സ്ത്രീകളും നോമ്പും
ഇല്‍യാസ് മൌലവി
 

ഇസ്ലാമിലെ മറ്റ് ആരാധനാ കര്‍മങ്ങളില്‍ നിന്നും വ്യത്യസ്തമായി ചെയ്യുന്നവയേക്കാള്‍ ഉപേക്ഷിക്കുന്നതിനാണ് നോമ്പില്‍ പ്രാധാന്യം. വര്‍ജിക്കുക, സംയമനം പാലിക്കുക തുടങ്ങിയ അര്‍ഥം വരുന്ന സൌം എന്ന പദമാണ് ഈ ആരാധനക്ക് അല്ലാഹു നല്‍കിയത്.
നോമ്പ് ശരിയാകണമെങ്കില്‍ അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഘടകങ്ങള്‍ രണ്ടെണ്ണമാണ്. ഒന്ന്- നിയ്യത്ത്. രണ്ട്- പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക.
നോമ്പിന് പ്രഭാതത്തിനു മുമ്പ് തന്നെ നിയ്യത്ത് ചെയ്തിരിക്കേണ്ടതാണ്. ഒരാള്‍ അത്താഴത്തിന് എഴുന്നേല്‍ക്കുന്നത് തദുദ്ദേശ്യാര്‍ഥമാണെങ്കില്‍ അതു തന്നെയാണ് നിയ്യത്ത്. അല്ലാതെ സാധാരണ കേള്‍ക്കാറുള്ളതു പോലെ ഉരുവിട്ടു കൊള്ളണമെന്നില്ല. അങ്ങനെ ചൊല്ലിപ്പറയുന്നതിന് ഖുര്‍ആനിലോ ഹദീസിലോ തെളിവുമില്ല. തലേന്ന് തന്നെ നിയ്യത്ത് ചെയ്തിരിക്കണമെന്നത് ഹദീസിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. "ആരെങ്കിലും പ്രഭാതത്തിനു മുമ്പ് നോമ്പിന് നിയ്യത്ത് ചെയ്തില്ലെങ്കില്‍ അവന് നോമ്പില്ല'' എന്ന് തിരുമേനി പറഞ്ഞിരിക്കുന്നു.
എന്നാല്‍ ഈയൊരു നിബന്ധന സുന്നത്ത് നോമ്പുകള്‍ക്ക് ബാധകമല്ല. പ്രഭാത ഭക്ഷണം കഴിക്കാന്‍ വല്ലതുമുണ്ടോ എന്ന് തിരുമേനി (സ) തന്റെ വീട്ടുകാരോട് അന്വേഷിക്കുകയും ഇല്ല എന്നാണ് മറുപടിയെങ്കില്‍ "എന്നാല്‍ പിന്നെ ഇന്ന് നോമ്പാക്കാം'' എന്നു പറഞ്ഞുകൊണ്ട് അവിടുന്ന് അന്നേ ദിവസം നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു എന്ന് ആയിശ (റ) വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തില്‍ ഐഛിക വ്രതം ഒരാള്‍ക്ക് പ്രഭാതോദയത്തിനു ശേഷം നിയ്യത്ത് ചെയ്താലും സാധുവാണെന്ന് ഫുഖഹാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
മനഃപൂര്‍വം തിന്നുകയോ കുടിക്കുകയോ ചെയ്യുക, വായിലൂടെയോ മൂക്കിലൂടെയോ ഭക്ഷണമോ വെള്ളമോ മറ്റു വല്ല വസ്തുക്കളോ ബോധപൂര്‍വം ഉള്ളിലേക്ക് പ്രവേശിപ്പിക്കുക, സംയോഗം, മന:പൂര്‍വമുള്ള ഇന്ദ്രിയസ്ഖലനം, നോമ്പ് മുറിക്കാന്‍ തീരുമാനിക്കല്‍ തുടങ്ങിയവയാണ് നോമ്പ് മുറിയുന്ന കാര്യങ്ങള്‍.
