മെക്സിക്കോയിലെ ധീര സ്ത്രീ

വി.പി.എ അസീസ് No image

പീഡനങ്ങളുടെയും ദുരിതങ്ങളുടെയും തീയാളുന്ന ദേശത്തുനിന്ന് ഇടര്‍ച്ചയില്ലാത്ത ധീരമായൊരു പെണ്‍സ്വരം. മധ്യ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ എതിരുകളോട് ഏറ്റുമുട്ടി മാധ്യമപ്രവര്‍ത്തനരംഗത്ത് നിര്‍ഭയം ചുവടുറപ്പിച്ച് മുന്നേറുന്ന അനബല്‍ ഹെര്‍ണാണ്ടസിനെ നമുക്ക് ഈ ഒറ്റവാചകം കൊണ്ട് വിശേഷിപ്പിക്കാം.
മെക്സിക്കോയിലെ അഴിമതിയെക്കുറിച്ചും അധികാര ദുര്‍വിനിയോഗത്തെക്കുറിച്ചും മയക്കുമരുന്നു മാഫിയകളെ കുറിച്ചുമുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തി കഴിഞ്ഞമാസം ഈ മാധ്യമപ്രവര്‍ത്തക 'ഗോള്‍ഡന്‍ വെന്‍ ഓഫ് ഫ്രീഡം' എന്ന അന്താരാഷ്ട്ര ബഹുമതിക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പത്രങ്ങളുടെ ആഗോള സംഘടനയായ 'വാന്‍ ഇഫ്ര'യാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മയക്കുമരുന്നു കടത്തുകാരും നിയമപാലകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള രഹസ്യബന്ധമാണ് രാജ്യത്തെ ലഹരിമരുന്നു വ്യാപനത്തിനും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും മുഖ്യഹേതുവെന്ന് അനബല്‍ തന്റെ നിര്‍ഭയമായ അന്വേഷണങ്ങളിലൂടെ കണ്ടെത്തുകയുണ്ടായി. അന്വേഷണങ്ങള്‍ക്കൊടുവില്‍ അവര്‍ രചിച്ച 'ദ ഡ്രഗ് ട്രാഫിക്കേഴ്സ്' ഇതിനകം രാജ്യത്തിനകത്തും പുറത്തും കോളിളക്കങ്ങള്‍ക്ക് കാരണമായി. ഈ കൃതിയുടെ പേരില്‍ അനബലിന്റെ ജീവന് ഭീഷണിയുയര്‍ന്നു. വധഭീഷണികള്‍ നടത്തിയത് മയക്കുമരുന്ന് കടത്തുകാര്‍ മാത്രമായിരുന്നില്ല. ക്രിമിനലുകളുമായി ബന്ധം പുലര്‍ത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ ഈ മാധ്യമപ്രവര്‍ത്തകയുടെ ഉന്മൂലനത്തിനായി കൊതിക്കുന്നുണ്ട്.
മയക്കുമരുന്ന് മാഫിയക്കെതിരെ ജീവന്‍ പണയപ്പെടുത്തി നടത്തിയ സാഹസികാന്വേഷണങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാര ലബ്ധി. സ്വതന്ത്രമാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടം പിടിച്ച രാജ്യം കൂടിയാണ് മെക്സിക്കോ. പോയവര്‍ഷം 30-ഓളം പത്രപ്രവര്‍ത്തകരാണ് മെക്സിക്കോയില്‍ വധിക്കപ്പെട്ടത്.
മെക്സിക്കോയിലെ പ്രമുഖദേശീയ പത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനബല്‍ റിഫോമ, മിലേനിയോ, എല്‍ യൂണിവേഴ്സല്‍ തുടങ്ങിയ പത്രങ്ങളിലെ കോളമിസ്റായിരുന്നു. 'റിപ്പോര്‍ട്ടേ ഇന്‍ഡിഗോ' എന്ന വെബ് പത്രത്തിനുവേണ്ടിയാണിപ്പോള്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്നത്.
2000 ഡിസംബറില്‍ തന്റെ പിതാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി വധിച്ചതിനെ തുടര്‍ന്നാണ് അനബല്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. പിതാവിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റേഷനില്‍ ചെന്ന് തന്നോടും കുടുംബത്തിനോടും പണം നല്‍കിയാല്‍ അന്വേഷിക്കാമെന്ന വിചിത്ര മറുപടിയാണ് പോലീസുകാര്‍ നല്‍കിയതെന്ന് അനബല്‍ പറയുന്നു. അതോടെ സ്വന്തമായി അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുന്നതില്‍ അനബല്‍ വിജയിച്ചു.
