കോടമ്പാക്കത്തേക്ക്

ആദം അയുബ്

വര്‍ത്തമാന കാലത്തിലെ ഏതെങ്കിലും ഒരു ദൃശ്യമോ ശബ്ദമോ സംഭാഷണമോ നമ്മെ അതുമായി ബന്ധപ്പെട്ട ഭൂതകാല ഓര്‍മകളിലേക്ക് നയിക്കുന്നതിനെയാണ്, സിനിമയില്‍ ഫ്‌ളാഷ് ബാക്ക് എന്ന് പറയുന്നത്. എന്നാല്‍ ഞാനിവിടെ എന്റെ ഫ്‌ളാഷ് ബാക്കില്‍നിന്നും വര്‍ത്തമാന കാലത്തേക്ക് വരികയാണ്. അതിനു പ്രേരകമായതും ഒരു ദൃശ്യവും വാക്കും മാത്രമല്ല ഒരു സംഭവം കൂടിയാണ്. ഈ ഓര്‍മക്കുറിപ്പുകളില്‍ ഞാന്‍ ഇനി എഴുതേണ്ടത്  മദിരാശിയിലേക്കുള്ള എന്റെ ആഗമനവും സിനിമയിലേക്കുള്ള രംഗപ്രവേശവും ആണ്. സിനിമയിലേക്കുള്ള എന്റെ പ്രവേശനം സുഗമമാക്കിയ യു. രാജഗോപാല്‍ എന്ന ക്യാമറാമാനെ കുറിച്ച് എഴുതിത്തുടങ്ങിയപ്പോഴാണ്, അപ്രതീക്ഷിതമായി എനിക്ക് വലിയൊരു പുരസ്‌കാരം ലഭിക്കുന്നത്. ടെലിവിഷന്റെ ചരിത്രത്തിലെ ആദ്യത്തെ 'ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്' ആണ്, 2017-ന്റെ  അവസാനത്തില്‍ എന്നെ തേടിയെത്തിയത്. മലയാളം ടെലിവിഷന്‍ ഫ്രട്ടേണിറ്റി സമ്മാനിച്ച ഈ അവാര്‍ഡുമായി ബന്ധപ്പെട്ട ഫലകത്തില്‍ എന്റെ കന്നി മദ്രാസ് യാത്രയെക്കുറിച്ചും  യു. രാജഗോപാലിനെക്കുറിച്ചുമുള്ള പരാമര്‍ശമാണ് എന്റെ ഭൂതകാലത്തെയും വര്‍ത്ത മാനകാലത്തെയും ബന്ധിപ്പിക്കുന്ന കണ്ണി. ആ വാക്കുകള്‍ ഞാന്‍ ഉദ്ധരിക്കട്ടെ:

''സിനിമയെന്ന മായിക ലോകത്ത് തനിക്കുമൊരു ഇരിപ്പിടം ഉണ്ടാക്കിയെടുക്കണമെന്ന മോഹവുമായി, കൊച്ചി മട്ടാഞ്ചേരിക്കാരന്‍ ആദം അയൂബ് എന്ന ചെറുപ്പക്കാരന്‍, നാല്‍പത്തിയഞ്ച് വര്‍ഷം മുമ്പ് ദക്ഷിണേന്ത്യന്‍ സിനിമകളുടെ ഈറ്റില്ലമായ കോടമ്പാക്കത്തേക്ക്  വണ്ടി കയറി.

ശാരദാ സ്റ്റുഡിയോവില്‍ യു. രാജഗോപാലിന്റെ ക്യാമറ ക്രൂവില്‍ തുടക്കം...''

അങ്ങനെ യാദൃഛികമായി എന്റെ ഭൂതകാലവും വര്‍ത്തമാന കാലവും ഇവിടെ പരസ്പര ബന്ധിതമാവുന്നു. ഇനി കഥ തുടരട്ടെ.......

