അമ്മ മനസ്സ്

ശൈഖ് മുഹമ്മദ് കാരകുന്ന്

കഴിഞ്ഞ ദിവസം സുഊദി ഗസറ്റ് പ്രസിദ്ധീകരിച്ച വളരെയേറെ വിചിത്രവും വിസ്മയകരവുമായ ഒരു വാര്‍ത്ത കാണുകയുണ്ടായി. സ്വന്തം മാതാവിനേക്കാള്‍ തന്നെ സ്‌നേഹിച്ചതിന്റെ പേരില്‍ ഒരു സുഊദി വനിത തന്റെ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം തേടുകയുണ്ടായി. 29 വയസ്സ് പ്രായമുള്ള ബാഹാ എന്ന യുവാവിനെതിരെയാണ് ഭാര്യ കോടതിയെ സമീപിച്ചത്.

തന്റെ കുടുംബിനിയെ അതിയായി സ്‌നേഹിക്കുകയും സാധ്യതയുടെ പരമാവധി സഹായസഹകരണങ്ങളും സേവനവും ചെയ്തുകൊടുക്കുകയും ചെയ്തിട്ടും തന്നെ പിരിയാന്‍ നിര്‍ബന്ധം പുലര്‍ത്തിയ സഹധര്‍മിണിയുടെ സമീപനം അദ്ദേഹത്തെ അത്യധികം പ്രയാസപ്പെടുത്തുകയും ദുഃഖിപ്പിക്കുകയും ചെയ്തു. താന്‍ ആവശ്യപ്പെട്ടതൊക്കെയും സാധിച്ചുതന്നവനും തന്നെ അതിരുകളില്ലാതെ സ്‌നേഹിക്കുന്നവനുമാണ് തന്റെ ജീവിത പങ്കാളിയെന്ന് അവളും സമ്മതിക്കുന്നു. എന്നിട്ടും തന്നെ വിട്ടുപിരിയാന്‍ ഒട്ടും ഇഷ്ടമില്ലാത്ത ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധം പിടിക്കാന്‍ അവര്‍ പറഞ്ഞ കാരണം ഇതാണ്: 'സ്വന്തം ഉമ്മയുടെ നിസ്സാര കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാതെ തന്റെ ഭാര്യക്ക് എല്ലാം ചെയ്തുകൊടുക്കുന്ന ഒരാളെ എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല.' അവള്‍ ന്യായാധിപനോട് തുറന്നു പറഞ്ഞു.

ഇതുകേട്ട് ഞെട്ടിയ ഭര്‍ത്താവ് ന്യായാധിപനെ അറിയിച്ചു: 'ഞാന്‍ എന്റെ ഭാര്യയെ ഉപേക്ഷിക്കാന്‍ തീരെ ഉദ്ദേശിക്കുന്നില്ല. അവളെ കൂടെ നിര്‍ത്താന്‍ ഞാന്‍ ആവുന്നതെല്ലാം ചെയ്തു. എന്നിട്ടും അവള്‍ എന്റെ അഭ്യര്‍ഥന തീര്‍ത്തും നിരാകരിക്കുകയാണ്.'

തന്റെ ഭര്‍ത്താവ് തനിക്കുവേണ്ടി ധാരാളം പണം ചെലവഴിച്ചിട്ടുണ്ടെന്നും വിദേശയാത്രകളില്‍ കൂടെ കൂട്ടിയിട്ടുണ്ടെന്നും താന്‍ ആവശ്യപ്പെട്ടതൊക്കെയും വാങ്ങിത്തന്നിട്ടുണ്ടെന്നും അവളും സമ്മതിച്ചു. എന്നാലും ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ പറഞ്ഞു: 'സ്വന്തം ഉമ്മയോടു നന്നായി വര്‍ത്തിക്കാന്‍ കഴിയാത്ത ഒരാളെ എങ്ങനെ വിശ്വസിക്കാനാണ്? ഭാവിയില്‍ അദ്ദേഹം എന്നോടും ഇതേ സമീപനം സ്വീകരിക്കുകയില്ലെന്നതിന് എന്താണ് ഉറപ്പ്?'

അത്ഭുതസ്തബ്ധനായ ഭര്‍ത്താവ് ചോദിച്ചു: 'നിനക്കു വേണ്ടി ഞാന്‍ എന്റെ കുടുംബത്തെ ഉപേക്ഷിച്ചില്ലേ?'

