അകത്തളം തൊട്ട എഴുത്തുകാരി

സിദ്ധീഖ് സി. സൈനുദ്ദീന്‍ No image

                        സ്‌കോട്ടിഷുകാരനായ പിതാവിന്റെയും സുലുക്കാരിയായ മാതാവിന്റെയും മകളായി ലീഡ്‌സില്‍ ജനിച്ച നഈമ വളര്‍ന്നത് സിംബാബ്‌വെയിലാണ്. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍ നിന്ന് ഫസ്റ്റ് ക്ലാസോടെ ബിരുദമെടുത്തു. അധ്യാപനം, കല, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ഇസ്‌ലാമാശ്ലേഷിക്കുകയും ചെയ്തു. ഈ വനിത ഇപ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ക്കുള്ള മാസികയായ 'സിസ്റ്റേഴ്‌സി'ന്റെ  ചീഫ് എഡിറ്ററാണ്. ഒരുപാട് കോപ്പികള്‍ വിറ്റഴിഞ്ഞ 'ഫ്രം മൈ സിസ്റ്റേഴ്‌സ് ലിപ്‌സ്'' എന്ന കൃതി രചിച്ച നഈമ ബി. റോബര്‍ട്ട് 'ദ ഒബ്‌സര്‍വര്‍' 'ദ ടൈംസ്' എന്നീ പത്രങ്ങളില്‍ എഴുതാറുണ്ട്.
അവര്‍  തന്റെ രചനകളെക്കുറിച്ച് സംസാരിക്കുന്നു.
 
''യൂണിവേഴ്‌സിറ്റിയില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെ ഞാന്‍ ഇസ്‌ലാമാശ്ലേഷിച്ചു. തൊട്ടടുത്ത വര്‍ഷം വിവാഹിതയായയി. 2000-ല്‍ സൗത്ത് ലണ്ടനിലേക്ക് താമസം മാറുകയും ബ്രിക്സ്റ്റണില്‍ അധ്യാപികയാവുകയും ചെയ്തു. എനിക്കൊരു മകന്‍ ജനിച്ചതിനു ശേഷം ഞാന്‍ ഹോംസ്‌കൂള്‍ ആരംഭിച്ചു. മകനോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ ഹോംസ്‌കൂള്‍ നിര്‍ത്തി. കുട്ടികള്‍ക്കുള്ള കഥകളും കവിതകളും എഴുതാന്‍ തുടങ്ങി. അവയില്‍ പലതും മുസ്‌ലിംകളുടെയും അല്ലാത്തവരുടെയും പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചുകൊടുത്തു. ചില സാംസ്‌കാരിക പ്രസിദ്ധീകരണങ്ങള്‍ക്ക് അവ ഇഷ്ടമായി. അവയിലൊരു പ്രസിദ്ധീകരണമായ 'ടാംഗോ ബുക്‌സി'നുവേണ്ടി എഴുത്ത് തുടര്‍ന്നു. പിന്നീട് അമേരിക്കക്കാരിയായ ഒരു ഏജന്റിനെ കണ്ടുമുട്ടി. ആ സ്ത്രീയാണ് എന്റെ ആദ്യ പുസ്തകമായ 'ഫ്രം മൈ സിസ്റ്റേഴ്‌സ് ലിപ്‌സ്' പ്രസിദ്ധീകരിക്കാമെന്നേറ്റത്. അതിന്റെ പ്രചാരണാര്‍ഥം ദക്ഷിണാഫ്രിക്കയിലേക്ക് നടത്തിയ ഒരു ബുക്ക്ടൂറില്‍ ആ പുസ്തകം സ്ത്രീകള്‍ക്ക് ഒരുപാട് പ്രചേദനമായതായി എനിക്ക് മനസ്സിലായി. അതില്‍നിന്നാണ് ഒരു മാസികയെക്കുറിച്ചുള്ള ആശയം മൊട്ടിട്ടത്.
