പടിഞ്ഞാറിനോട് കലഹിച്ച വനിത

കെ.ടി ഹുസൈന്‍ No image

പാകിസ്താനില്‍ മരണപ്പെട്ട ലോകപ്രശസ്ത പണ്ഡിതയും എഴുത്തുകാരിയുമായ മറിയം ജമീല നവ മുസ്‌ലിം എന്നതിലുപരി ഇസ്‌ലാമിക സ്ത്രീവാദ ചിന്തയിലെ തികച്ചും വോറിട്ടൊരു ശബ്ദം എന്ന നിലയിലാണ് ശ്രദ്ധേയയായത്. ഇസ്‌ലാമിക സ്ത്രീവാദം എന്നത് പൂര്‍ണമായും പടിഞ്ഞാറിന്റെ സൃഷ്ടിയാണെന്ന് പറയാനാവില്ലെങ്കിലും പടിഞ്ഞാറിനോടുള്ള ഏതോ അര്‍ഥത്തിലുള്ള അഭിനിവേശമോ ആസക്തിയോ അതിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് നിഷേധിക്കാനാവില്ല. ആമിനാ വദൂദ്. ഫാത്തിമാ മെര്‍നിസി, അസ്മാ ബര്‍ലാസ് തുടങ്ങിയ ഇന്ന് അറിയപ്പെടുന്ന ഇസ്‌ലാമിക സ്ത്രീ വാദികളിലെല്ലാം ഇത് ഏറിയോ കുറഞ്ഞോ തരത്തില്‍ കാണുന്നുണ്ട്. എന്നാല്‍ മറിയം ജമീലയിലെ സ്ത്രീ വാദിയെ പടിഞ്ഞാറന്‍ സംസ്‌കാരം തെല്ലും ആകര്‍ഷിച്ചില്ലെന്ന് മാത്രമല്ല അതില്‍ ഒന്നിനോട് പോലും യാതൊരു തരത്തിലുള്ള അനുരജ്ഞനത്തിനും അവര്‍ കൂട്ടാക്കിയതുമില്ല. പടിഞ്ഞാറിന്റെ രാഷ്ട്രീയത്തോടോ സംസ്‌കാരത്തോടോ മാത്രമല്ല അവര്‍ കലഹിച്ചത.് മറിച്ച,് അതിന്റെ സാമൂഹിക സംഘാടക രീതികളോടും കലകളോടും ശാസ്ത്രത്തോടും ടെക്‌നോളജിയോടും വരെ അവര്‍ നിരന്തരം ഏറ്റുമുട്ടി. പടിഞ്ഞാറിനോടുള്ള ഈ നിലപാടുകള്‍ കാരണം സെക്കുലര്‍ മോഡേണിറ്റിയുടെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിമര്‍ശക എന്ന സ്ഥാനമാണ് മറിയം ജമീല കൈവരിച്ചത്. ഇക്കാര്യത്തില്‍ അവര്‍ തന്റെ ഗുരുവും മാര്‍ഗദര്‍ശിയും വളര്‍ത്തു പിതാവും ഒക്കെയായ മൗലാനാ മൗദൂദിയെ പോലും കടത്തിവെട്ടി. മൗദൂദി പടിഞ്ഞാറിന്റെ ശക്തനായ വിമര്‍ശകനായിരുന്നുവെങ്കിലും അവരുടെ സാമൂഹിക സംഘാടക രീതിയോടോ ശാസ്ത്രത്തോടോ ടെക്‌നോളജിയോടോ അദ്ദേഹത്തിന് യാതൊരെതിര്‍പ്പുമുണ്ടായിരുന്നില്ല. അവയുടെ മൂല്യാടിത്തറയെ മാത്രമാണ് അദ്ദേഹം വിമര്‍ശന വിധേയമാക്കിയത്.
