ഖുര്‍ആനിന്റെ സാംസ്കാരിക ആവിഷ്കാരങ്ങള്‍

കെ.പി സല്‍വ

ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്, വാചകങ്ങളാണ്. അതുകൊണ്ടു തന്നെ അത് സുസ്ഥിരമാണ്. മാറ്റങ്ങള്‍ക്കതീതമായ സ്ഥായിയായ ഒരു ചരിത്രമതിനുണ്ട്. അതിനു സമാന്തരമായി ഖുര്‍ആനിന് ചലനാത്മകമായൊരു സാംസ്കാരിക ചരിത്രമുണ്ട്. വിശ്വാസി അനുഭവിച്ചതിന്റെയും ആവിഷ്കരിച്ചതിന്റെയും സാംസ്കാരിക ചരിത്രം. ഖുര്‍ആനിനോടൊപ്പം തന്നെ ആരംഭിക്കുന്നതും പ്രയാണം ചെയ്യുന്നതുമാണ് ഖുര്‍ആനിന്റെ സാസക്കാരിക ചരിത്രം. 
ലോകത്താകമാനം പരന്നു കിടക്കുന്ന മുസ്ലിം സമുദായം പ്രാദേശികമായ വ്യത്യാസങ്ങള്‍ കാണിക്കുമ്പോള്‍ തന്നെ അസാമാന്യമായ വിധം ഏകതയും സമാനതയും നിലനിര്‍ത്തുന്നുണ്ട്. ഒരേ ദൈവം, ഒരേ പ്രവാചകന്‍, ഒരേ ഗ്രന്ഥം, ഒരേ ഖിബ്ല തുടങ്ങിയ ഏകകങ്ങളാണ് ഈ ഉദ്ഗ്രഥനം സാധ്യമാക്കുന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ അനുഷ്ഠാനങ്ങളും മതചിഹ്നങ്ങളും ഇല്ലാതായ സമൂഹങ്ങള്‍ പോലും മുസ്ലിം സ്വത്വം നിലനിര്‍ത്തുന്നത് കാണാം. ചൈനയിലെ ഉയിഗൂര്‍ മുസ്ലിംകള്‍ വര്‍ത്തമാനകാല ഉദാഹരണമാണ്.
അല്ലാഹു അമൂര്‍ത്തവും മനുഷ്യാവിഷ്കാരങ്ങള്‍ക്ക് അതീതവുമാണ്. പ്രവാചകനും ഖുര്‍ആനുമാണ് മുസ്ലിം സാംസ്കാരികാവിഷ്കാരങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അതില്‍തന്നെ പ്രവാചകാവിഷ്കാരങ്ങള്‍ക്ക് ഒറ്റ വിതാനമേയുള്ളൂ. അദ്ദേഹത്തിന്റെ ജീവിതവും അധ്യാപനങ്ങളും മുസ്തഫാ അഖാദിന്റെ 'ദി മെസേജ്' അതിനെ ഭംഗിയായി ആവിഷ്കരിച്ച സിനിമയാണ്. പാട്ടായും കവിതയായും നോവലായുമൊക്കെ പ്രവാചകന്‍ കടന്നു വരുമ്പോള്‍ ഒരേ സമയം അതിമാനുഷികത്വവും ദുരാരോപണങ്ങളും ഭാവനാ വിലാസങ്ങളുമൊക്കെ അദ്ദേഹത്തിനുമേല്‍ ചാര്‍ത്തപ്പെടുന്നുണ്ട്. അല്ലാഹു തന്നെ സംരക്ഷണമേറ്റെടുത്തതു കൊണ്ടാവാം വിസ്മയകരമാംവണ്ണം വ്യത്യസ്ത വിതാനങ്ങളിലും അനേകം ഭാഷകളിലും സംസ്കാരങ്ങളിലും വിഭിന്നമായ ആവിഷ്കാരങ്ങളുണ്ടായിട്ടും വിശുദ്ധ ഖുര്‍ആന്‍ ഗരിമയോടെ പാഠമായിത്തന്നെ നിലനില്‍ക്കുന്നത്. ഒരേ സമയം മൂര്‍ത്തവും അമൂര്‍ത്തവും സ്ഥലകാല ബന്ധിതവും അല്ലാത്തതുമായ നിലനില്‍പ്പുണ്ട് വിശുദ്ധ ഖുര്‍ആനിന്. ഈ പ്രത്യേകതയാണ് അതിന് വ്യത്യസ്ത തലങ്ങളിലുള്ള ആസ്വാദനം സാധ്യമാക്കിയത്.