പില്‍ക്കാലത്ത് രചിക്കപ്പെട്ട ചില ഗ്രന്ഥങ്ങളും നാട്ടില്‍ പ്രചരിച്ച ധാരണകളും ഈ വിഷയകമായി വളരെ സങ്കീര്‍ണതകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതു സംബന്ധമായി അല്ലാമാ ശൈഖ് യൂസുഫുല്‍ ഖര്‍ദാവി പറയുന്നു: 'മിക്ക കര്‍മശാസ്ത്ര പണ്ഡിതന്മാരും നോമ്പ് ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങള്‍ നീട്ടി വിവരിച്ചിട്ടുണ്ട്. ഹനഫികള്‍ ഏതാണ്ട് അമ്പത്തേഴോളം കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നു. ശാഫിഈകളും നിരവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പിന്‍ഗാമികളായ പണ്ഡിതന്മാരാകട്ടെ, അതില്‍ വിചിത്രമായ വലിച്ചുനീട്ടലുകളാണ് നടത്തിയിരിക്കുന്നത്. അതിനുവേണ്ടി ചില നവീനമായ അടിസ്ഥാനങ്ങള്‍ ചമച്ചു. അതില്‍ പിടിച്ച് എണ്ണമറ്റ ശാഖാ പ്രശ്നങ്ങള്‍ ഉണ്ടാക്കി. ഈ അടിസ്ഥാനങ്ങള്‍ കുറ്റമറ്റതല്ല. കാരണം അവക്ക് ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായ തെളിവുകളില്ല.......
വ്രതത്തിന്റെ സര്‍വാംഗീകൃത യാഥാര്‍ഥ്യമാകട്ടെ, അല്ലാഹുവിന്റെ സാമീപ്യമുദ്ദേശിച്ചു കൊണ്ട് ശരീരത്തെ അതിന്റെ ഇരകളില്‍ നിന്ന് വിലക്കുകയും വിശപ്പും ദാഹവും സഹിക്കുകയും സ്ത്രീ സംസര്‍ഗം വെടിയുകയും ചെയ്യുകയാണ്.
അല്ലാഹുവിന്റെ ഗ്രന്ഥവും തിരുചര്യയും വ്യക്തമാക്കിയതാണിത്. ആഹാര പാനീയങ്ങളും സംസര്‍ഗവും പോലെ മ്ളേഛവൃത്തി, ശബ്ദകോലാഹലം, സംസ്കാരരാഹിത്യം, ശകാരവര്‍ഷം, കളവ്, കള്ളസാക്ഷ്യം തുടങ്ങിയ തെറ്റുകുറ്റങ്ങളില്‍ നിന്നല്ലാതെ മറ്റൊന്നില്‍ നിന്നും നോമ്പുകാരനെ വിലക്കുന്ന യാതൊന്നും തന്നെ അവ രണ്ടിലും വന്നിട്ടില്ല. അതായത് നോമ്പുകാരന്‍ നോമ്പിന്റെ ഭൌതിക യാഥാര്‍ഥ്യത്തോട് വിയോജിക്കുന്ന സംഗതികളില്‍ നിന്ന് വിലക്കപ്പെട്ടിരിക്കുന്നു. ആഹാര പാനീയാദികളും സ്ത്രീ സംസര്‍ഗവുമാണത്. വ്രതത്തിന്റെ സാംസ്കാരിക പൊരുളിനോട് വിയോജിക്കുന്ന കാര്യങ്ങളില്‍ നിന്നും അവന്‍ തടയപ്പെട്ടിരിക്കുന്നു. അവിവേകം ചെയ്യല്‍, അസഭ്യം പറയല്‍, കള്ളം തുടങ്ങിയ കാര്യങ്ങളാണവ. ഇവയാണ് നിര്‍ണിതമായും നോമ്പുകാര്‍ക്ക് വിലക്കപ്പെട്ട മൂന്ന് കാര്യങ്ങള്‍.
നോമ്പിന് ഇളവുള്ളവര്‍
ആര്‍ത്തവം, പ്രസവം, രോഗം, യാത്ര തുടങ്ങിയ ന്യായമായ കാരണങ്ങളാല്‍ റമദാനില്‍ നോമ്പെടുക്കാന്‍ കഴിയാത്ത സ്ത്രീകള്‍ റമദാന്‍ കഴിഞ്ഞാല്‍ സാധ്യമാകുന്ന ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ തന്നെ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റുവീട്ടേണ്ടതാണ്. ഇതില്‍ രോഗികളുടെയും യാത്രക്കാരുടെയും കാര്യം അല്ലാഹു വളരെ വ്യക്തമായിത്തന്നെ പറഞ്ഞിരിക്കുന്നു.
