പൊതുസ്ഥലങ്ങളിലെ മലിനീകരണം
എന്‍.പി ഹാഫിസ് മുഹമ്മദ്
 

രിക്കല്‍ ബാസിം സ്‌കൂളില്‍ നിന്ന് വന്നപ്പോള്‍ കീശയില്‍ നിന്ന് മിഠായിക്കടലാസെടുത്ത് പാഴ്‌വസ്തുക്കളിടുന്ന കൊട്ടയിലേക്കിടുന്നത് കണ്ടു. വൈകാതെ അതവന്റെ ഒരു ശീലമായി മാറിയതും മനസ്സിലായി. എവിടെ വെച്ചെങ്കിലും ഒരു പാഴ്‌വസ്തു കൈയിലെത്തിയാല്‍ അത് നിക്ഷേപിക്കാനുള്ള സൗകര്യമില്ലെങ്കില്‍, അവനത് കീശയിലിടുന്നു; അതൊഴിവാക്കാനുള്ള സൗകര്യമോ സംവിധാനമോ കാണും വരെ.
എനിക്കവനോട് കൂടുതലിഷ്ടം തോന്നി. ഞാനത് പറഞ്ഞു. അവനത് പഠിച്ചത് അധ്യാപകനില്‍ നിന്നാണെന്ന് അറിയിച്ചു. അദ്ദേഹം, എഴുതി ആവശ്യം കഴിഞ്ഞ ഒരു കടലാസോ മറ്റെന്തെങ്കിലും പാഴ്‌വസ്തുക്കളോ അതൊഴിവാക്കാനുള്ള പ്രത്യേക സ്ഥലം കണ്ടെത്തും വരെ കുപ്പായത്തിന്റെയോ പാന്‍സിന്റെയോ കീശയിലിട്ട് കൊണ്ടുനടക്കുന്നു. മകന്റെ അധ്യാപകനെ ഓര്‍ത്ത് ആദരവ് തോന്നി. പലപ്പോഴും പാഴ്‌വസ്തുക്കള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്ന എന്റെ സ്വഭാവത്തെ ഓര്‍ത്ത് ലജ്ജതോന്നി.
ഇക്കാര്യം പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത് ചോദിച്ചു: ''ഈ ലോകത്ത് ഒരാള്‍ മാത്രം ഇക്കാര്യത്തില്‍ ശ്രദ്ധിച്ചതുകൊണ്ട് കാര്യണ്ടോ?''
മറ്റുള്ളവര്‍ ചെയ്യുന്ന അബദ്ധം നമ്മളെന്തിന് പിന്തുടരുന്നു? ഞാനൊരു പൗരനെന്ന നിലയില്‍ എന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ ഒരാള്‍ക്കെന്തവകാശം? അത് നമ്മള്‍ ചെയ്യുന്ന അബദ്ധത്തിന് ന്യായീകരണം കണ്ടെത്തലല്ലേ? ഒരാള്‍ ചെയ്താലല്ലേ മറ്റൊരാള്‍ക്ക് മാതൃകയാവുന്നത്! ഞാന്‍ പല ചോദ്യങ്ങള്‍ ഉന്നയിച്ചു. മകനില്‍ നിന്ന് പഠിച്ച പാഠം അനുവര്‍ത്തിക്കുന്ന കാര്യവുമറിയിച്ചു.