മദിരാശി നഗരം എന്നെ സ്വീകരിച്ചത്, ശബ്ദകോലാഹലങ്ങളുടെ പാണ്ടിമേളത്തോടെയും, വൈവിധ്യമാര്‍ന്ന വര്‍ണങ്ങളുടെ ഉത്സവക്കാഴ്ച കളോടെയും, പലതരം ദുര്‍ഗന്ധങ്ങളുടെ സങ്കര നാറ്റത്തോടെയും ആയിരുന്നു.

സാദിഖ് പാഷയോടൊപ്പം മദിരാശി സെന്‍ട്രല്‍ സ്റ്റേഷന് പുറത്തിറങ്ങിയ ഉടനെ ഒരു വലിയ ആള്‍ക്കൂട്ടം എന്നെ സ്വീകരിക്കാന്‍ എത്തി. സാര്‍ സാര്‍ എന്ന് വിളിച്ചുകൊണ്ട് അവര്‍ എന്നെ പൊതിഞ്ഞു. എനിക്ക് എന്തെന്നില്ലാത്ത സന്തോഷവും അത്ഭുതവും തോന്നി. അവര്‍ തമിഴില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാന്‍ അവരില്‍ ചിലര്‍ക്കൊക്കെ കൈ കൊടുക്കാന്‍ ശ്രമിച്ചു. കൂട്ടത്തില്‍ ഒരാള്‍ എന്റെ പെട്ടി വാങ്ങി 'വാങ്കോ സാര്‍' എന്ന് പറഞ്ഞുകൊണ്ട് നടന്നു. ഞാന്‍ അയാളുടെ പുറകെ നടക്കാന്‍ തുടങ്ങിയപ്പോള്‍ സാദിഖ് പാഷ ചോദിച്ചു, 'എങ്ങോട്ടാ പോകുന്നേ?' ''അയാള്‍.... എന്നെ സ്വീകരിക്കാന്‍.....'' ഞാന്‍ പറഞ്ഞു. ''സ്വീകരിക്കാനോ? അത് ഓട്ടോക്കാരും ടാക്‌സിക്കാരുമാ..പെട്ടി വാങ്ങൂ. നമുക്ക് ബസ്സില്‍ പോകാം'' സാദിഖ് പാഷയുടെ ശബ്ദത്തില്‍ അല്‍പം ഈര്‍ഷ്യ ഉണ്ടായിരുന്നു. ഞാന്‍ ആ ടാക്‌സി ഡ്രൈവറുടെ കൈയില്‍നിന്ന് എന്റെ പെട്ടി ഒരുവിധം പിടിച്ചുവാങ്ങി. ഞങ്ങള്‍ ബസ് സ്റ്റോപ്പിലേക്ക് നടന്നു. സിനിമാ സ്വപ്‌നങ്ങളുമായി മദിരാശി നഗരത്തില്‍ വന്നിറങ്ങിയ എന്നെ ശ്രദ്ധിക്കാന്‍ നഗരത്തിനു വലിയ താല്‍പര്യമോ സമയമോ ഉള്ളതായി തോന്നിയില്ല. ഇങ്ങനെ എത്രയോ പേര്‍ ദിവസേന ഈ നഗരത്തില്‍ വന്നിറങ്ങുന്നു! ആയിരം പേരില്‍ ചിലപ്പോള്‍ ഒരാളോ മറ്റോ പ്രശസ്തനായേക്കാം. മറ്റുള്ളവര്‍ അവരുടെ സ്വപ്‌നങ്ങളോടൊപ്പം തന്നെ ഇവിടെ തകര്‍ന്നടിഞ്ഞു ഈ സ്വപ്‌ന ഭൂമിയിലെ മണ്ണിന് വളമായിത്തീരും.