എന്നാല്‍ ആര്‍ത്തവം, പ്രസവം എന്നിവ സുന്നത്തിലൂടെയും വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ആയിശ (റ) പറയുന്നു: "തിരുമേനിയുടെ കാലത്ത് ഞങ്ങള്‍ ആര്‍ത്തവകാരികളാവുമ്പോള്‍ നഷ്ടപ്പെടുന്ന നോമ്പ് നോറ്റുവീട്ടണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കപ്പെടുമായിരുന്നു. എന്നാല്‍ നമസ്കാരം ഖദാവീട്ടണമെന്ന് കല്‍പിക്കപ്പെടാറുണ്ടായിരുന്നില്ല.''
ഇങ്ങനെ നഷ്ടപ്പെടുന്ന നോമ്പുകള്‍ നോറ്റുവീട്ടുന്നത് പിറ്റേ വര്‍ഷത്തെ റമദാനിന് മുമ്പായിരുന്നാല്‍ മതി. ആയിശ (റ) തന്നെ പറയട്ടെ, 'എനിക്ക് റമദാനിലെ നോമ്പ് നോറ്റു വീട്ടാനുണ്ടാവാറുണ്ടായിരുന്നു. പലപ്പോഴും ശഅ്ബാനിലാണവ എനിക്ക് വീട്ടാന്‍ സാധിക്കുമായിരുന്നത്.' (ബുഖാരി-മുസ്ലിം) ഇങ്ങനെ കാരണമില്ലാതെ നീട്ടിവെക്കാന്‍ നില്‍ക്കാതെ നിര്‍ബന്ധ ബാധ്യത എന്ന നിലക്ക് കഴിവതും വൈകാതെ നോറ്റുവീട്ടുന്നതാണ് ഉത്തമമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇങ്ങനെ നോറ്റുവീട്ടുന്നത് തുടര്‍ച്ചയായിക്കൊള്ളണമെന്നുമില്ല. ഇടവിട്ട് ഇടവിട്ട് ആവുന്നതു കൊണ്ട് യാതൊരു കുഴപ്പവുമില്ല. എന്നാല്‍ ന്യായമായ യാതൊരു കാരണവും കൂടാതെ അടുത്ത റമദാനിനു മുമ്പ് നഷ്ടപ്പെട്ട നോമ്പ് നോറ്റുവീട്ടാത്തവര്‍ പകരം നോമ്പിനു പുറമെ ഓരോ അഗതിക്ക് ആഹാരം നല്‍കുക കൂടി ചെയ്യണമെന്നാണ് പണ്ഡിതമതം. സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് റമദാനില്‍ പകല്‍വേളകളില്‍ ലൈംഗികബന്ധത്തിലേര്‍പ്പട്ടുപോകാതിരിക്കുക എന്നത്. നവ വധൂവരന്മാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. നോമ്പില്‍ മറ്റു ആരാധനകളില്‍ നിന്ന് വ്യത്യസ്തമായി അനുവദനീയമായ പലതും അനുവദനീയമല്ലാതായി തീരുകയാണല്ലോ. ദമ്പതിമാര്‍ ആര്‍ത്തവ വേളകളിലൊഴികെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് പ്രത്യേകിച്ച് വിലക്കൊന്നുമില്ല, മാത്രമല്ല പുണ്യകരവും പ്രതിഫലാര്‍ഹവും കൂടിയാണ് എന്നാണ് നബിതിരുമേനി പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ നോമ്പനുഷ്ടിക്കുന്നവര്‍ പകല്‍വേളയില്‍ അനുവദനീയമായ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നത് പോലെത്തന്നെ അനിവാര്യമായും ഉപേക്ഷിക്കേണ്ടതാണ് ലൈംഗികബന്ധവും