ഖുര്‍ആന്റെ ഒന്നാമത്തെ കലാവിഷ്കാരം അതിന്റെ പാരായണമാണ്. ഖുര്‍ആന്‍ വായിക്കലോ പറയലോ പാടലോ പ്രസംഗിക്കലോ അല്ല, മറിച്ച് ഓതലാണ്. 'ഖുര്‍ആന്‍ കല സംഗീതം' എന്ന പുസ്തകം (ഇസ്മയില്‍ റാജി ഫാറൂഖി, ലൂയിസ് ലംയാഅ് ഫാറൂഖി) ഇസ്ലാമിക ശബ്ദകലകളില്‍ ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത് തര്‍ത്തീലിനാണ്. ശബ്ദകലകളുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത് കൊണ്ടും ഏറ്റവും കൂടുതല്‍ അധ്വാനവും വലിയ നേട്ടവുമുണ്ടാകുന്നത് കൊണ്ടും പ്രവാചക കാലഘട്ടത്തില്‍ തന്നെ നിര്‍ണയിക്കപ്പെട്ടതും അതില്‍ നിന്ന് വെത്യാസപ്പെടാത്തതുമാണ് കാരണം. തനതായ നിയമാവലിയോടെ പാരായണം ചെയ്യുന്ന ഒരേയൊരു വേദഗ്രന്ഥമാണ് ഖുര്‍ആന്‍. നിലവിലെ വേദഗ്രന്ഥങ്ങള്‍ അത് നിലവില്‍ വന്ന കാലത്തെ സാഹിതീയ നിയമ പ്രകാരം വായിക്കപ്പെടുമ്പോള്‍ ഖുര്‍ആന്‍ പാരായണം ഖുര്‍ആനോടൊപ്പം തന്നെ പഠിപ്പിക്കപ്പെടുകയായിരുന്നു. തികച്ചും ദൈവീകമായ താള ഭംഗിയുള്ള പാരായണവും സാഹിതീയ സൌന്ദര്യവും കവിതയുടെയും സാഹിത്യത്തിന്റെയും കുലപതികളായ അറബികളെ മുട്ടുകുത്തിച്ചു. അംഗീകരിക്കപ്പെട്ട പാരായണ ഭേദങ്ങള്‍ തര്‍ത്തീലിനുണ്ടെങ്കിലും ഇന്നും ഖുര്‍ആനോ അറബിയോ അറിയാത്തവരെപ്പോലും വശീകരിക്കുന്നതാണ് ശബ്ദമാധുരിയോടെയുള്ള ഖുര്‍ആന്‍ പാരായണം.