'ശരിയാണ്. അതുതന്നെയാണ് വിവാഹമോചനം തേടാന്‍ എന്നെ പ്രേരിപ്പിച്ച യഥാര്‍ഥ കാരണം.'

തുടര്‍ന്ന് ഭര്‍ത്താവ് തനിക്കു തന്ന വിവാഹമൂല്യം തിരിച്ചുനല്‍കി അവര്‍ വിവാഹമോചനം നേടി. കോടതി അതംഗീകരിക്കുകയും അത്യസാധാരണമായ നന്മ പുലര്‍ത്തിയ ആ സ്ത്രീയെ അങ്ങേയറ്റം അഭിനന്ദിക്കുകയും ചെയ്തു.

ഈ സംഭവം അത്യസാധാരണമാണെങ്കിലും ഏറെ ഗുണപാഠമുള്‍ക്കൊള്ളുന്നു. ഏതൊരാളും ഭൂമിയില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കേണ്ടത് ഉമ്മയെയാണ്. ഏറ്റം നന്നായി പെരുമാറേണ്ടതും ഇടപഴകേണ്ടതും സഹവസിക്കേണ്ടതും മാതാവിനെയാണ്. ഇക്കാര്യം പ്രവാചകന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയതാണ്. ഭൂമിയില്‍ ഏറ്റം നന്നായി സഹവസിക്കേണ്ടത് ആരോടെന്ന ചോദ്യത്തിന് മൂന്നു തവണയും അദ്ദേഹം നല്‍കിയ മറുപടി 'നിന്റെ ഉമ്മയോട്' എന്നു തന്നെയാണ്. നാലാം തവണ 'നിന്റെ ബാപ്പയോടെ'ന്നും.

ഖുര്‍ആനില്‍ അല്ലാഹുവിന്റെ തൊട്ടടുത്ത സ്ഥാനമാണ് മാതാപിതാക്കള്‍ക്ക് നല്‍കിയത്. അതില്‍ പ്രഥമപരിഗണന മാതാവിനും. ഖുര്‍ആന്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ മാതാപിതാക്കളുടെ കാര്യം പറഞ്ഞ് പിന്നീട് മാതാവിന്റെ ത്യാഗം മാത്രം വിവരിക്കുന്നുണ്ട് (46:15, 31:14).

 

എന്തുകൊണ്ട്?

മാതാവിനെപ്പോലെ സ്‌നേഹ, കാരുണ്യ, വാത്സല്യ വികാരങ്ങളുള്ള ആരും ഭൂമിയിലില്ല. അവര്‍ സര്‍വംസഹയുമാണ്. സാധാരണ മാതാക്കളൊക്കെയും സ്വന്തത്തേക്കാള്‍ സന്താനങ്ങളെ സ്‌നേഹിക്കുന്നവരാണ്. അവര്‍ക്കുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ സന്നദ്ധരും. തന്റെ കുട്ടി വെള്ളത്തില്‍ വീണാല്‍ ഉമ്മ അതിലേക്ക് എടുത്തു ചാടുന്നു. തനിക്ക് നീന്താന്‍ അറിയുമോ, താന്‍ മരിക്കുമോ തുടങ്ങിയ ചോദ്യങ്ങളൊന്നും അവരെ തടഞ്ഞുനിര്‍ത്തുകയില്ല. കുട്ടിയെ കിടത്തിയ കട്ടിലില്‍ വിഷപ്പാമ്പ് ഫണമുയര്‍ത്തി നില്‍ക്കുമ്പോഴും മാതാവ് തന്റെ കുഞ്ഞിനെ കോരിയെടുക്കുന്നു. പാമ്പ് തന്നെ കടിക്കുമോ എന്ന ആശങ്ക അവരെ അതില്‍നിന്നൊട്ടും പിന്തിരിപ്പിക്കുകയില്ല. വിക്ടര്‍ യൂഗോവിന്റെ ലോകപ്രശസ്ത കൃതിയായ പാവങ്ങളില്‍ ഒരമ്മയുടെ കഥയുണ്ട്; ഫന്‍ദിന്‍. തന്റെ മകള്‍ കൊസത്തിനെ പോറ്റിവളര്‍ത്താനായി പത്ത് ഫ്രാങ്കിന് സ്വന്തം മുടിമുറിച്ചുവിറ്റു. മതിയാകാതെ വന്നപ്പോള്‍ നാല്‍പത് ഫ്രാങ്കിന് പല്ല് പറിച്ചുവിറ്റ അമ്മയാണ് ഫന്‍ദിന്‍.

