അപരിചിതരോടുള്ള സൌഹൃദം

എന്‍.പി ഹാഫിസ് മുഹമ്മദ് No image

ഓര്‍മയില്‍ ഒരു സഹയാത്രികന്റെ ചിത്രം: വര്‍ഷങ്ങള്‍ക്ക് മുമ്പ് അധ്യാപകര്‍ക്കുള്ള ഒരു പരിശീലനക്കളരിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു. കോഴിക്കോട് നിന്ന് കയറിയതു തൊട്ട് തീവണ്ടിയിലടുത്തിരിക്കുന്ന യാളിനെ കാണുന്നുണ്ട്. എന്നെ യാത്രയയക്കാന്‍ വന്നവര്‍ വണ്ടിയനങ്ങും വരെ തീവണ്ടി മുറിയില്‍ അതുമിതും പറഞ്ഞ് അടുത്തുണ്ടായിരുന്നു. അതയാള്‍ ശ്രദ്ധിച്ചതു പോലുമില്ല. വണ്ടിയനങ്ങിയിട്ടും അയാള്‍ പുറത്തേക്ക് തന്നെ നോക്കിയിരിപ്പാണ്. ഏതോ ഒരു കരാറെടുത്തപോലെ. ടിക്കറ്റ് പരിശോധിക്കാനാള്‍ വന്നപ്പോള്‍ ആരുടെയും മുഖം നോക്കാതെ ടിക്കറ്റെടുത്തു കൊടുത്ത് സ്വന്തം ലോകത്തേക്ക് മടങ്ങി. പിന്നെ അയാള്‍ ഒരു ഇംഗ്ളീഷ് പുസ്തകമെടുത്ത് അതില്‍ കണ്ണും മനസ്സും പൂഴ്ത്തി. ഒരിടയ്ക്ക് ഞാനയാളോട് ചോദിച്ചു: 'ഡല്‍ഹിക്കാണോ?' 'ഉം' എന്നൊരു മൂളല്‍ മാത്രം. ദയവു ചെയ്ത് എന്നെ ഉപദ്രവിക്കരുതേ എന്ന മൂകാഭ്യര്‍ഥന. കുറച്ചു നേരം മിണ്ടാനെനിക്കുമായില്ല. ഞാന്‍ അയാളെത്തന്നെ നോക്കിയിരുന്നു. പിന്നെ മെല്ലെ ബാഗ് തുറന്ന് സ്കെച്ച് എടുത്ത് സാവധാനം അയാളുടെ രേഖാ ചിത്രം വരച്ചു. എന്റെ ഇടതു വശത്തിരുന്ന യാത്രികന് അയാളുടെ ചിത്രം നന്നേ ഇഷ്ടമായി. അയാള്‍ മെല്ലെ പറഞ്ഞു: 'അയാള്‍ക്ക് കാണിക്കൂ. ഞാനയാള്‍ക്ക് അത് കാണിച്ചു. അയാളുടെ മുഖം തെളിഞ്ഞു. അപ്പോള്‍ ഞാന്‍ അയാളുടെ കൈയിലുള്ള പുസ്തകം ഏതാണെന്ന് മനസ്സിലാക്കിയിരുന്നു. ജാപ്പനീസ് എഴുത്തുകാരന്റെ പുസ്തകം യസുനാരികവാബത്ത. ചിത്രത്തില്‍ മുഴുകിയിരിക്കുന്ന അയാളോട് ഞാന്‍ ചോദിച്ചു: 'കവാബത്തയെ സാറിനിഷ്ടാണോ?' അയാളുടെ മറുചോദ്യം: 'കവാബത്തയെ വായിച്ചിട്ടുണ്ടോ? കവാബത്തയുടെ ഒരു നോവലിന്റെ മലയാള വിവര്‍ത്തനം ഞാന്‍ വായിച്ചത് അയാളോട് പറഞ്ഞു. അതിഷ്ടമായില്ലേ എന്നയാളുടെ ചോദ്യം. വൃദ്ധ മനസ്സിന്റെ അസാധാരണമായ അവതരണം കവാബത്തയ്ക്ക് സാധിച്ചതിനെക്കുറിച്ച് ഞാന്‍ പറഞ്ഞു. അയാള്‍ സാകൂതം എന്റെ വാക്കുകള്‍ ശ്രദ്ധിച്ചു. ഞങ്ങളുടെ വര്‍ത്തമാനം അയ്യനേത്തിന്റെ 'അരനാഴികനേര'ത്തിലേക്കും എം.