ഇല്ല്യകറും കൂട്ടത്തിലൂടെ....

ആച്ചുട്ടിത്താളം-18

പ്രൊഫസര്‍ തന്നെയാണ് തീരുമാനമെടുത്തത്. ഡിസ്ചാര്‍ജ് ചെയ്ത് സ്വബാഹ് അദ്ദേഹത്തിന്റെ വീട്ടില്‍ കുറച്ച് ദിവസം നില്‍ക്കട്ടെ. ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍ വിധിച്ചത്. മനസ്സ് എപ്പോഴും സന്തോഷമായിരിക്കണം. പെട്ടെന്നൊരു പോരല്‍ എനിക്കു വയ്യായിരുന്നു. പകുതി വെച്ച് മറ്റൊരു ടീച്ചറെ അന്വേഷിച്ചു കണ്ടെത്താനുള്ള പ്രയാസം. കുട്ടികളെല്ലാം ഇണങ്ങിക്കഴിഞ്ഞ സ്ഥിതിക്ക് ഒരു വര്‍ഷമെങ്കിലും പിടിച്ചുനില്‍ക്കാനുള്ള അധികൃതരുടെ അഭ്യര്‍ഥന നിരസിക്കാന്‍ വയ്യ. സബുട്ടിയെ ഇങ്ങനെയിട്ട് പോകാനും വയ്യ. 

'എന്തായാലും യാത്രയാണ്. കൂട്ടുകാരിയുടെ അടുത്തേക്ക് പോകുന്നത് ഇങ്ങോട്ടു വന്നേക്ക്' എന്ന പ്രൊഫസറുടെ അഭിപ്രായം വല്ലാത്ത പ്രയാസത്തോടെയാണ് കേട്ടത്. ആബിമ്മ പ്രോത്സാഹിപ്പിച്ചു. 

'എനിക്കൊരു കൂട്ടാവൂലൊ' 

അതുപക്ഷേ നിരസിക്കാന്‍ വയ്യ.

മര്‍യം വേദനയോടെ യാത്രയാക്കി.

'നീ ഉണ്ടാവുമ്പോ ഒരു സമാധാനായ്‌ര്ന്ന്.' 

ഇണ്ണിയും കുഞ്ഞുവും നിറകണ്ണുകളോടെ നോക്കി നിന്നു. 'ന്റെ കുട്ടീനെ മറക്കൂല' - കുഞ്ഞുട്ട്യാത്ത കെട്ടിപ്പിടിച്ച് കരഞ്ഞു.

പ്രൊഫസറുടെ വീട്ടിലാണ് ഇനി താമസമെന്നു പറഞ്ഞപ്പോള്‍ ഉമ്മാക്ക് കുറച്ചുകൂടി ആശ്വാസമായി. വേവൊഴിഞ്ഞ മുഖമല്ല അപ്പോഴും ഉമ്മയുടേതെന്നു മനസ്സു പറഞ്ഞു. എല്ലാം ഓരോ വിധിയാണ്. ഖദ്‌റും ഖദായുമാണ് ജീവിതമെന്നോര്‍ത്തു. കുതറി മാറാന്‍ ആവില്ല. തീരുമാനങ്ങള്‍ പിഴക്കാതിരിക്കണേയെന്ന്  റബ്ബിനോട് കേണു.

കാലത്തിന്റെ ഇതളുകള്‍ അടര്‍ന്നു വീണതും പുതിയവ വിടര്‍ന്നതും എത്ര തവണയാണ്. സബുട്ടി പഴയതുപോലെ അവന്റെ വായനകളിലേക്കും ചിന്തകളിലേക്കും കടന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ടു വന്നാല്‍ യതീംഖാനയിലേക്ക് നടന്നു. അവന്റെ കൂടെ ഇത്തിരി നേരമിരിക്കാം. സംസാരം വളരെ കുറവ്. പക്ഷേ ആ മൗനത്തില്‍ അവന്‍ എല്ലാം പറഞ്ഞു. ഞാന്‍ കേട്ടു. വീട്ടില്‍ പോകാത്ത അവധി ദിവസങ്ങളില്‍ പ്രൊഫസര്‍ അവനെ കൂട്ടിക്കൊണ്ടു വന്നു. അവനെയും കൊണ്ട് തൊടിയിലേക്കിറങ്ങി. തണല്‍ മരങ്ങള്‍ നിറഞ്ഞ പുരയിടത്തിലെ തണലുകളില്‍ വെറുതെ നടന്നു. അവന്റെ മുഖം പ്രസന്നമായിരുന്നു. പ്രോഗ്രസ് കാര്‍ഡിലെ ചുവന്ന വരകള്‍ മാഞ്ഞു.