ഞങ്ങള്‍ റോയപ്പേട്ടയില്‍ ബസ്സിറങ്ങി ഒരു ഇടുങ്ങിയ തെരുവിലൂടെ നടന്നു. വൃത്തിഹീനമായ തെരുവ്. നിരനിരയായ പഴയ വീടുകള്‍. അതിലൊന്നിന്റെ വാതില്‍ക്കല്‍ ചെന്ന് സാദിഖ് പാഷ കതകില്‍ മുട്ടി. നരച്ച താടിയും മുടിയുമുള്ള  ഒരു വൃദ്ധന്‍ വാതില്‍ തുറന്നു. സാദിഖ് പാഷയെ കണ്ട അയാളുടെ മുഖം സന്തോഷംകൊണ്ട് വികസിച്ചു. അയാള്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു: ''ദേഖോ, സാദൂ ആഗയാ''  (ഇതാ സാദൂ വന്നു)

അകത്തു നിന്നും രണ്ടു പെണ്‍കുട്ടികള്‍ ചിരിച്ചുകൊണ്ട്  ഓടിവന്നു. അപ്പോഴാണ് പിന്നില്‍ പെട്ടിയും പിടിച്ചു നില്‍ക്കുന്ന എന്നെ അയാള്‍ കണ്ടത്. അയാളുടെ  മുഖത്തെ സന്തോഷം പെട്ടെന്നു മാഞ്ഞു.

''കോന്‍ യേ പൊട്ടാ?'' (ഏതാ ഈ പൊട്ടന്‍?)

''മേരേ ദോസ്ത് കാ ദോസ്ത്'' (എന്റെ കൂട്ടുകാരന്റെ കൂട്ടുകാരന്‍) സാദിഖ് പാഷ മൊഴിഞ്ഞു. 

''ഇസേ കായിക്കൂ യഹാ ഖീന്‍ച്‌കെ ലായ?'' (ഇവനെ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്?) അയാള്‍ ഈര്‍ഷ്യയോടെ ചോദിച്ചു.

''കഹി തൊ ഭി രഹനെ കാ ഇന്തിസാം കര്‍നാ?'' (എവിടെയെങ്കിലും താമസം ഏര്‍പ്പാടാക്കിക്കൊടുക്കണം) - പാഷ പറഞ്ഞു.

എനിക്ക് ഉര്‍ദു അറിയാം എന്ന കാര്യം അവര്‍ക്കറിയില്ലായിരുന്നു. ഞാന്‍ അവിടെ നിന്ന് വിയര്‍ക്കുന്നത് ആ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പാഷ ആദ്യം അകത്തു കയറി, അവരോടു എന്തൊക്കെയോ സംസാരിച്ചു. പിന്നെ എന്നെ അകത്തേക്ക് വിളിച്ചു.

 ''ഏതെങ്കിലും ഒരു ലോഡ്ജ് കാണിച്ചു തന്നാ മതി'' - ഞാന്‍ പറഞ്ഞു. അവരുടെ സംസാരത്തിന്റെ പൊരുള്‍ എനിക്ക് പിടികിട്ടിയെന്ന് അവനു മനസ്സിലായി. അവന്‍ പറഞ്ഞു ''കുളിയൊക്കെ കഴിഞ്ഞിട്ട് ലോഡ്ജിലേക്ക് പോകാം, വാ.''