ടി യുടെ 'സ്വര്‍ഗവാതില്‍ തുറക്കുന്ന നേര'ത്തിലേക്കും വഴിമാറി. നമ്മുടെ വൃദ്ധരെക്കുറിച്ച്, അവരുടെ ലോകത്തെക്കുറിച്ച്, പുതിയ മലയാളി എഴുത്തുകാര്‍ എഴുതാത്തതിനെക്കുറിച്ചായിരുന്നു അയാളുടെ പരിവേദനം. ഞാന്‍ കൊച്ചുബാവയുടെ വൃദ്ധസദനത്തെക്കുറിച്ച് പറഞ്ഞു. അതയാള്‍ വായിച്ചിട്ടില്ല. വായനയുടെയും പുസ്തകങ്ങളുടെയും ലോകങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ പരിചിതത്വത്തിന്റെ പാലങ്ങള്‍ പണിതു. പിന്നെ അയാളുടെ ജോലിയെക്കുറിച്ചായി സംസാരം. അയാളൊരു കെമിസ്റ്. രസതന്ത്രത്തിന്റെ അത്ഭുത ലോകം എനിക്കു മുമ്പില്‍ പടര്‍ന്നു. ഞാനറിയാത്ത ഒരസാധാരണ പ്രപഞ്ചം അയാളുടെ അനുഭവങ്ങളില്‍ നിന്നും വിരിഞ്ഞു.
യാത്രയില്‍ ഇത്തരം കൂട്ട് പലപ്പോഴും ഉണ്ടായിട്ടുണ്ട്. ചിലപ്പോളത് വിരസമായിപ്പോയേക്കാവുന്ന നിമിഷങ്ങള്‍ മാറ്റി മറിക്കുന്നു. ചിലപ്പോള്‍ നമുക്കറിയാത്ത ജീവിത മണ്ഡലങ്ങളിലേക്കും എളുപ്പം പ്രവേശിക്കാനുള്ള മാര്‍ഗമായി മാറുന്നു. ഒറ്റക്കായി വിഷമിച്ചേക്കാവുന്ന നേരങ്ങളെ അതില്ലാതാക്കുന്നു. എവിടെയും നമുക്ക് സഹജീവികളുടെ കൂട്ടുണ്ട് എന്ന് അനുഭവിച്ചറിയുന്നു. അപരിചിതര്‍ ആഹ്ളാദവും അത്താണിയുമായി മാറുന്നു. പഴയകാല കൊച്ചു സമുദായങ്ങളല്ല ഇന്ന് ലോകത്തുള്ളത്. ജനപ്പെരുപ്പവും നഗരവല്‍ക്കരണവും അപരിചിതരുടെ പെരുംലോകങ്ങളുണ്ടാക്കിയിരുന്നു. ദേശങ്ങളും വര്‍ഗങ്ങളും കൂടിക്കുഴഞ്ഞ് കിടക്കുന്നു. ആളുകള്‍ ഉള്‍വലിഞ്ഞ് കൊച്ചു തുരുത്തുകളിലഭയം പ്രാപിക്കുന്നു. സ്വയം ദ്വീപുകളായി പരിണമിക്കുന്നു. ചിലര്‍ക്ക് അപരിചിതര്‍ക്കിടയിലെ ജീവിതം പ്രിയപ്പെട്ടതാണ്. പരസ്പരമറിയായ്മയുടെ വന്‍ ചുമരുകള്‍ പണിത് അപ്പുറവുമിപ്പുറവുമായി സ്വതന്ത്ര പ്രപഞ്ചങ്ങള്‍ പണിത് അവര്‍ ജീവിതം ആഘോഷമാക്കുന്നു. എന്നാലവരില്‍ പലരും അപരിചിതത്വത്തിന്റെ ഭൂഗര്‍ഭ അറകള്‍ ഇഷ്ടപ്പെടുന്നത് സാഹചര്യ സമ്മര്‍ദങ്ങളാലാണ്.
