പ്ലസ്ടുവിനു ശേഷം പ്രവേശന പരീക്ഷയില്ലാതെയും പഠിക്കാം

ജമാലുദ്ദീന്‍ മാളിക്കുന്ന് No image

കേരളത്തില്‍ മെഡിക്കല്‍ എഞ്ചിനീയറിംഗ് ട്രന്റ് അടക്കിവാഴുമ്പോള്‍ തൊഴില്‍സാധ്യതയുള്ള ധാരാളം കോഴ്‌സുകളെക്കുറിച്ച് പലര്‍ക്കും ശരിയായ ധാരണയില്ല. വ്യക്തമായ ആസൂത്രണം ഉണ്ടെങ്കില്‍ ഇത്തരം കോഴ്‌സുകള്‍ പഠിച്ച് മുന്നേറാന്‍ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും അവസരങ്ങളുണ്ട്. പഠനശേഷം നേരിട്ട് തൊഴിലുകളിലേക്ക് പ്രവേശിക്കാവുന്ന ഇത്തരം കോഴ്‌സുകള്‍ തെരഞ്ഞെടുക്കുകവഴി ജീവിതവിജയം കൈവരിക്കാന്‍ സാധിക്കും. 

 

പ്രഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍

സയന്‍സ് പ്ലസ്ടു വിജയിച്ചവര്‍ക്ക് മാര്‍ക്കിനനുസരിച്ച് പ്രവേശനം നേടാന്‍ സാധിക്കുന്ന കോഴ്‌സുകളാണ് പ്രഫഷണല്‍ ബിരുദകോഴ്‌സുകള്‍. സര്‍ക്കാര്‍-സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍, സ്വകാര്യ -സ്വാശ്രയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മെറിറ്റ്, മാനേജ്‌മെന്റ് സീറ്റുകളില്‍ പ്രവേശനം നേടാവുന്നതാണ്. 4 വര്‍ഷമാണ് ഇത്തരം കോഴ്‌സുകളുടെ കാലാവധി. കേരള പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് ഇത്തരം കോഴ്‌സുകളുടെ പ്രവേശന നടപടികള്‍ നടക്കാറുള്ളത്. പഠനശേഷം നേരിട്ട് തൊഴിലിലേക്ക് പ്രവേശിക്കാനും തുടര്‍പഠനം താല്‍പര്യമുള്ളവര്‍ക്ക് അതിനും അവസരമുണ്ട്. അപേക്ഷ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം.

 

ബി.എസ്.സി നഴ്‌സിംഗ്

ലോകാടിസ്ഥാനത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതകളുള്ളതാണ് നഴ്‌സിംഗ്. ആരോഗ്യ പരിചരണരംഗത്ത് ഉന്നത പദവികളില്‍ എത്താന്‍ സാധിക്കുന്ന ഈ കോഴ്‌സ് പഠിച്ചാല്‍ ഹോസ്പിറ്റലുകളിലാണ് തൊഴില്‍ സാധ്യത ഉള്ളത്. സ്വന്തമായി തൊഴില്‍ ചെയ്യാന്‍ സാധ്യതയില്ല എന്നതും ഇത്തരം കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നവര്‍ ശ്രദ്ധിക്കണം.

 

ബി.എസ്.സി സി.വി.ടി

ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്ക് ചികിത്സ നടത്തുന്ന ആശുപത്രികളില്‍ തൊഴില്‍ സാധ്യത ധാരാളമുള്ള കോഴ്‌സാണ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി. ഈ കോഴ്‌സിനും ഹോസ്പിറ്റലുകളില്‍ മാത്രമാണ് തൊഴില്‍ സാധ്യതയുള്ളത്. 

 

ബി.എസ്.സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി

ഓപ്പറേഷന്‍ തിയേറ്ററുകളില്‍ തൊഴില്‍സാധ്യതയുള്ള കോഴ്‌സാണ് പെര്‍ഫ്യൂഷന്‍ ടെക്‌നോളജി. മുമ്പ് നഴ്‌സിംഗ് പഠിച്ചവരാണ് ഇത്തരം ജോലികള്‍ ചെയ്തിരുന്നതെങ്കില്‍ ഇന്ന് അതിനെല്ലാം പ്രത്യേകം കോഴ്‌സുകള്‍ വന്നു എന്നത് ശ്രദ്ധേയമാണ്. ഈ കോഴ്‌സിനും ഹോസ്പിറ്റലുകളില്‍ മാത്രമാണ് തൊഴില്‍ സാധ്യതയുള്ളത്. 

