കല്ല്യാണം മുടക്കികള്‍

കെ.പി സല്‍വ

ശാന്തപുരത്തുകാരിയായ നാസ്നിന്റെ നിക്കാഹ് മാര്‍ച്ച് നാലിനായിരുന്നു. കരുവാരക്കുണ്ടിലെ നൌഷാദ് ബാബുവാണ് വരന്‍. കല്ല്യാണത്തിന്റെ തൊട്ടുമുമ്പത്തെ ആഴ്ച അവളൊരു 'സംഭവം' നടത്തിക്കളഞ്ഞു. അവളും കൂട്ടുകാരിയും വരന്റെ വീട് സന്ദര്‍ശിച്ചു. കുറച്ച് നേരം അവിടെ ചെലവഴിച്ച് നാരങ്ങാവെള്ളവും കുടിച്ച് മടങ്ങി. പെണ്‍കുട്ടികള്‍ ആണ്‍ വീട്ടിലല്ലേ താമസിക്കുന്നത് അതുകൊണ്ട് അവരുടെ വീട് നമ്മളല്ലേ കാണേണ്ടത്? പെണ്ണുകാണല്‍ മാത്രം മതിയോ? ആണു കാണലുമായിക്കൂടെ എന്നൊന്നുമല്ല അവളുടെ വാദം. "വിവാഹം പെണ്‍കുട്ടികള്‍ക്ക് വഴിത്തിരിവായിരിക്കും. അത് എന്നത്തേക്കും അഭിമാനിക്കാവുന്ന ഒന്നായിരിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. അണിഞ്ഞൊരുങ്ങി നാണം കുണുങ്ങി കല്ല്യാണങ്ങള്‍ പാഴ്ചെലവുണ്ടാക്കും. അതുകൊണ്ട് പിന്നീട് പര്‍ദയായി ഉപയോഗിക്കാവുന്ന ഗൌണായിരുന്നു വസ്ത്രം. അരപ്പവനായിരുന്നു മഹറായി ആവശ്യപ്പെട്ടത്. അതിനൊക്കെ അപ്പുറം വിവാഹത്തോട് സമൂഹം ചേര്‍ത്തുവെച്ചിട്ടുള്ള ചിലതൊക്കെ പൊളിച്ചിടണമെന്ന ചിന്ത കുറെ നാളായി എന്നിലുണ്ടായിരുന്നു. അതൊരു വിപ്ളവമാകുമെന്നോ പ്രശംസിക്കപ്പെടുമെന്നോ വിചാരിച്ചല്ല. മറിച്ച,് ചില മതിലുകള്‍ മറിഞ്ഞു വീഴുമ്പോഴാണ് അതൊക്കെ വെറുതെ കെട്ടിപ്പൊക്കിയതാണെന്ന് നമുക്ക് മനസ്സിലാവുക. ലളിതവും വിശാലവുമായ ഇസ്ലാമിനെ കുടുസ്സാക്കുകയാണ്.'' ഇതാണ് ശരീഅഃ കോഴ്സ് കഴിഞ്ഞ നാസ്നിന്റെ വിശദീകരണം.
