'സിക' വൈറസ് ചില്ലറക്കാരനല്ല

പ്രഫ. കെ. നസീമ No image

തൊള്ളായിരത്തി അമ്പതുകളില്‍ ആഫ്രിക്കയിലും ഏഷ്യയിലും ഭൂമധ്യരേഖയുടെ സമീപ പ്രദേശങ്ങളിലും അപൂര്‍വമായി മാത്രം കാണപ്പെട്ടിരുന്ന 'സികപ്പനി' ഇന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അതിവേഗം വ്യാപിക്കുകയാണ്. സിക വൈറസുകള്‍ കാരണമായുണ്ടാവുന്ന രോഗപ്പകര്‍ച്ച തടയാന്‍ ഇന്ന് മരുന്നുകളോ വാക്‌സിനുകളോ ഇല്ലെന്നതും, ഈ രോഗം അതികഠിനമായി പകരാനുളള സാഹചര്യം കേരളത്തില്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്. 'സികപ്പനി' വന്ന ഗര്‍ഭിണികളുടെ ഗര്‍ഭസ്ഥ ശിശുക്കളില്‍ ജന്മവൈകല്യങ്ങള്‍ ഉണ്ടായത് സിക വൈറസുകള്‍ കാരണമാണെന്ന് തെളിഞ്ഞതിനാലാണ് ലോകാരോഗ്യ സംഘടന ഇതിനെതിരെ ശ്രദ്ധേയമായ ജാഗ്രത പാലിച്ചത്.

ബ്രസീലിലെ ഏതാണ്ട് നാലായിരം കുഞ്ഞുങ്ങള്‍ക്കാണ് തലയോട്ടി ചുരുങ്ങിപ്പോവുന്ന 'മൈക്രോ സെഫാലി' എന്ന ജന്മവൈകല്യം സികപ്പനി മൂലം വന്നത്. ഇന്ന് ലോകത്താകമാനം പതിനാറു ലക്ഷത്തിലധികം പേര്‍ക്ക് 'സിക വൈറസ് ബാധി'ച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അതിനാലാണ് ആരോഗ്യരംഗത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന് സിക വൈറസിനെ കുറിച്ചുള്ള കണ്ടുപിടിത്തങ്ങളായത്. കൊതുക് കടിയിലൂടെ പകരുന്ന ഈ ആര്‍ബോ വൈറസിനെ നശിപ്പിക്കാന്‍ കൊതുകു നിര്‍മാര്‍ജനം തന്നെയാണ് പ്രധാനമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.

 

ആര്‍ബോ വൈറസുകള്‍

ജീവജന്തുക്കളായി റൈബോ ന്യൂക്ലിക് ആസിഡ് ഉള്ള (RNA) വൈറസുകളാണിവ. മൃഗങ്ങളിലും പക്ഷികളിലും ഷഡ്പദങ്ങളിലും പ്രജനനം ചെയ്യാന്‍ കഴിവുള്ള ഇവയുടെ ജീവിതത്തിലെ ഒരു ഘട്ടം ഷഡ്പദങ്ങളിലൂടെ തന്നെയാവണം. എന്നാലേ അവയുടെ നിലനില്‍പ്പ് സുരക്ഷിതമാവുകയുള്ളൂ. കൊതുക്, ചെള്ള് എന്നീ ഷഡ്പദങ്ങളിലൂടെയാണ് ഇവക്ക് ജീവിത ചക്രം സുരക്ഷിതമാക്കപ്പെട്ടിരിക്കുന്നത്.

ലോകമെമ്പാടും അഞ്ഞൂറിലേറെ ഇനങ്ങളിലുള്ള ആര്‍ബോ വൈറസുകള്‍ നിലവിലുണ്ടെങ്കിലും നൂറിലേറെ ഇനങ്ങള്‍ മാത്രമേ മനുഷ്യരില്‍ രോഗമുണ്ടാക്കുന്നുള്ളൂ. ഈ വൈറസുകളുടെ പേരുകള്‍ അസുഖത്തിന്റെ പേരിലോ (Yellow Fever), സ്ഥലത്തിന്റെ പേരിലോ (Kyasarer Forest Disease), നാട്ടുഭാഷയിലെ രോഗത്തിന്റെ പേരിലോ (Chikungunya Fever) ഒക്കെ ആയിരിക്കും. എന്നാല്‍ ആര്‍ബോ വൈറസുകളില്‍ പെട്ട സികവൈറസി(Zika Virus) നെ ആദ്യമായി കണ്ടെത്തിയ ഉഗാണ്ടയിലെ 'സികവനങ്ങളുടെ' പേരിലാണ് ഈ വൈറസുകള്‍ പൊതുവെ അറിയപ്പെടുന്നത്. ഈഡിസ് ഈജിപ്തി എന്ന ഇനം കൊതുകുകളിലൂടെയാണ് ഈ രോഗം പകരുന്നത്.