അപരിചിതത്വത്തിന്റെ പുറന്തോട് പൊട്ടിക്കുമ്പോള്‍ ചില സാധ്യതകളുയരുന്നു. ചിലര്‍, അടുത്ത് നില്‍ക്കുമ്പോഴോ കൂടെ യാത്ര ചെയ്യുമ്പോഴോ ആദ്യമൊന്ന് നോക്കുന്നു. ഒരു പുഞ്ചിരി പൊഴിച്ച് അടുത്തു വന്ന് ചോദിക്കുന്നു: 'എവിടെയോ കണ്ട് പരിചയമുണ്ടല്ലോ?' ഉണ്ടാകണമെന്നില്ല. എന്നാല്‍ പരിചയപ്പെടാനാഗ്രഹമുണ്ട് എന്നതാണ് ആ ചോദ്യത്തിന്റെ സന്ദേശം. അല്ലെങ്കില്‍ അടുത്തെത്തി ഒരു ചോദ്യം: 'എങ്ങോട്ടാ' എങ്ങോട്ടെന്ന് ചോദിച്ചയാളറിഞ്ഞിട്ട് വലിയ നേട്ടമൊന്നുമില്ലെന്ന് ഇരുവര്‍ക്കും അറിയാം. എന്നാലും നമ്മളുത്തരം നല്‍കുന്നു. പിന്നെ അടുത്ത ചോദ്യം. ഉത്തരങ്ങളാല്‍ സൌഹൃദത്തിന്റെ ഒരു പാലം കെട്ടിപ്പടുക്കുന്നു. കൂടെയുള്ള ഒരാളെക്കുറിച്ചുള്ള അറിവ് അയാളുടെ അനുഭവങ്ങളും അറിവുകളും പകുത്തു വാങ്ങാനുള്ള അവസരമാണ്. മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്ന് ഒരാള്‍ക്ക് വിലയേറിയ പാഠങ്ങളുണ്ടാവും. ആ പാഠങ്ങള്‍ ജീവിതത്തിലെവിടെയെങ്കിലും പ്രയോജനപ്രദമാകാതിരിക്കില്ല.
പലപ്പോഴും അപരിചിതരുമായുള്ള ആകസ്മിക ബന്ധം ഒറ്റക്കാവുന്ന ഘട്ടങ്ങളില്‍ നാം തനിച്ചല്ല എന്ന വിചാരം ഉണ്ടാക്കുന്നു. പലര്‍ക്കും അത് ആന്തരിക സംഘര്‍ഷം കുറക്കാന്‍ സഹായകരമായിത്തീരുന്നു. അപരിചിതര്‍ ചിലപ്പോള്‍ അത്ഭുതമാവും. നമ്മള്‍ ആദരിക്കുകയും കാണാന്‍ കൊതിക്കുകയും ചെയ്യുന്നവര്‍ ദൈവദൂതനെപ്പോലെ മുമ്പിലെത്തും. കോളേജില്‍ പഠിക്കുന്ന നാളുകളിലുണ്ടായ ഒരു സംഭവം: കോഴിക്കോട് ആകാശവാണി ഓണാഘോഷത്തോടനുബന്ധിച്ച് പ്രശസ്തരുടെ കഥകള്‍ അവതരിപ്പിക്കുന്നു. കഥകള്‍ ലൈവായി കഥയെഴുതിയയാളിനെക്കൊണ്ട് പൊതു സദസ്സില്‍ വെച്ച് വായിപ്പിക്കുന്നു. റെക്കാര്‍ഡ് ചെയ്ത് ഓരോ ദിവസങ്ങളിലായി അവതരിപ്പിക്കുന്നു. കഥാ വായന കേള്‍ക്കാന്‍ ഞാന്‍ ആകാശവാണിക്കടുത്തെത്തി. അല്‍പം നേരത്തെയായതു കൊണ്ട് കടപ്പുറത്തോട് ചേര്‍ന്ന സിമന്റ് തറയിലിരിക്കുകയായിരുന്നു. അടുത്തൊരാള്‍ വന്നിരുന്നു. പ്രായമുണ്ട്. അയാളെന്നെ നോക്കി പുഞ്ചിരിച്ചു. പിന്നെ ഒരു ചോദ്യം: 'ആരാ?' ഞാനെന്നെ പരിചയപ്പെടുത്തി. 