കല്ല്യാണത്തിന്റെ അന്ന് പുതിയാപ്ളയെ ആദ്യമായി കാണുന്ന ചരിത്രമുണ്ടായിരുന്നു. അവിടെ നിന്ന് പുതിയ പെണ്‍കുട്ടിയിലേക്ക് വളരെ ദൂരമുണ്ട്. ആധുനിക വിദ്യാഭ്യാസ ബോധന രീതിയും സാങ്കേതിക വിനിമയങ്ങളും അവര്‍ക്ക് ഒരുപാട് തുറവികള്‍ നല്‍കുന്നുണ്ട്. സിനിമ മുതല്‍ വളരെ വ്യത്യസ്തങ്ങളായ, പെണ്‍കുട്ടികള്‍ക്ക് അസാധ്യമെന്നുപോലും തോന്നാവുന്ന 'ദുരന്ത നിവാരണ കോഴ്സുകള്‍' വരെ മുഖ്യവിഷയമായി പഠിക്കുന്നവരുണ്ട്. ഇതൊക്കെ അവരുടെ അനുഭവങ്ങള്‍, ചിന്ത, ലോകപരിചയം, ഇടപെടലുകള്‍ കാഴ്ചപ്പാടുകള്‍ എന്നിവയിലെല്ലാം മാറ്റം വരുത്തുന്നുണ്ട്. പരമ്പരാഗത വേഷത്തില്‍ നിന്നും മാറി പുതിയ വസ്ത്രധാരണ രീതികള്‍ സ്വീകരിക്കുന്നുണ്ട്. (ഗവേഷണ- മാധ്യമ -കായിക മേഖലകളിലെ മുസ്ലിം പെണ്‍കുട്ടികള്‍ ജീന്‍സ്, കോട്ട് തുടങ്ങിയവ ധരിക്കുന്നതുപോലെ) തനിക്ക് ബോധിച്ച ആളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ശഠിക്കുന്നവരുമുണ്ട്. സ്കൂട്ടിയും ലാപ്ടോപ്പുമൊക്കെ മഹറായി ആവശ്യപ്പെടുന്നവരുമുണ്ട്. ഓപ്പണ്‍ എയര്‍ പെണ്ണുകാണല്‍ മതിയെന്നും വിവാഹത്തിന് സ്വര്‍ണം ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചവരുമുണ്ട്. തങ്ങളുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ തീരുമാനമെടുക്കുന്ന, ഭാവിയിലേക്ക് വ്യക്തമായ പദ്ധതികളുള്ള പെണ്‍കുട്ടികളെ എത്രകണ്ട് നമ്മള്‍ ഉള്‍ക്കൊള്ളുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്?
കല്ല്യാണം മുടങ്ങിപ്പോകുമോ എന്ന ഭയത്താല്‍ പെണ്‍കുട്ടികളുടെ പഠനവും കഴിവും സാധ്യതകളും മാത്രമല്ല ശരീരവും മനസ്സുമെല്ലാം ചെത്തി മിനുക്കി പാകപ്പെടുത്തുകയല്ലേ നമ്മള്‍ ചെയ്യുന്നത്? അതുകൊണ്ട് തന്നെ വിവാഹവുമായി ബന്ധപ്പെട്ട് നമ്മള്‍ കെട്ടിപ്പൊക്കിയ ഒരുപാട് മതിലുകള്‍ മറിച്ചിടേണ്ടതില്ലേ?
മറ്റുപലതിനെയും പോലെ കല്ല്യാണമെന്ന സംഗതിയിലും മുസ്ലിം സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണകള്‍, മുന്‍ഗണനകള്‍, അനുഭവങ്ങള്‍, നിലപാടുകള്‍ തുടങ്ങിയവയെല്ലാം ഇസ്ലാമിനേക്കാള്‍ ഇവിടുത്തെ സാമൂഹിക (ജാതിവ്യവസ്ഥ) കുടുംബ (പുരുഷകേന്ദ്രീകൃതം) ഉപഭോഗ സംസ്കാര (ശരീര കേന്ദ്രീകൃതം) ഘടനകളോട് ബന്ധപ്പെട്ടാണ് കിടക്കുന്നത്. ആദ്യത്തെ രണ്ടും ഇവിടുത്തെ സവര്‍ണ ഹിന്ദു സംസ്കാരത്തിന്റെ സൃഷ്ടിയാണ്. സ്ത്രീധനത്തെ കന്യാദാനത്തോട് ചേര്‍ത്ത് വേദങ്ങളില്‍ പറയുന്നുണ്ട്. ജാതിവ്യവസ്ഥയും അങ്ങനെ തന്നെ. അന്യവംശ/ജാതി വിവാഹങ്ങള്‍ നിരോധിക്കുന്നത് കൊണ്ടാണ് ജാതിവ്യവസ്ഥ ഇന്നും നിലനില്‍ക്കുന്നതെന്ന് അംബേദ്കര്‍ നിരീക്ഷിച്ചിട്ടുണ്ട്. ജാതിയുടെ കാര്യത്തില്‍ കേരളത്തിന് പുറത്തുള്ള രൂക്ഷത അകത്തില്ല.