ഖുര്‍ആന്റെ കലാവിഷ്കാരങ്ങളില്‍ രണ്ടാമത്തേത് അതിന്റെ എഴുത്താണ്. അവതരിച്ച കാലത്ത് മുസ്ലിംകളില്‍ എഴുത്തറിയുന്നവര്‍ കുറവായിരുന്നു. പേന കൊണ്ട് പഠിപ്പിച്ച നാഥന്റെ നാമത്തില്‍ അവതരിച്ച ഖുര്‍ആന്‍ മുസ്ലിംകളില്‍ എഴുത്തു വിദ്യ വ്യാപിപ്പിക്കുന്നതിന് മുമ്പേ ചെയ്തത് അറബി ഭാഷയുടെ പുനര്‍ നിര്‍ണയമായിരുന്നു. വ്യാകരണം, ക്രിയാരൂപം, പദഘടന, പദനിര്‍ധാരണം, ശൈലി, ഘടന, സൌന്ദര്യം തുടങ്ങിയവക്കെല്ലാം പിന്നെ ഖുര്‍ആനായി ആധാരം. ഖുര്‍ആനെപ്പോലെ അതിന്റെ ഭാഷയും സ്ഥിരപ്പെട്ടു. നൂറു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മലയാളം പോലും നമുക്ക് മനസ്സിലാക്കാന്‍ പ്രയാസം തോന്നാറുണ്ട്. പക്ഷേ അറബിയറിയുന്ന ആര്‍ക്കും എക്കാലവും ഖുര്‍ആന്‍ മനസ്സിലാക്കാം. ഇസ്ലാം അനറബ് ലോകത്തേക്ക് എത്തിത്തുടങ്ങിയപ്പോള്‍ ഖര്‍ആന്‍ പഠനത്തിനും പാരായണത്തിനും വിശകലനത്തിനും അംഗീകൃത പാഠം അനിവാര്യമായി വന്നു. ഒന്നാം ഖലീഫയുടെ കാലത്ത് പ്രവാചകന്റെ വഹ്യ് എഴുത്തുകാരന്‍ സൈദുബ്നു സാബിത് തയ്യാറാക്കിയ പ്രതിയും മറ്റുള്ളവര്‍ രേഖപ്പെടുത്തിയതും വീണ്ടും പരിശോധിച്ച് ഹിജ്റ 31/ ക്രിസ്തു വര്‍ഷം 651-ല്‍ ഉസ്മാന്‍ (റ) നിരവധി പകര്‍പ്പുകളെടുത്ത് അതിന് തുടര്‍ച്ചയായി ലിപി പരിഷ്കരണവും വികാസവും നടന്നു. പുള്ളികള്‍, സ്വരചിഹ്നങ്ങള്‍, സ്വര വ്യതിയാന ചിഹ്നങ്ങള്‍ എന്നിവ നിലവില്‍ വന്നു. ഖുര്‍ആന്‍ പഠനത്തോടൊപ്പം അതിന്റെ എഴുത്തിലും മുസ്ലിം സമൂഹം അതിയായ താല്‍പര്യം കാണിച്ചു. ഖുര്‍ആന്‍ എഴുത്തുകല അഥവാ 'കലിഗ്രഫി' വികസിച്ചു വന്നു. സുന്ദരമായ ഖുര്‍ആന്‍ പ്രതികള്‍ തയ്യാറാക്കുന്നതില്‍ അധികാരികളും ഭരണ വംശങ്ങളും ധനാഢ്യരും മല്‍സരിച്ചു. കയ്യെഴുത്ത് കലാകാരന്മാര്‍ ആദരിക്കപ്പെട്ടു. അലങ്കരിക്കാന്‍ പറ്റുന്ന വസ്തുക്കളെല്ലാം ഖുര്‍ആന്‍ സൂക്തങ്ങള്‍ കൊണ്ടലങ്കരിച്ചു. വ്യത്യസ്ത നാടുകളില്‍ വ്യത്യസ്ത പേരുകളില്‍ 'കലിഗ്രഫി' വളര്‍ന്നുകൊണ്ടേയിരുന്നു. (അതേ പുസ്തകം) പ്രതിബിംബങ്ങളും പ്രതിരൂപങ്ങളും നിരുത്സാഹപ്പെട്ട ഒരു സമൂഹത്തില്‍ അക്ഷരങ്ങള്‍ തന്നെ ചിത്രങ്ങളായി മാറുന്ന അല്‍ഭുതമാണ് കലിഗ്രഫി.
ഖുര്‍ആനിന്റെയും ഹദീസിന്റെയും ക്രോഡീകരണം പോലെ ഇസ്ലാമിന്റെ വ്യാപനം തന്നെയാവണം തഫ്സീറുകള്‍ ആവശ്യമാക്കിയതും. നാഗരികതകളുടെയും സമൂഹങ്ങളുടെയും ഭരണകൂടങ്ങളുടെയും ദൈനംദിന പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ അവ അവശ്യം വേണ്ടതായിരുന്നു. ഇസ്ലാമിന്റെ രാഷ്ട്രീയവും കര്‍മ ശാസ്ത്രവും നീതിന്യായവുമെല്ലാം ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ മുന്‍ഗണനകളായി വരുന്നുണ്ട്. എന്നാല്‍ അതിന്റെ സാഹിതീ ഗരിമക്കും ആത്മീയതക്കും പ്രാധാന്യം നല്‍കുന്ന തഫ്സീറുകളുമുണ്ട്.