'നിങ്ങള്‍?' അയാള്‍ പറഞ്ഞു: 'ആകാശവാണീടെ കഥാവായനക്ക് വന്നതാ. കോവിലന്‍.' ഞാനത്ഭുതം കൊണ്ട് അനങ്ങാന്‍ പറ്റാതിരുന്നു. മെല്ലെ പറഞ്ഞു: 'കഥ വായിക്കുന്ന മറ്റൊരാളുടെ മകനാ ഞാന്‍.' 'ആരാ?' ഞാന്‍ പറഞ്ഞു: 'എന്‍.പി മുഹമ്മദ്.' 'എന്റീശ്വരാ! താനല്ലേ കഥയെഴുതുന്ന ഹാഫിസ്?' പിന്നീട് കോവിലനുമായുള്ള ബന്ധം എഴുത്തിലൂടെ നില നിന്നു. രണ്ടിലധികം തവണ വീട്ടില്‍ പോയി. ഏറെ അടുത്തു. തുടക്കം അപരിചിതത്വത്തിന്റെ മറ തകര്‍ത്ത രണ്ടക്ഷരങ്ങളില്‍ നിന്ന്: 'ആരാ?'
ഒരപരിചിതയോടോ അപരിചിതനോടോ ഉള്ള ബന്ധം ഏതു വിധം തുടങ്ങണം? സൂത്രവാക്യങ്ങളൊന്നുമില്ല. മുന്‍വിധികള്‍ മാറ്റിവെച്ച് ഒരാളോട് സംസാരിച്ച് തുടങ്ങുക എന്നതാണ് പ്രധാനം. മുന്‍വിധികള്‍ ഒരാളെ മറ്റൊരാളില്‍ നിന്ന് അകറ്റുന്നുണ്ട്. വേഷമോ ഭാഷയോ ആചാരമോ അനുഷ്ഠാനമോ വിശ്വാസമോ സാമ്പത്തികാവസ്ഥയോ ചിലപ്പോള്‍ ചിലരെ മാറ്റി നിര്‍ത്താന്‍ കാരണമാവാറുണ്ട്. മുന്‍വിധികള്‍ മാറ്റി വെക്കുമ്പോള്‍ പരിചിതത്വത്തിന്റെ വാതില്‍ തുറക്കപ്പെടുന്നു.
നമുക്കടുത്തെത്തുന്ന ഒരാളുടെ ബാഹ്യഘടകങ്ങളിലാണ് നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കുന്നത്. അത് വ്യക്തിത്വത്തിന്റെ നമുക്കും അയാള്‍ക്കുമറിയാവുന്ന പരസ്യ ഘടകമാണ്. അത് തെറ്റിദ്ധരിപ്പിക്കാവുന്നതുമാണ്. എന്നാല്‍ വ്യക്തിക്കറിയുന്ന, മറ്റുള്ളവര്‍ക്കറിയാത്ത രഹസ്യഘടകങ്ങളുണ്ട്. വ്യക്തിക്കറിയാത്ത, മറ്റുള്ളവരറിയുന്ന മറഞ്ഞിരിക്കുന്ന ഘടകങ്ങളുണ്ട്. രഹസ്യമായി മറഞ്ഞിരിക്കുന്ന ഘടകങ്ങളെ പരസ്പരം കൈമാറാന്‍ ആളുകളുമായി ഇടപഴകിയേ പറ്റൂ. അത് മറ്റൊരാളെ അറിയാനുള്ള നേരിട്ടുള്ള ശ്രമമാണ്.