'സിസ്റ്റേഴ്‌സ്' മാസികയുടെ ആരംഭനാളില്‍ ഞാന്‍ ഈജിപ്തിലേക്ക് പോകാന്‍ തീരുമാനിച്ചു. വേനല്‍ക്കാലത്തൊരു സോമാലിയന്‍ യുവ സംഘത്തോടൊപ്പം ചെലവഴിക്കാന്‍ ബ്രിട്ടണില്‍ എത്തിയപ്പോഴാണ് 'ഫ്രം സോമാലിയ വിത്ത് ലൗ' എന്ന പുസ്തകത്തെക്കുറിച്ചുള്ള ആശയം ഉദിച്ചത.് കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ഞാന്‍ പുസ്തകങ്ങള്‍ എഴുതുന്നത്. യുവപ്രായക്കാരിലേക്ക് എന്റെ രചനകള്‍ എത്തിക്കാനാണ് ശ്രമം. 'ഫ്രം മൈ സിസ്റ്റേഴ്‌സ് ലിപ്‌സ്' എന്ന പുസ്തകമെഴുതുമ്പോള്‍ എന്റെ അന്നത്തെ അവസ്ഥ തന്നെയായിരുന്നു അടിസ്ഥാനം.
പാശ്ചാത്യലോകം വായനയുടെ പ്രാധാന്യം കുട്ടികളെ നന്നായി ബോധ്യപ്പെടുത്താറുണ്ട്. എന്നാല്‍ ഏതുതരത്തിലുള്ള നോവലുകളാണ് അവര്‍ വായിക്കുന്നതെന്ന് എനിക്കറിയാം. 'ഹാരിപോട്ടര്‍, റ്റ്വിലൈറ്റ്' പിന്നെ എല്ലാ തരത്തിലുള്ള റൊമാന്റിക് കഥകളും യക്ഷിക്കഥകളും. റൊമാന്റിക് കഥകള്‍ വൈകാരികമായി കൂടുതല്‍ സ്വാധീനിക്കുക പെണ്‍കുട്ടികളെയാണ്. അവര്‍ക്കുള്ള പുസ്തകങ്ങള്‍ മിക്കതും ആണ്‍കുട്ടികളെക്കുറിച്ചും കാല്‍പനികതയെക്കുറിച്ചുമാണ്. പലപ്പോഴും പതിമൂന്ന് മുതല്‍ പതിനാറ് വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ ആത്മാഭിമാനവുമായി ബന്ധപ്പെട്ട ചിന്തകളില്‍ മുഴുകാറുണ്ട്. തങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച ഉത്കണ്ഠയോടൊപ്പം അംഗീകരിക്കപ്പെടാനുള്ള ത്വരയും ഈ പ്രായത്തിലുണ്ടാവും. ശാരീരിക ഇച്ഛളെ തൃപ്തിപ്പെടുത്താനും സ്വയം സുന്ദരികളാണെന്ന് തോന്നാനും ഉപകരിക്കുന്നവയാണ് മേല്‍പറഞ്ഞ തരത്തിലുള്ള പുസ്തകങ്ങള്‍. കൗമാരക്കാരിയായിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പെണ്‍കുട്ടികള്‍ക്ക് നാം നല്‍കുന്ന സന്ദേശങ്ങള്‍ എന്താണെന്നതിനെക്കുറിച്ച് ശ്രദ്ധയുണ്ടായിരിക്കണം.
'ഫ്രം സോമാലിയ വിത്ത് ലൗ' എഴുതിയതിനു ശേഷം പാകിസ്താന്‍ സംസ്‌കാരത്തെക്കുറിച്ച് എഴുതാന്‍ തോന്നി. അവര്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വളര്‍ത്തുന്നതിലെ ഇരട്ടത്താപ്പ് ഞാന്‍ ശ്രദ്ധിച്ചു. രാത്രിയില്‍ ആണ്‍കുട്ടികള്‍ പുറത്തുപോകുന്നതും അത് ആരോടൊപ്പമാണെന്നതും ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയോടൊപ്പം തുണയായി മറ്റൊരു സ്ത്രീ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധവും.
