ഇരകളുടെ നാട്ടിലൂടെ

മുഹ്സിന കല്ലായ് No image

"എന്നെ നിങ്ങള്‍ നോക്കണ്ട, എനിക്കിനി ഒന്നിനും കഴിയൂല്ല, സ്കൂളില്‍ പോകാനാകൂല, പഠിക്കാനാവൂല, ങ്ങളെപ്പോലെ ആവാന്‍ ഇനിക്ക് കഴിയൂല. ഞാന്‍... എനിക്കാവൂല...''
ഇത് കാസര്‍കോഡിലെ 16 കാരിയായ ഷാഹിദയുടെ കണ്ണീരണിഞ്ഞ വാക്കുകള്‍. പത്താം ക്ളാസ് കഴിഞ്ഞതിനുശേഷമാണ് അവള്‍ക്ക് ഈ അപൂര്‍വ രോഗം പിടിപെട്ടത് അതോടെ പഠനം നിര്‍ത്തിവെക്കേണ്ടി വന്നു. രോഗത്തിന്റെ തീഷ്ണത ഷാഹിദയെ മാനസികമായും തളര്‍ത്തി. കാസര്‍കോഡിലെ ദുരിതങ്ങള്‍ നേരിട്ടറിയാനും പഠിക്കാനും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പഞ്ചായത്തുകളിലെത്തിയപ്പോള്‍ നിറഞ്ഞ സന്തോഷത്തോടു കൂടിയാണ് ഞങ്ങള്‍ 12 പേരെ അവിടത്തുകാര്‍ എതിരേറ്റത്. കാസര്‍ഗോഡിന്റെ ഹരിത ഭംഗിക്ക് മഞ്ഞ ബാധിച്ചിരിക്കയാണ്. ഇവിടങ്ങളില്‍ കിളിയാരവങ്ങളില്ല, കുട്ടികളുടെ ആര്‍ത്തുല്ലസിക്കുന്ന ബഹളമയമില്ല പകരം ബുദ്ധിവൈകല്യമുള്ള, തല ഉടലിനെക്കാള്‍ വലുതായ, ശബ്ദത്തിന്റെയും കാഴ്ചയുടെയും ലോകത്തുനിന്ന് അകന്നു കഴിയുന്ന ഒരു പറ്റം നിഷ്കളങ്ക ജനതയുണ്ട്. മാറിമാറി വരുന്ന ഭരണാധികാരികളിലേക്ക് പ്രതീക്ഷയുടെ കണ്ണും നട്ട് ജീവിതഭാരം പേറുന്ന നിസ്സഹായരായ ഒരു കൂട്ടം നിരപരാധികളുണ്ട്.
അന്താരാഷ്ട്രതലത്തില്‍ തയ്യാറാക്കിയ കൊടും വിഷങ്ങളുടെ പട്ടികയില്‍ 13 ാം സ്ഥാനത്താണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി. എന്‍ഡോസള്‍ഫാന്‍ മിശ്രിതം ഉണ്ടാക്കിയപ്പോള്‍ ശ്രദ്ധിക്കാതെ പോയ ശാസ്ത്രീയ വശങ്ങള്‍ ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. തേയിലക്കൊതുകിനെ കൊന്നൊടുക്കാന്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ ഒരുപറ്റം ജീവഛവങ്ങളായ മാരകരോഗങ്ങളില്‍പ്പെട്ടുഴലുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുകയായിരുന്നു. ജീവിക്കുന്ന തെളിവുകള്‍ ഈ വിഷയത്തിലുണ്ടായിരുന്നിട്ടും ഇതിനെതിരെ നിസംഗത പുലര്‍ത്തുന്ന സര്‍ക്കാര്‍ നിഷ്കളങ്ക ജനതയുടെ പിരടിയില്‍ കയറിപ്പിടിച്ച് കുത്തക കമ്പനിയുടെ കുതന്ത്രങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്നു എന്നത് വേദനയേറിയ സത്യമാണ്.
ഞങ്ങള്‍ക്ക് ഗൈഡായ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ വിഷയത്തിന്റെ ഗൌരവം വിവരിച്ചപ്പോള്‍ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു. മാരക രോഗികളായിട്ടുള്ളവര്‍ ഒരു വീട്ടില്‍ത്തന്നെ ഒന്നിലധികമുള്ളതും മിക്ക വീട്ടിലെയും രോഗികളെ സംരക്ഷിക്കാന്‍ കാര്യമായ സൌകര്യങ്ങളില്ലാത്തതും വേദന ജനിപ്പിക്കുന്നതായി. ജീവിക്കുന്ന തെളിവുകള്‍ വെറും മിഥ്യയാണെന്ന് പുലമ്പുന്ന സര്‍ക്കാര്‍ ജനാധിപത്യ രാജ്യത്ത് ജനതാല്‍പര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ആത്മ പരിശോധന നടത്തേണടതുണ്ട്. എന്തൊക്കെയായിരുന്നാലും കലങ്ങി മറിഞ്ഞ മനസ്സുമായി അവര്‍ നമ്മില്‍ നിന്ന് എന്തൊക്കെയോ പ്രതീക്ഷിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടത് ആരുടെയും ഔദാര്യമല്ല, നമ്മുടെ സ്വസ്ഥജീവിതത്തില്‍ അവര്‍ അസ്വസ്ഥരുമല്ല. മറിച്ച്, തങ്ങള്‍ക്ക് നിഷേധിച്ച അവകാശങ്ങള്‍ നേടിയെടുക്കണം, ഇവിടെ മതമോ ജാതിയോ ഇവര്‍ക്ക് വിഷയമില്ല. വേദനിക്കുന്ന സഹോദരന്റെ കണ്ണീരൊപ്പണം അത്രയേ ഉള്ളൂ.