മനസ്സില്ലാമനസ്സോടെ ഞാന്‍ അകത്തു കയറി. ഒരു വിധം പ്രഭാത കര്‍മങ്ങളൊക്കെ തീര്‍ത്തു. പ്രാതലും കഴിച്ചു. ഒരു പാട് അംഗങ്ങളുള്ള, (പ്രത്യേകിച്ച് പെണ്‍കുട്ടികള്‍) ആ കൊച്ചു വീട്ടില്‍, (അതും യാഥാസ്ഥിതിക മുസ്‌ലിം വീട്ടില്‍) ഒരു അന്യ ചെറുപ്പക്കാരന്റെ സാന്നിധ്യം ഉണ്ടാക്കിയ പിരിമുറുക്കം ആ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. കാര്യങ്ങളെല്ലാം ധ്രുത ഗതിയില്‍ തീര്‍ത്തു, പെട്ടിയും എടുത്തു ഞാന്‍ പുറത്തിറങ്ങി നിന്നു. താമസിയാതെ സാദിഖ് പാഷയും റെഡിയായി വന്നു. അല്‍പം അലഞ്ഞതിനു ശേഷം മാമ്പലം എന്ന സ്ഥലത്ത് സത്യാ ലോഡ്ജില്‍ ഒരു മുറി കിട്ടി. ഡബിള്‍ റൂം ആണെങ്കില്‍ വാടക അല്‍പം കുറവായിരിക്കും. പക്ഷേ മറ്റൊരാള്‍ കൂടി മുറിയില്‍ ഉണ്ടാകും. തല്‍ക്കാലം ഒരു അപരിചിതനുമായി മുറി പങ്കിടാന്‍ എനിക്ക് വൈക്ലബ്യം ഉണ്ടായിരുന്നു. അതുകൊണ്ട് സിംഗിള്‍ റൂം മതി എന്ന് പറഞ്ഞു. കോണിപ്പടിയുടെ താഴെയുള്ള ഒരു ഒറ്റ മുറിയാണ് കിട്ടിയത്. ഞാന്‍ രജിസ്റ്റര്‍ ബുക്കില്‍ പേരെഴുതുക, അഡ്വാന്‍സ് കൊടുക്കുക തുടങ്ങിയ ഔപചാരിക കാര്യങ്ങള്‍ ചെയ്തുതീര്‍ത്ത് തിരിഞ്ഞുനോക്കുമ്പോള്‍  സാദിഖ് പാഷയെ കാണാനില്ല. അയാള്‍ യാത്ര പോലും പറയാതെ, ജീവനും കൊണ്ട് അവിടെ നിന്ന് രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. പിന്നെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ സാദിഖ് പാഷയുടെ പൊടി പോലും കണ്ടിട്ടില്ല.

എനിക്ക് ക്യാമറാമാന്‍ യു. രാജഗോപാലിനെ കാണാന്‍ ധൃതിയായി. ചെത്‌പേട്ട് എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ  വീട്. ലോഡ്ജ് മാനേജരോട് ചോദിച്ച് വഴിയൊക്കെ മനസ്സിലാക്കി, ഒരു ഓട്ടോയില്‍ ഞാന്‍ പുറപ്പെട്ടു. വലിയ ബുദ്ധിമുട്ടില്ലാതെ അദ്ദേഹത്തിന്റെ വീട് കണ്ടുപിടിച്ചു. കാളിംഗ് ബെല്‍ അടിച്ചപ്പോള്‍ തുറന്നത് അദ്ദേഹം തന്നെയാണ്. നല്ല ഉയരവും ഒത്ത ശരീരവുമുള്ള ഒരു മനുഷ്യന്‍. നാല്‍പതു-നാല്‍പത്തഞ്ച് വയസ്സ് കാണും. ഞാന്‍ വിവരം പറഞ്ഞു. എനിക്ക് തമിഴ് അറിയാത്തതുകൊണ്ട് ഇംഗ്ലീഷിലായിരുന്നു സംസാരം.  അദ്ദേഹം എന്നെ സ്വീകരിച്ചിരുത്തി. ചക്രധാരിയുടെ കത്ത് ഞാന്‍ കൊടുത്തു. അദ്ദേഹം അത് വായിച്ചുനോക്കി. കത്ത് മടക്കി മേശപ്പുറത്തു വെച്ച് അദ്ദേഹം സാവധാനം ചോദിച്ചു: 

''അപ്പൊ നിങ്ങള്‍ക്ക്  സിനിമാട്ടോഗ്രഫി പഠിക്കണം, അല്ലേ?''

''അതേ'' - ഞാന്‍ ആവേശത്തോടെ പറഞ്ഞു.

