ആരും നേടിക്കൊടുത്തതല്ല; പൊരുതിയെടുത്തതാണ്

ഷെബീന്‍ മഹ്ബൂബ് No image

This Rebellion, it has been abundantly proved, has produced many feminists
1921 നവംബര്‍ 27ന് ബ്രിട്ടനില്‍നിന്ന് പുറത്തിറങ്ങിയ ദി സണ്‍ഡേ പോസ്റ്റ് ദിനപത്രം മലബാറിലെ മുസ്ലിം സ്ത്രീകളെ കുറിച്ച് മലബാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയതാണ് ഈ വാക്കുകള്‍.1 ''ഈ സമരം ധാരാളം ഫെമിനിസ്റ്റുകളെ സൃഷ്ടിച്ചിരിക്കുന്നു എന്നത് സമൃദ്ധമായി തെളിയിച്ചിരിക്കുന്നു'' എന്ന്. യൂറോപ്പില്‍ ഫെമിനിസം എന്ന പ്രയോഗം അത്രയൊന്നും പ്രചാരത്തിലില്ലാത്ത, ഫെമിനിസത്തിന്റെ ആദ്യ തരംഗ കാലഘട്ടത്തിലാണ് അതെന്ന് ഓര്‍ക്കണം. 19ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും 20ാംനൂറ്റാണ്ടിന്റെ ആദ്യ പകുതിയിലുമായി പാശ്ചാത്യലോകത്ത് സ്ത്രീകള്‍ക്ക് വോട്ടവകാശം ആവശ്യപ്പെട്ട് നടന്ന സമരങ്ങളെയാണ് ഫെമിനിസത്തിന്റെ ആദ്യ തരംഗമായി വിശേഷിപ്പിക്കാറുള്ളത്. ആ സന്ദര്‍ഭത്തിലാണ്, പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനായുള്ള മലബാറിലെ മാപ്പിള സ്ത്രീകളുടെ പോരാട്ടം 'ഫെമിനിസം' ആയി വിശേഷിപ്പിക്കപ്പെടുന്നത്.
1921 ആഗസ്റ്റ് 26ന് നടന്ന പൂക്കോട്ടൂര്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്യവെയാണ് മേല്‍പത്രം ഇങ്ങനെ പരാമര്‍ശിക്കുന്നത്.
പൂക്കോട്ടൂര്‍ യുദ്ധത്തില്‍ 250 ലധികം മാപ്പിളമാര്‍ രക്തസാക്ഷിത്വം വരിച്ചു. മരിച്ചവരുടെ മൃതദേഹം മാറ്റുന്നതിനിടയില്‍ ആണ്‍വേഷമണിഞ്ഞ് യുദ്ധത്തില്‍ പങ്കെടുക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ഒരു വനിതയെ അധിനിവേശ സൈന്യം കണ്ടെത്തി. ഇതടക്കം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ മാപ്പിള സ്ത്രീകളുടെ വര്‍ധിച്ച പങ്കാളിത്തം എടുത്തുപറഞ്ഞുള്ള ഈ റിപ്പോര്‍ട്ട്  അവസാനിപ്പിക്കുന്നത് മേല്‍പറഞ്ഞ വാചകത്തോടെയാണ്.
കേരളീയ മുസ്ലിം സ്ത്രീയെ കുറിച്ച സമകാലിക ഇരവത്കരണ ആഖ്യാനങ്ങളെ കീഴ്‌മേല്‍ മറിക്കാന്‍ തക്ക ശേഷിയുള്ളതാണ് ആ ഒരൊറ്റ പ്രയോഗം. എങ്കിലും, 'ഫെമിനിസ്റ്റുകള്‍' എന്ന വിളിയുടെ നാനാര്‍ഥങ്ങള്‍ പരിശോധിക്കാനോ 'ഇസ്ലാമിക ഫെമിനിസം' എന്ന പരികല്‍പ്പനയിലേക്ക് അതിനെ വലിച്ചുനീട്ടാനോ ഇവിടെ ഉദ്ദേശിക്കുന്നില്ല. അതേസമയം, ദി സണ്‍ഡേ പോസ്റ്റിലെ വാര്‍ത്തക്ക് നൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മുടെ  മുഖ്യധാര ലിബറല്‍, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലത്തില്‍ നടന്നുവരുന്ന 'മുസ്ലിം സ്ത്രീ സംരക്ഷണ/വിമോചന' ആഖ്യാന പദ്ധതിയുടെ പിന്നിലെ പൊള്ളത്തരങ്ങളും അജണ്ടയും ചൂണ്ടിക്കാട്ടാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. മുസ്ലിം സ്ത്രീ അവളുടെ സ്വാതന്ത്ര്യബോധത്തെ സ്വയം നിര്‍ണയിച്ച വിധവും ചരിത്രപരമായി രേഖപ്പെടുത്തുന്നു.