ഭാഷ കേവലമായി പഠിച്ചാല്‍ തന്നെ ഖുര്‍ആന്‍ പാരായണം സാധ്യമാവും. ആശയം ആഴത്തില്‍ ഗ്രഹിക്കണമെങ്കില്‍ അറബി ഭാഷയും ആഴത്തിലറിയണം. അറബിയിതര ഇസ്ലാമിതര സമൂഹങ്ങളിലേക്ക് ഖുര്‍ആന്റെ ജീവന്‍ എത്തിക്കുന്നതില്‍ ഇതൊരു തടസ്സമായി മാറിയപ്പോഴായിരിക്കാം പരിഭാഷകള്‍ ഉണ്ടായത്. പരിഭാഷകളെ ഖുര്‍ആനായി മനസ്സിലാക്കുമെന്ന തടസ്സവാദമുന്നയിച്ച് കേരളത്തിലടക്കം പരിഭാഷകള്‍ നിരുല്‍സാഹപ്പെടുത്തപ്പെട്ടിരുന്നു. അതിനെയൊക്കെ മറികടന്ന് ലോകഭാഷകളില്‍ പരിഭാഷകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അവയിലൂടെ അനേകം പേര്‍ ഇസ്ലാമിനെ കണ്ടെത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. വ്യാഖ്യാനങ്ങളുള്ളതും ഇല്ലാത്തതുമായ പരിഭാഷകള്‍ മലയാളത്തിലുണ്ട്. ഇതര ഭാഷകളിലെ വ്യാഖ്യാനങ്ങളുടെ പരിഭാഷകളുമുണ്ട്.
ഖുര്‍ആനിലെ കഥാപാഠങ്ങളെ അധികരിച്ചും കൃതികളുണ്ടായിട്ടുണ്ട്. അഹമ്മദ് ബഹ്ജത്തിന്റെ ജന്തുകഥകള്‍ ഇത്തരത്തിലൊന്നാണ്. ഖുര്‍ആനിന്റെ പരലോക ചിത്രീകരണം പ്രമേയമാക്കുന്ന കൃതിയാണ് സയ്യിദ് ഖുതുബിന്റെ 'മശാഹിദു യൌമുല്‍ ഖിയാമ ഫില്‍ ഖുര്‍ആന്‍'. ഖുര്‍ആന്‍ നാടകങ്ങളിലും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഈജിപ്തിലെ ആധുനിക നാടകങ്ങളുടെ ആചാര്യനായ തൌഫീഖുല്‍ ഹകീമിന്റെ 'അഹ്ലല്‍ കഹ്ഫ്' ഇതിനുദാഹരണമാണ്. കഥകളും പാട്ടുകളും മാത്രമല്ല, ബിംബ സമൃദ്ധമാണ് ഖുര്‍ആന്‍. വരകള്‍ക്കോ വരികള്‍ക്കോ അതീതമായ അതിന്റെ ഗാംഭീര്യം ഓരോരുത്തരും അനുഭവിച്ചറിയുക മാത്രമേ തരമുള്ളൂ. ബിംബങ്ങളടക്കം ഖുര്‍ആനിലെ കലാ ചിത്രീകരണങ്ങളെക്കുറിച്ച കൃതിയാണ്, സയ്യിദ് ഖുതുബിന്റെ 'അത്തസ്വീറുല്‍ ഫന്നി ഫില്‍ ഖുര്‍ആന്‍.'
ഖുര്‍ആനിന്റെ പാട്ടാവിഷ്കാരങ്ങള്‍ മലയാളത്തിന് പരിചയമേറെയാണ്. യു.കെ അബൂ സഹ്ലയുടെയും ജമീല്‍ അഹമ്മദിന്റെയും രചനകളില്‍ ഇത് സജീവമാണ്. പ്രസംഗങ്ങളേക്കാളും വായനയേക്കാളും മനസ്സിലേക്കിറങ്ങിച്ചെല്ലാന്‍ കഴിവുണ്ട് സംഗീതത്തിന്. ആസ്വദിക്കാനും അംഗീകരിക്കാനും നമ്മള്‍ തയ്യാറാവണമെന്ന് മാത്രം.