പലരും പാഴ്‌വസ്തുക്കള്‍ നിക്ഷേപിക്കാനുള്ള സ്ഥലമുണ്ടെങ്കില്‍ പോലും പുറത്തേക്ക് വലിച്ചെറിയുന്നു. പൊതു സ്ഥലത്ത്, പാതവക്കിലും ബസ്റ്റാന്റിലും റെയില്‍വെ സ്റ്റേഷനിലും സാധിക്കുമെങ്കില്‍ ഒരു ലിറ്ററെങ്കിലും കാര്‍ക്കിച്ചു തുപ്പുന്നു. പുഴയോരങ്ങളിലും നിരത്തുവക്കിലും ചപ്പുചവറുകള്‍ കൊണ്ടിടുന്നു. തീവണ്ടികളിലും ബസ്സിലും മറ്റു പൊതുസ്ഥലങ്ങളിലും അതുമിതും എഴുതിവെക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന സ്മാരകങ്ങളില്‍ സ്വന്തം പേരും വിലാസവും എഴുതിവെക്കുന്നവരുമുണ്ട്. പൊതുസ്വത്തിനോടും പരിസര മലിനീകരണത്തോടും മലയാളികള്‍ വെച്ചു പുലര്‍ത്തുന്ന പൊതുമനോഭാവമാണിവിടെയെല്ലാം കാണുന്നത്. പൊതുസ്ഥലങ്ങളിലെ ശുചിത്വം ഉത്തരവാദിത്തമായി കണക്കാക്കാത്ത ഒരു മനസ്സ് പൊതുവെ കേരളീയര്‍ക്കുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ബസ്റ്റാന്റും പരിസരവും കണ്ടാല്‍ ഈ മനോഭാവം മനസ്സിലാക്കാനാവും. സര്‍ക്കാര്‍ ഓഫീസുകള്‍ മലയാളിക്ക് വൃത്തികേടാക്കാനുള്ളതാണ്. ഇടവഴികള്‍ മൂത്രപ്പുരകളാക്കാനുള്ളതാണ് പുരുഷകേസരികള്‍ക്ക്.
സ്വാര്‍ഥതയും സങ്കുചിതത്വവുമാണ് ഇത്തരം പെരുമാറ്റങ്ങളില്‍ നമ്മള്‍ പ്രകടിപ്പിക്കുന്നത്. മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ഉപദ്രവങ്ങള്‍ കണക്കിലെടുക്കാതെ സ്വന്തം കാര്യങ്ങളോ അവരവരുടെ എളുപ്പവഴികളോ മാത്രം പരിഗണിച്ച് പൊതു സ്ഥലങ്ങളിലെ മലിനീകരണം ഒരു ശീലമാക്കുന്നു. ഈ മനോഭാവവും ശീലവും ചെറിയൊരു കാര്യമാണെന്ന് പലരും കരുതുന്നു. അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ നാടിന്റെ വൃത്തികെട്ട മുഖം ഒരുക്കുന്നതില്‍ നമ്മള്‍ തന്നെ പങ്കാളിയായിത്തീരുന്നു. അതുകണ്ട് മറുനാട്ടുകാര്‍ അത്ഭുതപ്പെടുന്നു. സ്വിറ്റ്‌സ ര്‍ലന്റുകാരനായ ഹെര്‍മന്‍ എപ്ലര്‍ നാട്ടില്‍ വന്നപ്പോള്‍ പറഞ്ഞതോര്‍ക്കുന്നു. 'ഈ തീവണ്ടിമുറി എന്റേതു കൂടിയാണ് എന്ന് കരുതാത്തത് എന്തുകൊണ്ടാണ്? സ്വന്തം നാടിനെ ആരെങ്കിലും ഇങ്ങനെ വികൃതമാക്കുമോ?'
