പ്രാര്‍ഥനയുടെ രാവുകള്‍

ശമീര്‍ ബാബു കൊടുവള്ളി No image

'പാപങ്ങളും കുഴപ്പവും ക്ലേശം, ഭീതി, ദുഃഖം, സങ്കുചിതത്വം, സ്വത്വപരമായ രോഗങ്ങള്‍ തുടങ്ങിയവ വരുത്തിവെക്കുന്നു. പശ്ചാത്താപവും പാപമോചനപ്രാര്‍ഥനയുമാണ് അവക്കുള്ള ചികിത്സകള്‍' -ഇബ്‌നുല്‍ ഖയ്യിം(റ).

റമദാന്റെ ആദ്യ പത്ത് അനുഗ്രഹത്തിന്റെയും രണ്ടണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും മൂന്നാമത്തെ പത്ത് നരകമോചനത്തിന്റേതുമാണ്. ഈ ദിവസങ്ങളില്‍ പ്രത്യേകം പ്രാര്‍ഥനകള്‍ പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുണ്ട്.

നന്മയിലും തിന്മയിലും ഒരുപോലെ മുന്നേറാവുന്ന വിധത്തിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. അതായത് മനുഷ്യന്‍ മാലാഖയല്ല. സദാ സമയവും നന്മയില്‍ മാത്രം നിമഗ്നരാവാന്‍ പാകത്തിലാണ് ദൈവം മാലാഖമാരെ സൃഷ്ടിച്ചിരിക്കുന്നത്. ഈ പൊതുതത്വത്തില്‍നിന്ന് മുസ്‌ലിംവ്യക്തിയും പുറത്തല്ല. 

പാപത്തെക്കുറിച്ചോര്‍ത്ത് നിത്യദുഃഖത്തില്‍ ബന്ധിക്കുന്നതിലല്ല ജീവിതത്തിന്റെ ക്രിയാത്മകത നിലകൊള്ളുന്നത്. പാപത്തില്‍നിന്നകന്ന് പുണ്യത്തിന്റെ വഴിത്താരയില്‍ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിലാണ് മഹത്വമുള്ളത്. പാപമുക്തനാവാനും നന്മയില്‍ മുന്നേറാനും സാധിക്കുന്ന ഒരു രീതീശാസ്ത്രം ഇസ്‌ലാമില്‍ അനുഭവിക്കാനാവും. തൗബ അഥവാ പശ്ചാത്താപം എന്ന പേരിലാണ് അതറിയപ്പെടുന്നത്. മടക്കമെന്നാണ് തൗബയുടെ അര്‍ഥം. ചെറുതും വലുതുമായ മുഴുവന്‍ പാപങ്ങളില്‍നിന്നും ദൈവത്തിലേക്കുള്ള മടക്കമാണ് തൗബ. ''ആരെങ്കിലും പശ്ചാത്തപിക്കുകയും സല്‍ക്കര്‍മത്തില്‍ ഏര്‍പ്പെടുകയും ചെയ്യുകയാണെങ്കില്‍ അവന്‍ ദൈവത്തിലേക്ക് യഥാവിധി മടങ്ങുകയാണ് ചെയ്യുന്നത്'' (അല്‍ഫുര്‍ഖാന്‍ 71).  

