സിറിയയിലേക്കൊരു പെരുന്നാള്‍ സമ്മാനം

സയാന്‍ ആസിഫ് No image

മെല്‍ബണിലെ അല്‍ സിറാത്ത് കോളേജിലെ ക്ലാസ്മുറികള്‍ ആദ്യനോട്ടത്തില്‍ വില്‍പനക്കുള്ള സാധനങ്ങള്‍ ഒരുക്കിവെച്ച ഒരു ഫാക്ടറി മുറിയെയാണ് ഇപ്പോള്‍ ഓര്‍മിപ്പിക്കുന്നത്. ഒന്നിനു മുകളില്‍ ഒന്നായി നൂറുകണക്കിന് പെട്ടികള്‍ അവിടെ വൃത്തിയായി അടുക്കിവെച്ചിരിക്കുന്നു. ഓരോന്നും മനോഹരമായി പൊതിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഈ പെട്ടികള്‍ വില്‍ക്കാനല്ല, സമ്മാനിക്കാനുള്ളതാണ്. 'ഷൂബോക്‌സ്4സിറിയ' എന്ന പദ്ധതിക്കു കീഴില്‍ സിറിയയിലെ കുഞ്ഞുങ്ങള്‍ക്ക് പെരുന്നാള്‍ സമ്മാനങ്ങള്‍ അയക്കാനുള്ള തയാറെടുപ്പിലാണ് അല്‍ സിറാത്ത് കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും. പൊതികളുടെ എണ്ണം 1000 കവിഞ്ഞ് ക്ലാസ്മുറികള്‍ നിറഞ്ഞുതുടങ്ങിയെങ്കിലും സമ്മാനങ്ങളുടെ വരവ് ഇപ്പോഴും നിന്നിട്ടില്ല.

ഇവിടെയുള്ള വിദ്യാര്‍ഥികളെ സംബന്ധിച്ചേടത്തോളം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങള്‍ ഏറെ തിരക്കേറിയതാണ്. പെട്ടികള്‍ പൊതിഞ്ഞുവെക്കുന്നതിനൊപ്പം യോജിച്ച സമ്മാനങ്ങള്‍ തന്നെയാണ് അയക്കുന്നത് എന്ന് ഉറപ്പു വരുത്തേണ്ടതും അവരുടെ കടമയാണ്. എല്ലാറ്റിനും മേല്‍നോട്ടം വഹിച്ചുകൊണ്ട് ശാസ്ത്ര-ഗണിതശാസ്ത്ര വിഭാഗം അധ്യാപികയായ നൂരി അഹ്മദ് കൂടെയുണ്ട്. പെട്ടികളില്‍ കേടു വരുന്ന തരത്തിലുള്ള ഭക്ഷണം, ചോക്ലേറ്റ് തുടങ്ങിയ വസ്തുക്കളും പട്ടാളത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങളും ഇല്ലെന്ന് ഉറപ്പുവരുത്താന്‍ അവര്‍ വിദ്യാര്‍ഥികളെ ഓര്‍മപ്പെടുത്തുന്നു. ഓരോ പെട്ടിയും വയസ്സും ലിംഗവും അനുസരിച്ച് തരംതിരിച്ചിട്ടുണ്ട്.

കോളേജിലെ വിദ്യാര്‍ഥി പ്രതിനിധി സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നൂരി അഹ്മദ് ടീച്ചര്‍ 'ഷൂബോക്‌സ്4സിറിയ'യുമായി സഹകരിക്കാമെന്ന ആശയം മുന്നോട്ടുവെച്ചത്. എന്നാല്‍ ആളുകളില്‍നിന്ന് കിട്ടിയ പ്രതികരണവും സഹകരണവും ടീച്ചറെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

''സമ്മാനങ്ങളുടെ ഒഴുക്ക് ഇപ്പോഴും നിലച്ചിട്ടില്ല. എന്റെ വീട്ടില്‍ തന്നെ 300-ഓളം പെട്ടികള്‍ കിടപ്പുണ്ട്. എന്റെ കാറില്‍ 40 എണ്ണം ഉണ്ടാകും. അത് ഞാനിതുവരെ ഇറക്കിയിട്ടില്ല,'' അവര്‍ പറയുന്നു.