അമ്മമനസ്സ് എന്തെന്നറിയാന്‍ അമ്മക്കു മാത്രമേ കഴിയൂ. ഒരു ഭ്രൂണത്തെ പത്തു മാസം ചുമന്ന് വേദനകള്‍ മറന്ന് നൊന്ത് പ്രസവിക്കുന്ന ഒരു സ്ത്രീക്കു മാത്രമേ ആ വികാരം മനസ്സിലാവുകയുള്ളൂ. അക്കാലത്ത് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനും വളര്‍ച്ച ഉറപ്പുവരുത്താനും മാതാവിന്റെ ശരീരത്തില്‍നിന്ന് ഒരു കുഴല്‍ കുട്ടിയുടെ ഉദരത്തിലേക്ക്. അതിന്റെ അടയാളമായി ഒരു മുദ്ര ജീവിതകാലം മുഴുവന്‍ ഓര്‍മിക്കാനായി മനുഷ്യശരീരത്തിലുണ്ടാകണമെന്നതാണ് ദൈവ നിശ്ചയം. അതാണ് നമ്മുടെ പൊക്കിള്‍കുഴി.

സഹനത്തിന്റെയും കനിവിന്റെയും നിറകുടമായ ഉമ്മയുടെ പരിലാളന ഒരു കുഞ്ഞിനും മതിയാകില്ല. ഒരു പനി വന്നാല്‍ രാത്രി മുഴുവനും ഉറക്കമൊഴിച്ചിരുന്ന് പരിചരിക്കുന്നു. സ്‌കൂളില്‍നിന്ന് വരുമ്പോഴേക്ക് ഭക്ഷണമുണ്ടാക്കി കാത്തിരിക്കുന്നു. അര മണിക്കൂര്‍ എത്താന്‍ വൈകിയാല്‍ കണ്ണും നട്ട് കാത്തിരിക്കുന്നു. പഠിക്കുമ്പോള്‍ കുട്ടിക്ക് കൂട്ടിരിക്കുന്നു. ചായ ഉണ്ടാക്കിക്കൊടുക്കുന്നു.

താരാട്ടുപാടി ഉറക്കുന്നു. കുളിപ്പിച്ചു കൊടുക്കുന്നു. വസ്ത്രം അലക്കി തേച്ചുകൊടുക്കുന്നു. അതികാലത്ത് ഭക്ഷണം തയാറാക്കി പാത്രത്തിലാക്കി കൊടുത്തയക്കുന്നു. ഉമ്മയുടെ തലോടല്‍, സാന്ത്വന വാക്കുകള്‍, പ്രാര്‍ഥന, അനുഗ്രഹം ഇതിനേക്കാളൊക്കെ ആഹ്ലാദകരമായി, ആസ്വാദ്യകരമായി എന്തുണ്ട്! 

ഉമ്മ നമുക്ക് ആരാണ്! ജീവിതമെന്ന പുസ്തകത്തില്‍നിന്ന് ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത ഏടാണത്. അതിനെ എത്ര വാഴ്ത്തിപ്പറഞ്ഞാലും പാടിയാലും മതിയാവില്ല.

കൈറോവിലെ ലക്‌സര്‍ സ്വദേശിയായ സിസ അബൂദാഹ് വിവാഹിതയായി. ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് മരിച്ചു. പ്രായം കേവലം 21 വയസ്സ്. എന്നിട്ടും അവര്‍ പതറിയില്ല. ആരെയും ആശ്രയിച്ചതുമില്ല. വളരെ അയവുള്ള ഒരു വസ്ത്രം ധരിച്ച് മകളെയും കൂട്ടി മറ്റൊരു ഗ്രാമത്തില്‍ പോയി. തലയൊക്കെ മൂടിക്കെട്ടി പുരുഷന്മാരെപ്പോലെ സിമന്റ് ചാക്കേറ്റി കെട്ടിടനിര്‍മാണ ജോലി ചെയ്ത് മകളെ പോറ്റി വളര്‍ത്തി. മകള്‍ വിവാഹിതയായ ശേഷവും ജോലി തുടര്‍ന്നു. നീണ്ട നാല്‍പത്തിമൂന്നു വര്‍ഷം പിന്നിട്ട ശേഷമാണ് സമൂഹം ഇതേക്കുറിച്ച് അറിയുന്നത്. അപ്പോഴേക്കും അറുപത്തിനാലു വയസ്സായ അവരെ ലോകം അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

