ഒരു റോഹിംഗ്യ ബാലന്റെ കഥ

യാസീന്‍ അശ്‌റഫ്

ലക്ഷങ്ങളില്‍ ഒരുവന്‍. റോഹിംഗ്യ ബാലന്‍ മുഹമ്മദ് ശഫീഖിനെ ഇവോണ്‍ റിഡ്‌ലി കണ്ടപ്പോള്‍. ''ഈ കുട്ടി ജീവിതത്തിലിനി ചിരിക്കുമോ എന്നെനിക്കറിയില്ല. അത്രയേറെ ക്രൂരതയാണ് 11 വയസ്സിനുള്ളില്‍ അവന്‍ അനുഭവിച്ചുതീര്‍ത്തിട്ടുള്ളത്. അവന്‍ തന്റെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ ഞാന്‍ ആ തവിട്ടു കൃഷ്ണമണികളിലേക്ക് നോക്കി ഇരിക്കുകയായിരുന്നു. അവന്‍ പറഞ്ഞ നൊമ്പരക്കഥകള്‍ ജീവിതത്തിലൊരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല.''

പ്രസിദ്ധ റിപ്പോര്‍ട്ടര്‍ ഇവോണ്‍ റിഡ്‌ലിയുടേതാണ് ഈ വാക്കുകള്‍. റോഹിംഗ്യകളുടെ യാതനകള്‍ നേരിട്ടു കണ്ട് റിപ്പോര്‍ട്ട് ചെയ്യാനാണ് അവര്‍ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളിലെത്തിയത്. കരളലിയിക്കുന്ന അനേകം അനുഭവങ്ങള്‍ അവര്‍ നേരിട്ടു കേട്ടു. പക്ഷേ, മുഹമ്മദ് ശഫീഖിന്റെ ദുരിതങ്ങള്‍ ശരിക്കും ഞെട്ടിക്കുന്നതായി.

''ഒരു ജേണലിസ്റ്റെന്ന നിലക്ക് ഞാന്‍ അനേകം സംഘര്‍ഷഭൂമികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫലസ്തീനിലും അഫ്ഗാനിസ്താനിലും ഇറാഖിലും ലബനാനിലും പാകിസ്താനിലുമെല്ലാം. റോഹിംഗ്യകളുടേതു പോലുള്ള അനുഭവകഥ ഒരിടത്തുനിന്നും കേള്‍ക്കേണ്ടിവന്നിട്ടില്ല.''

6,70,000-ലധികം അഭയാര്‍ഥികളുണ്ട് ആ ക്യാമ്പില്‍.  ആ കൂട്ടത്തില്‍ ഒരു കുട്ടിയെ കണ്ടു. അവനോട് സംസാരിച്ചു തുടങ്ങുമ്പോള്‍ പരിഭാഷകന്‍ ചോദിച്ചു: 'ഇവനെ ഇന്റര്‍വ്യൂ ചെയ്യാന്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങണ്ടേ?'

''ഞാന്‍ തലകുലുക്കി-അഗാധമായ സങ്കടത്തോടെ. കാരണം അവന്റെ കാര്യം ചോദിക്കാന്‍ ഒരാളുമില്ല.'' ഉമ്മയെയും ഉപ്പയെയും മറ്റു കുടുംബാംഗങ്ങളോടൊപ്പം അവര്‍ വെട്ടിക്കൊന്നതാണ്; മൗങ്‌ദോയിലെ തുലാതുലി ഗ്രാമത്തിലൂടെ കൊലവിളിയുമായി കടന്നുപോയ ആ കശാപ്പുസംഘം. തോക്കും വെട്ടുകത്തിയും വാളും വേണ്ടതിലേറെയുള്ള, ഒരു തുള്ളി മനുഷ്യത്വം ഉള്ളിലില്ലാത്ത, ആ രാക്ഷസന്മാര്‍.