ജീവിതം കൈവിട്ടുപോയത് ഓരോന്നായി തിരിച്ചുപിടിക്കുകയായിരുന്നു അവന്‍. പത്താം ക്ലാസ്സ് പൊതുപരീക്ഷ അവസാനത്തെ പേപ്പറും എഴുതി അവന്‍ നെടുനിശ്വാസം വിട്ടു: 

'ആവൂ, അതങ്ങട്ട് കഴിഞ്ഞു.' 

പ്രൊഫസര്‍ അവന്റെ തലതടവി. 

'ഞങ്ങടെ മാനം നീയായിട്ട് കളയില്ലല്ലോ?' 

ഇല്ലെന്ന് അവന്‍ വിടര്‍ന്ന് ചിരിച്ചു.

ആബിമ്മ എല്ലാവര്‍ക്കും പായസം വിളമ്പി. എന്റെ സ്‌കൂളും അടച്ചിരിക്കുന്നു. ഞാന്‍ പ്രൊഫസറെ നോക്കി. ഒരു യുവാവിന്റെ പ്രസരിപ്പാണ് മുഖത്ത്. 

'നിങ്ങളൊക്കെള്ളതു കൊണ്ടാ' 

ആബിമ്മ കണ്ണു നിറച്ചു.

സബുട്ടിയെ ഹോസ്പിറ്റലില്‍നിന്ന് കൊണ്ടുവന്ന ദിവസങ്ങളില്‍ അവന്റെ മേലായിരുന്നു എല്ലാവരുടെയും മുഴുവന്‍ ശ്രദ്ധയും. ഓരോ കാര്യങ്ങള്‍ക്കും മുന്നില്‍ ചെന്ന് സാറിനെ വിളിക്കുമ്പോള്‍ എപ്പോഴോ 'മോളെ ഈ സാറ് വിളി മഹാ ബോറാ' എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

എനിക്കും തോന്നിത്തുടങ്ങിയിരുന്നു അത്. പക്ഷേ എന്തു വിളിക്കും? അബ്ബ എന്നു വിളിക്കാന്‍ ആബിമ്മ തന്നെയാണ് പറഞ്ഞത്. നാവും മനസ്സും മടിച്ചുനിന്നു. പക്ഷേ നരച്ച മുഖത്തെ സ്‌നേഹത്തിന്റെ ആഴം അറിയാതെ വിളിപ്പിച്ചു. എന്നോ കേള്‍ക്കാന്‍ കൊതിച്ച പ്രിയപ്പെട്ട ഒരു വാക്കിന്റെ ശക്തിയില്‍ അദ്ദേഹത്തിന്റെ മുഖം വിടരുന്നത് ശ്രദ്ധിച്ചു. സബുട്ടി എന്റെ കണ്ണുകളിലേക്ക് നോക്കി. അവനും അതുതന്നെ വിളിച്ചു തുടങ്ങിയപ്പോള്‍ ആബിമ്മ കൊച്ചുകുട്ടികളെപ്പോലെ വിതുമ്പി.

കിനാവുകളുടെ പൂക്കാലം അവസാനിക്കുകയാണെന്നു തോന്നി. നാടുമായുള്ള ബന്ധം ദുര്‍ബലമാവുകയാണ്. യാത്ര പറഞ്ഞ് ഇറങ്ങാന്‍ പിടിച്ചുവലിക്കുന്ന ഒന്നും അവിടെയില്ലെന്ന തോന്നല്‍ ശക്തമായി. എന്നിട്ടും ഇറങ്ങി. സബുട്ടി പോവുന്നില്ലെന്ന് ഉറപ്പിച്ചു. ഒഴിവുകാലം അബ്ബയോടൊപ്പം എന്ന് അവന്‍ ആവേശം കൊണ്ടു....