മുസ്ലിം സമുദായത്തിന്റെ കാര്യവും അതുപോലെ തന്നെ. കേരളത്തിന് പുറത്ത് മുസ്ലിം സമൂഹത്തില്‍ വിവാഹമോ മറ്റ് ബന്ധങ്ങളോ നടക്കാത്ത ജാതീയമായ പരിഗണനകള്‍ നിലനില്‍ക്കുന്നു. കേരളത്തിലുമുണ്ട് ഇതിന്റെ വകഭേദങ്ങള്‍. ഒസ്സാന്‍, പുസ്ലാന്‍ (പുതു മുസ്ലിംകള്‍) എന്നിവര്‍ക്കിടയില്‍ നിന്നും വിവാഹബന്ധം പുറത്തുള്ളവര്‍ താല്‍പര്യപ്പെടുന്നില്ല. മനുഷ്യര്‍ക്കിടയില്‍ വിവേചനവും വെറിയും ഊട്ടിയുറപ്പിക്കപ്പെടുന്ന ഈ മതില്‍ തകര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ മുസ്ലിമേതരവിഭാഗങ്ങളില്‍ പെണ്‍കുട്ടികളുടെ കല്ല്യാണ കാര്യത്തില്‍ ജാതി ഒരനുഗ്രഹമാണ്. വിവാഹം അതിനകത്ത് നിന്ന് തന്നെ വേണമെന്നുള്ളതുകൊണ്ട് തെരഞ്ഞെടുപ്പിന്റെ 'റെയ്ഞ്ച് 'ചെറുതാകും. ഹിന്ദു -ക്രിസ്ത്യന്‍ സമുദായങ്ങളില്‍ 'അവിവാഹിതരായി' ജീവിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം വളരെ കുറവാണ്.
പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇന്ന് ആണുങ്ങള്‍ അനുഭവിക്കുന്ന തികച്ചും 'വ്യക്തിപരമായ' അതേ തീരുമാന അവകാശ സ്വാതന്ത്യ്രങ്ങള്‍ (നിറം, വീതി, നീളം, പ്രായം, വിദ്യാഭ്യാസം, തൊഴില്‍) പെണ്‍കുട്ടികള്‍ക്കും ഉണ്ടായിരുന്നുവെങ്കില്‍ എത്രയോ ആണുങ്ങള്‍ പുരനിറഞ്ഞു നില്‍ക്കുമായിരുന്നില്ലേ? പുരനിറഞ്ഞ് നില്‍ക്കുന്ന സ്ത്രീകളുടെ എണ്ണം കുറയുമായിരുന്നില്ലേ? സമ്പത്തും സൌന്ദര്യവും കൊണ്ട് സുരക്ഷിതരായ പെണ്‍കുട്ടികള്‍ പോലും ചെക്കനെ തനിക്കിഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ നമുക്ക് കഴിയാറുണ്ടോ? മനുഷ്യനെ ശരീരമായി ചുരുക്കിക്കെട്ടുന്ന ഈ കാഴ്ചപ്പാടുകളെ ഹൃദയത്തിലേക്കു നോക്കുന്ന അല്ലാഹുവിന്റെ ദീന്‍കൊണ്ട് തന്നെ ന്യായീകരിക്കുകയും ചെയ്യുന്നത് സാമര്‍ഥ്യമല്ലേ?