അതിനുമുമ്പേ പ്രാദേശിക പത്രങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്ന ഈ പ്രതിഭക്ക് തെരുവിലെ സാധാരണ ജനങ്ങളുമായി അടുത്തിടപഴകാനും അവരുടെ പ്രശ്നങ്ങള്‍ പത്രങ്ങള്‍ വഴി പ്രകാശനം ചെയ്യാനും സാധിച്ചു. ഈ അനുഭവം അവര്‍ക്ക് നേടിക്കൊടുത്ത വാര്‍ത്താസ്രോതസ്സുകള്‍ നിരവധി ആയിരുന്നു.
2002-ല്‍ മെക്സിക്കന്‍ ദേശീയ ബഹുമതിയും അനബലിനെ തേടിയെത്തി. പ്രസിഡന്റ് മന്ദിരം മോടികൂട്ടാന്‍ ലക്ഷക്കണക്കിന് ഡോളറുകള്‍ ധൂര്‍ത്തടിച്ചതിന്റെയും അതിനു പിന്നില്‍ നടന്ന ഉദ്യോഗസ്ഥതല അഴിമതികളെയും തുറന്നുകാട്ടുന്ന റിപ്പോര്‍ട്ടുകളുടെ പേരിലായിരുന്നു ആ ദേശീയ ബഹുമതി. 2006-ല്‍ പത്രപ്രവര്‍ത്തനരംഗത്തെ ധീരതക്കുള്ള 'യുനസ്കോ പ്രൈസി'ന് അനബല്‍ തെരഞ്ഞെടുക്കപ്പെട്ടു.
'വാന്‍-ഇഫ്ര' പുരസ്കാരം നേടിക്കൊടുത്ത 'ഡ്രഗ് ട്രാഫിയേഴ്സ്' എന്ന അന്വേഷണാത്മക പഠനസമാഹാരം അഞ്ചുവര്‍ഷത്തെ പരിശ്രമങ്ങള്‍കൊണ്ടാണ് അവര്‍ പൂര്‍ത്തീകരിച്ചത്. 1970- ലാണ് ലഹരിച്ചെടികളുടെ കൃഷി മെക്സിക്കോയില്‍ ആരംഭിച്ചത്. അമേരിക്കന്‍ ഏജന്റുമാരും മെക്സിക്കന്‍ ഉദ്യോഗസ്ഥരും ഒത്തൊരുമിച്ചതോടെ ലഹരി പടരാന്‍ ഏറ്റവും അനുയോജ്യമായ രാജ്യമായി മെക്സിക്കോ മാറി. അതോടെ മേഖലയിലെ വമ്പന്‍ അധോലോക സംഘങ്ങളും അവരുടെ കുടിപ്പകകളുടെയും കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമായി രാജ്യം മാറിയ കഥ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കി ഈ കൃതിയില്‍ പറയുന്നുണ്ട്. അധികാരി വര്‍ഗത്തിന്റെ കാരുണ്യമില്ലാത്ത നിലപാടുകള്‍ ഒരു ജനതയുടെ ജീവിതാവസ്ഥകളെ ഏതു വിധം ദുരിതപൂര്‍ണമാക്കി തീര്‍ക്കുന്നു എന്ന നേര്‍കാഴ്ചയാണ് ഈ പുസ്തകം.
നേര് വിളിച്ചുപറയുന്ന നാവുകളെ പിഴുതെറിയാന്‍ മടിക്കാത്ത അധികാരി വര്‍ഗത്തിനും രക്തദാഹികളായ അധോലോക സംഘത്തിനും മധ്യേ ജീവന്‍ പണയപ്പെടുത്തി അപ്രിയസത്യങ്ങളും അരമനരഹസ്യങ്ങളും ഉച്ചത്തില്‍ പ്രഖ്യാപിക്കുന്ന ധീരമാതൃകയാണ് അനബല്‍ കാഴ്ചവെക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല അവകാശ പോരാട്ട പാതയില്‍ നിലയുറപ്പിച്ച സര്‍വ മനുഷ്യര്‍ക്കും ഈ ഊര്‍ജ്ജസ്വലത പ്രേരണയും പ്രചോദനവുമായി മാറാതിരിക്കില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top