''ഷൂബോക്‌സ്4സിറിയക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സഹോദരി ഖുലൂദിനോടും സഫിയയോടുമാണ് എനിക്ക് പ്രധാനമായും നന്ദി പറയാനുള്ളത്. അതുപോലെ കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്ല രീതിയില്‍ ഇതിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡാന്‍ഡേനോഗില്‍നിന്ന് മാത്രം കഴിഞ്ഞയാഴ്ച നാനൂറിലധികം പെട്ടികളാണ് വന്നത്. ഇസ്‌ലാമിക പ്ലേഗ്രൂപ് പോലെയുള്ള സംഘടനകളുടെ സഹകരണവും ലഭിച്ചിട്ടുണ്ട്. അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ,'' നൂരി അഹ്മദിന് സന്തോഷമടക്കാനാകുന്നില്ല.

ഷൂബോക്‌സ്4സിറിയ പ്രവര്‍ത്തനം ആരംഭിച്ച 2014-ല്‍ 11,000 പെട്ടികളാണ് അയക്കാന്‍ സാധിച്ചതെങ്കില്‍ 2017-ഓടെ തന്നെ അത് 35,000 കവിഞ്ഞിരുന്നു. ഈ വര്‍ഷം ആസ്‌ത്രേലിയയില്‍നിന്നു മാത്രം 20,000-ഓളം പെട്ടികള്‍ അയക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏപ്രില്‍ മാസാവസാനത്തോടെ അയക്കുന്ന പെട്ടികള്‍ പെരുന്നാളിനു മുന്‍പ് പശ്ചിമേഷ്യയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.  ആസ്‌ത്രേലിയയില്‍ മെല്‍ബണ്‍, ബ്രിസ്‌ബേന്‍, സിഡ്‌നി എന്നിവിടങ്ങളില്‍നിന്നാണ് പെട്ടികള്‍ കപ്പല്‍ കയറ്റി അയക്കുന്നത്. ഇതില്‍ ഏറ്റവും മികച്ച പ്രതികരണങ്ങള്‍ ലഭിച്ച സ്ഥലങ്ങളിലൊന്നാണ് അല്‍ സിറാത്ത് കോളേജ്.

12-ാം ക്ലാസ് പ്രതിനിധി ബിലാല്‍ അദ്‌നാന്‍ പറയുന്നു; ''വളരെ താല്‍പര്യത്തോടെയാണ് ഞാനും എന്റെ കൂട്ടുകാരും ഇതില്‍ പങ്കെടുത്തത്. ഇങ്ങനെ ഒരു ചെറിയ കാര്യം ചെയ്തിട്ടാണെങ്കിലും അവിടെയുള്ള കുട്ടികളുടെ മുഖത്ത് ഒരു പുഞ്ചിരി വരുത്താന്‍ സാധിച്ചെങ്കിലോ എന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്.''

കുടുംബത്തോടൊപ്പം സിറിയയില്‍നിന്ന് രക്ഷപ്പെട്ട് ആസ്‌ത്രേലിയയിലെത്തിയ ഉസാമ അക്കാദ് സമ്മാനങ്ങളെ വേറൊരു തലത്തിലാണ് കാണുന്നത്. സിറിയയിലുള്ള അവന്റെ സഹോദരങ്ങളും അവന്‍ ആസ്‌ത്രേലിയയില്‍ അനുഭവിക്കുന്നതു പോലുള്ള പെരുന്നാളുകള്‍ ആഘോഷിക്കണമെന്ന പ്രാര്‍ഥനയിലാണ് ഉസാമ. അതിനുള്ള ചെറിയൊരു ശ്രമമാണ് ഈ സമ്മാനങ്ങള്‍.

സിറിയയിലെയും മറ്റു യുദ്ധഭൂമികളിലെയും കഷ്ടപ്പാടുകളെക്കുറിച്ച് കുട്ടികളെ കൂടുതല്‍ ബോധവാന്മാരാക്കാനും ഈ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. ആറാം ക്ലാസുകാരിയായ മര്‍യം പറയുന്നു: ''അവരെ വെച്ചു നോക്കുമ്പോള്‍ ഞങ്ങള്‍ എത്രയോ ഭാഗ്യവാന്മാരാണ്. എന്നിട്ടും എല്ലാ കാര്യങ്ങളും ഇനിയും വേണം എന്ന് മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.''