'മുസ്ലിം സ്ത്രീ സംരക്ഷണം' 
എന്ന കപടവേഷം


ഏക സിവില്‍ കോഡ് ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭോപ്പാല്‍ പ്രസംഗത്തിലെ നല്ലൊരു പങ്കും മുസ്ലിം സ്ത്രീകളുടെ 'സ്വാതന്ത്ര്യ'ത്തെ ചുറ്റിപ്പറ്റിയായിരുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ നേരിടുന്ന അനീതി, അസ്വാതന്ത്ര്യം, മുത്തലാഖ് മൂലം അവര്‍ നേരിട്ട വിവേചനങ്ങള്‍, തന്റെ സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചതോടെ അവര്‍ക്ക് ലഭിച്ച ആശ്വാസം അങ്ങനെ പോകുന്നു മോദിയുടെ 'മുസ്ലിം സ്‌നേഹം'2. മുസ്ലിം ആണ്‍കുട്ടികളും പെണ്‍കുട്ടികളും വിദ്യാഭ്യാസ രംഗത്ത് ഇനിയും മുന്നോട്ട് വരണമെന്നും പുരോഗതിക്ക് അതേ വഴിയുള്ളൂവെന്നും ഉപദേശിക്കാനും പ്രധാനമന്ത്രി മറന്നില്ല. മോദി ആവര്‍ത്തിച്ച് പറഞ്ഞ മുത്തലാഖ് നിരോധന ബില്ലിന്റെ പേരില്‍ തന്നെ കാണാം അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആകത്തുകയായ 'മുസ്ലിം സ്ത്രീ സംരക്ഷണം' എന്ന വ്യാജം.
കൊളോണിയലിസം, മലബാറില്‍ അതിനോടുള്ള പ്രതിരോധം ശക്തമായ ഘട്ടത്തില്‍ മുസ്ലിം സ്ത്രീകളെ പൊതുവില്‍ ഇമ്മട്ടിലാണ് കൈകാര്യം ചെയ്തിരുന്നത്. ഒരേസമയം, നിഷ്ഠൂര നിയമങ്ങള്‍ അടിച്ചേല്‍പിച്ച് അവരെ പീഡിപ്പിക്കുക, കൊന്നുതീര്‍ക്കുക, നാടുകടത്തുക, ജയിലില്‍ അടക്കുക. മറുവശത്ത് മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും മറ്റും പിന്തുണ നല്‍കുന്നു എന്ന് വരുത്തുകയും ചെയ്യുക. മുസ്ലിംകളുടെ പുരോഗതിയും വളര്‍ച്ചയുമാണ് അധിനിവേശ ഭരണകൂടത്തിന്റെ ഉദ്ദേശ്യം എന്ന വ്യാജകല്‍പന നിര്‍മിക്കുകയാണ് അതിലൂടെ അവര്‍ ചെയ്തത്. അതുവഴി, അധിനിവേശത്തിന്റെ മൂലധനപരവും രാഷ്ട്രീയവുമായ താല്‍പര്യങ്ങളോടുള്ള അലോസരങ്ങളെ നിഷ്‌കാസനം ചെയ്യാന്‍ സാധിക്കുമെന്നവര്‍ കണക്കുകൂട്ടി. 2001ല്‍ അഫ്ഗാന്‍ അധിനിവേശ സമയത്ത് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഭാര്യ ലോറ ബുഷ് നടത്തിയ പ്രസ്താവനയിലൂടെ സാമ്രാജ്യത്വം 'മുസ്ലിം സ്ത്രീ സംരക്ഷണം' എന്ന കപട ആഖ്യാനം സൃഷ്ടിച്ച വിധം മനസ്സിലാകും. താലിബാന്‍ ഭരണത്തില്‍ പീഡിപ്പിക്കപ്പെട്ട മുസ്ലിം സ്ത്രീകളുടെ വിമോചനവും സംരക്ഷണവുമാണ് അമേരിക്കയുടെ ലക്ഷ്യമെന്നായിരുന്നു അവര്‍ പറഞ്ഞത് 3. അമേരിക്കയുടെ 'ഭീകരതാ വിരുദ്ധ യുദ്ധത്തിന്' ന്യായം ചമക്കാനായിരുന്നു അത്. ഈ ആഖ്യാന പദ്ധതിയുടെ തുടര്‍ച്ചയിലാണ് മലാല യൂസുഫ് സായ് പോലുള്ള വ്യാജ ബിംബങ്ങളെ സാമ്രാജ്യത്വം രൂപപ്പെടുത്തുന്നത്.