ജീവിതവിജയത്തിന്റെ താക്കോലാണ് പശ്ചാത്താപം. അസത്യത്തില്‍നിന്ന് സത്യത്തിലേക്കുള്ള മടക്കമാണത്. ഓരോ പാപവും മനുഷ്യന്റെ ഓരോ പതനമാണ്, പറുദീസയില്‍നിന്ന് ഭൂമിയിലേക്കുള്ള പതനം. എന്നാല്‍, ഓരോ പശ്ചാത്താപവും ഓരോ ഉയര്‍ച്ചയാണ്, ഭൂമിയില്‍നിന്ന് പറുദീസയിലേക്കുള്ള ഉയര്‍ച്ച. പശ്ചാത്താപം ജീവിതത്തിന്റെ സൗന്ദര്യമാവണമെന്നാണ് ഇസ്‌ലാമിന്റെ ആഹ്വാനം. വിശുദ്ധ വേദം പറയുന്നു: ''വിശ്വാസികളേ, നിങ്ങള്‍ മുഴുവന്‍ പേരും ദൈവത്തിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയിച്ചേക്കാം'' (അന്നൂര്‍ 31). പശ്ചാത്താപവിവശനായാണ് പ്രവാചകന്‍ തന്റെ ജീവിതം കരുപ്പിടിപ്പിച്ചിട്ടുണ്ടായിരുന്നത്. ഒന്നല്ല, രണ്ടല്ല, മൂന്നല്ല അനേകം തവണയാണ് ദിനേന പ്രവാചകന്‍ പശ്ചാത്തപിക്കാറുണ്ടായിരുന്നത്. അവിടുന്ന് ഇപ്രകാരം അരുളുകയും ചെയ്തു: ''ജനങ്ങളേ, നിങ്ങള്‍ ദൈവത്തിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയം ഞാന്‍ ഒരു ദിവസം നൂറൂ തവണയാണ് ദൈവത്തോട് പശ്ചാത്തപിച്ചുകൊണ്ടിരിക്കുന്നത്.''  

വിശ്വാസികളോട്  പശ്ചാത്താപം മുഖമുദ്രയാക്കാന്‍ ദൈവം ആഹ്വാനം ചെയ്യുന്നുണ്ട്: ''വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവത്തോട് പശ്ചാത്തപിക്കുക. ആത്മാര്‍ഥമായ പശ്ചാത്താപം. നിങ്ങളുടെ നാഥന്‍ നിങ്ങളുടെ തിന്മകള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തുകൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം'' (അത്തഹ്‌രീം 8). ഈ സൂക്തത്തിലെ ആത്മാര്‍ഥമായ പശ്ചാത്താപം അഥവാ തൗബത്തുന്‍ നസൂഹ എന്നതിനെക്കുറിച്ച് ഉമര്‍ (റ) പറയുന്നത് ഇപ്രകാരമാണ്: ''പിന്നീടൊരിക്കല്‍ മടങ്ങുകയോ മടങ്ങാന്‍ ഉദ്ദേശിക്കുകയോ ചെയ്യാതെ, പാപത്തില്‍നിന്നുള്ള പൂര്‍ണ പശ്ചാത്താപമാണ് ആത്മാര്‍ഥമായ പശ്ചാത്താപം.'' ദൈവവിധേയത്വമെന്ന സൗഭാഗ്യസിദ്ധി, ആരാധനകള്‍ ദൈവത്തില്‍ സ്വീകാര്യമാവാനുള്ള യോഗ്യത തുടങ്ങിയ ആദര്‍ശ തത്വങ്ങള്‍ നേടാനാണ് പശ്ചാത്താപമെന്ന് ഇമാം ഗസാലി നിരീക്ഷിക്കുന്നുണ്ട്. അംഗസ്‌നാനം ചെയ്തതിനുശേഷമുള്ള പ്രാര്‍ഥന ആദര്‍ശവും പശ്ചാത്താപവും തമ്മിലുള്ള ബന്ധത്തെയാണ് വ്യക്തമാക്കുന്നത്. പ്രാര്‍ഥന ഇപ്രകാരമാണ്: ''അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹേയില്ല, അവന്‍ ഏകനാണ്, അവനു പങ്കുകാരനേയില്ല, മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ദൈവമേ, എന്നെ നീ പശ്ചാത്തപിക്കുന്നവരുടെയും വിശുദ്ധന്മാരുടെയും കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണമേ'' (തിര്‍മിദി). 