തികച്ചും എതിര്‍ക്കപ്പെടുന്ന ജാതി വ്യവസ്ഥ ഈ കാര്യത്തില്‍ ഗുണകരമാവും പോലെ സ്ത്രീധനവും ന്യായീകരിക്കപ്പെടും. അളവുകോലുകള്‍ക്ക് പുറത്തുള്ളവര്‍ക്ക് സ്ത്രീധനം പലപ്പോഴും വിവാഹത്തിലേക്കുള്ള വഴി തുറന്നുകൊടുക്കുന്നുണ്ട്. പണ്ടവും പണവും വാങ്ങുന്നില്ലല്ലോ എന്നിടത്തേക്കാണാ മുന്‍ഗണനകള്‍ എളുപ്പത്തില്‍ കയറിവരുന്നത്. അന്ധത, ബധിരധ, വിക്ക്, വൈകല്യം തുടങ്ങി ബുദ്ധിമാന്ദ്യം പോലും പുരുഷന് വിവാഹത്തിന് തടസ്സമാകുന്നില്ല. കേരളത്തിലെ പുരുഷകേന്ദ്രീകൃത കുടുംബഘടനയോടാണിതിന് ബന്ധം. മക്കത്തായമായാലും മരുമക്കത്തായമായാലും അവിടെ അധികാരം ഉത്തരവാദിത്തമെന്നതിനേക്കാള്‍ അവകാശമായിരിക്കും. ഇതിന്റെ പ്രത്യക്ഷ അടയാളമായി വന്നതാകാം നീളവും വണ്ണവും (നിറത്തിലില്ല) പ്രായവുമൊക്കെ ആണിനെക്കാള്‍ പെണ്ണിന് കുറവായിരിക്കണമെന്ന പരിഗണന. പ്രായവ്യത്യാസത്തെ ലൈംഗികതയുമായും ചേര്‍ത്തുവെക്കാറുണ്ട്. ലൈംഗിക ജീവിതം സംതൃപ്തമാവണമെങ്കില്‍ പുരുഷനെക്കാള്‍ 5-6 വയസ്സിന്റെ വ്യത്യാസം സ്ത്രീക്ക് അനിവാര്യമാണെന്നാണ് പൊതുധാരണ. ഇതിനെ സാധൂകരിക്കുന്ന കണക്കുകളും എഴുത്തുകളുമുണ്ടാവാറുമുണ്ട്. യഥാര്‍ഥത്തില്‍ ഈ കാഴ്ചപ്പാട് ഒരു സാമൂഹ്യ നിര്‍മിതിയാണ്. ശരീരശാസ്ത്രപരമായി നിലനില്‍പ്പുള്ളതല്ല. ഇതിന്റെ മറുവശം കൂടി ശ്രദ്ധിക്കുമ്പോഴാണ് ഇത്തരം മതിലുകള്‍ പെരുപ്പിക്കുന്ന അനീതിയെ നമുക്ക് കാണാനാവുക.
ഇവിടെ സംസാരിക്കുന്നതെല്ലാം പുരുഷ ലൈംഗികതയാണ്. നിശബ്ദമായ സ്ത്രീലൈംഗികത പരിഗണിക്കപ്പെടുന്നില്ല. അതുകൊണ്ടു തന്നെ ഈ വിഷയങ്ങളില്‍ ഇനിയും ചര്‍ച്ചകളും പഠനങ്ങളും നടക്കേണ്ടതുണ്ട്. സ്ത്രീ-പുരുഷ ലൈംഗികതയെ യഥാക്രമം ഭൂമിയോടും (പതുക്കെ ചൂടുപിടിച്ച് പതുക്കെ ആറുന്നത്) വെള്ളത്തിനോടും (എളുപ്പം ചൂടുപിടിച്ച് എളുപ്പം ആറുന്നത്) ഉപമിക്കാറുണ്ട്. ഇതില്‍ സംതൃപ്തിയെ അളക്കുന്ന അളവുകോലെന്താണ്? വിവാഹത്തിന് മുന്‍കൈയെടുക്കുന്ന വിധവകള്‍ ഇന്നും നമുക്ക് കൌതുകമല്ലേ? കേരളത്തിലെ കുടുംബങ്ങളില്‍ മധ്യവയസ്സു കഴിഞ്ഞ, അവഗണിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്ന ഗൃഹനാഥന്മാര്‍ ഏറിവരുന്നതിനെ ഇതിനോട് ചേര്‍ത്ത് നിരീക്ഷിച്ചുകൂടെ? ലൈംഗിക കാഴ്ചപ്പാടിലും പുതിയ തലമുറ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. സ്ത്രീകളുടെ അമര്‍ത്തപ്പെടുന്ന സ്വത്വവികാരങ്ങള്‍ അതിനല്‍പം അയവുവരുന്ന കാലത്ത് ഇത്തരം ഒതുക്കലുകളായി പരിണമിക്കുന്നു എന്നുപറഞ്ഞാല്‍ തെറ്റാവുമോ? ഇവിടെയും തലമുറകള്‍ തമ്മിലുള്ള വിടവ് പ്രശ്നമാവുന്നുണ്ട്. ലൈംഗികത തങ്ങളുടെ കൂടി ആവശ്യവും തെരഞ്ഞെടുപ്പും മുന്‍കൈയും സംതൃപ്തിയുമാണെന്ന ബോധ്യം അവര്‍ക്കുണ്ട്. കാഴ്ചപ്പാടിലും അഭിരുചികളിലും പരസ്പരം സങ്കല്‍പങ്ങളിലും തുലോം ഭിന്നമായ രണ്ടുപേര്‍ക്കിടയിലെ ബന്ധം പലപ്പോഴും അസംതൃപ്തമോ പരാജയമോ ആവുന്നുണ്ട്. സാംസ്കാരികമായ ഇത്തരം രീതികളെ നമുക്ക് സ്വീകരിക്കുകയും എതിര്‍ക്കാതിരിക്കുകയും ചെയ്യാമായിരുന്നു, നിരുപദ്രവകാരികളുമായിരുന്നെങ്കില്‍.
