സമകാലികം
സ്‌ത്രീ ശാക്‌തീകരണവും പുതിയ സര്‍ക്കാറും
ഇന്‍സാഫ്‌
 

സ്‌ത്രീ ശാക്‌തീകരണത്തെക്കുറിച്ച വാചാടോപങ്ങള്‍ കൊണ്ട്‌ മുഖരിതമാണ്‌ വര്‍ത്തമാനകാല ലോകം പൊതുവില്‍. 120 കോടി ജനങ്ങളുടെ ഇന്ത്യാ മഹാരാജ്യവും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല. സ്‌ത്രീകളെ, ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും അറുതിയുണ്ടാവണമെന്നും സ്‌ത്രീപുരുഷസമത്വം ജീവിത രംഗങ്ങളിലാസകലം സ്‌ഥാപിതമാവണമെന്നും വാദിക്കാത്ത ഇടത്‌ വലത്‌ പാര്‍ട്ടികളൊന്നും നമുക്കില്ല. ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്ന നിയമ നിര്‍മാണത്തിനുവേണ്ടി ഘോരഘോരം ശബ്‌ദമുയര്‍ത്താത്ത ഏത്‌ പാര്‍ട്ടിയുണ്ട്‌ ഇന്ത്യയില്‍. പക്ഷേ ഇതിനായുള്ള ബില്‍ പാര്‍ലമെന്റില്‍ അനന്തമായി ശാപമോക്ഷം കാത്തു കഴിയുകയാണെന്ന്‌ മാത്രം. അതിനിടയിലും തെരഞ്ഞെടുപ്പുകള്‍ ഒരുപാടെണ്ണം കഴിഞ്ഞുപോയി. ഒന്നിലും ഒരു പാര്‍ട്ടിയും സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതകളോട്‌ പ്രാഥമിക നീതിപോലും ചെയ്‌തില്ല. ഈയിടെ കേരളത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട്‌ മുന്നണികളും വിരലിലെണ്ണാവുന്ന സ്‌ത്രീകളെ മാത്രമേ മത്സരരംഗത്തിറക്കിയുള്ളൂ. അതുതന്നെ മുക്കാല്‍ പങ്കും പരാജയം സുനിശ്ചിതമായ മണ്ഡലങ്ങളില്‍. ഒടുവില്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഭരിക്കാന്‍ കേവല ഭൂരിപക്ഷം നേടിയ യു.ഡി.എഫിന്‌ ഏക വനിതാ പ്രാതിനിധ്യം! അഥവാ എട്ടില്‍ ഒരാള്‍. ഇടതുമുന്നണിയുടെ 14 പേരില്‍ ആറുപേര്‍. 24 സ്‌ഥാനാര്‍ഥികളെ രംഗത്തിറക്കിയ മുസ്‌ലിം ലീഗ്‌ കണ്ണേറിനുപോലും ഒരു ?ഉമ്മക്കുട്ടിയെ നിര്‍ത്താതെ ?ശരീഅത്ത്‌? കാത്തുസൂക്ഷിച്ചു. 15 മണ്ഡലങ്ങളില്‍ ജനവിധി തേടിയ കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസും കന്യാമറിയത്തിന്‍െറ വര്‍ഗത്തില്‍പ്പെട്ട ഒരുവളെയും ഗോദയിലിറക്കാതെ കന്യകാത്വം സുരക്ഷിതമാക്കി. അങ്ങനെ ഒന്നാം കേരള നിയമസഭയില്‍ ആറ്‌ വനിതകളുണ്ടായിരുന്നത്‌ അര നൂറ്റാണ്ടിനുശേഷം ഏഴായി ഉയര്‍ന്നു!!