ഇപ്പണി തന്നെയാണ് നരേന്ദ്രമോദിയും ബി.ജെ.പിയും അവരുടെ 'മുസ്ലിം സ്ത്രീ സംരക്ഷണ' വര്‍ത്തമാനങ്ങളിലുടെ ചെയ്യുന്നത്.  
കൊളോണിയലിസവും സാമ്രാജ്യത്വവും ഫാഷിസവും ഇസ്ലാമോഫോബിക്കുകളുമെല്ലാം മുസ്ലിം സ്ത്രീയെ സംബന്ധിച്ച് ഒരേ അച്ചില്‍ ചുടപ്പെട്ട 'സംരക്ഷണ' ആഖ്യാനം സൃഷ്ടിക്കുന്നത് എന്തുകൊണ്ടാണെന്നത് കൗതുകമുണര്‍ത്തുന്ന ചോദ്യമാണ്. തങ്ങളുടെ വംശീയ മേല്‍കോയ്മക്ക് അലോസരമുണ്ടാക്കാത്ത, അതിനോട് ചെറുത്തുനില്‍പ്പിനൊരുങ്ങാത്ത, വിധേയരും മെരുങ്ങിയവരുമായ, രണ്ടാംതരം പൗരന്‍മാരായ, അവകാശ രഹിതരായ നിഷ്‌ക്രിയ വിഷയികളായി മുസ്ലിം സ്ത്രീയെയും മുസ്ലിം സമുദായത്തെ തന്നെയും മാറ്റുക എന്നതത്രെ അവരുടെ ലക്ഷ്യം. മുഖ്യധാര ലിബറല്‍ സാംസ്‌കാരിക മണ്ഡലം, സിനിമ, സാഹിത്യം അടക്കമുള്ള മാധ്യമങ്ങളിലൂടെ ഉല്‍പാദിപ്പിക്കുന്ന, 'മുസ്ലിം സ്ത്രീ സംരക്ഷണം' എന്ന കപട ആഖ്യാനത്തിന്റെ ലക്ഷ്യവും ആത്യന്തികമായി ഇതുതന്നെ. മുസ്ലിം സ്ത്രീയെ സംബന്ധിച്ച ഇന്ത്യയിലെ കമൃൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാടിലും ഇത് കാണാവുന്നതാണ്. ഏക സിവില്‍ കോഡിനെ എതിര്‍ക്കുമ്പോഴും മുസ്ലിം സ്ത്രീയുടെ സംരക്ഷണം തങ്ങളുടെ ബാധ്യതയാണെന്നും അതിനായി മുസ്ലിം വ്യക്തിനിയമം പരിഷ്‌കരിക്കണമെന്നും പാര്‍ട്ടി നേതാക്കള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത് അതിന്റെ ഉദാഹരണമാണ്.
ഫാഷിസ്റ്റുകള്‍ മുതല്‍ ലിബറലുകള്‍ വരെയുള്ളവരുടെ ലക്ഷ്യം പ്രത്യക്ഷത്തില്‍ മുസ്ലിം സമുദായത്തിന്റെ, മുസ്ലിം സ്ത്രീകളുടെ ഉന്നമനവും പുരോഗതിയുമാണ് എന്ന് തോന്നിക്കുമെങ്കിലും അവയില്‍ ഒളിഞ്ഞിരിക്കുന്നത്, മേല്‍പറഞ്ഞ നിഷ്‌ക്രിയവത്കരണ അജണ്ടയാണ്.

അവകാശ പോരാട്ടത്തിന്റെ ചരിത്രം


കൊളോണിയലിസം മുതല്‍ ഫാഷിസം വരെ ഏറ്റെടുത്ത ഈ ഗൂഢപദ്ധതിയെ തകിടം മറിക്കുന്ന തരത്തിലുള്ളതാണ് മുസ്ലിം സ്ത്രീയുടെ ചരിത്രവും വര്‍ത്തമാനവും. അവ രൂപപ്പെടുത്തിയ നിഷ്‌ക്രിയ വിഷയിയായിട്ടല്ല; സക്രിയവും താര്‍ക്കിക യുക്തിയുള്ളവളുമായ വിഷയിയായാണ് ചരിത്രത്തില്‍ അവള്‍ സ്ഥാനപ്പെട്ടിട്ടുള്ളത്. ഇസ്ലാമിന്റെ ആവിര്‍ഭാവ കാലം മുതല്‍ തന്നെ തങ്ങള്‍ക്ക് അര്‍ഹമായ അവകാശവും സ്വാതന്ത്ര്യവും തിരിച്ചറിയാനും അത് സ്വന്തം നിലക്ക് നേടിയെടുക്കാനും മുസ്ലിം സ്ത്രീ ശ്രദ്ധിച്ചിട്ടുണ്ട്.