ബാഹ്യ ഘടകങ്ങളിലൂടെ ചിലപ്പോള്‍ ചിലര്‍ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. വൃത്തിയും വെടിപ്പുമുള്ള വേഷം ഒരാള്‍ മാന്യനോ മാന്യയോ ആണെന്ന ധാരണ ഉണ്ടാക്കുന്നു. എന്നാല്‍ അങ്ങനെയാവണമെന്നില്ല. അപരിചിതരോട് അടുക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ചതിക്കപ്പെടാനുള്ള സാധ്യത നേരത്തെ തിരിച്ചറിയാനായാല്‍ മതി. അപരിചിതന്‍ തരുന്ന ഭക്ഷണ പദാര്‍ഥമോ പാനീയമോ ചിലപ്പോള്‍ അപകടം വരുത്തിയേക്കാം. പരിചയപ്പെട്ടയുടനെ കൈമാറുന്ന ഭക്ഷണ പാനീയങ്ങള്‍ വിനയത്തോടെ തിരസ്കരിക്കാവുന്നതാണ്. അപരിചിതരുമായുള്ള പണമിടപാടിലും ശ്രദ്ധിക്കേണ്ടതുണ്ട്. അപരിചിതരാരെന്ന് വ്യക്തമായറിയാത്ത സന്ദര്‍ഭങ്ങളിലും തെറ്റിദ്ധരിപ്പിക്കപ്പെടുമ്പോഴും ചതിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. അപരിചിതരോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നര്‍ഥം.
ഒരാളുടെ വ്യക്തിത്വത്തിലെ ഏതെങ്കിലുമൊരു ഘടകത്തെ വിപുലീകരിച്ചോ കുറച്ചു കാണിച്ചോ വിലയിരുത്തരുത്. വസ്തുനിഷ്ഠമായ ഒരു നിഗമനം അപരിചിതരെ കുറിച്ചുണ്ടാക്കാനാവണം. ഒരാളുടെ അടുപ്പം അമിതമാവുമ്പോഴോ അസ്ഥാനത്താവുമ്പോഴോ ശ്രദ്ധ കൂടുതല്‍ വേണം. ഒരാളുമായുള്ള വര്‍ത്തമാനത്തിന്റെ തുടക്കം അടുക്കാനോ അകറ്റാനോ കാരണമായിത്തീരാറുണ്ട്. സാധാരണയായി ഒരു വ്യക്തിയുമായുള്ള ഭാഷണം കാലാവസ്ഥയെക്കുറിച്ചോ സമകാലിക സംഭവങ്ങളെക്കുറിച്ചോ പ്രതികരിച്ചു കൊണ്ടോ ആണ് തുടങ്ങുക. അത്തരം കാര്യങ്ങളില്‍ സ്വാഭാവികമായും ഏവരും അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു തുടങ്ങുന്നു. അഭിപ്രായങ്ങള്‍ പറയാതിരിക്കുന്നത്, അത്രയെളുപ്പം അടുക്കുവാനിടയില്ലെന്നതിന്റെ സൂചന കൂടിയാണ്. സമാന താല്‍പര്യങ്ങളറിയാന്‍ രണ്ടു പേര്‍ തമ്മിലുള്ള ഭാഷണം എളുപ്പമായി തീരുന്നു. അതറിയാത്തവര്‍ക്കിടയില്‍ അപരിചിതത്വത്തിന്റെ മഞ്ഞുമലകളുരുക്കുന്നു. ആദ്യം തന്നെ നിര്‍ത്താതെ വര്‍ത്തമാനം പറയുന്നതോ മറ്റൊരാളെ അവഗണിക്കുകയോ പരിഹസിക്കുകയോ ചെയ്ത് സംസാരിക്കുന്നതോ മറ്റുള്ളവര്‍ക്ക് അനിഷ്ടമേ ഉണ്ടാക്കാനിടയുള്ളൂ.