പടിഞ്ഞാറന്‍ സംസ്‌കാരത്തോടുള്ള ഈ കാഴ്ചപ്പാട് കാരണം താന്‍ ഇസ്‌ലാമിക പാരമ്പര്യമെന്ന് മനസ്സിലാക്കുന്ന എല്ലാറ്റിനോടും തിവ്രമെന്ന് കരുതാവുന്ന വിധത്തില്‍ അവര്‍ അനുരാഗം പുലര്‍ത്തി. ബഹുഭാര്യത്വം, മുഖം മറച്ച് കൊണ്ടുള്ള പര്‍ദ, ചിത്ര കല, സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിലെല്ലാം തികച്ചും യാഥാസ്ഥിതിക പക്ഷത്താണ് അവര്‍ നിലയുറപ്പിച്ചത്. മുസ്‌ലിമായതിന് ശേഷമുള്ള അവരുടെ ഒരു ഫോട്ടോ പോലും എവിടെയും കാണാനാവാത്തത് തന്റെ നിലപാടിനോട് അവര്‍ പുലര്‍ത്തിയ സത്യസന്ധതയെ സാക്ഷ്യപെടുത്തുന്നു. തരക്കേടില്ലാത്തൊരു ചിത്രകാരി കൂടിയായിരുന്നു അവര്‍. പന്ത്രണ്ടാം വയസ്സില്‍ എഴുതിത്തുടങ്ങിയ തന്റെ ആദ്യ കൃതിയായ അഹ്മ്മദ് ഖലീലിന് കവര്‍ ചിത്രം വരച്ചത് മറിയം ജമീല തന്നെയായിരുന്നു, അവര്‍ കുട്ടിക്കാലത്ത് വരച്ച പല നല്ല പെന്‍സില്‍ ചിത്രങ്ങളും കളര്‍ ചിത്രങ്ങളും നൃൂയോര്‍ക്ക് ലൈബ്രറിയിലെ ആര്‍ക്കെവെക്‌സില്‍ ഇപ്പോഴും സൂക്ഷിക്കപ്പെട്ടിട്ടുള്ളതായി The Convert a tile of exile and extremism എന്ന പേരില്‍ മറിയം ജമീലയുടെ ജീവചരിത്രമെഴുതിയ ഡബേറെ ബേക്കര്‍ പറയുന്നു. എന്നാല്‍ മുസ്‌ലിമായി പാകിസ്ഥാനില്‍ കൂടിയേറിയ അവര്‍ പിന്നീടൊരിക്കലും ചിത്രം വരച്ചിട്ടില്ല. മുസ്‌ലിമായതിന് ശേഷം കവിതാ രചന പാടെ ഉപേക്ഷിച്ച പഴയ കാല അറബിക്കവി ലബീദിനെയാണ് അവര്‍ ഇക്കാര്യത്തില്‍ ഓര്‍മിപ്പിക്കുന്നത്. മറ്റൊരു ഭാര്യയും അതില്‍ കൂട്ടികളുമുള്ള ഒരു പാകിസ്ഥാന്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനെ ഭര്‍ത്താവായി സ്വീകരിച്ചതിന് പിന്നിലും താന്‍ ഇസ്‌ലാമിക പാരമ്പര്യമായി കരുതുന്ന ഒന്നിനോട് ആസക്തിയോളമെത്തുന്ന അവരുടെ മാനസികാവസ്ഥക്ക് പങ്കുണ്ട്. തന്റെ സഹകളത്രയും അവരുടെ മക്കളും ഭര്‍ത്താവും താനും മക്കളും എല്ലാം അടങ്ങുന്ന ഒരു വലിയ കൂടുംബത്തിലെ ജീവിതം ഞാന്‍ നന്നായി ആസ്വദിക്കുന്നുവെന്നാണ് അവര്‍ ഒരിക്കല്‍ പറഞ്ഞത്. സാമ്പത്തികമായി തകര്‍ന്നുപോയ കുടുംബമായിരുന്നു അവരുടെ ഭര്‍ത്തിവിന്റെത്. അതിനാല്‍ തന്നെ ജീവിതം പ്രാരാബ്ദങ്ങള്‍ നിറഞ്ഞതായിരുന്നു. പക്ഷേ ഈ പ്രാരാബ്ദങ്ങള്‍ ആ പാശ്ചാത്യ സ്ത്രീയെ ദുഖിപ്പിക്കുന്നതിന് പകരം ആഹ്ലാദിപ്പിക്കുകയാണ് ചെയ്തത്. തന്റെ കുടുംബ ജിവിതം പ്രാരാബ്ദത്തിന്റെ കാര്യത്തിലെങ്കിലും പ്രവാചകന്റെ കുടുംബ ജീവിതത്തോട് താദാത്മ്യപ്പെടുന്നു എന്നതിലായിരുന്നു അവരുടെ ആഹ്ലാദം.