മുസ്ലിം സ്ത്രീയുടെ ചരിത്രപരമായ ഈ പ്രകൃതത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു പദം ഖുര്‍ആനിലെ ഒരു അധ്യായത്തിന്റെ പേര് തന്നെയായിട്ടുണ്ട്; സൂറത്തുല്‍ മുജാദില.
ഖൗല ബിന്‍ത സഅ്‌ലബ എന്ന ഖസ്‌റജ് ഗോത്രക്കാരിയായ സ്വഹാബി വനിതയുടെ നീതിക്കായുള്ള നിരന്തര പോരാട്ടത്തെ വിശദീകരിച്ചാണ് ഈ സൂറത്ത് ആരംഭിക്കുന്നത്. 'പ്രവാചകനോട് തര്‍ക്കിക്കുകയും അല്ലാഹുവിനോട് ആവലാതിപ്പെടുകയും' ചെയ്യുന്നവളായാണ് അവരെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ളിഹാറിലൂടെ ഭര്‍ത്താവില്‍നിന്ന് താന്‍ നേരിട്ട അവകാശ നിഷേധം നിരന്തരം പ്രവാചകന് മുന്നില്‍ അവതരിപ്പിക്കുകയും ഒടുവില്‍ നീതി നേടിയെടുക്കുകയും ചെയ്യുന്നവളായി ഖുര്‍ആന്‍ അവരെ അവതരിപ്പിക്കുന്നു. അവരുടെ താര്‍ക്കിക യുക്തി ഒരു സുപ്രധാന നിയമനിര്‍മാണത്തിലേക്ക് നയിക്കുന്നതായും ഖുര്‍ആനിക വചനങ്ങള്‍ സൂചിപ്പിക്കുന്നു.
നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് മുസ്ലിം സ്ത്രീയുടെ സക്രിയ ഇടപെടലിന്റെ മറ്റൊരു ഉദാഹരണം ഉമറി(റ) ന്റെ കാലഘട്ടത്തില്‍ നിന്നുദ്ധരിക്കാം. വര്‍ധിച്ചുവരുന്ന മഹ്ർ നിര്‍ധനരായ യുവാക്കള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്നും ആയതിനാല്‍ അതിനൊരു പരിധി നിശ്ചയിച്ച് നിയമംകൊണ്ടുവരാന്‍ താന്‍ തീരുമാനിക്കുകയാണെന്നും ഖലീഫ ഉമര്‍ പ്രഖ്യാപിക്കുന്നു. ആ സദസ്സില്‍നിന്ന് തന്നെ ഒരു വനിത എഴുന്നേറ്റ് ഖലീഫയുടെ ഭേദഗതി ഖുര്‍ആനിക വിരുദ്ധമാണെന്നും മഹ്ർ എന്ന തങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും വാദിക്കുന്നു. തനിക്ക് തെറ്റുപറ്റിയതായും നിയമ ഭേദഗതിയില്‍നിന്ന് പിന്‍വാങ്ങുന്നതായുമുള്ള ഖലീഫയുടെ പ്രഖ്യാപനത്തോടെയാണ് ആ സംവാദം അവസാനിക്കുന്നത്.
മുസ്ലിം സ്ത്രീയുടെ സക്രിയവും സജീവവുമായ സാമൂഹിക ഇടപെടലിന്റെ എമ്പാടും ഉദാഹരണങ്ങള്‍ കേരളീയ മുസ്ലിം ചരിത്രത്തില്‍നിന്ന് ലഭിക്കും. സവര്‍ണ സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് ജീവിതാവസാനം വരെ ഇല്ലങ്ങളില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയാതിരുന്ന കാലത്ത് നാട്ടുരാജ്യങ്ങള്‍ക്ക് പുറത്ത് പോയാല്‍ പുരുഷന്‍മാര്‍ക്ക് വരെ ഭ്രഷ്ട് നേരിടേണ്ടി വന്ന കാലത്ത്, മാപ്പിള സ്ത്രീ പായ്ക്കപ്പലില്‍ മക്കയിലേക്ക് സഞ്ചരിച്ചു. അതിദുര്‍ഘട യാത്രാവഴികളിലൂടെ അവള്‍ ഏറെ നാടുകള്‍ ചുറ്റിക്കണ്ടു. പോര്‍ച്ചുഗീസുകാര്‍ കടലില്‍ മുസ്ലിംകള്‍ക്ക് വലിയ ഭീഷണിയായ 16ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പോലും മുസ്ലിം സ്ത്രീ തന്റെ സഞ്ചാരം തുടരുന്നുണ്ട്. ധാരാളം വനിതാ തീര്‍ഥാടകരുമായി മക്കയില്‍നിന്ന് മലബാറിലേക്ക് തിരിച്ചുപോന്ന ഒരു കപ്പലിന് സി.ഇ 1502ല്‍ വാസ്‌കോഡഗാമ തീയിടുകയുണ്ടായി. സ്ത്രീകളും കുട്ടികളും അടക്കമുള്ള മൂന്നൂറോളം തീര്‍ഥാടകരാണ് അതില്‍ വെന്തുമരിച്ചത്. കേരളത്തിന്മേലുള്ള പോര്‍ച്ചുഗീസ് അധിനിവേശം ആരംഭിച്ച ഘട്ടത്തില്‍ തന്നെ അതിനെതിരെ രൂപപ്പെട്ട പ്രതിരോധത്തില്‍ മുസ്ലിം സ്ത്രീ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. പോര്‍ച്ചുഗീസ് സൈന്യത്തോട് ചെറുത്തുനിന്ന ധീരവനിതയെ കുറിച്ച് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ 'തുഹ്ഫത്തുല്‍ മുജാഹിദീനില്‍' പറഞ്ഞുപോകുന്നുണ്ട്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പടവെട്ടി രക്തസാക്ഷികളായ മാപ്പിളപ്പെണ്ണുങ്ങളുടെ ഖബര്‍ കൊച്ചിയിലുണ്ട്.