ഹെര്‍മനത് പറയാന്‍ അവകാശമുണ്ട്. സ്വിറ്റ്‌സര്‍ലന്റിലെ ഹസ്‌ലി ബര്‍ഗില്‍ നിന്നും സൂറിച്ചിലേക്കുള്ള യാത്രയില്‍ തീവണ്ടി മുറിയുടെ വൃത്തിയും വെടിപ്പും കണ്ടറിഞ്ഞതാണ്. ഒരു യാത്രക്കാരനും ഒരു ബിസ്‌ക്കറ്റ് തിന്ന് ബാക്കിവന്ന കടലാസോ ജ്യൂസ് കുടിച്ച കപ്പോ പുറത്തേക്കെറിയുന്നില്ല. വണ്ടിയിലെ പാഴ്‌വസ്തുക്കളിടുന്ന പെട്ടിയിലേ ഇടുന്നുള്ളൂ. പാശ്ചാത്യ ജീവിതത്തില്‍ നിന്ന് പലതും കടം വാങ്ങുന്ന നമ്മള്‍ അവരുടെ പൗരബോധത്തിന്റെ മഹനീയ ഭാവങ്ങള്‍ അനുകരിക്കുന്നില്ല. സഹജീവികളോടുള്ള അവരുടെ പരിഗണന അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ആസ്‌ത്രേലിയയില്‍ കുറച്ച് കാലം മക്കളോടൊപ്പം താമസിക്കുമ്പോള്‍ അറിഞ്ഞ അനുഭവം, അധ്യാപിക കൂടിയായ സിസിലിയാമ്മ പെരുന്താന്നി പങ്കുവെച്ചതോര്‍ക്കുന്നു: 'വീടിന് പുറത്ത് വെയ്സ്റ്റ് നിക്ഷേപിക്കാനുള്ള പാത്രങ്ങളുണ്ട്. പ്ലാസ്റ്റിക് ജൈവപരമായ പാഴ്‌വസ്തുക്കള്‍, കടലാസ് തുടങ്ങിയവ വേര്‍തിരിച്ച് ചുവപ്പ്, പച്ച, നീല പാത്രങ്ങളില്‍ ഇടണം. റീ സൈക്കിള്‍ ചെയ്യുന്ന ആവശ്യത്തിലേക്കുള്ള മുന്‍കരുതല്‍ കൂടിയാണിത്. ഒരാളും ഇക്കാര്യത്തില്‍ അശ്രദ്ധ വെച്ചുപുലര്‍ത്തുന്നത് കണ്ടിട്ടില്ല.'
പലരും മറ്റുള്ളവരെ പരിഗണിക്കുന്നില്ല എന്നു മാത്രമല്ല, സ്വസ്ഥതയോടെ ജീവിക്കാനുള്ള മറ്റൊരാളുടെ അവകാശത്തെ ഹനിക്കുന്നു. ഈ മനോഭാവം ജനിക്കുമ്പോള്‍ മനുഷ്യനിലില്ല എന്നതാണ് വസ്തുത. വേരുറക്കുന്ന മനോഭാവം ഒരു ശീലമായി മാറ്റുന്നു. നടുനിരത്തില്‍ തുപ്പുന്നതും നിരത്തുവക്കില്‍ മൂത്രമൊഴിക്കുന്നതും വേരുറച്ച ശീലങ്ങളുടെ ഭാഗമാണ്. അത് ചെയ്തുകൂടാ എന്ന് ഉറച്ച് വിശ്വസിക്കുന്നവരുമുണ്ട്. ജര്‍മനിയിലെ കൊളോണിലെ നിരത്തിലൂടെ ഒരു നായയുമായി നടന്നു പോകുന്നയാള്‍ നായ വഴിയരികില്‍ കാഷ്ടിച്ചപ്പോള്‍ കീശയില്‍ നിന്ന് ഒരു കവറെടുത്ത് കാഷ്ടം അതില്‍ നിറച്ച് അതു കളയാനുള്ള പാത്രത്തില്‍ കൊണ്ടു ചെന്നിടുന്നത് കണ്ടിട്ടുണ്ട്. നായക്കല്ല നായയെ വളര്‍ത്തുന്ന മനുഷ്യര്‍ക്കാണ് പൗരബോധം വേണ്ടതെന്ന് അവര്‍ കരുതുന്നു.
നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെ കരുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷമുണ്ട്. അവര്‍ മറ്റുള്ളവരെ പരിഗണിക്കുന്നവരാണ്. മറ്റുള്ളവര്‍ക്കുണ്ടാവാനിടയുള്ള വിഷമം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നു. അവര്‍ വെയ്സ്റ്റ് സാധനങ്ങള്‍ നിരത്തുവക്കില്‍ കൊണ്ടുചെന്നിടുന്നില്ല. അത് നിരത്തില്‍ പരക്കുമെന്നും കാക്കയോ മറ്റു പക്ഷികളോ സ്വന്തം വീട്ടുവളപ്പിലേക്കും കിണറ്റിലേക്കും കൊണ്ടു ചെന്നിടുമെന്നും അവര്‍ കരുതുന്നു. അവര്‍ മാതൃകകളാണ്. ശസ്ത്രക്രിയ ചെയ്ത് മാറ്റേണ്ടത് നമ്മുടെയുള്ളില്‍ ദൃഢമൂലമായ ശീലങ്ങളെയാണ്. ശീലമേതും വളര്‍ത്തിയെടുക്കാനാവും; ഉള്ളില്‍ ആഗ്രഹമുണ്ടെങ്കില്‍ അതിന് ശ്രമം നടത്തിയെങ്കില്‍.
കുട്ടികളാകുമ്പോഴേ ഈ പൊതു വ്യവഹാരത്തിന്റെ ശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വെയ്സ്റ്റ് പേപ്പര്‍ എവിടെ ഇടണമെന്ന ശീലത്തില്‍ നിന്ന് അത് തുടങ്ങാവുന്നതാണ്. കുട്ടികളത് ചെയ്തു തുടങ്ങുമ്പോള്‍ അവര്‍ക്ക് അംഗീകാരവും പ്രശംസയും നല്‍കണം. വീട്ടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അനുശീലിക്കുന്ന കുട്ടിക്ക് പുറത്തിറങ്ങുമ്പോള്‍ ഒരു പൗരന്‍ എന്ന നിലയില്‍ അനുഷ്ഠിക്കേണ്ട പാഠങ്ങള്‍ ബോധ്യപ്പെടുത്തുക. അവ പഠിപ്പിക്കണം. അവ പരിശീലിപ്പിക്കണം. മറ്റുള്ളവരത് ചെയ്യുന്നില്ല എന്നത് നമ്മുടെ ഉത്തരവാദിത്വത്തെ ഹനിച്ചുകൂടാ എന്ന് ബോധ്യപ്പെടുത്തുക. ഒരിക്കല്‍ ഈ വ്യവഹാരം വ്യക്തിത്വത്തിന്റെ ഭാഗമായി കഴിഞ്ഞാല്‍ എവിടെയാണെങ്കിലും അതനുവര്‍ത്തിക്കുകയേയുള്ളൂ. അഥവാ മാറ്റേണ്ട പെരുമാറ്റ ശീലമാണെങ്കില്‍ സ്വയം സ്വീകരിക്കുന്ന ഒരു പുനര്‍സാമൂഹീകരണത്തിലൂടെ മാറ്റിയെടുക്കാവുന്നതേയുള്ളൂ.
നമ്മുടെ വീഴ്ചകളെ ന്യായീകരിക്കുന്നത് ഇത്തരം കാര്യങ്ങളില്‍ പ്രത്യേകിച്ചും നമ്മള്‍ മാത്രം ഉത്തരവാദിത്വം കാണിച്ചിട്ടെന്തുകാര്യം. മറ്റുള്ളവരുമിത് ചെയ്യേണ്ടതില്ലേ എന്ന വാദം നടത്തിയാണ്. ഒരാള്‍ മാത്രം നന്നായതുകൊണ്ട് ഈ ലോകം നന്നാക്കാനാവില്ലെന്ന് ഇക്കൂട്ടര്‍ ന്യായവാദം നടത്തുന്നു. സത്യത്തില്‍ മാറ്റം അവനവനില്‍ നിന്നാണ് ഉണ്ടാകേണ്ടത്. മറ്റുള്ളവര്‍ മാറിയ ശേഷം ഞാനും മാറാമെന്ന വിചാരത്തോടെ പെരുമാറുമ്പോള്‍ ആരും മാറ്റത്തിന് വിധേയമാക്കപ്പെടുന്നില്ല. സാമൂഹ്യബോധമുള്ള ഒരു പൗരന്റെ ആഗ്രഹം നിയമങ്ങള്‍ പാലിക്കുന്നതില്‍ മാറ്റം എന്നില്‍ നിന്നുതന്നെയാവട്ടെ എന്നതാവണം. ഒരാള്‍ പൗരബോധം കാണിക്കുമ്പോള്‍ മറ്റു ചിലര്‍ക്കെങ്കിലും മാറ്റത്തിന് അത് പ്രേരണയായി മാറാന്‍ ഇടയുണ്ട്.