യഥാര്‍ഥത്തില്‍ മറിച്ചാണ് വേണ്ടത്. ആണ്‍കുട്ടികളെ തന്നിഷ്ടത്തിന് വിടുന്ന രീതി കുറ്റകരമായാണ് ഞാന്‍ കാണുന്നത്. താന്തോന്നികളായി ജീവിക്കുന്ന ആണ്‍കുട്ടികള്‍ സ്വയം നാശത്തിലെത്തിച്ചേരുന്നു. വിവിധ കൂട്ടുകെട്ടുകളിലും അശ്ലീല ചിത്രങ്ങളിലും അവര്‍ ആകൃഷ്ടരാകുന്നു. പത്തുവര്‍ഷം മുമ്പത്തെ യഥാര്‍ഥകഥയെ ആസ്പദമാക്കിയാണ് ഞാന്‍ 'ബോയ് വേഴ്‌സസ് ഗേള്‍' എഴുതിയത്. ലണ്ടനില്‍ ജനിച്ചുവളര്‍ന്ന ഏകദേശം നാല്‍പത്തഞ്ചു വയസ്സു പ്രായമുള്ള രക്ഷിതാക്കളെ കേന്ദ്രമാക്കി എഴുതാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. മുഖ്യ പുരുഷകഥാപാത്രമായ ഫറാസിനെ ജീവസ്സുറ്റതാക്കാനും മറ്റൊരു കഥാപാത്രമായ മാലികിന് മുന്‍നിരയില്‍ ഇടം നല്‍കാനും മുഖ്യ സ്ത്രീകഥാപാത്രമായ ഫര്‍ഹാനയെ കാര്യങ്ങള്‍ ശരിയായ രൂപത്തില്‍ ചെയ്യുന്ന നായികയായി അവതരിപ്പിക്കാനുമായിരുന്നു എന്റെ പ്ലാന്‍. എന്നാല്‍ ചീത്ത കൂട്ടുകെട്ടുകളില്‍ അംഗങ്ങളായവര്‍ ഈ പുസ്തകം വായിക്കാന്‍ എടുക്കുമെന്നത് എനിക്കത്ര ഉറപ്പില്ല. മുതിര്‍ന്ന തലമുറയോട് അവരുടെ ആണ്‍മക്കള്‍ സുരക്ഷിതരല്ലെന്ന് ഈ പുസ്തകം പറയുന്നു. വീട്ടിലും കൂട്ടുകാര്‍ക്കൊപ്പവും രണ്ടു രീതിയിലാണ് കൗമാരക്കാര്‍ ജീവിക്കുന്നത്. ഇതിനെക്കുറിച്ച് മാതാപിതാക്കള്‍ക്ക് തീരെ ധാരണയില്ല.
തന്റെ കുടുംബാംഗങ്ങള്‍ക്കിടയിലും കൂട്ടുകാര്‍ക്കിടയിലും അത്യുത്സാഹത്തോടെ ജീവിക്കുന്ന നല്ല മതനിഷ്ഠയുള്ള നജ്മ എന്ന കഥാപാത്രത്തെയും ഈ നോവല്‍ പരിചയപ്പെടുത്തുന്നു. നല്ല മതനിഷ്ഠയുള്ളവള്‍- നിഖാബ് ധാരിണി- എന്നാല്‍ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തുന്നവളല്ല എന്ന് കാണിക്കാനാണ് നജ്മ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. സ്ഥിരമായി ഉപദേശിക്കപ്പെടേണ്ടവരാണ് നിഖാബ്ധാരിണികള്‍ എന്ന ധാരണ തിരുത്താന്‍ ഞാന്‍ ആഗ്രഹിച്ചു. നല്ല ധാരണാശക്തിയും മിടുക്കും നര്‍മ്മബോധവുമുള്ളവരായി അവരെ അവതരിപ്പിക്കുക എന്നത് പ്രധാനമായിരുന്നു. മറ്റൊരു സ്ത്രീ കഥാപാത്രമായ ഫര്‍ഹാന ഹിജാബ് ധരിക്കാന്‍ തുടങ്ങിയപ്പോള്‍ ദുഃഖിതയും നിശബ്ദയുമായി മാറുന്നു. തുറന്നുപറയുന്ന ശീലവും സ്‌കൂളില്‍ എ ഗ്രേഡുള്ള വിദ്യാര്‍ഥിനിയുമായ ഫര്‍ഹാന അവളുടെ വ്യക്തിത്വം നഷ്ടപ്പെടുത്തരുതെന്ന് ഞാന്‍ ആഗ്രഹിച്ചു.