ബ്രിട്ടീഷുകാര്‍ക്കെതിരായി 19ാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ മലബാറില്‍ രൂപപ്പെട്ട അതിശക്തമായ സായുധ ചെറുത്തുനില്‍പ്പില്‍ മുസ്ലിം സ്ത്രീ വഹിച്ച നിര്‍ണായക പങ്ക് പലവുരു ചര്‍ച്ച ചെയ്തതാണ് 4. 1855ല്‍ അധിനിവേശ ഭരണകൂടത്തിന്റെ കലക്ടര്‍ കനോലിയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി മമ്പുറത്ത് ബീവിയായിരുന്നു. അവരുള്‍പ്പെടെ 14 മാപ്പിള പെണ്ണുങ്ങളെയാണ് കേസില്‍ പ്രതികളാക്കി ഭരണകൂടം ശിക്ഷിച്ചത്. 1921 ല്‍ അതൊരു ബഹുജന സായുധ മുന്നേറ്റമായി വികസിക്കുമ്പോള്‍ മുന്നേറ്റ നിരയില്‍ മുസ്ലിം സ്ത്രീ ഇടമുറപ്പിക്കുന്നുണ്ട്. 157 സ്ത്രീകള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ കേസെടുക്കുന്നുണ്ട്. നിരവധി സ്ത്രീകള്‍ ഈ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വഹിച്ചു. പോരാട്ടത്തിന് നായകത്വം വഹിച്ച മാളു ഹജ്ജുമ്മയെ, 1922 ജനുവരി 24 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ യു.കെയില്‍നിന്നുള്ള ന്യൂ കാസില്‍ ഡെയ്‌ലി ക്രോണിക്കിള്‍ വിശേഷിപ്പിച്ചത് 'ഖിലാഫത്ത് രാജ്ഞി' എന്നായിരുന്നു5. സമരത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയതോടെ സാമൂഹികമായും സാമ്പത്തികമായും അമ്പേ തകര്‍ന്നടിഞ്ഞ മുസ്ലിം സമൂഹത്തിന്റെ തുടര്‍ന്നുള്ള അതിജീവന യത്‌നങ്ങളില്‍ മുഖ്യ പങ്കുവഹിച്ചതും മാപ്പിള സ്ത്രീയായിരുന്നു. അധിനിവേശ ഭരണകൂടം അന്യായമായി അറസ്റ്റ് ചെയ്ത ഭര്‍ത്താക്കന്‍മാര്‍ക്കും സഹോദരങ്ങള്‍ക്കുമായി നിയമപോരാട്ടം നടത്തുന്ന ധാരാളം മാപ്പിള സ്ത്രീകളുടെ ചരിത്രം, അവര്‍ സമര്‍പ്പിച്ച നിവേദനങ്ങള്‍, വാദമുഖങ്ങള്‍ എല്ലാം കെളോണിയല്‍ ആര്‍കൈവ് രേഖകളില്‍ കാണാം.6