ഒരു എഴുത്തുകാരി എന്ന നിലയില്‍ മറിയം ജമീല സാമൂഹിക മണ്ഡലത്തില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ സ്ത്രീ-പുരുഷന്മാര്‍ ഇടകലരുന്ന സാമൂഹിക പ്രവര്‍ത്തന മേഖലകളിലൊന്നും അവരുണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള പലതരം നിലപാടുകള്‍ കാരണം ഇസ്‌ലാമിക യാഥാസ്ഥിതികതയുടെ ഏറ്റവും ശക്തമായ സ്ത്രീ ശബ്ദം എന്നാണ് മറിയം ജമീല വിശേഷിപ്പിക്കപ്പെട്ടത്.
ഭൗതികതയില്‍ വല്ലാതെ അഭിരമിച്ച് പോയ ഒരു ജൂത കൂടുംബത്തിലാണ് മറിയം ജമീലയായി മാറിയ മാര്‍ഗരറ്റ് മാര്‍കസിന്റെ ജനനം. അവരുടെ പൂര്‍വികര്‍ സാമ്പത്തികാഭിവൃദ്ധി ലക്ഷ്യമാക്കി ജര്‍മനിയില്‍ നിന്ന് അമേരിക്കയില്‍ കൂടിയേറിയവരായിരുന്നു. സാര്‍ ഭരണ കാലത്ത് റഷ്യയില്‍ നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ട് അമേരിക്കയില്‍ കൂടിയേറിയ ജൂതന്‍മാരിലാണ് താരതമ്യേന മതബോധം നിലനിന്നിരുന്നത്. സാംസ്‌കാരികമായി പൂര്‍ണമായും ക്രൈസ്തവല്‍ക്കരിക്കപെട്ട കൂടുംബമായിരുന്നു തന്റേതെന്ന് മറിയം ജമീല തന്നെ ഏറ്റ് പറഞ്ഞിട്ടുണ്ട്. ജൂതന്മാരില്‍ കണ്ട് വന്നിരുന്ന മൂല്യബോധമോ ദൈവിക ചിന്തയോ തന്റെ കൂടുംബത്തില്‍ കാണാതിരുന്നതാണ് അവര്‍ ഇങ്ങനെ പറയാന്‍ കാരണം .
മൂല്യരാഹിത്യം മുഖമുദ്രയായ അമേരിക്കന്‍ ജിവിതരീതിയും സംസ്‌കാരവും മാര്‍ഗരറ്റിനെ ചെറുപ്പത്തിലേ ഒട്ടും ആകര്‍ഷിച്ചിരുന്നില്ല. സുഖഭോഗം, ടെലിവിഷന്‍, സിനിമ, എന്നിവയിലൊന്നും അവര്‍ക്ക് തീരെ താല്‍പര്യമുണ്ടായിരുന്നില്ല. സ്ത്രീ-പുരുഷന്മാര്‍ കൂടിക്കലരുന്ന സംഗീത പരിപാടികളില്‍ നിന്നും സമപ്രായക്കാരായ ആണ്‍കുട്ടികളുമായുള്ള ഏകാന്ത സല്ലാപങ്ങളില്‍ നിന്നും അവര്‍ കൃത്യമായ അകലം പാലിച്ചു. മദ്യം കഴിക്കുകയോ സിഗററ്റ് വലിക്കുകയോ ചെയ്തിരുന്നില്ല. ലൈംഗികാകര്‍ഷകത്വം ജനിപ്പിക്കുന്ന ഇറുകിയ വസ്ത്രങ്ങളും അവര്‍ ഒഴിവാക്കിയിരുന്നു. ചുരുക്കത്തില്‍ സ്വന്തം ചുറ്റുപാടുകളിലെ മലീമസമായ സംസ്‌കാരത്തോട് യോജിച്ച് പോകാന്‍ കഴിയാത്ത ഒരു മാനസികാവസ്ഥ ചെറുപ്പം മുതല്‍ തന്നെ മാര്‍ഗരറ്റില്‍ വളര്‍ന്നിരുന്നു.
