മക്കളും അവരുടെ ചങ്ങാതിമാരും

എന്‍.പി ഹാഫിസ് മുഹമ്മദ് No image

'എല്ലാറ്റിനും കാരണം മകന്റെ കൂട്ടുകെട്ടാണ് സാര്‍'
'ആരുമായുള്ള കൂട്ടുകെട്ടാണ് പ്രശ്‌നം?'
'പ്ലസ് വണ്ണില്‍ അവന്റെ ക്ലാസിലുള്ള ചില ചങ്ങാതിമാരുമായി. നല്ലവരല്ല സാര്‍, അന്ന് തൊട്ടാ അവനിങ്ങനെയായത്'
'എങ്ങനെ?'
'പഠിക്കാനുള്ള താല്‍പര്യമില്ലാതായി. മാര്‍ക്ക് കുറഞ്ഞു. ഏതു നേരോം ഉറക്കം. അല്ലെങ്കില്‍ ടിവി കാണല്‍. അതുമല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഗെയിം. മൊബൈല് കൊടുക്കാത്തതുകൊണ്ടാ. അതുകൊടുത്താ പിന്നെ...'
'ഇതെല്ലാം ചങ്ങാതിമാര്‍ കാരണമാണെന്ന് ഉറപ്പാണോ?'
പിന്നല്ലാതെ. ഇതൊക്കെ അവരുടെ സ്വാധീനം കൊണ്ടാ സാറേ... പണ്ട് അവന്‍ ഇങ്ങനെയൊന്നുമല്ലായിരുന്നു.
ഇത് ഒരു അമ്മക്ക് മാത്രം പറയാനുള്ള കാര്യമാണെന്ന് തോന്നുന്നില്ല. കൗമാരപ്രായത്തിലുള്ള കുട്ടികളുടെ മാറ്റങ്ങള്‍ക്ക് പലപ്പോഴും പ്രതിചേര്‍ക്കപ്പെടുന്നത് അവരുടെ ചങ്ങാതിമാരാണ്. ഇക്കാലം വരെയും മകനിലോ മകളിലോ ഉണ്ടാവാതിരുന്ന സ്വഭാവവിശേഷങ്ങള്‍ക്ക് അവരുടെ സുഹൃത്തുക്കളാണ് കാരണമെന്ന് പലരും കുറ്റപ്പെടുത്തുന്നു. വിദ്യാലയത്തിലും അയല്‍പക്കത്തും മക്കളുടെ ചങ്ങാതിമാര്‍ ആരാണെന്നത് ഒട്ടുമുക്കാലും രക്ഷിതാക്കളുടെ വേവലാതിയാണ്. കുട്ടികളുടെ പെരുമാറ്റങ്ങളിലെ മാറ്റങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ ചങ്ങാതിമാരില്‍ നിന്നും പഠിച്ചതാണെന്നാവും പരാതി. പഠിക്കാനുള്ള താല്‍പര്യം കുറഞ്ഞാല്‍, പരീക്ഷക്ക് മാര്‍ക്ക് ഇല്ലാതായാല്‍, വീട്ടില്‍ വൈകിയെത്തിയാല്‍ വാ തുറന്ന് ഉച്ചത്തില്‍ വല്ലതും പറഞ്ഞാല്‍ അച്ഛനും അമ്മയും സംഘം ചേര്‍ന്ന് പ്രഖ്യാപിക്കുകയായി: 'എങ്ങനെ ഇങ്ങനെയാവാതിരിക്കും? കൂട്ടുകെട്ട് അമ്മാതിരിയല്ലേ?'