 

ഒ.എന്‍.വിയുടെ അമ്മയും ബഷീറിന്റെ ഉമ്മയും

ഒ.എന്‍.വി കുറുപ്പിന്റെ 'അമ്മ' ആരെയാണ് വികാരാധീനരാക്കാതിരിക്കുക! ഒമ്പത് കല്‍പണിക്കാര്‍. ഒരമ്മ പെറ്റ മക്കള്‍. താമസം ഒന്നിച്ചാണ്. കല്ലുകള്‍ ചെത്തിപ്പടുക്കും. ഒന്നിച്ചു ഭക്ഷണം. ഒരു വിളക്ക്, ഒരടുപ്പ്, ഒരു കിണര്‍.

ഒരു കോട്ട മതില്‍ ഉണ്ടാക്കുന്നു. കോട്ടക്കു മുന്നില്‍ പുതിയൊരു ഗോപുരമുണ്ടാക്കണം. ഭിത്തിയുറക്കുന്നില്ല. കല്ലുകള്‍ മാറ്റിപ്പടുത്തു. ചാന്തുകള്‍ മാറ്റിക്കുഴച്ചു. എല്ലാം നിഷ്ഫലം.

അപ്പോള്‍ എന്താണ് പോംവഴി? വെളിപാട് പരിഹാരം ചൊല്ലി. അധികാരമുള്ളവര്‍ ഏറ്റുപറഞ്ഞു. ഒമ്പതു പേരുടെ ഒമ്പത് വധുമാരില്‍ ഒരാളെ ചേര്‍ത്തുവെച്ച് പടുക്കുക. ക്രൂരമാം ബലി.

ഊറ്റത്തോടെ ഉച്ചക്ക് കഞ്ഞിയുമായി വരുന്നവള്‍ എല്ലാവരുടെയും മാനം കാക്കും. ഓരോരുത്തരും സ്വന്തം വധുമുഖം മാത്രം ഓര്‍ത്തു.

മൂത്തവന്റെ ഭാര്യ കഞ്ഞിക്കലവുമായി കിതച്ചുവന്നു. ബലിക്കു സ്വയം സന്നദ്ധയായി. കുട്ടിയെ തോളില്‍ കിടത്തി.

'അന്ത്യാഭിലാഷം ഒറ്റയാഗ്രഹം മാത്രം. കുട്ടിക്ക് മുലയൂട്ടാന്‍ കൈ പുറത്തിടണമേ; അതിനു സൗകര്യമൊരുക്കണമേ.'

 

മരിക്കാന്‍ പോകുന്ന ഒരമ്മയുടെ അന്ത്യാഭിലാഷം!

ചെറുപ്രായത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ നാടുവിട്ടുപോയി. കൊല്ലങ്ങള്‍ക്കുശേഷം ഒരു രാത്രി തിരിച്ചുവന്നു. കുശലാന്വേഷണങ്ങള്‍ക്കു ശേഷം മാതാവ് പറഞ്ഞു: 'മോനേ, നിന്റെ ഊണ് അവിടെ ആ പാത്രത്തിലുണ്ട്. അത് പോയിക്കഴിച്ചോ.' അത്ഭുതസ്തബ്ധനായ ബഷീര്‍ ചോദിച്ചു: 'ഞാനിന്ന് വരുമെന്ന് ആരാണ് ഉമ്മയോടു പറഞ്ഞത്!'

'നീ പോയ ശേഷം എല്ലാ ദിവസവും ഞാന്‍ നിനക്കുവേണ്ടി ഭക്ഷണം വിളമ്പിവെക്കും. നീ വരുമെന്ന പ്രതീക്ഷയോടെ. പിറ്റേന്ന് നിന്നെ കാണാതെ നിരാശയാകുമ്പോള്‍ അതെടുത്തു കഴിക്കും. എന്നും അതുതന്നെ ചെയ്യും' - ഉമ്മ പറഞ്ഞു.