 

ബി.എസ്.സി എം.എല്‍.ടി

പല അസുഖങ്ങളും തിരിച്ചറിയാന്‍ ഡോക്ടര്‍മാരുടെ നേരിട്ടുള്ള പരിശോധനകള്‍ കൊണ്ട് സാധിക്കണമെന്നില്ല. നമ്മുടെ ശരീരത്തിലെ രക്തം, മലം, മൂത്രം മുതലായവയുടെ ശാസ്ത്രീയമായ പരിശോധനയിലൂടെയാണ് അത് തിരിച്ചറിയാന്‍ സാധിക്കുക. ഇത്തരം പരിശോധനകള്‍ നടത്താന്‍ സഹായകമായ കോഴ്‌സാണ് ഇത്. സ്വന്തമായും ആശുപത്രികളിലും തൊഴില്‍ സാധ്യതയുണ്ട്. 

 

ബി.എസ്.സി ഒപ്‌റ്റോമെട്രി

ടെക്‌നോളജിയുടെ വികാസം അനുകൂലമെന്നപോലെത്തന്നെ പലപ്പോഴും പ്രതികൂലവുമാണ്. സമൂഹത്തില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും ചെറിയ പ്രായത്തില്‍ തന്നെ കാഴ്ചവൈകല്യങ്ങള്‍ കണ്ടുവരുന്നു. ഇത്തരം കാഴ്ചവൈകല്യങ്ങള്‍ പരിശോധിച്ച് പ്രാഥമികമായ കണ്ണട പോലുള്ള പരിഹാരം നിര്‍ദേശിക്കുന്നവരാണ് ഒപ്‌റ്റോമെട്രിസ്റ്റുകള്‍. 

 

ബി.പി.ടി

അപകടങ്ങള്‍ കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ മരുന്ന് കൊണ്ടു മാത്രം ഭേദമാവണമെന്നില്ല. ശാസ്ത്രീയമായ ശാരീരിക വ്യായാമങ്ങളിലൂടെ മാത്രമേ പല രോഗികള്‍ക്കും പൂര്‍വ സ്ഥിതിയിലേക്ക് വരാന്‍ സാധിക്കൂ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാണ് ഫിസിയോതെറാപ്പിസ്റ്റുകള്‍. സ്വന്തമായും ആശുപത്രികള്‍ കേന്ദ്രീകരിച്ചും തൊഴില്‍ സാധ്യതയുള്ളതാണ് ഫിസിയോതെറാപ്പി.

 

ബി.ആര്‍.ടി

ചില രോഗനിര്‍ണയങ്ങള്‍ക്ക് ആന്തരിക അവയവങ്ങളുടെ രൂപമാറ്റവും മറ്റും തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം തിരിച്ചറിയലിനുവേണ്ടി ധാരാളം പരിശോധനകള്‍ ആവശ്യമാണ്. ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഇത്തരം പരിശോധനകള്‍ നടത്തുന്നവരാണ് റേഡിയോളജിസ്റ്റുകള്‍. പല പുതു തലമുറ രോഗനിര്‍ണയങ്ങള്‍ക്കും ഇത്തരം പരിശോധനകള്‍ ആവശ്യമാണ്. സ്വന്തമായും ആശുപത്രികളിലും ധാരാളം തൊഴില്‍ സാധ്യതയുള്ളതാണ് റേഡിയോളജി കോഴ്‌സ്. 

