ഉമ്മു മഅ്ബദിന്റെ മുറ്റത്ത് ഇത്തിരി നേരം

സഈദ് മുത്തനൂര്‍ സച്ചരിതം No image

                      ഖദീദ്- മക്കയുടെയും മദീനയുടെയും ഇടയില്‍ ഒരു കൊച്ചുഗ്രാമം. അവിടെ ചരിത്രത്തില്‍ സ്ഥാനമുള്ള ഒരു സ്ത്രീരത്‌നം നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. ഉമ്മു മഅ്ബദ് എന്നാണ് ആ ചരിത്ര മഹിളയുടെ നാമം. അവര്‍ താമസിക്കുന്ന ചുറ്റുവട്ടം ശ്രദ്ധിച്ചു നോക്കിയാലോ. ഒരു ടെന്റ്, ഒരാട്ടിന്‍ കൂട്, ഏതാനും പാത്രങ്ങള്‍, ഒരു തോല്‍ സഞ്ചി- ഇത്രയും അടങ്ങിയ ഒരു കൊച്ചു കൂര.
തമീമുബ്‌നു അബ്ദുല്‍ ഉസ്സാ ഖുദാഇയാണ് ഉമ്മു മഅ്ബദിന്റെ ഭര്‍ത്താവ്. ആട് മേക്കലാണ് അദ്ദേഹത്തിന്റെ മിക്ക സമയത്തെയും ജോലി. തമീമിന്റെ എളാപ്പയുടെ പുത്രിയാണ് ഉമ്മു മഅ്ബദ്. ആതിഖ ബിന്‍ത് ഖാലിദ് എന്നാണവരുടെ ശരിയായ പേര്. ഖുദാഅ ഗോത്രത്തിലെ കഅ്ബ് വംശത്തില്‍ പെടുന്നവരായിരുന്നു ഈ ദമ്പതികള്‍. ആതിഖ പരിശുദ്ധിയും അന്തസ്സും കാത്തുസൂക്ഷിക്കുന്ന മാന്യ വനിതയായിരുന്നു. അറബികളുടെ ആതിഥ്യമര്യാദക്ക് ഉദാഹരണം പറയാന്‍ പോന്ന മാതൃകയായിരുന്നു ഉമ്മു മഅ്ബദിന്റേത്. പരസ്പര സ്‌നേഹം, പരക്ഷേമതല്‍പരത, സമസൃഷ്ടി സേവനം എന്നീ ഗുണങ്ങളുടെ ഉടമസ്ഥയായിരുന്നു അവര്‍. ദാരിദ്ര്യവും പട്ടിണിയും പാരമ്യത പ്രാപിച്ചപ്പോഴും ഖദീദിലൂടെ കടന്നുപോകുന്ന പഥികരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും അവരെ വിരുന്നൂട്ടുന്നതിലും ഒരു കുറവും മഅ്ബദ് വരുത്തിയില്ല.
ഉമ്മു മഅ്ബദിന്റെ സേവനോത്സുക്യം കാരണം അവരുടെ കീര്‍ത്തി ദൂരങ്ങളില്‍ എത്താന്‍ തുടങ്ങി. നുബുവ്വത്തിന്റെ പതിമൂന്നാം വര്‍ഷം ഉമ്മു മഅ്ബദ് യൗവ്വനം വിട്ട് പക്വതയാര്‍ന്ന പ്രായത്തിലെത്തിയിരുന്നു. ഈ വേളയിലാണ് ലോകാനുഗ്രഹി മുഹമ്മദ് മുസ്തഫ (സ) തന്റെ സന്ദേശ പ്രചാരണത്തിനായി യസ്‌രിബിലേക്ക് നീങ്ങാന്‍ ഒരുങ്ങുന്നത്. തമീമിന്റെയും ഉമ്മു മഅ്ബദിന്റെയും കാതുകളിലും മുഹമ്മദീയ വിശേഷങ്ങള്‍ എത്തിയിരുന്നു. എങ്കിലും അവര്‍ തങ്ങളുടെ പതിവ് ജീവിതം തുടര്‍ന്നു. അല്ലെങ്കിലും ഈ ബദുകുടുംബത്തിനെവിടെ അത്തരം യാഥാര്‍ഥ്യങ്ങള്‍ തേടിപ്പോകാന്‍ സാഹചര്യം!
