ഇത്തിരി വെട്ടത്ത് ഒത്തിരി വിളയുമായി മാഗി

നിസാര്‍ പുതുവന No image

കോട്ടയം കാഞ്ഞിരമറ്റം ചെത്തിക്കോട് എന്ന കാര്‍ഷിക ഗ്രാമത്തിന്റെ സന്താനമായ മാഗിക്ക് കൃഷി ജീവിതചര്യയുടെ ഭാഗമാണ്. ജനനം മുതല്‍ അവര്‍ കണ്ടും കേട്ടും അനുഭവിച്ചും വളര്‍ന്നത് കൃഷിയുടെ താളവും വര്‍ണക്കാഴ്ചകളുമായിരുന്നു. നാട് വിട്ട് മറുനാട്ടിലെത്തിയിട്ടും കൃഷി തിളങ്ങുന്ന ഓര്‍മയായി മനസില്‍ പച്ചപിടിച്ച് കിടന്നു. അതിന് നിറം പകരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കൊച്ചിയുടെ തിരക്കുകളിലേക്ക് പറിച്ചു നടപ്പെട്ടിട്ടും കാക്കനാട്ടെ ആറ് സന്റ് സ്ഥലത്തെ വീട്ടിലും ചുറ്റുവട്ടത്തും ടെറസിലും നിറഞ്ഞു വിളഞ്ഞു നില്‍ക്കുന്ന പച്ചക്കറികള്‍. അവ കൃഷിയോടുള്ള മാഗിയുടെയും കുടുംബത്തിന്റെയും യഥാര്‍ഥ താല്‍പര്യം പറഞ്ഞു തരും. അവിടുത്തെ ഓരോ തളിരും ലതയും അത്രക്ക് ലാളനം ഏല്‍ക്കുന്നു. ഇന്ന് വീട്ടിനുള്ളിലെ ആറ് സെന്റിന്റെ പരിധിക്കപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു മാഗിയുടെ കൃഷിയിടം. ഒറ്റക്കിരിക്കുന്ന ഇടവേളകളില്‍ കൌതുകത്തിന് തുടങ്ങിയതാണെങ്കിലും ഇന്നത് ഉപജീവനമാര്‍ഗം കൂടിയാണ് മാഗിക്ക്. കാക്കനാട് എന്ന എറണാകുളം നഗരകേന്ദ്രത്തിന് സമീപമുള്ള മാഗിയുടെ ആറ് സെന്റ് വീട്ടില്‍ ഇന്ന് ഇല്ലാത്ത പച്ചക്കറിയില്ല. പാവലും പടവലവും കോവലും മുരിങ്ങയും പയറും ഒക്കെ വന്‍ കൃഷിയിടങ്ങളില്‍ വിളഞ്ഞുനില്‍ക്കുന്ന അതേ പ്രതീതിയോടെ കാക്കനാട്ടെ മാഗിയുടെ ടെറസിന് മുകളില്‍ വിളഞ്ഞു നില്‍ക്കുന്നു. പക്ഷേ, മാഗി ഒന്നും വില്‍ക്കാറില്ല. വീട്ടാവശ്യത്തിന് കഴിച്ചുള്ളത് അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കും. മാഗിയുടെ ഈ ഉല്‍സാഹം അയല്‍വാസികള്‍ക്കും പ്രചോദനമായിട്ടുണ്ട്. അവരില്‍ പലരും ഇതിനകം മാഗിമോഡല്‍ കൃഷിരീതി വീടുകളില്‍ പരീക്ഷിച്ചുകഴിഞ്ഞു.
എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാഗി കാക്കനാട് ഭര്‍ത്താവുമായി താമസത്തിനെത്തുന്നത്. ഇരുവരും കോട്ടയത്ത് നല്ല കാര്‍ഷിക പാരമ്പര്യമുള്ള കുടുംബങ്ങളി ലെ അംഗങ്ങള്‍. ഭര്‍ത്താവ് ടോമിയും മക്കളും രാവിലെ പോയിക്കഴിഞ്ഞാല്‍ പിന്നീടുള്ള വിരസതയെ ഒഴിവാ ക്കാനായാണ് മാഗി ടെറസിലെ കൃഷി എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്.
കാക്കനാട്, പടമുഗള്‍ പാലച്ചുവട് സഹൃദയ റസിഡന്‍സ് അസോസിയേഷന് കീഴിലുള്ള എസ്.ആര്‍. എ 53 മാമ്പള്ളില്‍ വീട്ടിലാണ് മാഗിയുടെ കൃഷിയിടം. ആറ് സെന്റ് സ്ഥലം നിറയെ വീട്. കാഞ്ഞിരമറ്റം ചെത്തി ക്കോടിന്റെ വിശാലതയില്‍ നിന്ന് ഈ ഇടുക്കങ്ങളിലേക്ക് അവര്‍ പറിച്ചു നടപ്പെട്ടപ്പോള്‍ പാടവും പറമ്പും കൃഷിയും ഒക്കെ നഷ്ടപ്പെടും എന്നതായിരുന്നു ആദ്യം അലട്ടിയ ദുഃഖം. എന്നാല്‍ ആ ഇഛാഭംഗങ്ങളെയൊക്കെ അവര്‍ ആറ് സെന്റില്‍ അവശേഷിക്കുന്നിടത്ത് കുഴിച്ചിട്ട് നൂറ്മേനി വിളവെടുത്തു. മണ്ണിന്റെ മണമറിഞ്ഞ് വളര്‍ന്നവര്‍ക്ക് ഭൂമിമലയാളത്തില്‍ എവിടെ ചെന്നാലും അതില്ലാതെ പറ്റില്ല. ഒരു ചെമ്പരത്തി കമ്പെങ്കിലും മുറിച്ച് നട്ടില്ലെങ്കില്‍ ചിലപ്പോള്‍ ഉറങ്ങാനാവില്ല. അത് ശീലിച്ച് പോയി. ഏത് ഇടുക്കങ്ങളില്‍ ചെന്നാലും ചിലപ്പോള്‍ അതിനായി വെമ്പല്‍കൊള്ളും. അങ്ങനെയു ണ്ടായ ഒരു കാര്‍ഷിക ദാഹമാണ് നിറഞ്ഞ പരിമിതിക്കു ള്ളിലും മാഗിക്ക് ഇത്തരത്തില്‍ കൃഷി നടത്തി വിജയം കൊയ്യാന്‍ പ്രചോദനമേകിയത്.
കൂണാണ് മാഗി പ്രാധാന്യത്തോടെ കൃഷി ചെയ്യുന്ന ഒരിനം. കൃഷിചെയ്യുന്ന പച്ചക്കറികളില്‍ അതുമാത്രമേ വില്‍ക്കാറുള്ളൂ. അതിന് ആവശ്യക്കാരേറെയുള്ളതായി മാഗി പറയുന്നു. മാസത്തില്‍ 6000 മുതല്‍ 10000 രൂപ വരെയാണ് നിലവില്‍ വരുമാനം. വീടിന്റെ മുകള്‍ഭാഗ ത്തുള്ള രണ്ട് മുറികളിലാണ് നിലവില്‍ കൂണ്‍കൃഷി നടക്കുന്നത്. ഹോട്ടലുകളില്‍ നിന്നും മറ്റും നിരവധി ആവശ്യക്കാരാണ് കാക്കനാട്ടെ ഈ കൊച്ചുകൃഷിയി ടത്തില്‍ കൂണ്‍ തേടിയെത്തുന്നത്.
ആവശ്യക്കാര്‍ ഏറെയുണ്ടൈങ്കിലും സ്ഥലപരിമിതി യാണ് പ്രധാനപ്രശ്നം. കൃഷി വിപുലീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. മില്‍ക്കി കൂണ്‍, ചിപ്പി കൂണ്‍ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇപ്പോള്‍ സീസണ്‍ അല്ലാത്തതിനാല്‍ കാര്യമായ വിളവ് കിട്ടാറില്ല. നല്ല തണുപ്പ് കാലമാണ് കൂണ്‍കൃഷിക്ക് അനുയോജ്യമെന്ന് മാഗി പറയുന്നു. ഒരു കിലോ മില്‍ക്കി കൂണിന് മാര്‍ക്കറ്റില്‍ 200 രൂപ ലഭിക്കും. ഇത്തരത്തില്‍ ആഴ്ചയില്‍ നാല് കിലോയിലധികം കൂണുകള്‍ മാഗി മാര്‍ക്കറ്റിലെത്തിക്കും.
ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷ്മി എന്ന സുഹൃത്തുമായി ചേര്‍ന്നാണ് മാഗി കൂണ്‍ കൃഷി നടത്തുന്നത്. അതുകൊണ്ട് വിപണി സാധ്യതകള്‍ക്ക് രണ്ട് പേര്‍ക്കും ബുദ്ധിമുട്ട് വരാറില്ല. കൂണ്‍കൃഷിയുടെ അനന്തസാധ്യതയെക്കുറിച്ച് കാര്‍ഷിക മാസികകളില്‍ നിന്ന് വായിച്ച അറിവ് വെച്ചാണ് മാഗി അതിലേക്ക് തിരിഞ്ഞത്. അധികം വൈകാതെ തന്നെ തിരുവല്ലയില്‍ പോയി മൂന്ന് മാസത്തെ കൂണ്‍കൃഷി പരിശീലനം നേടി. ഇപ്പോള്‍ കൂണ്‍കൃഷി വന്‍ രീതിയില്‍ നടത്തുന്നി ല്ലെങ്കിലും അതിന്റെ എല്ലാ സാധ്യതകളും കൃഷിരീതി യും നല്ലരീതിയില്‍ മാഗിക്കറിയാം.