ഖുര്‍ആന്റെ നൂതനമായ കലാവിഷ്കാരങ്ങളില്‍പെട്ടതാണ് അതിന്റെ ചിത്രാവിഷ്കാരങ്ങള്‍. വാങ്മയ ചിത്രങ്ങളുടെ ധാരാളിത്തമുണ്ട് ഖുര്‍ആനില്‍. അവയില്‍ പലതും പ്രതീകങ്ങളായും വരകളായും നിറങ്ങളായും കലാകാരന്മാരുടെ കൈകളിലൂടെ തെളിഞ്ഞുവരുമ്പോള്‍ പുതുവഴികളിലൂടെ ഖുര്‍ആന്‍ ജനങ്ങളിലേക്കെത്തുകയാണ്. ഖുര്‍ആനികാശയങ്ങളുടെ ചിത്രീകരണത്തില്‍ തനിമ സംഘടിപ്പിച്ച മല്‍സരത്തില്‍ നല്ല പങ്കാളിത്തവും പ്രതികരണവുമാണ് ലഭിച്ചത്. ജി.ഐ.ഒ നടത്തിയ ക്വിസ് മല്‍സരത്തില്‍ (1996) ഖുര്‍ആനിലെ ബിംബങ്ങള്‍ ചിത്രീകരിച്ച് ആയത്തുകള്‍ എഴുതാനാവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ആവിഷ്കാരം തന്നെയാണ് ജി.ഐ.ഒ വിന്റെ തര്‍തീല്‍ 2012-ഉം. തര്‍തീല്‍ 12 ലെ വിജയികളിലൊരാള്‍ ഗര്‍ഭിണിയാണെന്നതും മറ്റൊരാളുടെ ഇണ നഷ്ടപ്പെട്ടിട്ട് രണ്ട് വര്‍ഷമേ ആയുള്ളുവെന്നതും എടുത്തു പറയേണ്ടതാണ്. അവരുടെ പങ്കാളിത്തം വിശുദ്ധ ഖുര്‍ആനിന്റെ കരുത്താണ്.
ഖുര്‍ആന്റെ സാംസ്കാരിക ചരിത്രത്തിലെ ഏറെ ശ്രദ്ധേയമായ സ്ത്രൈണാവിഷ്കാരമാണ് തര്‍തീല്‍ 2012 സൈനബുല്‍ ഖസ്സാലിയും ബിന്‍ത് ശാത്വിഉം ഉള്‍പ്പെടെ തഫ്സീര്‍ എഴുതിയ സ്ത്രീകള്‍ മുമ്പ് തന്നെ ചരിത്രത്തില്‍ ഇടം തേടിയിട്ടുണ്ട്. ആയിശ (റ) തന്നെ ആദ്യ കാല ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖയാണ്.
പ്ളയിന്‍ ഗ്ളാസ്:
ജി.ഐ.ഒ ഈ മല്‍സരം ഇനിയും വികസിപ്പിക്കേണ്ടതുണ്ട്. പെണ്‍കുട്ടികളിലൊതുക്കരുത്. മുഴുവന്‍ സ്ത്രീകളെയും പരിഗണിക്കണം. പ്രായത്തെ നിബന്ധനയാക്കി ഖുര്‍ആന്‍ പാരായണം അനുഭൂതിയാക്കിയ അനേകരെ നിരാശപ്പെടുത്തരുത്. മല്‍സരങ്ങല്‍ പാരായണത്തിലൊതുക്കാതെ ഹിഫ്ള്, ക്വിസ്, കലിഗ്രഫി, കവിത, കഥ, പാട്ട്, ചിത്രീകരണം, അനിമേഷന്‍ എന്നിങ്ങനെ വ്യത്യസ്തമായിരിക്കട്ടെ. പ്രദര്‍ശനങ്ങളും ചര്‍ച്ചകളും നടക്കട്ടെ. ഒരാഴ്ചയെങ്കിലും നീളുന്ന ഖുര്‍ആന്‍ ഫെസ്റ് ജി.ഐ.ഒ വിന്റെ പരിഗണനക്ക് വെക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top