ഇന്ന് ശഫീഖ് കഴിയുന്നത് ബംഗ്ലാദേശിലെ തൈംഖലി ക്യാമ്പിലെ ഒരു കൂരയിലാണ്. മുളക്കമ്പുകള്‍ക്കു മേല്‍ പ്ലാസ്റ്റിക് വിരിച്ചുകെട്ടിയ ഒരു ഒറ്റമുറി.

അങ്ങ് മ്യാന്മറിലുണ്ടായിരുന്ന നല്ല വീടുമായി തട്ടിച്ചാല്‍ ഒന്നുമല്ല ഇത്. അവിടെ പിതാവ് നൂറുല്‍ ഇസ്‌ലാം (42 വയസ്സ്), മാതാവ് ഹാമിദ ഖാതു (35), അഞ്ചു സഹോദരന്മാര്‍, ഒരു സഹോദരി എന്നിവരുമൊത്ത് കഴിയുകയായിരുന്നു ശഫീഖ്. സന്തോഷകരമായ നാളുകള്‍. പെട്ടെന്ന് ഒട്ടും പ്രതീക്ഷിക്കാതിരുന്ന നേരത്താണ് അവരെത്തിയത്. 

തീയതിയൊന്നും ശഫീഖിന് ഓര്‍മയില്ല. പക്ഷേ, കാലത്ത് 9 മണിയോടടുത്തായിരുന്നു. മ്യാന്മര്‍ സേന ഇരച്ചുവന്നു; കണ്ണില്‍ കാണുന്നതൊക്കെ നശിപ്പിച്ചുകൊണ്ട്.

ശഫീഖും വീട്ടുകാരും ഇറങ്ങിയോടി. പട്ടാളക്കാര്‍ വെടിവെക്കുന്നു. അനക്കമുള്ള എന്തും അവര്‍ക്ക് നിറയൊഴിക്കാനുള്ളതായിരുന്നു.

ശഫീഖിന്റെ കുഞ്ഞനുജന്‍ അര്‍കാനുല്ലക്ക് 15 മാസം പ്രായമേയുള്ളൂ. അവനെയും രക്ഷിക്കണം; മറ്റെല്ലാവര്‍ക്കും രക്ഷപ്പെടണം. ആലോചിച്ചു നില്‍ക്കാന്‍ നേരമില്ല. ഓടുന്നതിനിടയില്‍ തന്നെ ഉമ്മ കുഞ്ഞിനെ ശഫീഖിന്റെ കൈയില്‍ ഏല്‍പിച്ചു- രക്ഷപ്പെടുക, അവനെയും രക്ഷിക്കുക. പ്രാണനും കൊണ്ടുള്ള ആ നെട്ടോട്ടത്തിനിടയില്‍ കുടുംബാംഗങ്ങള്‍ പല വഴിക്കായി. കുഞ്ഞിനെ കൈയിലേന്തി ശഫീഖ് ഓടിക്കൊണ്ടിരുന്നു. 

വൈകാതെ ആ ഓട്ടം നിലച്ചു. ഒരു തുറന്ന മൈതാനത്താണ് മറ്റനേകം പേര്‍ക്കൊപ്പം ശഫീഖും കിതച്ചെത്തിയത്. മറ്റു മൂന്നു ഭാഗങ്ങളിലും പട്ടാളക്കാര്‍ തോക്കും ചൂണ്ടി അണിനിരന്നിരിക്കുന്നു. അവനവിടെ അനക്കമറ്റു നിന്നു-പേടിയുള്ള കണ്ണുകള്‍ മാത്രം ചലിച്ചുകൊണ്ടിരുന്നു. കുഞ്ഞനുജനെ രണ്ടു കൈകൊും ചേര്‍ത്തു പിടിച്ചു അവന്‍.