ആദ്യകാലത്ത് പാക്കറ്റിന് 35 രൂപ നല്‍കി വിവിധ യിടങ്ങളില്‍ നിന്ന് കൂണ്‍വിത്ത് കൊണ്ടുവന്നായിരുന്നു കൃഷി ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് വെള്ളായനി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് മാതൃകോശം വാങ്ങി പ്രത്യേകം സ്വയം വിത്ത് ഉല്‍പാദിപ്പിച്ചാണ് കൃഷിയിറക്കുന്നത്. മാഗിയുടെകൃഷിയിടത്തിലേക്ക് ആവശ്യമായ കൂണ്‍വിത്തുകള്‍ മാഗി തന്നെ വിളയി ച്ചെടുക്കാറാണ് പതിവ്.
ഏഴാം ക്ളാസുകാരന്‍ ക്രിസ്റ്റി ടോം സ്കറിയയും മൂന്നാം ക്ളാസുകാരി കിറ്റി സാറയും അമ്മയുടെ കൃഷി പ്രേമത്തിന് നിറഞ്ഞ പിന്തുണയുമായി കൂട്ടുകൂടാറുണ്ട്. കൃഷിയിടത്തില്‍ വേണ്ട പരിചരണം, നനക്കല്‍ എന്നിവയിലൊക്കെ അമ്മയെ സഹായിക്കുന്നത് ഇരു വരും ചേര്‍ന്നാണ്. ‘ഭര്‍ത്താവ് ടോമിയും സദാ പിന്തുണ യുമായി കൂടെകൂടുന്നു. കൃഷിക്ക് വേണ്ട സാധനങ്ങളും വിത്തുകളും സംഭരിച്ച് എത്തിക്കുന്നതും ആഴ്ചയില്‍ കൂണ്‍ വിളവെടുത്ത് മാര്‍ക്കറ്റിലെത്തിക്കുന്നതും ടോമിന്റെ പണിയാണ്. കുടുംബക്കാരില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും നിറഞ്ഞ പ്രോല്‍സാഹനമാണ് മാഗിക്ക് ലഭിക്കുന്നത്. നാട്ടിലെ മിക്ക സ്ത്രീകള്‍ക്കും മാഗി മാതൃകയായിരിക്കുകയാണ്. അവര്‍ മാഗിയുടെ സഹായത്തോടെ വീട്ടിലെ ഇത്തിരിയിടങ്ങളില്‍ കൃഷി ചെയ്ത് ശീലിച്ചു. എല്ലാവര്‍ക്കും ഇപ്പോള്‍ കച്ചവടത്തി നില്ലെങ്കിലും തങ്ങള്‍ക്കുള്ളത് തങ്ങളുടെ വീട്ടുമുറ്റത്തും പുരപ്പുറത്തും വിളയിച്ചെടുക്കാനാവുന്നുണ്ട് എന്ന ചാരിതാര്‍ഥ്യത്തിലാണ്.
ഓരോ കൃഷിരീതികള്‍ പരീക്ഷിക്കുമ്പോഴും കാര്‍ഷിക രംഗത്തെ ഉന്നതരുമായി ബന്ധപ്പെട്ട് വേണ്ടý ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിക്കാനും മാഗി മറക്കാറില്ല. അങ്ങനെ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട് മെന്റില്‍ വലിയൊരു സൌഹൃദ നിര തന്നെ കെട്ടിപ്പടുത്തിട്ടുണ്ട് ഈ കൃഷിക്കാരി. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്പോലും മാഗി ഒരു ആവേശമാണ്. അസൌകര്യങ്ങള്‍ ഏറെ ഉണ്ടായിട്ടും പരിമിതിക്കുള്ളില്‍ നിന്ന് കൃഷിചെയ്യാന്‍ മാഗി കാട്ടുന്ന താല്‍പര്യം പ്രശംസനീയമാണെന്ന് അവര്‍ പറയുന്നു. ഐ.ടിയും, വ്യവസായവും മാത്രമല്ല തങ്ങളുടെ മണ്ണിന് വഴങ്ങുന്നതെന്ന് തെളിയിച്ചിരിക്കുകയാണ് മാഗിയും കൂട്ടുകാരികളും.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top