മരണത്തെ കുറിച്ചാണ് മാര്‍ഗരറ്റ് എപ്പോഴും ചിന്തിച്ചിരുന്നത്. മരണാനന്തരം എന്ത് എന്ന ചോദ്യം അവരെ സദാ അസ്വസ്ഥപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്തിരുന്നു. സംഗീതവും ചിത്ര രചനയുമായിരുന്നു തന്റെ അസ്വസ്ഥതയെ മറക്കാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗങ്ങള്‍. യാദ്യശ്ചികമായി റേഡിയോവിലൂടെ കേള്‍ക്കാനിടയായ അറബി സംഗീതം മാര്‍ഗരറ്റിനെ വല്ലാതെ ആകര്‍ഷിച്ചു. അങ്ങനെ അവസരം കിട്ടുമ്പോഴൊക്കെ അറബി സംഗീതം കേള്‍ക്കുന്നത് അവരുടെ ഹരമായി മാറി. ന്യൂയോര്‍ക്കിലെ സിറിയന്‍ എംബസിയില്‍ നിന്ന് പിതാവ് കൊണ്ടുവന്ന അറബ് ആല്‍ബങ്ങളുടെ കൂട്ടത്തില്‍ പ്രശസ്ത അറബ് ഗായിക ഉമ്മു കുല്‍ഥൂമിന്റെ മര്‍യം സൂറയുടെ പാരായണമുണ്ടായിരുന്നു. അത് മാര്‍ഗരറ്റിനെ വശീകരിക്കുക തന്നെ ചെയ്തു.
അറബ് സ്വരങ്ങളോടും ശബ്ദങ്ങളോടുമുള്ള ഈ അഭിനിവേശം അറബികളുടെ ചരിത്രവും സംസ്‌കാരവും പഠിക്കുന്നതിലേക്കാണ് അവരെ കൊണ്ടെത്തിച്ചത്. വിശ്വാസപരമായി ജൂതമതവും ഇസ്‌ലാമും തമ്മില്‍ പല അടുപ്പങ്ങളും പുലര്‍ത്തുന്നതായി വായനയിലൂടെ മനസ്സിലാക്കിയ മാര്‍ഗരറ്റ് മാര്‍കസിനെ ജൂത സിനഗോഗുകളില്‍ അറബികള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നത് അത്ഭുതപ്പെടുത്തി. ജൂതന്മാര്‍ ദൈവത്തെ തങ്ങളുടെ ഒരു വംശീയ ദൈവമായി ചുരുക്കി കാണുന്നതും അവര്‍ക്ക് ദഹിച്ചില്ല, സ്വന്തം മതത്തില്‍ താല്‍പര്യം കുറക്കാന്‍ ഇത് കാരണമായി. അമേരിക്കന്‍ ജീവിത രീതിയുടെ മൂല്യ നിരാസത്തില്‍ നിറം കെട്ട് പോയ കൃസ്തു മതവും അവരെ ആകര്‍ഷിച്ചില്ല.