ഞങ്ങളുടെ സന്ദര്‍ശന സമയത്ത് ജില്ലയുടെ രണ്ടിടങ്ങളിലായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടങ്ങള്‍ നടക്കുന്നുണ്ടെന്നറിഞ്ഞതും രണ്ടിടങ്ങളിലും ജി.ഐ.ഒ വിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായതും വലിയ നേട്ടമായി കാണുന്നു. ഒപ്പുമരച്ചുവട്ടില്‍ നടന്ന ഒപ്പു ശേഖരണത്തില്‍ ഒപ്പു വെച്ചതും പരിപാടിയുടെ രക്ഷാകര്‍ത്താവായ എം.എ റഹ്മാന്‍ ഒത്തിരി നേരം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നതും ഉപകാരപ്രദമായി. ഉപവാസത്തില്‍ പങ്കുകൊണ്ട അനേകം രോഗികളായ കുഞ്ഞുങ്ങള്‍ മനസ്സിനെ മുറിപ്പെടുത്തുന്നതായിരുന്നു. എന്‍ഡോസള്‍ഫാന്‍ കീടനാശിനി കാസര്‍ഗോഡിന്റെ ജനതയുടെ മണ്ണിനെയും ജലത്തെയും മാത്രമല്ല, ശ്വസിക്കുന്ന വായുവിനെപ്പോലും മലിനപ്പെടുത്തിയിരിക്കുന്നു. 2000 ത്തോടുകൂടി ഇവിടങ്ങളില്‍ മരുന്നു തളി നിര്‍ത്തിയെങ്കിലും ഇന്നും ജനിക്കുന്ന മക്കളില്‍ ബുദ്ധിവൈകല്യവും മാനസിക വിഭ്രാന്തിയും അംഗവൈകല്യവും കണ്ടുവരുന്നുണ്ട്. ഇത് എത്രകാലം തുടരുമെന്നതില്‍ നിശ്ചയമില്ല. പല രാജ്യങ്ങളും പരീക്ഷിച്ച് നിരോധിച്ച ഈ വിഷമാലിന്യം ഇന്ത്യയിലും നിരോധിക്കണമെന്ന മറ്റു രാജ്യങ്ങളിലെ ആളുകള്‍ സ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ വാദിച്ചത് കാസര്‍കോഡിലെ ദുരിതപര്‍വം കണ്ടാണ്.
പ്രശ്നബാധിത പ്രദേശത്ത് അനവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. പഠന റിപ്പോര്‍ട്ട് ജനസമക്ഷം സമര്‍പ്പിച്ചിട്ടുമുണ്ട്. പക്ഷേ പഠനം നടത്തിയവരും പഠന വിഭാഗത്തെ നയിച്ചവരും ഈ വിഷയത്തില്‍ അജ്ഞരാണ്. ഒരുപക്ഷേ അത്തരത്തില്‍ നടിക്കുന്നതാവാം. പഠന റിപ്പോര്‍ട്ടുകള്‍ എന്നും ഇരകള്‍ക്കൊപ്പമാണ്. അടിക്കടിയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും കേന്ദ്ര സര്‍ക്കാറുകള്‍ അവയെ അതിജീവിക്കാനാണ് ശ്രമിച്ചത്. മിക്ക റിപ്പോര്‍ട്ടുകളും കേന്ദ്രം തള്ളുകയും ചെയ്തു. ഇരകള്‍ക്ക് വേണ്ടിയുള്ള അടിയന്തിര ആശ്വാസ ധനം നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നില്ല എന്നത് പ്രതീക്ഷയറ്റ ഒരു പറ്റം ജനതയെ സൃഷ്ടിക്കും എന്നതില്‍ സംശയമില്ല. എന്നിരുന്നാലും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരുപറ്റം സുമനസ്സുകള്‍ ഈ മാര്‍ഗത്തില്‍ നിലയുറപ്പിച്ചത് ആശാവഹമാണ്.
കുത്തക താല്‍പര്യക്കാര്‍ തല്ലിക്കെടുത്തിയ ഈ പ്രദേശത്തുകാരുടെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുന്നത് സോളിഡാരിറ്റിയെപ്പോലുള്ള നന്മ വറ്റിയിട്ടില്ലാത്ത യുവത്വം വഴിയാണ്. ഞങ്ങള്‍ സന്ദര്‍ശിച്ച മിക്ക വീടുകളും സോളിഡാരിറ്റിയുടെ റിഹബിലിറ്റേഷന്‍ പ്രൊജക്റ്റില്‍ ഉള്‍പ്പെട്ടതാണ്. ഞങ്ങള്‍ സോളിഡാരിറ്റിയുടെ മക്കളാണ് എന്ന് പറഞ്ഞപ്പോള്‍ നിറകണ്ണുകളോടെ ആലിംഗനം ചെയ്യുകയും സോളിഡാരിറ്റി പ്രവര്‍ത്തകരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്തത് വേദനിപ്പിക്കുന്നതായി.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top