ഇന്ത്യയിലെ മുസ്ലിം സ്ത്രീ ശാക്തീകരണ ചരിത്രത്തിലെ സുപ്രധാന അധ്യായമായി പൊതുവെ വ്യവഹരിക്കപ്പെടാറുള്ള കേസാണ് 1985 ലെ ഷാബാനു കേസ്. എന്നാല്‍, അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവില്‍നിന്ന് ജീവനാംശം തേടി മദ്രാസ് ഹൈക്കോടതി വരെ പോയി നിയമയുദ്ധം നടത്തിയ ഒരു മാപ്പിള സ്ത്രീയുണ്ട്; കൊണ്ടോട്ടിക്കാരി കീടക്കാട്ട് പുത്തന്‍പീടികക്കല്‍ ബീയ്യമ്മുണ്ണി ഉമ്മ. അതും സമ്പത്തുകൊണ്ടും അധികാരം കൊണ്ടും ജനപിന്തുണ കൊണ്ടും കരുത്തനായ കൊണ്ടോട്ടി തങ്ങള്‍ക്കെതിരെ. 1901-1903 കാലയളവിലാണ് കേസ് നടക്കുന്നത്. കൊണ്ടോട്ടി  ചെറിയ ഇശ്തിയാഖ് ശാഹിന്റെ ഭാര്യയായിരുന്ന ബീയാമുണ്ണി വിവാഹ മോചനത്തിന് ജീവനാംശമായി പ്രതിമാസം 50 രൂപ ആവശ്യപ്പെട്ടാണ് നിയമപോരാട്ടം നടത്തിയത്. ദീര്‍ഘമായ വാദങ്ങള്‍ക്കൊടുവില്‍ സ്‌പെഷല്‍ അസിസ്റ്റന്റ് മജിസ്‌ട്രേറ്റ് എ.ആര്‍.എല്‍ ടോട്ടന്‍ഹാം അവര്‍ക്ക് പ്രതിമാസം 15 രൂപ ജീവനാംശം നല്‍കാന്‍ വിധി പുറപ്പെടുവിച്ചു. ഇതിനെതിരെ കൊണ്ടോട്ടി തങ്ങള്‍ ഹൈക്കാടതിയില്‍ അപ്പീല്‍ പോയി. പ്രസിദ്ധ അഭിഭാഷകന്‍ എം.പി.ആര്‍ സുന്ദരയ്യയാണ് ബീയാമുണ്ണിക്ക് വേണ്ടി വാദിച്ചത്. കൊണ്ടോട്ടി തങ്ങള്‍ക്കായി വാദിച്ചത് ഇംഗ്ലീഷുകാരനായ ജെ.എല്‍ റൊസാരിയോയും. സുദീര്‍ഘ വാദങ്ങള്‍ക്കൊടുവില്‍ ബീയാമ്മുണ്ണിയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി കൊണ്ടോട്ടി തങ്ങളുടെ റിവ്യൂ പെറ്റീഷന്‍ തള്ളി. (7) ഈ വിധിയുടെ ന്യായാന്യായങ്ങള്‍ പരിശോധിക്കാനല്ല; ചരിത്രത്തിലുടനീളം മുസ്ലിം സ്ത്രീ നിര്‍വഹിച്ച സജീവവും താര്‍ക്കികവുമായ പങ്കാളിത്തത്തെ സൂചിപ്പിക്കാനാണ് ഈ ഉദാഹരണം നല്‍കിയത്.


ചരിത്രത്തില്‍ 
അസന്നിഹിതയാക്കപ്പെട്ടവള്‍


മുഖ്യധാര, കേരളീയ ചരിത്ര രചനകളിലോ ഫെമിനിസ്റ്റ് പക്ഷത്തുനിന്നുള്ള സ്ത്രീ മുന്നേറ്റ ചരിത്രങ്ങളില്‍ തന്നെയോ, കേരളീയ സാമൂഹിക രൂപവത്കരണത്തില്‍ മുസ്ലിം സ്ത്രീ വഹിച്ച പങ്ക് ഇടം പിടിച്ചിട്ടില്ല; അവളുടെ സ്വാതന്ത്ര്യബോധത്തെയോ കര്‍തൃത്വത്തെയോ ചരിത്രപരമായി സമ്മതിച്ചുകൊടുത്തിട്ടുമില്ല.