എന്നാല്‍ ആരറിഞ്ഞു ഒരു ദിനം മരുഭൂമിയിലെ പ്രവാചകന്‍ ഈ ഉമ്മറപ്പടിയില്‍ ഈ കൊച്ചുകൂരയുടെ മുറ്റത്ത് വന്ന് നില്‍ക്കുമെന്ന്, അന്ന് ഈ ഭവനം മിന്നിമിന്നി പ്രകാശിക്കുമെന്നും! പക്ഷേ, ആകാശ ഭൂമിക്കിടയില്‍ ഇങ്ങനെയൊരു സന്തോഷം വരാനില്ല ഉമ്മു മഅ്ബദിന്!
റബീഉല്‍ അവ്വലിലെ ഒരു സുന്ദര പ്രഭാതത്തില്‍ മക്കയോടു വിടപറഞ്ഞ് മദീനയെ ലക്ഷ്യംവെച്ച് നീങ്ങുകയായിരുന്നു പ്രവാചകന്‍. മൂന്ന് നാള്‍ സൗര്‍ഗുഹയില്‍ താമസിച്ച് മദീന ലക്ഷ്യമാക്കി നീങ്ങവെയാണ് ഉമ്മു മഅ്ബദിന്റെ വീടിനടുത്ത് പ്രവാചകനും അബൂബക്കര്‍ സിദ്ധീഖും എത്തിച്ചേരുന്നത്. ഭക്ഷണത്തിനുള്ള വക ആ വീട്ടില്‍ ഉണ്ടാകുമെന്നാണ് അബൂബക്കര്‍ (റ) പ്രതീക്ഷിച്ചിരുന്നത്. യാത്രാസംഘം എത്തുമ്പോള്‍ ഉമ്മു മഅ്ബദ് തന്റെ കോലായയില്‍ ഇരിക്കുകയാണ്. ഉമ്മു മഅ്ബദിനോട് നബി (സ) പറഞ്ഞു: ''പാല്, കാരക്ക തുടങ്ങി കഴിക്കാന്‍ പറ്റുന്ന വല്ലതുമുണ്ടെങ്കില്‍ എടുക്കൂ. അതിന്റെ വിലയൊടുക്കാം.''
''ദൈവമാണ! ഇന്നിവിടെ ഒന്നുമില്ലല്ലോ''- ഉമ്മു മഅ്ബദ് ദുഃഖത്തോടെ അറിയിച്ചു. ''ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് തരുന്നതില്‍ സന്തോഷമേയുള്ളൂ.'' ഇതിനിടെ ടെന്റിന്റെ ഒരു ഭാഗത്ത് ഒരു ആട് തിരുമേനിയുടെ ശ്രദ്ധയില്‍ പെട്ടു. '' മഅ്ബദിന്റെ ഉമ്മാ! ഈ ആടിനെ കറന്ന് പാലെടുക്കുന്നതില്‍ നിങ്ങള്‍ക്ക് വിരോധമുണ്ടോ?!''
''അത് വെറുതെ. അതൊരിറ്റ് പാല്‍ ചുരത്തില്ല''- ഉമ്മുമഅ്ബദിന്റെ മറുപടി.