അതിനിടയില്‍ മാനസിക രോഗം ബാധിച്ച് മാര്‍ഗരറ്റ് കിടപ്പിലായി. ഈ രോഗ പീഢക്കിടയിലാണ് അവരുടെ വായന ഖുര്‍ആനിലേക്ക് തിരിയുന്നത്. അവര്‍ ആദ്യം വായിച്ചത് പക്ഷപാതിയായ ഒരു കൃസ്ത്യന്‍ പണ്ഡിതന്റെ ഖുര്‍ആന്‍ പരിഭാഷയാണ്. ഒട്ടും മൗലികതയില്ലാത്തതും ബൈബിളിന്റെ പകര്‍പ്പും മാത്രമാണ് ഖുര്‍ആന്‍ എന്ന് സ്ഥാപിക്കുന്നതായിരുന്നു ആ ഖുര്‍ആന്‍ പരിഭാഷ. വിഷയം മാത്രമല്ല അതിന്റെ ഭാഷയും ശൈലിയുമൊന്നും അവരെ തെല്ലും ആകര്‍ഷിച്ചില്ല. മനം മടുപ്പിക്കുന്ന ഈ ആദ്യാനുഭവത്തിന് ശേഷവും അവര്‍ വായന ഉപേക്ഷിച്ചില്ല. അങ്ങനെ ഏതോ പുസ്തകക്കടയില്‍ നിന്ന് മുഹമ്മദ് മര്‍ഡ്യൂക്ക് പിക്താളിന്റെ ഖുര്‍ആന്‍ പരിഭാഷ അവര്‍ക്ക് ലഭിച്ചു. ഖുര്‍ആന്റെ യഥാര്‍ഥ സന്ദേശവും സൗന്ദ്യര്യവും അവര്‍ക്ക് തിരിച്ചറിയാനായത് പിക്താളിന്റെ പരിഭാഷയിലൂടെയാണ്.
ഖുര്‍ആനിക സന്ദേശങ്ങളില്‍ അവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് പരലോക വിശ്വാസമാണ്. ചെറുപ്പം മുതല്‍ക്കുതന്നെ തന്റെ മുമ്പില്‍ ഒരു പ്രഹേളികയായി നില നിന്നിരുന്ന മരണാനന്തരം എന്ത് എന്ന ചോദ്യത്തിന് ആശ്വാസം നല്‍കുന്നൊരുത്തരം പരലോക വിശ്വാസത്തില്‍ നിന്നവര്‍ക്ക് ലഭിച്ചു. ഖുര്‍ആന്‍ പഠനം സ്വാഭാവികമായും ഹദീസുകളിലേക്കും പ്രവാചക ചരിത്രത്തിലേക്കും അവരെ നയിച്ചു. വിഖ്യാത ഹദീസ് സമാഹാരമായ 'മിശ്കാത്തുല്‍ മസ്വാബീഹി'ന്റെ നാല് വാള്യത്തിലുള്ള ഇംഗ്ലീഷ് പരിഭാഷ അവര്‍ക്ക് ലഭിച്ചത് ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറിയില്‍ നിന്നാണ്. ഹദീസുകള്‍ യഥാവിധം മനസ്സിലാക്കാതെ ഖൂര്‍ആന്റെ ആശയം ഗ്രഹിക്കുക അസാധ്യമാണെന്ന് ഹദീസ് പഠനം അവരെ ബോധ്യപ്പെടുത്തി. രോഗം ഇതിനെല്ലാം ഇടയില്‍ മൂര്‍ഛിക്കുന്നുണ്ടായിരുന്നുവെങ്കിലും ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ ആര്‍ത്തിയോടെ വായിക്കുന്ന ശീലം അവര്‍ ഉപേക്ഷിച്ചില്ല. മക്കയിലേക്കുള്ള പാതയാണ് എല്ലാ കെട്ടുപാടുകളുമുപേക്ഷിച്ച് ഇസ്‌ലാമിന്റെ തീരത്തണയാന്‍ അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കിയ കൃതി. മുഹമ്മദ് അസദിന്റെ തന്നെ 'ഇസ്‌ലാം അറ്റ് ദി ക്രോസ് റോഡ്' എന്ന കൃതി പാശ്ചാത്യ ആധുനികതക്കെതിരായ വിമര്‍ശനത്തിന്റെ രീതിശാസ്ത്രം അവരെ പഠിപ്പിക്കുകയും ചെയ്തു. പിന്നീട് അധികം വൈകാതെ ന്യൂയോര്‍ക്കിലെ ഇസ്‌ലാമിക് സെന്ററിലെ പള്ളിയില്‍ വെച്ച് ഔദ്യോഗികമായി ഇസ്‌ലാം സ്വീകരിച്ചതോടെ മാര്‍ഗരറ്റ് മാര്‍കസ് മറിയം ജമീലയായി. അപ്പോഴേക്കും അവരെ ബാധിച്ച കടുത്ത മാനസിക രോഗം പൂര്‍ണമായും ഭേദമായി കഴിഞ്ഞിരുന്നു.