 

ബി.എ.എസ്.എല്‍.പി

പണ്ടു മുതല്‍ക്കേ സംസാരത്തില്‍ വൈകല്യം കണ്ടുവരുന്നു. എന്നാല്‍ അത്തരം വൈകല്യങ്ങളില്‍ അന്ന് കാര്യമായ ഇടപെടല്‍ നടന്നിരുന്നില്ല. എന്നാല്‍ ഇന്ന് വിക്ക് പോലുള്ള സംസാരവൈകല്യങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ സഹായിക്കുന്നവരാണ് സ്പീച്ച് തെറാപ്പിസ്റ്റുകള്‍. കേള്‍വി-സംസാര വൈകല്യങ്ങളില്‍ ഇടപെടാന്‍ ഈ കോഴ്‌സ് പഠിക്കുക വഴി സാധിക്കും. ആശുപത്രികളിലും സ്‌പെഷ്യല്‍ സ്‌കൂളുകളിലും സ്വന്തമായും തൊഴില്‍ സാധ്യതയുണ്ട്.

 

ബി.എസ്.സി മെഡിക്കല്‍ മൈക്രോ ബയോളജിബി.എസ്.സി മെഡിക്കല്‍ ബയോ കെമിസ്ട്രി

രോഗനിര്‍ണയം നടത്തുന്നതിന് അതിസൂക്ഷ്മ പരിശോധന ചിലപ്പോള്‍ വേണ്ടിവന്നേക്കാം. ഇത്തരം പരിശോധനാ ലബോറട്ടറികളില്‍ ജോലി ലഭിക്കാന്‍ സാധ്യതയുള്ള കോഴ്‌സുകളാണ് ഇവ. 

 

പ്രഫഷണല്‍ ഡിപ്ലോമ കോഴ്‌സുകള്‍

ബിരുദ കോഴ്‌സുകളുടെ കാലാവധി 4 വര്‍ഷമാണെന്നിരിക്കെ പലര്‍ക്കും കുറഞ്ഞ കാലംകൊണ്ട് ഒരു തൊഴില്‍ എന്നത് പ്രയാസമാവും. അത്തരം ആളുകള്‍ക്ക് 2 വര്‍ഷ പഠനം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ നല്ലൊരു തൊഴിലിലേക്ക് പോകാന്‍ സാധിക്കുന്ന കോഴ്‌സുകളാണ് പ്രഫഷണല്‍ ഡിപ്ലോമ കോഴ്‌സുകള്‍. ഡി.ഫാം, ഡി.എം.എല്‍.ടി, ഡി.സി.വി.ടി, ഡയാലിസിസ് ടെക്‌നോളജി, എന്‍ഡോസ്‌കോപ്പിക് ടെക്‌നോളജി, ബ്ലഡ് ബാങ്ക് ടെക്‌നോളജി, ഡി.ആര്‍.ടി, ഡെന്റല്‍ മെക്കാനിക്‌സ്, ഡെന്റല്‍ ഹൈജീനിസ്റ്റ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഡെന്റല്‍ ഓപ്പറേറ്റിംഗ്‌റൂം അസിസ്റ്റന്റ് തുടങ്ങി ധാരാളം കോഴ്‌സുകള്‍ ഈ മേഖലയില്‍ പഠിക്കാന്‍ സാധിക്കും. അതില്‍ ഡി.ഫാം ഒഴികെയുള്ള എല്ലാ കോഴ്‌സുകള്‍ക്കും പ്ലസ്ടു ഏത് ഗ്രൂപ്പ് പഠിച്ച് വിജയിച്ചാലും മതി. സയന്‍സ് വേണമെന്നില്ല. പ്രവേശന നടപടികള്‍ എല്‍.ബി.എസ് സെന്റര്‍ ആണ് നടത്തുന്നത്. www.lbscentre.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

 

കൊമേഴ്‌സ് പഠനം: സാധ്യതകളേറെ

സയന്‍സ് വിദ്യാര്‍ഥികളെ താരതമ്യം ചെയ്യുമ്പോള്‍ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിദ്യാര്‍ഥികള്‍ അവരുടെ ഉന്നത പഠന-തൊഴില്‍ സാധ്യതകള്‍ കുറച്ചുകാണാറുണ്ട്. അത് തികച്ചും നിരര്‍ഥകമാണ്. ധാരാളം സാധ്യതകളുള്ള മേഖലകളാണ് കൊമേഴ്‌സിലുള്ളത്. അക്കൗണ്ടിംഗ്, ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, ടാക്‌സ്, ഷെയര്‍ മാര്‍ക്കറ്റ് തുടങ്ങി ധാരാളം മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ കൊമേഴ്‌സുകാരെ കാത്തിരിക്കുന്നു. 