പലപ്പോഴും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് വഴി വരും തലമുറക്ക് കൂടി ഉപദ്രവം ചെയ്യുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊതുവഴിയിലും പുഴയിലും കായലിലും മറ്റും നിക്ഷേപിക്കുന്നത് നാം ചെയ്യുന്ന സമൂഹദ്രോഹമാണ്. മണ്ണില്‍ കിടക്കുന്ന പ്ലാസ്റ്റിക് പലതും വര്‍ഷങ്ങളോളം നശിക്കാതെ കിടക്കുന്നു. മരങ്ങളെ ബാധിക്കുന്നു. പല സൂക്ഷ്മ ജീവികളെയും നശിപ്പിക്കുന്നു. ജലശേഖരണങ്ങളില്ലാതാകുന്നു. പലവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു. നമ്മുടെ ചെയ്തികള്‍ ഏറെ കാലത്തേക്ക്, ചിലപ്പോള്‍ എക്കാലത്തേക്കുമുള്ള വിനയായിത്തീരുന്നു. പ്ലാസ്റ്റിക്കോ അതുപോലെയുള്ള മാലിന്യങ്ങളോ അത് വലിച്ചെറിയുന്നിടത്തേ ഇടാവൂ. അങ്ങനെയൊന്ന് വീട്ടിലോ നാട്ടിലോ ഇല്ലെങ്കില്‍ കൂട്ടുചേര്‍ന്ന് ഉണ്ടാക്കാവുന്നതാണ്. അത് പ്രകൃതിയോടും മനുഷ്യരോടും മറ്റ് ജീവജാലങ്ങളോടും സസ്യലോകത്തോടും ചെയ്യുന്ന ദയാവായ്പാണ്. എല്ലാവര്‍ക്കുമവകാശപ്പെട്ട ഭൂമിയെ ഇനിയുമേറെക്കാലം നിലനിര്‍ത്താനുള്ള ശ്രമം കൂടിയാണ്. ഓരോ മനസ്സിന്റെയും മാറ്റിമറിക്കല്‍ തന്നെയാണ്, ഇക്കാര്യത്തില്‍ സാധ്യമാകുന്ന വിലപ്പെട്ട ശസ്ത്രക്രിയ
ശേഷക്രിയ
ദൈനംദിന ജീവിതത്തില്‍ നമ്മള്‍ ചെയ്യരുതാത്തത്:
1 പൊതുസ്ഥലത്ത് തുപ്പുകയോ ചണ്ടികളിടുകയോ പാഴ്‌വസ്തുക്കള്‍ നിക്ഷേപിക്കുകയോ അരുത്. അവ ഇടാനുള്ള പ്രത്യേക സംവിധാനങ്ങളുണ്ടാക്കുക.
2. പുഴയോരം, കടല്‍തീരം, പൂന്തോട്ടം, മൈതാനം എന്നിവ മലിനപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യരുത്. അവ ശുദ്ധജലം, ശുദ്ധവായു തുടങ്ങിയവ ഇല്ലാതാക്കുന്ന പ്രവൃത്തിയാണ്. പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയാണ്.