തുരുതുരാ വെടി പൊട്ടുന്നു. തൊട്ടടുത്തുള്ള പലരും വെടിയേറ്റ് നിലത്തു വീഴുന്നു. തല്‍ക്ഷണ മരണത്തിലേക്ക് അങ്ങനെ വീണവരില്‍ തന്റെ അമ്മാവന്മാരായ മുഹമ്മദിനെയും അബ്ദുല്‍ മലികിനെയും ശഫീഖ് കണ്ടു.

 

* * *

 

ഞരമ്പുകള്‍ കോച്ചിവലിക്കുന്ന ആ ഭീതിയുടെ നിമിഷങ്ങള്‍ ഓര്‍ത്ത് ഇവോണ്‍ റിഡ്‌ലിയോട് വിവരിക്കുമ്പോഴും ശഫീഖിന് ഭാവഭേദമില്ല. മരവിപ്പ് മാറിയിട്ടില്ലാത്തതുപോലെ, ഒരേ മുഖഭാവത്തോടെ, ശരീരം ഇളകാതെ, ഒരേ സ്വരത്തില്‍ അവന്‍ എല്ലാം പറഞ്ഞുകൊണ്ടിരുന്നു.

''അന്നേരത്തെ മറ്റെന്തെങ്കിലും ഓര്‍മയുണ്ടോ?'' റിപ്പോര്‍ട്ടര്‍ അവനോട് ചോദിച്ചു. ഒരു കാര്യം മാത്രം അവന് ഓര്‍മയുണ്ട്. 'മതഭക്തനായ ഒരു വൃദ്ധനുണ്ടായിരുന്നു കൂട്ടത്തില്‍. കശാപ്പിന്റെ അട്ടഹാസങ്ങള്‍ ചുറ്റും നിറയുമ്പോഴും അയാള്‍ ആ മൈതാനത്ത് പേടി ഒട്ടുമില്ലാതെ അങ്ങനെ നിന്നു. 

'പട്ടാളക്കാര്‍ തോക്കുകള്‍ അദ്ദേഹത്തിനു നേരെ ചൂണ്ടി. അവര്‍ കാഞ്ചി വലിക്കുന്നുണ്ട്; പക്ഷേ, കാഞ്ചി എന്തിലോ ഉടക്കിനില്‍ക്കുന്നു. എന്തോ ഒന്ന് അദ്ദേഹത്തെ രക്ഷിക്കുന്ന പോലെ. പട്ടാളക്കാര്‍ക്ക് അരിശം വന്നു. ഒരാള്‍ വലിയൊരു വാളെടുത്ത് ചെന്ന് അദ്ദേഹത്തെ വെട്ടിനുറുക്കി.'

കശാപ്പ് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. പട്ടാളക്കാര്‍ ഗ്രാമവാസികളെ മൂന്നാക്കി തിരിച്ചു. ആ സമയത്താണ് ശഫീഖ് മറ്റൊരു ആള്‍ക്കൂട്ടത്തില്‍ ഉമ്മയെ കാണുന്നത്. അവര്‍ അടുത്തേക്ക് നീങ്ങി. കുഞ്ഞിനെ വാങ്ങാനായി കൈനീട്ടി. അവര്‍ അര്‍കാനുല്ലയെ എടുത്ത് മകളുടെ കൈയിലേല്‍പ്പിച്ചു. പട്ടാളക്കാര്‍ അവരടങ്ങുന്ന സംഘത്തെ എങ്ങോട്ടോ കൊണ്ടുപോയി.