മുസ്‌ലിമായതിന് ശേഷം തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന ലേഖനങ്ങള്‍ നിരന്തരമായി അവര്‍ എഴുതി. ദക്ഷിണാഫ്രിക്ക, തുര്‍ക്കി, സ്വിറ്റ്‌സര്‍ലന്റ്, ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളിലെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലാണ് അവ അധികവും അച്ചടിച്ച് വന്നത്. ഈ ലേഖനങ്ങളുടെയെല്ലാം കേന്ദ്ര ആശയം ഇസ്‌ലാമും പാശ്ചാത്യ നാഗരികതയും തമ്മിലുള്ള താരതമ്യ പഠനമായിരുന്നു. ഇസ്‌ലാമിന്റെ അടിത്തറകളെ ശിഥിലമാക്കുന്ന ആധുനികതയുടെ ചിന്താ സാംസ്‌കാരിക പദ്ധതികളെ ആ ലേഖനങ്ങള്‍ തുറന്നുകാണിച്ചു. മൂല്യപ്രതിബദ്ധത ഉള്ളതുകൊണ്ടാണ് മൂല്യ രഹിതമായ പാശ്ചാത്യ നാഗരികതയിലേത് പോലെ ഇസ്‌ലാമിക നാഗരികതയിലും ഇന്ത്യന്‍, ചൈനീസ് നാഗരികതകളിലും ചൂഷണത്തില്‍ അധിഷ്ഠിതമായ ശാസ്ത്ര സാങ്കേതിക വിദ്യയും വളരാതിരുന്നത് എന്നായിരുന്നു അവരുടെ അഭിപ്രായം.
പാശ്ചാത്യ നാഗരികതയിലെ ചില നല്ല വശങ്ങള്‍ സ്വാംശീകരിക്കുന്നത് മുസ്‌ലിംകളുടെ പുരോഗതിക്കാവശ്യമാണെന്ന മുഹമ്മദ് അബ്ദുവിനെപോലുള്ളവരുടെ ചിന്താഗതികളോടും മര്‍യം ജമീല വിയോജിച്ചു. പാശ്ചാത്യ ആധുനികതയും ഇസ്‌ലാമും തമ്മില്‍ യാതൊരു വിധത്തിലുള്ള അനുരജ്ഞനവും സാധ്യമല്ലെന്ന നിലപാടായിരുന്നു അവര്‍ക്ക്.