ഇതാണ് ഉമ്മ. നാടുവിട്ടുപോയ മകനെ പ്രതീക്ഷിച്ച് കൊല്ലങ്ങളോളം എല്ലാ രാത്രിയും ഊണു വിളമ്പി കാത്തിരിക്കുന്ന കാരുണ്യക്കടല്‍; സ്‌നേഹത്തിന്റെ അതിരുകളില്ലാത്ത പാരാവാരം.

 

പത്മനാഭന്റെ അമ്മ

മലയാള കഥാലോകത്തിലെ മഹാവിസ്മയമായ ടി. പത്മനാഭന്‍ ചെറുപ്രായത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. എന്നും രാത്രി വൈകിയാണ് വീട്ടിലെത്തുക. വിളക്കെടുക്കാന്‍ പറഞ്ഞാല്‍ കൂട്ടാക്കില്ല.

ഒരു രാത്രി വരേണ്ടത് സര്‍പ്പക്കാവിലൂടെയായിരുന്നു. രാത്രി വൈകി പത്മനാഭന്‍ വരുമ്പോള്‍ വഴിയുടെ ഇരുവശത്തും വിളക്കു കത്തുന്നു. തന്നെ പാമ്പ് കടിക്കാതിരിക്കാന്‍ ഏറെ ദൂരം നടന്നു വന്ന് അമ്മ കത്തിച്ചുവെച്ചതാണ് അതെന്നറിഞ്ഞ പത്മനാഭന്‍ പൊട്ടിക്കരഞ്ഞു. ഇതാണ് അമ്മ. മക്കള്‍ക്കുവേണ്ടി എന്തും സഹിക്കാന്‍ സന്നദ്ധയായ ത്യാഗത്തിന്റെ ആള്‍രൂപം. കനിവിന്റെ വറ്റാത്ത ഉറവിടം.

 

കഥയിലെ മാതാവ്

വിദ്യാര്‍ഥി ജീവിതകാലത്ത് വായിച്ച ഒരു കഥയുണ്ട്. മാതാവും മകനും മാത്രമുള്ള കുടുംബം. ഇരുവരും ഒന്നിച്ചാണ് ഉണ്ണുകയും ഉറങ്ങുകയും ചെയ്തിരുന്നത്. ഇത്തിരിനേരം പോലും പിരിഞ്ഞിരിക്കാന്‍ പ്രയാസമായിരുന്നു. മകന്‍ വളര്‍ന്നു വലുതായപ്പോള്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചു. അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. വിവരമറിയിച്ചപ്പോള്‍ അവള്‍ ഒരു നിബന്ധന വെച്ചു. അവന്റെ അമ്മയുടെ തുടിക്കുന്ന ഹൃദയം തന്റെ മുമ്പില്‍ കൊണ്ടുവന്ന് വെച്ചുതരണമെന്നായിരുന്നു അത്. അതോടെ അവന്‍ അത്യധികം അസ്വസ്ഥനായി. ഊണും ഉറക്കവും നഷ്ടപ്പെട്ടു. മകന്റെ മാറ്റം ശ്രദ്ധിച്ച മാതാവ് കാരണം തിരക്കി. ആദ്യമൊന്നും കാര്യം തുറന്നു പറഞ്ഞില്ല. അവസാനം നിര്‍ബന്ധിച്ചപ്പോള്‍ എല്ലാം പറഞ്ഞു. അപ്പോള്‍ മാതാവ് പറഞ്ഞു: 'അതിന് നീ എന്തിന് പ്രയാസപ്പെടണം? ഞാനിവിടെ മലര്‍ന്നുകിടക്കാം. എന്റെ നെഞ്ച് പിളര്‍ന്ന് ഹൃദയമെടുത്ത് കാമുകിക്ക് കൊണ്ടുപോയി കൊടുക്കൂ. എന്നിട്ട് അവളെ വിവാഹം കഴിക്കൂ. നിന്റെ സന്തോഷത്തിലല്ലേ ഈ അമ്മയുടെ സംതൃപ്തി.' അങ്ങനെ ആ ചെറുപ്പക്കാരന്‍ മാതാവിന്റെ തുടിക്കുന്ന ഹൃദയവുമായി കാമുകിയുടെ അടുത്തേക്ക് ഓടവെ കാല് കല്ലില്‍ വെച്ചു കുത്തിവീഴാന്‍ പോയി. അപ്പോള്‍ ആ മാതൃഹൃദയം ചോദിച്ചുവത്രെ: 'മോനേ, നിനക്കെന്തെങ്കിലും പറ്റിയോ?' ഇതാണ് മാതാവ്. മക്കള്‍ക്കുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന വാത്സല്യനിധി. ക്ഷമയുടെ മൂര്‍ത്തഭാവം.