രക്ഷിതാക്കളും ഈ ഉദ്യമത്തില്‍ ഉത്സാഹത്തോടെ പങ്കെടുക്കുന്നുണ്ട്. ''സിറിയയിലെ കുട്ടികളെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നുണ്ട് എന്ന സന്ദേശമാണ് ഞങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നത്. അവിടെ സംഭവിക്കുന്നതൊന്നും അവരുടെ തെറ്റല്ല. ലോകത്തിന്റെ മറ്റൊരു ഭാഗത്താണെങ്കിലും എന്റെ സ്വന്തം കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നതു പോലെ ഞാന്‍ ഇവരെയും സ്‌നേഹിക്കുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പെരുന്നാളിന് സമ്മാനം നല്‍കുന്നതു പോലെയാണ് ഞങ്ങള്‍ ഇവര്‍ക്കും അയക്കുന്നത്''- ഒരു രക്ഷിതാവ് പറയുന്നു.

ബ്രിട്ടീഷ് പൗരനായ നൗമാന്‍ അലിയാണ് ഷൂബോക്‌സ്4സിറിയ എന്ന ആശയത്തിന് തുടക്കം കുറിച്ചത്. 2013-ല്‍ സിറിയയിലെ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് നടത്തിയ ഒരു യാത്രയാണ് ഇത്തരമൊരു സംരംഭത്തിന് തറക്കല്ലിടാന്‍ അദ്ദേഹത്തിന് പ്രചോദനമായത്.

''എന്നെ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയത് അവിടെയുള്ള കുട്ടികളുടെ എണ്ണമായിരുന്നു. എവിടെ നോക്കിയാലും ചെറിയ കുഞ്ഞുങ്ങളെയും സ്ത്രീകളെയും മാത്രമേ കാണാന്‍ സാധിച്ചുള്ളൂ. കുട്ടികളില്‍ പലരും മിഠായികള്‍ ആവശ്യപ്പെട്ട് ഞങ്ങളുടെ പിറകില്‍ കൂടുമായിരുന്നു. ഒരു പിതാവ് എന്ന നിലയില്‍ എന്നെ സംബന്ധിച്ചേടത്തോളം വളരെ വേദനിപ്പിച്ച ഒരു അനുഭവമായിരുന്നു അത്. സിറിയയിലെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ഞാനും എന്റെ ഭാര്യയും ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനത്തില്‍നിന്നാണ് ഷൂബോക്‌സ്4സിറിയ ജനിക്കുന്നത്'' - നൗമാന്‍ പറയുന്നു.

നൗമാന്‍ താമസിക്കുന്ന ലണ്ടനിലെ ഹൂണ്‍സ്ലോ പ്രവിശ്യയില്‍നിന്ന് ആരംഭിച്ച പദ്ധതി പിന്നീട് യു.കെയിലെ 20-ഓളം പട്ടണങ്ങളിലേക്ക് വ്യാപിച്ചു. അത് പിന്നീട് അതിര്‍ത്തിക്കപ്പുറം പല രാജ്യങ്ങളിലെയും ആളുകള്‍ ഏറ്റെടുത്തു. ഇപ്പോള്‍ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, നെതര്‍ലാന്റ്‌സ്, അയര്‍ലന്റ്, യു.എസ്.എ, കാനഡ, സിംഗപ്പൂര്‍, ആസ്‌ത്രേലിയ തുടങ്ങി പല രാജ്യങ്ങളില്‍ ഷൂബോക്‌സ്4സിറിയക്ക് പങ്കാളികളുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ഉത്സാഹത്തോടെ പങ്കെടുക്കുന്ന രാജ്യം ആസ്‌ത്രേലിയയാണ്. ഹൂണ്‍സ്ലോ ഡിപോയില്‍നിന്ന് കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ചതിലും കൂടുതല്‍ സംഭാവനകള്‍ വന്നതിനാല്‍ ഒരു കണ്ടെയ്‌നര്‍ തന്നെ കൂടുതല്‍ അയക്കേണ്ടി വന്നു. 