ബി.കോം, ബി.ബി.എ, ബി.ബി.എസ്, ബി.ബി.എം, ബി.ടി.എസ് തുടങ്ങി ധാരാളം ബിരുദതല കോഴ്‌സുകള്‍ കൊമേഴ്‌സ് പ്ലസ്ടു പഠന ശേഷമുണ്ട്. തൊഴില്‍ മേഖലയിലെ ഉന്നത പദവിയായ മാനേജ്‌മെന്റ്, അഡ്മിനിസ്‌ട്രേഷന്‍ പഠനവും കൊമേഴ്‌സ് മേഖലക്ക് കീഴിലാണുള്ളത്. 3 വര്‍ഷ ബിരുദ പഠന ശേഷം എം.കോം, എം.ബി.എ, പി.ജി.ഡി.എം, എം.ടി.എ, എം.ഐ.ബി തുടങ്ങി ധാരാളം ഉപരിപഠന കോഴ്‌സുകളും ഉണ്ട്.

 

ഹ്യുമാനിറ്റീസ് മികച്ച കരിയറിന്

പലരും ചോദിക്കാറുണ്ട്, ഹ്യുമാനിറ്റീസ് പഠിച്ചാല്‍ എന്താണ് സാധ്യതയുള്ളതെന്ന്. ഇന്നത്തെ സാഹചര്യത്തില്‍ വളരെ ഔന്നത്യമുള്ള ധാരാളം തൊഴിലുകള്‍ ഹ്യുമാനിറ്റീസ് തുടര്‍പഠനം വഴി നേടിയെടുക്കാവുന്നതാണ്. ജേര്‍ണലിസം, നിയമ പഠനം, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ഭാഷാ പഠനം തുടങ്ങി എണ്ണമറ്റ തൊഴില്‍ മേഖലകള്‍ ഹ്യുമാനിറ്റീസ് പ്ലസ്ടു പഠന ശേഷമുണ്ട്. 3 വര്‍ഷം നീണ്ടു നില്‍ക്കുന്ന ബി.എ ബിരുദ കോഴ്‌സുകള്‍ പഠിച്ച ശേഷം 2 വര്‍ഷ ബിരുദാനന്തര പഠനം നേടിയാലാണ് മേല്‍പറഞ്ഞ തൊഴില്‍ മേഖലകളിലേക്ക് നീങ്ങാന്‍ സാധിക്കുക.

എം.സി.ജെ, എം.എസ്.ഡബ്ല്യു, എല്‍.എല്‍.ബി തുടങ്ങി വ്യത്യസ്തമായ പഠന മേഖലകള്‍ വ്യക്തമായ ആസൂത്രണം വഴി തെരഞ്ഞെടുത്താല്‍ ഒരുപക്ഷേ സയന്‍സ്, കൊമേഴ്‌സ് പഠന മേഖലയിലുള്ളതിനേക്കാള്‍ ഉയര്‍ന്ന പദവികളിലേക്കും സാമ്പത്തിക നേട്ടത്തിനും സഹായകമാവും.

 

സര്‍ഗാത്മകത പഠന വിഷയമാണ്

ചില കുട്ടികള്‍ അക്കാദമിക പഠന വിഷയങ്ങളില്‍ ഒരുപക്ഷേ പിറകിലാവും. എന്നാല്‍ സര്‍ഗാത്മകമായി വരക്കാനും ഡിസൈന്‍ ചെയ്യാനും അവര്‍ മിടുക്കരാവും. ഇത്തരം ക്രിയാത്മകത കൂടുതലുള്ളവര്‍ക്ക് ബിരുദ തലത്തില്‍ തന്നെ ഇന്റീരിയര്‍ ഡിസൈനിംഗ്, ഫാഷന്‍ ഡിസൈനിംഗ്, മള്‍ട്ടിമീഡിയ, ആനിമേഷന്‍, വിഷ്വല്‍ കമ്യൂണിക്കേഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കാനാവും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top