം എന്നിങ്ങനെ ഡോക്ടര്‍മാരുടെ ശരിയായ അഭിപ്രായങ്ങള്‍ അടങ്ങിയ രേഖകള്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് എത്തിക്കണം. പുറം കരാര്‍ കമ്പനികള്‍ക്കാണ് ഈ ചുമതല. ഡോക്ടറുടെ മുറിയിലെ ഹെഡ്ഫോണ്‍ മുഖേന മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഇത് കേള്‍ക്കാം. അതിനനനുസരിച്ച് ഓരോ ഡോക്ടര്‍ക്കും എന്താണോ വേണ്ടത്, ഏത് സോഫ്റ്റ്വെയറില്‍ ഏത് ഫോര്‍മാറ്റിലാണോ തരുന്നത് അതേ ഫോര്‍മാറ്റില്‍ തന്നെ തിരിച്ചുകൊടുക്കണം. തുടര്‍ന്നുള്ള ഭാവി റഫറന്‍സുകള്‍ക്കും കേസ് സ്റ്റഡിക്കുപോലും ഇതാണ് ഉപയോഗിക്കുന്നത്. നിയമപരമായി ഉപയോഗിക്കുന്ന രേഖകളാണെന്നതിനാല്‍ അതിന്റെ സൂക്ഷ്മതയോടെ തന്നെ കൈകാര്യം ചെയ്യണം.
അര്‍പണബോധത്തോടെ ചെയ്യേണ്ട ഇത്തരം ജോലികള്‍ ആയാസത്തോടെയും ആനന്ദത്തോടെയും വീട്ടിലിരുന്ന് ചെയ്യുന്ന വനിതകള്‍ നമ്മുടെ ചുറ്റുവട്ടത്ത് എത്രയോ ഉണ്ട്. വിദ്യയും അന്യഭാഷാ പ്രാവീണ്യവും കൈമുതലായുള്ളവര്‍. ഒഴിവ് സമയത്തെ ആലസ്യത്തിലാഴ്ത്താനവര്‍ തയ്യാറല്ല. ഉദ്യോഗസ്ഥ ജോലിയല്ലാതെ മറ്റൊന്നും തന്റെ കൈക്ക് വഴങ്ങില്ലെന്നും അവര്‍ക്ക് വാശിയില്ല. ഓഫീസിലെ പഞ്ചിംഗ് മെഷീനെ പേടിക്കാതെ ബസ്സിലെ ഉന്തും തള്ളും രാവിലെയും വൈകുന്നേരവുമുള്ള പരക്കം പാച്ചിലുമൊന്നും ബാധിക്കാതെ വീട്ടിലിരുന്ന് ഈ ജോലിയിലേര്‍പ്പെട്ടവരാണ് അസ്മിനയും സംഗീതയും.

അസ്മിന പഠിച്ചതും വളര്‍ന്നതും ബോംബെയിലായിരുന്നു. ബി.എസ്.സി വരെ പഠിച്ചതിനു ശേഷമാണ് കല്ല്യാണം കഴിഞ്ഞത്. പഠിപ്പുണ്ടെങ്കിലും പുറത്തേക്ക് പോയി ജോലി ചെയ്യുന്നതിന് വലിയ താല്‍പര്യമൊന്നും അസ്മിനക്കുണ്ടായിരുന്നില്ല. ഭര്‍ത്താവ്, കുഞ്ഞുങ്ങള്‍, കുടുംബം എന്നതായിരുന്നു ജീവിതത്തെ കുറിച്ച അവളുടെ കാഴ്ചപ്പാട്. ബിസിനസ്സുകാരനായ ഭര്‍ത്താവിനോടൊപ്പം നല്ലൊരു കുടുംബജീവിതം നയിക്കുന്നതിനിടെ അദ്ദേഹം തന്നെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ കോഴ്സിനെ പറ്റി പറഞ്ഞത്. അങ്ങനെ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിച്ച ബക്കര്‍ സോഫ്റ്റ് വെയര്‍ ഓര്‍ഗനൈസേഷന്‍ ലിമിറ്റഡില്‍ നിന്നും ആറ് മാസത്തെ പരിശീലനം നേടി. അന്ന് അസ്മിനക്ക് മൂന്ന് വയസ്സുകാരിയായ മോളുമുണ്ടായിരുന്നു. മോളെ വീട്ടിലാക്കി പരിശീലന ക്ളാസ്സിന് പോകുന്നത് തന്നെ അസ്മിനക്ക് പ്രയാസമുണ്ടാക്കിയിരുന്നു. ഇതിനിടയില്‍ കൂടെ പഠിച്ച പലരും വിവിധ ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യാന്‍ തുടങ്ങി. കോഴിക്കോട് അക്യൂട്രാന്‍സ് തുടങ്ങിയപ്പോള്‍ മൂന്ന് വര്‍ഷം അവിടെ ജോലി ചെയ്തു. ജോലിക്ക് പോകാനുള്ള തത്രപ്പാടിനിടയില്‍ മറ്റ് കാര്യങ്ങള്‍ മാറ്റിവെക്കാനും പരക്കംപാഞ്ഞ് കളിക്കാനുമൊന്നും അസ്മിന തയ്യാറല്ല. ചെയ്യുന്ന ജോലി ആസ്വദിച്ചു ചെയ്യണം. അതാണവളുടെ നയം. അതിനാല്‍ രാവിലെ മുതല്‍ വെകുന്നേരം വരെയുള്ള ജോലിക്ക് താല്‍പര്യമില്ലായെന്ന് സ്ഥാപനത്തെ അറിയിച്ചു. അവരുടെ കഴിവ് പരിഗണിച്ച് പാര്‍ട്ട് ടൈം ജോലിയാക്കി. പിന്നീട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തീരുമാനിച്ചു. നല്ല ആത്മവിശ്വാസം കൂട്ടിനുണ്ടായിരുന്നു.
ഓഫീസ് ജോലിയുടെ അതേ ചുറ്റുപാടും ഉത്തരവാദിത്തവും കഴിവും വേണമെന്നുണ്ടെങ്കിലും പുറം ജോലി ചെയ്യുന്നവര്‍ക്കുണ്ടാവുന്ന യാതൊരു സമ്മര്‍ദ്ദവും ബുദ്ധിമുട്ടും വീട്ടിലിരുന്ന് ചെയ്യുന്നതിനാല്‍ അനുഭവിക്കേണ്ടി വരുന്നില്ലെന്നാണ് അസ്മിനയുടെ വാദം. ഉടുത്തൊരുങ്ങി ബസ്സിന്റെയും ഓട്ടോയുടെയും പിന്നാലെ പായാതെ തന്നെ മാന്യമായ ശമ്പളം നേടാം എന്നതാണ് അസ്മിനക്ക് മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ ജോലി പ്രിയപ്പെട്ടതാക്കിയത്. ഏതൊരു ജോലിയും പിറ്റേന്ന് ചെയ്യണമെങ്കില്‍ തയ്യാറെടുപ്പ് വേണം. എന്നാല്‍ അതിന്റെ യാതൊരാവശ്യവും ഇതിനില്ല. ഒരു ഫയല്‍ ക്ളോസ് ചെയ്യുന്നതോടെ ആ പണി തീര്‍ന്നു. പിറ്റേന്ന് അടുത്തതിനെ പറ്റി ചിന്തിച്ചാല്‍ മതി. എങ്ങോട്ടെങ്കിലും യാത്ര പോകണമെന്ന് തോന്നിയാലും പ്രശ്നല്ല, കൈയിലൊരു ലാപ്ടോപ്പും നെറ്റുമുണ്ടെങ്കില്‍ കാര്യം നടക്കും. സമയത്തിന്റെ ഫ്ളക്സിബിലിറ്റിയാണ് എടുത്തുപറയേണ്ടത്. അത്യാവശ്യ കാര്യങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ സമയം ക്രമീകരിക്കാം. തിരക്കിട്ട ജോലിയാണെങ്കിലും വിളിച്ചാല്‍ വിളിക്കേള്‍ക്കുന്നിടത്ത് ഉമ്മ എപ്പോഴുമുണ്ടല്ലോ എന്ന തോന്നല്‍ മക്കള്‍ക്കുണ്ടാകുമെന്ന് അസ്മിന പറയുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media