പെങ്ങളെയും കുഞ്ഞനുജനെയും പിന്നീട് ശഫീഖ് കണ്ടിട്ടില്ല. ശഫീഖ് അടങ്ങുന്ന സംഘത്തില്‍ അവന്റെ ഉമ്മയും അമ്മായിയുമുണ്ട്. ഈ സംഘത്തെ പട്ടാളം ഒരു കെട്ടിടത്തിനുള്ളിലാക്കി. അകത്തെത്തിയ ഉടനെ ഒരു പട്ടാളക്കാരന്‍ ഉമ്മയുടെ തലക്കു നേരെ തോക്കു ചൂണ്ടി പണവും പണ്ടവും ആവശ്യപ്പെട്ടു. അവരുടെ പക്കല്‍ ഇതൊന്നുമില്ലായിരുന്നു. ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ പട്ടാളക്കാരന്‍ ക്രുദ്ധനായി. ഒരു വടിയെടുത്ത് അയാള്‍ ശഫീഖിനെ ഉമ്മയുടെ മുന്നിലിട്ട് അടിക്കാന്‍ തുടങ്ങി.

തലയുടെ ഇടതു ഭാഗത്ത് അതിശക്തമായ അടിയേറ്റു. മറ്റൊരു പട്ടാളക്കാരന്‍ വന്ന് കത്തി കൊണ്ട് അവന്റെ തലയില്‍ വെട്ടി. 

ആഘാതത്തില്‍ തലക്ക് ആഴത്തില്‍ മുറിവേറ്റു. ശഫീഖിന്റെ ബോധം നശിച്ചു. അവന്‍ മരിച്ചെന്ന് അവരെല്ലാം കരുതിക്കാണും.

ബോധം വന്നപ്പോള്‍ പട്ടാളക്കാരൊക്കെ പോയിരുന്നു. ആശ്വാസം തോന്നേണ്ടതായിരുന്നു. പക്ഷേ, ചുറ്റും കണ്ണോടിച്ചപ്പോള്‍ കണ്ട കാഴ്ചകള്‍ കൂടുതല്‍ നടുക്കമുണ്ടാക്കി.

ഉമ്മ നിലത്ത് ചലനമറ്റു കിടക്കുന്നു. ചുറ്റും വേറെയും ആളുകള്‍ തലങ്ങും വിലങ്ങും കിടക്കുന്നുണ്ട്.

അവന്‍ ഉമ്മയുടെ അടുത്തേക്ക് നീങ്ങി. അവരുടെ കഴുത്ത് അറുത്തിട്ടിരിക്കുന്നു. അവന്‍ ചുറ്റും നോക്കി. താനൊഴിച്ച് മറ്റാര്‍ക്കും ജീവനില്ലെന്ന് അവന്‍ മനസ്സിലാക്കി.

അവനാകെ തളര്‍ന്നിരുന്നു. കടുത്ത തലവേദന. ഇടത്തേ ചെവിക്ക് കേള്‍വി ശക്തി നഷ്ടപ്പെട്ടിരിക്കുന്നു. ക്ഷീണം, വേദന, നടുക്കം.

അപ്പോളറിഞ്ഞു: കെട്ടിടത്തിന് അവര്‍ തീക്കൊടുത്തിരിക്കുന്നു. അവന്‍ ഓടി. കെട്ടിടം അതിവേഗം തീയിലമര്‍ന്നു. 

ശഫീഖ് ഓടി ഒരു നെല്‍പ്പാടത്തെത്തി. നേരം വെളുക്കും വരെ അവിടെ ഒളിച്ചിരുന്നു.

ഗ്രാമമാകെ തീയാണ്. അന്തരീക്ഷത്തില്‍ മനുഷ്യശരീരങ്ങള്‍ കരിഞ്ഞ മണം. നേരം വെളുത്തു. എങ്ങോട്ടു തിരിഞ്ഞാലും മൃതദേഹങ്ങളാണ്- ചുറ്റും ഉറഞ്ഞ രക്തവും.

ഒറ്റക്ക്, പേടിച്ചരണ്ട്, അവന്‍ ഒരു അരുവിയുടെ ഓരം ചേര്‍ന്ന് നടന്നു. അങ്ങനെ 'വൈക്കും' എന്ന ഗ്രാമത്തിലെത്തി.

