ഋതുമതികളെ അവമതിക്കുന്നവര്‍
നബി (സ) പള്ളിയില്‍ നില്‍ക്കെ പത്‌നി ആഇശ(റ)യോട് പറഞ്ഞു. 'എന്റെ ആ വസ്ത്രം ഒന്ന് എടുത്തു തന്നാട്ടെ ആഇശാ.' സ്വല്‍പം ലജ്ജയോടെ അവര്‍ പറഞ്ഞു: 'ഞാന്‍ ആര്‍ത്തവക്കാരിയാണ് റസൂലേ.' റസൂല്‍ സ്വാഭാവിക
നബി (സ) പള്ളിയില്‍ നില്‍ക്കെ പത്‌നി ആഇശ(റ)യോട് പറഞ്ഞു. 'എന്റെ ആ വസ്ത്രം ഒന്ന് എടുത്തു തന്നാട്ടെ ആഇശാ.' സ്വല്‍പം ലജ്ജയോടെ അവര്‍ പറഞ്ഞു: 'ഞാന്‍ ആര്‍ത്തവക്കാരിയാണ് റസൂലേ.' റസൂല്‍ സ്വാഭാവിക നര്‍മത്തോടെ തിരിച്ചു പ്രതികരിച്ചു: 'നിന്റെ ആര്‍ത്തവം നിന്റെ കൈകളില്‍ അല്ലല്ലോ.' അവര്‍ വസ്ത്രം എടുത്തുകൊടുക്കുകയും ചെയ്തു.
പ്രമുഖ ഹദീസ് ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച ഈ കൊച്ചു സംഭാഷണത്തില്‍നിന്ന് ഒന്നാമതായി വ്യക്തമാകുന്നത്, ആര്‍ത്തവകാരികള്‍ അക്കാലത്ത്, എന്തൊക്കെയോ ചില തെറ്റായ കടുത്ത സാമൂഹിക വിലക്കുകള്‍ക്ക് വിധേയരായിരുന്നു എന്നും, ആ ബോധം അപ്പോള്‍ ആഇശയില്‍ ഉണര്‍ന്നു എന്നുമാണ്. നബി (സ) അത് ഭംഗിയായി തിരുത്തി. അല്ല ഇതിനേക്കാള്‍ സമുചിതമായി ആര്‍ക്ക് എങ്ങനെ തിരുത്താനാവും?
തിരുമേനി പള്ളിയില്‍ ശയിക്കുമ്പോള്‍, തിരുമുടിയുടെ പരിലാളനത്തിന് വീട്ടിലിരിക്കുന്ന ആഇശയുടെ മടിത്തട്ടിലേക്ക് ശിരസ് നീട്ടിക്കൊടുക്കാന്‍ പാകത്തില്‍ ആയിരുന്നു മദീന പള്ളിയും ആഇശ(റ)യുടെ ഭവന കവാടവും എന്ന് അറിയാത്തവര്‍ ആരും ഉണ്ടാവുകയില്ല.
റസൂലിന്റെ കാലശേഷം മദീനയിലെ ഏതോ പെണ്‍കൊടി ആദ്യമായി പുഷ്പിണി ആയ നേരം ആഇശയോട് ഋതുമതികള്‍ പാലിക്കേണ്ട പ്രത്യേക ഇസ്‌ലാമിക മര്യാദകളെക്കുറിച്ച് ചോദിച്ചപ്പോള്‍, അവര്‍ ഓര്‍മ ചികഞ്ഞെടുത്ത് നല്‍കിയ വിശദീകരണമാവാം മേല്‍ സൂചിപ്പിച്ച സംഭാഷണം. അല്ലെങ്കില്‍ അവര്‍ ഒരു സദസ്സില്‍ സംസാരിച്ചതുമാവാം. കാരണം അബൂഹുറൈറ ആണ് സംഭവം നമ്മോട് പറയുന്നത്.
പ്രവാചകന്റെ വേര്‍പാടിനു ശേഷം, അവിടുത്തെ തെളിഞ്ഞ നിര്‍ദേശങ്ങള്‍ക്കും മഹനീയമായ മാതൃകകള്‍ക്കും അനുരോധമായി മദീനയിലിരുന്ന് വിജ്ഞാന വിതരണത്തിലൂടെ മുസ്ലിംലോകത്തെ സമുദ്ധരിക്കുകയായിരുന്നു 'ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ ആഇശ (റ)'
'എന്റെ മാസമുറയുടെ നാളുകളില്‍ എന്നെ ചാരിയിരുന്ന് നബിതിരുമേനി ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ടായിരുന്നു' എന്ന് ആഇശ മറ്റൊരിക്കല്‍ തലമുറകളെ പഠിപ്പിച്ചിട്ടുണ്ട്.
കുറച്ചുകൂടി കൗതുകകരമായ, മറ്റൊരു വിവരണം അവര്‍ നല്‍കുന്നത് നോക്കൂ: 'ഋതുമതി ആയിരിക്കെ, ഞാന്‍ കുടിച്ചുകൊണ്ടിരിക്കുന്ന പാത്രം റസൂലിനു നല്‍കും. ഞാന്‍ ചുണ്ട് വെച്ചേടത്ത് അധരങ്ങള്‍ ചേര്‍ത്ത് അദ്ദേഹവും കുടിക്കും' 'ആര്‍ത്തവ ദിനങ്ങളിലെ ചില ഭക്ഷണ വേളകളില്‍, ഞാന്‍ എല്ലില്‍ ചേര്‍ന്ന മാംസം കാര്‍ന്നു തിന്നും, ഇടക്ക് ആ എല്ല് റസൂലിനു കൈമാറും. അദ്ദേഹം എന്റെ വായ സ്പര്‍ശിച്ച ഭാഗത്തു നിന്നു തന്നെ കടിച്ചു തിന്നും.' അതെ, അവര്‍ സാധാരണ ദിനങ്ങളില്‍ ഭക്ഷണം കഴിക്കാറുള്ളതുപോലെ എന്നര്‍ഥം.