സ്വത്വത്തിലാണ് പാപത്തിന്റെ കറകള്‍ വന്നടിയുന്നത്. ചെയ്തുകൂട്ടുന്ന മുഴുവന്‍ പാപങ്ങളുടെയും കറകള്‍ അവിടെ കിടപ്പുണ്ട്. തെറ്റുകള്‍ ചെറിയതാണല്ലോയെന്ന ലളിതവല്‍ക്കരണത്തില്‍ കാര്യമില്ല. കാരണം, ചെറിയ തെറ്റുകള്‍ പാപത്തിന്റെ വലിയൊരു കൂമ്പാരമായി രൂപപ്പെടുന്നു. സ്വത്വത്തില്‍ പാപങ്ങള്‍ കുമിഞ്ഞുകൂടുന്നതിന്റെ രീതി പ്രവാചകന്‍ വിവരിച്ചുതന്നിട്ടുണ്ട്: ''ദൈവദാസന്‍ ഒരു പാപം ചെയ്യുമ്പോള്‍ അവന്റെ സ്വത്വത്തില്‍ ഒരു കറുത്ത പുള്ളി വീഴും. പാപത്തില്‍നിന്ന് മടങ്ങി പാപമോചനപ്രാര്‍ഥന നടത്തുകയും പശ്ചാത്തപിക്കുകയും ചെയ്താല്‍ കറുത്ത പുള്ളി മാഞ്ഞ് സ്വത്വം വിശുദ്ധമാവും. എന്നാല്‍, വീണ്ടും പാപത്തിലേക്ക് മടങ്ങിയാല്‍ സ്വത്വത്തില്‍ പുള്ളികള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കും. അങ്ങനെ കറുത്ത പുള്ളികളാല്‍ ആവരണം ചെയ്യപ്പെട്ടതായി മാറും സ്വത്വം'' (അബൂദാവൂദ്). പ്രവാചകന്റെ ഈ തത്ത്വോപദേശത്തിന് ശക്തിപകരുന്ന ഒരു സൂക്തം വിശുദ്ധ വേദത്തിലുണ്ട്: ''അല്ല, അവര്‍ ചെയ്തുകൂട്ടുന്ന തെറ്റുകള്‍ അവരുടെ സ്വത്വങ്ങളില്‍ കറയായി പറ്റിപ്പിടിച്ചിരിക്കുകയാണ്'' (അല്‍മുത്വഫ്ഫിഫീന്‍ 14). തിന്മയിലേക്ക് ഉന്മുഖമായി പോവുകയെന്നത് സ്വത്വത്തിന്റെ പ്രകൃതമാണ്. ദൈവത്തിന്റെ സവിശേഷമായ കാരുണ്യവും അനുഗ്രഹവും ലഭിച്ചവര്‍ക്ക് മാത്രമേ അതിനെ അതിജീവിക്കാനാവുകയുള്ളൂ: ''എന്റെ സ്വത്വം കുറ്റമറ്റതാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. നിശ്ചയം, സ്വത്വം തിന്മക്ക് പ്രേരിപ്പിക്കുന്നതു തന്നെ. എന്റെ നാഥന്‍ അനുഗ്രഹിച്ചവരുടേതൊഴികെ. എന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്, തീര്‍ച്ച'' (യൂസുഫ് 53). സ്വര്‍ഗത്തില്‍വെച്ച്  ചെയ്തുപോയ പാപത്തിന് സ്വത്വത്തെ മുന്‍നിര്‍ത്തിയാണ് ആദമും ഹവ്വയും പശ്ചാത്തപിക്കുന്നത്: ''ഇരുവരും പറഞ്ഞു; ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളുടെ സ്വത്വങ്ങളോടുതന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും'' (അല്‍അഅ്‌റാഫ് 23).