ഒരു കുട്ടിയുടെ വളര്‍ച്ചയില്‍, വ്യക്തിത്വ വികാസ ത്തില്‍ ആദ്യം സ്വാധീനം ചെലുത്തുന്നത് കുടുംബമാണ്, എന്നാല്‍ കുട്ടി പുറത്തിറങ്ങുന്നതോടെ പുതിയ സംഘങ്ങളുമായുള്ള സമ്പര്‍ക്കം തുടങ്ങുന്നു. വിദ്യാലയം അതിലാദ്യത്തേതാണ്. ചെറിയ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അധ്യാപകരുടെ വാക്കുകള്‍ വിലപ്പെട്ടതാണ്. ചിലര്‍ രക്ഷിതാക്കളേക്കാള്‍ ആശ്രയിക്കുന്നത് അധ്യാപകരെയാണ്. അമ്മയോ അച്ഛനോ പറയുന്നത് വിഡ്ഢിത്തമാണെന്ന് പോലും കുട്ടികള്‍ പറഞ്ഞേക്കും. സുഹൃത്തുക്കളോട് സമ്പര്‍ക്കമുണ്ടെങ്കിലും കൗമാരപ്രായമെത്തുന്നതോടെ സമാന വയസ്‌കരുടെ സംഘം ഏറ്റവുമേറെ സ്വാധീനം ചെലുത്തുന്ന പ്രാഥമിക സംഘമായി മാറുന്നു. പരസ്പര വിശ്വാസവും സംഘര്‍ഷവേളയിലെ മനസ്സ് പങ്കുവെക്കലും സമപ്രായക്കാരെ കൂടുതലടുപ്പിക്കുന്നു. കൂട്ടുകാരുടെ വ്യക്തിത്വത്തിലെ നായക സ്വഭാവം അവരെ കൂടുതല്‍ ആരാധ്യരാക്കുന്നു. കുടുംബാംഗങ്ങളോട് പറയാനാവാത്ത കാര്യങ്ങള്‍, മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന മോഹങ്ങള്‍, രഹസ്യങ്ങള്‍ കുട്ടികള്‍ കൂട്ടുകാരോട് പങ്കുവെക്കുന്നു. വീട്ടില്‍ പറഞ്ഞാല്‍ പൊട്ടിത്തെറിയുണ്ടാകുന്ന കാര്യങ്ങളായിരിക്കും പലതും. ചങ്ങാതിമാരതു കേട്ട് നല്‍കുന്ന ആശ്വാസം കൗമാരക്കാലത്ത് പല സംഘര്‍ഷങ്ങള്‍ക്കും അയവ് വരുത്തുന്നു; സുരക്ഷിതത്വം നല്‍കുന്നു. കുടുംബാന്തരീക്ഷത്തില്‍ നിന്ന് കിട്ടാത്ത ആശ്വാസവും സുരക്ഷിതത്വവും ചങ്ങാതിമാരില്‍ നിന്നാവും കിട്ടുക. അതിന് അസാധാരണമായ വശ്യതയും ആത്മബലവും ഉണ്ട്. ചിലര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാവും ലഭിക്കുന്നത്. ചിലപ്പോള്‍ തന്റെ വൈകല്യങ്ങള്‍ മറച്ച് പിടിക്കാനുള്ള രക്ഷാകവചമായി മാറും സൗഹൃദസംഘബന്ധം. ചിലപ്പോള്‍ തനിക്കറിയാത്ത പല കാര്യങ്ങളും മനസ്സിലാക്കാനുള്ള വേദിയായി മാറും. തന്നിലുണ്ടാവുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ച്, ആണ്‍-പെണ്‍ ബന്ധത്തെക്കുറിച്ച്, ലൈംഗിക ഭാവങ്ങളിലെ മാറ്റങ്ങളുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള തന്ത്രങ്ങളെക്കുറിച്ച് കൂട്ടുകാര്‍ അറിവ് നല്‍കുന്നു. അച്ഛനമ്മമാര്‍ പറയാത്ത, പാഠപുസ്തകങ്ങളില്‍ കാണാത്ത, എന്നാല്‍ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടതെന്ന് കൗമാരക്കാര്‍ക്ക് തോന്നുന്ന ഇത്തരം കാര്യങ്ങളിലെ അറിവ് നല്‍കുന്നവര്‍ കൂടുതല്‍ അടുപ്പമുള്ളവരായി മാറുന്നു. ഇതെല്ലാം കാരണം കുട്ടികള്‍ കൂടുതല്‍ നേരം ചങ്ങാതിമാര്‍ക്കൊപ്പം ഉണ്ടാവാനാശിക്കുന്നു. അത് രക്ഷിതാക്കളുടെ സങ്കടമേറ്റുന്ന പ്രധാന പ്രശ്‌നമായി മാറുന്നു.