ലോകാന്ത്യം വരെയുള്ള സത്യ -സദാചാര തല്‍പരര്‍ക്ക് അനിവാര്യ മാതൃകയായതിനാല്‍ തുറന്ന പുസ്തകമായിരുന്നു തിരുമേനിയുടെ ജീവിതം.
റസൂല്‍ തിരുമേനിയുടെ മറ്റൊരു പത്‌നിയായ ഉമ്മുസലമ നല്‍കുന്ന ഒരു അനുഭവ വിവരണം കാണുക: ''റസൂലും ഞാനും ഒറ്റ വിരിപ്പില്‍ ശയിക്കുകയായിരുന്നു. എനിക്ക് ആര്‍ത്തവം ഉണ്ടായി. റസൂലിനെ ഉണര്‍ത്താതെ ഞാന്‍ എഴുന്നേറ്റ് വസ്ത്രം മാറി. അപ്പോള്‍ കണ്ണുതുറന്ന റസൂല്‍ ചോദിച്ചു: 'എന്തേ നിനക്ക് ആര്‍ത്തവം ഉണ്ടായോ?' ഞാന്‍ 'അതേ' എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു അതേ വിരിപ്പില്‍ ചേര്‍ത്ത് കിടത്തി.''
ആര്‍ത്തവകാരികളെ കുറിച്ച് ഇപ്പോള്‍ ഈ വിധം ചിന്തിച്ചുപോകാന്‍ ഉണ്ടായ കാരണം, ഈയിടെ ഗുജറാത്തിലെ ഒരു പെണ്‍ വിദ്യാലയത്തിലെ വിദ്യാര്‍ഥിനികളെ ഒരുകൂട്ടം 'അഭ്യസ്തവിദ്യര്‍' അടിയുടുപ്പുകള്‍ ഉരിഞ്ഞ് 'ആര്‍ത്തവ പരിശോധന' നടത്തിയ നാണംകെട്ട സംഭവമാണ്. വാര്‍ഡന്‍, പ്രിന്‍സിപ്പല്‍, റെക്ടര്‍, ഏതാനും അധ്യാപകര്‍ എന്നിവര്‍ അടങ്ങുന്ന 'വിദഗ്ധ സമിതി'യാണ് അടിവസ്ത്ര പരിശോധനക്ക് നേരിട്ട് നേതൃത്വം നല്‍കിയത്. അറുപതില്‍പരം വിദ്യാര്‍ഥിനികളുടെ അടിയുടുപ്പുകളിലാണ് സംഘം സൂക്ഷ്മമായി ആര്‍ത്തവപ്പാടുകള്‍ തിരഞ്ഞത്! പെണ്‍കുട്ടികള്‍ മത - ജാതീയമായ 'ആചാരലംഘനം' നടത്തിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനും, മേലില്‍ 'ആര്‍ത്തവ കുറ്റങ്ങള്‍' ആവര്‍ത്തിക്കാതിരിക്കാനും ആയിരുന്നത്രെ ഈ അപരിഷ്‌കൃത നടപടി.
ആര്‍ത്തവ വേളയില്‍, സ്ഥാപനത്തിലെ അന്തേവാസികളില്‍ ആരെയും സ്പര്‍ശിക്കാതെ, പൊതു പാചകശാലയില്‍ പ്രവേശിക്കാതെ, അവര്‍ക്ക് പലപ്പോഴും നടന്നുപോകേണ്ടിവരാറുള്ള സമീപത്തെ ക്ഷേത്ര വളപ്പില്‍ കാലുകുത്താതെ ജീവിക്കണം എന്നാണത്രെ അവിടെ നിലവില്‍ നിലനില്‍ക്കുന്ന നികൃഷ്ടമായ ചട്ടം. അതേസമയം മൃഗങ്ങളിലെ ഏതു ജാതിയില്‍ പെട്ടവക്കും ഇവിടെയൊക്കെ സൈ്വരവിഹാരം ആവാം. അവ മലമൂത്രവിസര്‍ജനം ചെയ്താല്‍ പോലും കുഴപ്പമില്ല.
സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും മാറ്റിയെടുക്കുക ക്ഷിപ്രസാധ്യമായ കാര്യമല്ല. അങ്ങനെയുള്ള അവസ്ഥയില്‍ വിദ്യാസമ്പന്നരും ഒരു ഉന്നത കലാലയത്തിലെ വക്താക്കളും ഈവിധം അന്ധവിശ്വാസങ്ങളുടെ വിവേകമില്ലാത്ത വക്താക്കളായി വരുന്നത് എന്തുമാത്രം ഖേദകരമാണ്!
മനുഷ്യന്‍ മനുഷ്യനോട് കാണിക്കുന്ന ഇത്രയും വൃത്തികെട്ട സാമൂഹിക വിവേചനങ്ങള്‍ ഇന്ന് ലോകത്തുള്ള ഇസ്‌ലാമിക സമൂഹങ്ങളില്‍ ഏറ്റവും അപരിഷ്‌കൃത സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്കു പോലും അന്യമാണ് എന്ന് അഭിമാനപൂര്‍വം പറയാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇത് ജനങ്ങളെ പരിചയപ്പെടുത്താനുള്ള മാനുഷിക ബാധ്യത അനുദിനം വര്‍ധിച്ചുവരികയാണ്.