ഏതു വലിയ പാപവും ദൈവം മാപ്പാക്കിക്കൊടുക്കുമെന്നതിന്റെ തെളിവാണ് പ്രവാചകന്‍ പറഞ്ഞുതന്ന പൂര്‍വസമുദായത്തിലെ ഒരു വ്യക്തിയുടെ കഥ: പൂര്‍വസമുദായത്തിലെ ഒരു വ്യക്തി തൊണ്ണൂറ്റൊമ്പതു പേരെ പല സന്ദര്‍ഭങ്ങളിലായി കൊലപ്പെടുത്തിയിരുന്നു. പിന്നീടയാള്‍ക്ക് തന്റെ ചെയ്തിയില്‍ കുറ്റബോധം അനുഭവപ്പെട്ടു. തനിക്ക് പശ്ചാത്താപമുണ്ടോ, ഉണ്ടെങ്കില്‍ എങ്ങനെ എന്നൊക്കെയായി തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ അന്വേഷണം. അവസാനം ഇക്കാര്യങ്ങള്‍ കൃത്യപ്പെടുത്താന്‍ ഒരു ജ്ഞാനിയെ സമീപിച്ചു. ആഗതന്റെ കഥ ശ്രവിച്ച രോഷാകുലനായ ജ്ഞാനി താങ്കള്‍ക്ക് പശ്ചാത്താപമേയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. നിരാശനായ കുറ്റവാളി ആ ജ്ഞാനിയെയും വധിച്ച് നൂറ് തികച്ചു. പിന്നീട് മറ്റൊരു ദൈവജ്ഞാനി അദ്ദേഹത്തിന്റെ കഥ കേള്‍ക്കുകയും പശ്ചാത്താപത്തിനുള്ള വഴികള്‍ നിര്‍ദേശിച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം പാരത്രികവിജയത്തിന് അര്‍ഹനായി മരണപ്പെട്ടുവെന്ന് പ്രവാചകന്‍ പറയുന്നു. 

മരണം വിളിപ്പാടകലെയാണ്. മരണത്തിനുമുമ്പെ പശ്ചാത്തപിക്കാന്‍ സാധിക്കേണ്ടതുണ്ട്. പാപങ്ങള്‍ വരാതിരിക്കാന്‍ അതീവ സൂക്ഷ്മതയും ബോധപൂര്‍വമായ പരിശ്രമവുമാണ് ഉണ്ടാവേണ്ടത്, കൂടെ പശ്ചാത്താപവും. യഥാര്‍ഥ പശ്ചാത്താപം എന്ത്, അതിന്റെ വ്യവസ്ഥകള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ പൂര്‍വസൂരികള്‍ പഠിപ്പിച്ചുതന്നിട്ടുണ്ട്. ഒന്ന്, ആത്മാര്‍ഥമായ പശ്ചാത്താപം. ഖേദത്തിന്റെയും ദുഃഖത്തിന്റെയും നനവുള്ള പശ്ചാത്താപമാണ് ആത്മാര്‍ഥമായ പശ്ചാത്താപം. രണ്ട്, പാപത്തിലേക്ക് തിരികെപോവില്ലെന്ന ദൃഢനിശ്ചയം.  മൂന്ന്, പശ്ചാത്താപം പെട്ടെന്ന് നിര്‍വഹിക്കല്‍. മരണം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന വേളയില്‍ നടത്തുന്ന പശ്ചാത്താപത്തിന് ഫലം ലഭിക്കില്ല. നാല്, തെറ്റുകള്‍ മറ്റുള്ളവരുമായി ബന്ധപ്പെട്ടതാണെങ്കില്‍ അവരുമായി രമ്യതയിലെത്തല്‍. കടക്കാരനെങ്കില്‍ കടം വീട്ടണം. അഭിമാനക്ഷതമേല്‍പിച്ചിട്ടുണ്ടെങ്കില്‍ നേരില്‍ കണ്ട് പൊരുത്തം വാങ്ങണം. അഞ്ച്, മുന്‍ പാപത്തിന് പകരമാവുന്നവിധം നന്മയില്‍ മുന്നേറുന്ന ജീവിതം പടുത്തുയര്‍ത്തല്‍.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top