സി.എസ് ചന്ദ്രിക എഴുതിയ 'കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍ സ്ത്രീമുന്നേറ്റങ്ങള്‍' എന്ന പുസ്തകം ഉദാഹരണമായെടുക്കുക. കേരളചരിത്ര രചനയില്‍ മറന്നുവച്ച അതിപ്രധാനമായ അധ്യായങ്ങള്‍ തുന്നിച്ചേര്‍ക്കുന്നു എന്ന അവകാശവാദത്തോടെ എഴുതപ്പെട്ട ഈ പുസ്തകത്തില്‍ സ്വാതന്ത്ര്യസമരത്തിലെ മുസ്ലിം സ്ത്രീയുടെ പങ്കിനെ കുറിച്ച് ഒരു വരി പോലുമില്ല. ഗ്രന്ഥകാരി കണ്ട കേരളത്തിലെ മുസ്ലിം സ്ത്രീ പക്ഷത്തുനിന്നുള്ള ഏക മുന്നേറ്റം വി.പി സുഹ്‌റ നേതൃത്വം നല്‍കുന്ന 'നിസ' എന്ന സംഘടനയും അതിന്റെ പ്രവര്‍ത്തനങ്ങളുമാണ്. അല്‍പം കൂടി സൈദ്ധാന്തിക വ്യക്തതയോടെ എഴുതപ്പെട്ട ഗ്രന്ഥമാണ് ജെ. ദേവികയുടെ 'കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ അഥവാ ആധുനിക മലയാളിസ്ത്രീകളുടെ ചരിത്രത്തിന് ഒരു ആമുഖം' എന്ന പുസ്തകം. മുഖ്യധാരാ ചരിത്രരചനാ രീതിശാസ്ത്രങ്ങള്‍ മലയാളി സ്ത്രീ ചരിത്രത്തെ സമീപിച്ച വിധം പ്രശ്‌നവത്കരിക്കുന്ന ഈ പുസ്തകവും പക്ഷേ, മുസ്ലിം സ്ത്രീയുടെ കേരളീയ സാമൂഹിക രൂപവത്കരണത്തിലെ പങ്കിനെ ഗൗരവപൂര്‍വം പരിഗണിക്കുന്നില്ല.
ചരിത്രത്തിലെ ഈ അസന്നിഹിതമാക്കലിനെ ലിബറല്‍ മുഖ്യധാര ഇപ്പോള്‍ മുസ്ലിം സ്ത്രീയോട് പ്രകടിപ്പിക്കുന്ന രക്ഷാകര്‍തൃ മനോഭാവവുമായി ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ചരിത്രത്തിലും വര്‍ത്തമാനത്തിലും മുസ്ലിം സ്ത്രീ നടത്തിയ/നടത്തുന്ന ഇടപെടലുകളെയും മുന്നേറ്റങ്ങളെയും സൗകര്യപൂര്‍വം വെട്ടിയൊതുക്കുക എന്നതാണ് ഈ രക്ഷാകര്‍തൃത്വത്തിലേക്കുള്ള ആദ്യപടി. വിദ്യാഭ്യാസ രംഗത്തും രാഷ്ട്രീയ രംഗത്തും നിരന്തര പോരാട്ടങ്ങളിലൂടെ മുസ്ലിം സ്ത്രീ നേടിയെടുത്ത വിപ്ലവകരമായ ദൃശ്യതയോടുള്ള അസഹിഷ്ണുതയില്‍നിന്നും മോഹഭംഗത്തില്‍നിന്നുമാണ് അത് രൂപപ്പെടുന്നത്. ഈ മോഹഭംഗത്തെ മറച്ചുപിടിക്കാനുള്ള മനഃശാസ്ത്ര യുദ്ധമാണ്, കപട മുസ്ലിം സ്ത്രീ സംരക്ഷക വേഷത്തിലൂടെ അവര്‍ നിര്‍വഹിക്കുന്നത്. എന്നാല്‍, എത്ര ഒളിപ്പിച്ചുനിര്‍ത്തിയാലും ചില ഘട്ടങ്ങളില്‍ ഈ കാപട്യം സ്വയമേ കൂടുപൊട്ടിച്ച് പുറത്തുചാടും. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ഥിനികളുടെ 'ഹിജാബ്' വിവാദം അതിന്റെ തെളിവാണ്. മെഡിക്കല്‍ കോളെജിലെ ഏഴ് മുസ്ലിം പെണ്‍കുട്ടികളാണ് ഓപറേഷന്‍ തിയറ്ററില്‍ പൊതുവെ ധരിക്കുന്ന ഹെഡ് ക്യാപ് അല്‍പംകൂടി മറയുന്ന രൂപത്തില്‍ സര്‍ജിക്കല്‍ ഹുഡ് ആക്കാനും ഷോര്‍ട്ട് സ്ലീവ് ഒ.ടി ഡ്രസിന് പകരം ലോങ് സ്ലീവ് സര്‍ജിക്കല്‍ സ്‌ക്രബ് ജാക്കറ്റ് ആക്കാനും അനുമതി തേടി തങ്ങളുടെ പ്രിന്‍സിപ്പലിന് നിവേദനം നല്‍കിയത്. കത്ത് ചോര്‍ത്തി ഹിന്ദുത്വവാദികള്‍ തിരികൊളുത്തിയ വിവാദത്തില്‍ തുടര്‍ന്ന് ഇടപെടുന്നതും അതിന് ഇസ്ലാമോഫോബിയയുടെതായ പുതിയ തലത്തിലേക്ക് വികസിപ്പിക്കുന്നതും, മുസ്ലിം സ്ത്രീയുടെ വിദ്യാഭ്യാസ അവകാശ നിഷേധത്തെ കുറിച്ചും മറ്റും അടുത്തകാലം വരെ വിലപിച്ചിരുന്ന ലിബറലുകളായിരുന്നു. മുസ്ലിം സ്ത്രീ തന്റെ വിശ്വാസ സ്വാതന്ത്ര്യത്തിന് വേണ്ടി, നിലനില്‍ക്കുന്ന പ്രോട്ടോകോളിന് അകത്തുനിന്ന് ഒരു ആവശ്യം ഉന്നയിക്കുമ്പോള്‍ 'ഹിന്ദുത്വ രാഷ്ട്രത്തിന് കോപ്പുകോട്ടുന്ന ഭരണകൂടത്തിന്റെ ചെയ്തികള്‍ക്ക് ലെജിറ്റിമസി നല്‍കുന്ന പ്രവൃത്തി' എന്ന് ചാപ്പയടിക്കാനാണ് ലിബറല്‍ സമൂഹം ശ്രമിച്ചത്.
