വൈരക്കല്ലുപോലൊരു ജീവിതം

No image

മലപ്പുറം ജില്ലയിലെ കുന്നുമ്മലില്‍ കോയാമുട്ടി മൗലവിയുടെയും കുഞ്ഞിപ്പാത്തുട്ടിയുടെയും മകളായി ജനിച്ച സുഹറാബിക്ക് ചെറുപ്പത്തിലേ സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന് മോഹമുണ്ടായിരുന്നു. അന്‍പത് വര്‍ഷം മുമ്പേയുള്ള യാഥാസ്ഥിതിക സാമൂഹിക അന്തരീക്ഷമാണെങ്കിലും പുരോഗമന ചിന്താഗതിയുള്ള പിതാവ് മകളെ പത്താം ക്ലാസ് വരെ പഠിപ്പിച്ചു. ആ കാലത്ത് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയ മുസ്‌ലിം സ്ത്രീകള്‍ വളരെ കുറവാണെന്നും സുഹറാബി ഓര്‍ക്കുന്നു. എങ്കിലും പത്താം ക്ലാസ് കഴിഞ്ഞ് 15-ാം വയസ്സില്‍ തന്നെ പരമ്പരാഗത രീതിയില്‍ സുഹറാബി വിവാഹിതയായി. ആറു വര്‍ഷത്തെ ദുരിത പൂര്‍ണ ദാമ്പത്യജീവിതം. ഒടുവില്‍ ആ ബന്ധം വേര്‍പിരിഞ്ഞു. മലബാറിലെ ധാരാളം പെണ്‍കുട്ടികള്‍ വിവാഹമോചനത്തിന്റെ ഇരകളായി വീടുകളില്‍ നിന്നിരുന്നു അക്കാലത്ത്. ഇവരില്‍ അധികമാളുകളും സങ്കടവും കണ്ണീരുമായി ജീവിതം തള്ളിനീക്കുകയാണ് പതിവ്. എന്നാല്‍ സുഹറാബി വ്യത്യസ്തമായി ചിന്തിച്ചു. ''ആ സമയത്ത് പത്രത്തില്‍ കണ്ട പരസ്യത്തില്‍ കേരള സ്റ്റേറ്റ് കള്‍ച്ചറല്‍ ആന്റ് എജുക്കേഷനല്‍ സൊസൈറ്റി കൂത്താട്ടുകുളത്ത് നഴ്‌സറി ടീച്ചേഴ്‌സ് ട്രൈനിംഗ് നടത്തുന്ന കാര്യം എന്റെ ശ്രദ്ധയില്‍പെട്ടത്. അവിടെ പരിശീലനത്തിന് പോയി നഴ്‌സറി അധ്യാപികയായി. അതിനു ശേഷം ട്രൈനിംഗ് സൂപ്രണ്ടായി സ്ഥാനക്കയറ്റം കിട്ടി. നഴ്‌സറി സ്‌കൂള്‍ തുറക്കാന്‍ പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്തു. നാട്ടിന്‍ പുറങ്ങളും നഗരങ്ങളും താണ്ടിയുള്ള യാത്ര അന്നത്തെ കാലത്ത് ഒരു മുസ്‌ലിം യുവതിക്ക് സങ്കല്‍പിക്കാവുന്നതിലേറെ പ്രയാസമാണ്.' സുഹറാബി പറയുന്നു.
ഇതിനിടയില്‍ നരിക്കുനി സ്വദേശിയായ കോയദ്ദീന്‍ മാസ്റ്റര്‍ സുഹറാബിയെക്കുറിച്ചറിഞ്ഞ് ആ സ്വഭാവ മേന്മയില്‍ ഇഷ്ടം തോന്നി ജീവിത പങ്കാളിയാക്കി. വിവാഹ ശേഷം ജോലി ഉപേക്ഷിച്ച സുഹറാബി സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണം എന്ന ആഗ്രഹം ഭര്‍ത്താവുമായി പങ്കുവെച്ചു. ഭര്‍ത്താവിന്റെ ഭാഗത്തു നിന്നുണ്ടായ പൂര്‍ണ സമ്മതവും സഹകരണവുമുണ്ടായി. അങ്ങനെയാണ് 1982 ല്‍ 'സുബുലിന്നിസ ഓട്ടോമാറ്റിക് പ്രിന്റിംഗ് യൂണിറ്റ്' എന്ന സ്ഥാപനം ആദ്യമായി തുടങ്ങുന്നത്. മൂലധനം കുറവായിരുന്നത് തുടക്കത്തില്‍ ബിസിനസിനെ ബാധിച്ചെങ്കിലും പിന്മാറാന്‍ സുഹറാബി തയ്യാറായില്ല. മൂന്നു വര്‍ഷത്തിനു ശേഷം ഈ സംരംഭം ലാഭത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. കോഴിക്കോടും പാലക്കാടും എറണാകുളത്തും മലബാര്‍ ജംപാലസിന്റെ ശാഖകളുണ്ട്. ന്യൂഡല്‍ഹിയിലും ബ്രാഞ്ച് തുറന്നു. കേരളത്തിനകത്തും പുറത്തും കൂടുതല്‍ ബിസിനസ് വ്യാപിപ്പിക്കാനാണ് സുഹറാബിയുടെ തീരുമാനം.