രക്ഷപ്പെട്ട കുറേ പേര്‍ അവിടെയുണ്ട്. ശഫീഖ് പരിചയമുള്ള മുഖങ്ങള്‍ തേടി. ഒറ്റയാളുമില്ല. നാലു രാവും നാലു പകലും അവന്‍ അങ്ങനെ കൊടുംഭീതിയില്‍ കഴിഞ്ഞു, ഒറ്റക്ക്. ഏതു സമയത്തും എന്തും സംഭവിക്കാം. ഒടുവില്‍ അവന്‍ ഒരു മുസ്‌ലിം സംഘത്തോടൊപ്പം ചേര്‍ന്നു. രണ്ടു ദിവസത്തിനു ശേഷം അവരെല്ലാം ബംഗ്ലാദേശിലെത്തി. സ്വന്തമായി ഒന്നുമില്ലെങ്കിലും സുരക്ഷിതത്വമുണ്ട്.

ഡോക്ടര്‍മാര്‍ എത്തി അവനെ ചികിത്സിച്ചു. തലക്ക് ആറ് തുന്നല്‍ വേണ്ടിവന്നു.

പിന്നീടെപ്പോഴോ അവനെ ഒരമ്മാവന്‍ കണ്ടെത്തി. അവനെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ ഉമ്മൂമ്മയുണ്ടായിരുന്നു. കൂടെ, അനുജന്‍ റൗസിഉല്ലയും. അന്ന് അവന്‍ ആദ്യമായി സന്തോഷിച്ചു. 

'ഇനി എന്തു വേണമെന്നാണ് ആഗ്രഹം?' ഇവോണ്‍ റിഡ്‌ലി ശഫീഖിനോട് ചോദിച്ചു.

''ചിലപ്പോള്‍ തോന്നും കുടുംബത്തോടൊപ്പം മരിച്ചിരുന്നെങ്കിലെന്ന്. മറ്റു ചിലപ്പോള്‍ രക്ഷപ്പെട്ടതിന് അല്ലാഹുവിനെ സ്തുതിക്കും''- ശഫീഖ് പറഞ്ഞു.

 

* * *

ലക്ഷങ്ങളില്‍ ഒരുവന്‍ മാത്രമാണ് മുഹമ്മദ് ശഫീഖ്. അവനെപ്പോലെ, പൈശാചികതയുടെ ഇരകളായി അനേകം പേരുണ്ട്. അവരോട് ഇതെല്ലാം ചെയ്തവര്‍ സൈ്വരമായി ജീവിക്കുന്നു.

''ഐക്യരാഷ്ട്രസഭ അമാന്തിച്ചുനില്‍ക്കുന്നു. അധികാരകേന്ദ്രങ്ങളില്‍ വലിയ അധികാരികള്‍ രാഷ്ട്രീയം കളിക്കുന്നു.'' ഇവോണ്‍ റിഡ്‌ലി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

സൗത്താഫ്രിക്കയിലെ 'പ്രൊട്ടക്ട് റോഹിംഗ്യ' എന്ന വനിതാ അഭിഭാഷകരുടെ സംഘടനക്കു വേണ്ടിയാണ് ഇവോണ്‍ റിഡ്‌ലി ബംഗ്ലാദേശിലെയും മറ്റും റോഹിംഗ്യകളെ കാണുന്നത്. യുദ്ധക്കുറ്റങ്ങളുടെ തെളിവുകള്‍ ശേഖരിക്കുക കൂടി ലക്ഷ്യമാണ്.

''റോഹിംഗ്യന്‍ ജനത അനുഭവിച്ച വേദനകള്‍ ഒരിക്കലും മായില്ല. പക്ഷേ, അതിനെപ്പറ്റി അറിഞ്ഞ നമ്മള്‍ ഓരോരുത്തര്‍ക്കും ഒരു കടമയുണ്ട്- നീതി പുലരാന്‍ നമുക്കാവുന്നതൊക്കെയും ചെയ്യുക എന്നത്.''

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top