അപരിചിതരോട് സംസാരിക്കുമ്പോള്‍ അവര്‍ക്ക് സംസാരിക്കാനവസരം കൊടുക്കേണ്ടതുണ്ട്. ശ്രദ്ധയോടെ കേള്‍ക്കാന്‍ ശ്രമിക്കുക എന്നത് ഒരാളുമായടുക്കാനും അറിയാനും സഹായിക്കുന്നു. അപരിചിതരുടെ ശരീര ഭാഷ നിരീക്ഷിക്കാനും വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാനും പരിശീലനം കൊണ്ട് സാധിക്കും. പറയുന്നതും ശരീരം വെളിപ്പെടുത്തുന്നതും പൊരുത്തപ്പെട്ട് കിടക്കുമ്പോള്‍ ഒരാളുടെ ഭാഷണം കൂടുതല്‍ ആകര്‍ഷകമാകുന്നു. അത് മറ്റുള്ളവര്‍ക്ക് എളുപ്പം വ്യക്തിയെ മനസ്സിലാക്കാനുള്ള ഫലവത്തായ മാര്‍ഗമാണ്. അപരിചിതരുടെ ശരീര ഭാഷ നമുക്ക് വായിച്ചെടുക്കാനാവുന്ന പോലെ നമ്മുടെ ശരീരവും സന്ദേശങ്ങളും മറ്റുള്ളവര്‍ക്ക് നല്‍കുന്നുവെന്നത് മറന്നുകൂടാ.
അപരിചിതരുമായുള്ള ഭാഷണം എവിടെ വെച്ച് അവസാനിപ്പിക്കണമെന്നതും പ്രധാനപ്പെട്ട കാര്യമാണ്. അത് സാഹചര്യങ്ങളുമായും വ്യക്തികളുമായും ബന്ധപ്പെട്ട് കിടക്കുന്നു. ഒരാളുടെ സൌഹൃദം അതിര്‍ത്തി വിടുന്നുവെന്നറിയുമ്പോള്‍ നിര്‍ത്താന്‍ ശ്രമിക്കാം. പരസ്പരം പ്രയോജനപ്രദമല്ലാതെ പോകുമ്പോഴും വിരസമായിത്തീരുമ്പോഴും അഭിമുഖീകരണം മുന്നോട്ട് കൊണ്ടുപോകാനായേക്കില്ല. അപരിചിതരുമായുള്ള വര്‍ത്തമാനം അനിവാര്യ ഘട്ടത്തില്‍ അറുതി വരുത്തേണ്ടതാണെന്നര്‍ഥം. അതെപ്പോഴെന്ന് തിരിച്ചറിയണം. ചിലര്‍ക്ക്, ആവശ്യമെങ്കില്‍ സൌഹൃദം പിന്നീടും തുടരാം. വിലാസമോ ഫോണ്‍ നമ്പറോ കൈമാറാം. എന്നാലത് ബാധ്യതയോ ഭാരമോ ആകരുത് എന്ന് മാത്രം.
നമ്മുടെ നാട്ടില്‍ സൌഹൃദത്തിനും അപരിചിതരുമായി ഇടപെടുന്നതിനും സാംസ്കാരികവും ലിംഗപരവുമായുള്ള വ്യത്യാസം പരിഗണിക്കേണ്ടതുണ്ട്. ആണ്‍-പെണ്‍ പരിചയപ്പെടലുകള്‍ക്ക് നമ്മുടെ ചുറ്റുവട്ടത്ത് ചില നിയന്ത്രണങ്ങളുണ്ട്, പരിമിതികളുമുണ്ട്. അപരിചിതരുമായി ഇടപഴകാന്‍ സ്ത്രീകള്‍ പൊതുവെ മടിക്കുന്നു. പലപ്പോഴും പുരുഷന്മാരാണതിന് കാരണക്കാര്‍. സാമൂഹികമായ കാഴ്ചപ്പാടും മറ്റൊരു കാരണമാണ്. കാണുന്നവര്‍ക്കും അത്തരം സൌഹൃദങ്ങള്‍ വിശേഷിച്ചൊരു കാരണവുമില്ലാതെ രുചിക്കുന്നില്ല.