കോഴിക്കോട് പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനാല്‍ ഒരു പെണ്‍കുട്ടിക്ക് ടി.സി വാങ്ങി സ്‌കൂളിന്റെ പടിയിറങ്ങേണ്ടി വന്നത് മുതല്‍ കര്‍ണാടകയിലെ ബീഗം മുസ്‌കാന്‍ അടക്കമുള്ള പെണ്‍കുട്ടികളുടെ ധീരോദാത്തമായ അവകാശ പോരാട്ടങ്ങളില്‍ സമര്‍ഥമായ മൗനമവലംബിച്ചവര്‍ മെഡിക്കല്‍ കോളജിലെ സംഭവത്തില്‍ കാണിക്കുന്ന ആകുലത മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മുസ്ലിം പെണ്‍കുട്ടി പൊരുതിയെടുത്ത ദൃശ്യതയോടുള്ള മോഹഭംഗം അല്ലാതെ പിന്നെന്താണ്? അഥവാ, നിവേദനത്തിലെ വിഷയത്തെക്കാള്‍ അവരെ അസ്വസ്ഥരാക്കിയത് അതില്‍ ഒപ്പുവെച്ച 'ഏഴ് മുസ്ലിം പെണ്‍കുട്ടികള്‍' ആണ്.
തങ്ങളുടെ സ്വാതന്ത്ര്യബോധ്യത്തെ സ്വയം നിശ്ചയിക്കാനും നിര്‍ണയിക്കാനും സ്ഥാനപ്പെടുത്താനുമുള്ള ശേഷി മുസ്ലിം സ്ത്രീക്കുണ്ടെന്നും ചരിത്രപരമായി അവള്‍ അത് നിര്‍വഹിച്ചിട്ടുണ്ടെന്നും സമര്‍ഥിക്കാനാണ് ശ്രമിച്ചത്. 1921ല്‍ ആണ്‍വേഷമണിഞ്ഞ് യുദ്ധത്തില്‍ പങ്കെടുത്ത് രക്തസാക്ഷിയായ മാപ്പിളപ്പെണ്ണ് തന്നെയാണ് 2020ല്‍ പൗരത്വ സമരത്തിന്റെ ഐക്കണ്‍ ആയി തലയുയര്‍ത്തി നില്‍ക്കുന്നത് എന്ന് ചുരുക്കം. ചരിത്രത്തിലുടനീളം സക്രിയവും സജീവവും താര്‍ക്കിക യുക്തിയുള്ളവളുമായ വിഷയിയായിട്ടാണ് അവള്‍ നിലകൊണ്ടത്.
 

റഫറന്‍സ്
1. റമീസ് മുഹമ്മദ് (2021), സുല്‍ത്താന്‍ വാരിയംകുന്നന്‍. കോഴിക്കോട്: ടൂ ഹോണ്‍.
2. Highlights from PM Modi's MP speech. indianexpress.com Published on June 27, 2023.
2. Laura Bush on Taliban Oppression of Women. The Washington Post. Nov. 17, 2001.
4. വിശദ വായനക്ക്: മലബാര്‍ സമരം, പോരാട്ട വഴിയിലെ പെണ്‍വീറ് ഷെബീന്‍ മഹ്ബൂബ്, ആരാമം മാസിക.
5. സുല്‍ത്താന്‍ വാരിയംകുന്നന്‍.
6. ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മന്റിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ രേഖകള്‍. റഫറന്‍സ് നമ്പര്‍ M/31, റീജനല്‍ ആര്‍കൈവസ് കോഴിക്കോട്.
7. കെ.കെ. മുഹമ്മദ് അബ്ദുസ്സത്താര്‍ എഴുതിയ 'കൊണ്ടോട്ടി: ചരിത്രം, സംസ്‌കാരം' എന്ന കൃതിയില്‍ ഈ കോടതി വ്യവഹാരത്തെ കുറിച്ച് സവിസ്തരമായി പ്രതിപാദിക്കുന്നുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top