ആടിനെ തിരുമേനിയുടെ മുമ്പില്‍ കൊണ്ടുവന്നു. തിരുമേനി (സ) അതിന്റെ കാല്‍ കെട്ടി. മൃദുവായി തടവി.  പിന്നെ ഇങ്ങനെ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. ''ഇലാഹീ! ഈ സ്ത്രീയുടെ അടുക്കളയില്‍ നിന്റെ അനുഗ്രഹം ചൊരിഞ്ഞാലും!'' പിന്നെ 'ബിസ്മി' ചൊല്ലിക്കൊണ്ട് ആടിനെ കറന്നുതുടങ്ങി. മിനിറ്റുകള്‍ക്കകം പാത്രം നിറയെ പാല്‍! തിരുമേനി വലിയൊരു പാത്രം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അതിലും നിറയെ പാല്‍ കറന്നു. ആദ്യം പാല്‍ ഉമ്മു മഅ്ബദിനെ കുടിപ്പിച്ചു. ദാഹം തീരുംവരെ അവര്‍ കുടിച്ചു. പ്രവാചകന്റെ കൈകൊണ്ട് കറന്നെടുത്ത നറുംപാല്‍ ഉമ്മു മഅ്ബദ് ഏറെ ആസ്വദിച്ചു. തന്റെ കൂട്ടുകാര്‍ക്കും തിരുമേനി (സ) പാല്‍ കൊടുത്തു. അവസാനമാണ് അദ്ദേഹം കുടിച്ചത്. എന്നിട്ട് 'സാഖില്‍ ഖൗമി ആഖിറുഹും' (ആളുകളെ കുടിപ്പിക്കുന്നവന്‍ അവസാനമാണ് കുടിക്കുക) എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
എല്ലാം കഴിഞ്ഞ് ഒരിക്കല്‍ കൂടെ ആടിനെ കറന്ന് പാത്രങ്ങളില്‍ നിറച്ചു. ഈ പാല്‍ ലോകാനുഗ്രഹിയായ പ്രവാചകന്‍ ഉമ്മു മഅ്ബദിന് കൈമാറി. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറവും ഗുണവുമുള്ള നറുംപാല്‍! പിന്നീട് തിരുമേനിയും അബൂബക്കറും യാത്രതുടര്‍ന്നു.
വൈകാതെ തന്റെ ആട്ടിന്‍പറ്റത്തെ തെളിച്ചുകൊണ്ട് ഉമ്മു മഅ്ബദിന്റെ പ്രിയതമന്‍ കൂരയണഞ്ഞു. കൂടാരത്തില്‍ പാത്രം നിറയെ പാല്‍ കണ്ട് അയാള്‍ അദ്ഭുതപ്പെട്ടു. ''ഉമ്മു മഅ്ബദ്! ഈ പാല്‍ എവിടെനിന്ന് കിട്ടി?'' - അയാള്‍ ചോദിച്ചു.
''ദൈവമാണ! ഒരു അനുഗൃഹീത വിരുന്നുകാരന്‍ ഇവിടെ വന്നിരുന്നു. അദ്ദേഹം ആടിനെ കറന്നു. കൂട്ടുകാരനെ കുടിപ്പിച്ചു. ഇത് നമുക്ക് നല്‍കുകയും ചെയ്തു.'' അബൂ മഅ്ബദ് തമീം ആ യാത്രാസംഘത്തെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ ഭാര്യയില്‍നിന്ന് ചോദിച്ചറിഞ്ഞു. ഉമ്മു മഅ്ബദിനാവട്ടെ അവരെക്കുറിച്ച് പറയാന്‍ നൂറ് നാവ്. ഉടനെ അബൂ മഅ്ബദ് 'ഇത് ആ ഖുറൈശി തന്നെ. അദ്ദേഹത്തെക്കുറിച്ചാണ് ഇടക്കിടെ ഇവിടെ കേട്ടുകൊണ്ടിരിക്കുന്നത്. എനിക്ക് അദ്ദേഹത്തെ നേരില്‍ കണ്ടേ പറ്റൂ' എന്ന് മൊഴിഞ്ഞു. ഒരു റിപ്പോര്‍ട്ടനുസരിച്ച്, 'ഇത് വിരുന്നു വന്ന വഴിപോക്കന്‍ മാത്രമല്ല, ഈ കൊച്ചുകൂരയിലേക്ക് പടച്ചവന്‍ പറഞ്ഞയച്ച തൗഹീദി പ്രവാചകന്‍ തന്നെ' എന്ന് പറയുകയും ആ ദമ്പതികള്‍ മദീനയില്‍ ചെന്ന് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തതായി പറയുന്നു. അങ്ങനെ സ്വഹാബീ വനിത എന്ന പദവിയിലേക്ക് ഉമ്മുമഅ്ബദ് (റ) ഉയരുകയും ചരിത്രത്തില്‍ തന്റെ മുദ്ര പതിപ്പിക്കുകയും ചെയ്തു.   

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top