3. റെയില്‍വെ സ്റ്റേഷന്‍, ബസ്റ്റാന്റ്, എയര്‍പോര്‍ട്ട്, മ്യൂസിയം തുടങ്ങിയ പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന പ്രവൃത്തികളിലേര്‍പ്പെടാതിരിക്കുക. പൊതുസ്ഥലങ്ങളില്‍ ചുമരെഴുത്ത് നടത്തുകയോ പോസ്റ്റര്‍ പതിക്കുകയോ ചെയ്യരുത്.
4. മലമൂത്ര വിസര്‍ജ്ജനം പൊതുസ്ഥലങ്ങളിലൊരിക്കലും ചെയ്യരുത്. എല്ലാവരുടെയും ആരോഗ്യത്തെ അതു പ്രതികൂലമായി ബാധിക്കുന്നു. നമ്മുടെ ദേശത്തിന്റെ ഒരു വികൃതമുഖം പ്രദര്‍ശിപ്പിക്കാന്‍ അത് കാരണമാകുന്നു.
5. സര്‍ക്കാറാപ്പീസുകള്‍ നമ്മള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. കെട്ടിടങ്ങളിലെ പടികള്‍ കയറുന്നിടങ്ങളില്‍ മുറുക്ക്, പാന്‍മസാല എന്നിവ ഉപയോഗിച്ച് തുപ്പിയിടരുത്.
6. ക്യൂവില്‍ നില്‍ക്കുന്ന ഒരാളിനെ മറികടക്കാന്‍ മുതിരരുത്. മുന്നിലൊരു വാഹനം നിര്‍ത്തിയിട്ടിട്ടുണ്ടെങ്കില്‍, മുന്നോട്ട് നീങ്ങാന്‍ തടസ്സമുള്ളതാണെന്ന് തിരിച്ചറിഞ്ഞ് നൂഴ്ന്ന് കയറാതിരിക്കുക. ട്രാഫിക് ബ്ലോക്ക് ഉണ്ടാവുന്നത് പല്ലപ്പോഴും ഓരോ പൗരനും ഉത്തരവാദിത്വം നിറവേറ്റാത്തതുകൊണ്ടാണ്. അത് അവരവര്‍ക്കുതന്നെ ഉപദ്രവമായിത്തീരുന്നു.
7. പൊതുസ്ഥലങ്ങളില്‍വെച്ച് പുകവലിക്കുകയോ മദ്യപിക്കുകയോ, പാന്‍ മസാലകളോ മറ്റോ ഉപയോഗിക്കുകയോ ചെയ്യരുത്.
8. മറ്റുള്ളവരുടെ കെട്ടിടങ്ങളിലോ വാഹനങ്ങളിലോ എഴുതുകയോ പോസ്റ്ററുകളൊട്ടിക്കുകയോ ചെയ്യരുത്.
9. പൊതുസ്ഥലങ്ങളില്‍ വെച്ച്, യാത്രചെയ്യുമ്പോള്‍ വണ്ടികളില്‍ വെച്ച് ഉച്ചത്തില്‍ സംസാരിക്കുകയോ ബഹളം വെക്കുകയോ ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് ഉപദ്രവമാകുന്നുണ്ട്. ശബ്ദമലിനീകരണം മറ്റുള്ളവരുടെ സ്വസ്ഥത നശിപ്പിക്കുന്നു. മാനസികമായി തളര്‍ന്നിരിക്കുകയോ, മറ്റ് വിഷമങ്ങള്‍ അനുഭവിക്കുകയോ ചെയ്യുന്നവര്‍ക്ക് അത്തരം ബഹളങ്ങള്‍ കൂടുതല്‍ അസ്വസ്ഥതക്ക് കാരണമാകുന്നു.
10. പൗരബോധത്തോടെ മറ്റുള്ളവര്‍ക്ക് ഗുണകരമായവിധം പെരുമാറുന്ന ഒരാളെയും പരിഹസിക്കരുത്.


          SocialTwist Tell-a-Friend 

2012 ഏപ്രില്‍
പുസ്തകം 29 ലക്കം 1

Click to view this issue

 
     
 
         
© Aramam Monthly, Kerala