തന്റെ ലേഖനങ്ങളുടെ പ്രസിദ്ധീകരണം ലോകത്തിന്റെ പല ഭാഗത്തുമുള്ള പണ്ഡിതന്‍മാരുമായും നേതാക്കളുമായും ബന്ധം സ്ഥാപിക്കാന്‍ അവര്‍ക്കവസരമുണ്ടാക്കി. അവരില്‍ പലരുമായും അവര്‍ക്ക് കത്തിടപാടുകളും ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ മൗലാനാ മൗദൂദിക്കയച്ച ഒരെഴുത്തില്‍ തനിക്കുണ്ടായിരുന്ന മാനസിക രോഗത്തെ കുറിച്ചും അവര്‍ സൂചിപ്പിച്ചിരുന്നു. അതിന് മറുപടിയായി മൗലാന ഇങ്ങനെ കുറിച്ചു: 'താങ്കളുടെ മാനസിക സംഘര്‍ഷങ്ങളെയും പ്രയാസങ്ങളെയും കുറിച്ച വിവരണം എന്നെ സംബന്ധിച്ചേടത്തോളം അപ്രതീക്ഷിതമല്ല. ഒരു വ്യക്തി തന്റെ ചുറ്റുപാടുകളുമായി കലഹിച്ച് ജീവിക്കുമ്പോള്‍ യാതൊരു പ്രോത്സാഹനവും സഹാനുഭൂതിയും എവിടെ നിന്നും ലഭിക്കുന്നില്ലെങ്കില്‍ സ്ത്രീയോ പുരുഷനോ ആരായാലും അസ്വസ്ഥതയുണ്ടാവുക സ്വാഭാവികമാണ്. താങ്കളുടെ അഭിരുചികളും ആസ്വാദന ശീലങ്ങളും ചിന്തകളും കാഴ്ചപ്പാടുകളുമെല്ലാം സ്വന്തം സമൂഹവുമായി നിരന്തരം കലഹിക്കുകയാണ്. ഏതൊരവസ്ഥയാണോ താങ്കളെ മനോരോഗ വിദഗ്ധന്റെ അടുക്കലെത്തിച്ചത് അത് താങ്കളിലെ ഏതോ മനോരോഗ വൈകല്യത്തിന്റെ ഫലമാണെന്ന് ഞാന്‍ കരുതുന്നില്ല, മറിച്ച് നിങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ താങ്കളിലുണ്ടാക്കുന്ന സംഘര്‍ഷങ്ങളും ചേര്‍ച്ചക്കേടുകളും നിങ്ങള്‍ക്കുണ്ടായത് പോലുള്ള മാനസിക അസ്വസ്ഥതകള്‍ തികച്ചും സ്വാഭാവികമാണ്. താങ്കള്‍ ഇപ്പോള്‍ ജീവിക്കുന്ന സമൂഹം നിങ്ങളുടേത് പോലുള്ള കാഴ്ചപ്പാട് പുലര്‍ത്തുന്ന ഒരു സ്ത്രീയെ സ്വീകരിക്കാന്‍ ഒരിക്കലും സന്നദ്ധമാവുകയില്ല. അവിടെ നിങ്ങളുടെ എല്ലാ നന്മകളും തിന്മയായി മാത്രമെ കണക്കാക്കപ്പെടുകയുള്ളൂ.''
പാകിസ്താനിലേക്ക് കുടിയേറാന്‍ സന്നദ്ധമാകുകയാണെങ്കില്‍ എല്ലാ വിധത്തിലുള്ള സഹായവും സംരക്ഷണവും നല്‍കാമെന്ന വാഗ്ദാനവും കത്തിന്റെ കൂടെ മൗദൂദി നല്‍കിയിരുന്നു. ഈ വാഗ്ദാനവും ഉപദേശവും സ്വീകരിച്ച് കൊണ്ട് 1962-ല്‍ അവര്‍ പാകിസ്താനില്‍ കുടിയേറി. കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ മൗദൂദിയുടെ വീട്ടില്‍ തന്നെയാണ് അവര്‍ കഴിച്ച് കൂട്ടിയിരുന്നത.് മൗദൂദിയുടെ പുത്രിമാര്‍ തന്റെ സമപ്രായക്കാരായതുകൊണ്ട് ആ വീട്ടില്‍ തനിക്ക് യാതൊരന്യതാ ബോധവും അനുഭവിക്കേണ്ടി വന്നില്ലെന്ന് ഓര്‍മ കുറിപ്പില്‍ അവര്‍ അനുസ്മരിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായ മുഹമ്മദ് യൂസുഫുമായുള്ള അവരുടെ വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതും മൗദൂദിയാണ്.
എഴുത്തും വായനയും ഗാര്‍ഹിക ഉത്തരവാദിത്വങ്ങളും തന്റെ കര്‍മമണ്ഡലമായി തെരെഞ്ഞെടുത്ത മര്‍യം ജമീല മുപ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top