ഒരാഴ്ചയെങ്കിലും വീട്ടില്‍പോയി നില്‍ക്കണമെന്ന് സബുട്ടിയെ ഓര്‍മിപ്പിച്ചു. അബ്ബയും അതു തന്നെ പറഞ്ഞു. ദുര്‍ബലമായ വള്ളികള്‍ ഉപയോഗിക്കാതെ ഉണങ്ങിപ്പോവുമെന്ന പേടിയായിരുന്നു എനിക്ക്. അമ്മാവനും അമ്മായിയും മക്കളും - ഇതാണ് ആകെയുള്ള അവന്റെ ബന്ധം.

ആശുപത്രി വാസത്തിനിടയില്‍ ഓടിവന്ന അവന്റെ ഉമ്മയുടെ നിസ്സഹായത കണ്ടതാണ്. വലിയ ഒരു കുടുംബമാണ് അവരുടെ തലയില്‍. മകള്‍ പ്രസവത്തിനായിരിക്കുന്നു. എന്താ ചെയ്യ എന്ന ചോദ്യത്തിന് 'ഇവിടെ പ്രശ്‌നൊന്നുംല്ലല്ലോ ങ്ങള് പോയ്‌ക്കോളീ' എന്ന തിരിച്ചയക്കലില്‍ അവര്‍ക്ക് ആശ്വാസമായി.

നൊന്തുപെറ്റ മകനേക്കാള്‍ പരിഗണന ഭര്‍ത്താവിന്റെ മകള്‍ക്ക് നല്‍കുന്നത് അന്ന് വേദനയോടെയാണ് ചിന്തിച്ചത്. ഇപ്പോഴറിയാം കാലം ഓരോരുത്തര്‍ക്കും നല്‍കുന്ന നിയോഗം. അതങ്ങനെയാണ് ആര്‍ക്കും മനസ്സിലാവാതെ ഒരു തേങ്ങലിന്റെ പുറം പാളിക്കുള്ളില്‍ ചിലതൊക്കെ അമര്‍ന്നുകിടക്കും. ഇപ്പോള്‍ സബുട്ടിക്ക് ഉള്‍ക്കൊള്ളാനായിട്ടുണ്ടാവും അവന്റെ ഉമ്മയെ. അന്ന് കണ്ണുകളില്‍ അടുപ്പത്തിന്റെ ഒരു തരിപോലുമില്ലെന്ന് അവനെ സങ്കടത്തോടെയാണ് നോക്കിയത്. ഒന്നും വെറുതെ ഉണ്ടാവുന്നതല്ലെന്ന് ഇപ്പോഴറിയാം. മനസ്സിന്റെ അടുപ്പത്തിന് കൊണ്ടും കൊടുത്തുമുള്ള ബന്ധം വേണം, അതാരാണെങ്കിലും. പെറ്റിട്ടതുകൊണ്ട് ഉമ്മ എന്നു പറയാം. പക്ഷേ ഹൃദയത്തില്‍നിന്ന് ഒഴുകിപ്പരക്കുന്ന ബന്ധത്തിന്റെ ദൃഢതക്ക് ഉമ്മ നല്‍കിയ പാലിന്റെയും ഊട്ടിയ ഭക്ഷണത്തിന്റെയും ചൂടു  വേണം. പിച്ചവെച്ചു വീഴുന്ന കുട്ടിക്ക് ആദ്യം പിടിക്കുന്ന കൈ തന്നെ താങ്ങ്. വീഴ്ചകള്‍ പിച്ചവെക്കുമ്പോള്‍ മാത്രമല്ലല്ലോ. നടന്നു നീങ്ങുമ്പോള്‍ മുതല്‍ പതറി നില്‍ക്കുന്ന ഓരോ ഘട്ടത്തിലും ഒരു മാറോടു ചേര്‍ക്കല്‍ കൊതിക്കാത്തവരുണ്ടോ? ആരുമില്ലെങ്കിലും ഞാനുണ്ടെന്ന സാന്ത്വനത്തിന്റെ കരസ്പര്‍ശം തന്നെയല്ലേ ബന്ധം. അതില്ലാതെ പോവുമ്പോള്‍ കാറ്റിലെ അപ്പൂപ്പന്‍ താടി പോലെ മനസ്സ് ചഞ്ചലപ്പെടുന്നത് ആരെങ്കിലും അറിയുമോ?