സൗഹൃദം കുട്ടികളില്‍ സാമൂഹിക മൂല്യങ്ങളും പെരുമാറ്റ രീതികളും കൈമാറ്റം ചെയ്യുന്നതിന് മാര്‍ഗമൊരുക്കുന്നുണ്ട്. സ്‌നേഹം, സഹകരണം, ക്ഷമ, സഹിഷ്ണുത, സഹായഭാവം തുടങ്ങിയ മൂല്യങ്ങള്‍ സ്വായത്തമാക്കാന്‍ സൗഹൃദം സഹായിക്കുന്നുണ്ട്. കുടുംബജീവിതത്തിന്റെ പ്രാധാന്യമറിയാന്‍ സമാനവയസ്‌കരുമായുള്ള സൗഹൃദം കാരണമാകുന്നുണ്ട്. ഒരു കുട്ടിയുടെ ആത്മാഭിമാനം സ്വരൂപിക്കുന്നതില്‍ കൂട്ടുകാരുടെ പ്രതികരണങ്ങള്‍ കാരണമാകുന്നു. തന്നെ കുറിച്ചുള്ള ധാരണ ഒരാള്‍ മറ്റുള്ളവരില്‍ നിന്നാണ് കെട്ടിപ്പടുക്കുന്നത്. സമപ്രായക്കാരില്‍ നിന്നുള്ള ഒരു കുട്ടിക്ക് തന്റെ കഴിവുകള്‍ വളര്‍ത്താനും കഴിവില്ലായ്മകള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കും പരിഹാരം കാണാനും സൗഹൃദബന്ധം ഉപകരിക്കാറുണ്ട്. ആത്മാഭിമാനം ഉയരുമ്പോള്‍ ഒരു കുട്ടിയെ അത് ആത്മവിശ്വാസമുള്ളയാളാക്കി മാറ്റാനും സഹായിക്കുന്നു.
സൗഹൃദബന്ധം ദുഃസ്വാധീനങ്ങളും ഉണ്ടാക്കുന്നു. മറ്റുള്ളവരില്‍ നിന്നും ഉണ്ടാകുന്ന ദുഃസ്വാധീനത്തെക്കാളും തീവ്രകരമായതാണ് ചങ്ങാതിമാര്‍ക്കിടയിലുണ്ടാവുന്നത്. അപകടങ്ങളില്‍ ചെന്നു ചാടുന്നത് ഇത്തരമൊരു കാര്യമാണ്. സാഹസ കൃത്യങ്ങളോടുള്ള കൗമാരപ്രായക്കാരുടെ സഹജമായ ആഭിമുഖ്യമാണിതിന് കാരണം. ശാരീരിക വളര്‍ച്ചയെക്കുറിച്ചും ലൈംഗിക ബന്ധങ്ങളെക്കുറിച്ചുമുള്ള തെറ്റായ ധാരണകള്‍ കൈമാറിക്കിട്ടാനുള്ള സാധ്യതയും സൗഹൃദ ബന്ധത്തിലുണ്ട്. രഹസ്യമാക്കിവെക്കുന്ന പല കാര്യങ്ങളും അവര്‍ കൈമാറുന്നു. അറിയാനുള്ള മോഹം സഫലീകരിക്കുന്നതിനൊപ്പം അവരവരെക്കുറിച്ച് മനസ്സിലാക്കാനും ഇത് സഹായിക്കുന്നുണ്ട്. ലൈംഗികതയോട് ചേര്‍ന്ന കാര്യങ്ങള്‍ പങ്ക് വെക്കുമ്പോള്‍ ചില കൊച്ചു 'പണ്ഡിതന്മാ'രോ 'പണ്ഡിത'കളോ അപകടകരമായ അബദ്ധധാരണകളും കൈമാറാനുള്ള സാധ്യത തള്ളിപ്പറഞ്ഞുകൂടാ. വളര്‍ച്ചയുടെ പില്‍ക്കാലാനുഭവങ്ങളില്‍നിന്നോ ഘട്ടങ്ങളില്‍ നിന്നോ ഈ ധാരണകള്‍ തിരുത്താനിടവന്നേക്കും. എന്നാലും ധാരണകള്‍ നിലനില്‍ക്കുന്ന സമയത്ത് മറ്റ് അബദ്ധങ്ങള്‍ക്കത് വഴിവെച്ചേക്കാവുന്നതുമാണ്. ആദ്യമായി മക്കള്‍ സൗഹൃദ സ്വാധീനത്താല്‍ പെരുമാറ്റ ദൂഷ്യങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ കുട്ടിയുടെ സുഹൃത്തുക്കളെ പഴിചാരിയിട്ട് വിശേഷിച്ച് ഒരു ഫലവും ഉണ്ടാകുന്നില്ല.