 

സിക വൈറസിന്റെ പ്രത്യേകത

ഇവയുടെ പ്രജനനം കൊതുകുകളില്‍ രോഗമുണ്ടാക്കുന്നില്ല. എന്നാല്‍ മനുഷ്യരില്‍ ഇവയുടെ പ്രജനനം (Multiplication) നടക്കുന്നത് ഗര്‍ഭസ്ഥ ശിശുക്കളിലാണെന്നതും, ഗര്‍ഭിണികളില്‍ പ്രത്യേകമായ രോഗലക്ഷണങ്ങള്‍ കാണുന്നില്ല എന്നതുമാണ് അമ്പരപ്പിക്കുന്ന സംഗതികള്‍. രോഗലക്ഷണങ്ങള്‍ ചെറിയ തോതിലായതിനാല്‍ രോഗി ഡോക്ടറെ കാണാന്‍ കൂട്ടാക്കാറില്ല.

 

വൈറസുകള്‍ ശരീരത്തില്‍ എത്തുന്ന വിധം

കൊതുകു കടിയിലൂടെ തൊലിക്കടിയിലെ മാംസത്തില്‍ എത്തുന്ന വൈറസുകളെ ഒരുതരം ശ്വേതാണുക്കള്‍ രൂപാന്തരപ്പെട്ട കോശങ്ങള്‍ വിഴുങ്ങുകയും അവയിലൂടെ അവിടെനിന്ന് ലിംഫ് ഗ്രന്ഥി, ലിംഫ് കലകള്‍ എന്നിവയിലെ കോശങ്ങളില്‍ എത്തുകയും അവിടെനിന്ന് രക്തത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. രക്തത്തില്‍നിന്ന് വൈറസുകള്‍ തലച്ചോറില്‍ എത്തുകയും അവിടെ പെറ്റുപെരുകുകയും ചെയ്യുന്നു.

 

സികപ്പനി

രണ്ടുമുതല്‍ ഏഴുദിവസം വരെ നീണ്ടുനില്‍ക്കുന്നതും ചെറിയ തോതില്‍ ഡെങ്കിപ്പനിയുടെ സമാനതകള്‍ കാണിക്കുന്നതുമായ രോഗമാണിത്. ഈ രോഗം വന്ന ചിലരില്‍ അപൂര്‍വമായി നാഡികളെ തളര്‍ത്തുന്ന, കൈകാലുകള്‍ തളര്‍ന്നുപോകുന്ന 'ഗില്ലന്‍ബാരി' രോഗവും കണ്ടുവരുന്നുണ്ട്. ഇതിന് വിശദമായ കണ്ടുപിടിത്തങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ട്.

രോഗാണു ശരീരത്തില്‍ കടന്ന് രോഗിയില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതുവരെയുള്ള സമയം ഇതുവരെ നിജപ്പെടുത്തിയിട്ടില്ല.

 

രോഗം പകരുന്നതെങ്ങനെ?

രോഗാണു ബാധയുള്ളവരെ കടിച്ച ഈഡിസ് ഈജിപ്തി എന്ന ഇനം കൊതുകിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും രോഗിയുടെ ഉമിനീര്‍, മൂത്രം, ശുക്ലം എന്നിവയിലൂടെയും രോഗബാധ ഉണ്ടാവാമെന്നാണ് ഇപ്പോഴത്തെ കണ്ടുപിടിത്തം.