എതിര്‍പ്പുകള്‍ നേരിടേണ്ടിവന്ന സഹോദരിമാര്‍ അവരുടെ ഉദ്ദേശ്യത്തെക്കുറിച്ച് പലവട്ടം ഓര്‍ക്കണം. ഹിജാബ് ധരിക്കുന്നത് ദൈവപ്രീതിയനുസരിച്ചാണ്. പ്രതിസന്ധികള്‍ നേരിടേണ്ടിവരുമ്പോള്‍ കൂട്ടുകാരുടെ സാന്നിധ്യമുണ്ടാവില്ല. സത്യമാര്‍ഗം പിന്തുടരുമ്പോള്‍ പ്രശ്‌നങ്ങളും പരീക്ഷണങ്ങളും നേരിടേണ്ടി വരുമെന്ന യാഥാര്‍ഥ്യം നാം മനസ്സിലാക്കണം. പരീക്ഷിക്കപ്പെടുക എന്നത് ദീനിന്റെ ഭാഗമാണ്. വിനയത്തോടെ, മനക്കരുത്തോടെ നിലകൊള്ളുക.
ഞാന്‍ നോവല്‍ രചനയിലേക്ക് കടക്കാനുള്ള കാരണമിതാണ്. കുട്ടികള്‍ ഏതായാലും നോവലുകള്‍ വായിക്കുന്നുണ്ട്. വ്യതിരിക്തമായ നോവലുകള്‍ അവര്‍ക്കു നല്‍കേണ്ടതുണ്ടെന്ന് എനിക്കു തോന്നി. അങ്ങനെ ഓര്‍മപ്പെടുത്തലുകളും കുട്ടികളുടെ ചിന്തകളും ഉള്‍പ്പെടുന്ന രചനകളിലൂടെ കാര്യങ്ങള്‍ തിരിച്ചുവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിവിധ ഗ്രേഡുകളിലുള്ള നോവലുകളുണ്ട്- ചെറു രചനകള്‍ മുതല്‍ പ്രയോജനപ്രദമായ നോവലുകള്‍ വരെ. ചരിത്രത്തെക്കുറിച്ചും യാഥാര്‍ഥ്യങ്ങളെക്കുറിച്ചും നാം പഠിക്കുന്നത് നോണ്‍-ഫിക്ഷനുകളില്‍ നിന്നാണ്. പക്ഷേ ഒരു ഘട്ടത്തിലെ സംസ്‌കാരത്തെക്കുറിച്ച് കഥകളും നോവലുകളും നമുക്ക് ഒരുപാട് പറഞ്ഞുതരും.