വിവാഹം നടക്കുമോ ഇല്ലയോ എന്നതും വിവാഹത്തിന് ശേഷം എത്തിപ്പെടുന്ന ചുറ്റുപാടുമാണ് പെണ്‍കുട്ടികളുടെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നതെന്ന് വരുമ്പോള്‍ അവരുടെ കഴിവുകളും സവിശേഷതകളും വിലമതിക്കുന്നില്ല. അവിടെ വ്യക്തിയുണ്ടാവുകയില്ല. വ്യവസ്ഥകളേ ഉണ്ടാവൂ. 'തങ്ങളുടേതല്ലാത്ത' കാരണങ്ങളാല്‍ വിവാഹജീവിതത്തില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ എവിടെയാണ് നമ്മള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്? വിവാഹത്തിലേക്ക് വളര്‍ത്തുകയും അതു നിഷേധിക്കുകയും ചെയ്യുന്ന യാഥാര്‍ഥ്യം അവരിലുണ്ടാകുന്ന അപകര്‍ഷതക്കും വിമത ചിന്തക്കും ഉള്‍വലിയലിനും ആരാണുത്തരവാദികള്‍? എന്നിട്ട് നമ്മളവരോട് ബഹുഭാര്യത്വത്തെക്കുറിച്ച് പറയും. ബഹുഭാര്യത്വത്തിന്റെ പ്രായോഗികത പരാജയപ്പെടുന്നത് പോലും ഈ ഏകോന്‍മുഖമായ വിവാഹ കുടുംബ കേന്ദ്രീകൃത ഉരുട്ടിയെടുക്കലിലാണ്. ഒരാണിന് ഒരു പെണ്ണെന്ന കണക്കിന് നേരിയ വ്യതിയാനമേ ഉള്ളൂ എന്നിട്ടും സ്ത്രീകള്‍ മാത്രം അവിവാഹിതകളായി തുടരുന്നു. ഇതിന് പ്രാദേശികവും സാമുദായികവും സാമ്പത്തികവുമായ വ്യത്യാസങ്ങളുണ്ട്. വിവാഹമോചിതര്‍, വിധവകള്‍, സഹഭാര്യമാര്‍ തുടങ്ങിയവര്‍ കൂടി ഈ ഗണത്തിലേക്ക് വരുമ്പോള്‍, ഈ അനുപാതം വലുതാവുന്നു. മുസ്ലിം സ്ത്രീ സംഘടനകള്‍ പഠിക്കേണ്ട വിഷയമാണിത്.
പ്ളെയിന്‍ ഗ്ളാസ്
ബസ്സ് യാത്രക്കിടെ കണ്ട ഒരു ബോര്‍ഡ്
കല്ല്യാണം മുടക്കികളെ സൂക്ഷിക്കുക. ഈ അങ്ങാടിയിലും പരിസരത്തുമുള്ള ചില പകല്‍മാന്യന്‍മാരും പരദൂഷണപ്രിയരും കാരണം ഇവിടുത്തെ ചെറുപ്പക്കാരുടെ വിവാഹം മുടങ്ങിപ്പോവുന്നുണ്ട.് അതുകൊണ്ട് ഈ നാട്ടിലേക്ക് വിവാഹന്വേഷണവുമായി വരുന്നവര്‍ ഇത്തരക്കാരെ പരിഗണിക്കരുതെന്ന് അപേക്ഷിക്കുന്നു.
പൌരസമിതി

അപ്പോള്‍ ആരാണ് കല്ല്യാണം മുടക്കികള്‍?

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top