'നാല് ലളിതമായ ചുവടുകള്‍ കൊണ്ട് ഒരു കുഞ്ഞിന് പുഞ്ചിരി സമ്മാനിക്കൂ' എന്നതാണ് ഷൂബോക്‌സ്4സിറിയയുടെ പ്രമാണസൂക്തം. പെട്ടി കണ്ടെത്തുക, സമ്മാനം നല്‍കാനാഗ്രഹിക്കുന്ന വിഭാഗം തെരഞ്ഞെടുക്കുക, പെട്ടി നിറക്കുക, അയക്കുക എന്നിവയാണ് ചുവടുകള്‍. കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍, കളര്‍ പെന്‍സിലുകള്‍, കളറിംഗ് പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍, പല്ല് തേക്കാനുള്ള ബ്രഷ്, പേസ്റ്റ് എന്നിങ്ങനെ ഓരോ പെട്ടിയിലും പല തരത്തിലുള്ള അനവധി സമ്മാനങ്ങളുണ്ടാകാം. പെട്ടിയുടെ അടപ്പ് വേറെയാണ് മൂടേണ്ടത്. ഉപയോഗിച്ച വസ്തുക്കള്‍ പെട്ടിയിലിടുന്നത് സംഘാടകര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. പകരം പുതുതായി വാങ്ങിയ സാധനങ്ങളാണ് സമ്മാനങ്ങളായി നല്‍കേണ്ടത്. കൂടെ കുഞ്ഞുങ്ങള്‍ക്ക് കത്തുകളും കാര്‍ഡുകളും എഴുതി അയക്കുന്നവരുമുണ്ട്. പെട്ടികള്‍ ശേഖരിക്കുന്നതിനു പുറമെ ശൈത്യകാലത്തേക്ക് ജാക്കറ്റുകളും മറ്റും വാങ്ങാനുള്ള ഫണ്ട് ശേഖരണവും ഷൂബോക്‌സ്4സിറിയ നടത്തുന്നുണ്ട്.  കൂട്ടത്തില്‍ മറ്റു രാജ്യങ്ങളില്‍ കുടിവെള്ള പദ്ധതി, അനാഥര്‍ക്കു വേണ്ടിയുള്ള പദ്ധതി തുടങ്ങിയവയിലും ഷൂബോക്‌സ്4സിറിയ ഉള്‍പ്പെട്ടിട്ടുണ്ട്.

''മറ്റുള്ളവരെ സഹായിക്കുന്നതിന്റെ മഹത്വം എന്നെ പഠിപ്പിച്ചത് എന്റെ പിതാവാണ്. ഞങ്ങളുടെ കുടുംബം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമയത്തു പോലും മറ്റുള്ളവരുടെ കാര്യങ്ങള്‍ പരിഗണിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വേറൊരാളെ സഹായിക്കുന്നതുകൊണ്ട് ഒരിക്കലും സ്വന്തം സ്വത്ത് കുറയില്ലെന്ന് അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. കഴിഞ്ഞ വര്‍ഷം 84-ാം വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു. ഞാന്‍ ചെയ്യുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിനു കൂടി വേണ്ടിയുള്ളതാണ്'' - അദ്ദേഹം പറയുന്നു.

മറ്റൊരു യു.കെ പൗരനായ മുഹമ്മദ് ശകീലാണ് സിറിയയില്‍ പൊതികളുടെയും മറ്റു സംഭാവനകളുടെയും വിതരണത്തിന് നേതൃത്വം വഹിക്കുന്നത്. സിറിയയിലെ ജനങ്ങളെ, പ്രത്യേകിച്ച് കുഞ്ഞുങ്ങളെ, സഹായിക്കാന്‍ വേണ്ടി തന്റെ മുഴുവന്‍ സമയവും ഉഴിഞ്ഞുവെക്കുകയും യുദ്ധഭൂമിയില്‍ സ്വന്തം ജീവന്‍ തന്നെ നഷ്ടപ്പെടുത്താന്‍ തയാറാവുകയും ചെയ്യുന്ന ഒരു സന്നദ്ധപ്രവര്‍ത്തകനാണ് ശകീല്‍. വിദ്യാലയങ്ങള്‍, അനാഥാലയങ്ങള്‍, വീടുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് അദ്ദേഹത്തിന്റെ സംഘം സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം കുട്ടികള്‍ക്കു വേണ്ടി പ്രത്യേക പരിപാടി സംഘടിപ്പിച്ച് അവിടെ വെച്ചാണ് പൊതികള്‍ നല്‍കിയത്.

പത്തോ പതിനഞ്ചോ വരുന്ന കേന്ദ്ര സംഘത്തിനൊപ്പം സന്നദ്ധപ്രവര്‍ത്തകരുടെ ഒരു വന്‍ നിര തന്നെ പദ്ധതി വിജയിപ്പിക്കാന്‍ വേണ്ടി ഓരോ രാജ്യത്തും പ്രവര്‍ത്തിക്കുന്നുണ്ട്. സമ്മാനപ്പൊതികളും കൈയിലേന്തി നില്‍ക്കുന്ന സിറിയയിലെ കുഞ്ഞുങ്ങളുടെ പുഞ്ചിരിക്ക് തങ്ങള്‍ കാരണമായി എന്ന അറിവാണ് കഴിഞ്ഞ ഓരോ വര്‍ഷവും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പെരുന്നാളിന് മാധുര്യം നല്‍കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top