എന്റെ നോവലുകള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും മാനുഷിക മുഖം നല്‍കുന്നു. മാധ്യമങ്ങളില്‍ നാം ശക്തമായ സമ്മര്‍ദ്ദത്തിലും നിരീക്ഷണത്തിലുമാണ്. മാധ്യമരംഗത്തുള്ളവര്‍ പലപ്പോഴും മുസ്‌ലിംകളെക്കുറിച്ച് യാഥാര്‍ഥ്യങ്ങള്‍ എഴുതാറില്ല. നാമെല്ലാം ജീവിതത്തില്‍ ചില ഹറാമായ കാര്യങ്ങള്‍ ചെയ്യാറുണ്ട്. അവയെ നാം എങ്ങനെ കാണുന്നു എന്നതാണ് നമ്മെ വ്യത്യസ്തരാക്കുന്നത്. ഭൂരിഭാഗം വായനക്കാര്‍ക്കും താരതമ്യം പ്രാപിക്കാനാവില്ല എന്നതുകൊണ്ടുതന്നെ ന്യൂനതകളില്ലാത്ത മുസ്‌ലിം സ്ത്രീയെക്കുറിച്ച് എഴുതുക എന്നത് യഥാര്‍ഥ്യാധിഷ്ഠിതമാവില്ല.
പുസ്തകത്തിന്റെ കവര്‍ തെരഞ്ഞെടുത്തത് ഞാനല്ല. അത് വീറ്റോ ചെയ്യാനുള്ള പദവിയിലുമായിരുന്നില്ല ഞാന്‍. കവര്‍ കഴിയുന്നത്ര ഒഴിവാക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ, പ്രസാധകര്‍ അതുമായി മുന്നോട്ടുപോയി. ഞാനതില്‍ ദുഃഖിതയാണ്. സ്വന്തം നിലക്ക് ഞാന്‍ ആ കവര്‍ എന്റെ പുസ്തകത്തിന് നല്‍കുമായിരുന്നില്ല.
കപടതകളില്ലാതെ പെരുമാറാന്‍ മാതാപിതാക്കള്‍ മക്കളെ അനുവദിക്കണം എന്ന ഉപദേശമാണ് ഈ പുസ്തകം മാതാപിതാക്കള്‍ക്ക് നല്‍കുന്നത്. മക്കള്‍ നിങ്ങളോട് മിണ്ടാതിരിക്കുന്നെങ്കില്‍ അവര്‍ തെറ്റായ വഴിയിലാണെന്ന് നിങ്ങള്‍ കരുതരുത്. രക്ഷിതാക്കളും മക്കളും തമ്മിലുള്ള വിടവ് നികത്താന്‍ ഈ പുസ്തകത്തിന് കഴിയുമെന്ന് എനിക്കുറപ്പില്ല. ഈ പുസ്തകരചനയുടെ തുടക്കത്തില്‍ എന്റെ ഉദ്ദ്യേശ്യവും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതായിരുന്നില്ല.
പരമ്പരാഗത കുടുംബ സാഹചര്യത്തില്‍ കുടുംബനാഥയുടെ റോളാണ് ഉമ്മയുടേത്. മക്കളുടെ സ്‌കൂള്‍ ജീവിതം, കൂട്ടുകാര്‍, ഇന്റര്‍നെറ്റ്, സംസ്‌കാരത്തിലെ വ്യത്യാസങ്ങള്‍ എന്നിവയെക്കുറിച്ച് പല ഉമ്മമാര്‍ക്കും വേണ്ടത്ര ധാരണയില്ല. അത്തരം കാര്യങ്ങള്‍ അവരുടെ മേഖലയില്‍ പെട്ടതല്ലെന്ന വിചാരമാണവര്‍ക്ക്.
ഏതു രംഗത്തും നല്ല വ്യക്തിത്വം പ്രകടമാക്കിയ മാലിക്കിനെ ഞാനിഷ്ടപ്പെട്ടു. ഫര്‍ഹാനയോടുള്ള അവന്റെ സ്‌നേഹം യഥാര്‍ഥമാണ്. ഹിജാബ് ധരിച്ച ഫര്‍ഹാനയെ കാണുമ്പോള്‍ അവളുടെ നിലപാടിനോട് മാലികിന് ആദരവ് തോന്നുന്നു. അവള്‍ ഹിജാബ് ധരിക്കുന്നതിന്റെ കാരണവും അവനില്‍ മതിപ്പുളവാക്കി. പ്രതീക്ഷാ നിര്‍ഭരമായ പര്യവസാനമാണ് നോവലില്‍ പതിനാറ്-പതിനേഴ് വയസ്സുകാരിയായ ഫര്‍ഹാനയുടേത്.