''സിനിമാട്ടോഗ്രഫിയെക്കുറിച്ച് എന്തെങ്കിലും അറിയാമോ?''

ഞാന്‍ കാത്തിരുന്ന അവസരമായിരുന്നു അത്. ''ഹൗ ടു ഫിലിം'' എന്ന പുസ്തകം അരച്ച് കലക്കിക്കുടിച്ചിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. ഒരു യാഷിക 35mm ക്യാമറ സ്വന്തമായുണ്ടെന്നും, അതുപയോഗിച്ച് വ്യത്യസ്ത പ്രകാശ വിതാനങ്ങളില്‍ ധാരാളം ഫോട്ടോസ് എടുത്തിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞു. പെട്ടെന്നാണ് ഞാന്‍ ഓര്‍ത്തത്; ഫോട്ടോസ് കാണട്ടെ എന്ന് അദ്ദേഹം പറഞ്ഞാല്‍ ഞാന്‍ കുടുങ്ങും, കാരണം ഫോട്ടോ ആല്‍ബം എടുക്കാന്‍ ഞാന്‍ മറന്നുപോയി. ഭാഗ്യവശാല്‍ അദ്ദേഹം അതൊന്നും ചോദിച്ചില്ല. 

''സ്റ്റില്‍ ഫോട്ടോഗ്രഫി അറിയുന്നത് നല്ലതു തന്നെയാണ്. പക്ഷേ സിനിമാട്ടോഗ്രഫിയില്‍ എക്‌സ്പീരിയന്‍സ് ഇല്ലാത്ത ഒരാളെ കൂടെ നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്.''

എന്റെ മുഖം വാടി. എന്റെ സ്വപ്നങ്ങള്‍ തകര്‍ന്നു തരിപ്പണമായി മുന്നില്‍ ചിതറിക്കിടന്നു. ഞാന്‍ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു. എന്റെ ഇരുപ്പു കണ്ട് സഹതാപം തോന്നിയിട്ടാകണം അദ്ദേഹം പറഞ്ഞു:

''വിഷമിക്കണ്ട. ഞാന്‍ ഒന്ന് ആലോചിക്കട്ടെ.''

അദ്ദേഹത്തിന്റെ ആ വാക്കുകള്‍ എനിക്ക് പ്രത്യാശ നല്‍കി. ഞാന്‍ പെട്ടെന്ന് വാചാലനായി: ''സാര്‍ ഞാന്‍ സിനിമാട്ടോഗ്രഫിയെകുറിച്ച് ധാരാളം വായിച്ചു പഠിച്ചിട്ടുണ്ട്. എനിക്ക് സിനിമാട്ടോഗ്രാഫിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ഒക്കെ അറിയാം.''

ഞാന്‍ ലെന്‍സുകളെക്കുറിച്ചും, അപേര്‍ച്ചര്‍, f stop  എന്നിവയെക്കുറിച്ചും ഒക്കെ, മനപ്പാഠം പഠിച്ചതുപോലെ പറയാന്‍ തുടങ്ങിയപ്പോള്‍, അദ്ദേഹം കൈ ഉയര്‍ത്തി എന്നെ തടഞ്ഞു. 

''തിയറിക്കല്‍ നോളേജ് ആവശ്യം തന്നെയാണ്. പക്ഷേ ഒരു അസിസ്റ്റന്റ് എന്ന നിലയില്‍ ജോലി ചെയ്യാന്‍ പ്രാക്ടിക്കല്‍ എക്‌സ്പീരിയന്‍സ് വേണം. അതില്ലാതെ നിങ്ങളെ കൂടെ നിര്‍ത്തിയാല്‍ എനിക്കും നിങ്ങള്‍ക്കും അതുകൊണ്ട് പ്രയോജനം ഉണ്ടാകില്ല. മാത്രമല്ല ജോലി അറിയാത്ത ഒരാളെ നിര്‍ത്താന്‍ പ്രൊഡ്യൂസറും സമ്മതിക്കില്ല.''