ഇപ്പോള്‍ നവരത്‌നങ്ങള്‍ മാണിക്യം, പുഷ്യരാഗം, മരതകം, ഗേവേതകം തുടങ്ങിയ യഥാര്‍ഥ വജ്രങ്ങളും കട്ട് ചെയ്ത് പോളിഷ് ചെയ്ത് ആഭരണങ്ങളില്‍ ചെയ്തു കൊടുക്കുന്ന സംവിധാനവും തുടങ്ങിയിട്ടുണ്ട്. സ്വന്തമായി സംരംഭം തുടങ്ങുന്നതിനു മുമ്പ് നന്നായി ചിന്തിക്കണം. ഒന്ന് തുടങ്ങി അത് വിജയിപ്പിച്ചതിന് ശേഷമേ ഞാന്‍ മറ്റൊന്ന് തുടങ്ങാന്‍ തയ്യാറായിട്ടുള്ളൂ. അന്ന് എതിര്‍ത്ത ആളുകള്‍ പോലും ഇന്ന് അംഗീകരിക്കുമ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്. ഇപ്പോള്‍ ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കാനും ട്രെയിനിംഗ് നല്‍കാനും കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. ജോലി നഷ്ടപ്പെട്ട തട്ടാന്മാര്‍ക്കും (പരമ്പരാഗത സ്വര്‍ണ പണിക്കാര്‍ക്കും) ഇവിടെ ജോലി നല്‍കിയിട്ടുണ്ട്. കൂട്ടമായി കുറച്ചാളുകള്‍ താല്‍പര്യത്തോടെ വന്നാല്‍ അവര്‍ക്ക് പരിശീലനം നല്‍കാനും സ്ത്രീ സംരംഭങ്ങള്‍ക്ക് വേണ്ട സഹായം നല്‍കാനും ഞാന്‍ തയ്യാറാണ്. പ്രയാസങ്ങള്‍ അതിജീവിച്ച് എനിക്ക് ഇങ്ങനെയൊരു സംരംഭം തുടങ്ങാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ മനസ്സുവെച്ചാല്‍ ഏതൊരു സ്ത്രീക്കും സംരംഭകരാകാമെന്നുറപ്പാണ്.- സുഹറാബി പറയുന്നു.
ഇതുമായി മുന്നോട്ട് പോകവെ കോഴിക്കോട് നടന്ന ഒരു കൃത്രിമ വജ്രാഭരണ പ്രദര്‍ശനമാണ് സുഹറാബിയുടെ ജീവിതം വഴിതിരിച്ചു വിട്ടത്. എന്തുകൊണ്ട് ഇങ്ങനെയൊരു സംരംഭം തുടങ്ങിക്കൂടാ എന്ന് ചിന്തിച്ചു. കേരളത്തില്‍ ഇങ്ങനെയൊരു നിര്‍മാണ യൂനിറ്റ് അന്നുണ്ടായിരുന്നില്ല. ഓള്‍ കേരള ലേഡീസ് എജുക്കേഷന്‍ സര്‍വീസ് സൊസൈറ്റിയും തൃശൂരിലെ സ്‌മോള്‍ ഇന്റസ്ട്രീസ് സര്‍വീസ് ഇന്‍സ്റ്റിറ്റിയൂഷനും സംയുക്തമായി തൃശൂരില്‍ നടത്തിയ സെമിനാറില്‍ നിന്നും വൈരക്കല്ല് നിര്‍മാണവും ഇതിന്റെ അസംസ്‌കൃത വസ്തുവിനെപ്പറ്റിയും ഈയൊരു സംരംഭം തുടങ്ങാനാവശ്യമായ എല്ലാ വശവും നമസ്സിലാക്കിയ ശേഷം സുഹറാബി പുതിയ സംരംഭത്തിന് തുടക്കമിട്ടു.
കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും കിട്ടുന്ന സിലിക്കണ്‍ വിദേശത്തു കൊണ്ടുപോയി സംസ്‌കരിച്ചാണ് 'റഫ്ജം'(Rough Gem) നിര്‍മിക്കുന്നത്. ഇത് ഇറക്കുമതി ചെയ്താണ് കൃത്രിമ വജ്രാഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഒറിജിനല്‍ രത്‌ന കല്ലുകളോട് കിടപിടിക്കുന്നതാണ് അമേരിക്കന്‍ ഡയമണ്ട് എന്നറിയപ്പെടുന്ന കൃത്രിമ വൈരക്കല്ല്. നവ രത്‌നങ്ങളുടെ അതേ നിറത്തില്‍ തന്നെ ആര്‍ട്ടിഫിഷല്‍ കല്ലുകളും ലഭിക്കും. ഇതിന്റെ കട്ടിംഗ്, ഫോമിംഗ്, പോളിഷിംഗ് എന്നിവയിലൂടെയാണ് പ്രകാശം ചിതറും വിധം ഈ ചെറിയ കല്ലുകളെ ആകൃഷ്ടമാക്കുന്നത്. സിന്തറ്റിക് ജംസ് കട്ട് ചെയ്ത് ആഭരണങ്ങളില്‍ വെച്ചുപിടിപ്പിച്ച് അത് കൂടുതല്‍ ഭംഗിയുള്ളതാക്കുന്നു.
ഇവര്‍ വിവിധ കോളേജുകളില്‍ E-D-club (Entreprence Development- club)കള്‍ക്ക് വേണ്ടി ക്ലാസെടുക്കാന്‍ പോകാറുണ്ട്. വന്ന വഴി മറക്കാത്തതു കൊണ്ട് നിരാലംബരായ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി ഓള്‍ കേരള ലേഡീസ് എജുക്കേഷന്‍ ആന്റ് സര്‍വീസ് സൊസൈറ്റി എന്ന സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് നടത്തി വരുന്നു. കേരള സ്റ്റേറ്റ് വുമണ്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടാണ് സുഹറാബി ഇപ്പോള്‍. കേരളത്തില്‍ നിന്നും കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും നിരവധി പുരസ്‌കാരങ്ങളും അവാര്‍ഡുകളും അംഗീകാരങ്ങളും സുഹറാബിക്ക് ലഭിച്ചിട്ടുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top