ഹിജാബ് ധാരിണിയായ ഈജിപ്ഷ്യന്‍ വനിതയാണ് എന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. സുന്ദരിയായിരുന്നിട്ടും ആ സ്ത്രീ ഹിജാബ് ധരിക്കുന്നു. തൊലിപ്പുറമെയുള്ള സൗന്ദര്യത്തെ ചോദ്യംചെയ്യുന്നതിലേക്ക് ഇതെന്നെ നയിച്ചു. തത്ഫലമായി ഇസ്‌ലാമിനെക്കുറിച്ച് കൂടുതലായി പഠിക്കാനുള്ള ശ്രമങ്ങളില്‍ ഞാനേര്‍പ്പെട്ടു.
കുറച്ചു നോവലുകളേ ഞാന്‍ വായിച്ചിട്ടുള്ളൂ. അതുതന്നെ ഗവേഷണത്തിന്റെ ഭാഗമായി മാത്രമുള്ള വായനയാണ്. ഒരു ജനതയെക്കുറിച്ചോ കാലഘട്ടത്തെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ വായിക്കേണ്ടിവരുമ്പോള്‍ മാത്രമാണ് ഞാന്‍ നോവലുകള്‍ വായിക്കാറ്. ഉദാഹരണത്തിന് റീജെന്‍സി സൊസൈറ്റിയെക്കുറിച്ച് പഠിക്കേണ്ടിവരുമ്പോള്‍ ജെയിന്‍ ഓസ്റ്റിന്റെ കൃതികള്‍ വായിക്കേണ്ടിവരുന്നു.
നോണ്‍-ഫിക്ഷനുകളുടെയും ജീവചരിത്രങ്ങളുടെയും സാമൂഹ്യചരിത്രങ്ങളുടെയും വായന ഞാനാസ്വദിക്കുന്നു. സ്യൂ പാമറിന്റെ 'ടോക്‌സിക് ചൈല്‍ഡ്ഹുഡ്' വായിച്ചിരിക്കേണ്ട കൃതിയാണ്. പരന്ന വായന അത്യാവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് പി.എച്ച്.ഡി നേടിയ എന്റെ പിതാവ് പരന്നവായനയെ നന്നായി പ്രോത്സാഹിപ്പിക്കുന്നു. 'ദ റോഡ് റ്റു മക്ക' പോലുള്ള ഇസ്‌ലാമിക ചരിത്ര കൃതികളും എനിക്കേറെ പ്രിയപ്പെട്ടതാണ്.
ഫിക്ഷനുകള്‍ മാത്രം വായിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ നോണ്‍-ഫിക്ഷനുകള്‍ കൂടി വായിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു. തലച്ചോറിന്റെ ചില മേഖലകളെ പ്രവര്‍ത്തനക്ഷമമാക്കുന്നത് നോണ്‍-ഫിക്ഷനുകളുടെ വായനയാണ്. വര്‍ഷങ്ങളായി വീട്ടില്‍ എനിക്കൊരു ലൈബ്രറിയുണ്ട്. അത് വളര്‍ത്തിക്കൊണ്ടിരിക്കുന്നു.