അതോടെ എന്റെ വായ് അടഞ്ഞു. എനിക്ക് അതിന് മറുത്തൊന്നും പറയാനില്ലായിരുന്നു. സത്യാ ലോഡ്ജില്‍ കൊടുത്ത രണ്ടു മാസത്തെ മുന്‍കൂര്‍ വാടക തിരിച്ചുകിട്ടുമോ എന്നായി എന്റെ ചിന്ത. എന്റെ കണ്ണുകള്‍ നനഞ്ഞു. അദ്ദേഹം അത് ശ്രദ്ധിച്ചു എന്ന് തോന്നുന്നു. അദ്ദേഹം പറഞ്ഞു:

''വേറൊരു വഴിയുണ്ട്. കോടമ്പാക്കത്തെ പ്രശസ്തമായ ഒരു ഫിലിം സ്റ്റുഡിയോയില്‍ ഞാന്‍ നിങ്ങളെ ഒരു അപ്രന്റീസ് ആയി ചേര്‍ക്കാം.''

സന്തോഷം കൊണ്ട് ഞാന്‍ ചാടിയെണീറ്റു. ''അത് മതി സാര്‍.''

''ഇരിക്കൂ, ഇരിക്കൂ..''  ഞാന്‍ ഇരുന്നു. അദ്ദേഹം തുടര്‍ന്നു: ''അവിടെ കുറച്ചു നാള്‍ ജോലി ചെയ്ത് എക്‌സ്പീരിയന്‍സ് ആയിക്കഴിയുമ്പോള്‍ ഞാന്‍ കൂടെ നിര്‍ത്താം.''

എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കാല്‍ തൊട്ടു വന്ദിച്ചേനെ. ഞാന്‍ എഴുന്നേറ്റ് കൈ കൂപ്പിക്കൊണ്ട് പറഞ്ഞു; ''വളരെ ഉപകാരം സാര്‍.'' മറ്റൊന്നും പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു.

''ശരി, നാളെ രാവിലെ ഒമ്പതു മണിക്ക് ഇവിടെ വരൂ.'' 

''ശരി, സാര്‍.''

ഞാന്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ചോദിച്ചു: 

''കൈയില്‍ പൈസ ഉണ്ടോ?'' 

''ഉണ്ട്, സാര്‍.''

''എങ്കില്‍ നാളെ വരുമ്പോള്‍ ഒരു നൂറു രൂപാ ഒരു കവറിനകത്ത് ഇട്ട് എടുത്തോളൂ.''

''ശരി സാര്‍.'' സന്തോഷം അലതല്ലുന്ന മനസ്സുമായി ഞാന്‍ പുറത്തുകടന്നു.

റൂമില്‍ എത്തിയപ്പോള്‍ പിന്നെ നാളയെ കുറിച്ചായി ചിന്ത. ഉള്ളതില്‍ വെച്ച് ഏറ്റവും നല്ല വസ്ത്രം നാളെ ധരിക്കാനായി എടുത്തുവെച്ചു. വീട്ടില്‍നിന്ന് കൊണ്ടു വന്ന ടൈംപീസില്‍ വെളുപ്പിനെ എണീക്കാന്‍ അലാറം വെച്ചു. നാളെ ഞാന്‍ സിനിമയിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്! ഉറങ്ങാന്‍ കഴിഞ്ഞില്ല. സമയം നീങ്ങുന്നില്ല എന്ന് തോന്നി. തിരിഞ്ഞും മറിഞ്ഞും കിടന്ന്, ഉറങ്ങാന്‍ തുടങ്ങിയപ്പോഴേക്കും അലാറം അടിച്ചു. എന്റെ സിനിമാ ജീവിതത്തിലെ പുതിയ പ്രഭാതത്തിലേക്ക് ഞാന്‍ ഉണര്‍ന്നു.

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top