ഞാന്‍ വീട്ടിലെത്തുമ്പോള്‍ കോലായിലെ സിമന്റു തിണ്ടില്‍ അനിയന്‍ ഉറങ്ങുകയാണ്. പാറിപ്പറന്ന അവന്റെ തലമുടി അനുസരണയില്ലാതെ നെറ്റിയില്‍ പരന്നുകിടക്കുന്നു. ഇന്ന് അവധിയായിരിക്കാം. ഉണര്‍ത്താതെ അകത്തേക്കു കടന്നു. തറവാട്ടില്‍നിന്നു പണികഴിഞ്ഞ് കുയിക്കലെ കുളത്തില്‍നിന്നു കുളി കഴിഞ്ഞ് ഉമ്മ എത്തിയതേയൂള്ളൂ.

ഇത്താത്തമാര്‍ രണ്ടുപേരും വീട്ടിലുണ്ട്. എന്നെ കണ്ടപ്പോള്‍ കുട്ടികള്‍ നാണത്തോടെ അവരുടെ പിറകിലൊളിച്ചു. യതീംഖാന അടച്ചതുകൊണ്ട് അമ്മായി വീട്ടിലുണ്ട്. അവരുടെ ശരീരം വളരെ ദുര്‍ബലമാണെന്നു തോന്നി. യതീംഖാനയിലെ പണി ഒരിക്കല്‍ അവര്‍ നിര്‍ത്തിയതാണ്. എന്നിട്ടും വീണ്ടുമവര്‍ അവിടേക്കു തന്നെ പോകാന്‍ നിര്‍ബന്ധിതയാണ്.

ചിന്തകള്‍ ഇറക്കിവെക്കാന്‍ ശ്രമിച്ചു. ഒരു പരിഹാരവും മനസ്സില്‍ തെളിഞ്ഞുവരാത്ത കുറേ പ്രശ്‌നങ്ങള്‍. ഒന്നും ചിന്തിക്കാതിരിക്കുക. മനസ്സ് ശൂന്യമാക്കാന്‍ ശ്രമിച്ചു. വേണ്ടെന്നുവെക്കുന്തോറും ചിന്തകളുടെ വേലിയേറ്റമാണ്. തിക്കിത്തിരക്കി മുന്നില്‍ വന്ന് ബഹളമുണ്ടാക്കുന്ന അവ്യക്തതകള്‍ മുറ്റത്തേക്കിറങ്ങി. മരത്തലപ്പുകള്‍ കല്ലുമലക്ക് മറയിട്ടിരിക്കുന്നു.

എല്ലാറ്റില്‍നിന്നും മറയുണ്ടോ? കാഴ്ചകള്‍ മങ്ങുക തന്നെയാണോ? തേക്കിന്‍ തൊടിയിലെ മരവാഴപ്പൂക്കള്‍ ഉണങ്ങിയടര്‍ന്ന് ചിതലരിച്ചിരിക്കുന്നു. വഴിയില്‍ പൂത്തുലഞ്ഞ് നക്ഷത്രക്കുഞ്ഞുങ്ങളെ തൊട്ടിലാട്ടിയിരുന്ന ഇലഞ്ഞിമരം മുറിച്ചിട്ടിരിക്കുന്നു. സുഗന്ധം പരത്തുന്ന പൂക്കാലം ഇനിയില്ല. ജസ്‌നയും ഞാനും ബന്ധുമരമെന്ന് പേരിട്ട മാവിന്‍ തൈ വളര്‍ന്നിരിക്കുന്നു. അതിന്റെ ചില്ലകളില്‍ പുളിയുറുമ്പുകള്‍ നിര്‍ത്താതെ യാത്ര തുടരുന്നു. യാത്രതന്നെ ജീവിതം.