വീട്ടിലിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ നേരം ഇന്ന് കുട്ടികള്‍ പുറത്താണ്. സൗഹൃദത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന കുട്ടികളില്‍ ചില പ്രശ്‌നങ്ങള്‍ കാണാറുമുണ്ട്. എന്നാലും രക്ഷിതാക്കള്‍ക്ക് പലര്‍ക്കും ആശങ്കയാണ്. പഠിക്കാന്‍ മോശമായ ചങ്ങാതിമാര്‍ക്കൊപ്പം ചേരുന്നതാണ് രക്ഷിതാക്കളുടെ, പ്രധാനപ്രശ്‌നം. അത് സ്വന്തം മകന്റെയോ മകളുടെയോ പഠനത്തെ സാരമായി ബാധിക്കുമെന്നവര്‍ പേടിക്കുന്നു. അന്യ മതത്തില്‍ നിന്നോ ജാതിയില്‍ നിന്നോ ഉള്ള കുട്ടികളുമായുള്ള അടുപ്പം ചിലരെ വേവലാതി കൊള്ളിക്കുന്നു. വ്യത്യസ്ത സാമൂഹിക- സാമ്പത്തിക വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രത്യേകിച്ച് താഴ്ന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ മക്കളുമായുള്ള സൗഹൃദം പല രക്ഷിതാക്കളും ഭയക്കുന്നു. ആണ്‍-പെണ്‍ സൗഹൃദത്തെയാണ് ഭൂരിപക്ഷം രക്ഷിതാക്കളും എതിര്‍ക്കുന്നത്. അത് സൗഹൃദത്തില്‍ നിന്ന് അതിരുവിട്ട് മറ്റേതെങ്കിലും തലങ്ങളിലേക്ക് നീങ്ങാനിടയുള്ള സാധ്യതകള്‍ രക്ഷിതാക്കളെ എരിപൊരി കൊള്ളിക്കുന്നു.
ഒരു കുട്ടിയുടെ വേഷം, ഭക്ഷണ രീതി, ഭാവപ്രകടനങ്ങള്‍ എന്നിവയില്‍ കൗമാരപ്രായക്കാര്‍ക്കിടയിലെ സ്വാധീനം പ്രകടമായ മറ്റൊരു വസ്തുതയാണ്. മുടി മുറിക്കുന്ന രീതിയില്‍ വരുത്തുന്ന മാറ്റംപോലും രക്ഷിതാക്കളില്‍ അലോസരമുണ്ടാക്കുന്നു. അഭിരുചികളിലുള്ള മാറ്റം സംഘര്‍ഷത്തിന് കാരണമാകുന്നു. പെരുമാറ്റത്തിലുള്ള ഈ മാറ്റങ്ങള്‍ സുഹൃത്തുക്കളുമായുള്ള ബന്ധം മുറിച്ചാല്‍ ഇല്ലാതാകുമെന്ന വിചാരം രക്ഷിതാക്കളേയും കുട്ടികളേയും രണ്ട് ധ്രുവങ്ങളിലേക്കെത്തിക്കുന്നു.
ചെറിയ കുട്ടിയായിരുന്നപ്പോഴുള്ള ശാരീരികമോ മാനസികമോ ആയ അവസ്ഥയിലല്ല കൗമാരപ്രായക്കാര്‍. അവരിലുള്ള മാനസികവും ശാരീരികവുമായ മാറ്റം സമപ്രായക്കാരുമായി കൂടുതലടുക്കാന്‍ കാരണമാകുന്നുണ്ട്. അത് സ്വാഭാവികമായ ഒരു പരിണിതിയാണ്. എന്നാല്‍ കുട്ടികളുടെ സുഹൃത്തുക്കള്‍ ആരാണ് എന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. കൂട്ടുകാരെക്കുറിച്ചും അവരുടെ കഴിവുകളെക്കുറിച്ചും മക്കളോട് രക്ഷിതാക്കള്‍ അന്വേഷിക്കണം. കുട്ടികള്‍ തന്നെ കൂട്ടുകാരുമായി പൊരുത്തപ്പെടാനാവാത്ത ഘടകങ്ങള്‍ കണ്ടുപിടിച്ച് പറയാനിടവരണം. അത് കേള്‍ക്കുമ്പോള്‍ പഴിചാരുകയോ സംശയം പ്രകടിപ്പിക്കുകയോ ചെയ്യരുത്. ചങ്ങാതിമാരെ കുറ്റപ്പെടുത്തുന്നത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാനാണിടവരിക. കൂട്ടുകാരില്‍ നിന്ന് ഏത് സ്വീകരിക്കണം ഏത് തിരസ്‌കരിക്കണം എന്ന് സ്വയം തീരുമാനിക്കാനും അത് നടപ്പില്‍ വരുത്താനുമാണ് രക്ഷിതാക്കള്‍ മക്കളെ സഹായിക്കേണ്ടത്.