അതിലേക്ക് നയിക്കുന്ന കാര്യങ്ങളും. ആത്മനിയന്ത്രണവും സംയമനവും പരിശീലിപ്പിക്കുകയാണിതുവഴി അല്ലാഹു ഉദ്ദേശിക്കുന്നത്. എന്നാല്‍ നവ വധൂവരന്മാര്‍ ദാമ്പത്യത്തിന്റെ ആദ്യ നാളുകളില്‍ ഇതില്‍ പരാജയപ്പെട്ടു പോകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ അത്തരം സാഹചര്യം സൃഷ്ടിക്കാതിരിക്കുകയാണ് വേണ്ട്ത്. പ്രഭാതോദയത്തിനു ശേഷം ശയ്യ പങ്കിടാതിരിക്കാന്‍ ശ്രമിക്കുക എന്നതാണതിലൊന്ന്. നോമ്പ് കാലത്ത് പകല്‍വേളകളില്‍ തനിച്ചാവാതിരിക്കുക എന്നത് മറ്റൊന്നാണ്. ലൈംഗിക വികാരം ഉണര്‍ത്തുന്നതും ഉദ്ദീപിപ്പിക്കുന്നതുമായ കാര്യങ്ങള്‍ പറയുന്നതും കാണുന്നതും കേള്‍ക്കുന്നതും വായിക്കുന്നതുമെല്ലാം ഒഴിവാക്കുക എന്നതും അതില്‍പ്പെടുന്നു. ഇനി അഥവാ അങ്ങനെ സംഭവിച്ചാല്‍ അത് പ്രായശ്ചിത്തം ആവശ്യമുള്ള ഗുരുതരമായ കാര്യമായിട്ടാണ് എണ്ണപ്പെട്ടിട്ടുള്ളത്. അങ്ങനെ സംഭവിച്ചു പോയാല്‍ അവര്‍ ചെയ്യേണ്ട് കാര്യങ്ങളാണ്.
1. റമദാനിന്റെ പവിത്രത മാനിച്ചു കൊണ്ട് നോമ്പ് തുറക്കുന്ന സമയം വരെ നോമ്പുകാരെപ്പോലെ കഴിയുക.
2. പ്രസ്തുത നോമ്പ് റമദാനിനു ശേഷം മറ്റൊരു ദിവസം പകരം നോമ്പ് നോറ്റുവീട്ടുക.
3. പ്രായശ്ചിത്തമായി തുടര്‍ച്ചയായി രണ്ട് മാസം നോമ്പനുഷ്ടിക്കുക. അതിന് സാധ്യമല്ലെങ്കില്‍ 60 അഗതികള്‍ക്ക് ആഹാരം നല്‍കുക.
4. സംഭവിച്ചുപോയ തെറ്റില്‍ തൌബ ചെയ്യുക.
തിരുമേനി (സ) യുടെ കാലത്ത് ഇങ്ങനെ സംഭവിച്ചുപോയ ഒരു സ്വഹാബിയോട് തിരുമേനി നിര്‍ദ്ദേശിച്ചതായിരുന്നു ഇത്.
ഗര്‍ഭിണികളും മുലയൂട്ടുന്നവളും:
സാധാരണ സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായി മുലയൂട്ടുന്ന സ്ത്രീകളും ഗര്‍ഭിണികളും നോമ്പനുഷ്ടിക്കുന്നത് അത്ര എളുപ്പമായിരിക്കില്ല. ഇങ്ങനെയുള്ള സ്ത്രീകള്‍ക്ക് ഇസ്ലാം ഇളവ് അനുവദിച്ചിരിക്കുന്നു. "അല്ലാഹു യാത്രക്കാര്‍ക്ക് നോമ്പും നമസ്കാരത്തില്‍ പകുതിയും ഇളവ് അനുവദിച്ചിരിക്കുന്നു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും നോമ്പും.'' നസാഹു ഇബ്നുമാജ