 

ലക്ഷണങ്ങള്‍

രോഗാണുബാധ ഒരു ചെറിയ പനിയായിട്ടാണ് കൂടുതലും അനുഭവപ്പെടാറ്. രോഗലക്ഷണങ്ങള്‍ ചെറിയ തോതിലായതിനാല്‍ രോഗി ഡോക്ടറെ കാണിക്കാന്‍ കൂട്ടാക്കാറില്ല. ഡെങ്കിപ്പനിയുടെ സമാന ലക്ഷണങ്ങളായ പനി, തലവേദന, സന്ധിവേദന, കണ്ണിനു ചുവപ്പ്, തൊലിപ്പുറത്തുണ്ടാവുന്ന ചുവന്ന പാടുകള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഗര്‍ഭസ്ഥ ശിശുക്കളുടെ തലയോട്ടി ചുരുങ്ങല്‍, ജന്മവൈകല്യം, ഗര്‍ഭം അലസല്‍, കുഞ്ഞിന്റെ കൈകാലുകളിലുണ്ടാവുന്ന ശേഷിക്കുറവ് എന്നിവയും ചില രോഗികളില്‍ കാണപ്പെടുന്നു.

 

രോഗനിര്‍ണയ പരിശോധനകള്‍

സികപ്പനിയുടെ രോഗനിര്‍ണയ പരിശോധനകള്‍ അപൂര്‍ണമാണ്. ഇനിയും കൂടുതല്‍ കണ്ടുപിടിത്തങ്ങള്‍ നടത്തേണ്ടതായിട്ടുണ്ട്. രോഗം ബാധിച്ച ഇരുപത് ശതമാനം പേരില്‍ മാത്രമേ രോഗലക്ഷണങ്ങള്‍ കാണുന്നുള്ളൂ. അതിനാല്‍ ഈ വൈറസിന്റെ സാന്നിധ്യം പ്രകടമാക്കുന്ന രോഗനിര്‍ണയ പരിശോധനകള്‍ എത്രയും ദ്രുതഗതിയില്‍ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.

 

ചികിത്സ

ഇന്ന് ഈ രോഗത്തിന് പ്രത്യേക ചികിത്സയൊന്നും തന്നെയില്ല. രോഗം ബാധിച്ചവര്‍ പൂര്‍ണവിശ്രമം എടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗലക്ഷണങ്ങള്‍ അനുസരിച്ചാണ് ചികിത്സ നടത്തേണ്ടത്. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മാത്രമേ രോഗി വേദനസംഹാരികളോ മറ്റ് ഔഷധങ്ങളോ കഴിക്കാവൂ. രോഗികള്‍ പ്രത്യേക ഇടവേളകളില്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ചികിത്സ തുടരുകയും വേണം.

 

പ്രതിരോധ മാര്‍ഗങ്ങള്‍

ഈ രോഗം തടയാനുള്ള വാക്‌സിനുകള്‍ ഇന്ന് നിലവിലില്ല. രോഗം തടയാനുള്ള മറ്റ് മരുന്നുകളുമില്ല. ഇന്ത്യയില്‍ ഇതിന്റെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നതു മാത്രമാണ് ഏക പ്രതീക്ഷ.

 

രോഗം എങ്ങനെ ചെറുക്കാം?

കൊതുകുകടി ഏല്‍ക്കാതെ സൂക്ഷിക്കുക.

രോഗബാധയുള്ളവര്‍ വീണ്ടും കൊതുകുകടി ഏല്‍ക്കാതെ കൊതുകുവല ഉപയോഗിക്കണം. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ ഇത് സഹായിക്കും.

രോഗം പകരാതിരിക്കാന്‍ ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം.

രോഗം പടര്‍ന്ന രാജ്യങ്ങളില്‍ എത്തുന്നവരെയും ആ രാജ്യങ്ങളില്‍നിന്ന് നമ്മുടെ നാട്ടില്‍ എത്തുന്നവരെയും വിമാനത്താവളങ്ങളില്‍ പരിശോധനക്ക് വിധേയമാക്കണം.

 

മുന്‍കരുതലുകള്‍

കൊതുകു നിവാരണത്തിന് അടിയന്തര പ്രാധാന്യം നല്‍കുകയും എല്ലാ വീട്ടുകാരും ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ (Dry Day) ആചരിക്കുകയും വേണം. അന്ന് വീടിന്റെ പരിസരത്ത് കെട്ടിക്കിടക്കുന്ന വെള്ളം, മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യണം.

വീടും പരിസരവും ശുചിയായി സൂക്ഷിക്കുകയും ചെടിച്ചട്ടി, ടെറസ്, ഫ്രിഡ്ജ്, ബക്കറ്റുകള്‍, ടയറുകള്‍, ചിരട്ടകള്‍ എന്നിവയില്‍ കെട്ടിക്കിടക്കുന്ന വെള്ളം പതിവായി നീക്കുകയും വേണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top