രണ്ട്‌ സീറ്റുകളുടെ ഭൂരിപക്ഷത്തിനാണെങ്കിലും യു.ഡി.എഫ്‌ ഭരണം പിടിച്ചെടുത്തപ്പോള്‍ മന്ത്രിസഭാ രൂപവത്‌കരണം തലവേദനയായി. ഒറ്റയാള്‍ പാര്‍ട്ടിയെപ്പോലും തൃപ്‌തിപ്പെടുത്താതെ ഉമ്മന്‍ചാണ്ടിക്ക്‌ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ സാധ്യമല്ലാതെ വന്നു. എല്ലാവരെയും ഒരുവക അടക്കി മന്ത്രിസഭ തട്ടിക്കൂട്ടാന്‍ നോക്കുമ്പോഴും ഏക വനിത ഔട്ട്‌. കോണ്‍ഗ്രസില്‍ ഒരു ഗ്രൂപ്പിന്‍െറ ലിസ്‌റ്റിലും ജയിച്ച വനിതയില്ല. സമ്പൂര്‍ണ സ്‌ത്രീമുക്‌ത മന്ത്രിസഭക്ക്‌ ഹൈക്കമാന്‍ഡ്‌ അനുമതി നല്‍കിയാല്‍ പിന്നെ സോണിയഗാന്ധി സ്‌ത്രീയാണെന്നും പറഞ്ഞ്‌ തല ഉയര്‍ത്തി നടക്കുന്നതെങ്ങനെ? അങ്ങനെയാണ്‌ മാനന്തവാടി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ നിന്ന്‌ ജയിച്ചുവന്ന 29 കാരി ജയലക്ഷ്‌മിയെ ഭാഗ്യം തുണക്കുന്നത്‌. ഒറ്റ വെടിക്ക്‌ രണ്ടു പക്ഷി, പട്ടികവര്‍ഗ പ്രാതിനിധ്യവും വനിതാ പങ്കാളിത്തവും. കാര്യമായെന്തെങ്കിലും ചെയ്യാവുന്ന വകുപ്പൊന്നും വിദ്യാസമ്പന്നയായ ഈ കുറിച്യ യുവതിക്ക്‌ ഇന്ദിരാഗാന്ധി ബ്രാക്കറ്റ്‌ ഉണ്ടാക്കിക്കൊടുത്ത പാര്‍ട്ടി കല്‍പിച്ചരുളിയിട്ടില്ല. എന്നാലും ഒരു കൈനോക്കാനാണ്‌ അവരുടെ തീരുമാനം.
സ്‌ത്രീ ശാക്‌തീകരണം എന്നാല്‍ ഭരണ പങ്കാളിത്തം മാത്രമല്ല. മാനവവര്‍ഗത്തിന്‍െറ പകുതിക്ക്‌ നിര്‍ഭയമായും സുരക്ഷിതമായും ജീവിക്കാനുള്ള അവകാശമാണ്‌ പ്രാഥമികമായി ഉറപ്പാക്കേണ്ടത്‌. ഇന്ന്‌ മിക്കവാറും ലോകത്തെവിടെയും വേണ്ട രീതിയില്‍ അതില്ല. സാക്ഷര പ്രബുദ്ധ കേരളത്തിലും ഇല്ല. ഗാര്‍ഹിക പീഡന വിരുദ്ധ നിയമവും ലിംഗ സമത്വ വ്യവസ്‌ഥയും സ്‌ത്രീധന നിരോധവും നോക്കുകുത്തിയാക്കിക്കൊണ്ട്‌, പെണ്ണായി പിറന്ന മനുഷ്യന്‍ അനുഭവിക്കുന്ന കൊലപാതകവും ബലാല്‍സംഗവും പീഡനവും ആത്‌മഹത്യയും റിപ്പോര്‍ട്ട്‌ ചെയ്യാതെ ഒരു പ്രഭാതവും സംസ്‌ഥാനത്ത്‌ പുലരുന്നില്ല. ഇതവസാനിപ്പിക്കാന്‍ അധരസേവക്കപ്പുറം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്ത്‌ ചെയ്യാന്‍ പോവുന്നു? നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും കുറ്റവാളികളെ യഥാസമയം പിടികൂടി നീതിപീഠങ്ങളുടെ മുമ്പാകെ ഹാജരാക്കുകയും കഠിന ശിക്ഷ ലഭ്യമാക്കുകയുമാണ്‌ ഒരു വഴി. അതിന്‌ മന്ത്രിസഭ മാത്രം മാറിയാല്‍ പോരല്ലോ. ബ്യൂറോക്രസിയും പൊലീസും കോടതികളും സര്‍വോപരി സമൂഹവും മാറണ്ടേ? മന്ത്രിസഭാംഗങ്ങള്‍ പോലും ആരോപിതരായ സ്‌ത്രീ പീഡന കേസുകള്‍ പുനര്‍ ജീവിപ്പിക്കപ്പെട്ടിരിക്കെ നിയമം നിയമത്തിന്‍െറ വഴിക്ക്‌ നീങ്ങാന്‍ അനുവദിക്കുമോ അതോ വീണ്ടും അട്ടിമറിക്കപ്പെടുമോ? സര്‍വോപരി സ്‌ത്രീകളുടെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ഗാര്‍ഹിക പീഡനങ്ങള്‍ക്കും മുഖ്യ കാരണമായ മദ്യത്തിന്‍െറ കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ എന്തു ചെയ്യാന്‍ പോവുന്നു? സര്‍ക്കാറിന്‍െറ ബിവറേജസ്‌ കോര്‍പറേഷന്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ഉദ്ദേശ്യമില്ലെന്ന്‌ പറയുമ്പോള്‍ തന്നെ പുതിയ ബാറുകള്‍ യഥേഷ്ടം തുടങ്ങാനാണ്‌ പരിപാടി. ടൂറിസം വികസിപ്പിക്കാന്‍ അതാവശ്യമാണത്രെ. ടൂറിസം പെണ്ണിനും കള്ളിനും വേണ്ടിയാണെന്ന അബദ്ധജടിലമായ സങ്കല്‍പമാണ്‌ ഒന്നാമതായി മാറേണ്ടത്‌. മുക്കുമൂലകളില്‍പോലും സുലഭമായ ഒറിജിനലും വ്യാജവുമായ കള്ളുഷാപ്പുകള്‍ പൂട്ടാന്‍ പരിപാടിയില്ലാതെ കുടിച്ചു നശിക്കുന്ന കൂലിത്തൊഴിലാളികളെയും അവരുടെ നരകയാതന പേറുന്ന കുടുംബങ്ങളെയും രക്ഷിക്കുന്നതെങ്ങനെ? മദ്യത്തൊഴിലാളികളെ മറ്റു തൊഴിലുകളില്‍ പുനരധിവസിപ്പിച്ച്‌ സംസ്‌ഥാനത്തെ ഭ്രാന്തുല്‍പാദന കേന്ദ്രങ്ങള്‍ മുഴുക്കെ അടച്ചുപൂട്ടാതെ, ആരു വിചാരിച്ചാലും പെണ്ണിന്റെ കണ്ണീര്‍ വറ്റിക്കാന്‍ കുറുക്കുവഴികള്‍ ഇല്ല. ഈയവസരത്തില്‍ കേരളത്തില്‍ ഇ.എം.എസ്‌ നമ്പൂതിരിപ്പാടിന്‍െറ സപ്‌തകക്ഷി മുന്നണി സര്‍ക്കാര്‍ ആദ്യമായി മദ്യനിരോധം എടുത്തുകളഞ്ഞപ്പോള്‍ കോണ്‍ഗ്രസുകാര്‍ മുഴക്കിയ മുദ്രാവാക്യത്തിലേക്ക്‌ ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധ ക്ഷണിക്കട്ടെ.
തങ്ങളും നമ്പൂര്യും ഒന്നായപ്പോള്‍
പള്ളിക്ക്‌ മുമ്പിലും കള്ളായി,
കള്ളു കുടിച്ചു മത്തായി
മത്തായി മാഞ്ഞൂരാന്‍ എന്തായി?


          SocialTwist Tell-a-Friend 

2011 ജൂലൈ
പുസ്തകം 28 ലക്കം 4

Click to view this issue

 
     
 
         
© Aramam Monthly, Kerala