വൈകുന്നേരം വെറുതെ തൊടിയിലേക്കിറങ്ങി.  ഉമ്മപറയുംപോലെ ഒന്ന് കൈയും കാലും ഓടട്ടെ.  കഴഞ്ചി മരത്തിന്റെ ചോട്ടില്‍ കുരുവീണ് കിടക്കുന്നുണ്ട്.  മിനുസമുള്ള കുരു സിമന്റ് തറയില്‍ ഉരസി കുട്ടികളെ ചൂടുവയ്ക്കുന്ന പരിപാടിയുണ്ടായിരുന്നു.  രണ്ടുമൂന്നെണ്ണം എടുത്തു കൈയില്‍ വെച്ചു.   സബൂട്ടിക്ക് കാണിച്ചുകൊടുക്കാം. തൊടിയിലെ മൂലയില്‍ മുളംകാടിനരികിലെ കൈതച്ചക്കകള്‍ രണ്ടെണ്ണം പഴുത്തിരിക്കുന്നു.  താഴേക്കിറങ്ങുമ്പോള്‍ കരിയിലകള്‍ ഉറക്കെക്കരഞ്ഞു.  മുളംകാടിനടുത്തെത്തിയപ്പോള്‍ ഉമ്മ ശബ്ദമുയര്‍ത്തി: 'ആ ഇല്ല്യെക്‌റും കൂട്ടത്തിക്ക് പോണ്ട. വല്ല ജന്തുക്കളുംണ്ടാവും...  എക്‌റ് കടിയാന് വെളുത്തനോട് പറഞ്ഞിരുന്നു.  ഓനെ കാണാനൂല്ല...'

എക്‌റ് കടിഞ്ഞിട്ട് ഇപ്പം എന്താക്കാനാ എന്ന് മനസ്സിലോര്‍ത്തു. മുള്ളുവേലികള്‍ കാണാതായിരിക്കുന്നു.  പകരം കമ്പിവേലികളും മതിലുകളും വന്നുതുടങ്ങി. മുള്ളുകള്‍ക്കിടയിലൂടെ നൂണ്ടുകിടന്ന് കൈതച്ചക്ക പൊട്ടിച്ചു. ചക്കയുടെ മുകളിലെ ചെടി പൊട്ടിച്ച് അവിടെത്തന്നെയിട്ടു. പുതിയ ചെടികളുണ്ടാവട്ടെ. 

മഗ്‌രിബിന് വുദൂവെടുക്കുമ്പോള്‍ കൈയും കാലും നീറി വേദനിച്ചു. മുള്ളുകൊണ്ട് അവിടവിടെ വാണ്ടിരിക്കുന്നു.  പോരുമ്പോള്‍ സബൂട്ടി കൈയില്‍ തന്ന പൊതിയഴിച്ചു. ഇഷ്ട കഥാകാരന്റെ ഇഷ്ട പുസ്തകം. അകത്താളില്‍ 'എന്റെ ഇത്താത്താക്ക് ഹൃദയപൂര്‍വം' എന്ന് കുനുകുനെ അക്ഷരങ്ങള്‍.  പുസ്തകം നെഞ്ചോട് ചേര്‍ത്തു.  

'ഇത്താത്താക്ക് എന്നോടുള്ള സ്‌നേഹം മാഞ്ഞുപോകുമോ എന്നെങ്കിലും....?' 

'മാഞ്ഞുപോകുന്നതിനെ സ്‌നേഹംന്ന് പറയാന്‍പറ്റ്വോ സബുട്ടീ...?'

മൗനത്തിന്റെ ആഴത്തില്‍ സബുട്ടിയുടെ ചിന്തകള്‍ എന്തോ തെരഞ്ഞു. 

'ഇത്താത്താ....'

'പറ സബുട്ടീ'

'അങ്ങനെയായാല്‍ പിന്നെയും പിന്നെയും ഞാനനാഥനാകും.  ആകാശവും ഭൂമിയുമില്ലാത്ത വെറുമൊരനാഥന്‍.'

ഒന്നും മിണ്ടിയില്ല. ഞാനപ്പോള്‍ മരുഭൂമിപോലെ വരണ്ടുണങ്ങിപ്പോകുമല്ലോ മോനേയെന്ന് വാക്കുകള്‍ പുറത്തുവന്നില്ല.  അവന്റെ മുടിയിഴകളില്‍ വെറുതെ വിരലോടിച്ചു.  നാലു കണ്ണുകളപ്പോള്‍ നിറഞ്ഞു തുളുമ്പിയിരുന്നു.

(തുടരും)

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top