മക്കളുടെ സുഹൃത്തുക്കളെകുറിച്ച് പറയുമ്പോള്‍ രക്ഷിതാക്കള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കണം. അവരുടെ വ്യക്തിത്വത്തെക്കുറിച്ചറിയാനുള്ള ആദ്യ സന്ദര്‍ഭം അത് തന്നെയാണ്. കൂട്ടുകാരോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍, കൗതുകകരമായ സന്ദര്‍ഭങ്ങള്‍, സാഹസിക കാര്യങ്ങള്‍, പിണഞ്ഞ അബന്ധങ്ങള്‍ എന്നിവ പറയുമ്പോള്‍ നല്ല ശ്രദ്ധയോടെ അത് ഗ്രഹിക്കണം. അവര്‍ പറയുമ്പോള്‍ സുഹൃത്തുക്കളുടെ വ്യക്തിത്വത്തെക്കുറിച്ച് പൊതുവായ പ്രസ്താവനകള്‍ നടത്തരുത്. (ഉദാ: അവനാള് പിശുക്കനാണ്, ചീത്ത കുട്ടിയാണ്, വിശ്വസിക്കാന്‍ പറ്റുന്നവനല്ല). സുഹൃത്തിന്റെ വ്യക്തിത്വത്തിലെ നമുക്കിഷ്ടമല്ലാത്ത ഏതെങ്കിലും ഘടകമുണ്ടെങ്കില്‍ അതിനെക്കുറിച്ചു പറയാം. ഏതെങ്കിലുമൊരു സുഹൃത്ത് മക്കളെ സ്വാധീനിക്കുന്നുണ്ട്, അതുവഴി വ്യക്തിത്വത്തില്‍ അതിന്റെ പ്രതിഫലനമുണ്ട് എന്ന് വ്യക്തമായാല്‍ അത് സുഹൃത്തിനെ കുറ്റപ്പെടുത്താതെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. രക്ഷിതാക്കളുടെ ഇടപെടല്‍ ബുദ്ധിപൂര്‍വമായിരിക്കണം. രക്ഷിതാക്കളുടെ മുന്‍വിധികളാണ് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുക. കുട്ടികള്‍ തന്നെ അവരുടെ ചങ്ങാതിമാരെ വിലയിരുത്തി തീരുമാനമെടുക്കാന്‍ ഉചിതമായ ചുറ്റുവട്ടം വീട്ടില്‍ ഉണ്ടാക്കുക എന്നതാണ് പ്രധാനം.
ഇന്നത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുറ്റുവട്ടത്തിന്റെയും സാഹചര്യങ്ങളില്‍ ആണ്‍-പെണ്‍ബന്ധം പാടെ ഇല്ലാതാവുന്നില്ല. ആണ്‍-പെണ്‍ സൗഹൃദത്തെക്കുറിച്ച് ഒളിപ്പിച്ചുവെക്കാതിരിക്കാനുള്ള കുടുംബാന്തരീക്ഷം രക്ഷിതാക്കള്‍ക്കാണ് ഉണ്ടാക്കാന്‍ സാധിക്കുക. സുഹൃദ്ബന്ധങ്ങള്‍ കൗമാരപ്രായത്തില്‍ തന്നെ ജീവിതത്തിലെ മറ്റ് മുന്‍ഗണനകള്‍ തെറ്റിക്കാന്‍ കാരണമാകരുതെന്ന അറിവാണ് രക്ഷിതാക്കളില്‍ നിന്ന് ലഭിക്കേണ്ടത്. കൗമാരക്കാരുടെ പ്രേമം കണ്ടുപിടിച്ചാല്‍ ശിക്ഷിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാതെ, അത് ജീവിതത്തിലുണ്ടാക്കാനിടയുള്ള പ്രതികൂലകാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. സാധിക്കുന്നില്ലെങ്കില്‍ ഒരു കൗണ്‍സിലറുടെ സഹായം തേടുകയാണ് ഉചിതം.