അതിമാനുഷ സ്ത്രീയൊന്നുമല്ല ഞാന്‍. സമൂഹത്തിന് ചിലത് നല്‍കേണ്ടതുണ്ട്. എന്താണ് നമുക്ക് നല്‍കാന്‍ കഴിയുക എന്നത് നമ്മുടെ തീരുമാനമാണ്. എഴുതാന്‍ സമയം കണ്ടെത്തുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണിന്നെനിക്ക്. മക്കള്‍ സ്‌കൂളിലായിരിക്കുമ്പോഴാണ് ഞാന്‍ 'സിസ്റ്റേഴ്‌സ് മാഗസി'നു വേണ്ടിയുള്ള ജോലികള്‍ ചെയ്യാറ്. വീട്ടുപണികള്‍ ചെയ്യാനായി എനിക്കൊരു സഹായിയുണ്ട്. പാചകം എനിക്കിഷ്ടമാണ്. നാലുമക്കളെ വളര്‍ത്തുന്നതും എഴുത്തുമെല്ലാം സന്തുലിതമായി ജീവിതത്തിന്റെ ഭാഗമായി കാണുന്നു.
വേണ്ട രീതിയില്‍ ചെലവഴിക്കുമ്പോള്‍ അല്ലാഹു നമ്മുടെ സമയത്തെ അനുഗ്രഹിക്കുന്നു. അമിത അച്ചടക്കമൊന്നും എനിക്കില്ലെങ്കിലും ഞാന്‍ വളരെ പ്രചോദിതയാണ്. ഞാന്‍ കുറച്ചേ ഉറങ്ങാറുള്ളൂ. ഇപ്പോള്‍ ഞാനെന്റെ സ്വകാര്യ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാഗ്രഹിക്കുന്നു. എന്റെ അറബി ഭാഷാ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി  ഞാന്‍ എഴുത്തില്‍ നിന്ന് കുറച്ചുനാള്‍ വിട്ടുനില്‍ക്കാന്‍ പോവുകയാണ്. എന്റെ മൂന്ന് പുസ്തകങ്ങള്‍ കൂടി പണിപ്പുരയിലുണ്ട്. 'മൈ ഹലാല്‍ ലൗ സ്റ്റോറി' എന്ന പേരിലുള്ള പരസ്പരബന്ധിതമായ മൂന്നു നോവലുകള്‍ ആണിവ. വിവാഹിതയാവുന്നതോടെ അവസാനിക്കുന്നതല്ല സ്‌നേഹം എന്നാണ് ഈ നോവലുകളുടെ സന്ദേശം.
വളരെയേറെ വായിക്കുക, നല്ല പരന്ന വായനാശീലമുണ്ടാക്കുക, വിമര്‍ശനബുദ്ധിയോടെ വായിക്കുക. നാണംകെട്ട അവിഹിത ബന്ധങ്ങളെക്കുറിച്ചുള്ള കഥകള്‍ വായിക്കാതിരിക്കുക, അവ നമ്മെ വശീകരിക്കും. നമ്മുടെ വിശ്വാസങ്ങളും ധാര്‍മിക തത്വങ്ങളുമായി പൊരുത്തപ്പെടാത്ത രചനകളില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലത്. എഴുതുക, എഴുതുക, വീണ്ടുമെഴുതുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം എഴുതുക. വായിച്ചുകൊണ്ടേയിരിക്കുക. വായിക്കാതിരുന്നാല്‍ നിങ്ങളുടെ പദസമ്പത്ത് പരിമിതമായിരിക്കും. നല്ല എഴുത്തെന്നാല്‍ നമ്മെ നന്നായി അവതരിപ്പിക്കാനുള്ള കഴിവുകൂടിയാണ്. നന്നായി അവതരിപ്പിക്കാനുള്ള കഴിവ് ഒരിക്കലും പാഴാവില്ല. ആ കഴിവ് മക്കള്‍ക്ക് നേടിക്കൊടുക്കുക എന്നത് പ്രധാനമാണ്. വായിക്കുന്നതിനേക്കാള്‍ അധ്വാനം വേണം എഴുതുന്നതിന.് പ്രചോദിപ്പിക്കുന്നതും സന്തോഷം നല്‍കുന്നതുമായ കുറിപ്പുകള്‍ ഒരു ഡയറിയില്‍ രേഖപ്പെടുത്തിവെക്കുന്ന ശീലം വളര്‍ത്തിയെടുക്കുക.''

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top