അപരിചിതര്‍ക്കിടയില്‍ 'നിങ്ങള്‍ ഇന്നയാളല്ലേ' എന്ന് ചോദിച്ച് അടുത്തു വരുന്നത് ചിലപ്പോള്‍ ആഹ്ളാദകരമായേക്കാം. പലര്‍ക്കും ഇത് അസ്വസ്ഥതക്ക് കാരണമാകുന്നു. ഒരിക്കല്‍ സംവിധായകനായ കമലിനൊപ്പം യാത്ര ചെയ്യുമ്പോള്‍ ഞാനതറിഞ്ഞതാണ്. കേരളത്തിലല്ലാത്ത ഒരു എയര്‍പോര്‍ട്ടില്‍ വെച്ച് ആളുകള്‍ അടുത്തു വന്ന് ചോദിച്ചിരുന്നതൊക്കെ ഒരേ ചോദ്യങ്ങളാണ്: 'കമല്‍ സാറല്ലേ? എന്താണിവിടെ? എങ്ങോട്ടാണ്? അടുത്ത സിനിമയേതാണ്? പിന്നെ മൊബൈല്‍ ഫോണെടുത്ത് 'ഒരു ഫോട്ടോ എടുക്കട്ടെ' എന്ന ചോദ്യം. കമല്‍ എന്നോട് പറഞ്ഞു: 'ഇത് ആസ്വദിക്കുന്നവരുണ്ടാകാം. എന്നെ സംബന്ധിച്ച് ഈ പരിചയപ്പെടലുകള്‍ അരോചകമാണ്.' രണ്ടു കൂട്ടര്‍ക്കും വിശേഷിച്ചൊരു പ്രയോജനവുമില്ലാത്ത പരിചയപ്പെടലുകളായി, ചില 'സെലിബ്രിറ്റി'കള്‍ക്ക് ഇങ്ങനെയുള്ള അഭിമുഖീകരണം മാറുന്നുവെന്നര്‍ഥം. സാധാരണക്കാര്‍ക്കും ചിലപ്പോള്‍ ഇങ്ങനെ തോന്നാവുന്നതാണ്. സ്വകാര്യതയിലേക്കുള്ള കൈയേറ്റമാണത്. ആരും തിരിച്ചറിയാതിരിക്കുക എന്നതും ചിലപ്പോള്‍ ചിലര്‍ക്ക് ആഘോഷമാണ്. അത്തരം സന്ദര്‍ഭങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ 'വെറുതെ വിടുന്ന'താണ് ഇരുകൂട്ടര്‍ക്കും നല്ലത്.
സഹജീവികളെ തിരിച്ചറിയാനും അത് അറിവാക്കി മാറ്റാനും അതിലൂടെ വളരാനുമുള്ള അവസരങ്ങളായി അപരിചിതരോടുള്ള സൌഹൃദം പലപ്പോഴും മാറ്റിയെടുക്കാവുന്നതാണ്.
ശേഷക്രിയ:
1. ഒരാളെ കാണുമ്പോള്‍ പരിചയപ്പെടാനാശിക്കുന്നുവെങ്കില്‍ അതയാള്‍ക്ക് വിഷമമോ ഇഷ്ടക്കേടോ ഉണ്ടാക്കുമോ എന്നതാദ്യം അറിയുക. സന്ദര്‍ഭവും വ്യക്തിയുടെ മാനസികാവസ്ഥയും പരിഗണിച്ച് ഇക്കാര്യം തീരുമാനിക്കുക.