ആഹ്ലാദകരമായ ഒരു കുടുംബാന്തരീക്ഷം മക്കള്‍ക്കിടയില്‍ നല്ല സുഹൃദ്ബന്ധങ്ങളെ ഉണ്ടാക്കും. സൗഹൃദപരമായ പെരുമാറ്റം വീട്ടില്‍ സുതാര്യമായ ബന്ധങ്ങള്‍ പടുത്തുയര്‍ത്തും. കുട്ടികളുടെ ഒളിച്ചുകളി കുറെയൊക്കെ ഇല്ലാതാക്കാനും, അവരുടെ ചങ്ങാതിമാര്‍ വലിയൊരു പ്രശ്‌നമാകാതിരിക്കാനും ഇത് സഹായിച്ചേക്കും.
ശേഷക്രിയ
1. മക്കള്‍ക്ക് അവരുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് സുഹൃത്തുക്കള്‍ ആവശ്യമാണെന്ന് രക്ഷിതാക്കളാദ്യം തിരിച്ചറിയണം.
2. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ മക്കള്‍ക്ക് തങ്ങളുടെ സുഹൃത്തുക്കളെക്കുറിച്ച് പറയാനുള്ള സന്ദര്‍ഭങ്ങള്‍ നല്‍കുക.
3. മക്കള്‍ സുഹൃത്തുക്കളെ കുറിച്ചോ അവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചോ പറയുമ്പോള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക. ചോദിച്ചറിയുക.
4. മക്കളുടെ സുഹൃത്തുക്കളെ നല്ലത്- ചീത്ത എന്ന വിഭാഗീകരണത്തോടെ പൊതുവല്‍ക്കരിക്കരുത്.
5. മക്കളുടെ സുഹൃത്തുക്കളുടെ വ്യക്തിത്വത്തിലെ സവിശേഷ ഘടകങ്ങളെ, പ്രത്യേകിച്ച് കഴിവുകളെ, അംഗീകരിക്കുക. പ്രശംസിക്കുക.
6. മക്കളുടെ സുഹൃത്തുക്കളില്‍ നിങ്ങള്‍ക്ക് പൊരുത്തപ്പെടാനാവാത്ത വേവലാതികൊള്ളിക്കുന്ന വ്യക്തിത്വ ഘടകങ്ങള്‍ അറിഞ്ഞാല്‍ അവയെക്കുറിച്ച് മാത്രം പറയുക. എന്തുകൊണ്ട് വിഷമിപ്പിക്കുന്നു എന്നതുമറിയിക്കുക.
മക്കളുടെ സുഹൃത്തുക്കളെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ വീട്ടിലേക്ക് ക്ഷണിക്കുക. അവര്‍ക്കുവേണ്ടി ഒത്തു ചേരലുകള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നടത്തുക. അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണം നല്‍കുക.
8. എതിര്‍ ലിംഗത്തിലുള്ള സുഹൃത്തുക്കള്‍ ആരാണെന്നറിയുക. അവരുടെ കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുക.
9. മക്കളുടെ കൂട്ടുകാരുമായുള്ള എല്ലാ രഹസ്യങ്ങളും അറിയാന്‍ ശ്രമിക്കരുത്. അവര്‍ക്കര്‍ഹതപ്പെട്ട സ്വകാര്യത നല്‍കുക.
10. കൂട്ടുകാരുടെ സ്വാധീനത്താലോ മറ്റോ മക്കള്‍ക്ക് വ്യവഹാരപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായി എന്ന് ഉറപ്പാണെങ്കില്‍ കണ്‍സിലര്‍മാരുടെയോ മനഃശാസ്ത്രജ്ഞരുടെയോ സഹായം തേടുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top