 

എന്റെ ഉമ്മ

ഒരു പതിറ്റാണ്ടിലേറെക്കാലം വാതരോഗിയായാണ് എന്റെ ഉമ്മ ജീവിച്ചത്. കൊടിയ വേദന സഹിച്ചും ഏറെ പ്രയാസപ്പെട്ടും അവര്‍ ഓരോ ദിവസവും തള്ളിനീക്കി. കുനിഞ്ഞ് വടികുത്തിയാണ് നടന്നിരുന്നത്. എന്നിട്ടും വീട്ടുജോലികളെല്ലാം നിര്‍വഹിച്ചിരുന്നത് ഉമ്മ തന്നെ. സഹായത്തിന് ആരുമുണ്ടായിരുന്നില്ല. രോഗം ഗുരുതരമാകുന്നതിനു മുമ്പ് പകല്‍ പറമ്പില്‍ പോയി ജോലി ചെയ്യുമായിരുന്നു. അഥവാ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതയായിരുന്നു. അങ്ങനെ കഷ്ടപ്പെടുമ്പോഴും ദിവസത്തില്‍ ഒരു നേരംപോലും വയറ് നിറഞ്ഞിരുന്നില്ല. അരി കിട്ടുമ്പോള്‍ കഞ്ഞിയാണ് വെക്കുക. അതിലെ വറ്റ് ഉപ്പാക്ക് നല്‍കും. അവശേഷിക്കുന്നത് മക്കളായ ഞങ്ങള്‍ക്കും. ഫലം ഉമ്മാക്ക് എന്നും കഞ്ഞിവെള്ളം മാത്രം. അതില്ലാത്ത ദിവസം മധുരമില്ലാത്ത കട്ടന്‍ ചായയും. വെള്ളം സുലഭമായതിനാല്‍ ചായപ്പൊടിക്കു മാത്രമേ പൈസ കൊടുക്കേണ്ടതുണ്ടായിരുന്നുള്ളൂ. പിന്നെ വലിയൊരാശ്വാസം മുറ്റത്ത് തഴച്ചു വളരുന്ന തവരച്ചെടിയും ചീരയും. ഉപ്പുണ്ടെങ്കില്‍ അവ വേവിച്ചുതിന്നാമല്ലോ.

ചെറുപ്രായത്തില്‍ തന്നെ പൊതുജീവിതത്തിലേക്ക് എടുത്തെറിയപ്പെട്ടിരുന്നതിനാല്‍ പലപ്പോഴും വീട്ടില്‍ തിരിച്ചെത്തിയിരുന്നത് പാതിരാവിലാണ്. കാലൊച്ച കേട്ടാല്‍ വേദന സഹിച്ച് വടികുത്തിവന്ന് വാതില്‍ തുറന്നുതരും. അകത്ത് പ്രവേശിക്കുമ്പോഴേക്കും ഉമ്മയുടെ ചോദ്യങ്ങള്‍; 'മോനേ, നീ കൊയങ്ങിയോ? വല്ലതും കഴിച്ചോ? എങ്ങനെ വന്നത്? വാഹനം കിട്ടിയോ? ഇങ്ങനെ എന്നും ഉറക്കമൊഴിച്ചാല്‍ സൂക്കേടാവില്ലേ?' അവസാനം ഉമ്മ പറയും: 'ഉമ്മാന്റെ കുട്ടി വേഗം പോയി കിടന്നോ - കൊയങ്ങീട്ടുണ്ടാവും.'

ഞാനുമായി ബന്ധപ്പെട്ട ഈ സംഭവങ്ങളൊക്കെയും ഞാന്‍ 'ഓര്‍മയുടെ ഓളങ്ങളില്‍' വിശദീകരിച്ചിട്ടുണ്ട്.

ഇതാണ് ഉമ്മ. ഒരു ചിത്രകാരനും വരച്ചുകാണിക്കാനാവാത്ത അത്ഭുത പ്രതിഭാസം! ഒരു കവിക്കും സങ്കല്‍പിക്കാനാവാത്ത മഹാവിസ്മയം! വാക്കുകളില്‍ ഒതുക്കിനിര്‍ത്താനാവാത്ത സ്‌നേഹപ്രപഞ്ചം!

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top