2. ഒരാളെ വന്ദനം നടത്തിയോ പുഞ്ചിരിയോടെ അഭിമുഖീകരിച്ചോ പരിചയപ്പെടല്‍ ആരംഭിക്കുക.
3. ചുറ്റുവട്ടത്തോട് ബന്ധപ്പെട്ട ഒരു കാര്യത്തില്‍ നിന്ന് സംഭാഷണം തുടങ്ങാവുന്നതാണ്. കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യുന്ന പ്രതികരണത്തില്‍ നിന്ന് വര്‍ത്തമാനം തുടങ്ങരുത്.
4. അപരിചിതനോടുള്ള നല്ല പ്രതികരണങ്ങള്‍ മറച്ചു വെക്കാതിരിക്കുക. അഭിനന്ദനം ഒരാള്‍ അര്‍ഹിക്കുന്നുവെങ്കില്‍ അത് പറയുക.
5. ഒരാളില്‍ നിന്ന് നമുക്കറിയാന്‍ തോന്നുന്ന ആ വ്യക്തിയുടെ പ്രവൃത്തിയെക്കുറിച്ചോ അനുഭവങ്ങളെക്കുറിച്ചോ ഉള്ള കൊച്ചു ചോദ്യങ്ങള്‍ ഉന്നയിക്കുക.
6. മറ്റുള്ളവരുടെ പ്രതികരണങ്ങള്‍, വിശദീകരണങ്ങള്‍ തുടങ്ങിയവ ശ്രദ്ധയോടെ കേള്‍ക്കാനും ഗ്രഹിക്കാനും ശ്രദ്ധിക്കുക. കേള്‍വി ഒരു വഴിപാടാകരുത്.
7. അപരിചിതരുടെ വാക്കുകളില്‍ നിന്ന് കിട്ടുന്ന കാര്യങ്ങളിലെ ആകര്‍ഷക ഘടകത്തെക്കുറിച്ചോ കൌതുകകരമായ കാര്യങ്ങളെക്കുറിച്ചോ പറയാന്‍ മടിക്കരുത്. ഒരാള്‍ സംസാരിക്കുമ്പോള്‍ നമ്മുടെ നിരീക്ഷണങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.
8. ആത്മ പ്രശംസ ഒഴിവാക്കുക.
9. വളരെ വ്യക്തിപരവും സ്വകാര്യവുമായ കാര്യങ്ങള്‍ ചോദിക്കാതിരിക്കുക. വ്യക്തിപരമായ കാര്യങ്ങള്‍ എത്രത്തോളം പറയണമെന്നത് പറയുന്നയാളിന്റെ അവകാശമാണ്.
10. കടുത്ത വിമര്‍ശനം ഒഴിവാക്കുക. എതിരഭിപ്രായം വിനയത്തോടെ അവതരിപ്പിക്കുക. ഏത് കാര്യത്തിലും അവസാന വാക്ക് നമ്മുടേത് മാത്രമാണെന്ന ധാരണ മാറ്റി സംസാരിക്കുക.
11. അപരിചിതര്‍ നമുക്ക് അപകടകരമായ സന്ദര്‍ഭം ഉണ്ടാക്കിക്കൂടാ. ഇക്കാര്യത്തിലുള്ള ശ്രദ്ധ എപ്പോഴും ഉണ്ടായിരിക്കണം.
12. ഒരാള്‍ക്ക് നമ്മോട് സംസാരം നിര്‍ത്താനുള്ള അവകാശമുണ്ട്. അതയാളാണ് തീരുമാനിക്കേണ്ടത്. നമുക്കും ഒരാളോടുള്ള ഭാഷണം എപ്പോള്‍ നിര്‍ത്താമെന്നുള്ളതിന് അവകാശമുണ്ട്. ഒരാളെ വേദനിപ്പിച്ചു കൊണ്ട് വര്‍ത്തമാനമവസാനിപ്പിക്കലല്ല ഉചിതം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top