എന്നാല്‍ ഇവര്‍ നോമ്പുപേക്ഷിച്ചാല്‍ പകരം നോറ്റു വീട്ടേണ്ടതുണ്ടോ? അതോ അഗതിക്ക് ആഹാരം നല്‍കിയാല്‍ മതിയോ? ഈ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അതില്‍ ശൈഖ് ഖര്‍ദാവി മുന്‍ഗണന നല്‍കിയിരിക്കുന്നത് ഇബ്നു അബ്ബാസ്, ഇബ്നു ഉമര്‍ തുടങ്ങി മഹാ പണ്ഡിത സ്വഹാബി വര്യന്മാരുടെ വീക്ഷമമാണ്. എന്നിട്ടദ്ദേഹം പറയുന്നത് ഇത്തരം സ്ത്രീകള്‍ രണ്ടു വിധമുണ്ട്. കൂടെ കൂടെ പ്രസവിക്കുന്നവര്‍, എല്ലാ വര്‍ഷവും ഒന്നുകില്‍ അവള്‍ ഗര്‍ഭിണി അല്ലെങ്കില്‍ അവള്‍ മുലയൂട്ടുന്നവള്‍. ഇത്തരക്കാര്‍ക്ക് മറ്റൊരവസരത്തില്‍ നോറ്റുവീട്ടുന്നത് സുസാധ്യമായിരിക്കില്ല. അതിനാല്‍ അത്തരക്കാര്‍ ഫിദ്യ (ആഹാരം) നല്‍കിക്കൊള്ളട്ടെ. എന്നാല്‍ ഓരോ പ്രസവത്തിനിടയിലും ധാരാളം ഇടവേളകള്‍ ലഭിക്കുന്ന സ്ത്രീകള്‍ക്ക് പകരം നോമ്പ് നോറ്റുവീട്ടാന്‍ ധാരാളം അവസരമുണ്ടല്ലോ. ഓരോ മാസവും മൂന്ന് നോമ്പെടുത്താല്‍ തന്നെ നിഷ്പ്രയാസം നോറ്റുവീട്ടാവുന്നതാണ്. ഇക്കാലത്ത് മിക്ക സ്ത്രീകളും ഈ ഗണത്തില്‍പ്പെടുന്നവരാകയാല്‍ അവര്‍ നോറ്റുവീട്ടുകയാണ് ഈ വീക്ഷണപ്രകാരം ചെയ്യേണ്ടത്.
ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അയല്‍വാസികള്‍ തുടങ്ങി നിര്‍ബന്ധമായും പരിഗണിക്കേണ്ടവരെ വിളിച്ച് നോമ്പ് തുറപ്പിക്കുക എന്നത് മറന്നുപോവാനോ അവഗണിക്കാനോ പാടില്ല. അത്തരം കാര്യങ്ങള്‍ക്ക് നോമ്പിന്റെ ആദ്യത്തെ പത്ത് തന്നെ നീക്കിവെക്കുക. അതിഥികളുണ്ടെങ്കിലല്ലാതെ നിത്യവും വിഭവസമൃദ്ധമായ ഭക്ഷണമുണ്ടാക്കലും കഴിക്കലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി അവസാനം ഈ വര്‍ഷത്തെ റമദാന്‍ എത്ര പെട്ടെന്നാണ് കഴിഞ്ഞത്, മര്യാദക്ക് ഖുര്‍ആന്‍ മുഴുവനും പോയിട്ട് ഒരു ഭാഗം പോലും പാരായണം ചെയ്യാന്‍ നേരം കിട്ടിയില്ല എന്ന് തുടങ്ങി സ്ഥിരം പല്ലവി ഈ പ്രാവശ്യമെങ്കിലും ആവര്‍ത്തിക്കില്ല എന്ന് തീരുമാനിക്കുക. എന്ത് തിരക്കായാലും ഖുര്‍ആനിന്റെ മാസം ആ ഗ്രന്ഥത്തിനായി നല്ലൊരു സമയം മാറ്റി വെച്ചേ മതിയാകൂ. അര്‍ഥമറിയാത്തവര്‍ കുറേയധികം പാരായണം ചെയ്യുന്നതിനേക്കാള്‍ അര്‍ഥസഹിതമുള്ള പരിഭാഷകള്‍ വ്യാഖ്യാനങ്ങള്‍ സഹിതം അല്‍പമെങ്കിലും വായിക്കാനും അത് ജീവിതത്തില്‍ പരിവര്‍ത്തനം വരത്തക്കവണ്ണം ഉപയോഗപ്പെടുത്തുകയുമാണ് ഉത്തമം.
|


          SocialTwist Tell-a-Friend 

2012 ജൂലൈ
പുസ്തകം 29 ലക്കം 4

Click to view this issue

 
     
 
         
© Aramam Monthly, Kerala